Quantcast
MediaOne Logo

ഹറാംപിറപ്പുകളുടെ ഭൂപടം

എലിഫ് ഷഫാക്കിന്റെ 'ഇസ്താംബൂളിലെ ഹറാംപിറപ്പുകള്‍' നോവല്‍ വായന

എലിഫ് ഷഫാക്കിന്റെ ഇസ്താംബൂളിലെ ഹറാംപിറപ്പുകള്‍
X

''ഇസ്താംബൂള്‍ പത്തുമില്യന്‍ ജനങ്ങളെകൊണ്ട് മിശ്രണം ചെയ്ത ഒരു കൂട്ടമാണ്. പത്തുമില്യന്‍ ചിതറിയ കഥകളുടെ തുറന്ന പുസ്തകം'' എലിഫ് ഷഫാക്കിന്റെ ഇസ്താംബൂളിലെ ഹറാംപിറപ്പുകള്‍ എന്ന നോവലിലെ ഏറ്റവും രാഷ്ട്രീയ കലുഷിതമായ ചിത്രീകരണം അടങ്ങിയ മാതള നാരങ്ങാ അല്ലികള്‍ എന്ന അധ്യായത്തില്‍ നിന്നുള്ളതാണ് ഈ വരികള്‍. പ്രശസ്ത തുര്‍ക്കി ഇംഗ്ലീഷ് എഴുത്തുകാരിയായ എലിഫ് ഷഫാക്കിന്റെ The Bastard of Isthanbul എന്ന ഇംഗ്ലീഷ് നോവലിന്റെ പരിഭാഷയാണ് 'ഇസ്താംബൂളിലെ ഹറാംപിറപ്പുകള്‍'. മലയാളത്തിലേക്ക് ഡി.സി ബുക്‌സിന് വേണ്ടി ഇത് വിവര്‍ത്തനം ചെയ്തത് ഇന്ദു രമ വാസുദേവനാണ്. തുര്‍ക്കിയിലെ കുപ്രസിദ്ധ അര്‍മേനിയന്‍ വംശഹത്യയുടെ ചരിത്രം നോവലില്‍ എഴുത്തുകാരി ഓര്‍മിച്ചെടുക്കുന്നു. തുര്‍ക്കി മുസ്‌ലിംകളായ കസാന്‍ജി വംശത്തിന്റെയും അര്‍മേനിയന്‍കാരായ ചഖ്മഖ്ചിന്‍ വംശത്തിന്റെയും ഉയിര്‍പ്പിന്റെയും അധഃപതനത്തിന്റെയും സംഭവപരമ്പരകളുടെ വംശാവലിചരിതമാണ് നോവലില്‍ വര്‍ണിക്കുന്നത്. മനുഷ്യര്‍ നടത്തുന്ന ജീവിത സമരത്തിന്റെ പൊളിറ്റിക്കല്‍ ബയോഗ്രഫിയാണ് ഈ നോവല്‍.

തുര്‍ക്കിയുടെ ഏറ്റവും വിശിഷ്ടഭോജ്യമായ അഷൂറെയുടെ രുചികൂട്ടുകളാണ് നോവലിലെ ഓരോ അധ്യായത്തിന്റെയും തലക്കെട്ട്. ചരിത്രം നോവലില്‍ ഉമിനീര്‍ നുണഞ്ഞു തീര്‍ത്ത ഒന്ന് കൂടിയായി തീരുന്നു. കൊതിയോടെ വായിച്ചു തീരുമ്പോള്‍ വായില്‍ ഒന്നിന്റേതുമെന്നു തീര്‍പ്പ് പറയാന്‍ വയ്യാത്ത കലര്‍പ്പിന്റെ രുചി ശേഷിക്കുന്നു. തന്റെ വേരുകള്‍ തേടി ഇസ്താംബൂളിലെത്തുന്ന അര്‍മനുഷ് എന്ന പെണ്‍കുട്ടി, വേരുകള്‍ മുറിച്ചെറിയാന്‍ കൊതിക്കുന്ന ആസ്യ, ഉടഞ്ഞുപോയ ജീവിതത്തിലും ഉടയാത്ത ഒരു ചില്ലുപാത്രം പോലെ സലിഹ, മായാജാലം കൊണ്ട് ദുഃഖങ്ങള്‍ക്ക് മഷി നോക്കുന്ന ബാനു, വിധികള്‍ക്കും തീര്‍പ്പിനും ഇടയില്‍ ഉരുകി ജീവിക്കുന്ന മുസ്തഫ ഇങ്ങനെ തുര്‍ക്കി മധുരമായ അഷൂറെ മട്ടില്‍ പല സ്വഭാവക്കാരായ, പല അഭിമതക്കാരായ മനുഷ്യര്‍ ഒന്നിച്ചു കഴിയുന്ന ഒരു കടലിടുക്കാണ് ഈ നോവല്‍. ബോസ്ഫറസ് പോലെ യൂറോപ്പിനും ഏഷ്യക്കും ഇടയില്‍ ഒരു താവളം. ഒട്ടും ഭദ്രതയില്ലാത്ത ചില ലോകങ്ങളാണ് നോവലില്‍ ഇരുകരയിലും നിലകൊള്ളുന്നത്. ചരിത്രം ഇവിടെ ജീവിച്ചു തീര്‍ത്തയാഥാര്‍ഥ്യമാണ്. ജീവിതം രണ്ട് കരകള്‍ക്കിടയില്‍ ജലം പോലെ ഒഴുകുന്നു. ഈ നങ്കൂരമില്ലായ്മയാണ് നോവലിന്റെ രാഷ്ട്രീയം നിര്‍ണ്ണയിക്കുന്നത്. ഓര്‍മ/മറവി, കുറ്റം/ശിക്ഷ, നാടു കടത്തല്‍/നാട്ടില്‍ തുടരല്‍, അക്കാദമിക് ലോകം/സാമാന്യജനതയുടെ ലോകം, വിശ്വാസം/അവിശ്വാസം, ന്യൂനപക്ഷം/ഭൂരിപക്ഷം തുടങ്ങി വൈരുധ്യങ്ങളുടെ ഇടയില്‍ ഒരു പാലം പോലെ വാക്ക് കൊണ്ട് എഴുത്തുകാരി ചരിത്രം കൊത്തുന്നു.

ചിതറുന്ന മാതളഅല്ലികള്‍ പോലെ, പല രുചികള്‍ ചേര്‍ന്ന അഷൂറെ പോലെ, പല സ്വഭാവക്കാര്‍ കലപില കൂടി കുടിപാര്‍ക്കുന്ന ഒരു ഭ്രാന്തന്‍ വീടാണ് രാഷ്ട്രം എന്ന് ഈ എഴുത്തുകാരി പറയുന്നു. മനുഷ്യവംശാവലിയുടെ തന്നെ പിറപ്പിന്റെയും പൊറുപ്പിന്റെയും ഗാഥയാണ് ഈ നോവല്‍. ഏകശിലാത്മകചര്‍ച്ചകള്‍ പെരുകുന്ന സമകാലീന ഇന്ത്യന്‍ ദേശീയതാചര്‍ച്ചകളുടെ സന്ദര്‍ഭത്തില്‍ കലര്‍പ്പുകളുടെ ഈ കുടിയിരിപ്പ് ഏറെ പ്രസക്തമാകുന്നു.

ഭരണകൂടം ഒരു പിതാവാണ് എന്ന് നോവല്‍ വിളിച്ചു പറയുന്നു. പിതാവില്ലാത്ത ലോകത്തെ പൗരസമൂഹത്തിന്റെ അസ്തിത്വം നാം എങ്ങനെ നിര്‍ണ്ണയിക്കും? കുടിയിറക്കപ്പെട്ട, പൊതുമധ്യത്തില്‍ തുണി ഉരിയപ്പെട്ട, പട്ടിണി കിടന്നു ചത്ത, പ്രാണനും കൊണ്ട് മറുതീരം തേടി പോയ, ദേശീയതയുടെ പട്ടികകളില്‍ പുറത്തായ മനുഷ്യര്‍ ചോദിക്കുന്നു. നടന്നിട്ടും നടന്നിട്ടും നാടെത്താത്ത മനുഷ്യര്‍, അവരുടെ ഉള്ളില്‍ തിളയ്ക്കുന്ന ഓര്‍മയാണ് ഇവിടെ രാഷ്ട്രം. നോഹ കൂട്ടിപ്പിടിച്ചത് പോലെ എല്ലാ സ്പിഷീസുകളും ജീവന് വേണ്ടി അള്ളിപ്പിടിക്കുന്ന ഒരു പെട്ടകത്തെ എഴുത്തുകാരി ദേശമായി വരയുന്നു. ഭരണാധികാരികളുടെ രാഷ്ട്രീയ ശരികള്‍ കൊണ്ട് മാത്രം ഒരു രാജ്യ ഭൂപടത്തിന്റെ അതിരുകള്‍ വരച്ചിടാനാവില്ല. രാജ്യമെന്ന ഉറച്ച വാസ്തുശരീരത്തിനകത്തു വിള്ളല്‍ വീഴ്ത്താന്‍ തക്കവണ്ണം വ്യക്തികളുടെ, ജനസമൂഹത്തിന്റെ ആശയാഭിലാഷങ്ങളും അഭിരുചികളും ചിന്തകളും കാലാനുസൃതമായി മാറുന്നുണ്ട്. ഇത്തരമൊരു പ്രതിഫലനമാണ് ഓരോ രാഷ്ട്രത്തിന്റെയും അതിര്‍ത്തികള്‍ നിര്‍ണയിക്കുന്നത്. ഇങ്ങനെ അനേകം ഹറാംപിറപ്പു ക്രിയകളില്‍ നോവല്‍ നിര്‍ണയിക്കുന്ന സ്ഥലരാഷ്ട്രീവും മറ്റൊന്നല്ല.


'എന്തുകൊണ്ട് ഇംഗ്ലീഷില്‍ എഴുതുന്നു' എന്ന ചോദ്യത്തിന് സ്വന്തം ഭാഷയായ തുര്‍ക്കിയുടെ ആത്മകഥാംശം വിച്ഛേദിച്ചുകൊണ്ട് മറുഭാഷയായ ഇംഗ്ലീഷിന്റെ നോട്ടങ്ങളില്‍ വസ്തുയാഥാര്‍ഥ്യത്തെ ലോകത്തിനുമുന്നില്‍ തുറന്നുകാട്ടാനാകുമെന്ന് എലിഫ് മറുപടി നല്‍കുന്നുണ്ട്. വിവര്‍ത്തനത്തില്‍ ചോര്‍ന്നു പോകാന്‍ സാധ്യതയുള്ള എലിഫിന്റെ ആന്തരിക രാഷ്ട്രീയത്തെ തീവ്രത ഒട്ടും നഷ്ടപ്പെടുത്താതെ മലയാള ഭാഷയിലേക്കും സംസ്‌കാരത്തിലേക്കും വിടര്‍ത്തിവയ്ക്കാന്‍ വിവര്‍ത്തകയ്ക്ക് കഴിഞ്ഞിട്ടുണ്ട്.


കഥാപാത്രങ്ങളുടെ ജീവിതങ്ങളിലൂടെ ദേശീയതയെ സംബന്ധിച്ച ചില സൂക്ഷ്മ സംവാദങ്ങള്‍ എഴുത്തുകാരി തുറന്ന് വയ്ക്കുന്നു. പലായനം ചെയ്യേണ്ടിവന്ന അര്‍മേനിയക്കാരുടെ സാംസ്‌കാരികമായ വിട്ടുവീഴ്ച്ചകളുടെയും നിലനില്‍പിന്റെയും ചരിത്രം കൂടിയാണ് നോവലില്‍ തുര്‍ക്കിയുടെ ഭൂപടം. ഇങ്ങനെ വന്നവരുടെയും നിന്നവരുടെയും അതിജീവനത്തിന്റെ തുറമുഖമായി നോവല്‍ പരിണമിക്കുന്നു. ചിതറുന്ന മാതളഅല്ലികള്‍ പോലെ, പല രുചികള്‍ ചേര്‍ന്ന അഷൂറെ പോലെ, പല സ്വഭാവക്കാര്‍ കലപില കൂടി കുടിപാര്‍ക്കുന്ന ഒരു ഭ്രാന്തന്‍ വീടാണ് രാഷ്ട്രം എന്ന് ഈ എഴുത്തുകാരി പറയുന്നു. മനുഷ്യവംശാവലിയുടെ തന്നെ പിറപ്പിന്റെയും പൊറുപ്പിന്റെയും ഗാഥയാണ് ഈ നോവല്‍. ഏകശിലാത്മകചര്‍ച്ചകള്‍ പെരുകുന്ന സമകാലീന ഇന്ത്യന്‍ ദേശീയതാചര്‍ച്ചകളുടെ സന്ദര്‍ഭത്തില്‍ കലര്‍പ്പുകളുടെ ഈ കുടിയിരിപ്പ് ഏറെ പ്രസക്തമാകുന്നു.

(കാലടി സംസ്‌കൃത സര്‍വ്വകലാശാല ഗവേഷകനാണ് ലേഖകന്‍)


TAGS :