എൽഎസ്എസ്, യുഎസ്എസ് പരീക്ഷാ സിലബസിൽ ഇത്ര പിടിവാശി വേണോ?
സാധാരണ സ്കൂൾ പഠന സമയത്ത് പഠിപ്പിച്ചു തീരാവുന്നതിനപ്പുറത്തേക്കുള്ള പാഠങ്ങൾ ഈ സ്കോളർഷിപ്പ് പരീക്ഷയ്ക്ക് വേണ്ടി കുട്ടികൾ പഠിക്കേണ്ടതിനാൽ ഇതിനുവേണ്ടി മറ്റു പല സമയങ്ങളും അധികമായി വിനിയോഗിക്കാൻ നിർബന്ധിതരാവുകയാണ് അധ്യാപകർ

നമ്മുടെ പൊതുവിദ്യാലയങ്ങളിൽ നടത്തിപ്പോരുന്ന എൽഎസ്എസ്-യുഎസ്എസ് പരീക്ഷകൾ തത്വത്തിൽ മിടുക്കരായ വിദ്യാർത്ഥികളിൽ കൂടുതൽ പഠനത്തിനോടുള്ള ത്വര വർദ്ധിപ്പിക്കാൻ വേണ്ടിയുള്ളതാണെങ്കിലും കുറച്ചുകാലങ്ങളായിട്ട് പഠനത്തിൽ മികവു പുലർത്തുന്ന കുട്ടികൾക്ക് നൽകുന്ന ശിക്ഷയായി മാറിയിരിക്കുകയാണിത് .
ഫെബ്രുവരിയിൽ നടത്തുന്ന ഈ പരീക്ഷയ്ക്ക് ജനുവരി 31 വരെയുള്ള പാഠഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സിലബസാണ് മുമ്പുണ്ടായിരുന്നത്. എന്നാൽ കൊറോണ സമയത്തെ പരീക്ഷ ഒരു വർഷം പിന്നിട്ട ശേഷം നടത്തിയതിനാൽ പരീക്ഷാ സിലബസിൽ മുഴുവൻ പാഠഭാഗങ്ങളും ഉൾപ്പെടുത്തിയിരുന്നു. പിന്നീട് ക്ലാസുകൾ ഓൺലൈനിൽ നിന്നും ഓഫ് ലൈനിലേക്ക് മാറി നമ്മൾ പഴയ പടിയിലേക്കുതന്നെ തിരിച്ചു വന്നപ്പോൾ എൽഎസ്എസ്- യുഎസ്എസ് പരീക്ഷകൾ യഥാസമയം ഫെബ്രുവരിയിൽ നടത്തുകയും, പരീക്ഷാ സിലബസിൽ തുടർന്നുള്ള രണ്ടുമാസത്തെ അധിക പാഠഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി മുഴുവൻ പാഠഭാഗങ്ങളും എന്ന രീതി അതേപടി തുടർന്നുകൊണ്ടിരിക്കുകയുമാണ് ചെയ്യുന്നത്.
സാധാരണ സ്കൂൾ പഠന സമയത്ത് പഠിപ്പിച്ചു തീരാവുന്നതിനപ്പുറത്തേക്കുള്ള പാഠങ്ങൾ ഈ സ്കോളർഷിപ്പ് പരീക്ഷയ്ക്ക് വേണ്ടി കുട്ടികൾ പഠിക്കേണ്ടതിനാൽ ഇതിനുവേണ്ടി മറ്റു പല സമയങ്ങളും അധികമായി വിനിയോഗിക്കാൻ നിർബന്ധിതരാവുകയാണ് അധ്യാപകർ. കൊറോണക്ക് മുമ്പുള്ള പോലെതന്നെ സിലബസ് പുനക്രമീകരിക്കണമെന്ന് രാഷ്ട്രീയ ഭേദമെന്യേ കുട്ടികളുമായി നേരിട്ടിടപഴകുന്ന ഇടത്- വലത് അധ്യാപക സംഘടനകൾ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും പരിഗണിക്കാം എന്ന് വാക്കാൽ മറുപടി നൽകിയെന്നല്ലാതെ തീരുമാനത്തിൽ യാതൊരു മാറ്റവും ഇതുവരെ കൈകൊണ്ടിട്ടില്ല എന്നതാണ് 2025ലെ പരീക്ഷ നോട്ടിഫിക്കേഷനിലും നമുക്ക് കാണാൻ കഴിയുക.
പോർഷൻ തീർക്കാൻ ക്രിസ്മസ് വെക്കേഷനിൽ പകുതി ദിവസവും മറ്റു അവധി ദിവസങ്ങളിലും മോണിംഗ് ക്ലാസ് ഈവനിംഗ് ക്ലാസ് തുടങ്ങിയ രീതികളിലും അധ്യാപകർക്ക് അധിക ക്ലാസ് വെക്കേണ്ടിവന്നിരിക്കുന്നു . അവശ്യം വേണ്ട വിശ്രമവേളകൾ പോലും നിഷേധിക്കപ്പെടുന്ന ഈ ഓവർലോഡ് കോച്ചിംഗ് കുട്ടികളെ സംബന്ധിച്ചിടത്തോളം മാനസിക സമ്മർദം ഉണ്ടാക്കുന്നുണ്ട്.
ശിശുസൗഹാർദ വിദ്യാഭ്യാസമെന്ന് സ്വയം വിശേഷിപ്പിക്കുന്ന നമ്മുടെ പൊതുവിദ്യാഭ്യാസ സംവിധാനത്തിനകത്ത് തുടർന്നുപോരുന്ന ഈ വൈരുദ്ധ്യം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനും വളരെ ചെറിയൊരു തീരുമാന മാറ്റത്തിലൂടെ ഇതിനൊരു പരിഹാരം തേടാനുമായി വിദ്യാഭ്യാസ മന്ത്രിക്ക് ഒരു രക്ഷിതാവ് പരാതി നൽകിയിരുന്നു. എന്നാൽ അതിന് പരീക്ഷാഭവൻ നൽകിയ മറുപടി തീർത്തും അപലപനീയമാണ് . രക്ഷിതാവ് നൽകിയ പരാതി നിരാകരിക്കാൻ പരീക്ഷാഭവൻ മുന്നോട്ടുവച്ച വാദങ്ങൾ വിശകലനം ചെയ്യുകയാണിവിടെ.
// നിശ്ചിത പാഠഭാഗങ്ങളിലെ മാത്രം ചോദ്യങ്ങൾ ഉൾപ്പെടുത്തി ടി പരീക്ഷ നടത്താൻ എൽഎസ്എസ്- യുഎസ്എസ് പരീക്ഷകൾ ഒരു പാദവാർഷിക പരീക്ഷയോ അർദ്ധവാർഷിക പരീക്ഷയോ അല്ല.//
പരീക്ഷാഭവൻ പറയുന്ന ഇക്കാര്യം അംഗീകരിക്കുന്നു. എന്നാൽ ഇങ്ങനെയാണെങ്കിൽ ചെയ്യേണ്ടിയിരുന്നത് മുഴുവൻ സിലബസും പഠിപ്പിച്ചു കഴിഞ്ഞതിനുശേഷം പരീക്ഷ നടത്തുക എന്നതായിരുന്നു. കാരണം മാർച്ചിൽ എടുത്ത് തീരേണ്ട വിഷയങ്ങൾ കൂടെ കുട്ടികൾ പഠിച്ചെടുക്കേണ്ടതുള്ളതിനാൽ അധ്യാപകരും ഏറെ കഷ്ടപ്പെടുകയാണ്.
പൊതുവെ കലാമേള, കായികമേള, ശാസ്ത്രമേള, ഫസ്റ്റ് പീരിയഡിലെ പല ദിനാചരങ്ങളിലും നടത്തുന്ന ക്വിസ് മത്സരങ്ങൾ എന്നുതുടങ്ങി പല രീതിയിലും ക്ലാസ് സമയങ്ങൾ നഷ്ടപ്പെടുന്നുണ്ട്. അഥവാ ഇനി യഥാവിധി സമയക്രമം പാലിക്കുന്ന സ്കൂളുകളാണെങ്കിലും അവർക്കും അധിക പാഠഭാഗങ്ങൾ കുറഞ്ഞ സമയം കൊണ്ട് എടുത്തു തീർക്കുകയെന്നത് പ്രതിബന്ധം തന്നെയാണ്. അതിനാൽ പരീക്ഷാഭവൻ ആത്മാർഥതയോടു കൂടിയും നന്മ ഉദ്ദേശിച്ചുമാണ് എൽഎസ്എസ്, യുഎസ്എസ് പൊതു പരീക്ഷകൾ നടത്തുന്നത് എന്നുണ്ടെങ്കിൽ ഫെബ്രുവരിയിൽ പരീക്ഷ വയ്ക്കുന്നതിനു പകരം പാഠഭാഗങ്ങൾ തീർന്ന് മാർച്ചിലെ വാർഷിക പരീക്ഷക്ക് ശേഷമായിരുന്നു ഇത് നടത്തേണ്ടിയിരുന്നത്.
എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് പരീക്ഷാഭവൻ നൽകിയ മറുപടി
// ഉന്നത നിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രം നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയാണിത്. ആയതിനാൽ തന്നെ അതത് ക്ലാസുകളിലെ പാഠഭാഗങ്ങളിൽ കുറവ് വരുത്തേണ്ടതിന്റെ ആവശ്യകത ഉണ്ടെന്നു തോന്നുന്നില്ല //
ഉന്നത നിലവാരം പുലർത്തുന്നു എന്ന കാരണത്താൽ ഈ കുട്ടികളുടെ കഴിവിനപ്പുറത്തേക്കുള്ള ഭാരം അടിച്ചേൽപ്പിക്കുന്നത് തീർത്തും തെറ്റായ നടപടിയാണ്. ഈ കുട്ടികൾ സാധാരണ കുട്ടികളെക്കാൾ കൂടുതൽ പ്രതിഭാധനരാണ്. കൂടുതൽ വേഗത്തിലും ഫലപ്രദമായും പഠിക്കാനും സങ്കീർണമായ ആശയങ്ങൾ മനസ്സിലാക്കാനും അവർക്ക് കഴിയും.
എന്നാൽ ഇതർത്ഥമാക്കുന്നത് അവർക്ക് എടുത്ത് തീരാത്ത പാഠഭാഗങ്ങളും കുറഞ്ഞ സമയം കൊണ്ട് പഠിച്ചെടുക്കാനാകുമെന്നല്ല. പ്രതിഭാശാലികൾക്കും സമയവും ശ്രദ്ധയും ആവശ്യമാണ്. കൂടാതെ അവരുടെ പഠനത്തിന് ഒരു സന്തുലിതമായ സമീപനവും അനിവാര്യമാണ്. രണ്ടുമാസത്തെ അധിക പാഠഭാഗങ്ങൾ കൂടി ഉൾപ്പെടുത്തുന്നത് മൂലം കുട്ടികൾക്ക് ആവശ്യമായ സമയം ലഭിക്കില്ല എന്നതുകൊണ്ട് അവരിൽ അധികസമ്മർദം സൃഷ്ടിക്കും. മാത്രമല്ല വേഗത്തിൽ പഠിക്കാൻ ശ്രമിക്കുന്നത് പഠനത്തിൻ്റെ ഗുണനിലവാരത്തെയും സാരമായി ബാധിക്കും. ഈ കുട്ടികളുടെയും ശാരീരികവും മാനസികവുമായ ആവശ്യങ്ങൾ നമ്മൾ പരിഗണിക്കേണ്ടതില്ലേ? ഇവർ മാലാഖകൾ ഒന്നുമല്ലല്ലോ!
മനഃശാസ്ത്ര വീക്ഷണത്തിലൂടെ പറയുകയാണെങ്കിൽ ഉന്നത പഠനനിലവാരം പുലർത്തുന്ന കുട്ടികൾക്ക് നൽകുന്ന ഒരു പ്രബലനനം (Reinforcement ) കൂടിയാണ് സ്കോളർഷിപ്പ് പരീക്ഷ. എന്നാൽ നമ്മുടെ ഇപ്പോഴത്തെ സിസ്റ്റവും പരീക്ഷാഭവൻ്റെ ഈ മറുപടിയും പ്രകാരം ഈ പരീക്ഷകൾ നന്നായി പഠിക്കുന്ന കുട്ടികൾക്ക് നൽകുന്ന ഒരു ശിക്ഷയായി (Punishment) മാറിയിരിക്കുകയാണ്.
പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി അനുകൂല പ്രബലനത്തിലൂടെ (Positive Reinforcement )അവരെ പ്രോത്സാഹിപ്പിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യേണ്ടത്. എന്നാൽ ഇപ്പോഴത്തെ സമ്പ്രദായം കാരണം പഠനം എന്നത് ഒരു ബാലികേറാമലയാണെന്ന ബോധ്യമാണ് കുട്ടികളിൽ ഫലത്തിൽ വരുത്തിവെക്കുന്നത്. ശിക്ഷാ (Punishment )രൂപേണയുള്ള ഇപ്പോഴത്തെ രീതി പ്രതിഭകളെ തെരഞ്ഞുപിടിച്ച് അവരിലെ പ്രതിഭയെ കെടുത്തിക്കളയുന്ന തരത്തിലായിത്തീർന്നിരിക്കുന്നു. ഇടക്കിടക്ക് വിദ്യാഭ്യാസ കമ്മിറ്റികളെ നിയോഗിച്ച് വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്താൻ തത്രപ്പെടുന്ന കേരളീയ പരിസരത്ത് ഒരിക്കലും നീതീകരിക്കാനാവാത്തതാണിത്.
നമ്മൾ ഇപ്പോൾ അനുവർത്തിച്ചുപോരുന്ന നൂതന ബോധന രീതികളിലൂടെ കടന്നുപോകുന്ന നമ്മുടെ കുട്ടികൾ വളരെ ഔത്സുക്യത്തോടെയും ആസ്വദിച്ചുമാണ് ഇപ്പോൾ പഠനം എന്ന പ്രക്രിയയുടെ ഭാഗമാകുന്നത്. എന്നാൽ മത്സരപരീക്ഷയുടെ ഭാഗമായി ഇപ്പോഴുള്ള ഓവർലോഡ് കോച്ചിംഗ് കാരണം പഠനത്തോട് ഒരുതരം വിരസതയാണ് കുട്ടികളിൽ പ്രകടമാകുന്നത്.
ഖാദർ കമ്മിറ്റി റിപ്പോർട്ടടക്കം മുന്നോട്ടുവെക്കുന്ന ആശയങ്ങൾക്ക് ഭംഗം വരുത്തുന്നതാണിത്. കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് നമ്മുടെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ ശാരീരിക- മാനസിക -വൈകാരിക വളർച്ചയ്ക്കും വികാസത്തിനും ഉതകുന്ന സാഹചര്യമൊരുക്കണമെന്ന നിർദ്ദേശവും ശിശു സൗഹൃദ വിദ്യാലയ സങ്കല്പവും ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രത്യേകം നിഷ്കർഷിച്ചിട്ടും പ്രായോഗികതലത്തിൽ ഇത്തരം റിപ്പോർട്ടുകളിലെ നിർദ്ദേശങ്ങൾക്ക് കടകവിരുദ്ധമായ തീരുമാനമാണ് പരീക്ഷാഭനിൽ നിന്ന് പോലും വന്നിരിക്കുന്നത്.
അതത് ക്ലാസുകളിലെ പാഠഭാഗങ്ങളിൽ കുറവ് വരുത്തേണ്ടതില്ലെന്ന പരീക്ഷാഭവന്റെ സമീപനമാണ് അധ്യാപകരെയും കുട്ടികളെയും ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. രാവിലെ സ്കൂൾ തുടങ്ങുന്നതിനു മുമ്പ് ഒരു മണിക്കൂർ , ചില സ്കൂളുകളിൽ വൈകീട്ട് സ്കൂൾ വിട്ടതിനുശേഷം ഒരു മണിക്കൂർ, മറ്റുചിലയിടങ്ങളിൽ ഉച്ചക്കത്തെ ഇൻറർവെൽ സമയം, വേറെ ചില സ്കൂളുകളിൽ സാധാരണ ക്ലാസ് സമയത്ത് ഈ കുട്ടികളെ പ്രത്യേകം മാറ്റിയിരുത്തി രണ്ടു മണിക്കൂർ കോച്ചിംഗ്, ഈ കോച്ചിംഗ് സമയത്ത് സാധാരണ ക്ലാസ്സിൽ നടക്കുന്ന പഠന പ്രവർത്തനങ്ങൾ വേറെ എഴുതിയെടുക്കുക എന്ന് തുടങ്ങി അശാസ്ത്രീയമായ രീതികൾ അധ്യാപകർക്ക് കൈ കൊള്ളേണ്ടിവരുന്നത് അധ്യാപകർ ബുദ്ധിശൂന്യരോ കാര്യശേഷിയില്ലാത്തവരോ ആയതുകൊണ്ടല്ല. മറിച്ച് ഉദ്യോഗസ്ഥന്മാർ പരീക്ഷാ സിലബസിന്റെ കാര്യത്തിൽ ഇങ്ങനെയൊരു കടുംപിടുത്തം കൈകൊണ്ടതുകൊണ്ടാണ് .
//ഈ പരീക്ഷകളെ മുൻനിർത്തി പാഠഭാഗങ്ങൾ മുൻകൂട്ടി തന്നെ പഠിപ്പിച്ചു തീർക്കണമെന്നോ കുട്ടികൾക്ക് പ്രത്യേക കോച്ചിംഗ് ക്ലാസുകൾ ശനി ഞായർ ദിവസങ്ങളിലോ മറ്റ് അവധി ദിവസങ്ങളിലോ വൈകുന്നേരങ്ങളിലോ നൽകണമെന്നോ വിദ്യാഭ്യാസ വകുപ്പ് നിഷ്കർഷിക്കുന്നില്ല. അത്തരത്തിലുള്ള യാതൊരുവിധ നിർദ്ദേശങ്ങളും വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതർക്ക് നാളിതുവരെ നൽകിയിട്ടില്ല //
ഖാദർ കമ്മിറ്റി റിപ്പോർട്ടിലെയും മറ്റും ശിശു സൗഹൃദ വിദ്യാഭ്യാസ സമീപനം എന്ന ആശയത്തെ പുച്ഛിക്കുന്ന വാദമാണിത്. അധ്യാപകർ പഠിപ്പിക്കുക പോലും ചെയ്യാത്ത പാഠഭാഗങ്ങൾ വളരെ കുറഞ്ഞ സമയം കൊണ്ട് കുട്ടികൾ സ്വയം പഠിച്ചെടുത്ത് പരീക്ഷ എഴുതണം എന്ന് ശഠിക്കുന്ന പരീക്ഷാഭവൻ ശിശുസൗഹൃദ സമീപനം കൈകൊണ്ടില്ലെങ്കിലും കുട്ടികളെ ശിക്ഷിക്കുന്ന രീതിയിലുള്ള പ്രതിലോമപരമായ ഇത്തരം നിലപാട് എടുക്കാതിരുന്നാൽ മതിയായിരുന്നു.
ഇതൊരു പൊള്ളയായ വാദവുമാണ്. കാരണം ഫെബ്രുവരിയിൽ നടത്തുന്ന പരീക്ഷയ്ക്ക് മുഴുവൻ സിലബസും ഉൾപ്പെടുത്തിയത് വഴി തത്വത്തിൽ ഉത്തരവില്ലാതെ മുഴുവൻ പാഠഭാഗങ്ങളും പഠിപ്പിക്കാൻ അധ്യാപകർ നിർബന്ധിതരാവുകയാണ്. ശിശു സൗഹൃദ സമീപനം പരീക്ഷാഭവന് ഇല്ലെങ്കിലും നമ്മുടെ പ്രിയപ്പെട്ട അധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികളുടെ ഉന്നമനം ആഗ്രഹിക്കുന്നവരും അവരെ സഹായിക്കാൻ സന്നദ്ധതയുള്ളവരുമാണ്. കുട്ടികളങ്ങ് സ്വയം പഠിച്ചെഴുതട്ടെ കിട്ടാനുള്ള ശമ്പളം കിട്ടുന്നുണ്ടല്ലോ എന്ന സ്വാർത്ഥ മനസ്കരല്ല ഓരോ കുട്ടിയെയും സ്വന്തം കുട്ടിയായി കാണുന്ന അധ്യാപക സമൂഹം.
ഇതിനായി കുട്ടികളുടെ ശാരീരിക -മാനസികാരോഗ്യം പരിഗണിക്കാതെ ഓവർലോഡ് കോച്ചിംഗും കൊടുക്കേണ്ട ഗതികേടിലാണവർ..ഉത്തരവിടുന്നില്ലെങ്കിലും ആ രീതിയിൽ ആവാൻ വേണ്ട എല്ലാ സംവിധാനവും ഉണ്ടാക്കി തീർക്കുകയാണ് ഈ തീരുമാനത്തിലൂടെ സംഭവിക്കുന്നത്.
എൽഎസ്എസ്-യുഎസ്എസ് വിജയികൾ സ്കൂളുകളുടെ പ്രശസ്തിയുടെ അളവുകളായി മാറിയിരിക്കുന്നതിനാൽ കൂടുതൽ വിജയികൾക്കു വേണ്ടിയുള്ള മത്സരയോട്ടത്തിൽ എയ്ഡഡ് സ്കൂളുകളിലെ കുട്ടികളാണ് ഇത്തരത്തിലുള്ള അമിതഭാരത്തിനു കൂടുതൽ വിധേയരാകുന്നത്. കോച്ചിങ്ങുകൾ കൊടുക്കാതെ മുഴുവൻ പാഠഭാഗങ്ങളും ഉൾപ്പെടുത്തിയുള്ള പരീക്ഷക്ക് സജ്ജരാവാൻ കുട്ടികൾക്ക് സാധ്യമല്ലാത്തതിനാൽ സർക്കാർ സ്കൂളുകളിലും കോച്ചിങ്ങുകൾ കൊടുക്കുന്നുണ്ട് . എൽഎസ്എസ്, യുഎസ്എസ് കോച്ചിങ്ങുകൾ കൊടുക്കാത്ത ഒരു സ്കൂളും ഇപ്പോൾ കാണാൻ കഴിയില്ലയെന്നതാണ് വാസ്തവം.
'കോച്ചിങ്ങുകൾ കൊടുക്കാൻ പരീക്ഷാഭവൻ നിർദ്ദേശം കൊടുത്തിട്ടില്ല 'എന്നത് ഒരു ന്യായമല്ല. വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കാത്ത തരത്തിൽ നാടുനീളെ എല്ലാ സ്കൂളുകളിലും ഇത്തരത്തിൽ കോച്ചിങ്ങുകൾ നടന്നുകൊണ്ടിരുന്നിട്ടും ഏതെങ്കിലും സ്കൂളിനെതിരെ സ്വമേധയാ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുകയോ നടപടി എടുക്കുകയോ ചെയ്തിട്ടുണ്ടോ ?പരാതി കിട്ടിയാൽ നടപടി എടുക്കും എന്നാണ് വിദ്യാഭ്യാസ വകുപ്പിൽ വിളിച്ച് ഇത്തരം കാര്യങ്ങളെ സംബന്ധിച്ചു സംസാരിക്കുമ്പോൾ കിട്ടുന്ന മറുപടി. വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരായി സ്കൂളുകൾ പ്രവർത്തിക്കുമ്പോൾ അത് റിപ്പോർട്ട് ചെയ്യേണ്ടത് ജനങ്ങളാണോ ? ഇത്തരം വക കാര്യങ്ങൾ നേരാംവണ്ണം ചെയ്യേണ്ടത് ഉദ്യോഗസ്ഥരുടെ ബാധ്യതയല്ലേ?പരാതി കിട്ടിയിട്ടില്ല എന്നത് ഒരു ഒഴികഴിവാണോ? ട്രാഫിക് നിയമങ്ങൾ പോലുള്ളവ ആളുകൾ ലംഘിക്കുമ്പോൾ പരാതി ലഭിച്ചിട്ടില്ല എന്ന് പറഞ്ഞ് അതിനെതിരെ നടപടി എടുക്കാതിരിക്കാറില്ലല്ലോ? ഖജനാവിലേക്കുള്ള പണമൊഴുക്കിനുള്ള ഉപാധി ആയതുകൊണ്ടാണോ ജനങ്ങൾക്ക് ഭവിക്കുന്ന പിഴവുകൾക്ക് മാത്രം നിഷ്ഠയോടെ പിഴ ഈടാക്കുന്നത്.
സ്കൂളുകളിൽ സ്വകാര്യ ഏജൻസികൾ ക്ലാസുകൾ എടുക്കുന്നതിനെതിരെ വിദ്യാഭ്യാസ വകുപ്പ് ഈയിടെ ഉത്തരവിറക്കിയല്ലോ. കുട്ടികളിൽ നിന്നും നിശ്ചിത ഫീസ് വാങ്ങിച്ച് സ്കൂളുകളിൽ അധ്യാപകരുടെ ഒത്താശയോടെ സ്വകാര്യ ഏജൻസികൾ സംഗീതം ,അബാക്കസ്, കരാട്ടെ ,ചെസ്സ്, സ്പോക്കൺ ഇംഗ്ലീഷ് തുടങ്ങിയവ നടത്തുകയും ദരിദ്രരായ വിദ്യാർത്ഥികൾ അതൊന്നും തങ്ങൾക്ക് പ്രാപ്യമാവാത്തതിനാൽ സങ്കടപ്പെടുന്നതുമൊക്കെ നമ്മുടെ പൊതുവിദ്യാലയങ്ങളിലെ എയ്ഡഡ് സ്കൂളുകളിലെ സ്ഥിരം കാഴ്ചയായിരുന്നല്ലോ.
ഇപ്പോൾ ഇത്തരത്തിലുള്ള സ്വകാര്യ ഏജൻസികൾക്കെതിരെ ഉത്തരവ് വന്നെങ്കിലും ഏതെങ്കിലും സ്കൂളിനെതിരെ വിദ്യാഭ്യാസ വകുപ്പ് സ്വമേധയാ കേസെടുത്തിട്ടുണ്ടോ? അധികാരികളുടെ കണ്ണ് വെട്ടിച്ച് ഇത്തരം അസമത്വങ്ങൾ ഇപ്പോഴും തുടർന്നുപോരുന്നുണ്ടോ എന്ന് പരിശോധിക്കാറുണ്ടോ? ഇത്തരം പരിശോധനകൾ നടത്തി ഇല്ല എന്ന് ഉറപ്പുവരുത്തിയാലല്ലേ നമ്മുടെ കുട്ടികൾക്ക് വിദ്യാഭ്യാസ കമ്മിറ്റി റിപ്പോർട്ടുകളിൽ നിഷ്കർഷിക്കുന്ന തുല്യതയും നീതിയും നേടിക്കൊടുക്കാൻ കഴിയുകയുള്ളൂ. ഇപ്പോൾ ഈ കോച്ചിങ്ങിന്റെ കാര്യത്തിലും ഇതുതന്നെയല്ലേ അവസ്ഥ. ഒരു കുറ്റം അല്ലെങ്കിൽ തെറ്റ് ചെയ്യാനുള്ള എല്ലാ അവസരങ്ങളും ഉണ്ടാക്കി കൊടുത്തിട്ട് നമ്മൾ അത് ചെയ്യാൻ പറയുന്നില്ല എന്നുള്ള പരീക്ഷാഭവൻ്റെ
മറുപടി തീർത്തും അപലപനീയമാണ്. എല്ലാ സ്കൂളുകളിലും പരക്കെ അമിതമായ കോച്ചിംഗ് കൊടുക്കുന്നു എന്നത് യാഥാർത്ഥ്യമാണെന്നിരിക്കെ പരാതി ലഭിച്ചാലേ നടപടിയെടുക്കാനാവൂ എന്ന പതിവ് രീതി മാറ്റിവെച്ച് സത്യസന്ധമായും ഇതിനെതിരാണെങ്കിൽ വിദ്യാഭ്യാസ വകുപ്പ് സ്വമേധയാ നടപടി എടുക്കുകയാണ് വേണ്ടത്. പരീക്ഷാഭവന്റെ ഈ മറുപടിയെ വിശദീക്കാൻ തന്നെ എനിക്ക് ലജ്ജയുണ്ട്.
നമ്മുടെ കുട്ടികൾ അനുഭവിക്കുന്ന പ്രയാസത്തിൽ നിന്നും അവരെ മുക്തരാക്കാനുള്ള വളരെ ലളിതമായ പരിഹാരം ആവശ്യപ്പെട്ടിട്ടും തികച്ചും (biased)പക്ഷപാതപരമായി നൽകിയ പരീക്ഷാഭവൻ്റെ മറുപടി നിരാശാജനകമാണ്. ഈ ഋണാത്മക പ്രതികരണം തീർത്തും ജനാധിപത്യവിരുദ്ധവുമാണ്.
ഉദ്യോഗസ്ഥന്മാർ എടുത്ത തീരുമാനത്തിൽ തിരുത്തലുകൾ ചൂണ്ടിക്കാട്ടുമ്പോൾ സഹിഷ്ണുതയോടെ അതിനെ അഭിമുഖീകരിക്കുമ്പോഴല്ലേ നമ്മുടെ സംവിധാനങ്ങൾ കൂടുതൽ സുതാര്യമാകുക? ജനങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും കേൾക്കുമ്പോൾ നിസ്സങ്കോചം തങ്ങളുടെ ശാഠ്യത്തിൽ തുടരാൻ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നതിൻ്റെ മൂലകാരണം ജനാധിപത്യത്തിന്റെ ആശയം പൂർണമായും ഉൾക്കൊള്ളാത്തതുകൊണ്ടാണ്.
ജനാധിപത്യമാണെന്നാണ് വെയ്പ്പെങ്കിലും ഉദ്യോഗസ്ഥർ നടത്തുന്ന സർവ്വാധിപത്യമാണിവിടെ വാഴുന്നത്. അതുകൊണ്ടാണിപ്പോഴും ഏതൊരു സർക്കാർ ഓഫീസുകളിലും ജനങ്ങൾ താണുകേണു നിൽക്കേണ്ടിവരുന്നതും അധികാരി വർഗം അവരെ 'ക്ഷ' വരപ്പിക്കുന്നതും.
