Quantcast
MediaOne Logo

പങ്കു ജോബി

Published: 8 March 2023 5:13 AM GMT

ബബുനി

| കഥ

ബബുനി
X

അര്‍ധരാത്രിയുടെ ഇരുളിലേക്ക് ഇറങ്ങിച്ചെന്ന പ്രകാശത്തിന്റെ രണ്ട് കുഴലുകള്‍ പോലെ ഹെഡ്‌ലൈറ്റ് കാറിന് വഴികാണിച്ചു കൊണ്ട് പ്രധാന റോഡില്‍ സ്ട്രീറ്റ്‌ലൈറ്റിന്റെ തീക്ഷ്ണ പ്രകാശത്തില്‍ ലയിച്ചു. ഡോക്ടര്‍ ഖനില്‍ അന്നത്തെ ഡ്യൂട്ടി കഴിഞ്ഞുള്ള വരവാണ്്, ക്ഷീണിതനാണ്, ആ ക്ഷീണം കാറിന്റെ വേഗതയേയും ബാധിച്ചിട്ടുണ്ട്.

അന്ന് പോസ്റ്റുമാര്‍ട്ടം ടേബിളില്‍ വിറങ്ങലിച്ചിരുന്ന പിഞ്ചു ശരീരം, മരണം ആ ശരീരത്തെ മോചിപ്പിക്കുന്നതിന് തൊട്ടു മുന്‍പുവരെ ആ കുഞ്ഞ് അനുഭവിച്ചു തീര്‍ത്ത അതിക്രൂരതയെയും തീവ്രവേദനയെയും വിവരിച്ചുകൊണ്ട് കുഞ്ഞിന്റെ ഗുഹ്യഭാഗങ്ങളിലെ പഴുത്ത, കറുത്ത, നിണം ഒഴുകി പടര്‍ന്ന വ്രണങ്ങള്‍. ആ പീഡനങ്ങളുടെ ഇനിയും ഉണങ്ങാത്ത തെളിവുകളായി ശരീരമാസകലം മുറിവുകളും ചതവുകളും. അപ്പോഴും ഒരു കുഞ്ഞിന്റെ എല്ലാവിധ കൗതുകങ്ങളും കുട്ടിത്തങ്ങളും കുഞ്ഞിഷ്ടങ്ങളും വിളിച്ചോതിക്കൊണ്ട് അതിന്റെ ഉദരത്തില്‍ പച്ചമാങ്ങയുടെ ഒരു കൊച്ചു തുണ്ട്.

പലരീതിയിലുള്ള മരണങ്ങള്‍ ബാക്കിവച്ച നിശ്ചല ശരീരങ്ങളെ പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ അനുദിനം കണ്ടു ഡോക്ടര്‍ ഖനിലിന്റെ മനസ്സ് ഇതിനോടകംതന്നെ മരവിച്ചു കഴിഞ്ഞിരുന്നു.

എന്നിട്ടും, ഈ കാഴ്ച, അത് ഡോക്ടറെ ആകമാനം പിടിച്ചുലച്ചു. ഒരു പിതാവിനും സഹിക്കാന്‍ കഴിയാത്ത കാഴ്ച. ഡോക്ടറുടെ മനസ്സ് അസ്വസ്ഥതയ്ക്കും ശരീരം ക്ഷീണത്തിനും അടിമപ്പെട്ടു. എത്രയും പെട്ടെന്ന് മകളെ കാണണം. അവളെ വാരിയെടുത്തു ഉമ്മകള്‍ കൊണ്ട് മൂടണം. അവളെ ചേര്‍ത്തു കിടത്തി ഉറങ്ങണം.

ശരീരത്തിലേക്ക് ഊര്‍ന്ന് കയറുന്ന എ.സിയുടെ കഠിന തണുപ്പിലേക്ക് ശ്രദ്ധിക്കാനോ, സ്റ്റീരിയോ ഉതിര്‍ക്കുന്ന ഡോക്ടറുടെ ഇഷ്ടപ്പെട്ട വയലിന്‍ നാദത്തില്‍ മനസ്സര്‍പ്പിക്കാനോ കഴിയാതെ തന്റെ നാലുവയസ്സുകാരി മകളുടെ അടുത്തേക്ക് എത്തിച്ചേരാനുള്ള വ്യഗ്രതയോടെ വണ്ടി ഓടിക്കുകയാണ് ഡോക്ടര്‍ ഖനില്‍.

റോഡ് ഏറെക്കുറെ വിജനം. എങ്കിലും മണല്‍ ലോറികളും, തടികളുമായി പോകുന്ന ഭീമന്‍ ലോറികളും, തീര്‍ത്ഥാടകരെയും വിനോദസഞ്ചാരികളെയും വഹിച്ചു കൊണ്ട് ഓടുന്ന വാഹനങ്ങളും ഇരു ദിശകളിലേക്കും സഞ്ചരിച്ചുകൊണ്ടിരുന്നു. അര്‍ധരാത്രിയുടെ ഇരുളിലേക്ക് സ്ട്രീറ്റ് ലൈറ്റുകള്‍ പകര്‍ത്തിയ പ്രകാശത്തില്‍ റോഡ് സുവ്യക്തം. പെട്ടെന്നാണ് ഡോക്ടര്‍ അത് കണ്ടത്. തന്റെ മകള്‍, തന്റെ കുഞ്ഞ്, അവള്‍ നടുറോട്ടില്‍ കൂടി, വാഹനങ്ങള്‍ക്ക് മുന്നേ, എന്തിനെന്നറിയാതെ ഓടുന്നു. ഡോക്ടറുടെ ശരീരമാകമാനം ഒരു വിറ പടര്‍ന്നുകയറി. ഡോക്ടര്‍ സ്റ്റിയറിങ്ങിനു മുകളിലേക്ക് അമര്‍ന്ന് മുന്നോട്ടാഞ്ഞ് ശ്രദ്ധിച്ചു നോക്കി.

'അല്ല, എന്റെ മകള്‍ അല്ല. ആശ്വാസം, അത് എന്റെ മകള്‍ അല്ല.'

കാര്‍ അവളെ കടന്ന് പോകുമ്പോള്‍ ഡോക്ടര്‍ പിന്നെയും നോക്കി. അതൊരു പെണ്‍കുഞ്ഞ്. നാല് വയസ്സോളം പ്രായം വന്നേക്കാവുന്ന കറുത്ത, നേര്‍ത്ത, നിഴലുപോലെ ഒരു പെണ്‍കുഞ്ഞ്.

ഈ അര്‍ധരാത്രി, ഈ നടുറോഡില്‍, ഏകയായി, ഇത്രയും ചെറിയ ഒരു കുഞ്ഞ്, അതും ഒരു പെണ്‍കുഞ്ഞ്. എങ്ങനെ? ഇനി തോന്നല്‍ ആവുമോ? ഡോക്ടര്‍ കാറിന്റെ വേഗത കുറച്ച് ഒന്നുകൂടി തിരിഞ്ഞു നോക്കി.

അല്ല, തോന്നല്‍ അല്ല. അതൊരു കുഞ്ഞു തന്നെയണ്. വരുന്ന ലോറിയുടെയും വാഹനങ്ങളുടെയും മുന്നേ ആ കുഞ്ഞ് എന്തിനെന്നറിയാതെ ഓടുകയും, വാഹനങ്ങള്‍ നിര്‍ത്തുമ്പോള്‍ അതിനകത്തേക്ക് മിഴിച്ചു നോക്കി നില്‍ക്കുകയും, വീണ്ടും റോഡിലൂടെ മുന്നോട്ട് ഓടുകയും ചെയ്യുന്നുണ്ട്. വാഹനങ്ങള്‍ എല്ലാം വേഗത കുറയ്ക്കുകയും, നിര്‍ത്തുകയും, പിന്നീട് ആ കുഞ്ഞിനെ മറികടന്ന് പോവുകയും ചെയ്യുന്നുമുണ്ട്.

ഒരു നിമിഷം ചിന്തിച്ചശേഷം കുഞ്ഞിനെ അവഗണിച്ചുകൊണ്ട് ഡോക്ടര്‍ കാറിന്റെ വേഗത കൂട്ടി.

പോസ്റ്റുമോര്‍ട്ടം ടേബിളിലെ കുഞ്ഞിന്റെ നിഷ്‌കളങ്കമുഖം.

അനാഥയായി ഒരു വണ്ടി ചക്രത്തില്‍ കൊരുത്ത് ജീവന്‍ നഷ്ടമായ ഒരു കുഞ്ഞിന്റെ ചിത്രം.

ഏതോ അപരിചിതര്‍ക്ക് നടുവില്‍ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് ഭിക്ഷയാചിക്കുന്ന ഒരു പിഞ്ചുകുഞ്ഞ്.

'ഇല്ല, കഴിയില്ല, ആ കുഞ്ഞിനെ ആ അവസ്ഥയില്‍ അവിടെ ഉപേക്ഷിക്കാന്‍ കഴിയില്ല.' മനുഷ്യനാണ്, ഹൃദയത്തില്‍ വാത്സല്യം നിറഞ്ഞു നില്‍ക്കുന്ന മനുഷ്യന്‍. ആ കുഞ്ഞിനോട് ഡോക്ടര്‍ക്ക് എന്തെന്നില്ലാത്ത അനുകമ്പയും, വാത്സല്യവും, അവള്‍ക്ക് സംഭവിച്ചേക്കാവുന്ന ദുരന്തത്തെയോര്‍ത്ത് അനിര്‍വചനീയമായ ഭീതിയും തോന്നി. അടുത്ത നിമിഷം ഡോക്ടര്‍ കാര്‍ റോഡിന്റെ അരിക് ചേര്‍ത്തുനിര്‍ത്തി. പിന്നെ ആ കുഞ്ഞിന് അടുത്തേക്ക് നടന്നു. അവള്‍ അപ്പോഴും റോഡില്‍ കൂടി ഓടുകയും, വണ്ടികളില്‍ മിഴിച്ചുനോക്കി നില്‍ക്കുകയും ചെയ്തു കൊണ്ടേയിരുന്നു.

ദൂരെ നിന്ന് അവിടേക്ക് വേഗതയില്‍ സഞ്ചരിച്ചു വന്ന ഒരു ലോറി ഇടത്തെ കൈകാട്ടി നിര്‍ത്തി ഡോക്ടര്‍ ആ കുഞ്ഞിനെ പിടിച്ച് റോഡിന്റെ അരികിലേക്ക് മാറ്റി നിര്‍ത്തി. സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശത്തിന് ചെന്നെത്താന്‍ സാധിക്കാത്ത ഇടങ്ങളൊക്കെ കാഠിന്യമേറിയ കറുപ്പിലേക്ക് അലിഞ്ഞു കിടക്കുന്നു.

'ഇരുളിനെപ്പോലും ഭയക്കാതെ ഈ കുഞ്ഞ് ഇങ്ങനെ ഓടുന്നത് എന്തിനായിരിക്കും?'


അവള്‍ ഡോക്ടറുടെ മുഖത്തേക്ക് മിഴിച്ചു നോക്കി നിശ്ചലം നില്‍പ്പാണ്. കുഴിയിലേക്ക് ഇറങ്ങിപ്പോയ അവളുടെ കണ്ണുകളില്‍ അപ്പോഴും നിഷ്‌കളങ്കത തിളങ്ങികൊണ്ടിരുന്നു. അവളുടെ മുഖത്ത് തെളിഞ്ഞു കാണുന്ന ചോദ്യഭാവത്തില്‍ പോലും ഒരു കുഞ്ഞിന്റെ സകല കുട്ടിത്തങ്ങളും കലര്‍ന്നിട്ടുണ്ടായിരുന്നു.

നിഷ്‌കളങ്കത മാത്രം തെളിയുന്ന ഈ കുഞ്ഞു മുഖങ്ങളിലേക്ക് നോക്കി ഇത്രയധികം ക്രൂരതകള്‍ പ്രവര്‍ത്തിക്കാന്‍ മനുഷ്യന് എങ്ങനെയാണ് സാധിക്കുന്നത്?

ഈ മുഖത്ത് നോക്കിയാല്‍ വാത്സല്യം മാത്രമല്ലേ തോന്നേണ്ടൂ.

കാമവും വികാരവും വിദ്വേഷവും ഈ പിഞ്ചു ശരീരത്തിലേക്ക് ആഴ്ത്തിയിറക്കാന്‍ മനുഷ്യന് എങ്ങനെ കഴിയുന്നു?

എന്ത് കാമശമനമാണ് ഈ പിഞ്ചു ശരീരത്തില്‍നിന്ന് ക്രൂരന്മാര്‍ കണ്ടെടുക്കുന്നത്? എന്ത് സംതൃപ്തി ആണ് ഈ പിഞ്ച് ശരീരം അവര്‍ക്ക് നല്‍കുന്നത്? അറിയില്ല, പിഞ്ചുകുഞ്ഞുങ്ങളുടെ ചോരവീണ് ധരിത്രിയുടെ മാറിടം പൊള്ളിയടര്‍ന്നു കഴിഞ്ഞിരിക്കുന്നു.

ധരിത്രിയുടെ മിഴികള്‍ പോലും ചോരപെയ്തു തുടങ്ങിയിരിക്കുന്നു.

അകറ്റാനാവാത്ത, വികൃതമായ, ദുഷ്‌ചെയ്തികള്‍ നിറഞ്ഞുനില്‍ക്കുന്ന മനുഷ്യാ,

പറിച്ചെറിയാനാവാത്ത നിന്റെ ക്രൂരതകള്‍ മനുഷ്യരെയും മൃഗങ്ങളെയും കടന്ന് ഇപ്പോള്‍ കുഞ്ഞുങ്ങളിലേക്ക് കൂടി വ്യാപിച്ചിരിക്കുന്നു.

തിന്മകള്‍ക്കും ദുഃഖത്തിനും കറുപ്പുനിറം കല്‍പ്പിച്ച മനുഷ്യാ, നീയില്ലെങ്കില്‍ ഈ ഭൂമിയില്‍ തിന്മകളില്ല, ദുഃഖങ്ങളുമില്ല.

'ബത്തി.. ബത്തി.. '

ഡോക്ടര്‍ പിടിച്ചിരുന്ന കൈ തട്ടിമാറ്റാന്‍ ശ്രമിച്ചുകൊണ്ട് ആ കുഞ്ഞ് പതുക്കെ പിറുപിറുത്തു. അവളുടെ ശബ്ദം ഡോക്ടറെ ചിന്തകളില്‍നിന്ന് മുക്തനാക്കി.

'എന്തിനാ കുഞ്ഞേ.. നീ ഈ റോഡില്‍ക്കൂടി ഓടുന്നത്? നിന്റെ കൂടെ ആരുമില്ലേ?'

അവള്‍ക്കൊന്നും മനസ്സിലായതായി തോന്നുന്നില്ല. അവള്‍ ഡോക്ടറുടെ മുഖത്തേക്ക് തന്നെ നോക്കി അന്തം വിട്ടു നിന്നു. പിന്നെ പതിയെ പറയാന്‍ ശ്രമിച്ചു.

'ബത്തി.. ബത്തി.. '

ഹിന്ദി ആണ്, ഹിന്ദിയാണ് അവളുടെ ഭാഷ.

'ബേഡി.. ക്യാ തും ആകേലേ ഹൊ? തുമാരെ സാത് കോയ് ഹെ?'

'മാ, മാ ഹെ മേരി സാത്'

അവള്‍ ഒഴിഞ്ഞ കടത്തിണ്ണയിലേക്ക് വിരല്‍ചൂണ്ടി. അവിടെ അങ്ങ് ദൂരെ ഒരു നിഴല്‍രൂപം കടത്തിണ്ണയില്‍ ഇരിപ്പുണ്ട്. ഡോക്ടര്‍ കുഞ്ഞിനെയും കൂട്ടി അവരുടെ അടുത്തേക്ക് നടന്നു.

അതൊരു രാജസ്ഥാനി സ്ത്രീയാണെന്ന് അവരുടെ വേഷവിധാനം വിളിച്ചുപറയുന്നുണ്ട്. വിജനമായ കടത്തിണ്ണയില്‍ ഇരുന്ന്, കണ്ണുവരെ മൂടി കിടക്കുന്ന ഗുങ്കട്ടിനുള്ളിലൂടെ അവര്‍ ഡോക്ടറെയും കുഞ്ഞിനെയും മാറിമാറി നോക്കി. ഡോക്ടര്‍ ആ സമയം ഓര്‍മകളില്‍ പരതുകയായിരുന്നു. താന്‍ എവിടെയാണ് ഈ സ്ത്രീയെ മുമ്പ് കണ്ടത്? അതേ, ഒരാഴ്ച മുമ്പ് ബീച്ച് റോഡില്‍, ഇതേ സ്ത്രീയല്ലേ ഒരു വലിയ ബലൂണും പിടിച്ച് ഉച്ചവെയിലില്‍ ഇരുന്നിരുന്നത്. അവരുടെ മുന്നില്‍ ഒരു തുകല്‍ ബാഗ് തുറന്നു വച്ചിട്ടുണ്ടായിരുന്നു. ഹൈഡ്രജന്‍ അവരില്‍നിന്നും പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്ന വലിയ ഒറ്റ ബലൂണിന്റെ ചരടില്‍ അവര്‍ രണ്ടു കൈകൊണ്ടും മുറുകെ പിടിച്ചിരുന്നു. ആ ബലൂണിന്റെ ഇത്തിരി തണലില്‍ അവര്‍ വിശ്രമത്തിന്റെ ആശ്വാസം തേടിക്കൊണ്ടിരുന്നു. പക്ഷേ, ആ സമയം അവര്‍ തികച്ചും ഏകയായിരുന്നു. ഈ കുഞ്ഞുങ്ങള്‍ അവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. ഒരാഴ്ചയ്ക്കിപ്പുറം ഈ അര്‍ധരാത്രിയില്‍ രണ്ട് കുഞ്ഞുങ്ങള്‍ അവരുടെ പക്കല്‍ എവിടെ നിന്നും വന്നു ചേര്‍ന്നു? ഇനിയിപ്പോ ഈ കുഞ്ഞുങ്ങളെ പ്രതീക്ഷിച്ച് ആയിരിക്കുമോ ആ ഉച്ചവെയിലില്‍ അവര്‍ അവിടെ ഇരുന്നിരുന്നത്?

'മാ... മാ..'

കുഞ്ഞ് അവരെ ചൂണ്ടി കൊണ്ട് ഡോക്ടറുടെ വലത് കൈപ്പത്തിയില്‍ പിടിച്ച് ഡോക്ടറുടെ മുഖത്തേക്ക് നോക്കി. അവളുടെ പിഞ്ചു അധരങ്ങളില്‍ പരിചിതനോടെന്നപോലെ പുഞ്ചിരി വിടര്‍ന്നു. ചില കുഞ്ഞുങ്ങള്‍ എത്ര പെട്ടെന്നാണ് അപരിചിതരുമായി സൗഹൃദം കൂടുന്നത്? എത്ര പെട്ടെന്നാണ് അന്യരെ പ്രിയപ്പെട്ടവരായി സ്വീകരിക്കുന്നത്?

ഡോക്ടര്‍ ആ കുഞ്ഞിന്റെ നെറുകയില്‍ തലോടി പിന്നെ ആ സ്ത്രീയെ നോക്കി. ഡോക്ടര്‍ക്ക് അവരോടുള്ള കോപം മുഴുവനായും ആ നോട്ടത്തില്‍ കലര്‍ന്നിരുന്നു.

'ഇത് നിങ്ങളുടെ കുഞ്ഞാണോ?'

അവര്‍ അതെയെന്ന അര്‍ഥത്തില്‍ ശിരസ്സിളക്കി.

'എന്തിനാണ് ഈ കുഞ്ഞിനെ നിങ്ങള്‍ വാഹനങ്ങള്‍ക്കിടയിലേക്ക് പറഞ്ഞു വിട്ടത്?'

'തീപ്പെട്ടി വാങ്ങാനാണ് സര്‍'

കുഞ്ഞിനെ പോലെയല്ല അവര്‍ക്ക് മലയാളം വശമുണ്ട്.

'തീപ്പെട്ടിയോ?'

ഡോക്ടര്‍ക്ക് നല്ലരീതിയില്‍ ദേഷ്യം വരുന്നുണ്ടായിരുന്നു. രാത്രി ഒന്നര മണിക്ക് തീപ്പെട്ടി വാങ്ങാനാണത്രേ. ഏത് കടയാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്? എന്തത്യാവശ്യമാണ് ഈ രാത്രിയില്‍ ഇവര്‍ക്ക് തീപ്പെട്ടി കൊണ്ട് നേടിയെടുക്കേണ്ടത്? എല്ലാം വെറും നുണ.

'ഈ രാത്രിയിലോ? തീപ്പെട്ടി വാങ്ങാന്‍ ഈ കുഞ്ഞിനെ ആണോ രാത്രി പറഞ്ഞയക്കേണ്ടത്? നിങ്ങള്‍ക്ക് പോയി വാങ്ങി കൂടെ?'

'എനിക്ക് നടക്കാന്‍ വയ്യ സര്‍, ആക്‌സിഡന്റ് ആണ്. കാലില്‍ മുറിവ് പറ്റിയിട്ടുണ്ട്.'

അവര്‍ വലതു കാല്‍ നീട്ടി കാണിച്ചു. കാല്‍പാദം മുറിഞ്ഞു ചോര വരുന്നുണ്ട്.

'നിങ്ങള്‍ക്ക് അപ്പോള്‍ നിങ്ങളുടെ മടിയില്‍ ഇരിക്കുന്ന ഈ കുഞ്ഞിനെ മാത്രം മതിയോ? ഇതിനെ വേണ്ടേ? ഇതിനെ കൊല്ലാനായി തന്നെയാണോ നിങ്ങള്‍ വണ്ടിയുടെ അടിയിലേക്ക്..

ഡോക്ടര്‍ ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. കുഞ്ഞ് പേടിച്ച് ആ സ്ത്രീയെ ചേര്‍ന്നിരിപ്പായി. ഡോക്ടര്‍ കുഞ്ഞിനെ നോക്കി.

പാവം കുഞ്ഞ്. അതിനോട് അമ്മ പറയുന്നത് അനുസരിക്കാനല്ലേ അതിന് അറിയൂ.

'സാര്‍ തീപ്പെട്ടി വാങ്ങാന്‍...'

അത് പറഞ്ഞു മുഴുമിപ്പിക്കാന്‍ ഡോക്ടര്‍ അവരെ അനുവദിച്ചില്ല.

'വേണ്ട... കൂടുതല്‍ കള്ളങ്ങളൊന്നും പറയണമെന്നില്ല. ഇനിയെങ്കിലും കുഞ്ഞിനെ മര്യാദയ്ക്ക് നോക്കണം. ഇല്ലെങ്കില്‍ എനിക്ക് പൊലീസില്‍ പരാതിപ്പെടേണ്ടിവരും.'

ഡോക്ടറുടെ ആ നേരത്തെ ഭാവം അവരെ ഒന്ന് ഭയപ്പെടുത്തി. അതുവരെ വളരെ നിസ്സാരതയോടെ ഡോക്ടറെ നോക്കി കൊണ്ടിരുന്ന അവരിലേക്ക് ഭയം പടരുന്നത് അവരുടെ മുഖത്തുനിന്നും വായിച്ചെടുക്കാമായിരുന്നു.

'നോക്കാം.. സാര്‍' അവര്‍ പറഞ്ഞു നിര്‍ത്തി.

ഡോക്ടര്‍ കുഞ്ഞിനെ നോക്കി പുഞ്ചിരിച്ചു. ഡോക്ടറുടെ ഭാവമാറ്റം അവളിലേക്ക് കൂടി ഭയത്തെ കൊണ്ടെത്തിച്ചിരുന്നെങ്കിലും അവള്‍ ഡോക്ടറെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു. പുഞ്ചിരിയാണ് കുഞ്ഞുങ്ങളെ മാലാഖമാരായി ഒരുക്കി എടുക്കുന്നത്. അവരുടെ നിഷ്‌കളങ്കമായ, ഹൃദമായ, ആ പുഞ്ചിരി. ഡോക്ടര്‍ ആത്മഗതം ചെയ്തുകൊണ്ട് തിരിഞ്ഞു നടന്നു.

കാറിന്റെ അടുത്തെത്തിയ ശേഷം ഡോക്ടര്‍ ഒന്നുകൂടി തിരിഞ്ഞു നോക്കി. അങ്ങുദൂരെ മഞ്ഞു മേഘങ്ങള്‍ക്കുള്ളിലെ മാലാഖയെപ്പോല്‍ അവള്‍ ചെറുതായി പെയ്തിറങ്ങുന്ന മഴയുടെ നൂല്‍കമ്പികളില്‍ കൈചേര്‍ത്ത് കളിച്ചുകൊണ്ടിരിക്കുന്നു.

എന്തിനായിരിക്കാം അവര്‍ ഈ രാത്രി കുഞ്ഞിനെ ഒറ്റയ്ക്ക് പറഞ്ഞുവിട്ടത്?

അവര്‍ ഒരു വേശ്യ ആയിരിക്കുമോ? അവരുടെ വേശ്യാവൃത്തിക്കുള്ള സൗകര്യത്തിനായി ആയിരിക്കുമോ ആ കുഞ്ഞിനെ അകറ്റിയത്? അതൊ കുഞ്ഞിനെ അവര്‍ക്ക് വേണ്ടാഞ്ഞിട്ട് അതിനെ മനഃപൂര്‍വമായി കൊല്ലാന്‍ തന്നെ ആയിരിക്കുമോ? ഇനിയിപ്പോ സ്വന്തം മക്കളോടുള്ള രാജസ്ഥാനി സ്ത്രീകളുടെ സമീപനമേ ഇങ്ങനെതന്നെയാണോ? എന്ത് തന്നെ ആയാലും, ആ കുഞ്ഞെങ്കിലും നാളെ ഒരു അജ്ഞാത മൃതശരീരമായി തീരാതിരിക്കട്ടെ.

ആ കുഞ്ഞിന്റെ പിഞ്ചുശരീരത്തിലേക്കെങ്കിലും മൃഗീയതയുടെ തേറ്റയും കൊമ്പും ആഴ്ന്നിറങ്ങാതിരിക്കട്ടെ.

ആ കുഞ്ഞെങ്കിലും അതിക്രമങ്ങള്‍ ബാക്കിവച്ച നിശ്ചലദേഹമായി പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ വിശ്രമിക്കാതിരിക്കട്ടെ.

ഡോക്ടര്‍ തന്റെ കാറിലേക്ക് കയറി.

...........................................................




TAGS :