Quantcast
MediaOne Logo

ശ്രീജേഷ് പന്താവൂര്‍

Published: 12 March 2024 12:41 PM GMT

കഥ അന്നദാനം

കഥ, അന്നദാനം ശ്രീജേഷ് പന്താവൂര്‍
X

ക്ഷേത്രത്തിലെ അന്നദാനത്തിനായി വരിനിന്ന ചുളിഞ്ഞ വസ്ത്രധാരിയായ താടിയും മുടിയും നരച്ച പാവം വൃദ്ധനെ കൊമ്പന്‍മീശക്കാരനായ സെക്ക്യൂരിറ്റി വരിയില്‍നിന്നും പിടിച്ചിറക്കി ദേഷ്യത്തോടെ പറഞ്ഞു:

" ഞാന്‍ പറഞ്ഞിട്ടില്ലെ അവസാനം വന്നാല്‍ മതിയെന്നു. പോ.. എവിടേങ്കിലും പോയിരിക്കൂ. ഭക്തരുടേത് കഴിഞ്ഞിട്ടു കയറിയാമതി ".

സെക്ക്യൂരിറ്റിക്കാരന്റെ ശക്തിയോടെയുള്ള വലിയില്‍ വൃദ്ധന്റെ കൈയിലെ മുഷിഞ്ഞ ഭാണ്ഡകെട്ട് താഴെവീണു ചിതറി. കുറേ നാണയതുട്ടുകള്‍ക്കും നിറം മങ്ങിയ നോട്ടുകള്‍ക്കും ഒപ്പം നീലനിറമുള്ള ചളുങ്ങിയ ഒരു കുഞ്ഞു ചോറ്റുപാത്രവും ദൂരേക്ക് ഉരുണ്ടുപോയി.

വൃദ്ധന്‍ ദയനീയമായി സെക്ക്യൂരിറ്റിക്കാരനെ നോക്കി. ആ മുഖത്ത് ദേഷ്യമുണ്ടായില്ല. ഒരുവാക്കുപോലും അയാളുരിയാടിയുമില്ല. ഇതിലും വലിയ ദുരനുഭവങ്ങള്‍ ഏറ്റുവാങ്ങിയ എന്നോടോ, എന്ന ഭാവമായിരുന്നു അയാളുടെ മുഖത്ത് അപ്പോള്‍ തെളിഞ്ഞത്. താഴെവീണ സാധനങ്ങള്‍ പെറുക്കി ഭാണ്ഡക്കെട്ടിലേക്ക് തിരിച്ചു ഇടുമ്പോള്‍ അയാള്‍ എന്തിനോ വേണ്ടി തിരയുകയായിരുന്നു.

പരിഭ്രമത്തോടെ വീണ്ടും തിരഞ്ഞു. "ഹാവൂ, കിട്ടിപ്പോയി " അയാളുടെ മുഖത്ത് നിലാവെട്ടം പോലെ പുഞ്ചിരി വിടര്‍ന്നു. പതുക്കെ പതുക്കെ അതുമാഞ്ഞു കണ്ണുകള്‍ നിറയുകയായിരുന്നു. പുറമെ കടലാസിലും ഉളളില്‍ പ്‌ളാസ്റ്റിക് കവറിലും പൊതിഞ്ഞിരുന്ന ആ പൊതിക്കുള്ളില്‍ ഒരു കളറില്ലാത്ത പഴയൊരു ഫോട്ടോ. മുല്ലപ്പൂ ചൂടിയ, മുടി രണ്ടുഭാഗത്തേക്കു മെടഞ്ഞു മുന്നിലേക്കിട്ട് ഒരു സുന്ദരിയും ഒപ്പം ഗാംഭീര്യത്തോടെ മീശപിരിച്ച ഒരു ചെറുപ്പക്കാരനും. ഇന്നത്തെ രൂപം കണ്ടാല്‍ അത് അയാളുടെ ചെറുപ്പകാലമാണെന്ന് ഒരിക്കലും പറയാന്‍ കഴിയാത്തവിധം അയാള്‍ മാറിയിരിക്കുന്നു.

കൈയിലിരുന്ന പഴകിത്തുടങ്ങിയ ആ ഫോട്ടോയിലേക്ക് നോക്കുമ്പോള്‍ നിറഞ്ഞകണ്ണില്‍നിന്നും പോയകാല ഓര്‍മകളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ ഒരുതുള്ളി അയാളുടെ വിറക്കുന്ന കൈകളിലേക്കിറ്റു വീണു.

കണ്ണുനീര്‍ തുടച്ചുകൊണ്ടു സാധനങ്ങളെല്ലാം പെറുക്കി ഭാണ്ഡത്തിലിട്ടു. ക്ഷേത്രക്കുളത്തില്‍നിന്നും മുഖംകഴുകി. കുളത്തിനു നടുവിലുള്ള ശ്രീകൃഷ്ണവിഗ്രഹത്തെ വണങ്ങി തിരിച്ചുകയറുമ്പോള്‍ ഭാണ്ഡത്തില്‍നിന്നും ഉരുണ്ടുപോയ അയാളുടെ ചോറ്റുപാത്രവുമായി ഒരാള്‍ കാത്തു നില്‍പ്പുണ്ടായിരുന്നു.

ചോറ്റു പാത്രം കണ്ടപ്പോഴാണ് അയാള്‍, ഞാനിതെടുക്കാന്‍ മറന്നല്ലൊ എന്നോര്‍ത്തത്. പണ്ട് മകള്‍ സ്‌കൂളില്‍ ചോറു കൊണ്ടുപോയിരുന്നത് അതിലായിരുന്നു. തോളിലെ സഞ്ചിയില്‍ നിറയെ മയില്‍പ്പീലിയുമായി ചോറ്റുപാത്രം നീട്ടി പുഞ്ചിരിച്ചു നില്‍കുന്ന ആ ചെറുപ്പക്കാരനോട് അയാള്‍ നന്ദി പറഞ്ഞു നടന്നു.

" ഹേയ്.. അച്ഛാ.."

സ്‌നേഹത്തോടെയുള്ള ആ വിളികേട്ടപ്പോള്‍ അയാള്‍ ആകാംഷയോടെ തിരിഞ്ഞു നോക്കി. പക്ഷെ, താന്‍ പ്രതീക്ഷിച്ച വിളിയല്ല. അത് ആ മയില്‍പീലിക്കച്ചവടക്കാരന്‍ തന്നെ.

" നില്‍ക്കൂ അച്ഛാ. പോകല്ലേ. വിഷമമായോ, വരിയില്‍ നിന്നു പിടിച്ചിറക്കിയതിന്? "

" സാരമില്ല, ഞാനും ഉണ്ടിട്ടില്ല. നമ്മളെപ്പോലെ ഉണ്ണാത്തവര്‍ ഒരുപാടുണ്ട്. നമുക്കൊരുമിച്ച് അവസാന

പന്തിയിലാവാം. അതുവരെ നമുക്കാ ആല്‍ത്തറയിലിരിക്കാം. "

" അച്ഛനെ ഇതിനുമുന്നേ ഇവിടെ കണ്ടിട്ടില്ലല്ലോ? "

" ഉണ്ടാവില്ല മോനേ. ഞാന്‍ അലച്ചിലിലാണ്. ഒരുപാട്. എങ്ങോട്ടെന്നില്ലാതെ. അവസാനം ഇതാ ഇവിടെ എത്തിനില്‍ക്കുന്നു "

വിശപ്പും ക്ഷീണവുമായി തളര്‍ന്നതിനാല്‍ അയാള്‍ തന്റെ ജീവിതകഥയുടെ ഭാണ്ഡക്കെട്ടഴിക്കുവാന്‍ തയ്യാറായില്ല. ആ യുവാവാവട്ടെ അതിനെകുറിച്ചു ചോദിക്കാനും മുതിര്‍ന്നില്ല. എല്ലാം ഞാനറിയുന്നു എന്ന മട്ടില്‍ പുഞ്ചിരിയോടെ പറഞ്ഞു:

" അച്ഛന്‍ ഇനി യാത്ര മതിയാക്കുക. ഞാനിവിടുള്ള കാലം വരെ അച്ഛന് ഇവിടെ എന്നോടൊപ്പം തങ്ങാം. നമുക്കുള്ള ഭക്ഷണം എന്നും ഇവിടെയുണ്ടാകും. വരിയില്‍ നിന്നു തളരേണ്ട. സമയമാകുമ്പോള്‍ ഭക്ഷണപ്പുരയിലേക്കു പോകാം. അന്നദാനം ആര്‍ക്കുവേണ്ടിയാണ് എന്ന ചിന്ത ഇവിടെ ആര്‍ക്കുമില്ല അച്ഛാ. ഒരു നേരത്തെയെങ്കിലും അന്നം കിട്ടിയെങ്കില്‍ എന്നാശിച്ചുവരുന്നവരെ തള്ളിമാറ്റി പലനേരം മൃഷ്ടാന്നം ഭക്ഷിക്കാന്‍ കഴിയുന്നവര്‍ക്കു വഴിയൊരുക്കുന്നവരാണിവര്‍ "

" അച്ഛാ...അച്ഛാ...ഉറങ്ങിയോ.."

ഇളംകാറ്റിലെ ആലിലകളുടെ താരാട്ടിന്റെ കുളിര്‍മയും, ആ യുവാവിന്റെ മധുരഭാഷണവും കേട്ട് വിശപ്പും ക്ഷീണവും മറന്ന് വൃദ്ധന്‍ യുവാവിന്റെ മടിയില്‍ തലവെച്ചു ഉറക്കമായിക്കഴിഞ്ഞിരുന്നു. അയാളുടെ നെറുകയില്‍ തലോടിക്കൊണ്ടു ഒരു പുഞ്ചിരിയോടെ, അയാളുടെ നിദ്രക്ക് ഭംഗം വരുത്താതെ ആ മയില്‍പീലിക്കാരന്‍ കാത്തിരുന്നു.






TAGS :