Quantcast
MediaOne Logo

ലിസ ലാലു

Published: 11 Oct 2023 12:46 PM GMT

വേരുകള്‍ നഷ്ടമാകുന്ന ഭൂപടങ്ങള്‍

| കഥ

വേരുകള്‍ നഷ്ടമാകുന്ന ഭൂപടങ്ങള്‍
X
Listen to this Article

ഗ്രീന്‍ കാര്‍ഡും കൈയ്യില്‍കിട്ടിക്കഴിഞ്ഞു പൗരത്വവും റദ്ധാക്കിക്കഴിഞ്ഞാണ് കൊച്ചിട്ടിക്ക് ഒരു കൈ കറുത്ത മണ്ണുവാരി വന്ദേമാതരം ഉറക്കെ പറയണം എന്നു തോന്നിയത്. പത്തു മുപ്പതു കൊല്ലം പട്ടാളത്തില്‍ കിടന്നുണ്ടാക്കിയ പറമ്പുകളും വീടും അനിയന്മാരെ ഏല്‍പിച്ചും കച്ചവടം ചെയ്തും നാട്ടില്‍ നിന്നു അമേരിക്കയ്‌ക്കെത്തിയത് ഡിസംബര്‍ മാസത്തിലാണ്. വളരെ കഷ്ടപ്പെട്ടു നാടുവിട്ടപ്പോള്‍ പിറ്റേന്നു തന്നെ അടുത്ത വര്‍ഷങ്ങളില്‍ ഭാരതം ചൈനയെപോലാകുമെന്നു പ്രധാനമന്ത്രി പ്രസ്താവനയിറക്കിയത് കേട്ടു പിള്ളേരു ചിരിച്ചെങ്കിലും കൊറിയയെ ഓര്‍ത്താണോ എന്തോ കൊച്ചിട്ടിയുടെ ഉള്ളൊന്നു പിടഞ്ഞു.

'അങ്ങനെ സംഭവിക്കല്ലേ കര്‍ത്താവെ, നാട്ടിലെത്തീട്ടു പരുമല പള്ളീല്‍ വന്നു നിന്നെ വേണ്ടപോലെ കണ്ടോളാമെ.. 'എന്നൊരു നിവേദനം ഉള്ളു പൊള്ളി അങ്ങോട്ടയക്കാനും മറന്നില്ല.

ഭരണഘടന ഉയര്‍ത്തി പിടിച്ചുകൊണ്ടു നടക്കുന്ന പ്രതിഷേധങ്ങള്‍ക്കു നടുവിലൂടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. 'ഇങ്ങനെ ഭരിച്ചാല്‍ നാടു നന്നാവൂല്ലാ. 'കാറിലിരുന്നു ഇട്ടി പിറുപിറുത്തു..

'അതേ, ഹിറ്റ്‌ലര്‍ ഒറ്റയൊരുത്തനല്ലിയോ ഈ രണ്ടാം ലോകമഹായുദ്ധത്തിനു കാരണക്കാരന്‍. 'അന്നാമ്മ ഒന്‍പതാം ക്ലാസ്സ് വിവരം പുറത്താക്കി.

'എന്തായാലും നിങ്ങള് രക്ഷപെട്ടില്ലയോ ഇച്ചായാ' എന്നുള്ള ഡ്രൈവറുടെ സംസാരത്തില്‍ ഹൃദയംകീറി അയാള്‍ കരഞ്ഞു. പുറകോട്ടോടുന്ന പച്ചപ്പിനെ നോക്കി നൊന്തു.

ഏലവും കുരുമുളകും വിളയുന്ന കറുത്ത മണ്ണില്‍ തോര്‍ത്തിട്ടിരുന്നു കെട്ട്യോള് കൊണ്ടുവന്ന കപ്പ പുഴുങ്ങിയത് കാന്താരിയും ചെറിയുള്ളിയും ചേര്‍ത്തുടച്ച ചമ്മന്തിയില്‍ മുക്കി തിന്നുമ്പോള്‍ കട്ടന്‍ ചായയില്‍ വൃശ്ചികകാറ്റ് വട്ടം ചുറ്റിയകലുന്നത് അയാളോര്‍ത്തു. പട്ടാളത്തില്‍ നിന്നു പോന്നതില്‍ പിന്നെ പറമ്പും കൃഷിയുമായി ഒതുങ്ങി ജീവിക്കുകയായിരുന്നു. കാപ്പിയുടെ ചുവന്നകായ്കള്‍ ഉണങ്ങി നിലത്തു വീണു പരന്നു കിടക്കുന്ന നേരങ്ങളില്‍ അന്നാമ്മയെ രണ്ടു പറയാനും രണ്ടെണ്ണം അടിക്കാനും അപ്പനും കൂടുമായിരുന്നു. കുട്ടിക്കാനം പള്ളിയിലെ പ്രമുഖരുടെ കൂടെ അപ്പനെ അടക്കാന്‍ സാധിച്ചതില്‍ ചെറിയൊരു അഹങ്കാരം കൊച്ചിട്ടിയ്ക്ക് ഇല്ലാതില്ല. അമേരിക്കയില്‍ ജോലിയുള്ള മകനാണ് അഭിമാനം വിലയ്ക്ക് വാങ്ങികൊണ്ടുവന്നത്.

കല്ലറയ്ക്ക് വേണ്ടി തല്ലുകൂടുന്ന വിശ്വാസികള്‍ ഒന്നാകുന്നത് ക്രിസ്തുമസ് കാലത്തു മാത്രമാണ്. കരോളും കള്ളും വിശ്വാസികളെ മാത്രമല്ല അവിശ്വാസികളെയും ഒന്നിപ്പിച്ചു. മതമൊരു ലഹരിയല്ലാതെ പെട്രോള്‍ വിളക്കുകളേന്തി ഗോവിന്ദനും കണ്ണനും പാടി.

'അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം..

ഭൂമിയില്‍ ദൈവപ്രസാദം ഉള്ളോര്‍ക്ക് സമാധാനം'

കുട്ടിക്കാനം പള്ളിയില്‍ സര്‍വ്വമതസ്ഥരും പാട്ടുപഠിത്തവും കരോളുമായി ഒരു മാസത്തെ രാവുണ്ടുറങ്ങിയ കാലത്താണ് അയാള്‍ പട്ടാളത്തില്‍ ചേര്‍ന്നത്.

'മേരെ സ്വര്‍ മേരാ തുംഹാര..'

ചുണ്ടിലും കൈയിലെ റേഡിയോയിലും പാട്ടിങ്ങനെ തത്തിക്കളിച്ചു. പെന്‍ഷന്‍ ആയിക്കഴിഞ്ഞു, വെള്ളം കയറി വീടും തിട്ടയും ഇടിഞ്ഞിറങ്ങിയപ്പോളാണ് പിന്നീടൊരിക്കല്‍ അവരങ്ങനെ ഒരുമിച്ചത്.

താറാവുമപ്പാസും തേങ്ങാക്കൊത്തിട്ട് വരട്ടിയ പോത്തിറച്ചിയും നാടന്‍കള്ളൊഴിച്ചു പുളിപ്പിച്ചുണ്ടാക്കിയ അപ്പവും അടുക്കളയിലങ്ങനെ പാകമാകുമ്പോള്‍ പേരക്കുട്ടികളൊരുക്കുന്ന പുല്‍ക്കൂടും ട്രീയും നോക്കി പ്ലം കേക്കിലെ ഉണക്കമുന്തിരി പല്ലില്ലാത്ത മോണയില്‍ തലങ്ങും വിലങ്ങും തട്ടിക്കൊണ്ട് വരാന്തയിലെ ചാരുകസേരയില്‍ നിവര്‍ന്നു കിടന്നാണ് അപ്പന്‍ ജീവന്‍ വിട്ടത്.

അപ്പച്ചന്‍ പോയേന്നുള്ള കൊച്ചുമോള്‍ ഈവ മേരി കുര്യന്റെ കരച്ചിലു കേട്ടതും ഒരു കൊല്ലമായി കെട്ടിവച്ചുണ്ടാക്കിയ വൈന്‍ ഭരണി നിലത്തിട്ടിട്ട് അന്നാമ്മ പറന്നു തിണ്ണയിലെത്തി.

'എന്തായാലും അപ്പച്ചന്‍ പോയി. അമ്മച്ചിക്കാതൊന്നു മേശേല്‍ വച്ചിട്ട് ഓടിയാല്‍ പോരാരുന്നോ എന്നാണ് ' പിള്ളേരാദ്യം ചോദിച്ചത്. പൗരത്വമില്ലാതെ വെടികൊണ്ടു മരിച്ചവന്റെ രക്തം പോലെ പരന്നും കട്ടപിടിച്ചും അതൊരു ഭൂപടം സൃഷ്ടിച്ചു. ആ ഡിസംബര്‍ അങ്ങനെ പോയെങ്കിലും മരിച്ചവരെ മെല്ലെ വിസ്മരിച്ചു ഒഴിവാക്കുന്ന പതിവ് രീതിയില്‍ ആഘോഷങ്ങള്‍ ഓടിക്കയറി.

അപ്പോളാണതുണ്ടായത് !

മമ്മാലിയ്ക്കും ഹൈദ്രോസിനും ആധാറുകളില്‍ നിലനില്‍പില്ലാതായി. കൈയിലെ രേഖകള്‍ പേപ്പറുകള്‍ മാത്രമായപ്പോള്‍ കൂടെ കളിച്ചു വളര്‍ന്ന പലരും രണ്ടാം കിട പൗരന്മാരാകുന്നെന്നു തോന്നിയപ്പോള്‍ അയാള്‍ പെട്ടന്നു നരച്ചു. എഴുപത്തിരണ്ടിലെ രേഖകള്‍ തപ്പിക്കൊണ്ട് എസ്റ്റേറ്റുകളിലൂടെ അവര്‍ നടന്നു. തേയിലനുള്ളാന്‍ വന്ന കാലം ഓര്‍മ്മയുള്ള കുട്ടിയുമ്മയ്ക്ക് രേഖകളെക്കുറിച്ചറിവില്ല.

'കമ്പൂട്ടര്‍ ഒന്നും ഇല്ലെന്നല്ലൊ. ഞ്ഞമ്പന്റെ റേഗ ഒക്കെ ചെയല് തിന്ന്. ഞ്ഞി ന്ത് ചെയ്യും '

പല്ലില്ലാത്ത മോണയിലൂടെ മുറുക്കാന്‍ താഴേക്ക് വീഴുന്നത് ശ്രദ്ധിച്ചു കൊണ്ടിരുന്നപ്പോള്‍ കൊച്ചിട്ടിയ്ക്ക് എന്തുകൊണ്ടോ ഗോഡ്സെയെ ഓര്‍മ്മ വന്നു. ഗാന്ധിയുടെ നെഞ്ചിലുതിര്‍ത്ത വെടിയുണ്ട ചെവിക്കരികിലൂടെ മൂളിപ്പറന്നു കുട്ടിയുമ്മയെ നിലത്തുവീഴ്ത്തിയതായി അയാള്‍ ചിന്തിച്ചു.

മുന്‍പില്‍ വൃത്തിയായി വെട്ടിയൊതുക്കിയ പുല്‍പുറങ്ങളില്‍ വെളുത്തു ചുവന്ന കുട്ടികള്‍ ഓടിക്കളിക്കുന്നു. ക്രിസ്തുമസ് അപ്പൂപ്പന്റെ വേഷം കെട്ടിയവര്‍ പലരുടെയും കൂടെ ഫോട്ടോയെടുക്കുന്നു. കളിക്കുന്നു. ഒരിടത്തൊരു രാജ്യം പുകഞ്ഞു കൊണ്ടിരിക്കുന്നുവെന്ന് ഉറക്കെപറഞ്ഞു കരയാന്‍ അയാള്‍ക്ക് തോന്നി.

അപ്പനെ അടക്കിയ കല്ലറയുപേക്ഷിച്ചു ഉള്ളത് കിട്ടുന്ന വിലയ്ക്ക് കൊടുത്തു രാജ്യം വിടാനാവശ്യപ്പെട്ടത് മകനാണ്. നാളെ കുഞ്ഞവറാന്‍ മകന്‍ കൊച്ചൗസേപ്പ് മകന്‍ കൊച്ചൗത മകന്‍ കൊച്ചിട്ടി രേഖകള്‍ ഹാജരാക്കാന്‍ പറഞ്ഞെങ്കില്‍..! രാജദ്രോഹിയാകുന്നതിലും നല്ലത് ഉപേക്ഷിച്ചിറങ്ങുന്നതു തന്നെയാണ്. പ്രതിരോധിക്കാനറിയാത്തവനു ഒളിച്ചോട്ടമാണ് പറഞ്ഞിട്ടുള്ളത്.

ത്രിവര്‍ണ്ണ പതാകയും ദേശീയഗാനവും യൂണിഫോമും ആവേശം ജനിപ്പിച്ച ചോരത്തിളപ്പുള്ള കാലത്തുനിന്നു ഏറെ ദൂരെയെത്തിയിരിക്കുന്നു. കൈയില്‍ നദികളെ അടയാളപ്പെടുത്തുംപോലെ വളഞ്ഞും പുളഞ്ഞും പൊന്തിയ ഞരമ്പുകളെ അയാള്‍ നോക്കി. സെക്യൂരിറ്റി യൂണിഫോമില്‍ അന്യരാജ്യത്തു കാവലിരിക്കുമ്പോള്‍ പോക്കറ്റിലിട്ടിരിക്കുന്ന ചെറിയ കവര്‍ കൈയിലെടുത്തു കറുത്ത മണ്ണിലേക്ക് നോക്കി സല്യൂട്ട് ചെയ്തു അയാള്‍ പറഞ്ഞു.

'ആസാദി !'

അയാളുടെ കണ്‍മുന്നില്‍ കപ്പയും കാപ്പിയും കൊക്കോയും വിളയുന്ന കൊളുന്തുനുള്ളുന്ന തേയിലക്കാടുകളുള്ള മഞ്ഞും മഴയും പേമാരിയും പ്രളയവും തളര്‍ത്താത്ത രാജ്യമായി മണ്ണു വളര്‍ന്നുകൊണ്ടിരുന്നു.
TAGS :