കോക്രോച്ച്, ഗോദി മീഡിയ, യുവജാഗരണം; യുദ്ധ വ്യവസായവും സൂപ്പർ എൽനീന്യോയും
യൂറോപ്പിന്‍റെ തണുത്ത കാലാവസ്ഥ പഴങ്കഥയാവുകയാണ്. മധ്യധരണ്യാഴി ചൂടുപിടിക്കുന്നു

കോക്രോച്ച്, ഗോദി മീഡിയ, യുവജാഗരണം.
“കോക്രോച്ച്” ജനതാ പാർട്ടി (സിജെപി). പേരിട്ടത് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്. അണികൾ ജെൻസി തലമുറ. രാഷ്ട്രീയപാർട്ടി അല്ലെങ്കിലും രാഷ്ട്രീയത്തിൽ നേരിട്ടിടപെട്ട് തുടക്കം. ആദ്യ ഇറക്കത്തിൽ തന്നെ ഒരു പ്രധാനപ്പെട്ട മന്ത്രിയെ കസേരയിൽ നിന്ന് ഇറക്കി. കൗതുക വാർത്തയിൽ നിന്ന് അന്താരാഷ്ട്ര വാർത്തയിലേക്ക് വികസിച്ച കൂറകൾ (പാറ്റകൾ) അതിനിടെ മാധ്യമങ്ങൾക്കും കൊടുത്തു ചില പാഠങ്ങൾ.
മോദിയുടെ അജയ്യ പരിവേഷത്തിന് വിള്ളൽ എന്ന് ബ്രിട്ടീഷ് പത്രം ഫിനാൻഷ്യൽ ടൈംസ്. ജൻ-സീക്കു മുമ്പിൽ മോദി മുട്ടുകുത്തിയെന്ന് സിഎൻബിസി. തലക്കെട്ട് പലത്, ഊന്നൽ വ്യത്യസ്തം, പക്ഷേ പത്രങ്ങളിൽ പൊതുവായ ഒരു പ്രമേയമുണ്ട്: ന്യൂജൻ ജയിച്ചു, ബിജെപി സർക്കാർ തോറ്റു എന്ന്. വിദേശ മാധ്യമങ്ങളിലും അങ്ങനെതന്നെ. ഗാർഡിയനിലെ റോയിട്ടേഴ്സ് റിപ്പോർട്ട്, മന്ത്രി രാജി വെക്കണം എന്ന വിദ്യാർഥികളുടെ ആവശ്യത്തിലാണ് ഊന്നിയത്. വിദ്യാർഥികളുടെ സമരവീര്യം തന്നെ ബിബിസിയും ഊന്നിപ്പറഞ്ഞു. അസാധാരണമായ സമരം, സാധാരണമല്ലാത്ത ഫലം. മന്ത്രി രാജിവെക്കേണ്ടി വന്നു; സമരം ആദ്യപാദം വിജയിച്ചു. പത്രങ്ങളുടെ വിവരണം അങ്ങനെ തന്നെ.
മലയാള പത്രങ്ങളും അതുതന്നെ പറഞ്ഞു (ജൂലൈ 26). പക്ഷേ ജൻ-സീ സമരത്തെ പുകഴ്ത്തുമ്പോഴും, മോദി സർക്കാർ മുട്ടുമടക്കി എന്ന് പറയാൻ കഴിയാത്തവരും ഉണ്ട്; കേരള കൗമുദിക്ക് ജൻ-സീയുടെ വിജയത്തിൽ സംശയമൊന്നുമില്ല. പക്ഷേ മോദി തോറ്റു എന്ന് പറയാനാവുന്നില്ല. സർക്കാറിന്‍റെ വാശിക്കെതിരെ യുവശക്തി ജയിച്ചു എന്നല്ല ആഖ്യാനം. മറിച്ച്, യുവശക്തിയെ സർക്കാർ വിവേകപൂർവ്വം അംഗീകരിച്ച് ശരിയായ തീരുമാനമെടുത്തു എന്ന നിലക്കാണ്. മോദി സർക്കാർ തോറ്റിട്ടില്ല, യുവജനങ്ങളുടെ ആവശ്യത്തോട് ശരിയായി പ്രതികരിച്ചു എന്ന് മാത്രം. മോദി എല്ലാം വേണ്ടതുപോലെ ചെയ്യുന്നു!
മുഖപ്രസംഗങ്ങളും പൊതുവെ മോദിയുടെ പരാജയം എടുത്തുപറഞ്ഞപ്പോൾ കൗമുദിയുടെ മുഖപ്രസംഗം മോദിയെ ഒട്ടും മോശമാക്കാതിരിക്കാൻ ശ്രദ്ധിച്ച പോലെ. കൗമുദിയുടെ നോട്ടത്തിൽ മോദി പ്രശ്നത്തിന്‍റെ ഭാഗമേയല്ല. മറിച്ച്, പരിഹാരത്തിന്‍റെ ഭാഗമാണ് താനും. ഒരു തെളിവുമില്ലാത്ത വ്യാജാരോപണം സർക്കാർ ഉയർത്തിയത് അതേപടി പകർത്തുന്നുമുണ്ട് പത്രം. വിദേശ ശക്തികളാണ് പ്രക്ഷോഭത്തിന്‍റെ പിന്നിലെന്ന സർക്കാർ ഭാഷ്യം ഉദാഹരണം. ബാഹ്യശക്തികൾ എന്ന വ്യാജവാദം, തെളിയിക്കപ്പെട്ട വസ്തുതയെന്നോണം മുഖപ്രസംഗത്തിൽ വരുമ്പോൾ അത് പത്രത്തിന്‍റെ വിശ്വാസ്യത വർദ്ധിപ്പിക്കുകയല്ലല്ലോ ചെയ്യുന്നത്.
മാധ്യമങ്ങൾ അധികാരത്തോട് ഒട്ടി നിന്നതിന്‍റെ ദുഷ്ഫലം കൂടിയാണ് രാജ്യം ഇന്നനുഭവിക്കുന്നത്. രാജ്യം അത് തിരിച്ചറിഞ്ഞു എന്നുകൂടി ഇപ്പോൾ ജെൻ-സി പറയുന്നുണ്ട്. അത് മാധ്യമങ്ങളും മനസ്സിലാക്കണം. പ്രക്ഷോഭകരും ശരി, സർക്കാരും ശരി എന്ന വ്യാജ സന്തുലനം പരിഹാസ്യമാണ്. സർക്കാരിനോടുള്ള രോഷം ഗോദി മീഡിയക്കെതിരെ കൂടി വ്യാപിച്ചത് ജന്തർ മന്തറിൽ കണ്ടു. വിധേയ മാധ്യമങ്ങൾക്ക് ഭരണത്തിലുള്ള സ്വാധീനം ജനമനസ്സുകളിലില്ല എന്ന് ഒന്നുകൂടി വ്യക്തമാക്കി അത്.
വിധേയ മാധ്യമങ്ങളുടെ കൂട്ടത്തിൽ, ന്യൂസ് 18 അവതാരകൻ അമൻ ചോപ്പ്ഡ, സിജെപി നേതാവ് സൗരവ് ദാസിനോട് ചോദിച്ചു, മീഡിയക്കെതിരായ നിങ്ങളുടെ അക്രമം ശരിയായോ എന്ന്. സൗരവിന്‍റെ മറുപടി: “അല്ല, അക്രമം ശരിയല്ല, പക്ഷേ ഗോദി മീഡിയയോടുള്ള രോഷത്തിന് കാരണം അവർ തന്നെയാണ്. അവർ സമരക്കാരുടെ ആവശ്യങ്ങൾ വാർത്തയാക്കുന്നില്ല; ജനങ്ങളുടെ കാര്യം പറയുന്നില്ല; സർക്കാറിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്.”
പതിവുപോലെ ഇക്കുറിയും സർക്കാറിനു വേണ്ടി വീറോടെ പടവെട്ടിയത് റിപ്പബ്ലിക് ടിവിയും അർണബ് ഗോസ്വാമിയുമാണ്. സമരക്കാരെ പെലറ്റ് തോക്ക് കൊണ്ട് നേരിട്ട പോലീസിനെപ്പറ്റിയല്ല, സമരക്കാർ അക്രമത്തിന് പ്ലാനിട്ടു എന്ന സർക്കാർ വാദമാണ് അദ്ദേഹം ചർച്ചക്കെടുക്കുന്നത്. ന്യൂസീലൻഡിലെ മാസി യൂണിവേഴ്സിറ്റി തയാറാക്കിയ ധവളപത്രത്തിൽ, ജൂലൈ 20 മുതൽ 26 വരെയുള്ള റിപ്പബ്ലിക് ടിവി അവതരണങ്ങളുടെ കണക്കുണ്ട്. എത്രത്തോളം സർക്കാരിന്‍റെ ഉച്ചഭാഷിണിയാകുന്നുണ്ടത് എന്ന് ആ കണക്ക് പറയുന്നു. ഇന്ത്യയിൽ ഗോദി മീഡിയ സ്വയം വെളിപ്പെടുത്തിയ സന്ദർഭം കൂടിയാണ് സിജെപി പ്രക്ഷോഭം. ഈ പ്രക്ഷോഭം രാഷ്ട്രീയത്തെ ശുദ്ധീകരിക്കുമെന്നോ മാധ്യമങ്ങളെ മെച്ചപ്പെടുത്തുമെന്നോ പറയാനാകില്ല. പക്ഷേ മോദിരാഷ്ട്രീയത്തിനും ഗോദിമീഡിയയ്ക്കും നേരെ യുവതയുടെ വിരലുകൾ ഉയർന്നു എന്നത് ചെറിയ കാര്യവുമല്ല.
Watch Video
മർദ്ദനത്തിനും പെല്ലെറ്റിനും നന്ദി; ലോകമാധ്യമങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി.
സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ ബലം പ്രയോഗിച്ച് അടിച്ചമർത്തുന്നത് സമഗ്രാധിപത്യ രീതിയാണ്. ഡൽഹിയിലെ ജന്തർ മന്തർ പ്രക്ഷോഭങ്ങൾക്ക് നേരെ നടന്ന പൊലീസ് അതിക്രമങ്ങൾ, ഇന്ത്യയിലെ സ്വതന്ത്ര ഡിജിറ്റൽ മാധ്യമങ്ങളും വിദേശ മാധ്യമങ്ങളും പ്രത്യേകമായി തന്നെ ശ്രദ്ധിച്ചു; ഒപ്പം മോദിക്കേറ്റ ആഘാതവും.
വിദ്യാർത്ഥി പ്രക്ഷോഭത്തെ നേരിടാൻ മാരകായുധങ്ങൾ ഉപയോഗിച്ചത് ആരാണ്? ആര് പറഞ്ഞിട്ടാണ്? ചോദ്യമുയർന്നപ്പോൾ അധികൃതർ ആദ്യം നിഷേധിച്ചു. പക്ഷേ ഒടുവിൽ, പെലറ്റ് തോക്ക് ജൂലൈ 20ന് ഉപയോഗിച്ചതായി അധികൃതർക്ക് സമ്മതിക്കേണ്ടി വന്നു. കാരണം, അക്കാര്യം മാധ്യമങ്ങൾ തെളിയിച്ചു കഴിഞ്ഞിരുന്നു. വിദേശ മാധ്യമങ്ങൾ കാര്യമായിത്തന്നെ ഇങ്ങോട്ട് ശ്രദ്ധിക്കാൻ തുടങ്ങിയതും സർക്കാറിനെ സമ്മർദ്ദത്തിലാക്കി എന്ന് പറയണം. വരാനിരിക്കുന്നതിന്‍റെ സൂചനയാണ് മോദിക്ക് ഇതെന്ന് ചിലർ.
ഡെമോക്രസി നൗ ചാനലിൽ വിദ്യാർത്ഥി നേതാവ് നേഹ ബോറ, സർക്കാർ പകപോക്കൽ തുടരുകയാണെന്നും വർഗീയത പുലർത്തുകയാണെന്നും ചൂണ്ടിക്കാട്ടി. മോദി പക്ഷക്കാരായ ടിവി ചാനലുകൾക്കിടയിൽ പുതിയ തലമുറ വിജയം നേടിയതിന് ഒരു കാരണം, അവർ ഗോദി മീഡിയയെ തള്ളി സ്വന്തം സമൂഹമാധ്യമ മാർഗ്ഗങ്ങൾ അവലംബിച്ചതാണ്. അൽജസീറയിൽ റിച്ചഡ് ഗിസ്സ്ബെർട്ട് അത് വിശദീകരിച്ചു. ലാത്തിയടി, പെലെറ്റ് ഗൺ, കണ്ണീർവാതകം—പൊലീസിന്‍റെ അനേകം അത്യാചാരങ്ങൾ. അധികൃതർ അത് നിഷേധിച്ചെങ്കിലും, യഥാർത്ഥ ദൃശ്യങ്ങൾ നേര് പറഞ്ഞത് ചൂണ്ടിക്കാട്ടുന്നു, അൽ അറബിയ്യ ചാനൽ റിപ്പോർട്ട്. യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്മ സർക്കാരിനെതിരെ രോഷം വർദ്ധിപ്പിക്കുന്നു എന്ന് ഫ്രാൻസ് 24. വിദ്യാർത്ഥി നേതാക്കൾക്ക് നിലപാട് പറയാനുള്ള അവസരം വിദേശ മാധ്യമങ്ങൾ ധാരാളം നൽകി.
നേഹ ബോറയെ ഡെമോക്രസി നൗ ചാനലും, അശുതോഷ് റാങ്കയെ അൽ ജസീറയും ഇന്‍റർവ്യൂ ചെയ്തു. ഒരു കാര്യം വ്യക്തമാകുന്നു. ഇന്ത്യയിലെ യുവതലമുറ അസംതൃപ്തരാണ്. പൊള്ളയായ പ്രചാരണം കൊണ്ടോ അടിച്ചമർത്തൽ കൊണ്ടോ അവരെ വരുതിയിലാക്കാൻ കഴിയില്ല. ഒളിച്ചുകളിയുടെ കാലം കഴിഞ്ഞു. ലോകം ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു.
Watch Video
യുദ്ധ വ്യവസായവും സൂപ്പർ എൽനീന്യോയും.
കാലാവസ്ഥാപ്രതിസന്ധിയുടെ വാർത്തകൾക്ക് ഇന്ന് പഞ്ഞമില്ല. പക്ഷേ അവയ്ക്ക് വേണ്ടത്ര ഗൗരവം ഇപ്പോഴും കിട്ടുന്നില്ലെന്ന് റിച്ചഡ് ഗിസ്സ്ബെർട്ട് ചൂണ്ടിക്കാട്ടുന്നു. യൂറോപ്പിന്‍റെ തണുത്ത കാലാവസ്ഥ പഴങ്കഥയാവുകയാണ്. മധ്യധരണ്യാഴി ചൂടുപിടിക്കുന്നു. ചൂടിന്‍റെ വാർത്തയിലും ജലാശയങ്ങളും കുളിയുമാണ് ദൃശ്യങ്ങളായി ചാനലുകൾ കാട്ടുന്നത്.
മറിച്ച് ഏഷ്യയിൽ (ഇന്ത്യയിലടക്കം) അത്യുഷ്ണം പരിചിതമാണ്. കൊടും ചൂടിന്‍റെ റിപ്പോർട്ടിന് പോലും തണുപ്പിന്‍റെ ദൃശ്യങ്ങൾ നൽകുന്ന യൂറോപ്യൻ വാർത്താസംസ്കാരം ഇവിടെയില്ല. വാർത്തയുടെ അവതരണമനുസരിച്ചാണ് ആളുകൾ പ്രശ്നത്തിന്‍റെ ഗൗരവം മനസ്സിലാക്കുക. യൂറോപ്പ് അക്കാര്യത്തിൽ പിന്നിലാണ്. പക്ഷേ ലോകം മനസ്സിലാക്കാത്ത, മാധ്യമങ്ങൾ ഇപ്പോഴും പറയാത്ത, ഒരു സത്യമുണ്ട്: യുദ്ധങ്ങളാണ് കാലാവസ്ഥാ പ്രതിസന്ധിക്ക് മുഖ്യകാരണം എന്നത്. ആബി മാർട്ടിൻ, അവരുടെ ഭർത്താവ് മൈക്ക് പ്രിസ്‌നർ എന്നീ രണ്ട് യുദ്ധവിരുദ്ധ മാധ്യമപ്രവർത്തകർ ഇപ്പോൾ ഒരു വിശദമായ ഡോക്യുമെന്‍ററി തയ്യാറാക്കിയിട്ടുണ്ട്. പേര്: ഭൂമിയുടെ ഏറ്റവും വലിയ ശത്രു (Earth’s Greatest Enemy).
കാലാവസ്ഥാ പരിഹാരത്തിനുള്ള ഓരോ ശ്രമത്തെയും യുദ്ധവ്യവസായികൾ തകർത്തതെങ്ങനെ എന്ന് അതിൽ വിവരിക്കുന്നു. കാലാവസ്ഥാ ചർച്ചകളിൽ നിന്നെല്ലാം യുദ്ധം എന്ന മുഖ്യകാരണത്തെ മാറ്റി നിർത്തുന്നതിൽ പെന്‍റഗൺ വിജയിച്ചതെങ്ങനെ എന്നും ഇതിൽ കാണിക്കുന്നുണ്ട്. ഭൂമിയിലെങ്ങും, എല്ലാ ഭൂഖണ്ഡങ്ങളിലും, മിക്ക രാജ്യങ്ങളിലും, സൈനികത്താവളമുള്ള ഒരേയൊരു രാജ്യമേയുള്ളൂ; അത് അമേരിക്കയാണ്. ആ താവളങ്ങൾ വൻതോതിൽ ഇന്ധനമുപയോഗിക്കുന്നു, അന്തരീക്ഷവും മണ്ണും ജലവും മലിനമാക്കുന്നു. ആർക്കും തൊടാൻ പറ്റാത്ത, ഒരു നിയമവും ബാധകമല്ലാത്ത, ദുശക്തിയാണ് യുഎസ് മിലിട്ടറി.
ഈ ഡോക്യുമെന്‍ററി ലോകത്തിന്‍റെ കണ്ണ് തുറപ്പിക്കുമോ? മാധ്യമങ്ങളിൽ അത് ചർച്ചയായി തുടങ്ങിയിട്ടുണ്ട്. ഉത്കണ്ഠപെടുത്തേണ്ട മറ്റൊരു വാർത്ത, ഈ കൊല്ലത്തെ എൽനീന്യോ പ്രതിഭാസമാണ്. ഇക്കുറി സൂപ്പർ എൽനീന്യോ ആണത്രേ. അടുത്തവർഷം ഇതിന്‍റെ പ്രത്യാഘാതം അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. മുൻപ് സൂപ്പർ എൽനീന്യോ ഉണ്ടായപ്പോഴെല്ലാം വരൾച്ചയും പ്രളയവുമായി വിവിധ പ്രദേശങ്ങളിൽ വൻനാശം നേരിട്ടതാണ്. യുദ്ധവും സൂപ്പർ എൽനീന്യോയും അനുബന്ധ ദുരിതങ്ങളും വരുമ്പോൾ നാം എന്തൊക്കെ പ്രതിരോധ, പരിഹാര ശ്രമങ്ങൾ നടത്തുന്നുണ്ട്? സർക്കാറുകൾ എത്രകണ്ട് തയ്യാറാണ്? മാധ്യമങ്ങൾ എത്രത്തോളം കാര്യത്തിന്‍റെ ഗൗരവം അറിയിക്കുന്നുണ്ട്? ഉത്തരം ശുഭകരമല്ല ഇപ്പോഴും.
Watch Video
