Quantcast
MediaOne Logo

ഡോ. സലീമ ഹമീദ്

Published: 28 March 2023 10:25 AM GMT

സംഘടനകള്‍, ഫാര്‍മസികള്‍, ആശുപത്രികള്‍

ഗേലന്റെ തിയറി അനുസരിച്ച് പല രോഗങ്ങളും ശരീരത്തില്‍ അധികമായ നീര്‍ക്കെട്ട് മൂലമാണ് (Plethora) ഉണ്ടാകുന്നത്. ഇതിനുള്ള ഏക ചികിത്സ ഞരമ്പുകള്‍ മുറിച്ച് രക്തം ഒഴുക്കി കളയുന്നതാണ്. | DaVelhaMedicina - ഭാഗം: 13

ഡോ. സലീമ ഹമീദ്
X

സലേര്‍ണോ സ്‌കൂള്‍ സ്ഥാപിക്കപ്പെട്ട ശേഷം അവിടുത്തെ പഠന രീതികള്‍ക്ക് അനുസരിച്ചാണ് മദ്ധ്യകാലത്ത് വൈദ്യചികിത്സ വികസിച്ചു വന്നത്. പോപ്പ് ഹൊണേറിയസ് മൂന്നാമന്‍ പുരോഹിതരെ ചികിത്സകരായി പ്രവര്‍ത്തിക്കുന്നതില്‍ നിന്നും പൂര്‍ണമായും വിലക്കി. ഈ കാലത്ത് ചികിത്സകരുടെ സംഘടനകളും അതിലെ അംഗങ്ങളെ സംരക്ഷിക്കുന്നതിനും മറ്റുമുള്ള നിയമങ്ങളും ഉണ്ടായി. വക്കീലന്മാര്‍, തുടങ്ങി മറ്റ് തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കും പ്രത്യേക നിയമാവലിയോട് കൂടിയ സംഘടനകള്‍ ഉണ്ടായിരുന്നു എന്ന് മാത്രമല്ല ആ നിയമങ്ങള്‍ വളരെ കൃത്യമായി പാലിക്കപ്പെടുകയും ചെയ്തു. ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ട് അക്കാലത്ത് വൈദ്യ ചികിത്സ സാധാരണക്കാരുടെ കൈകളിലേക്ക് എത്തിച്ചേര്‍ന്നു.

പല കാരണങ്ങള്‍ മൂലം സമൂഹത്തില്‍ ഡോക്ടര്‍മാരുടെ നിലവാരം ഉയര്‍ന്നു. പക്ഷേ, ചികിത്സ അപ്പോഴും ഗേലന്റെ ഹ്യൂമര്‍ തിയറി പ്രകാരം രക്തം, മൂത്രം, കഫം എന്നിവയുടെ നിറവും സാന്ദ്രതയും മണവും അനുസരിച്ചായിരുന്നു. മൂത്രത്തിന്റെ നിറവും അത് സൂക്ഷിക്കുന്ന ഗ്ലാസ് ഭരണിയില്‍ കാണപ്പെടുന്ന പല ലെയറുകള്‍ അടിത്തട്ടില്‍ ഉണ്ടാക്കുന്ന മട്ട് എന്നിവ അനുസരിച്ച് രോഗത്തിന്റെ ഉറവിടം എവിടെയാണെന്ന് തീരുമാനിക്കപ്പെട്ടു. ഉദാഹരണത്തിന് മൂത്രത്തിന്റെ ഏറ്റവും മുകളിലത്തെ ലെയര്‍ കലങ്ങിയതാണ് (cloudiness) എങ്കില്‍ രോഗത്തിന്റെ ഉറവിടം തലയാണെന്നും ഏറ്റവും അടിയിലത്തെ ലെയറാണ് കലങ്ങിയതായി കാണപ്പെടുന്നത് എങ്കില്‍ രോഗം മൂത്രസഞ്ചിയിലോ ലൈംഗിക അവയവങ്ങളിലോ ആയിരിക്കാനാണ് സാധ്യത എന്നും വിശ്വസിച്ചു വന്നു.

ഗേലന്റെ തിയറി അനുസരിച്ച് പല രോഗങ്ങളും ശരീരത്തില്‍ അധികമായ നീര്‍ക്കെട്ട് മൂലമാണ് (Plethora) ഉണ്ടാകുന്നത്. ഇതിനുള്ള ഏക ചികിത്സ ഞരമ്പുകള്‍ മുറിച്ച് രക്തം ഒഴുക്കി കളയുന്നതാണ്. ഇതിന് കൃത്യമായ നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നു. ഏറ്റവും ഫലം ലഭിക്കുന്ന ദിവസം, സമയം, ഏത് ഞരമ്പുകളില്‍ നിന്ന് രക്തം എടുത്താലാണ് കൂടുതല്‍ പ്രയോജനം ഉണ്ടാവുക, എത്രത്തോളം രക്തം എടുക്കാ,ം എത്ര പ്രാവശ്യം ഇത്തരത്തില്‍ രക്തം ഒഴുക്കിക്കളയാം എന്നിവയെപ്പറ്റി കൃത്യമായ നിര്‍ദേശങ്ങള്‍ പഴയ ടെക്സ്റ്റ് ബുക്കുകളില്‍ കാണാം. കത്തികൊണ്ട് ഞരമ്പ് മുറിച്ചിട്ടോ, ലീച്ചുകളെ കൊണ്ട് രക്തം വലിച്ചെടുപ്പിക്കുകയോ ചെയ്തിട്ടാണ് ഇത് പ്രാവര്‍ത്തികമാക്കുന്നത്.

പലപ്പോഴും പൊതുകുളിപ്പുരകളില്‍ വച്ചാണ് ഇത്തരത്തില്‍ രക്തം ഒഴുക്കി കളയുന്ന ചികിത്സ നടത്തിയിരുന്നത്. സ്ത്രീ പുരുഷന്മാര്‍ ഒന്നിച്ച് ഉപയോഗിച്ചിരുന്ന ഇത്തരം കുളിപ്പുരകളില്‍ അക്കാലത്ത് കുളിയോടൊപ്പം സദ്യകളും മദ്യപാന സദസ്സുകളും, രതിയും സാധാരണയായിരുന്നു. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ രോഗാണുക്കളെ പറ്റിയുള്ള അറിവ് പരന്നതോടെ നിയമംമൂലം ഇത്തരം ആഘോഷപൂര്‍വമുള്ള സംഘം ചേര്‍ന്ന സ്‌നാനോത്സവങ്ങള്‍ നിരോധിക്കപ്പെടുകയും പതുക്കെ പതുക്കെ ഇത്തരം പൊതു സ്‌നാന ഗൃഹങ്ങള്‍ അപ്രത്യക്ഷമാവുകയും ചെയ്തു.

ഡോക്ടര്‍മാര്‍ ഇന്ന് ചെയ്തു വരുന്ന പല ജോലികളും അക്കാലത്ത് ബാര്‍ബര്‍മാരാണ് ചെയ്തു വന്നിരുന്നതെന്ന് പറഞ്ഞല്ലോ. ഞരമ്പ് മുറിച്ച് രക്തമൊഴുക്കി കളയല്‍, ഇനിമാ നല്‍കല്‍, പല്ലു പറിക്കല്‍ തുടങ്ങിയവ ചെയ്തിരുന്ന ഇവര്‍ക്ക് 17-18 നൂറ്റാണ്ടുകള്‍ വരെ സമൂഹത്തില്‍ വളരെ പ്രധാന്യം ഉണ്ടായിരുന്നു. 1505 ല്‍ പാരീസിലെ മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗം ബാര്‍ബര്‍മാര്‍ക്ക് വേണ്ടി ഒരു കോഴ്‌സ് ആരംഭിച്ചു. ഇംഗ്ലണ്ടില്‍ 1462 ഇത്തരം പരിശീലനം ലഭിച്ച ബാര്‍ബര്‍മാരുടെ ഒരു സംഘടന 'കമ്പനി ഒഫ് ബാര്‍ബേര്‍സ്' എന്ന പേരില്‍ നിലവില്‍ വന്നു. ഈ കാലത്ത് തന്നെ സര്‍ജന്മാരുടെ സ്വന്തമായ ഒരു സംഘടനയും നിലവില്‍ ഉണ്ടായിരുന്നു. 1540ല്‍ ഹെന്‍ട്രി എട്ടാമന്‍ രാജാവിന്റെ നേതൃത്വത്തില്‍ ഈ രണ്ടു സംഘടനകളും പരസ്പരം ലയിച്ച് യുണൈറ്റഡ് ബാര്‍ബര്‍ സര്‍ജന്‍ കമ്പനി എന്ന പേരില്‍ ഒന്നായിത്തീര്‍ന്നു. അക്കാലത്ത് കത്തോലിക്കാ പുരോഹിതന്മാര്‍ ടോണ്‍ഷര്‍ (tonsure) എന്ന പേരിലുള്ള പ്രത്യേകതരം മുടി മുറിക്കലുകള്‍ക്കും രക്തം ഒഴുക്കി കളയുന്നതിനും വേണ്ടി ബാര്‍ബര്‍മാരെ സന്ദര്‍ശിക്കുക പതിവായിരുന്നു. കൃത്യമായ ഇടവേളകളില്‍ ഇവ രണ്ടും ഇവര്‍ക്ക് നിയമം മൂലം നിര്‍ബന്ധമാക്കിയിരുന്നു.

ഇറ്റലിയില്‍ പതിമൂന്നാം നൂറ്റാണ്ടു മുതല്‍ സാധാരണ ജനങ്ങള്‍ക്കായുള്ള ഫാര്‍മസികള്‍ പ്രവര്‍ത്തിച്ചിരുന്നു. സന്യാസി മഠങ്ങളില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന മരുന്നുകടകള്‍ പില്‍ക്കാലത്ത് പ്രത്യേകമായുള്ള വില്‍പനശാലകള്‍ ആയിത്തീരുകയും ഡോക്ടര്‍മാര്‍ അവിടെ വച്ച് രോഗികളെ പരിശോധിക്കുകയും മരുന്ന് എഴുതി നല്‍കുകയും ചെയ്തു വന്നു. മരുന്നുശാലകള്‍ ചികിത്സാരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന എല്ലാവര്‍ക്കും ഒന്നിച്ചു കൂടാനുള്ള ഇടങ്ങളായി മാറി. ഫാര്‍മസിസ്റ്റ് പലപ്പോഴും ഒരു ജോത്സ്യന്റെ ജോലിയും ചെയ്തിരുന്നു!

ഈ മരുന്നുകളില്‍ അധികവും ഔഷധച്ചെടികളില്‍ നിന്ന് നിര്‍മിച്ചവയായിരുന്നു. എന്നാല്‍, പലതരം ചേരുവകള്‍ ഡോക്ടറുടെ കുറിപ്പ് അനുസരിച്ച് കൂട്ടിച്ചേര്‍ത്ത് (compounding) മരുന്നുകള്‍ ഉണ്ടാക്കി നല്‍കുകയായിരുന്നു ഏറ്റവും ഭാരമേറിയ ജോലി. വിലപിടിച്ച രത്‌നക്കല്ലുകള്‍ മുതല്‍ അണലിയുടെ മാംസം വരെ ഈ ലിസ്റ്റില്‍ ഉണ്ടാവും. അക്കാലത്ത് ഏറ്റവും പരിഷ്‌കൃതര്‍ അംഗീകരിച്ച ഒരു മരുന്നിന്റെ പേരായിരുന്നു 'Theriacum'. കിഴക്കന്‍ ഏഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത മരുന്നുകള്‍ ഉള്‍പ്പെടെ ഏകദേശം 57 ഇനം ചേരുവകള്‍ കൂട്ടിച്ചേര്‍ത്താണ് ഇത് ഉണ്ടാക്കിയിരുന്നത്. പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ പുതിയ സമുദ്രപാതകള്‍ കണ്ടെത്തിയത് ഇത്തരം മരുന്നുകള്‍ യൂറോപ്പില്‍ പ്രചാരത്തിലാക്കാന്‍ എറെ സഹായിച്ചു.

പുരാതന ഗ്രീക്കുകാരുടെ കാലം മുതല്‍ രോഗികളെ കിടത്തി ചികിത്സിക്കുന്ന ഇടങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇന്ന് അറിയപ്പെടുന്ന രീതിയിലുള്ള ആശുപത്രികള്‍ ഉയര്‍ന്നു വന്നത് ക്രിസ്ത്യാനികളുടെ ധര്‍മാശുപത്രികളുടെ സ്ഥാപനത്തോടെ ആയിരുന്നു. മധ്യകാലത്ത് യൂറോപ്പിന്റെ പല ഭാഗങ്ങളിലായി ഇത്തരം ആശുപത്രികള്‍ നിലവില്‍ വന്നു; പ്രത്യേകിച്ചും കുരിശുയുദ്ധക്കാര്‍ സഞ്ചരിച്ചിരുന്ന ഇടങ്ങളില്‍. കുഷ്ഠരോഗികള്‍ക്ക് പ്രത്യേകമായി ആശുപത്രികള്‍ ഉണ്ടായതും ഇക്കാലത്താണ്. ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലന്റിലുമായി ഇരുന്നൂറും ഫ്രാന്‍സില്‍ ഏകദേശം രണ്ടായിരത്തോളവും ആശുപത്രികള്‍ ഉണ്ടായിരുന്നു. സംയമനം (Temperance), ജാഗ്രത (Prudene), സഹനശക്തി (Fortitude), നീതി (Justice) എന്നിവയാല്‍ നയിക്കപ്പെട്ട ഈ സ്ഥാപനങ്ങളില്‍ ധാരാളം കന്യാസ്തികളും ജോലി ചെയ്തിരുന്നു.

പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ഇത്തരം ആശുപത്രികളില്‍ പലതും ഗവണ്‍മെന്റ് അധികാരികള്‍ ഏറ്റെടുത്തു. പാരീസിലെ ഹോട്ടല്‍ ഡ്യൂ, റോമിലെ സാന്‍ട്രോ സ്പിരിറ്റോ, ലണ്ടനിലെ സെന്റ് ബര്‍ത്തലോമിയോ, സെന്റ് തോമസ് എന്നീ ആശുപതികള്‍ ഇക്കാലത്താണ് ആരംഭിച്ചത്. ധാരാളം പണം ഈ നഗരങ്ങള്‍ ആശുപത്രികള്‍ക്കു വേണ്ടി ചെലവഴിച്ചു. പ്രത്യേകിച്ചും ഇറ്റലിയില്‍ പ്രസിദ്ധരായ ആര്‍ക്കിടെക്റ്റുകളെയും കലാകാരന്മാരെയും ഇത്തരം മന്ദിരങ്ങളുടെ നിര്‍മാണത്തിനായി അവര്‍ കൂട്ടിക്കൊണ്ടുവന്നു. ഇത്തരത്തില്‍ കലയും വൈദ്യവൃത്തിയും തമ്മിലുള്ള ഒരു ബന്ധം ഉടലെടുത്തു വന്നത് പിന്നീട് വന്ന നവോത്ഥാനകാലത്ത് (Renaissance) ലോകത്തിന് പല ഗുണഫലങ്ങളും കാഴ്ചവച്ചു.

(തുടരും)

ഡോ. സലീമ ഹമീദ്: തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. കാനഡയില്‍ ഫാമിലി ഫിസിഷ്യനായി ജോലി ചെയ്യുന്നു. എന്റെ വഴിയമ്പലങ്ങള്‍, ആന്‍ഡലൂസിയന്‍ ഡയറി, പോര്‍ച്ചുഗല്‍-ഫെഡോ സംഗീതത്തിന്റെ നാട് എന്നീ യാത്രാവിവരണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. പുസ്തകപ്പച്ച, അമേരിക്കന്‍ കഥക്കൂട്ടം, ലോക്ഡൗണ്‍ സ്‌കെച്ചുകള്‍, കഥ 2021, കഥാസ്‌കോപ്പ് എന്നീ ആന്തോളജികളില്‍ എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിലും ഓണ്‍ലെന്‍ മാധ്യമങ്ങളിലും ലേഖനങ്ങളും യാത്രാവിവരണങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.



TAGS :