Quantcast
MediaOne Logo

വീര്‍സാല്‍: നോവല്‍

| അധ്യായം: 06

വീര്‍സാല്‍: നോവല്‍
X
Listen to this Article

ആ ദിനങ്ങളില്‍ ദമന്‍ജീത് വീട്ടില്‍ത്തന്നെ കഴിച്ചു കൂട്ടി. അവനെ അങ്ങോട്ട് പോയിക്കാണുവാനോ അഭിമുഖീകരിക്കുവാനോ ഉള്ള ധൈര്യമില്ലാത്തത് കൊണ്ട് ഞാനും വീട്ടില്‍ത്തന്നെയായിരുന്നു അധികവും. അന്നാണ് ഞാന്‍ ബാബയോട് കൂടുതല്‍ സംസാരിച്ചത്. അത് വരെ ഒരു മകനു കൃത്യമായി അതിരുകള്‍ നിശ്ചയിക്കുന്ന ഒരു അച്ഛന്‍ മാത്രമായിരുന്നു ബാബ. നിയമങ്ങള്‍ ലംഘിക്കാത്ത അനുസരണയുള്ള പുത്രനായി ഞാനും അഭിനയിച്ചു. ഇതുവരെ ബാബ ചെയ്യുന്ന കാര്യങ്ങളില്‍ താല്‍പര്യം കാണിക്കാത്തതാണ് ബാബയോടുള്ള അകല്‍ച്ചയുടെ കാരണമെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. എന്നാല്‍ അങ്ങനെയല്ല, ഈ അകലം ബാബ മനഃപൂര്‍വം സൃഷ്ടിച്ചെടുത്തതാണെന്നും ഇപ്പോള്‍ കാണിക്കുന്ന ഈ അടുപ്പത്തിന് പിന്നില്‍ ഒരു ഉദ്ദേശമുണ്ടെന്നും കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ എനിക്കു മനസ്സിലാക്കാന്‍ സാധിച്ചു.

അമര്‍നാഥ് ബാബയുടെ മരണമാണോ ബാബയിലുണ്ടായ ഈ മാറ്റങ്ങളുടെ കാരണം എന്ന് ഞാന്‍ സംശയിച്ചു. മരണത്തിനോടുള്ള ഭയം അതാണ് ബാബയുടെ പ്രശ്‌നമെന്നു ഞാന്‍ ആദ്യം വിചാരിച്ചു. ബാബ മരണത്തെ ഭയക്കുന്നതേയില്ല എന്ന് ഒന്ന് രണ്ടു ദിവസങ്ങള്‍ കൊണ്ട് ഞാന്‍ മനസ്സിലാക്കി. ബാബയ്ക്ക് എന്നോടെന്തൊക്കെയോ പറയാനുള്ളത് പോലെയാണ് പിന്നീടെനിക്കു തോന്നിയത്. അത് പറഞ്ഞു തീര്‍ക്കുവാനാകുമോ എന്ന് ബാബ വേവലാതിപ്പെടുന്നുണ്ടെന്നും. ബാബയുടെ വികാര വിചാരങ്ങളുടെ പൊരുള്‍ അന്നൊന്നുമെനിക്ക് മനസ്സിലായിരുന്നില്ല.

പതിയെ ഞങ്ങള്‍ പഴയ ജീവിതത്തിലേക്ക് വഴുതിപ്പോയി. ബാബ അതിരു വരയ്ക്കുന്ന അച്ഛനിലേക്ക് വേഷം മാറി. ഞാന്‍ അനുസരണയുള്ള പുത്രനായും. ദമന്‍ജീത് ഒരു ദിവസം എന്നെക്കാണാന്‍ വന്നതാണ് ഈ തിരിച്ചു പോക്കിന്റെ തുടക്കമെന്നു ഞാനോര്‍ക്കുന്നു. അമര്‍നാഥ് ബാബയുടെ വിയോഗത്തിനു ശേഷം ബാബ ഗ്രാമത്തലവനായി തെരഞ്ഞെടുക്കപ്പെടുകയും ബാബ പണ്ടത്തേതിനേക്കാള്‍ തിരക്കുള്ളവനായിത്തീരുകയും ചെയ്തു. ബാബയെ ഗ്രാമത്തലവനാക്കുന്നതില്‍ കുറേ ആളുകള്‍ക്ക് വിയോജിപ്പുണ്ടായിരുന്നു. ഗ്രാമത്തിനു പുറത്തു നിന്ന് വന്ന ഒരാളെ ആ സ്ഥാനമേല്‍പ്പിക്കുവാന്‍ പറ്റില്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, അതിനു ബാബയേക്കാള്‍ അനുയോജ്യനായ ഒരാളില്ലെന്നു മറ്റുചിലര്‍ വാദിച്ചു. ദമന്‍ജീത്തിനെ ആ സ്ഥാനമേല്‍പ്പിക്കുവാന്‍ ഒരു കൂട്ടര്‍ നിര്‍ദേശിച്ചുവെങ്കിലും ബാബ അതിനെ വല്ലാതെ എതിര്‍ത്തത് എന്നെ വളരെയധികം അത്ഭുതപ്പെടുത്തി. സ്ഥാനമാനങ്ങളില്‍ ഒട്ടും താല്‍പര്യമില്ലാത്ത ബാബക്കിതെന്തു പറ്റി എന്ന് ഞാന്‍ ദമന്‍ജീത്തിനോട് പറയുകയും ചെയ്തു. എന്നാല്‍, ദമന്‍ജീത്തിന് ബാബ ഗ്രാമത്തലവനാകണമെന്ന് തന്നെയായിരുന്നു. അവന് ബാബയെ അത്രയ്ക്കിഷ്ടമായിരുന്നു. തലയിരിക്കുമ്പോള്‍ വലാട്ടേണ്ട ആവശ്യമില്ലല്ലോ എന്നതായിരുന്നു അവന്റെ നിലപാട്. ചെറുപ്പത്തില്‍ അവന് ബാബയോടുണ്ടായിരുന്ന സ്‌നേഹത്തിനു വലുതായപ്പോഴും ഒരു കുറവും വന്നില്ല.

പഠനം പൂര്‍ത്തിയാക്കി ദമന്‍ജീത് അവരുടെ പൊടി മില്ലിന്റെ മേല്‍നോട്ടക്കാരനായി ചുമതലയേറ്റു. ഞാനാണെങ്കില്‍ നെല്ലും ചോളവും മാറി മാറി കൃഷി ചെയ്തു. നെല്ലിനായിരുന്നു കൂടുതല്‍ ആവശ്യക്കാരെങ്കിലും ചോളകൃഷിയായിരുന്നു എനിക്കു പ്രിയപ്പെട്ടത്.


നാലഞ്ചു മാസത്തിനിടയില്‍ ബാബ മരിച്ചു. ബാബയുടെ വിയോഗം എന്നെ പിടിച്ചുലച്ചു. ബാബ ജീവിച്ചിരിക്കുന്ന കാലത്ത് കൂടുതല്‍ സമയം അദ്ദേഹത്തിന്റെ കൂടെ ചിലവിവഴിക്കാത്തതില്‍ ഞാന്‍ ഖേദിച്ചു. അമര്‍നാഥ് ബാബയുടെ മരണ ശേഷം ബാബ എന്നോട് അടുപ്പം കാണിച്ചിരുന്നതും അത് മുറിഞ്ഞു പോയതിലുള്ള കുറ്റവും ഞാന്‍ സ്വയം ഏറ്റെടുത്തു.

ബാബ മരിച്ചതോടു കൂടി മായുടെ എല്ലാ പ്രസരിപ്പും നഷ്ടപ്പെട്ടു. ഖാലിദിനെക്കുറിച്ചും സ്വന്തം നാടിനെക്കുറിച്ചും പതിയെപ്പതിയെ മാ മറന്നു. ബാബയെക്കുറിച്ച് മാത്രമാണ് മാ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നത്. ബാബക്കിഷ്ടപ്പെട്ട ദാല്‍ കറിയും റൊട്ടിയും ഉണ്ടാക്കുന്നതിലായിരുന്നു മാ ദിവസം മുഴുവനും ചിലവിട്ടിരുന്നത്. സത്യങ്ങള്‍ കേള്‍ക്കുന്നത് മാക്കു കലിയാണ്. താന്‍ പറയുന്ന കാര്യങ്ങള്‍ ആരെങ്കിലും തെറ്റാണെന്ന് പറഞ്ഞാല്‍ ആദ്യമെല്ലാം വായില്‍ തോന്നുന്നതെല്ലാം വിളിച്ചു പറയുമായിരുന്നു. പിന്നെപ്പിന്നെ, കരച്ചിലായി. ശബ്ദം പുറത്തു വരാത്ത കണ്ണുനീര്‍ ചാലുകള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. തനിക്കു ഓര്‍മ നശിച്ചു തുടങ്ങിയെന്നു മാ മനസ്സിലാക്കിയിട്ടുണ്ടാകുമെന്ന് ഞാന്‍ ഊഹിച്ചു. ഖാലിദിനെക്കാണാന്‍ എനിക്കും ആഗ്രഹം തോന്നിത്തുടങ്ങിയിരുന്നു. തന്റേതെന്നു പറയാന്‍ ആരും ജീവിച്ചിരിപ്പില്ലെന്ന ചിന്ത മനസ്സിനെ വേട്ടയാടി. ദമന്‍ജീത്തുമായുള്ള സുഹൃദ്ബന്ധം ദൃഡമായിരുന്നെങ്കിലും അമര്‍നാഥ് ബാബയുടെ മരണ ശേഷം അവനും ഒരു ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നു.


ആയിടെയായിരുന്നു ഇന്ത്യയേയും പാകിസ്ഥാനേയും ബന്ധിപ്പിക്കുന്ന കര്‍താര്‍പ്പൂര്‍ കോറിഡോറിന്റെ ഉദ്ഘാടനം. അതിലൂടെ ഗുരുദ്വാരാ ദര്‍ബാര്‍ സാഹിബ് ആരാധനാലയത്തിലേക്കു വിസയില്ലാതെ പോകാം. ആരാധനാലയങ്ങളില്‍ പോയി പ്രാര്‍ഥിക്കുക ദമന്‍ജീത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. കേട്ടപ്പോള്‍ ദമന്‍ജീത്തിനുമൊന്നു പോയാല്‍ കൊള്ളാമെന്നു പറഞ്ഞു. ഒരു മാസം കൊണ്ട് പേപ്പറുകളും മറ്റും ശരിയാക്കി അവന്‍ പോയി വന്നതിനു ശേഷമാണ് ഈ പുകിലുകളെല്ലാമുണ്ടായത്. ദമന്‍ജീത്തിന് പെട്ടന്നെന്നോട് ദേഷ്യമുണ്ടാകാന്‍ കാരണമെന്തെന്നാലോചിച്ചിട്ടു എനിക്കു ഒരുത്തരവും കിട്ടിയില്ല. അവന് ഗ്രാമസഭാ തലവന്‍ ആകാന്‍ കഴിയാത്തതിന്റെ ദേഷ്യമായിരിക്കുമോ? അതിനു ബാബയുടെ മരണ ശേഷം ആ സ്ഥാനമെനിക്ക് വെച്ച് നീട്ടിയത് അവന്‍ തന്നെയല്ലേ? ഞാനതിനെ എത്രയും എതിര്‍ത്തിരുന്നോ അത്ര തന്നെയോ അതിലധികമോ അവനെന്നെ നിര്‍ബന്ധിച്ചു. നാട്ടുകാരുടെ എതിര്‍പ്പുകള്‍ക്കു വരേ വഴങ്ങാതെ അവന്‍ എന്നെ ഗ്രാമത്തലവനാക്കി. എന്നിട്ടു പെട്ടന്നിപ്പോ അങ്ങനെ വരാന്‍ വഴിയില്ല.

പെട്ടന്ന്, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ദമന്‍ജീത് മുന്നോട്ടു വന്നു എന്നെ കെട്ടിപ്പിടിച്ചു,

''ഇവന്‍ എന്റെ സുഹൃത്താണ്. എന്റെ ഉറ്റ സുഹൃത്ത്. ആര്‍ക്കാണ് ഗുല്‍സാറിനെ മുള്‍ക്കൂടിനകത്തു അയക്കേണ്ടത്? മുന്നോട്ടു വരൂ. അല്ലാതെ ഭീരുക്കളെപ്പോലെ പിറുപിറുത്തിട്ട് കാര്യമില്ല. മുന്നോട്ടു വാ. അവനുള്ള ഉത്തരം ഞാന്‍ തരാം. ഇനി ഒറ്റ ഒരുത്തനും ഗുല്‍സാറിനെതിരെ ശബ്ദമുയര്‍ത്തിപ്പോകരുത്.'

ജനക്കൂട്ടം ഒരു നിമിഷം തരിച്ചു നിന്നു. പിന്നെ ചര്‍ച്ചകളുടെ പ്രകമ്പനം സാല്‍മരക്കാടുകളെത്തേടിപ്പോയി. ഒടുക്കം, കൊമ്പ് നഷ്ട്ടപ്പെട്ട മാനിനെപ്പോലെ അവര്‍ നടന്നകന്നു.

(തുടരും)

| ഡോ. മുഹ്‌സിന കെ. ഇസ്മായില്‍: നോവലിസ്റ്റ്, കഥാകൃത്ത്, കവി. ഡെന്റിസ്റ്റായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളില്‍ എഴുതുന്നു. മറ്റു നോവലുകള്‍: ജുഗ്ഇം(മരണം), മംഗാല, യല്‍ദ-ജവാരിയ(ദയ). ലെറ്റേഴ്സ് ഫ്രം എ കിഡ്, ദി ഫ്രോസെന്‍ മെമ്മറീസ് എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

| ചിത്രീകരണം: ഷെമി


TAGS :