Quantcast
MediaOne Logo

ഖാലിദിന്റെ രേഖാചിത്രം

വീര്‍സാല്‍ - നോവല്‍ | അധ്യായം 11

വീര്‍സാല്‍ - ഡോ. മുഹ്‌സിന കെ. ഇസ്മായില്‍
X
Listen to this Article

''മുടി ചുരുണ്ടതാണോ നീണ്ടതാണോ? നെറ്റിയിറങ്ങിയതാണോ? പുരികമെങ്ങനെയുള്ളതാ? കാതു വലുതാണോ? കറുത്തതാണോ? വെളുത്തതാണോ?'' ഇങ്ങനെ ഒരു നൂറായിരം ചോദ്യങ്ങള്‍ ആ വരക്കാരന്‍ പയ്യന്‍ എന്നോട് ചോദിച്ചു. നമ്മള്‍ എന്നും കാണുന്ന ഒരാളെക്കുറിച്ച് ഇതേ ചോദ്യങ്ങളെല്ലാം ചോദിച്ചാല്‍ പോലും നമുക്ക് ഉത്തരമുണ്ടാകണമെന്നില്ല. പിന്നെയാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ട എന്റെ കുഞ്ഞനുജനെക്കുറിച്ചുള്ള കാര്യങ്ങള്‍. അവന്റെ സ്വഭാവത്തെക്കുറിച്ചായിരുന്നെങ്കില്‍ ഞാന്‍ വാചാലനായേനെ എന്ന് തോന്നി. എല്ലാം വെറുതെയാണെന്ന് അല്‍പസമയത്തിനുള്ളില്‍ മനസ്സിലായി. സംസാരത്തെക്കുറിച്ചും കരച്ചിലിനെക്കുറിച്ചും പറയാമെന്നു വിചാരിച്ചപ്പോള്‍ത്തന്നെ സ്റ്റോക് കാലിയായി.

ഒരു രക്ഷയുമില്ലെന്നു കണ്ടപ്പോള്‍ ഖാലിദിനെക്കുറിച്ച് എനിക്കറിയാവുന്നതെല്ലാം പറയാന്‍ ആവശ്യപ്പെട്ടു ആ പയ്യന്‍. 'പൂച്ചക്കണ്ണുകളാണവന്‍'', ഞാനെന്തോ ഒരു വലിയ കാര്യം പറയുന്നത് പോലെപ്പറഞ്ഞു. എല്ലാം വെറുതെയാണ്. നമുക്കൊന്നുമറിയില്ല. നമുക്ക് നാമാരാണെന്ന് പോലുമറിയില്ല. ഈ ലോകത്ത് എന്തൊക്കെയോ ചിന്തിച്ചു എന്തിലൊക്കെയോ പെട്ടു ഇങ്ങനെ ജീവിക്കുന്നു. മരിക്കുന്നു.

മാ ക്ക് ഖാലിദിനെക്കുറിച്ചെല്ലാമറിയുന്നുണ്ടാകും. ഓര്‍മ്മ നശിക്കുന്നതിനു മുന്‍പായിരുന്നെങ്കില്‍ മാ തന്നെ ഒരു രേഖാചിത്രം വരച്ചു തന്നേനെ. ഇപ്പോള്‍ ഖാലിദിനെക്കുറിച്ച് ചോദിച്ചാല്‍ ചിലപ്പോള്‍ അതാരാണെന്നു വരെ അന്വേഷിച്ചെന്നിരിക്കും. അല്ലെങ്കില്‍ താനൊന്നും മറന്നിട്ടില്ലെന്നു കാണിക്കാന്‍ തന്റെ ഭാവനയിലെ ഖാലിദിനെക്കുറിച്ച് വാചാലനായെന്നിരിക്കും.

ഇന്നായിരുന്നെങ്കില്‍ അതിനൊന്നും മനുഷ്യരുടെ ഓര്‍മകളെ ആശ്രയിക്കേണ്ടായിരുന്നു. മനുഷ്യ മസ്തിഷ്‌കത്തിന്റെ ജോലിയില്‍ പകുതിയുമിന്നു ചെയ്തു തീര്‍ക്കുന്നത്തു മൊബൈല്‍ ഫോണിന്റേയോ ലാപ്‌ടോപ്പിന്റേയോ സ്റ്റോറേജ് സ്‌പേസുകളാണല്ലോ. പണ്ട് ഞങ്ങളെല്ലാം മനക്കണക്കു കൂട്ടുന്നതില്‍ പ്രഗത്ഭരായിരുന്നു. മൂന്നക്കസംഖ്യകളോ നാലക്ക സംഖ്യകളോ വരേ ഞങ്ങള്‍ എഴുതി നോക്കാതെ കൂട്ടുകയോ കിഴക്കുകയോ ഗുണിക്കുകയോ ചെയ്യും. കാല്‍ക്കുലേറ്റര്‍ എന്ന ഒരു കുഞ്ഞന്‍ യന്ത്രം വന്നതോടു കൂടി കണക്കു കൂട്ടലുകളെല്ലാം യാന്ത്രികമായി. ഫോണിന്റെ വരവോട് കൂടി എല്ലാം ഫോണിനോട് പറയുക പതിവായി. ഒന്നുമോര്‍ത്തു വെക്കേണ്ട. എല്ലാം ഫോണിനോട് ചോദിച്ചു മനസ്സിലാക്കാം. അക്ഷരാര്‍ഥത്തില്‍ പറഞ്ഞാല്‍ മസ്തിഷ്‌ക്കമൊരു മടിയനായി എന്നര്‍ഥം.


പുതുതലമുറ ജീവിക്കുന്നില്ല എന്നെനിക്കു തോന്നാറുണ്ട്. എല്ലാ നിമിഷങ്ങളുടേയും മറ്റൊരു കോപ്പി ഫോണില്‍ ഒപ്പിയെടുക്കുന്നതില്‍ വ്യാപൃതരാണവര്‍. ചലനങ്ങളും ഭാവങ്ങളും ഒപ്പിയെടുക്കുന്ന യന്ത്രങ്ങളില്‍ അവ മാഞ്ഞു പോകുന്നതിനു മുന്‍പ് പതിപ്പിക്കുകയാണ് അവരുടെ ജീവിതാഭിലാശം. ഇവിടെ സന്തോഷം കൃത്രിമമാണ്. ചിന്തകള്‍ കൂടി ഒപ്പിയെടുക്കുന്ന യന്ത്രം കണ്ടു പിടിച്ചാല്‍ മാനവരാശി തമ്മില്‍ത്തല്ലിച്ചാവുമെന്നതില്‍ തര്‍ക്കമൊന്നുമില്ല.

പേരിനു ഒന്ന് മായോട് ഖാലിദിനെക്കുറിച്ച് ചോദിക്കുക തന്നെ ചെയ്തു. മാ മിഴിച്ചു നിന്നതേയുള്ളൂ. ആ മുഖത്തു വിരിയുന്ന നിസ്സംഗതക്കു പലപ്പോഴുമിപ്പോള്‍ എനിക്കു അര്‍ത്ഥം കണ്ടെത്താനാകാറില്ല.

''ഖാലിദിന്റെ മൂക്ക് ബാബയുടെ മൂക്ക് പോലെ വളഞ്ഞതാണ്. നിനക്കെന്റെ മൂക്കാണ്,'' മാ പറയാറുണ്ടായിരുന്നത് അങ്ങനെയാണ്. അക്കാര്യത്തെക്കുറിച്ച് താനെന്തു കൊണ്ട് മറന്നു പോയി എന്നറിയില്ല. ഞാനത് ചൂടാറാതെ ചിത്രകാരനെ അറിയിച്ചു.

''ബാബയുടെ മൂക്കെങ്ങനെയാ?'' ആ ചോദ്യത്തിനും എനിക്കു ഉത്തരമില്ലായിരുന്നു.

''ഒറ്റ വളവാണോ അതോ അറ്റത്തു മാത്രം വളഞ്ഞതാണോ? ഒന്ന് വരച്ചു കാണിക്കാമോ?''

ഞാന്‍ ആവേശത്തോടെ പേന കയ്യിലെടുത്തു. ഒന്ന് വരക്കുമ്പോള്‍ സംശയമാകും. വീണ്ടും മാറ്റി വരക്കും. അങ്ങനെ വരച്ചു വരച്ചു ഒരു പേജ് മുഴുവന്‍ ഞാന്‍ വിവിധ തരത്തിലുള്ള വളഞ്ഞ മൂക്കുകള്‍ വരച്ചു. അതില്‍ ഏതാണ് ബാബയുടെ മൂക്ക് എന്ന് ചൂണ്ടിക്കാണിക്കാനെനിക്ക് പ്രയാസമായൊരുന്നു. അവസാനം, ആ പയ്യനെന്റെ ഫോട്ടോയെ ചെറുപ്പമാക്കിയിട്ടു ഖാലിദ് അങ്ങനെയാണോ എന്ന് ചോദിച്ചു. കൃത്രിമതയുടെ അപൂര്‍ണ്ണത ആ ചിത്രത്തിനുണ്ടായിരുന്നു. അതില്‍ കാണുന്നത് പോലെയായിരുന്നോ കുട്ടിയായിരുന്നപ്പോള്‍ ഞാനിരുന്നിരുന്നതു എന്ന് പോലും എനിക്കു ഓര്‍മയില്ലായിരുന്നു. അങ്ങനെ, ഖാലിദിന്റെ രേഖാചിത്രമെന്നത് എവിടെയുമെത്താതെ പര്യവസാനിച്ചു.

തെക്കു നിന്നു വീശിയടിക്കുന്ന ഉഷ്ണക്കാറ്റിന്റെ തീവ്രതയോടൊപ്പം ഗ്രാമത്തിലെ സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയായിരുന്നു. ഗ്രാമത്തിലെ കടകളിലൊന്നും തന്നെ ലോക്ഡൗണ്‍ പ്രമാണിച്ച് പുതിയ സാധനങ്ങള്‍ വരുന്നുണ്ടായിരുന്നില്ല. ടൗണിലെ കടകളിലും പുതിയ സ്റ്റോക് കുറവായിരുന്നു. ഉള്ളത് മുഴുവന്‍ അവിടെയുള്ളവര്‍ക്ക് തന്നെ തികയാത്ത അവസ്ഥ. നിത്യോപയോഗ വസ്തുക്കള്‍ നിമിഷനേരം കൊണ്ട് കഴിയും. പട്ടണങ്ങളിലെ സൂപ്പര്‍ മാര്‍ക്കെറ്റുകളില്‍ ഹോം ഡെലിവറി തുടങ്ങിയിരുന്നത് കൊണ്ട് ആളുകള്‍ക്ക് പുറത്തിറങ്ങാതെ സാധനങ്ങള്‍ കിട്ടുമായിരുന്നു. ഗ്രാമത്തിലുള്ളവരുടെ അവസ്ഥ പരിതാപകരമായിരുന്നു. പ്രത്യേകിച്ച് ഞങ്ങളെപ്പോലെ ചതുപ്പ് നിലത്തിനപ്പുറമുള്ള ഗ്രാമത്തിന്റെ. ഞങ്ങളുടെ സ്ഥലത്തെ ഒരു ഗ്രാമമായിത്തന്നെ അധികാരികള്‍ കണക്കു കൂട്ടുന്നുണ്ടോ എന്ന് സംശയമാണ്. കണക്കുകളില്‍ നിന്നെല്ലാം മാറി നില്‍ക്കുന്ന ഒരു ഗ്രാമം. അതാണ് ഞങ്ങള്‍.

എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോഴാണ് നമ്മള്‍ മറ്റുള്ളവരുടെ സഹായം തേടുന്നത്. അത് വരേ ഞങ്ങള്‍ സ്വയം പര്യാപ്തരായിരുന്നു. എന്നാല്‍, കൊറോണയുടെ വരവോട് കൂടി ഞങ്ങളുടെ ചികിത്സാ സൗകര്യങ്ങള്‍ അപര്യാപ്തമായി വന്നു. ഞങ്ങളുടെ ഉത്പ്പന്നങ്ങള്‍ തികയാതെ വന്നു. തീ പോലെ പടര്‍ന്നു പിടിക്കുന്ന മഹാമാരിക്ക് മുന്നില്‍ ഞങ്ങളുടെ വൈദ്യര്‍ കൈ മലര്‍ത്തി. അടുത്ത ടൗണിലെ ആശുപത്രികളേയും സൂപ്പര്‍ മാര്‍ക്കെറ്റുകളേയും ഞങ്ങള്‍ക്കാശ്രയിക്കേണ്ടി വന്നു.

സ്വയം പര്യാപ്തരായിരിക്കുക എന്ന് പണ്ട് മുതലേ പറഞ്ഞു പഠിച്ചത് കൊണ്ടാണോ ഗ്രാമത്തിന്റെ പുറത്തുള്ളവരെ ആശ്രയിക്കേണ്ടി വന്നല്ലോ എന്ന മനഃപ്രയാസം കൊണ്ടാണോ എന്നറിയില്ല ഗ്രാമീണരെല്ലാം ദുഃഖത്തിലായിരുന്നു. കൊറോണ മഹാമാരിയുടെ ഭീതി പതിയെ ആ ആവലാതികളെയെല്ലാം മറികടന്നു. നിരത്തുകള്‍ ശൂന്യമായി. കടകളും കമ്പോളങ്ങളും അടഞ്ഞു കിടന്നു.

ബാബ എനിക്കെഴുതി വെച്ച കത്ത് ഞങ്ങള്‍ വീണ്ടും വായിച്ചു നോക്കി. എന്തന്വേഷിക്കണം എവിടെ അന്വേഷിക്കണം എങ്ങനെ അന്വേഷിക്കണം എന്നതിനെക്കുറിച്ചെന്തെങ്കിലും വിവരങ്ങള്‍ അതില്‍ നിന്നു കിട്ടുമെന്ന് കാത്തിരുന്നിട്ടു കാര്യമില്ലെന്നു ഞങ്ങള്‍ക്ക് മനസ്സിലായിത്തുടങ്ങി. ഞാനും ദമന്‍ജീത്തും ത്രിദന്‍ ജ്യോതി ഗുഹവരെ ഒന്നു പോയി നോക്കാന്‍ തന്നെ തീരുമാനിച്ചു. ദമന്‍ജീത് ചെറുതായിരുന്നപ്പോള്‍ പോയതാണവിടെ. അമര്‍നാഥ് ബാബ എന്ത് കൊണ്ടവിടെ ഇത്ര നേരം ചിലവഴിച്ചിരുന്നു എന്ന് കണ്ടുപിടിക്കണം.

| ഡോ. മുഹ്‌സിന കെ. ഇസ്മായില്‍: നോവലിസ്റ്റ്, കഥാകൃത്ത്, കവി. ഡെന്റിസ്റ്റായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളില്‍ എഴുതുന്നു. മറ്റു നോവലുകള്‍: ജുഗ്ഇം(മരണം), മംഗാല, യല്‍ദ-ജവാരിയ(ദയ). ലെറ്റേഴ്സ് ഫ്രം എ കിഡ്, ദി ഫ്രോസെന്‍ മെമ്മറീസ് എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


TAGS :