Quantcast
MediaOne Logo

വീര്‍സാല്‍ രാജകുടുംബം

വീര്‍സാല്‍ - നോവല്‍ | അധ്യായം 17

വീര്‍സാല്‍ രാജകുടുംബം
X
Listen to this Article

''ഇനി ഒരടി മുന്നോട്ട് വെച്ചാല്‍ നിന്റെ ബാബയുടെയും അമര്‍നാഥിന്റെയും വിധി തന്നെയായിരിക്കും നിനക്കും.'' ഞാന്‍ ഞെട്ടിത്തരിച്ച് ചുറ്റും നോക്കി.

ചുവപ്പു കലര്‍ന്ന ആകാശത്തിന്റെ പശ്ചാത്തലത്തില്‍ ത്രിദന്‍ ജ്യോതി ഗുഹാമുഖം തീതുപ്പുന്ന വ്യാളിയുടേത് പോലെ തോന്നിച്ചു. ചുറ്റുപാടും ഉണങ്ങിയ ഇലകള്‍ ചതഞ്ഞരയുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. കാലിലൂടെ തണുപ്പ് ഇരച്ചു കയറി. കയ്യിലുള്ള പാറക്കല്ലുകളും ആ ചെറിയ വെള്ളാരം കല്ലും താഴെ വീണു പോകുമോ എന്നു ഞാന്‍ ഭയന്നു. ഖാലിദിന്റെ തകരപ്പെട്ടിയിലെ ആ പ്രത്യേക വെള്ളാരം കല്ലാണ് രഹസ്യ കോഡിലെ പാറക്കല്ലുകളെ തമ്മില്‍ യോജിപ്പിക്കുന്നതെന്ന് പറഞ്ഞത് കിഷനാണ്. ചുറ്റും നിന്നുള്ള ഒച്ചകള്‍ ഉയര്‍ന്നു കേള്‍ക്കുന്തോറും ഞാനവയിലുള്ള പിടി മുറുക്കി. വെളിച്ചം വറ്റിയ ആകാശത്തിന് മറവില്‍ മരച്ചില്ലകള്‍ ഭീകരരൂപങ്ങളായി കാണപ്പെട്ടു. അതില്‍ നിന്നു ഏത് നിമിഷവും മുന്നോട്ട് ചാടി വീണേക്കാവുന്ന എതിരാളികള്‍ പതിയിരിപ്പുണ്ടെന്നാലോചിച്ചപ്പോള്‍ രക്തം തണുത്തുറഞ്ഞു. എത്ര വേഗത്തിലാണ് ചുറ്റും ഇരുട്ട് മൂടുന്നതെന്ന് ഞാന്‍ ആകുലപ്പെട്ടു. വെളിച്ചം നിഴലുകളേയും കൂടേക്കൊണ്ടുപോയിരിക്കുന്നു. ഇപ്പോള്‍ ചുറ്റും പതിയിരിക്കുന്നത് കട്ടക്കറുപ്പ് മാത്രമാണ്.

'ആരാണ് തന്നെ ഭീഷണിപ്പെടുത്തിയത്? ആ ശബ്ദം യഥാര്‍ഥമല്ലായിരുന്നോ? ഭയം നെയ്‌തെടുത്ത എതിരാളിയായിരുന്നോ അത്?'

ഞാനേതോ ദിവാസ്വപ്നത്തിലെന്നപോലെ മുന്നോട്ട് നടക്കാനാഞ്ഞു. പൊടുന്നനെ ചുറ്റും ഒരു മനുഷ്യവേലി രൂപപ്പെടുന്നത് ഞാനറിഞ്ഞു. അവരുടെ കയ്യില്‍ ആയുദ്ധങ്ങളുണ്ടാകുമെന്ന് എനിക്കുറപ്പായിരുന്നു. ഇതിനോടകം തന്നെ എന്റെ മനസ്സ് യാഥാര്‍ഥ്യത്തെ അംഗീകരിച്ചു കഴിഞ്ഞിരുന്നു.

''കയ്യിലുള്ള സാധനങ്ങള്‍ താഴെ വെച്ചു കീഴടങ്ങുക.'' എന്ന നിര്‍ദേശം ചുറ്റും മുഴങ്ങി. എന്തുചെയ്യണമെന്നറിയാതെ ആ ശബ്ദത്തിന്റെ ഉടമയെ അന്വേഷിച്ച കണ്ണുകള്‍ക്കു മുന്നിലേയ്ക്ക് ഒരു രൂപം കടന്നു വന്നു.

''ആരാ? എന്ത് വേണം?'' അല്‍പം ധൈര്യം സംഭരിച്ചു ഞാന്‍ ചോദിച്ചു.

''ഞാനാരാണെന്ന് നീയറിയേണ്ട ആവശ്യമില്ല. കാരണം, ഞാനൊരു വ്യക്തിയല്ല. അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതീകമാണ്. അന്ന് വീര്‍സാല്‍ രാജകുടുംബം ചവിട്ടിയരച്ചത് ഞങ്ങളുടെ അവകാശങ്ങളെയായിരുന്നു. വീര്‍സാല്‍ രാജകുടുംബത്തിന്റെ നേട്ടങ്ങള്‍ക്ക് പിന്നിലൊരാളുണ്ടായിരുന്നു-മുതകബ്ബിര്‍. അദ്ദേഹമാണ് എല്ലാ പരീക്ഷണങ്ങള്‍ക്കും പിന്നില്‍. അഞ്ചാറ് വര്‍ഷം അദ്ദേഹത്തെ രാജ ഗുരുവായി നിയമിച്ചു. എന്നാല്‍, പതിയെ അദ്ദേഹത്തെ ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ നടന്നു. അദ്ദേഹം ജീവിച്ചിരുന്നാല്‍ രാജ കുടുംബത്തിന്റെ ശാസ്ത്രീയമായ നേട്ടങ്ങള്‍ക്കു അവകാശികളുണ്ടാകുമെന്ന് നിങ്ങള്‍ ഭയന്നു. അതിനാല്‍, നിങ്ങള്‍ തന്നെ അദ്ദേഹത്തെ ഇല്ലാതാക്കി. എന്നിട്ട്, ആ അറിവുകള്‍ അദ്ദേഹത്തോടൊപ്പം എരിഞ്ഞില്ലാതായെന്ന് നിങ്ങള്‍ ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അദ്ദേഹം കഷ്ടപ്പെട്ടത് ജനങ്ങള്‍ക്കു വേണ്ടിയാണ്. ഞങ്ങള്‍ക്കു വേണ്ടിയാണ്. അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ ഞങ്ങളുടേതാണ്,'' അയാളുടെ വാക്കുകളില്‍ വെറുപ്പ് കലരുന്നത് ഞാനറിഞ്ഞു.

''നിങ്ങളെ ആരോ തെറ്റിദ്ധരിപ്പിച്ചു വെച്ചിരിക്കുകയാണ്. മുതകബ്ബിര്‍ ദാദയെ ഞങ്ങള്‍ ഉപദ്രവിച്ചിട്ടില്ല. സംരക്ഷിച്ചയിട്ടേയുളളൂ.''

''നീയും ഈ കെട്ടുകഥകളാണ് പറയാനുദ്ദേശിക്കുന്നതെങ്കില്‍ ഞങ്ങള്‍ക്കൊന്നും കേള്‍ക്കേണ്ട. നിനക്കു പെട്ടന്ന് തന്നെ നിന്റെ പൂര്‍വ്വികരുടെ അടുത്തെത്താം. കൂടുതല്‍ ആളുകള്‍ അടുത്തേക്ക് വരുന്നത് ഞാനറിഞ്ഞു.

മനസ്സ് ശൂന്യമായി. തൊണ്ടയിലൊരു ഘനമനുഭവപ്പെട്ടു. നാക്ക് വറ്റി വരളുന്നത് ഞാനറിഞ്ഞു. എന്റെ കയ്യില്‍ വെള്ളാരം കല്ല് കുത്തിക്കയറുന്നതുപോലെത്തോന്നി. അവര്‍ ഏത് നിമിഷവുമെന്നെ ആക്രമിക്കാം.

''നമുക്ക് ആ കലവറ തുറന്നു നോക്കാം. സത്യമെന്താണെന്ന് അതിനകത്ത് നിന്നു നിങ്ങള്‍ക്കു ബോധ്യപ്പെടും,'' അവരെ പിടിച്ചു നിര്‍ത്താന്‍ മറ്റൊരു മാര്‍ഗവുമില്ലെന്ന് എനിക്കറിയാമായിരുന്നു. ബാബയും അമര്‍നാഥ് ബാബയും ഇവരോട് എന്താണ് പറഞ്ഞത് എന്നു എനിക്കറിയില്ല. ചിലപ്പോള്‍ ഇതേ വാക്കുകളും വാചകങ്ങളുമാകാം. ആ കലവറക്കകത്ത് എന്താണെന്നും തനിക്കറിയില്ല. ചിലപ്പോളത് ശൂന്യമായിരിക്കാം. വരും തലമുറയെ കബളിപ്പിക്കാന്‍ മിനഞ്ഞെടുത്ത ചില കെട്ടുകഥകള്‍ മാത്രമാകാം. ഇനി അതിനകത്ത് എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ത്തന്നെ അത് കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടാകാം. അതവിടെ നിന്നു മാറ്റിയിട്ടുണ്ടാകാം. അതുമല്ലെങ്കില്‍ യഥാര്‍ഥ അറിവുകള്‍ക്കു പകരം തെറ്റായ വിവരങ്ങള്‍ മാറ്റിസ്ഥാപിക്കപ്പെട്ടിട്ടുണ്ടാകാം.

''അതിനിനി നിന്റെ സഹായം ആവശ്യമില്ല. അതെല്ലാം ഞങ്ങളുടേത് മാത്രമാണ്. നിനക്കു അതിനകം കാണാനുള്ള അവകാശം പോലുമില്ല,'' ചുറ്റും ആളുകളിളകി. അവരെന്റെ നേരെ പാഞ്ഞടുക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു. മണ്ണെണ്ണയുടെ ഗന്ധം മൂക്കില്‍ത്തുളച്ചു കയറി. ബാബയെപ്പോലെ അമര്‍ജീത് ബാബയെപ്പോലെ നിമിഷനേരം കൊണ്ട് താനും കത്തിച്ചാമ്പലാകുമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. താന്‍ കിഷന്‍ ശങ്കറിന് കൊടുത്ത വാക്കോ? എന്റെ വരവും കാത്തു ഒരു കുടുംബം അവിടെ കാത്തിരിക്കുന്നുണ്ട്. എനിക്കു മാത്രമേ അവരെ രക്ഷിക്കാനാകൂ. ഞാനും കൂടി ഇല്ലാതായാല്‍ ആ കുടുംബത്തിന്റെ പ്രതീക്ഷകളൊടുങ്ങും. വരും തലമുറ വീര്‍സാല്‍ കുടുംബത്തെ ഒരു പരാജയമായി കണക്കാക്കും. ചരിത്രത്താളുകളില്‍ വീര്‍സാല്‍ കുടുംബത്തെ മോശമായി ചിത്രീകരിക്കും. എന്നോടൊപ്പം ആ രാജകുടുംബത്തന്റെിന്റെ യശസ്സും എരിഞ്ഞില്ലാതാകും.

''ഞങ്ങള്‍ക്കു വേണമെങ്കില്‍ നിന്നെ വെടിവെച്ചു വീഴ്ത്താം. ആക്രമിച്ചു കൊല്ലാം. പക്ഷേ, ഞങ്ങളത് ചെയ്യില്ല. തൊലിയും മാംസവും കത്തിയുരുകുമ്പോളുള്ള വേദന നീയറിയണം. ഞങ്ങളുടെ ദാദ മരിച്ചപ്പോളനുഭവിച്ച വേദന നീയറിയണം. വീര്‍സാല്‍ കുടുംബത്തിന്റെ ക്രൂരതകള്‍ ലോകത്തെ ബോധ്യപ്പെടുത്തണം. എന്നാലേ, ഞങ്ങളുടെ കുടുംബത്തിന്റെ മഹിമ ജനങ്ങള്‍ അംഗീകരിക്കൂ.''


എന്റെ കാലുകള്‍ വിറച്ചു. ബലം ക്ഷയിക്കുന്നത് പോലെത്തോന്നി. പണ്ടായിരുന്നെങ്കില്‍ ഞാനിവരെ അടിച്ചു വീഴ്ത്തുമായിരുന്നു. ഇന്നെനിക്ക് അതിനു സാധിക്കുകയില്ല. തൊട്ടടുത്ത് ഒരു തീപ്പന്തം ആളിക്കത്തി. പടര്‍ന്നു പിടിക്കുന്ന ചുവപ്പു ഭൂതത്തിന്റെ അവ്യക്തമായ അരികുകളുടെ ഭാഗമാകാന്‍ ഞാന്‍ ഭയന്നു.

ചുറ്റും കട്ടക്കറുപ്പ് പടര്‍ന്നു കഴിഞ്ഞിരുന്നു. ഗുഹയും ചുറ്റുമുള്ള മരങ്ങളും ആ ഇരുട്ടിലലിഞ്ഞു ചേര്‍ന്നു. ഞാനും അല്പനേരം കൊണ്ട് ഇരുട്ടിന്റെ ഭാഗമാകും. എന്നെത്തേടി വരാന്‍ ആരുമില്ല. മാതന്റെ മരണമറിഞ്ഞാല്‍ കരയുമായിരിക്കുമോ? അതോ ചിരിക്കുമോ? ഇപ്പോള്‍ മാ എന്ത് ചെയ്യുകയായിരിക്കും? താന്‍ തിരിച്ചു വന്നപ്പോള്‍ ഒന്നു മായെപ്പോയിക്കാണേണ്ടതായിരുന്നു. അപ്പോള്‍, സത്യം കണ്ടെത്താനുള്ള വ്യഗ്രതയായിരുന്നു മനസ്സ് നിറയെ. കിഷന്‍ ഷങ്കറിന് കൊടുത്ത വാക്ക് മനസ്സിനെ അന്ധമാക്കിക്കളഞ്ഞിരുന്നു. ജീവിച്ചിരിക്കാനുള്ള കൊതി മനസ്സിനെ പിടിച്ചുലച്ചു. തീയിന്റെ ചൂട് മുഖത്തേറ്റപ്പോഴാണ് എതിരാളികള്‍ ഞാന്‍ വിചാരിച്ചതിനേക്കാള്‍ അടുത്തെത്തിയിട്ടുണ്ടെന്ന് മനസ്സിലായത്.

(തുടരും)

| ഡോ. മുഹ്‌സിന കെ. ഇസ്മായില്‍: നോവലിസ്റ്റ്, കഥാകൃത്ത്, കവി. ഡെന്റിസ്റ്റായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളില്‍ എഴുതുന്നു. മറ്റു നോവലുകള്‍: ജുഗ്ഇം (മരണം), മംഗാല, യല്‍ദ-ജവാരിയ (ദയ). ലെറ്റേഴ്സ് ഫ്രം എ കിഡ്, ദി ഫ്രോസെന്‍ മെമ്മറീസ് എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.



TAGS :