Quantcast
MediaOne Logo

ഇന്ദു മേനോന്‍

Published: 25 Jan 2024 9:50 AM GMT

ഉടല്‍ കീറിയ ഉയിര്‍ കീറിയ രാജ്യങ്ങള്‍; മനുഷ്യരും

ലളിതമായ ഒരു ഭാഷ, വ്യത്യസ്തമായ ഒരു അന്തരീക്ഷം, മലയാളം സ്വീകരിക്കാത്ത പ്രമേയം, കൗതുകം ഉണര്‍ത്തുന്ന കഥാപാത്രങ്ങള്‍, ഒരു ത്രില്ലറിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ വിടരുന്ന അധ്യായങ്ങള്‍. മലയാളം ഇനിയും കാണാത്ത പരീക്ഷിക്കാത്ത ഒരു ഇടത്തിലൂടെയാണ് വീര്‍സാല്‍ എന്ന നോവലും കൊണ്ട് മുഹ്‌സിന പോകുന്നത്. | ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ എഴുതിയ 'വീര്‍സാല്‍' നോവല്‍ വായന.

ഇന്ത്യാ പാക്കിസ്ഥാന്‍ വിഭജനം പശ്ചാത്തലമായ നോവല്‍
X

വര്‍ഷങ്ങള്‍ക്കുമുമ്പ് ഫ്രാന്‍സിലെ ഏതോ ഒരു കര്‍ഷകഗ്രാമത്തില്‍ ചെന്നെത്തിപ്പെട്ട എനിക്ക് വഴിതെറ്റി. ഫോണ്‍ ആകട്ടെ പ്രവര്‍ത്തനം നിര്‍ത്തി. റെയില്‍വേ സ്റ്റേഷന്‍ എവിടെ എന്നറിയാതെ ഞാന്‍ ഉഴറി.

ഫ്രഞ്ചുകാര്‍ പൊതുവെ, ഇംഗ്ലീഷ് പറയുന്നവരെ സ്വാഗതം ചെയ്യാറില്ല. എന്നാല്‍, ഗ്രാമങ്ങളിലേക്ക് എത്തുമ്പോഴേക്കും ഇംഗ്ലീഷ് അവര്‍ക്ക് അറിയുക പോലുമില്ല എന്ന വാസ്തവം എന്നെ ഞെട്ടിച്ചു. എനിക്ക് ഒരു തരിപോലും ഫ്രഞ്ച് അറിയുകയില്ലെന്നത് എന്നെ ഏറെ പ്രതിസന്ധിയിലാഴ്ത്തി. ഇംഗ്ലീഷില്‍ ഞാന്‍ സംസാരിച്ചുതുടങ്ങുമ്പോള്‍തന്നെ ആളുകള്‍ എന്നോട് ഇടപെടാന്‍ വിമുഖത കാട്ടിക്കൊണ്ടേയിരുന്നു. ചിലര്‍ എന്നെ ശ്രദ്ധിക്കുന്നതു പോലുമില്ലായിരുന്നു.

എന്ത് ചെയ്യും എന്നറിയാതെ അവിടത്തെ കൃഷിയിടങ്ങളും മറ്റും നോക്കി പരിഭ്രമിച്ച് നില്‍ക്കുമ്പോള്‍, പ്ലെയിന്‍ കുര്‍ത്ത ധരിച്ച് താടിവച്ച ഒരാള്‍ വഴിയിലൂടെ നടന്നു പോകുന്നത് കണ്ടു. അദ്ദേഹത്തിന്റെ ഇന്ത്യന്‍ മുഖഛായ എനിക്ക് ആശ്വാസം പകര്‍ന്നു. ഞാന്‍ അദ്ദേഹത്തിന്റെ അടുക്കലേക്ക് ഓടിച്ചെന്നു ഇംഗ്ലീഷില്‍ സംസാരിക്കുവാന്‍ തുടങ്ങിയപ്പോള്‍ തന്നെ അയാള്‍ ചിരിയോടെ

''ബെഹന്‍ ഹിന്ദി മെ ബാത് ചീത് കരിയേ'' എന്ന് പറഞ്ഞു.

സത്യത്തില്‍ അയാള്‍ അത് പറഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞു പോയി. പേടിയോ ആശ്വാസമോ സന്തോഷമോ എന്തായിരുന്നു ആ കരച്ചിലിന് പുറകിലെന്ന് എനിക്ക് ഇപ്പോഴും അറിയില്ല.

''ടര്‍നാ മത് റോ മത്.

ബേട്ടീ...വെള്ളം കുടിക്കൂ '

അയാള്‍ ബഹന്‍ എന്ന് വിളിച്ചത് മാറ്റി ബേട്ടി/മകളെയെന്ന് കൂടുതല്‍ വാത്സല്യത്തോടെ വിളിച്ചു.

പഞ്ചാബുകാരന്‍ ആയിരുന്നു അദ്ദേഹം. എന്നെയുംകൂട്ടി അദ്ദേഹം റെയില്‍വേ സ്റ്റേഷനിലേക്ക് പോയി. ടിക്കറ്റിനായി ഞാന്‍ കൊടുത്ത പൈസ അദ്ദേഹം വാങ്ങിച്ചില്ല. തുകല്‍ പേഴ്‌സില്‍നിന്നും എനിക്കുവേണ്ടി പണം എടുത്ത് ടിക്കറ്റ് വാങ്ങി കയ്യില്‍ തന്നു.

ആ ഗ്രാമം ടൂറിസ്റ്റുകള്‍ വരുന്ന സ്ഥലമല്ലെന്നും കര്‍ഷകരുടെ ഇടമാണെന്നും അതുകൊണ്ട് ബസ്സുകളോ ടാക്‌സികളോ ലഭ്യമല്ല എന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമത്തിലെ ബറിയല്‍ പ്രാക്ടീസിനെക്കുറിച്ച് ആന്ത്രപ്പോളജിക്കല്‍ ഗവേഷണത്തിന് വന്നതാണെന്നും അദ്ദേഹം കരുതുന്ന തരത്തിലുള്ള ഒരു ടൂറിസ്റ്റ് അല്ല ഞാനെന്നും ബോധ്യപ്പെടുത്തി. സ്ത്രീകള്‍ക്ക് ഒരിക്കലും സഞ്ചരിക്കാന്‍ പറ്റാത്ത ഒരു ഇടമാണിതെന്നും എങ്ങനെയാണ് ഇത്തരത്തില്‍ ഒരു സ്ഥലത്തേക്ക് വന്നതെന്നും അദ്ദേഹം അത്ഭുതപ്പെട്ടു.

സ്ത്രീകള്‍ക്ക് ഒറ്റക്ക് സഞ്ചരിക്കാന്‍ പാടില്ലാത്ത ഒന്നാം സ്ഥാനത്തുള്ള രാജ്യമാണ് ഫ്രാന്‍സ് എന്ന് അറിയില്ലേ എന്ന് അദ്ദേഹം ചോദിച്ചു.

''പെണ്‍കുട്ടികള്‍ കൂടുതല്‍ ശ്രദ്ധാലുക്കള്‍ ആകേണ്ടിയിരിക്കുന്നു.''

ട്രെയിനില്‍ കയറുമ്പോള്‍ പഞ്ചാബില്‍ ഏത് ജില്ലയിലാണ് അദ്ദേഹത്തിന്റെ വീടെന്ന് ഞാന്‍ ചോദിച്ചു. എപ്പോഴെങ്കിലും പഞ്ചാബില്‍ വരുന്നുണ്ടെങ്കില്‍ എനിക്ക് വരാമല്ലോ.

''സുലൈമാന്‍കി എന്നാണ് എന്റെ ഗ്രാമത്തിന്റെ പേര്. അതു പക്ഷേ, മകള്‍ കരുതുന്നതുപോലെ ഇന്ത്യയിലല്ല അതിര്‍ത്തി കടന്നുപോകണം. പാക്കിസ്ഥാനിലാണ് ... '

ഞാന്‍ കൗതുകത്തോടെ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി. ഒരു രീതിയിലും ഇന്ത്യക്കാരനല്ല അദ്ദേഹം എന്ന് ആര്‍ക്കും കണ്ടുപിടിക്കുവാന്‍ കഴിയുമായിരുന്നില്ല. അത്രയും അധികം ഇന്ത്യക്കാരനായ പഞ്ചാബിയായ ഒരു മനുഷ്യന്‍.

പാക്കിസ്ഥാന്‍ ശത്രു രാജ്യമാണ് എന്നൊക്കെ പറയുന്നവരെ കാണുമ്പോള്‍ ഞാന്‍ സത്യത്തില്‍ അത്ഭുതപ്പെടും. അവിടെയുള്ള മനുഷ്യരോട് സംസാരിച്ചാല്‍ അവര്‍ നമ്മളില്‍ ഒരാളല്ല എന്ന് ഒരിക്കലും പറയാന്‍ കഴിയാത്തത്ര സാമ്യതയും സാദൃശ്യതയുമുള്ള ഒരു ജനവിഭാഗം. ഞാന്‍ ഇന്ത്യന്‍ പക്ഷത്തുള്ള പാക് വിരുദ്ധതയെയും ശത്രുതയെയും വളരെ കൗതുകത്തോടെ തന്നെ വീക്ഷിക്കാന്‍ തുടങ്ങി.

പിന്നീടുള്ള പല യാത്രകളിലും തമിഴരെന്റെ സ്വന്തമായതുപോലെ പാക്കിസ്ഥാനികളും എന്റെ ആളുകളാണെന്ന അവബോധം എനിക്കുണ്ടായി വന്നു. ഇന്ത്യ തന്നെ പിളര്‍ന്ന് രണ്ടായി മാറിയ രണ്ട് രാജ്യങ്ങള്‍. അവിടത്തെ മനുഷ്യന്‍ എന്നും നമുക്ക് ശത്രുക്കളല്ല സഹോദരരാണ് എന്ന ബോധം മനസ്സിലുറച്ചു.

ഇന്ത്യയും പാക്കിസ്ഥാനും ഒരു ഉടല്‍ കീറി വിഭജിക്കപ്പെട്ടതിനെക്കുറിച്ചും പരസ്പരം സഹോദരങ്ങളായിട്ടും ശത്രുതയോടെ കടുത്ത പകയോടെ പോരടിക്കുന്നതിനെ കുറിച്ചും അസംഖ്യം കഥകള്‍, കവിതകള്‍, സാഹിത്യ സ്വരൂപങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ട്, വായിച്ചിട്ടുണ്ട്. പല ഭാഷകളിലായി അനവധിയുണ്ട് അത്തരം സാഹിത്യകൃതികള്‍. പ്രത്യേകിച്ച് നോര്‍ത്തിന്ത്യന്‍ ബെല്‍റ്റിലെ സാഹിത്യകൃതികളില്‍ സവിശേഷ ജോണറായി തന്നെ ഈ പ്രമേയത്തെ നമുക്ക് കാണാം. പിന്നീട് സിനിമകളിലും നാടകങ്ങളിലും വെബ് സീരീസുകളിലും ഈ പ്രമേയം വ്യാപകമായി സ്വീകരിക്കപ്പെട്ടു

ഇന്ത്യയും പാകിസ്ഥാനും ഒന്നായിരുന്നു എന്ന് ചിന്തിക്കുക പോലും ചെയ്യാതെ പരസ്പരം വെറുത്തും പക പൂണ്ടും മനുഷ്യനെ കൊല്ലാനുള്ള ഒരുതരം വെറിയില്‍ പലരും ജീവിച്ചു പോന്നു.

വിഭജനത്താല്‍ സഹോദരങ്ങള്‍ രണ്ടു രാജ്യങ്ങളിലായിപ്പോയ ഓര്‍മകളും അനുഭവങ്ങളും നമുക്കുണ്ട്. വര്‍ഷങ്ങള്‍ക്കപ്പുറം അവര്‍ കൂടിച്ചേരുന്നതും സ്‌നേഹിക്കുന്നതുമായ കഥകളും നമ്മള്‍ ധാരാളം കേട്ടു.

ഈയിടത്തില്‍ നിന്നുകൊണ്ടാണ് ഡോക്ടര്‍ മുഹ്‌സിനയുടെ 'വീര്‍സാല്‍' എന്ന നോവല്‍ നമ്മള്‍ വായിക്കേണ്ടത്. ഹൃദയത്തില്‍ സ്വന്തം എന്ന തോന്നലിന്റെ വിത്തുകള്‍ പാകിക്കൊണ്ട് തന്നെ വേണമത്.

വര്‍ഷങ്ങള്‍ക്കുമുമ്പ് വേര്‍പെട്ടുപോയ ഗുല്‍സാറും ഖാലിദും രാജ കുടുംബത്തിന്റെ രഹസ്യം തേടി ദമഞ്ജിത്ത് എന്ന പേരില്‍ വേഷ പ്രഛന്നനായ എത്തുന്ന ഇന്‍താജ് വില്ലനും ചേര്‍ന്ന് അനവധി കഥാപാത്രങ്ങളിലൂടെ ഇതള്‍ വിരിയുന്ന വിഭജനം പ്രമേയമായ ഒരു നോവലാണ് വീര്‍സാല്‍.

സഹോദരനെ കണ്ടെത്താനുള്ള പരിശ്രമത്തോടൊപ്പം തന്നെ സ്വന്തം ഗ്രാമത്തില്‍ ഗ്രാമസഭയില്‍ തനിക്ക് നഷ്ടപ്പെട്ട സ്ഥാനത്തെ തിരിച്ചുപിടിക്കാനും ഗുല്‍സാര്‍ ശ്രമിക്കുന്നുണ്ട്. ദമന്‍ജീത് എന്ന ആത്മമിത്രം തനിക്കൊപ്പം നിന്നുകൊണ്ട് തനിക്കെതിരെ എന്നറിയാതെ ഉഴലുന്നുണ്ട് അയാള്‍.


എങ്കിലും ഒടുവില്‍ മരണത്തിനു മുമ്പ് ഒരിക്കലെങ്കിലും തന്റെ സഹോദരനെ കാണണമെന്ന ആശ അദ്ദേഹത്തിന് സാധ്യമാകുന്നു. പൂര്‍ത്തീകരിക്കപ്പെടുന്നു. 74 വര്‍ഷങ്ങള്‍ക്കിപ്പുറം ഗുല്‍സാര്‍ വീണ്ടെടുക്കുന്നത് സ്വന്തം സഹോദരനെയും കുടുംബത്തിന്റെ പാരമ്പര്യ അറിവുകളെയും സ്വത്തുക്കളെയും മാത്രമല്ല സ്വന്തം സ്വത്വത്തെ കൂടിയാണ് എന്ന തിരിച്ചറിവാണ് ഈ നോവലിനെ വ്യത്യസ്തമാക്കുന്നത്.

ലളിതമായ ഒരു ഭാഷ, വ്യത്യസ്തമായ ഒരു അന്തരീക്ഷം, മലയാളം സ്വീകരിക്കാത്ത പ്രമേയം, കൗതുകം ഉണര്‍ത്തുന്ന കഥാപാത്രങ്ങള്‍, ഒരു ത്രില്ലറിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ വിടരുന്ന അധ്യായങ്ങള്‍. മലയാളം ഇനിയും കാണാത്ത പരീക്ഷിക്കാത്ത ഒരു ഇടത്തിലൂടെയാണ് വീര്‍സാല്‍ എന്ന നോവലും കൊണ്ട് മുഹ്‌സിന പോകുന്നത്.

ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം എങ്ങനെ കീറി വെട്ടിപ്പിളര്‍ന്നു മുറിക്കപ്പെട്ടു, അതുപോലെ അസംഖ്യം മനുഷ്യര്‍ സ്വന്തം ജീവിതത്തെ മുറിപ്പെടുത്തി രണ്ടു വശത്തായി വര്‍ഷങ്ങളോളം ജീവിക്കേണ്ടി വന്നിട്ടുണ്ട്.

ഇനിയൊരിക്കലും ഒരുമിക്കാന്‍ ആകാത്തവിധം അകന്ന രാജ്യങ്ങളെപ്പോലെ രണ്ടു രാജ്യങ്ങളും അകന്നു പോയിട്ടുണ്ട്. ഇരു അതിര്‍ത്തികള്‍ക്കിപ്പുറവും രക്തബന്ധത്താലും പാരമ്പര്യത്താലും കെട്ടുപിണഞ്ഞ മനുഷ്യര്‍ മറ്റെന്തൊക്കെയോ കാരണത്താല്‍ പരസ്പരം അകന്നു പോയിക്കൊണ്ടിരിക്കുന്നു.

70 വര്‍ഷങ്ങള്‍ക്കിപ്പുറമെങ്കിലും സഹോദരനെ കണ്ടെത്താനാകുമെന്ന പ്രത്യാശ, ശരിയുടെ പ്രത്യാശയാണ്. എങ്കിലും വേര്‍പെട്ടുപോയ നമ്മുടെ കൂടെപ്പിറപ്പുമായി ഏതെങ്കിലും കാലത്ത് നമുക്ക് ഒരുമിക്കാനാകുമെന്ന വലിയ വിശ്വാസം.

(വീര്‍സാല്‍ നോവലിന് ഇന്ദു മേനോന്‍ എഴുതിയ അവതാരിക). ബുക് പ്ലസ് ആണ് പ്രസാധകര്‍.


വീര്‍സാല്‍ നോവല്‍, കെ.പി രാമനുണ്ണി അജയ് പി. മങ്ങാടിനു നല്‍കി പ്രകാശനം ചെയ്യുന്നു.





TAGS :