Quantcast
MediaOne Logo

സജിത രഘുനാഥ്

Published: 25 Sep 2023 7:54 AM GMT

സായാഹ്ന സംഗമം

| കഥ

സായാഹ്ന സംഗമം
X
Listen to this Article

കോഴിക്കോട് ജില്ലയിലെ സീനിയര്‍ സിറ്റിസണ്‍മാരുടെ കൂട്ടായ്മക്കിടെ ആണ് നന്ദന ടീച്ചര്‍ റിച്ചാര്‍ഡ് ജോസഫിനെ അപ്രതീക്ഷിതമായി കണ്ടത്. സന്തോഷമാണോ? സങ്കടമാണോ? എന്താണപ്പോള്‍ അവര്‍ക്ക് തോന്നിയത്? അറിയില്ല. നന്ദന ടീച്ചര്‍ ഒരു കിതപ്പോടെ അദ്ദേഹത്തിനരികില്‍ ചെന്ന് വിളിച്ചു. 'സര്‍'

അദ്ദേഹം കണ്ണട വച്ചിട്ടും കാഴ്ച മങ്ങിയ കണ്ണുകളോടെ നന്ദനയെ നോക്കി.

'ആരാ? മനസ്സിലായില്ല.''

അദ്ദേഹത്തിന്റെ നരച്ച താടിയിലേക്കും നരച്ച തലമുടിയിലേക്കും തിളക്കം നഷ്ടപ്പെട്ട കണ്ണുകളിലേയ്ക്കും അവള്‍ മാറി മാറി നോക്കി. എന്റെ തലമുടി നരച്ചിട്ടില്ല. ഞാന്‍ ഒരുപാടു വണ്ണം വച്ചിട്ടുണ്ടെന്നല്ലാതെ വലിയ മാറ്റമൊന്നും എനിക്കുണ്ടായില്ലല്ലോ? എന്നിട്ടും റിച്ചാര്‍ഡ്, സാറിനെന്നെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്തപ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞു.

'സാര്‍, ഞാന്‍ നന്ദന'

'നന്ദന നമുക്ക് എങ്ങനെ ആയിരുന്നു പരിചയം?'

നന്ദന ടീച്ചറുടെ ഹൃദയത്തിനേറ്റ കനത്ത ആഘാതമായിരുന്നു ആ ചോദ്യം.

'ഈയിടെയായി എനിക്ക് നല്ല മറവിയുണ്ട്. കഴിഞ്ഞതൊന്നും ഓര്‍ക്കാന്‍ പറ്റുന്നില്ല.' അവരുടെ മങ്ങിയ മുഖം നോക്കി അദ്ദേഹം പറഞ്ഞപ്പോള്‍ സോറി സര്‍ എനിക്ക് ആളെ തെറ്റിയതാണെന്ന് പറഞ്ഞ് നന്ദന ടീച്ചര്‍ തിരിച്ചു നടന്നു. നന്ദന ടീച്ചറുടെ മനസ്സിലേക്ക് ഓര്‍മ്മകള്‍ ഒരു ഘോഷയാത്രയായ് വന്നെത്തി.

എപ്പോഴാണ് ഞാന്‍ സാറിനെ ആദ്യമായി കണ്ടത്? സെന്റ് ആല്‍ബര്‍ട്ട് പബ്ലിക് സ്‌കൂളിലെ കലോത്സവ വേദിയില്‍ വച്ചോ? അതെ അവിടെ വച്ചു തന്നെ. പിന്നെ എപ്പോഴാണ് നാം വീണ്ടും കണ്ടത്? മംഗലാപുരത്തേക്കുള്ള ട്രെയിന്‍ യാത്രയില്‍ വച്ചോ? അതെ അവിടെ വച്ചു തന്നെ ആയിരുന്നു. ആ യാത്ര ആയിരുന്നില്ലേ നമ്മുടെ സൗഹൃദത്തിന് തുടക്കം കുറിച്ചത്. ട്രെയിനില്‍ നിന്ന് ഇറങ്ങി യാത്ര പറയുമ്പോള്‍ താങ്കള്‍ ഒരു വിസിറ്റിങ്ങ് കാര്‍ഡ് എന്നെ ഏല്‍പ്പിച്ചിരുന്നില്ലേ? പിന്നെ എപ്പോഴാണ് നാം കണ്ടത്? മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ ലിറ്റില്‍ റോസസ് പബ്ലിക്ക് സകൂളില്‍ വച്ചോ? ആ സ്‌കൂളില്‍ ജോലി ചെയ്യുമ്പോള്‍ നല്ല ഹോസ്റ്റല്‍ സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടിയപ്പോള്‍ ഞാന്‍ സാറിന്റെ സഹായം തേടിയിരുന്നില്ലേ?

മലപ്പുറം ജില്ലയില്‍ ജോലി ചെയ്യുന്ന മലപ്പുറംകാരനായ താങ്കള്‍ പുതിയ ഹോസ്റ്റല്‍ സൗകര്യമുള്ള സ്‌കൂള്‍ കണ്ടെത്താനും ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കാനും എന്റെ കൂടെ വന്നിരുന്നില്ലേ? ആ യാത്രകളായിരുന്നില്ലേ നമ്മുടെ ഹൃദയങ്ങളെ തമ്മില്‍ അടുപ്പിച്ചത്. പുതിയ സ്‌കൂളില്‍ ജോയിന്‍ ചെയ്ത ശേഷം താങ്കള്‍ എന്നോട് യാത്ര പറഞ്ഞ് പിരിയുമ്പോള്‍ നമ്മുടെ കണ്ണുകള്‍ പരസ്പരം മൊഴിഞ്ഞ പ്രണയാക്ഷരങ്ങള്‍ നാം പോലുമറിയാതെ നമ്മുടെ ഹൃദയത്തിലേക്ക് വേരാഴ്ന്നിരുന്നില്ലേ?

പ്രണയം പരസ്പരം മനസ്സിലാക്കിയിട്ടും മനസ്സിലാക്കാതെ പോലെ നാം നടിച്ചത്, മതങ്ങള്‍ മനുഷ്യമനസുകള്‍ക്ക് മീതേ അതിര്‍ വരമ്പുകളിട്ടപ്പോള്‍ കടമകളുടെയും കടപ്പാടുകളുടെയും ബന്ധങ്ങളുടെയും പാശങ്ങളാല്‍ ബന്ധിതമായതു കൊണ്ട് നമുക്ക് ഒരിക്കലും ഒന്നാകാന്‍ കഴിയില്ലെന്ന ബോധ്യം ഉള്ളതു കൊണ്ടോ? പക്ഷേ, അമ്പിളി മാമനെ കയ്യില്‍ കിട്ടാന്‍ വാശി പിടിക്കുന്ന കുഞ്ഞിനെ പോലെ ആയിരുന്നില്ലേ നമ്മള്‍!

പ്രതീക്ഷകളുടെ ഓരോ വാതിലുകളും അടഞ്ഞു കൊണ്ടിരുന്നപ്പോള്‍ പ്രത്യാശകളുടെ പൊന്‍തിരികളെല്ലാം ഒന്നൊന്നായി അണഞ്ഞു പോയപ്പോള്‍ ഒഴുക്കിനൊപ്പം നീന്താന്‍ ജീവിതത്തെ പരിശീലിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ എപ്പോഴാണ് സ്വപ്നങ്ങളും യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള അന്തരം തിരിച്ചറിഞ്ഞത്? എപ്പോഴാണ് യാഥാര്‍ഥ്യബോധത്തോടെ ജീവിതത്തെ സ്‌നേഹിക്കാന്‍ തുടങ്ങിയത്?

ജീവിതത്തെ സ്‌നേഹിക്കാനുള്ള പരീക്ഷണങ്ങളില്‍ പലപ്പോഴും പരാജയപ്പെട്ട മനുഷ്യന്റെ ആത്മാവായിരുന്നോ എന്നിലും നിന്നിലും കുടിയേറിയിരുന്നത്?

പരസ്പരം തീര്‍ത്ത അകലങ്ങളില്‍ നാം നമ്മുടേതായ രണ്ട് ലോകങ്ങള്‍ പടുത്തുയര്‍ത്തിയപ്പോള്‍ ജീവിക്കാനുള്ള തന്ത്രപ്പാടില്‍ ഓര്‍ക്കാനിഷ്ടപ്പെടുന്ന മുഖത്തെ നാം ഇരുവരും മറന്നിരുണോ? അല്ലെങ്കില്‍ നാം അങ്ങനെ സ്വയം നടിച്ചതോ?

സാര്‍ ഇല്ലാത്ത ലോകം എന്നെ സംബന്ധിച്ചിടത്തോളം ഒരു ഏകാന്തവാസം തന്നെയായിരുന്നു. സാറും അത്ര മാത്രം എന്നെ സ്‌നേഹിച്ചിരുന്നില്ലേ? നാം രണ്ടു പേരും രണ്ടു കുടുംബങ്ങളായി ജീവിക്കുന്നതിനിടയില്‍ എപ്പോഴാണ് നാം തമ്മില്‍ കണ്ടത്? ഹര്‍ഷ ടീച്ചറുടെ ഗൃഹപ്രവേശനവേളയില്‍ അല്ലായിരുന്നോ? അതെ. വീണ്ടും ആ സൗഹൃദം പൂക്കാന്‍ നാം ആഗ്രഹിച്ചിരുന്നോ? അരുതുകള്‍ എന്ന അതിരിന് അപ്പുറത്തും ഇപ്പുറത്തുമുള്ള തേങ്ങല്‍ താങ്കളും ഞാനും അനുഭവിച്ചിരുന്നോ? അന്ന് താങ്കള്‍ പറഞ്ഞില്ലേ? അലക്‌സാണ്ടര്‍ പുഷ്‌കിന്റെ കടം കൊണ്ട വാക്കുകള്‍- 'ഒരിക്കല്‍ ഞാന്‍ നിന്നെ സ്‌നേഹിച്ചിരുന്നു. അതിന്റെ കനലിനിയുമണഞ്ഞിട്ടില്ലെന്നും വരാം. അതുകൊണ്ട് നിന്റെ ഹൃദയമെരിയരുത്. ഇനി നിനക്ക് ഞാനൊരു നൊമ്പരമാവുകയുമരുത്.'


അതായിരുന്നു നമ്മുടെ ഒടുവിലത്തെ കൂടിക്കാഴ്ച. ഇന്നേക്ക് പതിനെട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. നന്ദന ടീച്ചര്‍ കര്‍ച്ചീഫ് എടുത്ത് കണ്ണുകള്‍ തുടയ്ക്കുമ്പോള്‍ റിച്ചാര്‍ഡ് സര്‍ എന്തൊക്കെയോ ഓര്‍ത്തെടുത്ത മുഖഭാവത്തോടെ അരികിലെത്തി.

'നന്ദു.... നീ ആയിരുന്നോ ഇത്?'

'ഒരുപാടു കാലം നിന്നെ ഞാന്‍ മനസ്സില്‍ ചുമന്നു. റോസിയോട് ചേര്‍ന്ന് കിടക്കുമ്പോഴും മനസ്സ് നിനക്കൊപ്പം സഞ്ചരിച്ചു. റോസിയെ സ്‌നേഹിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. അവള്‍ നഷ്ടപ്പെട്ടപ്പോഴാണ് ആ കുറ്റബോധം എന്നില്‍ നീറുന്നത്?' എന്തും നഷ്ടപ്പെട്ടു കഴിയുമ്പോഴേ അതിന്റെ മൂല്യം എത്രയെന്ന് മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ.

'നന്ദു... നിന്റെ കാര്യം? നിനക്ക് സുഖം തന്നെ അല്ലേ?'

'അതെ.(സുഖമോ എന്നു ചോദിച്ചാല്‍ സുഖമല്ലെന്നു പറയുന്ന ആരെങ്കിലും ഉണ്ടോ?') അങ്ങേര് മരിച്ചിട്ടിപ്പോള്‍ അഞ്ച് വര്‍ഷമായി. എനിക്ക് ഒരു മോള്‍ ആണ്. അവള്‍ വിവാഹിതയായി ഭര്‍ത്താവിനൊപ്പം അമേരിക്കയിലാണ്.'

'അപ്പോള്‍ നാം ഇരുവരും ഒരേ ജീവിത അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. എനിക്ക് ഒരു മോനാണ്. അവന്‍ വിവാഹമൊക്കെ കഴിഞ്ഞ് കുടുംബ സമേതം ദുബായിലാണ്. മൂന്നു വര്‍ഷം കൂടുമ്പോള്‍ ഒരിക്കല്‍ ഒരു മാസത്തെ അവധിക്ക് വരും. ഈ ഏകാന്തതയുടെ വിരസതയില്‍, സമ്മര്‍ദ്ദത്തില്‍ ഞാനെന്റെ ഇന്നലെകള്‍ മറന്നു പോയിരുന്നു.'

അല്‍പം നിര്‍ത്തി ശബ്ദം ഇടറിക്കൊണ്ടദ്ദേഹം തുടര്‍ന്നു.

'എന്റെ ഏകാന്തതയില്‍ എനിക്ക് താലോലിക്കാന്‍ കുറേ ഓര്‍മ്മകളെങ്കിലും സമ്മാനിക്കാന്‍ ഈ കണ്ടുമുട്ടലിന് കഴിഞ്ഞുവല്ലോ?'

'വാര്‍ദ്ധക്യം എന്നെ വല്ലാതെ ശ്വാസം മുട്ടിക്കുന്നു. നിന്നെയോ? ഏകാന്തതയുടെ ഈ തടവറയില്‍ നിന്നും ഒരു മോചനം പ്രതീക്ഷിക്കാറുണ്ടോ നീ?'

അവര്‍ പരസ്പരം കണ്ണില്‍ കണ്ണില്‍ നോക്കി.




TAGS :