Quantcast
MediaOne Logo

വീര്‍സാല്‍: നോവല്‍ | അധ്യായം: 02 | ഡോ. മുഹ്‌സിന കെ. ഇസ്മായില്‍

'പല്ലവിയുടെ കുഞ്ഞിന്റെ കാര്യത്തില്‍ താങ്കളെടുത്ത തീരുമാനം തീരെ ശരിയായില്ല. ആഖിഫും അമീറും തെറ്റുകാരല്ല. അവരന്നു രാത്രിയില്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു.'

വീര്‍സാല്‍: നോവല്‍ | അധ്യായം: 02 | ഡോ. മുഹ്‌സിന കെ. ഇസ്മായില്‍
X
Listen to this Article

''ഗുല്‍സാര്‍ജീയേ പുറത്തക്കുക.

ഗുല്‍സാര്‍ജീയെ പാഠം പഠിപ്പിക്കുക.

നീതി നടപ്പാക്കുക.''

പതിവ് പോലെ അതിരാവിലെ എഴുന്നേറ്റു മഹ്‌വാ പൂക്കള്‍ പെറുക്കി കുട്ടകളിലാക്കി ഗ്രാമച്ചന്തയില്‍ വില്‍ക്കുവാനായി മനം കോച്ചുന്ന തണുപ്പിലേക്കു ഞാനിറങ്ങിച്ചെന്നു. പൊടുന്നനെ മുറ്റത്തെ ഖൈര്‍ മരങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്നിരുന്ന ആളുകള്‍ പാഞ്ഞു വന്നു എന്റെ ചുറ്റും കൂട്ടം കൂടി നിന്നു.

കോടമഞ്ഞിനെ വകഞ്ഞു മാറ്റി എന്റെ കണ്ണുകള്‍ അവരില്‍ നിലയുറപ്പിക്കുമ്പോഴേക്കും എനിക്കെതിരായുള്ള ആരോപണങ്ങള്‍ അവിടമാകെ പ്രതിധ്വനിച്ചു. പണ്ടായിരുന്നെങ്കില്‍ ഒറ്റ ഒരുത്തനും എന്റെ നേരെ ഒന്നു വിരലനക്കുവാന്‍ പോലും ധൈര്യപ്പെടില്ലായിരുന്നു. ആയുധമേന്തിയവരെപ്പോലും കൈ ബലം കൊണ്ട് തോല്‍പ്പിക്കുന്ന എന്നെക്കണ്ടാല്‍ ആളുകള്‍ ഓച്ചാനിച്ചു നില്‍ക്കുമായിരുന്നു. അയല്‍ഗ്രാമങ്ങള്‍ ഒത്തുകൂടി സംഘടിപ്പിക്കുന്ന ഗുസ്തി മത്സരങ്ങളിലെന്നെ തോല്‍പ്പിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഈ ഗ്രാമമുഖ്യന്‍ പദവി അങ്ങനെ ചാര്‍ത്തിക്കിട്ടിയതാണ്. പക്ഷേ, ഇപ്പോഴത്തെ സ്ഥിതി അതല്ല. കൈ കാലുകളിലെ ബലം ക്ഷയിച്ചു തുടങ്ങിയിരിക്കുന്നു. വലത്തെ കാലില്‍ നിന്നും ഒരു വിറയല്‍ ശരീരത്തെ മൊത്തം മൂടിക്കളയുന്നു. രണ്ടു വാര നടന്നാല്‍ത്തന്നെ ഒരു വലിവാണ്. ഒന്നിനും പറ്റാത്ത അവസ്ഥ. എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ പകച്ചു നിന്നു. ഗ്രാമത്തിലെ കുറച്ചു പുതിയ പയ്യന്മാരുണ്ട്. ഞാനെന്തായിരുന്നു എന്ന് ഇതുവരെ മനസ്സിലാക്കാത്ത ചോരത്തിളപ്പു ബാധിച്ച കുറച്ചു മസില്‍വാന്മാര്‍. അവരാണ് മുന്നിലെന്നു ശ്രദ്ധിച്ചു നോക്കിയപ്പോള്‍ മനസ്സിലായി. എന്റെ മുഖത്തെ പതര്‍ച്ച ശ്രദ്ധിച്ചിട്ടാണോ എന്നറിയില്ല അവരിലൊരാള്‍ കയര്‍ത്തു സംസാരിക്കാന്‍ തുടങ്ങി.

'' പല്ലവിയുടെ കുഞ്ഞിന്റെ കാര്യത്തില്‍ താങ്കളെടുത്ത തീരുമാനം തീരെ ശരിയായില്ല. ആഖിഫും അമീറും തെറ്റുകാരല്ല. അവരന്നു രാത്രിയില്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു.''

അപ്പോ അതാണ് കാര്യം. ആദ്യത്തെ ഗുസ്തിമത്സരം ജയിച്ചു വരുമ്പോള്‍ പൂമാലയും പല്ലക്കുമേന്തി എന്നെ സ്വീകരിക്കാന്‍ കാത്തു നിന്നിരുന്ന ഗ്രാമവാസികളെ എനിക്കിന്നും ഓര്‍മയുണ്ട്. അന്നാണ് എന്നെ ഗ്രാമത്തലവനാക്കിയതും. പിന്നീട് പല തവണ ഞാനത് ഒഴിയാന്‍ നോക്കിയെങ്കിലും ഗ്രാമവാസികള്‍ സമ്മതിച്ചില്ല. ദമന്‍ജീത് ആണ് പൂര്‍ണ പിന്തുണയുമായി അന്നെല്ലാം മുന്‍പിലുണ്ടായിരുന്നത്. അതിനിടയില്‍ എന്തെല്ലാം സംഭവിച്ചു? വരള്‍ച്ചയും പട്ടിണിയും വന്നു. കാറ്റും കൃഷി നാശവും വന്നു. അന്നെല്ലാം ഗുല്‍സാര്‍ ജീ പറയുന്നതായിരുന്നു എല്ലാവര്‍ക്കും അവസാനത്തെ വാക്ക്. തന്റെ നിര്‍ദേശങ്ങള്‍ക്ക് വേണ്ടി ആളുകള്‍ രാവിലെ വീടിനു പുറത്തു കാത്തു നില്‍ക്കുമായിരുന്നു. വിളവെടുപ്പ് കഴിഞ്ഞാല്‍ അതിലൊരു പങ്കു തനിക്കു വേണ്ടി മാറ്റി വെക്കപ്പെടുമായിരുന്നു. അതെല്ലാം തന്നോടുള്ള ഇഷ്ടം കൊണ്ട് ആളുകള്‍ ഉണ്ടാക്കിയെടുത്ത നാട്ടു നടപ്പുകളായിരുന്നു.

തന്റെ വിധിന്യായങ്ങള്‍ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. ഗ്രാമസഭകള്‍ക്ക് വേണ്ടി ആളുകള്‍ കാത്തിരിക്കുമായിരുന്നു. വിധിയിലെന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അത് അടുത്ത ഗ്രാമസഭയില്‍ പുനര്‍വിചാരണ ചെയ്യപ്പെടുമായിരുന്നു. അതിനായി മാസങ്ങള്‍ വരേ കാത്തിരിക്കാന്‍ ഗ്രാവാസികള്‍ തയ്യാറായിരുന്നു. തന്റെ വാക്‌സാമര്‍ഥ്യവും വിധിനിര്‍ണയിക്കുന്നതിലുള്ള കഴിവും കേട്ടറിഞ്ഞു അടുത്ത ഗ്രാമങ്ങളില്‍ നിന്നു വരെ ആളുകള്‍ കാണാന്‍ വരുമായിരുന്നു. പക്ഷേ, ഈയിടെയായി എന്തോ ഒരു ഭയം എന്നെ പിടി കൂടിയിരിക്കുന്നു. അവ വാചകങ്ങള്‍ക്കിടയില്‍ നീണ്ട ഇടവേളകള്‍ സൃഷ്ടിക്കുന്നു. വാക്കുകളെ അവിടിവിടായി മുറിക്കുന്നു. ആരെങ്കിലും എന്തെങ്കിലും എതിര്‍ത്തു പറഞ്ഞാല്‍പ്പിന്നെ ഒരായിരം തേനീച്ചകള്‍ എന്റെ ചെവിക്കുള്ളില്‍ മൂളിപ്പറക്കും. ഒരുതരം തരിപ്പ് കൈവിരലുകളില്‍ ഇരച്ചു കയറും. കൈകള്‍ ക്രമാധീതമായി വിറക്കും. അയാളെ എന്റെ കണ്‍മുന്നില്‍ നിന്നും ആ സഭയില്‍ നിന്നും ചിലപ്പോള്‍ ഗ്രാമത്തില്‍ നിന്നു വരെ പുറത്താക്കിയെന്നിരിക്കും.

കുറ്റവാളികളെ ഗ്രാമം മുള്‍ക്കൂട്ടിലടക്കും. ഭക്ഷണവും വെള്ളവുമില്ലാതെ ചുറ്റും മുള്ളുകളുള്ള ചെറിയ സ്ഥലത്ത് രക്തം വാരുന്ന മുറിവുകളുമായി വിധിക്കപ്പെട്ട കാലാവധി മുഴുവന്‍ കഴിയണം. തെറ്റിന്റെ തീവ്രതയനുസരിച്ചു കാലാവധിക്ക് വ്യത്യാസമുണ്ടാകുമെന്ന് മാത്രം. വലിയ തെറ്റുകള്‍ ചെയ്തവര്‍ക്ക് ഒന്നോ രണ്ടോ മാസമാണ് മുള്‍ക്കൂട് വിധിക്കുക. അങ്ങനെയുള്ളവര്‍ മുള്‍ക്കൂടു ഭയന്ന് ആത്മഹത്യ ചെയ്യുകയാണ് പതിവ്. വിധി നിര്‍ണയം കഴിഞ്ഞാല്‍ ഒന്ന് രണ്ടു മണിക്കൂര്‍ ഒരു തരിപ്പാണ്. ശിക്ഷയുടെ തീവ്രത എന്നെ വേട്ടയാടിക്കൊണ്ടേയിരിക്കും.

പല്ലവിയുടെ കാര്യമെനിക്കോര്‍മയുണ്ട്. അയല്‍ ഗ്രാമത്തിലെ സല്‍മ എന്ന സ്ത്രീയുടെ കുട്ടി തന്റെ കുട്ടിയാണെന്നായിരുന്നു പല്ലവിയുടെ വാദം. അന്വേഷണത്തില്‍ പല്ലവിയും സല്‍മയും കൂട്ടുകാരായിരുന്നുവെന്നും എന്തോ വാക്കുതര്‍ക്കത്തെത്തുടര്‍ന്നു പിണങ്ങിയതാണെന്നും പിന്നീട് ഗ്രാമവാസികള്‍ ഇവരെ മതസ്പര്‍ധ വളര്‍ത്തുവാന്‍ വേണ്ടി ഉപയോഗിക്കുകയായിരുന്നുവെന്നും കണ്ടെത്താന്‍ കഴിഞ്ഞു.


'' ഗുല്‍സാര്‍ ഒന്നും പറഞ്ഞില്ല,'' എന്റെ നേരെ ഓടിയടുത്തു കൊണ്ട് ഒരുത്തന്‍ അലറി. കൈമുഷ്ടി ചുരുട്ടി ഞാനവനെ എന്റെ മുന്നില്‍ നിന്നൊഴിവാക്കി. അതോടെ ജനമിളകി. ആളുകള്‍ എന്റെ നേരെ ചീറിപ്പാഞ്ഞു വന്നു. എന്റെ നേരെ വന്നവരെയെല്ലാം ഞാന്‍ തടുക്കാന്‍ ശ്രമിച്ചു. എന്നിട്ടും എന്റെ നെറ്റിയിലും മൂക്കിലും മുറിവുകളും ദേഹമാസകലം ഒരു നീറ്റലും അനുഭവപ്പെട്ടു. കാലുകള്‍ക്ക് ബലം നഷ്ടപ്പെടുന്നത് പോലെത്തോന്നി. ഞാന്‍ മുറ്റത്ത് തളര്‍ന്നിരുന്നു. സാല്‍ മരക്കാടുകളില്‍ നിന്നും കാറ്റ് ചൂളം വിളിയായി എന്റെ കാതില്‍ കുത്തിക്കയറി. ആക്രോശങ്ങള്‍ അവയെ വകഞ്ഞു മാറ്റി എന്നെത്തേടി വന്നു.

'' നിര്‍ത്ത്,'' കുറച്ചാളുകള്‍ അങ്ങോട്ട് പാഞ്ഞെത്തി. ദമന്‍ജീത്തായിരുന്നു മുന്നില്‍. അവര്‍ അക്രമികളെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചു. രണ്ടു സംഘങ്ങളും തമ്മില്‍ ഉന്തും തള്ളുമായി.

ചിലര്‍ എന്റെ മുറ്റത്തിനു ചുറ്റും വേലിതീര്‍ത്തിരുന്ന ഖീര്‍മരക്കൊമ്പുകളൊടിച്ചു ആയുധങ്ങളാക്കി. മറ്റുചിലര്‍ നീണ്ട കൂര്‍ത്ത കല്ലുകളെടുത്തു പൊരുതി. ധൂമകിരണങ്ങളാല്‍ അന്തരീക്ഷം മലിനമായി.

'' ഇവന്‍ കള്ളനാണ്,'' ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ ആരോ വിളിച്ചു പറയുന്നത് കേട്ടു.

'' ഇയാളെ ഗ്രാമസഭയില്‍ നിന്നും പുറത്താക്കണം. ഇത്രയും കാലം ആളുകളെ ഇവന്‍ പറ്റിക്കുകയായിരുന്നു. ഇന്നലെ ദമന്‍ജീത്തിനെ വരെ ഇയാള്‍ ചീത്ത പറഞ്ഞു,'' ഒരു ആറടി പൊക്കക്കാരന്‍ മുന്നോട്ടു വന്നു പറഞ്ഞു.

'' ഇയാള്‍ക്ക് അല്ലെങ്കിലും വിവേചനമാണ്. കുറെ നാളായി തുടങ്ങിയിട്ട്,'' മറ്റൊരുത്തന്‍ താങ്ങി.

'' ഗുല്‍സാറിന് എന്തോ രോഗമാണ്. കഴിഞ്ഞു പോയ കേസുകളിലെ വിധി പുനഃപരിശോധിക്കണം. ഇയാളെ ഗ്രാമത്തലവനായി തുടരാന്‍ അനുവദിച്ചു കൂടാ,''

അവര്‍ പറയുന്നത് വിശ്വസിക്കാനാകാതെ ഞാന്‍ നിന്നു.

''ഞാന്‍ ഇതുവരെ തെറ്റായി വിധിച്ചിട്ടില്ല. ഞാനൊരിക്കലും അങ്ങനെ ചെയ്യില്ല.''

ആളുകള്‍ ക്ഷുഭിതരായി ഓരോന്ന് പറഞ്ഞു തുടങ്ങി. അവ്യക്തമായ ആ വാക്കുകള്‍ ചേര്‍ന്നു ഉച്ചത്തിലുള്ള ശബ്ദകോലാഹലങ്ങള്‍ സൃഷ്ടിച്ചു. അവ ചെവിക്കല്ലില്‍ തുളച്ചു കയറി. അതെന്നെ മത്തു പിടിപ്പിച്ചു. എന്റെ രക്തം തിളച്ചു.


'' ഇനി ശബ്ദമുണ്ടാക്കിയാല്‍ ഞാന്‍ കൊന്നു കളയും,'' ഞാന്‍ ആക്രോശിച്ചു.

'' ദമന്‍ജീത് അനുകൂലിക്കുന്നത് കൊണ്ടാണ് ഇയാള്‍ക്കീ അഹങ്കാരം,'' പുറകില്‍ നിന്നാരോ വിളിച്ചു പറഞ്ഞു.

'' ദമന്‍ജീത് ആരാ? പോവാന്‍ പറാ അയാളോട്. ആരുടേം ഔദാര്യം കൊണ്ടല്ല. എന്റെ കഴിവ് കൊണ്ടാണ് ,'' ഞാന്‍ അലറി.

'' ഗുല്‍സാറിനെ ശിക്ഷിക്കണം. ദമന്‍ ജീത്തിനെ എതിര്‍ത്ത ഇയാളെ ശിക്ഷിക്കണം,'' ഒരുപാടാളുകള്‍ അതേറ്റു പറഞ്ഞു.

'' അതിനു ദമന്‍ജീത് സമ്മതിക്കില്ല. അങ്ങനെ ഒരു പരാതി ദമനില്ല,''

ഞാന്‍ ഉറപ്പിനായി ദമന്‍ജീത്തിനെ നോക്കി. ദമന്‍ജീത് ഒന്നും പറഞ്ഞില്ല. അവന്റെ മുഖത്തു നിസ്സംഗത തളം കെട്ടി നിന്നു.

'' ദമന്‍,'' ഞാന്‍ വിളിച്ചു. അവന്‍ എന്റെ നേര്‍ക്കു നോക്കിയില്ല.

'' ഗുല്‍സാറിനെ മുള്‍ക്കൂട്ടിലടക്കണം,'' ദമന്‍ജീത് പറഞ്ഞു.

അത്രയും ആളുകള്‍ ഒരുമിച്ചു എന്നെ ആക്രമിക്കുന്നതിനേക്കാളും ആ മുള്‍ക്കൂടിന്റെ ഭീകരതയെക്കാളും എന്നെ വേദനിപ്പിച്ചത് ആ വാക്കുകളാണ്.

ആ സംഭവം എന്റെ ജീവിതത്തെ മാറ്റിമറിക്കുമെന്ന് ഞാനറിഞ്ഞിരുന്നില്ല.

(തുടരും)

| ഡോ. മുഹ്‌സിന കെ. ഇസ്മായില്‍:

നോവലിസ്റ്റ്, കഥാകൃത്ത്, കവി. ഡെന്റിസ്റ്റായി ജോലി ചെയ്യുു. ആനുകാലികങ്ങളില്‍ എഴുതുന്നു. മറ്റു നോവലുകള്‍: ജുഗ്ഇം(മരണം), മംഗാല, യല്‍ദ-ജവാരിയ(ദയ). ലെറ്റേഴ്സ് ഫ്രം എ കിഡ്, ദി ഫ്രോസെന്‍ മെമ്മറീസ് എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

| ചിത്രീകരണം: ഷെമി


ഡോ. മുഹ്‌സിന കെ. ഇസ്മായില്‍


TAGS :