Quantcast
MediaOne Logo

സാജിത പി.കെ

Published: 23 Jan 2024 11:42 AM GMT

നിലാ വെളിച്ചങ്ങള്‍

| കഥ

മലയാള ചെറുകഥ, മലയാള സാഹിത്യം
X
Listen to this Article

അവള്‍ ആയിഷയെ നോക്കി കൈകള്‍ കൊട്ടി പൊട്ടിച്ചിരിച്ചു. നിഷ്‌കളങ്കമായ ഇടം പല്ലുകാട്ടിയുള മനോഹരമായ ചിരി.

'നോക്ക് ... അവളുടെ ഈ ചിരിയാണ് അവര്‍ ഇല്ലാതാക്കാന്‍ നോക്കിയത്. ഇത്ര മനോഹരമായ ജീവിതാണ് അയാള്‍ ചവിട്ടിയരക്കാന്‍ ശ്രമിച്ചത് '

നിര്‍മല നെടുവീര്‍പ്പിട്ടു കൊണ്ട് ആയിഷയെ നോക്കി. നിര്‍മലയും ആയിഷയും അയല്‍ക്കാരാണ്. കുടുംബശ്രീ പ്രവര്‍ത്തകരാണ്. ഭര്‍ത്താവുപേക്ഷിച്ച മൂന്ന് മക്കളുടെ ഉമ്മയായ ആയിഷയും വിവാഹക്കമ്പോളത്തില്‍ ജാതകദോഷത്തിന് വിലയിടിഞ്ഞു നില്‍ക്കുന്ന നിര്‍മലയും പക്ഷേ കാലം കാത്തുവെച്ച ചില നിമിഷങ്ങള്‍ക്ക് നിയോഗിതരായവരായിരുന്നു.

'നോക്കമ്മാ, നല്ല രസം ണ്ട്.. അല്ലേ.. ഞാന്‍ വരച്ചത് ഭംഗീണ്ടെന്ന് സാര്‍ പറഞ്ഞു. ആ സാറ് നല്ലയാ'

അസ്പഷ്ടമായ ഉച്ചാരണത്തോടെ അവള്‍ പറഞ്ഞു.

ഇവള്‍ നിലാ.

നിലാവ് പോലെയുള്ള മനസുളള പെണ്‍കുട്ടി. ബുദ്ധി മാന്ദ്യം ഉള്ള കുട്ടിയാണ് നില. ചെറുപ്പത്തില്‍ തന്നെ അമ്മ മരിച്ചു. അല്ല, കൊന്നതാണെന്നും പറഞ്ഞു കേട്ടു. കൈകാലുകള്‍ക്ക് വൈകല്യവും ബുദ്ധിമാന്ദ്യവും ഉള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ കൊടുംകുറ്റത്തിന് ക്രൂരമായി കൊലചെയ്യപ്പെട്ട അമ്മ. സമൂഹത്തിനു മുമ്പിലും ആ മകളെ ജനിപ്പിച്ചവനു പോലും നികൃഷ്ടയായിത്തീര്‍ന്ന സ്ത്രീ. പലരില്‍ നിന്നും കേട്ടറിഞ്ഞ കഥയാണിത്.

'തള്ളയുള്ളപ്പോഴേ അതിന് ഗതിയില്ലായിരുന്നു. അത് ചത്തേ പിന്നെ അതിന്റെ നരകമായിരുന്നു കുഞ്ഞേ'

നാരായണിയമ്മയുടെ വാക്കുകള്‍ ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നുണ്ട്.

കുടുംബശ്രീ സി.ഡി.എസായിരുന്നു നിര്‍മല. ജോലിയുടെ ഭാഗമായി ഒരു മീറ്റിംഗില്‍ പങ്കെടുക്കുവാനാണ് അവള്‍ ആ നാട്ടിലെത്തിയത്. അപ്പോഴാണ് ഒരു ബഹളം കേള്‍ക്കുന്നത്. വലിയ നിലവിളിയും കൂടെ ആക്രോശങ്ങളും മുഴങ്ങുന്നു. പരിപാടിക്കിടയില്‍ നിന്ന് ഒരു ഫോണ്‍വന്നപ്പോള്‍ പുറത്തിറങ്ങിയതാണ്. മീറ്റിംഗ് ഹാളിന്റെ തൊട്ടടുത്തുള്ള വീട്ടില്‍ നിന്നാണ് ബഹളം കേള്‍ക്കുന്നത്.

ഫോണ്‍ കോള്‍ അവസാനിപ്പിച്ച് മറഞ്ഞു നിന്നു നോക്കി. ഒരു പെണ്‍കുട്ടിയെ പുറത്തേക്ക് വലിച്ചിടുകയാണ് തടിയാനായ ഒരു മനുഷ്യന്‍. കുട്ടി വാതില്‍ പടിയില്‍ നിന്ന് തടഞ്ഞ് മുറ്റത്തേക്ക് മുഖമടച്ചു വീണു.

നിര്‍മ്മലയുടെ ഉള്ളില്‍ ഒരാന്തലുയര്‍ന്നു. കുറച്ചുകൂടി നീങ്ങി നിന്നു ശ്രദ്ധിച്ചു. പെട്ടെന്ന് കാണാനാകാത്ത വിധം മരങ്ങള്‍ക്കിടയില്‍ കൂടുതല്‍ മറപറ്റി.

'എന്ന് ഈ നശിച്ച ജന്തുവിനെ തല വെട്ടം കണ്ടോ. അന്ന് തുടങ്ങിയതാണ് എന്റെ നാശം. എരണം കെട്ടവള്‍. കയ്യും കാലുമില്ലാത്ത ഇഴ ജന്തു'. തീ തുപ്പുന്നവാക്കുകളുടെ അര്‍ഥമറിയാതെ നിലത്തുവീണു കിടക്കുന്ന പെണ്‍കുട്ടി അലറി കരഞ്ഞു.

'ചോര ചോര അയ്യോ ചോര'.

അവള്‍ വലിയ വായില്‍ നിലവിളിച്ചു. മുഖമുയര്‍ത്തിയപ്പോള്‍ കണ്ടു മുഖം നിറയെ രക്തം പുരണ്ടിരിക്കുന്നു.

അത് നിലത്തേക്കിറ്റി വീഴുന്നു. അതുകണ്ട് ഭയന്നാവണം അവള്‍ ഈ വിധം കരയുന്നത്. അവള്‍ എഴുന്നേല്‍ക്കുന്നില്ല. അപ്പോഴാണ് നിര്‍മ്മലയ്ക്ക് മനസ്സിലായത്, ആ പെണ്‍കുട്ടിക്ക് എഴുന്നേല്‍ക്കാന്‍ കഴിയില്ല.

അയാള്‍ കേട്ടാല്‍ അറയ്ക്കുന്ന മുഴുത്ത തെറികള്‍ കുടഞ്ഞിടുന്നുണ്ട്. അതിനിടയ്ക്ക് ആ കുട്ടിയുടെ അടുത്തേക്കയാള്‍ പാഞ്ഞു ചെന്ന് അടിനാഭി നോക്കി ഒറ്റ ചവിട്ട്. അവള്‍ പുഴുവിനെ പോലെ പുളിഞ്ഞു പോയി. ഇത്രയും കണ്ടപ്പോഴേക്കും നിര്‍മ്മല ഓടി ആ പെണ്‍കുട്ടിക്ക് അരികിലെത്തി. മൂക്ക് ചതഞ്ഞു പൊട്ടിയിരിക്കുന്നു വീഴ്ചയില്‍ പറ്റിയതാവും. കുടു കുടെ ഒഴുകുന്ന ചോര അവളുടെ ഉടുപ്പില്‍ പടര്‍ന്നു പലരൂപങ്ങള്‍ ഉണ്ടാക്കുന്നു. അപ്പോഴാണ് നിര്‍മ്മല അത് ശ്രദ്ധിച്ചത്. ഇരുകാലുകള്‍ക്കും ശേഷിയില്ല അവള്‍ക്ക്. ഒരു കൈ മുട്ടിനു താഴേക്ക് വികൃതമാണ്. മറ്റേ കൈ മുട്ട് വരെയേ ഉള്ളൂ. ആകെക്കൂടെ ഒരു വികൃത രൂപം.

അവള്‍ക്കു രോഷം പതഞ്ഞു പൊങ്ങി. ഇത്തരത്തിലുള്ള ഒരു കുട്ടിയെ ആണോ ഇയാള്‍ ഇങ്ങനെ ഉപദ്രവിക്കുന്നത്. ഞൊടിയിടയില്‍ അയാള്‍ അവളുടെ അടുത്തെത്തി രൂക്ഷമായൊന്നു നോക്കി.

'നീ ആരാടീ? നിനക്കെന്റെ വീട്ടില്‍ എന്തുകാര്യം?' - അയാള്‍ അവളോട് തട്ടിക്കയറി.

'താനെന്തു മനുഷ്യനാടോ. ഈ വയ്യാതിരിക്കുന്ന കൊച്ചിനെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യാന്‍ നാണമില്ലേ

തനിക്ക് ' - നിര്‍മല അയാളോട് ചോദിച്ചു. അപ്പോഴേക്കും പ്രാഞ്ചി പ്രാഞ്ചി ഒരമ്മൂമ്മ അവിടേക്ക് വന്നു.

'മോളേ, ആ പണ്ടാരക്കാലന്‍ ഈ കൊച്ചിനെ കൊന്ന് തിന്നും. അതിന് തള്ളയില്ലാത്തതാ. എങ്ങനെയെങ്കിലും രക്ഷിക്ക്. വയ്യാത്ത ആളുകളെ പാര്‍പ്പിക്കുന്ന ഏതെങ്കിലും സ്ഥലത്ത് കൊണ്ട് ചെന്നാക്ക് മോളേ. കോടി പുണ്യം കിട്ടും' മുത്തശ്ശി കുഴിഞ്ഞ കണ്ണുകളില്‍ വെള്ളം നിറച്ച് കൊണ്ട് പറഞ്ഞു.

'തള്ളേ അപ്പുറത്തെങ്ങാനും പോയിക്കിടന്നോ. ഒറ്റച്ചവിട്ടിന് തീര്‍ക്കും ഞാന്‍ നാവിട്ടലക്കാന്‍ നില്‍ക്കണ്ട'

അയാള്‍ ക്ഷോഭത്തോടെ അലറി. അതൊന്നും വക വെക്കാതെ മുത്തശ്ശിയും നിര്‍മലയും കൂടി പെണ്‍കുട്ടിയെ താങ്ങിപ്പിടിച്ചു അരത്തിണ്ണയിലിരുത്തി.

'മര്യാദയ്ക്ക് നീ ഇവിടന്നു പൊക്കോ. ഇതെന്റെ വീടാണ്. ഞാന്‍ പറയുന്നതാണിവിടെ നിയമം'

അയാള്‍ നിര്‍മലയുടെ നേരെ കയ്യോങ്ങി.

അപ്പോഴേക്കും നിര്‍മലയേ കാണാതെ കൂടെ വന്ന ആയിഷ അവളെ അന്വേഷിച്ചു പുറത്തിറങ്ങി.

വീടിന്റെ അടുത്ത് അവളെ കണ്ട് അങ്ങോട്ട് ചെന്നു.

'ആ യിന്റെ റബ്ബേ. എന്താണിവിടെ നടക്കുന്നത്. നിര്‍മലേ... എന്താ കാര്യം ?'

അപ്പോഴേക്കും ചില സ്ത്രീകള്‍ കൂടി അങ്ങോട്ട് തലയിട്ടു നോക്കാന്‍ തുടങ്ങി. മുറുമുറുത്തു കൊണ്ട് അയാള്‍ പുറത്തേക്കിറങ്ങിപ്പോയി. നിര്‍മലയും ആയിഷയും മുത്തശ്ശിയും കൂടി കുട്ടിയുടെ മുറിവുകള്‍ വൃത്തിയാക്കി.

മൂക്ക് മുറിഞ്ഞിരിക്കുന്നു. പല്ലുകള്‍ രണ്ടെണ്ണം ഇളകിയിട്ടുണ്ട്. നെറ്റി പൊട്ടിയിട്ടുണ്ട്. ഒലിച്ചിറങ്ങിയ രക്തം തുടച്ച് നീക്കി. മുത്തശ്ശിയോട് ചോദിച്ച് അവളെ കുറിച്ച് കൂടുതല്‍ മനസിലാക്കി.


നിലാ. നിലാവ് പോലെ മനസ്സുള്ള പെണ്‍കുട്ടി. ഓമനത്തം നിറഞ്ഞ മുഖം. പക്ഷേ, കൈകാലുകള്‍ അവളെ വിരൂപയാക്കിയിരിക്കുന്നു. ഒരു പത്തുപതിനഞ്ച് വയസ്സുള്ള പെണ്‍കുട്ടി. അവളെ ഉപദ്രവിച്ചയാള്‍ കുട്ടിയുടെ പിതാവ് തന്നെയാണ്. പിന്നെ മുത്തശ്ശി മാത്രമേയുള്ളൂ അവള്‍ക്ക്. അമ്മ കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചുപോയി. ഈ പെണ്‍കുട്ടിയെ പ്രതി മര്‍ദ്ദനമുറകളും ഏറ്റുവാങ്ങി ഒടുക്കം മരണത്തിന് കീഴടങ്ങി. എണീറ്റ് നോക്കുമ്പോള്‍ അനക്കമില്ലായിരുന്നുവത്രേ. ചവിട്ടിക്കൊന്നതായിരിക്കുമെന്നാണ് നാരായണിയമ്മയുടെ ഉറപ്പ്.

മകളുടെ അഭാവത്തിലും അവരാണ് ഈ കുട്ടിയെ സംരക്ഷിച്ചിരുന്നത്. ഇപ്പോള്‍ അവരും പ്രായത്തിന്റെ അവശതകളില്‍ പ്രയാസത്തിലാണ്. അച്ഛന്‍ എന്നു പറയുന്ന കാട്ടാളന്‍ കള്ളും കഞ്ചാവും മോന്തി കേറിവരും. കുട്ടിയെയും അമ്മയെയും ഉപദ്രവിക്കുന്നത് കണ്ട് ഈ അമ്മയ്ക്ക് മനസ്സും മടുത്തു കഴിഞ്ഞിരുന്നു.

'നിലാ. ഇല്ലെങ്കില്‍ ഈ നശിച്ച ലോകത്തു നിന്ന് എന്നേ രക്ഷപ്പെട്ടേനെ ' എന്ന് ഗദ്ഗദത്തോടെ നാരായണിയമ്മ പറഞ്ഞു നിര്‍ത്തി.

അന്ന് നിര്‍മല ഒരു തീരുമാനമെടുത്തു. ഉറച്ച തീരുമാനം. അവളെ സംരക്ഷിക്കുമെന്ന്. താനും അമ്മയും മാത്രമടങ്ങുന്ന തന്റെ കുടുംബത്തില്‍ ഒരാളെ കൂടി പാര്‍പ്പിക്കാനും ഭക്ഷണം നല്‍കാനും യാതൊരു ബുദ്ധിമുട്ടുമില്ല. തുണി തയ്ച്ചും കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തും മറ്റും ആവശ്യത്തിനുള്ള പണം സമ്പാദിക്കുന്നുണ്ട്. കൂടാതെ സ്വന്തമായി പുരയിടവും 50 സെന്റ് സ്ഥലവും ഉണ്ട്. അച്ഛന്റെ മരണശേഷം അടുക്കള കൃഷിയും പശുവിനെ മേക്കലും ഒക്കെയായി അമ്മയും തന്റെ പങ്ക് കൂട്ടിവെക്കുന്നുണ്ട്.

ചൊവ്വാദോഷം മൂലം തന്റെ വിവാഹം ശരിയാകാത്തതാണ് ആകെ അമ്മയുടെ വിഷമം. തനിക്ക് പക്ഷേ ആദ്യം നിരാശയുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ഈ ജീവിതവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. ആയിഷ താത്ത വിവാഹം കഴിഞ്ഞ അന്ന് മുതല്‍ അനുഭവിക്കുന്ന യാതനകള്‍ കണ്ട് കണ്ട് വിവാഹമേ വേണ്ടന്ന നിലപാടിലേക്ക് താന്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു.

നിലായുടെ വിളിയാണ് നിര്‍മലയെ ഓര്‍മത്തേരില്‍ നിന്ന് താഴെയിറക്കിയത്. പ്രസവിക്കാതെ തന്നെ താന്‍ മാതൃത്വമെന്തെന്നറിഞ്ഞിരിക്കുന്നു. അത്രയും വാത്സല്യമാണ് നിലായോട് തോന്നുന്നത്. നിഷ്‌കളങ്കമായ ആ ഇടം പല്ലു കാട്ടിയുള്ള ചിരിയും ഓമനത്തം തുളുമ്പുന്ന മുഖവും ചെറിയ കുഞ്ഞുങ്ങളെ പോലെ കൊഞ്ചിയുള്ള സംസാരവുമെല്ലാം. അവള്‍ പതിയെ ഹൃദയത്തിലേക്ക് ആവാഹിക്കപ്പെടുകയായിരുന്നു

ഇന്ന് ഏറെ അഭിമാനകരമായ ദിവസമാണവര്‍ക്ക്. തന്റെ കൈകളെ ഇച്ഛയ്ക്കനുസരിച്ച് വശത്താക്കി പെന്‍സിലും ഛായവുമേന്തി അവള്‍ വരച്ചു തീര്‍ക്കുന്ന വര്‍ണവിസ്മയങ്ങള്‍ക്കുള്ള അംഗീകാരം തേടിയെത്തിയിരിക്കുന്നു. അന്തരിച്ച വരയുടെ മഹാരാജാവ് ആര്‍ട്ടിസ്റ്റ് ദത്തന്‍ സാറുടെ പേരിലേര്‍പ്പെടുത്തിയ ആദ്യത്തെ അവാര്‍ഡ് നേടിയിരിക്കുന്നത് നിലായാണ്. നിശ്ചയദാര്‍ഢ്യത്തിന്റെ കയ്യൊപ്പ്.

ഇതിലേക്ക് അവളെ നയിച്ചത് , പരിശീലിപ്പിച്ചത് വിനോദ് സാറാണ്. ഭിന്നശേഷിക്കാരായ (പ്രത്യേക കഴിവുകളുള്ള) കുട്ടികളെ പരിശീലിപ്പിക്കുന്ന അധ്യാപകനാണ് വിനോദ്. ഭാര്യയും മക്കളും ഒരു അപകടത്തില്‍ നഷ്ടപ്പെട്ട് വിധി വില്ലനായപ്പോള്‍ തന്റെ നിയോഗമണ്ഡലത്തില്‍ ആത്മാര്‍പ്പണം നടത്തി അനേകമനേകം വൈകല്യമുളള കുഞ്ഞുങ്ങളെ പരിശീലിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന മഹാമനസ്‌കന്‍.

പുരസ്‌കാര ദാനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നിര്‍മലയും നിലായും. സഹായത്തിന് നിഴലായി ആയിഷയും. ഇനിയും വര്‍ണവിസ്മയങ്ങളൊരുക്കാന്‍ ധാരാളം അവസരങ്ങള്‍ നിലായുടെ മുന്നില്‍ ഇന്നുണ്ട്. ആയിഷയും നിര്‍മലയും ഈ നിലാവിന് കൂട്ടായി എന്നും ചേര്‍ന്നു നില്‍ക്കുന്നു. ഇപ്പോള്‍ ഒരുപാട് നിലാവുകള്‍ ഇന്ന് ഇവരുടെ കൂടെ ഭാവിയുടെ സുരക്ഷിതത്വത്തിലേക്ക് കൈപിടിച്ച് കയറുന്നു.




TAGS :