Quantcast
MediaOne Logo

അപബ്രാഹ്മണീകരണത്തിന്റെ പൊരുളും പാഠങ്ങളും

രോഗാതുരമായ രാജ്യത്തെ വീണ്ടെടുക്കുവാൻ, ജനായത്ത ഭരണഘടനയെ സംരക്ഷിക്കുവാൻ ജാതി ബ്രാഹ്മണ്യം തകരുകയും ജനാധിപത്യം ഉയരുകയും വേണം എന്ന നിഗമനത്തിൽ എത്തിച്ചേരുന്ന ശ്യാംകുമാറിന്റെ പഠനങ്ങൾ അത്തരമൊരു പുരോഗമന മുന്നേറ്റത്തിന് വഴിവിളക്കുകളായി കണ്ടെത്തുന്നത് അംബേദ്കർ,ഗുരു,പെരിയാർ എന്നിവരെയാണ്

അപബ്രാഹ്മണീകരണത്തിന്റെ പൊരുളും പാഠങ്ങളും
X

‘അടിച്ചമർത്തപ്പെട്ടവർ വിമോചനത്തിനായി പരിശ്രമിക്കുന്നതിനു പകരം,സ്വയം അടിച്ചമർത്തുന്നവരായി മാറുന്നു’
‘മർദ്ദകന്റെ പ്രതിച്ഛായയെ ആന്തരികവൽക്കരിക്കുകയും അവന്റെ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്ത മർദ്ദിതൻ സ്വാതന്ത്ര്യത്തെ ഭയപ്പെടുന്നു’

Pedagogy of the oppressed (അടിച്ചമർത്തപ്പെട്ടവരുടെ ബോധനശാസ്ത്രം) എന്ന പുസ്തകത്തിലൂടെ ഏറെ ചർച്ച ചെയ്യപ്പെട്ട ലാറ്റിനമേരിക്കൻ ചിന്തകനാണ് പൗലോ ഫ്രെയർ. പ്രസ്തുത പുസ്തകത്തിലൂടെ അദ്ദേഹം മുന്നോട്ട് വെച്ച ചിന്തകളാണ് മേൽ ഉദ്ധരിച്ചത്.

ഉത്തരാധുനിക ചിന്താവ്യവഹാരങ്ങളിൽ മൂന്നാം ലോക രാഷ്ട്രങ്ങളിൽ പ്രചുരപ്രചാരം നേടിയ വൈചാരിക മുന്നേറ്റമാണ് ‘അപകോളനീകരണം’ എന്നത്. മോറിസ് ജൂലിയസ് ബോൺ എന്ന ജർമ്മൻ ഗവേഷകനോട്‌ ചേർത്താണ് ഈ വാക്കിന്റെ ഉത്ഭവത്തെ പൊതുവിൽ നോക്കി കാണുന്നത്. പ്രതിലോമകരമായ അധിനിവേശ ഹിംസകളിൽ വെള്ള വംശീയതക്ക്‌ പ്രേരകമായ ലെബൻസ് റോം, വൈറ്റ് മാൻസ് ബർഡൻ എന്നീ പരികല്പനകളിലൂടെ ആഗോള സാമൂഹികതയിൽ വേർതിരിച്ചെടുക്കുവാൻ കഴിയാത്ത വിധം നിലീനമായ യൂറോ കേന്ദ്രീകൃത അടയാളങ്ങൾ മൂന്നാം ലോകത്തിന്റെ മനോനിലയെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. അത്തരം അടയാളങ്ങളെ അന്തസ്സിന്റെയും ആത്മാഭിമാനത്തിന്റെയും ചിഹ്നങ്ങളായി എടുത്തണിയുന്നത് മൂന്നാം ലോകത്തിന്റെ ദാസ്യ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നത് എന്ന തിരിച്ചറിവ് പോലും മൂന്നാം ലോകത്തിന് നഷ്ടപ്പെടുത്തുവാൻ യൂറോപ്പിന് സാധിച്ചു എന്നതാണ് ഇതിന്റെ ഏറ്റവും അപകടകരമായ വശം. വിമോചനത്തിന്റെ ആദ്യപടി അടിമത്തം പവിത്രമാണ് എന്ന് വിശ്വസിച്ചുറപ്പിച്ച അടിമയെ അതിൽ നിന്നും മാനസികമായി മോചിപ്പിക്കുക എന്നതാണ്. അതിനുശേഷമാണ് ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയുന്നതിന്റെ പ്രായോഗിക പദ്ധതികളുടെ സാധ്യതകൾ ചിന്തിക്കേണ്ടത്. അത്തരം ഒരു മനോനില കീഴാള വർഗ്ഗത്തിൽ രൂപപ്പെടുത്തി എന്നതായിരുന്നു ഇന്ത്യയിൽ ‘സനാതന ധർമ്മത്തിന്റെ’ വിജയം. ഈ മനോനിലയെ ഏറ്റവും കൃത്യമായി ആവിഷ്കരിച്ച ചിത്രമായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ ‘വിധേയൻ’.

ചിത്രത്തിന്റെ പേര് തന്നെ സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഭാര്യയെ ബലാത്സംഗം ചെയ്ത ഭാസ്കര പട്ടേലരുടെ സെന്റിന് നല്ല മണമാണല്ലോ എന്ന് ബലാത്സംഗത്തിന് ഇരയായ സ്വന്തം ഭാര്യയോട് പറയുന്ന ‘വിധേയനായ’കഥാപാത്രം ഒട്ടും സനാതനമല്ലാത്ത സനാതന ധർമ്മം രൂപപ്പെടുത്തിയ മനോനിലയുടെ നിദർശനമാണ് (പ്രയോഗത്തിന് ടി.എസ് ശ്യാംകുമാറിനോട് കടപ്പാട് ). ചാതുർവർണ്യ ശ്രേണി ഘടനക്ക് പുറത്തുള്ള,ബ്രാഹ്മണന് അസ്പർശ്യരായ ശൂദ്ര ജനതയെ പോലും ജാതി ബ്രാഹ്മണ്യത്തിന്റെ താൽപര്യങ്ങൾക്കനുസൃതമായി നിലകൊള്ളുന്നതിൽ സജ്ജരാക്കുവാൻ ബ്രാഹ്മണ്യ കർതൃത്വത്തിൽ നടത്തപ്പെട്ട ശൂദ്ര ജനതയുടെ മനോനില രൂപീകരണം ഏറ്റവും ഗംഭീരമായ വിജയമായിരുന്നു. ഗുരുവായൂർ സത്യാഗ്രഹ വേളയിൽ നായർ സമുദായംഗവും സത്യാഗ്രഹ സമരാംഗവുമായ സഖാവ് പി.കൃഷ്ണപിള്ള( ആ കാലത്ത് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്നില്ല) ക്ഷേത്ര അങ്കണത്തിനുള്ളിൽ പ്രവേശിക്കുകയും ആചാരം ലംഘിച്ച് മണിയടിക്കുകയും ചെയ്തു. ജാതി ബ്രാഹ്മണ്യത്തിന്റെ ക്ഷേത്ര ആചാരത്തെ ലംഘിച്ച കൃഷ്ണപിള്ളയെ ബ്രാഹ്മണ്യ താല്പര്യത്തെ മുൻനിർത്തി മർദ്ദിക്കാനെത്തിയത് ബ്രാഹ്മണരല്ലായിരുന്നു, പകരം അവരുടെ താൽപര്യത്തിനായി അന്നും ഇന്നും തെരുവുകളെയും,നവമാധ്യമങ്ങളെയും പ്രക്ഷുബ്ധമാക്കുന്ന ശൂദ്ര സവർണ്ണരാണ്. മർദ്ദനമേറ്റ കൃഷ്ണപിള്ള നായർ ഗുണ്ടകളിലേക്ക്‌ തൊടുത്തുവിട്ട ചരിത്രപ്രസിദ്ധമായ ഒരു വാചകമുണ്ട്:

‘ഉശിരുള്ള നായർ മണിയടിക്കും,ഇല നക്കി നായർ അവന്റെ തലക്കടിക്കും’. കൃഷ്ണപിള്ളയുടെ ഈ പ്രഖ്യാപനവും പ്രസ്തുത ജാതി ബ്രാഹ്മണ്യത്തിന്റെ കർതൃത്വത്തിൽ നടത്തപ്പെട്ട ദാസ്യമനോനില രൂപീകരണത്തിനോട് ചേർത്തു വായിക്കണം.

പ്രമുഖ സംസ്കൃത പണ്ഡിതനും, അക്കാദമീഷനുമായ ഡോ ടി.എസ് ശ്യാം കുമാറിന്റെ ശ്രദ്ധേയമായ പഠനമാണ് ‘മൈത്രിയുടെ പൊരുൾ:സനാതന ധർമ്മത്തിന്റെ വിമർശന പാഠങ്ങൾ’ എന്ന പേരിൽ ഗൂസ്ബറി പബ്ലിക്കേഷൻസ് പുറത്തിറക്കിയിരിക്കുന്നത്. സനാതനധർമ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും, തുല്യതക്കും സാമൂഹിക നീതിക്കും വിഘ്നമായ പ്രസ്തുത ആശയധാരയെ എതിർത്താൽ മാത്രം പോരെന്നും ഉന്മൂലനം ചെയ്യണമെന്നും പ്രഖ്യാപിച്ച തമിഴ്നാട് ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന ദേശീയതലത്തിൽ ചർച്ച ചെയ്യപ്പെട്ടു. സമാനമായ പ്രസ്താവന സമീപകാലത്ത് നടത്തിയത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇരുവരുടെയും സ്റ്റേറ്റ്മെന്റുകൾ ചൂടുപിടിച്ച ചർച്ചകൾക്ക് വിധേയമാകുന്ന നിർണായ ഘട്ടത്തിലാണ് ടി.എസ് ശ്യാം കുമാറിന്റെ ‘മൈത്രിയുടെ പൊരുൾ: സനാതനധർമ്മത്തിന്റെ വിമർശന പാഠങ്ങൾ” എന്ന പുസ്തകം പുറത്തുവരുന്നതും ചർച്ച ചെയ്യപ്പെടുന്നതും.

സമൂഹത്തെ ആപാദചൂഡം ഗ്രസിച്ച രോഗത്തിന്റെ ചികിത്സ രോഗലക്ഷണങ്ങളിലേക്കല്ല, പ്രത്യുത മൂല കാരണങ്ങളിലേക്കാണ് എത്തേണ്ടത് എന്ന രാഷ്ട്രീയ ബോധ്യത്തെയാണ് ടി.എസ് ശ്യാംകുമാർ പറഞ്ഞുവെക്കുന്നത്. രാഷ്ട്രത്തിന്റെ സാമൂഹികതയെ രോഗാതുരമാക്കിയ ഹിന്ദുത്വ രാഷ്ട്രീയത്തെ കക്ഷിരാഷ്ട്രീയത്തിന്റെ കേവലം അധികാര കൈമാറ്റത്തിലൂടെ ഗളഹസ്തം ചെയ്യുവാൻ സാധ്യമല്ല. എന്തുകൊണ്ടെന്നാൽ കക്ഷിരാഷ്ട്രീയത്തിലൂടെ ഹിന്ദുത്വ ഭരണകൂടത്തിന് ബദലായി ഉയർന്നുവരുന്ന മതേതര മുന്നണി പോലും നയിക്കപ്പെടുക സമൂഹത്തിൽ നിലീനമായ ജാതി ബ്രാഹ്മണ്യ പ്രത്യയ ബോധങ്ങളിലാണ്. ഇത്തരമൊരു സവിശേഷ സാഹചര്യത്തിൽ ഇന്ത്യയിൽ രൂപപ്പെട്ടു വരേണ്ട മതേതര പുരോഗമന രാഷ്ട്രീയ ചേരി കൃത്യമായ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക അപനിർമ്മാണ പ്രക്രിയയിലൂടെ കടന്നു പോകേണ്ടതുണ്ട്. അത്തരമൊരു അപനിർമ്മാണ പ്രക്രിയയുടെ പതാക വാഹകരാകാൻ ഇടതുപക്ഷത്തെ ഗ്രന്ഥകാരൻ കണ്ടെത്തുന്നു. ഇടതുപക്ഷം എന്നതിന്റെ വിവക്ഷ കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങളല്ല മറിച്ച് ‘പ്രാതിനിധ്യ ജനാധിപത്യമാണ്’ ഇടതുപക്ഷം എന്ന് കൃത്യമായി തന്നെ ശ്യാംകുമാർ വിശദീകരിക്കുന്നുണ്ട്. ഡൽഹി സർവകലാശാലയിൽ നിന്നും വിരമിച്ച മുതിർന്ന ചരിത്രകാരനും അക്കാദമീഷനുമായ വിജയ് നാഥ് മുന്നോട്ടുവെക്കുന്ന “Brahmanic acculturation” അഥവാ ‘ബ്രാഹ്മണിക സ്വാംശീകരണം’ എന്ന വ്യവഹാരം പ്രാചീന കാലം മുതൽ എങ്ങനെ പ്രവർത്തിച്ചുവെന്നും ശ്രീനാരായണ ഗുരുവിലൂടെ എങ്ങനെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുവെന്നും പുസ്തകം വരച്ചിടുന്നുണ്ട്. സമൂഹത്തിൽ നിലനിന്നു പോരുന്ന ജാതി അസമത്വങ്ങളുടെയും അത് ഹേതുവായി രാജ്യത്ത് എമ്പാടും നടമാടുന്ന വംശീയ ഹിംസകളുടെയും പ്രത്യശാസ്ത്ര അടിത്തറകളെ വേദ-ഇതിഹാസ-പുരാണ പാഠങ്ങളിലാണ് ഗ്രന്ഥകാരൻ കണ്ടെത്തുന്നത്.

ഡോ.ടി.എസ് ശ്യാംകുമാർ

വൈശ്യൻ ക്ഷത്രിയനെയും, ക്ഷത്രിയൻ ബ്രാഹ്മണനെയും സേവിക്കുന്ന ധർമ്മ സങ്കൽപ്പത്തെ ‘സനാതനം’ എന്ന് വിശേഷിപ്പിക്കുന്നതിലെ സാംഗത്യത്തെ ചോദ്യം ചെയ്യുന്നതിലൂടെ സനാതന ധർമ്മം ഹിന്ദുത്വത്തിന്റെ പര്യായമല്ലാതെ മറ്റൊന്നുമല്ല എന്ന് അസന്നിഗ്ധമായി പുസ്തകം അടിവരയിടുന്നു. സനാതന ധർമ്മത്തെ വിമർശിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ സ്റ്റേറ്റ്മെന്റിന് മറുപടിയെന്നോണം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞുവെച്ചത് സനാതന ധർമ്മം രാജ്യത്തെ മുഴുവന്‍ ആളുകളുടെയും പാരമ്പര്യവും പൈതൃകവുമാണ് എന്നതാണ്.‘ഹിന്ദുമതം എന്നൊരു മതമേ ഇല്ലല്ലോ,രാമാദികളുടെ കാലത്തായിരുന്നുവെങ്കിൽ തനിക്ക് സന്യാസം ലഭിക്കില്ലായിരുന്നു’, ‘ഗീത ഉപദേശിച്ച കൃഷ്ണൻ പിന്നീട് പശ്ചാത്താപിച്ചിരിക്കാം’ എന്നീ നിലപാടുകളിലൂടെ മലയാള മണ്ണിൽ നവോത്ഥാനം സാധ്യമാക്കിയ ഗുരുവിനെ വർണാശ്രമധർമ്മം അടിസ്ഥാനപ്പെടുത്തി രൂപപ്പെട്ട സനാതന ധർമ്മ ചിന്താധാരയുടെ ആലയിൽ കെട്ടാനുള്ള brahmanic acculturation(ബ്രാഹ്മണ സ്വാംശീകരണം) പദ്ധതിയുടെ ഗൂഡ തന്ത്രങ്ങൾക്ക് തടയിടാൻ ശ്രമിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനയെ brahmanic acculturation ചിന്തയുടെ വാഹകൻ എന്ന നിലയിലാണ് വി.ഡി സതീശൻ നേരിട്ടത്.

കീഴാള പക്ഷത്തിന്റെയും അതിനു നേതൃത്വം നൽകിയ അയ്യങ്കാളിയുൾപ്പെടെയുള്ള വിമോചന നായകന്മാരുടെയും നേതൃത്വത്തിൽ ജാതി ബ്രാഹ്മണ്യം അഴിച്ചുവിട്ട ഹിംസകൾ ഏറ്റുവാങ്ങിയും അവക്കെതിരെ ശക്തിയുക്തം പോരാടിയും അധസ്ഥിതപക്ഷം നേടിയെടുത്ത എഴുതാനും പഠിക്കാനുമുള്ള അവകാശത്തെപ്പോലും ഇന്ന് ബ്രാഹ്മണ്യ ആചാരത്തിനനുസൃതമായി നടത്തപ്പെടുന്ന എഴുത്തിനിരുത്ത് ചടങ്ങിൽ ബലിയർപ്പിക്കുന്ന കേരളത്തിലെ പിന്നോക്ക ജനതയുടെ ദാസ്യമനോനിലയെ ഗ്രന്ഥകാരൻ വിമർശിക്കുന്നുണ്ട്. രോഗാതുരമായ രാജ്യത്തെ വീണ്ടെടുക്കുവാൻ, ജനായത്ത ഭരണഘടനയെ സംരക്ഷിക്കുവാൻ ജാതി ബ്രാഹ്മണ്യം തകരുകയും ജനാധിപത്യം ഉയരുകയും വേണം എന്ന നിഗമനത്തിൽ എത്തിച്ചേരുന്ന ശ്യാംകുമാറിന്റെ പഠനങ്ങൾ അത്തരമൊരു പുരോഗമന മുന്നേറ്റത്തിന് വഴിവിളക്കുകളായി കണ്ടെത്തുന്നത് അംബേദ്കർ,ഗുരു,പെരിയാർ എന്നിവരെയാണ്.

അംബേദ്കർ,പെരിയാർ

വേദ-ഇതിഹാസ-പുരാണ പാഠങ്ങളെയും,അതിലെ കേന്ദ്ര കഥാപാത്രങ്ങളെയും അവയുടെ ജാതിയിൽ അധിഷ്ഠിതമായ ഹീന നിലപാടുകളെയും സൗകര്യപൂർവ്വം മറവിക്ക് വിട്ടുകൊടുത്ത് പുരോഗമന വേഷം നൽകി പൊതു സമൂഹത്തിനുമുന്നിൽ അവതരിപ്പിക്കുന്ന മതേതര പുരോഗമന ബുദ്ധിജീവികളെയും, സാംസ്കാരിക ‘പ്രബുദ്ധരെയും’ ഹിന്ദുത്വത്തിന് വികസിക്കുവാൻ ആശയ പരിസരം ഒരുക്കുന്നവരായി കണ്ടെത്തുന്ന ഗ്രന്ഥകാരൻ, ജനാധിപത്യത്തിന്റെ ആന്തരികവൽക്കരണത്തിന് വിഘ്‌നമായി അത്തരം സാംസ്കാരിക മുഖങ്ങളെയും അവരുടെ കർതൃത്വത്തിൽ പുരോഗമന കുപ്പായം അണിയിക്കപ്പെടുന്ന ഇതിഹാസ പുരാണ ബിംബങ്ങളെയും കണ്ടെത്തുന്നു. വർണാശ്രമ ധർമ്മത്തിന് അനുസൃതമായി ചലിക്കപ്പെടുന്ന രാജ്യത്തെ അധീശത്ത വ്യവസ്ഥിതി സമഗ്ര രാഷ്ട്ര വ്യവഹാരങ്ങളെയും പിടിമുറുക്കുമ്പോൾ ‘മൈത്രിയുടെ പൊരുൾ: സനാതനധർമ്മത്തിന്റെ വിമർശന പാഠങ്ങൾ’ എന്ന പുസ്തകം ഏറെ ചർച്ച ചെയ്യപ്പെടേണ്ടതാണ്. വിജ്ഞാനം,അധികാരം, സംസ്കാരം എന്നീ വ്യവഹാരങ്ങളെ നീതിയുടെ പരിപ്രേക്ഷ്യത്തിൽ നിന്നും അപഗ്രഥനം ചെയ്യുന്ന പുസ്തകത്തിലൂടെ നിലവിലെ ബദൽ വൈജ്ഞാനിക മണ്ഡലത്തിന് വിലപ്പെട്ട സംഭാവനയാണ് ടി എസ് ശ്യാംകുമാർ നൽകുന്നത്.

‘പൊതുവിനെ’ രൂപപ്പെടുത്തേണ്ടത് ആര് എന്നതും, ആര് രൂപപ്പെടുത്തുന്നതാണ് ‘പൊതു’ എന്നതും ചർച്ച ചെയ്യപ്പെടേണ്ടതാണ്. വരേണ്യതയുടെ കർതൃത്വത്തിൽ രൂപപ്പെടുന്ന ആ പൊതുവിലും വർണാശ്രമധർമ്മങ്ങളുടെ പുറന്തള്ളൽ യുക്തി നിലീനമാകേണ്ടതുണ്ട് എന്ന ജാതി ബ്രാഹ്മണ്യ പ്രത്യയബോധത്തിന്റെ ഇരകളാണ് വേടനും,ആർ.എൽ.വി രാമകൃഷ്ണനും.‘റാപ്പ് സംഗീതമാണോ പട്ടികജാതിക്കാരന്റെ തനത് കലാരൂപം? ’എന്ന ഹിന്ദു ഐക്യവേദി പ്രസിഡന്റിന്റെ പ്രസ്താവന ഇതിന്റെ സമകാലിക നിദർശനമാണ്. ചാനൽ ചർച്ചയിൽ വന്നിരുന്ന് ‘താനൊരു ആര്യ ബ്രാഹ്മണനാണ്’ എന്ന് പ്രഘോഷിക്കുന്നയാൾ “‘സാമൂഹിക’ചിന്തകനും പിന്നോക്ക സമൂഹത്തെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കുന്ന വ്യക്തി കേവലം ‘ദലിത് ആക്ടിവിസ്റ്റും’ ആകുന്നതിന്റെ രാഷ്ട്രീയവും ഇതല്ലാതെ മറ്റെന്താണ്?.സവർണ്ണ ആചാരാനുഷ്ഠാനങ്ങളോടനുബന്ധിച്ച് കൊണ്ടാടപ്പെടുന്ന തിരുവാതിരയും, കഥകളിയും,ഓട്ടൻതുള്ളലും ‘പൊതു’ ആവുകയും അവർണ്ണ ജീവിത പരിസരങ്ങളിലെ കലകൾ കേവലം ഫോക് ലോർ ആകുന്നതും നമ്മെ തെല്ലും അലോസരപ്പെടുത്തുന്നില്ല.

വെള്ള വംശീയതയുടെ സാമൂഹിക നിർമ്മിതികളെ, മനുഷ്യന്റെ അന്തസ്സിനെയും അഭിമാനത്തെയും ആധാര തത്വമാക്കി വികസിച്ച അപകോളനീകരണ വൈചാരിക പദ്ധതികൾ അപനിർമിക്കുന്ന കാഴ്ചക്ക്‌ നാം സാക്ഷിയാകുന്നു.സമീപ നാളിൽ അന്തരിച്ച കെനിയൻ എഴുത്തുകാരൻ ‘ഗൂഗി വാ തിയോം ഗോ’ അപകോളനീകരണ പ്രസ്ഥാനത്തിന് അനല്പമായ സംഭാവനകൾ നൽകിയ എഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റേതായി പുറത്തുവന്ന “Decolonising the mind” എന്ന പുസ്തകം അത്തരമൊരു വിചിന്തന രാഷ്ട്രീയത്തെ മുന്നോട്ടുവച്ചു. ഇന്ത്യയും ബ്രിട്ടന്റെ കോളനിയായിരുന്നതിനാൽ സ്വാഭാവികമായും പല മൂന്നാം ലോക കോളനി രാഷ്ട്രങ്ങളിലേതിന് സമാനമായി നമ്മുടെ രാജ്യത്തും അപകോളനീകരണത്തിന്റെ സാധ്യതകൾ ഏറെയുണ്ട്. എന്നാൽ ഇന്ത്യൻ സാഹചര്യത്തിൽ അപകോളനീകരണ സാധ്യതകളെക്കാൾ ഏറെ മുന്നിൽ നിൽക്കുന്നത് ‘അപബ്രാഹ്മണീകരണമാണ്’ എന്നതാണ് യാഥാർത്ഥ്യം. ഈ യാഥാർത്ഥ്യത്തെ വ്യക്തമായി മനസ്സിലാക്കിയ ആദ്യത്തെ വ്യക്തികളിൽ ഒരാളായിരുന്നു ഡോക്ടർ ബി ആർ അംബേദ്കർ.ഇന്ത്യയിലെ ഏറ്റവും വലിയ സാമൂഹിക യാഥാർത്ഥ്യമായ ജാതി ബ്രാഹ്മണ്യം അത്തരമൊരു നിഗമനത്തിലേക്ക് എത്തുവാനാണ് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അത്തരമൊരു അപബ്രാഹ്മണീകരണ പ്രസ്ഥാനത്തിന് ധൈഷണികവും ദാർശനികവുമായ കനപ്പെട്ട പിന്തുണ നൽകിയ അംബേദ്കറും നാരായണഗുരുവും പിൻഗാമികളുടെ അഭാവത്താൽ അപ്രസക്തരാകുന്നത് ഇന്ത്യൻ ജനാധിപത്യത്തിന് അഭിശപ്തമായ നാളുകളെ സമ്മാനിക്കും. കേരളം ഇന്ന് ഏറെ ചർച്ച ചെയ്യുന്ന ഡോക്ടർ ടി.എസ് ശ്യാം കുമാറിന്റെ പഠനങ്ങളും ധൈഷണിക ഇടപെടലുകളും അത്തരമൊരു അശുഭ നാളുകളിൽ നിന്നും ഭരണഘടനാ ജനായത്തത്തെ സംരക്ഷിച്ചു നിർത്തട്ടെ. ഹിന്ദുത്വ ഗ്രൂപ്പുകളുടെ നിരന്തരമുള്ള വധഭീഷണികൾക്കും അസഭ്യ വർഷങ്ങൾക്കും മധ്യേ,ധീരതയോടെ അദ്ദേഹം നിർവഹിക്കുന്ന ഈ പുരോഗമന വൈജ്ഞാനിക പ്രവർത്തനത്തിന് സാഹോദര്യ ജനാധിപത്യപക്ഷം എന്നും കടപ്പെട്ടിരിക്കും. ഡോക്ടർ ടി.എസ് ശ്യാം കുമാറിന്റെ അപബ്രാഹ്മണീകരണ പഠനങ്ങൾ ഇന്ന് കേരളത്തിന്റെ സാമൂഹിക വൈജ്ഞാനിക മേഖലകളിൽ ചൂടുപിടിച്ച സംവാദങ്ങൾക്ക് വഴിയൊഴക്കുന്ന കാഴ്ച നാം കാണുന്നു.

ശ്രീ നാരായണ ഗുരു

അപബ്രാഹ്മണീകരണം ഒരു പ്രതിലോമ വ്യവഹാരമായി വ്യാഖ്യാനിക്കപ്പെടേണ്ട ഒന്നല്ല. പ്രസ്തുത രാഷ്ട്രീയം മുന്നോട്ടുവെക്കുന്നവരെ സ്വത്വവാദികളായും,തീവ്രവാദികളായും മുദ്രകുത്തപ്പെടുമ്പോൾ അത്തരക്കാർക്ക് മുന്നിൽ പറഞ്ഞുവെക്കേണ്ട വർത്തമാനം പൗലോ ഫ്രെയർ മുമ്പേ പറഞ്ഞുവെച്ചിട്ടുണ്ട്. അതിപ്രകാരമാണ്: ‘മര്‍ദിതര്‍,തങ്ങളെ അങ്ങനെയാക്കിത്തീര്‍ത്തവര്‍ക്കെതിരെ പോരാട്ടത്തിന് തയ്യാറാകും; അവര്‍ ഇരുവര്‍ഗത്തിന്റെയും മനുഷ്യത്വത്തെ സമന്വയിപ്പിക്കും’. സാഹോദര്യത്തിൽ ഊന്നിയ ജനാധിപത്യ സങ്കല്പവും, പ്രാതിനിധ്യ ജനാധിപത്യത്തെ മൂലതത്വമാക്കിയ ദേശീയത സങ്കല്പവും സ്വാഭാവികവൽക്കരിക്കപ്പെടുന്ന സാമൂഹിക ക്രമത്തിനായുള്ള പോരാട്ടത്തിന് ശ്യാംകുമാറിന്റെ എഴുത്തുകൾ ഏറെ പ്രയോജനപ്രദമാണ്.

TAGS :