Quantcast
MediaOne Logo

ലിസ ലാലു

Published: 1 May 2023 4:18 PM GMT

അടയാളങ്ങളില്ലാത്തവര്‍

| കഥ

മലയാള ചെറുകഥ
X
Listen to this Article

പച്ചിലക്കാടുകള്‍ ഇളക്കി ഉണക്കയിലകള്‍ ഞെരിച്ചമര്‍ത്തി അയാള്‍ പുറത്തു വന്നു. വള്ളിപ്പടര്‍പ്പുകളുടെ ഇരുളാര്‍ന്ന ഗര്‍ഭഗൃഹം അയാളെ പുറംതള്ളി വാതിലടച്ചു. അയാളുടെ വലംകൈയില്‍ ചോരയുറ്റിച്ചുകൊണ്ട് ഒരു കാട്ടുമുയല്‍ തൂങ്ങിക്കിടന്നു. കാലില്‍ ചോരകുടിയന്‍ അട്ടകള്‍ പിടിവിടാതെ ഉരുണ്ടു നിന്നു.

കറ പിടിച്ച പല്ലുകള്‍ കൊണ്ട് ഇരട്ടി മധുരം ചവച്ചു തുപ്പി അയാള്‍ നടന്നു. അറ്റം കൂര്‍പ്പിച്ച വടിയുടെ അറ്റത്ത് താളത്തിലാടി മുയല്‍ വാടിക്കിടന്നു.

കുത്തനെയുള്ള പുല്ലുവഴിയിലൂടെ അണച്ചണച്ചു അയാള്‍ മുകളിലേക്ക് കയറുമ്പോള്‍ നീര്‍മരുതും മുളങ്കൂട്ടവും അയാളുടെ തലയില്‍ തലോടി. വഴുവഴുപ്പാര്‍ന്ന് വഴി അയാളെ പിന്നോട്ട് വലിച്ചു. വശത്തിലൂടെ താഴോട്ട് ഒഴുകുന്ന അരുവിയിലെ പാറക്കല്ലില്‍ അയാള്‍ ഇരുന്നു.

'കുഞ്ഞിയേ..മാതേയ്..'

അയാളുടെ വിളി ഉയരത്തില്‍ പ്രതിധ്വനിച്ചു.

കാട്ടുനാരകത്തിന്റെ ഇലകള്‍ കൈ കൊണ്ടു തിരുമ്മി മണപ്പിച്ചു അടിവയറു താങ്ങി ഗര്‍ഭാലസ്യത്തില്‍ കുഞ്ഞി വിളി കേട്ടു.

'ഗ്വാ.' അതിനേക്കാള്‍ ഉച്ചത്തില്‍ രാവിലെ കുടിച്ച പഴങ്കഞ്ഞിയും ഉണക്കലും കമട്ടി.

'ഊയ്യന്റപ്പാ..എനക്ക് വയ്യാ ഇത് താങ്ങാന്.'

വിളര്‍ത്തു മെലിഞ്ഞ അവളുടെ വയറിനു മുകളില്‍ ഞരമ്പുകള്‍ പൊന്തി.

'മാതേയ്.'

താഴെ നിന്നും അയാള്‍ കൂക്കി.

'അവക്ക് പശി, കൊതി തീര്‍ക്കാന്‍ ഏത് കാട് കേറി ഞാന്‍ ബീണ് പിടിച്ചത് ഇത്. കൊണ്ടോയി കറി ബച്ച് കൊട്.'

അയാളുടെ കുറിയ നെഞ്ച് ഉയര്‍ന്നു പൊന്തി വെയിലേറ്റു ഒന്നു കൂടി കറുത്തു. അട്ടകളെ തട്ടിയെറിഞ്ഞു അയാള്‍ പാറയില്‍ പടര്‍ന്നു കിടന്നു.

ചോര ഇലയില്‍ തൂത്ത് മാത മൂക്കില്‍ മുട്ടിലിടിക്കുന്ന മുകളിലേക്ക് നടന്ന് കയറിപ്പോയി. ചുള്ളികമ്പ് പോലുള്ള കാലുകള്‍ ആടി കയറിപ്പോകുന്നത് കണ്ട് അയാള്‍ നെടുവീര്‍പ്പിട്ടു.

'ഊയ്യന്റപ്പാ..

ആരാന്റെ പൂമിയാണ്

അല്ലിന്റെ പൂമിയാണ്.

ആരാന്റെ കാടാണ്

അല്ലിന്റെ കാടാണ്.

ഇതിന്റെ പൊരയാണ്.

അതിന്റെ കുഞ്ഞിയാണ്

ഓള് വയറ്റുകണ്ണിയാണ്.

മുത്തി കാലു നീട്ടിയിരുന്നു പാടി. അതിനരികെ മണ്‍കട്ടയില്‍ കുഞ്ഞി ചാരിയിരുന്നു. വയറിനുള്ളിലെ ജീവന്‍ പാട്ടില്‍ അനക്കം തുടങ്ങി. വെറ്റിലയും കാട്ടുമരത്തിന്റെ വേരും കൂട്ടിച്ചതച്ച് മുത്തി ചവച്ചു തുടങ്ങി.

'കാട്ടു തേനിനും കായ്കനികള്‍ക്കും കാടു കയറിയവരുടെ സംഘത്തിലാണ് വയറ്റിലുള്ളതിന്റെ അപ്പനുള്ളത്. ഒരാഴ്ചയ്ക്ക് മീതെയായി ഇറച്ചി ചുട്ടു തിന്നാന്‍ മോഹം തോന്നീട്ട്. വയസായ അപ്പനോട് പറഞ്ഞത് അമ്മയാണ്. പെരുച്ചാഴിയെ തിന്നാന്‍ ഇപ്പോ കഴിയൂല. വയറ്റുകണ്ണികള്‍ തിന്നൂട. ഇത് അമ്മ ഇപ്പോ നന്നാക്കിയാല്‍ ഇരുട്ടാകും മുന്‍പ് തിന്നാം.' ഓര്‍ത്തോര്‍ത്ത് അവളിരുന്നു മയങ്ങി.

'മയങ്കരുത്. വെളിച്ചത്തില്‍ മയങ്കിയാല്‍ കൂളി കാളി ഭൂതം കുഞ്ഞിനെ കെടുത്തും.'

മുത്തി വീര്യം തലയ്ക്ക് പിടിച്ചു പറഞ്ഞു.

തങ്കുവും ചോമനും തൊട്ടുമാറി പെറാന്‍ പൊര കെട്ടുന്നു. ഏതു നിമിഷവും പുറത്തേക്ക് വരാന്‍ പാകത്തിന് ഒരാള്‍ ഉള്ളില്‍ കറങ്ങുന്നു.

പച്ചയോല എവിടെ നിന്നോ ഏറ്റി വന്നിട്ടുണ്ട്. സ്വന്തം ചോരയല്ലേ. അവര് ചെയ്യും. മുളയുടച്ചു ചീകി പനമ്പു മെടഞ്ഞു വശങ്ങളും മണ്ണും ചിതല്‍പുറ്റും സമം ചേര്‍ത്ത് അരച്ചെടുത്തു തറയും മെഴുകുന്നുണ്ട്. ഇടയ്ക്ക് തന്റെ നേരെ കണ്ണെറിയുന്നു. മെടഞ്ഞ പനയോല കൊണ്ട് മേല്‍ക്കൂര കെട്ടി. പച്ചയോല മെടഞ്ഞത് ഭിത്തിയില്‍ കുത്തിച്ചാരി വെച്ചു. തറയും പൊരയും തീര്‍ന്നു. ഇനി പെറ്റ് ശുദ്ധം മാറും വരെ അതിനുള്ളിലാണ് ജീവിതം.

'പേറ്റുപുര തയ്യാര്‍. ഇനി ണീ പെറ്റാ മതീന്.

എണീറ്റ് നടക്ക് കുഞ്ഞീ. ബീണാ പുടിക്കാം.'

നടക്കാന്‍ പോയിട്ട് എണീക്കാന്‍ ഒക്കണ്ടേ.

തന്നെക്കാള്‍ വലിയ വയറാണ്.

പത്തു കിലോമീറ്റര്‍ നടന്നാണ് വയറ്റുകണ്ണിയ്ക്ക് ഉള്ള പയറും അരിയും വാങ്ങാന്‍ പിള്ളേരുടെ പള്ളിക്കൂടത്തില്‍ ചെന്നത്.

'ആധാര്‍ കാര്‍ഡ്'

എല്ലാവരും ഒപ്പം കൊടുത്തു.

'നോക്കിയേ സാറേ..

ഇതില്‍ പേര് മാത്രേ മാറ്റം ഉള്ളൂ. ഒരച്ചിലിട്ട് വാര്‍ത്ത പോലെ ഇതുങ്ങളെല്ലാം. അടയാളങ്ങള്‍ പോലും വ്യത്യാസം കാണില്ല.

കുഞ്ഞി, മാത, കീര, ചക്കി.. റോഷ്ന, അമൃത.. ആഹാ പുതിയ പേരൊക്കെ മോഡേണാ.'

അയാള്‍ ആധാര്‍ കാര്‍ഡ് മറ്റൊരാള്‍ക്ക് നേരെ നീട്ടി കുമ്പ കുലുക്കി ചിരിച്ചു.

ഒന്നും മനസിലാകാതെ ചക്കി മഞ്ഞപ്പല്ലു കാണിച്ചു ചിരിച്ചു.

' ചെന്നിത്തല പറഞ്ഞത് പോലെ എല്ലാം ഒരുപോലെ ആണേലും വോട്ടര്‍മാരല്ലേ. വോട്ടൊക്കെ ചെയ്യുന്നുണ്ടോ?' അയാള്‍ ചോദിച്ചു.

'ഞാളെ കൊണ്ടോകാന്‍ കുടീക്ക് ആള് ബറും. എലഷന്‍ ബറുമ്പോള്‍ അല്ലേ അല്ലേലും ഞങ്ങളെ ഓര്‍ക്ക് ഓര്‍മ്മ.'

മാത പറഞ്ഞു.

'അങ്ങനെയൊന്നും ഇല്ല. നിങ്ങളുടെ അടുത്ത് വരണേല്‍ ദൂരം അല്ലേ. അതാണ്. അയാള്‍ മാതയുടെ പുറത്തു തട്ടി.

'സാറേ, കൂടുതല്‍ കുശലപ്രശ്‌നത്തിന് ഒന്നും നില്‍ക്കണ്ട. ആ മധൂനെ തല്ലിക്കൊന്നോര് കോടതി കേറി നിരങ്ങുവാ.'

ഡ്രൈവര്‍ പിറുപിറുത്തു.

'ഇന്നാ ഒപ്പിട്' അയാള്‍ റജിസ്റ്റര്‍ നീട്ടി.

'അറിയൂല. മഷിണ്ടാ.'

'2022 ലും ഒപ്പിടാന്‍ അറിയാത്ത മനുഷ്യരോ?'

ചൂളി നില്‍ക്കുമ്പോള്‍ മൂക്കിനറ്റത്തെ കണ്ണടയ്ക്കുള്ളിലൂടെ ഗവര്‍മെന്റിന്റെ നേര്‍സ് നോക്കി.

'ഓര്‍ക്ക് പറയാം.

ഓര് വല്യ ആളുകള്.' അരിയേറ്റാന്‍ വന്ന തങ്കു പറഞ്ഞു. കുഞ്ഞിതേയിയും മഞ്ഞയും ഒക്കെ ഒച്ചിഴയും പോലെ വയറു വലിച്ചു നടന്നു വരുന്നുണ്ടാരുന്നു.

വിരല്‍ പതിപ്പിക്കുമ്പോള്‍ കാട്ടാനയിറങ്ങുന്ന വഴിയും ചവിട്ടി മെതിക്കുന്ന കാടും കാട്ടിലെ കൃഷിയും കൊമ്പില്‍ കോര്‍ത്ത മൂത്തോരും ഇറക്കി വിടാന്‍ എത്തുന്ന ഏമാന്മാരും മനസ്സില്‍ എത്തി. 'സ്‌കോളില്‍ പടിക്കാന്‍ എത്തര നടക്കണമെന്ന് ഓര്‍ക്ക് അറിയില്ലല്ലോ. കാട്ടില്‍ ഏടെയാ സ്‌കോള്‍. വന്ന ഒരു മാഷ് ആണേല്‍ വഴി ദൂരം കണ്ടിട്ട് ജോലി തന്നെ ബേണ്ടാണ് ബച്ചു.' വരുമ്പോള്‍ മാതയോട് ഇങ്ങനെ മാത്രം പറഞ്ഞു.

'ആശൂത്രിയില്‍ പോയി പെറണേല്‍ കാശ് വേണം. എനക്ക് പാങ്ങില്ല. പിന്നെ ഈ കാടായ കാടെല്ലാം തീര്‍ത്തു യെപ്പൊ യെത്താനാണ്. യെത്തിയാല്‍ തന്നെ..'

അപ്പന്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.

'ആശൂത്രി വേണ്ടപ്പാ. എനിക്ക് വലിയ മനുഷ്യരെ പേടിയാണ്. അവര്ക്ക് നമ്മ മനുഷ്യരല്ല.'

പ്രസവിക്കാന്‍ കാടിറങ്ങിയ കുഞ്ഞിതേയി ബെഡ് കിട്ടാതെ സര്‍ക്കാര്‍ ആശുപത്രിയുടെ വാര്‍ഡിന്റെ മുന്‍പില്‍ ചോര വാര്‍ന്നു മരിച്ചതിന്റെ ഓര്‍മ്മ കുഞ്ഞിയ്ക്കുണ്ട്. പ്രസവ തിയതിയ്ക്ക് അഞ്ചു ദിവസം മുന്‍പ് തന്നെ ചെറിയ അസ്വസ്ഥതകള്‍ മൂലം കാടിറങ്ങിയിരുന്നു അവര്‍. നിറവും ഉടുപ്പുകളും രീതികളും നാട്ടില്‍ അവരെ വ്യത്യസ്തരായി നിര്‍ത്തി. അവരെത്തിക്കഴിഞ്ഞും ചുണയും മിടുക്കുമുള്ളവര്‍ അകത്തു കയറികൊണ്ടിരുന്നു.


'ഇതൊന്ന് നോക്കീ'

കരഞ്ഞു കുഞ്ഞിതേയിയുടെ 'അമ്മ കാലുപിടിച്ചിട്ടും ചോരവാര്‍ന്നു മയങ്ങികൊണ്ടിരുന്ന കുഞ്ഞിതേയിയെ നോക്കാതെ 'മാറി നിക്ക്' എന്നു അവിടെ ഒരുത്തി അലറിയത്രേ.

കുഞ്ഞിതേയി അബോധാവസ്ഥയില്‍ ഒന്ന് മുക്കാന്‍ ആകാതെ പ്രസവമുറിയില്‍ മരച്ചു കിടന്നു. മുന്നീര്‍ക്കുടം പൊട്ടി ശ്വാസം കിട്ടാതെ വയറ്റിലുള്ള കുഞ്ഞും പോയി. വയറ്റില്‍ കത്തി വച്ചു കീറിയാണ് മരിച്ച കുഞ്ഞിനെ പുറത്തെടുത്തത്. രണ്ടുപേരും ഊടാടി നടക്കുന്നത് മുത്തി കാണാറുണ്ട്. അതില്‍ പിന്നെ പെണ്ണുങ്ങള്‍ പെറാന്‍ കാടിറങ്ങാറില്ല.

'പെരുമ്പാമ്പിന്റെ വായില്‍ പെട്ട പോലാണ് മെഡിക്കല് കോലേജ്. വഴി തിരിയൂല. ഇനി അവിടെ എത്തിയാലോ ഓല് കൊന്നുവിടും.'

കുഞ്ഞിതേയിയുടെ അമ്മ പതം പറഞ്ഞു കരഞ്ഞു.

'ഏയ്... തേനെടുക്കാന്‍ പോയ ഒരുത്തനെ കാട്ടാന കുത്തി ചത്തിട്ടുണ്ട്.'

തിട്ടിലൂടെ പോകുന്ന ഒരുത്തന്‍ അറിവ് കൊടുത്തു.

'ന്റെ തേവരേ. അടയാളം വല്ലോം തിരിഞ്ഞാ.'

കുഞ്ഞിയുടെ അപ്പന്‍ പാറയില്‍ നിന്ന് പിടഞ്ഞെണീറ്റു.

'ആ.. കാലേല് ഒരു കുത്ത് പാടുണ്ട്.'

അയാള്‍ നെഞ്ചില്‍ കൈവച്ചു.

'കുഞ്ഞിയുടെ മാരന്‍. ഈറ്റ വെട്ടാന്‍ പോയപ്പോള്‍ പന്നിയില്‍ നിന്നു രക്ഷപ്പെടാന്‍ നോക്കിയപ്പോള്‍ കുത്ത് കിട്ടിയതാണ്. അവളോട് ഇപ്പോ ഇതെങ്ങനെ പറയും..'

അയാള്‍ വിയര്‍ത്തു നിലത്തിരുന്നു.

'നല്ല ഇറച്ചി ചുടുന്ന മണമല്ലേ വരുന്നത്. മൂക്കിലേറ്റ ഗന്ധത്താല്‍ കുഞ്ഞിയുടെ വയറ്റിലുള്ളയാള്‍ വട്ടം കറങ്ങി.

'ഗ്വാ..' അവള്‍ക്ക് തികട്ടി.

ഇരുന്നിടം നനയുന്നു. തണുത്ത വെള്ളത്തിന്റെ വഴുവഴുപ്പുള്ള നാരുകള്‍ കാലിലൂടെ താഴോട്ട് പടരുന്നു.

'മ്മാ..'

നടുവ് പിളര്‍ത്തുന്ന വേദനയുടെ നീണ്ട കൊളുത്തുകള്‍ വശങ്ങള്‍ കൂട്ടി വലിയ്ക്കുമ്പോള്‍ വീഴാതിരിക്കാന്‍ കാട്ടുനാരകത്തിന്റെ തണ്ടില്‍ അവള്‍ മുറുകെ പിടിച്ചു. മുള്ളുകൊണ്ട് രണ്ടു തുള്ളി രക്തം ഇറ്റി. ഓടിവരുന്നവരുടെ കയ്യിലേക്ക് അവള്‍ ഊര്‍ന്നു വീണു.

മുഖത്തു വീഴുന്ന വെള്ളത്തില്‍ ഇലകളുടെ ചൂര് അവളറിഞ്ഞു. മുത്തി പറയുന്നു.

'മയങ്കരുത്. മുക്ക് മുക്ക്.'

പച്ചയോല പനമ്പിലാണ് കിടക്കുന്നത് കാടുകയറിയ പെണ്ണുങ്ങള്‍ പെറുംപൊരയില്‍ നിറഞ്ഞു. മാസക്കുളി തുടങ്ങിയതും തെറ്റിയതും ആഘോഷിച്ചതുപോലെ ഇതും ആഘോഷമാക്കുകയാണോ?

പ്രാര്‍ത്ഥനകള്‍, ജപങ്ങള്‍ ഉച്ച സ്വരത്തില്‍ ആകുന്നു. ചാത്തനും മറുതയും കാളിയും കൂളിയുമെല്ലാം തുണയ്ക്കാന്‍ വിളിച്ചു കൂവുന്നു. ഇതിനിടയില്‍ നിലവിളി ശബ്ദം കേള്‍ക്കുന്നതേയില്ല.

'ഊയ്യന്റപ്പാ.. കാടിന്റെ ദൈവേ.. എനക്ക് കഴിയൂലെ'

അവള്‍ നിര്‍ത്താതെ കരഞ്ഞു.

അടിവയറ്റില്‍ നിന്നും കൊളുത്തി വലിക്കുന്ന വേദനയില്‍ ചുരുണ്ടു.

'കയിഞ്ഞില്ലേ.'

പുറത്തു മാറി നില്‍ക്കുന്ന ആണുങ്ങളുടെ ചോദ്യങ്ങള്‍ കാതിലേക്ക് വന്നു വീഴുന്നു.

'ഇതത്ര എളുപ്പല്ലോ.'

അവള്‍ വിളിച്ചു കൂവി.

'രണ്ടും രണ്ടു പാത്രത്തിലാക്കണേ ദൈവേ.'

'മുക്ക് മുക്ക്'

ഒന്നൂടെ ആഞ്ഞാല്‍ കഴിയും.

ചേമ്പിന്‍ തണ്ടുപോലെ വാടിക്കുഴഞ്ഞും വെള്ളത്തിലും ചോരയിലും വിസര്‍ജ്യത്തിലും പുരണ്ടും അവള്‍ തളര്‍ന്നു കിടന്നു.

'എല്ലാരും പൊറത്ത് പോയീന്'

മുത്തി കല്പിച്ചു.

അമ്മയൊഴികെ ബാക്കിയുള്ളവര്‍ ഇറങ്ങി.

മുത്തി ചെവിയില്‍ ഊതി, വായില്‍ ഊതി വയറ്റില്‍ ഉഴിഞ്ഞു. നാഭിയില്‍ ഉഴിഞ്ഞു തീയില്‍ ഇട്ടു.

ഒരു വേരെടുത്തു പച്ചയിലയിടിച്ചു പിഴിഞ്ഞു വായിലൊഴിച്ചു. കൈപ്പിനൊപ്പം ലഹരി സിരകളില്‍ അടിച്ചു കയറി. വെള്ളത്തിലാണ് കിടക്കുന്നത്. വേദനയൊട്ടും ഇല്ല. നീന്തുന്നുണ്ട്. അരുവി തണുപ്പില്‍ ഊളിയിടുമ്പോലെ ഒരു സുഖം. മീനുകളുടെ കൂട്ടം വയറില്‍ തൊടുന്നു. മീനല്ല മുത്തി. ഇലയരച്ചിടുകയാണ്.

'മാള് മുക്ക്'

നിമിഷങ്ങള്‍ക്കുള്ളില്‍ കുഞ്ഞിന്റെ കരച്ചില്‍ മുഴങ്ങി. പുക്കിള്‍ക്കൊടിയുടെ അകമ്പടിയോടെ കുഞ്ഞ് തൊണ്ണകാട്ടി കരഞ്ഞു. പുക്കിള്‍ക്കൊടി മുറിച്ചു ചുരുട്ടി മുത്തി എടുത്തു വച്ചു. കുഞ്ഞിനെ തുടച്ചെടുത്ത് ഇലകളില്‍ വച്ചനുഗ്രഹിച്ചു പുറത്തേക്ക് എടുത്തു.

'ഒരാളൂടിയുണ്ട്. ബെര്‍തനെയല്ല ഇത്ര വയര്' 'അമ്മ കിതച്ചു കൊണ്ട് പറഞ്ഞു.

'മുക്ക് മാളെ.'

'പറ്റില്ലമ്മാ..' അവള്‍ തേങ്ങി.

'ഇയ്യ് ചത്തുപോകും.' ചോരയുടെ ചതുപ്പിലാണ് കിടക്കുന്നത്. ഉള്ള ഊര്‍ജ്ജം മുഴുവനെടുത്ത് അവള്‍ മുന്നോട്ട് തള്ളി. കവച്ചു വച്ച കാലിനിടയിലൂടെ മൊട്ടുപോലൊരു തലകൂടി മുന്നോട്ടാഞ്ഞു.

ഈറ്റില്ലത്തില്‍ രണ്ടാം ജീവബിന്ദുവിന്റെ വരവ് അറിയിച്ചു കൊണ്ട് നിലവിളി ഉയര്‍ന്നു.

തളര്‍ന്നവശയായി കിടക്കുമ്പോള്‍ അമ്മ പറഞ്ഞു.

ആണ്, പെണ്ണ് രണ്ടും കിട്ടി നെനക്ക്.

ഓന്‍ കാടെറങ്ങീന്ന് കേട്ട്. സന്തോഷാകും.'

'ഏതായാലെന്തമ്മാ. കുട്ടി മതീലോ'. അവശതയ്ക്കിടയിലും അവള്‍ പിറുപിറുത്തു.

മറുപിള്ള വീണു ഓലക്കെട്ടുകളും പനമ്പുകളും ആഴത്തില്‍ കുഴികുത്തി സംസ്‌കരിക്കുമ്പോള്‍ ഉള്‍ക്കാടിനുള്ളില്‍ നിന്നു ഇരുള്‍പ്പച്ചകള്‍ക്കിടയിലൂടെ 'പൊര' ലക്ഷ്യമാക്കി കൈയില്‍ കായ്കനികളും കാട്ടുതേനുമായി മാരന്‍ ആഞ്ഞു നടക്കുന്നുണ്ടായിരുന്നു. രണ്ടുകുഞ്ഞിച്ചിരികള്‍ അവന്റെ പൗരുഷത്തിന്റെ അടയാളമെന്നോണം പേറ്റുപുരയില്‍ അവനെ കാത്തിരുന്നു.

ഭൂമിയില്‍ അടയാളങ്ങള്‍ അവശേഷിപ്പിക്കാതെ പോയ ചള്ളിയുടെ പുരയില്‍ നിന്ന് നിലവിളി ഉയര്‍ന്നു കേട്ടു.


Illustration: AI
TAGS :