Quantcast
MediaOne Logo

നജീബ് മൂടാടി

Published: 12 Dec 2022 9:19 AM GMT

ചന്തയില്‍ ചൂടിവില്‍ക്കുന്ന ജാനകിയും ഖാദര്‍ക്കയുടെ പെണ്ണുങ്ങളും

സിനിമയും സാഹിത്യവും പറയാന്‍ മടിക്കുന്ന വിഷയങ്ങളെ കാലങ്ങള്‍ക്ക് മുമ്പേ ദീര്‍ഘദൃഷ്ടിയോടെ ആവിഷ്‌കരിച്ച എഴുത്തുകാരന്റെ, യു.എ ഖാദര്‍ എന്ന മഹാനായ കഥാകാരന്റെ രണ്ടാം ചരമവാര്‍ഷിക ദിനമാണ് ഇന്ന്. മരണമില്ലാത്ത ഉജ്ജ്വല കഥാപാത്രങ്ങളിലൂടെയാണല്ലോ എഴുത്തിലെ ആ മഹാഗുരുവിനെ ഓര്‍മിക്കേണ്ടത്.

ചന്തയില്‍ ചൂടിവില്‍ക്കുന്ന ജാനകിയും ഖാദര്‍ക്കയുടെ പെണ്ണുങ്ങളും
X

പുതിയ കാലത്തെ നമ്മുടെ കഥകളിലും സിനിമകളിലുമൊക്കെ പുരുഷന്റെ extramarital affair ഉം പെണ്ണിനെ വളക്കാനുള്ള സാമര്‍ഥ്യവുമൊക്കെ ഹീറോയിസത്തോടെ ആവിഷ്‌കരിക്കുമ്പോഴും പെണ്ണിന്റെ കാര്യത്തില്‍ അങ്ങനെ ഒരു സൗമനസ്യം കാണിക്കുന്നത് അപൂര്‍വമാണ്. ഇനി ഉണ്ടെങ്കില്‍ തന്നെ ഭര്‍ത്താവുണ്ടായിട്ടും പല പുരുഷന്മാരുമായും ബന്ധമുള്ള സ്ത്രീ മോശക്കാരിയും അഴിഞ്ഞാടുന്നവളുമായിരിക്കും. അതല്ലെങ്കില്‍ ഒട്ടും സ്‌നേഹവും പ്രണയവും ഇല്ലാത്ത ക്രൂരനും സ്വാര്‍ഥനുമായ ഭര്‍ത്താവിനോടുള്ള പക തീര്‍ക്കാന്‍ മറ്റു പുരുഷനെ തേടുന്നവളാവണം. ഭര്‍ത്താവ് ദുഷ്ടനാണെങ്കിലും മറ്റൊരു പുരുഷനെ തേടിപ്പോയ അവള്‍ ഒടുവില്‍ ചതിക്കപ്പെടുന്നത് ന്യായം മാത്രം!.

ഇക്കാലത്ത് പോലും ഇങ്ങനെയുള്ള വിഷയങ്ങളില്‍ നമ്മുടെ എഴുത്തുകാരുടെ പാത്രസൃഷ്ടി ഇവ്വിധമാണെങ്കില്‍ പത്തു നാല്‍പതു കൊല്ലം മുമ്പുള്ള നമ്മുടെ സാഹിത്യവും സിനിമയും extramarital affair ഉം ഉടല്‍ കാട്ടി മോഹിപ്പിച്ച് ആണുങ്ങളെ വളച്ചെടുക്കുന്ന സ്വഭാവമൊക്കെ കൊണ്ടു നടക്കുന്ന ഒരു പെണ്ണിനെ നായികാ കഥാപാത്രമായി ചിന്തിക്കുമോ?

രാത്രിയില്‍ നല്ല പുഴമീന്‍ കൂട്ടി ചോറു കഴിച്ചാലുള്ള സന്തോഷത്തില്‍ പാതിരാവോളം സിനിമാപ്പാട്ടു പാടുന്ന, കുടിയോ മറ്റ് ദുഃശീലങ്ങളോ ഇല്ലാത്ത കഠിനാധ്വാനിയായ തന്റെ തിയ്യന്‍ കാണാരനോട് ജാനകിക്ക് യാതൊരു സ്‌നേഹക്കുറവും ഇല്ല എന്നു മാത്രമല്ല അയാളും കുട്ടിയും ചേര്‍ന്ന ആ വീട്ടിലെ ജീവിതം ഏറ്റവും സന്തോഷകരമാണ് താനും. സംതൃപ്തമായ ദാമ്പത്യം.

എന്നാല്‍, നാല്‍പതു വര്‍ഷം മുമ്പ് മലയാളസാഹിത്യത്തിന് അങ്ങനെ ഒരു തന്റേടിയായ പെണ്ണിനെ ലഭിച്ചിട്ടുണ്ട്. നമ്മുടെ നായികാ സങ്കല്‍പത്തിന്റെയും സദാചാര സങ്കല്‍പത്തിന്റെയും സ്ത്രീ സങ്കല്‍പത്തിന്റെയും കള്ളികളില്‍ ഒതുങ്ങാത്ത പെണ്ണ്. വടകരച്ചന്തയില്‍ കൊയിലാണ്ടിച്ചൂടി വില്‍ക്കാന്‍ ചെല്ലുന്ന സുന്ദരി. പൂഴിത്തേരി കുന്നുമ്മല്‍ കാണാരന്റെ കെട്ട്യോള്‍ ജാനകി. യു.എ ഖാദറിന്റെ പ്രശസ്തമായ നോവലൈറ്റ് 'ചന്തയില്‍ ചൂടി വില്‍ക്കുന്ന പെണ്ണി'ലെ നായിക.


അക്കാലത്തെയും ഇക്കാലത്തെ പോലും പതിവ് നായികാസങ്കല്‍പങ്ങളില്‍ നിന്നും വ്യത്യസ്തവും ശക്തവുമാണ് ഈ കഥാപാത്രം. നോവലൈറ്റിന്റെ തുടക്കത്തില്‍ തന്നെ വടകരച്ചന്തയില്‍ ചൂടി വില്‍ക്കാന്‍ പോകുന്ന ഭര്‍തൃമതിയായ ജാനകി അവിടെ ആടിനെ വില്‍ക്കാനെത്തുന്ന ഒഞ്ചിയത്തുകാരന്‍ കോയക്കുട്ടി എന്ന ചെറുപ്പക്കാരനുമായി കളിച്ചും ചിരിച്ചും നടക്കുന്നതാണ് വര്‍ണിക്കുന്നത്. അവനെ കാണാനും മിണ്ടാനും ആഴ്ചയില്‍ ഒരു ദിവസം മാത്രമുള്ള ചന്തദിവസത്തിന് വേണ്ടി ആറു ദിവസം ഉന്തിനീക്കുന്ന കാമുകിയായി ജാനകി. രാത്രിയില്‍ നല്ല പുഴമീന്‍ കൂട്ടി ചോറു കഴിച്ചാലുള്ള സന്തോഷത്തില്‍ പാതിരാവോളം സിനിമാപ്പാട്ടു പാടുന്ന, കുടിയോ മറ്റ് ദുഃശീലങ്ങളോ ഇല്ലാത്ത കഠിനാധ്വാനിയായ തന്റെ തിയ്യന്‍ കാണാരനോട് ജാനകിക്ക് യാതൊരു സ്‌നേഹക്കുറവും ഇല്ല എന്നു മാത്രമല്ല അയാളും കുട്ടിയും ചേര്‍ന്ന ആ വീട്ടിലെ ജീവിതം ഏറ്റവും സന്തോഷകരമാണ് താനും. സംതൃപ്തമായ ദാമ്പത്യം.

ചൂടി പിരിക്കാനുള്ള ചകിരി നല്‍കുന്ന കുട്ടപ്പനെ തന്റെ ഉടലു കൊണ്ട് മോഹിപ്പിച്ചാണ് ജാനകി സാമര്‍ഥ്യത്തോടെ കൂടുതല്‍ ചകിരി കയ്യിലാക്കുന്നത്. കുട്ടപ്പനെ പ്രലോഭിപ്പിക്കുന്നതിന്റെ പേരില്‍ മറ്റു പെണ്ണുങ്ങള്‍ അടക്കം പറഞ്ഞാലും ജാനകി കൂസലു കാണിക്കുന്നില്ല. എന്നാല്‍, ഇതേ ജാനകി തന്നെയാണ് ചന്തയില്‍ വെച്ച് തന്നോട് ശൃംഗരിക്കാന്‍ വന്ന ഇരിങ്ങല്‍ അധികാരി പൈതല്‍നായരുടെ കരണക്കുറ്റിക്ക് അടിക്കുന്നതും. അതു മാത്രമല്ല അധികാരി കൈയില്‍ കയറി പിടിച്ചപ്പോഴും തന്നെ സഹായിക്കാന്‍ വരാതെ അകലെ നിന്ന, അധികാരി പോയ ശേഷം അധികാരിയുടെ കൂടെ കിടക്കാന്‍ സമ്മതിക്കാഞ്ഞത് വിഡ്ഢിത്തമായി എന്ന് പറഞ്ഞ, ആ നിമിഷം വരെ അവളുടെ കാമുകനായിരുന്ന കോയക്കുട്ടിയെ അറപ്പോടെ ആട്ടുകയാണ്.

ചന്തയിലെ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ചു ചൂടി വില്‍ക്കുന്ന പെണ്ണിന്റെ തല്ല് കിട്ടിയ അധികാരി പ്രതികാരം ചെയ്യുന്നത് ജാനകിയുടെ ഭര്‍ത്താവ് കാണാരനെ തല്ലിക്കൊന്നാണ്. കണ്ണകിയെ പോലെ സര്‍വം ചുട്ടെരിക്കാനുള്ള പ്രതികരദാഹം ഉള്ളില്‍ അമര്‍ത്തിവെച്ച് ബുദ്ധിപൂര്‍വമാണ് ജാനകി കരുക്കള്‍ നീക്കുന്നത്. സത്യം വിളിച്ചു പറഞ്ഞ കുട്ടപ്പന്റെ അവസ്ഥ അവള്‍ കാണുന്നുണ്ട്.

നമ്മുടെ സദാചാര കുലസ്ത്രീ സങ്കല്‍പ്പങ്ങള്‍ക്ക് ദഹിക്കുന്നതല്ല പൊതുവേ ഖാദര്‍ക്കയുടെ സ്ത്രീകഥാപാത്രങ്ങള്‍. പെണ്മനസ്സിനെ അത്രക്ക് അടുത്തറിഞ്ഞ ഒരു എഴുത്തുകാരനേ ഇത്രയും ഉജ്ജ്വലമായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കനാവൂ.

കച്ചവടക്കാരന്‍ ആലിമാപ്പിളയെ ചിരിച്ചും പ്രലോഭിപ്പിച്ചും ചകിരി വാങ്ങി പിന്നെയും ചന്തയില്‍ ചൂടി വിക്കാന്‍ പോയാണ് അവള്‍ മകനെ പോറ്റുന്നത്. പണവും അധികാരവും സഹായിക്കാന്‍ ആളുമില്ലാത്ത, അധികാരിയുടെ മുന്നില്‍ എത്രയോ ദുര്‍ബലയായ ജാനകിക്ക് പൈതല്‍ നായരോടുള്ള പക വീട്ടാനുള്ള വഴി തുറക്കുന്നത് അയാളുടെ മകന്‍ രാമന്‍ കുട്ടിയിലൂടെയാണ്. തന്റെ ഉടലിന്റെ വശ്യത കൊണ്ട് കൊതിപ്പിച്ച് അവള്‍ രാമന്‍കുട്ടിയെ തന്നിലേക്ക് അടുപ്പിക്കുകയാണ്.

രാമന്‍ കുട്ടിയെ ഉടല്‍ കാട്ടി മോഹിപ്പിച്ചും ഭ്രമിപ്പിച്ചും തന്റെ കാല്‍ക്കീഴില്‍ ആക്കുകയാണ് ജാനകി. അധികാരി പൈതല്‍നായരുടെ മകന്‍ അച്ഛനെയും അമ്മയെയും വീടും ഉപേക്ഷിച്ചു കൊണ്ട് ജാനകിയുടെ വീട്ടില്‍ വന്നു കഴിയുകയാണ്. തന്റെ കെട്ടിയവനെ തല്ലിക്കൊന്ന പൈതല്‍ നായരും ഭാര്യയും എല്ലാം തകര്‍ന്ന് തന്റെ മുന്നില്‍ കരഞ്ഞു കൊണ്ട് മകനെ തിരികെ ചോദിക്കുമ്പോഴും അവളുടെ പ്രതികാരദാഹം അടങ്ങുന്നില്ല. തന്നെ ചുട്ടുകൊല്ലാന്‍ വീടിനു കൊളുത്തിയ തീയില്‍ രാമന്‍കുട്ടി വെന്തു മരിച്ച ശേഷമാണ്, അധികാരിയെ അതിലൂടെ പറ്റെ തകര്‍ത്ത ശേഷമാണ് അവള്‍ കാണാരന്റെ നാട്ടില്‍ നിന്നും മകനുമായി പോവുന്നത്.

കുട്ടപ്പനെയും ആലിമാപ്പിളയെയും പ്രലോഭിപ്പിച്ചു നിര്‍ത്തി തനിക്ക് വേണ്ട ചകിരി കൈക്കലാക്കുന്ന സാമര്‍ഥ്യക്കാരിയായ ജാനകി, അധികാരിയുടെ ഇഷ്ടത്തിന് നിന്നാല്‍ ലഭിക്കുന്ന നേട്ടങ്ങളെ കുറിച്ച് തന്റെ കാമുകന്‍ തന്നെ പ്രോത്സാഹിപ്പിച്ചിട്ടും അറപ്പോടെ അവഗണിക്കുകയാണ്. കുട്ടപ്പനും ആലിമാപ്പിളയും അവളുടെ സൗന്ദര്യത്തില്‍ ഭ്രമിച്ചു വിധേയപ്പെട്ടു പോവുകയാണെങ്കില്‍ പൈതല്‍നായര്‍ അധികാരത്തിന്റെ മുഷ്‌ക്കോടെയാണ് അവളെ സമീപിക്കുന്നത്. അവളുടെ ആത്മാഭിമാനത്തിനു മേലാണ് അയാളുടെ അധികാരത്തിന്റെ ഹുങ്ക് കാണിച്ചു കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നത്. അവളെ ഒരു വ്യക്തിയായല്ല ലൈംഗിക ഉപകരണമായി ആയാണ് അയാള്‍ കാണുന്നത്.

കോയക്കുട്ടിയുടെ തമാശകളും ഇക്കിളി വര്‍ത്തമാനങ്ങളുമാണ് അവളെ അവനിലേക്ക് അടുപ്പിക്കുന്നത്. മാത്രമല്ല ചന്തയില്‍ ആരെങ്കിലും അവളെ ചുറ്റിപ്പറ്റി നില്‍ക്കുകയോ മോശമായി ഇടപെടുകയോ ചെയ്യുമ്പോള്‍ കരുതലായി അവന്‍ ഉണ്ടാവാറുണ്ട്. അധികാരി കൈയില്‍ കയറി പിടിച്ചപ്പോള്‍ കോയക്കുട്ടി വന്ന് ഇടപെടും എന്നവള്‍ പ്രതീക്ഷിക്കുന്നുണ്ട്. കാഴ്ചക്കാരനെ പോലെ ദൂരെ മാറി നില്‍ക്കുക മാത്രമല്ല, അധികാരിയുടെ അഭീഷ്ടത്തിന് വഴങ്ങാത്തത് മോശമായിപ്പോയി എന്ന മട്ടില്‍ അവന്‍ ഗുണദോഷിക്കുക കൂടെ ചെയ്യുമ്പോഴാണ് അവള്‍ നിയന്ത്രണം വിട്ടു പോവുന്നത്. പിന്നീട് വീടും കച്ചവടവുമെല്ലാം ഉപേക്ഷിച്ചു അവളുടെ കാല്‍ക്കീഴില്‍ വന്നിട്ടും അവള്‍ക്കൊരിക്കലും പഴയ പോലെ അവനെ കാണാനേ കഴിയുന്നില്ല എന്നു മാത്രമല്ല ഒരു നികൃഷ്ട അടിമയെ പോലെ നിര്‍ത്തുകയാണ്. രാമന്‍കുട്ടിയോട് വീട്ടിലേക്ക് വരാന്‍ ചൊല്ലി അയക്കുന്നത് പോലും കോയക്കുട്ടി വഴിയാണ്! എന്നാല്‍, സത്യം വിളിച്ചു പറയാന്‍ തന്റേടം കാണിച്ച കുട്ടപ്പന്റെ മരണം അവളെ ഉലച്ചുകളയുന്നുണ്ട്.


രാമന്‍കുട്ടിയെ പ്രലോഭിപ്പിച്ച് അടിമയാക്കി നിര്‍ത്തുമ്പോഴും അവന്റെ മോഹങ്ങള്‍ സാധിച്ചു കൊടുക്കുന്നില്ല അവള്‍. അധികാരിയുടെ ചുവരുകളും ചങ്ങലകളും ഭേദിച്ച് ആസക്തിയോടെ അവന്‍ ജാനകിയിലേക്ക് തന്നെ തിരിച്ചുവരുന്നത് പ്രണയത്താലല്ല കാമത്തിന്റെ പ്രലോഭനത്താലാണ്. സകല ചങ്ങലകളെയും തകര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന മോഹം. പണ്ട് കെട്ടിയവനെ തൂക്കാന്‍ ചൂടി വാങ്ങിയ അധികാരി ഒടുവില്‍ മുന്നില്‍ വന്ന് കെഞ്ചുമ്പോള്‍ താന്‍ പിരിക്കുന്ന ചൂടി കൊണ്ട് മകനെ കെട്ടിയിടാന്‍ അവള്‍ അയാളെ പരിഹസിക്കുന്നുണ്ട്. നമ്മുടെ സദാചാര കുലസ്ത്രീ സങ്കല്‍പ്പങ്ങള്‍ക്ക് ദഹിക്കുന്നതല്ല പൊതുവേ ഖാദര്‍ക്കയുടെ സ്ത്രീകഥാപാത്രങ്ങള്‍. പെണ്മനസ്സിനെ അത്രക്ക് അടുത്തറിഞ്ഞ ഒരു എഴുത്തുകാരനേ ഇത്രയും ഉജ്ജ്വലമായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കനാവൂ. ഖാദര്‍ക്കയുടെ രചനകളിലെ ഒരു പെണ്ണും ദുര്‍ബലകള്‍ അല്ല. പണവും അധികാരവും കൊണ്ട് ഹുങ്ക് കാണിക്കുന്നവരെ ഉടലെന്ന ആയുധം കൊണ്ട് വരുതിയിലാക്കാന്‍ കഴിയുന്നവരാണ്. സമൂഹത്തിന്റെ അടക്കം പറച്ചിലുകളെ അവര്‍ കാര്യമാക്കുന്നില്ല.






TAGS :