Quantcast
MediaOne Logo

ഡോ. സലീമ ഹമീദ്

Published: 1 March 2023 4:08 AM GMT

ഹോട്ടല്‍ ഡ്യു ആശുപത്രി

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ നോര്‍വേയിലെ ഡോക്ടര്‍ ജെറാഡ് ഹാന്‍സന്‍ കുഷ്ഠരോഗത്തിന് കാരണമാകുന്ന ബാക്ടീരിയയെ കണ്ടെത്തുകയും അതിനെ ചികിത്സിക്കാനുള്ള ആദ്യത്തെ മരുന്ന് 1941 കണ്ടു പിടിക്കുകയും ചെയ്തു. യൂറോപ്പിലെ അവസാനത്തെ കുഷ്ഠരോഗ കോളനിയായ ഗ്രീസിലെ സ്പിനാലോന്‍ഗ (spinalonga)1952ലാണ് അടച്ചുപൂട്ടിയത്. | DaVelhaMedicina - ഭാഗം: 10

ഹോട്ടല്‍ ഡ്യു ആശുപത്രി
X

മനുഷ്യര്‍ സമൂഹങ്ങളായി ജീവിക്കാന്‍ തുടങ്ങിയതോടെ രോഗികളുടെയും പാവപ്പെട്ടവരുടെയും സംരക്ഷണത്തിന് വേണ്ടിയുള്ള സ്ഥാപനങ്ങളുടെ ആവശ്യം അധികരിച്ചു. ധനികര്‍ തങ്ങള്‍ക്കാവശ്യമുള്ള ചികിത്സക്കായി വൈദ്യന്മാരെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു പതിവ്. എന്നാല്‍, പാവപ്പെട്ട രോഗികള്‍ എന്തു ചെയ്യണമെന്നറിയാതെ വീടുകളിലും തെരുവിലും തന്നെ കിടന്നു. ദീനദയാലുത്വം ഏറ്റവും പ്രധാനപ്പെട്ട മനുഷ്യ ഗുണമായി പ്രചരിപ്പിച്ചിരുന്ന മതങ്ങള്‍ക്ക് ഇവരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടി വന്നു. ഇങ്ങനെയാണ് മതമേലധ്യക്ഷന്മാരുടെ പ്രത്യേക താല്‍പര്യത്തോടെ ചികിത്സാകേന്ദ്രങ്ങള്‍ ആരംഭിച്ചത്. ബീമാരിസ്ഥാന്‍ (Bimaristan), ഹോസ്പിസസ് ഒഫ് ക്രിസ്റ്റ്യന്‍ മിലിറ്ററി ഓര്‍ഡേര്‍സ് (Hospices of Christian Military orders) എന്നിവ ഇതിന്റെ ഫലമാണ്. പാരീസിലെ ഹോട്ടന്‍ ഡ്യൂ ആശുപത്രി ഇന്ന് നിലവിലുള്ള ആശുപത്രികളില്‍ ഏറ്റവും പഴയതാണ്. നഗരഹൃദയത്തില്‍ തന്നെ ഇന്നും ഈ ആശുപത്രി കാണാം.

ഗ്രീസിലെ അസ്‌കലേപ്പിയ (Askelepia) രോഗ ശമനത്തിന്റെ ദേവനായ അസ്‌കലിപിയോണിന്റെ പേരില്‍ നിര്‍മിക്കപ്പെട്ട ആദ്യത്തെ ചികിത്സാകേന്ദ്രമാണ്. എ.ഡി 35ല്‍ എഴുതപ്പെട്ട ചില ശിലാഫലകങ്ങളില്‍ ഏകദേശം എഴുപതോളം രോഗികളുടെ ചികിത്സയുടെ വിവരങ്ങള്‍ കാണാം. ഇവയില്‍ വയറിനുള്ളില്‍ പഴുപ്പ് ( Abdominal abcess) മുതല്‍ അന്യ ദ്രവ്യങ്ങള്‍ (Foreign body) മാറ്റുന്നതിനായി ഉള്ള ചികിത്സകള്‍ വരെ അക്കാലത്ത് നടത്തിയതായി ഇവയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇവക്ക് പൊതുജനങ്ങള്‍ക്കായുള്ള ആധുനിക കാലത്തെ ആശുപത്രികളുമായി ഒരു സാമ്യവും ഉണ്ടായിരുന്നില്ല. ബി.സി 150-100 എഴുതപ്പെട്ട ചരകസംഹിതയില്‍ ഭാരതത്തിലെ ധര്‍മാശുപത്രികളെപ്പറ്റി പറയുന്നുണ്ട്. എ.ഡി 300ല്‍ ഓര്‍ഡര്‍ ഒഫ് സെന്റ് ജോണ്‍ (order of St. John) എന്ന ക്രിസ്ത്യന്‍ മിഷനറി സ്ഥാപനം അവരുടെ തീര്‍ഥയാത്രാമാര്‍ഗങ്ങളില്‍ ഇത്തരം ആശുപത്രികള്‍ സ്ഥാപിച്ച് പാവപ്പെട്ടവരെയും വിധവകളെയും അനാഥരെയും ഭക്ഷണവും വസ്ത്രവും മറ്റും നല്‍കി സംരക്ഷിച്ചിരുന്നതായി പറയുന്നു. മുറിവേറ്റ പട്ടാളക്കാര്‍, ഗ്ലാഡിയേറ്റര്‍മാര്‍, അടിമകള്‍ എന്നിവരെ ചികിത്സിക്കാനായി റോമന്‍ സാമ്രാജ്യത്തില്‍ Valetudinaria എന്ന പേരില്‍ ധര്‍മ ചികിത്സാലയങ്ങള്‍ നിലവിലിരുന്നു.

എ.ഡി 325ല്‍ ഒരു കത്തീഡ്രല്‍ ഉള്ള ഓരോ പട്ടണത്തിലും ഇത്തരത്തില്‍ ആശുപത്രി നിര്‍മിക്കണമെന്ന് നിര്‍ദേശിക്കപ്പെട്ടു. എ.ഡി 372ല്‍ ബിസാന്റിന്‍ ഭരണകാലത്ത് സെന്റ് ബാസില്‍ ആണ് തുര്‍ക്കിയിലെ സിസേറിയയില്‍ ഒരു ആശുപത്രി ആദ്യമായി നിര്‍മിച്ചത്. ഇക്കാലത്ത് സെന്റ് സാംപ്‌സണ്‍ കോണ്‍സ്റ്റാന്റിനോപ്പിളിലും ആശുപത്രി സ്ഥാപിച്ചു. എ.ഡി 651ല്‍ പാരീസിലെ ബിഷപ്പായ സെന്റ് ലാന്‍ഡറി (St. Landry) ആണ് സീന്‍ നദിയുടെ കരയില്‍ ഹോട്ടല്‍ ഡ്യു (ദൈവത്തിന്റെ വീട്) എന്ന ആശുപത്രി ഉണ്ടാക്കാന്‍ മുന്‍കൈയെടുത്തത്. നഗരത്തിലെ ധനികരാണ് ഇതിനു വേണ്ടിയുള്ള സാമ്പത്തിക ബാധ്യത ഏറ്റെടുത്തതെങ്കിലും കുറേക്കാലം അത് ആശുപത്രി എന്നതിനേക്കാളും പാവപ്പെട്ട രോഗികള്‍ക്ക് ഭക്ഷണവും താമസസ്ഥലവും നല്‍കുന്ന ഒരിടം മാത്രമായിരുന്നു. അവിടെ താമസിക്കാന്‍ എത്തുന്നവര്‍ രോഗം ഭേദമായി സമൂഹത്തിലേക്ക് മടങ്ങി ചെല്ലുന്നതിനെപ്പറ്റി നടത്തിപ്പുകാര്‍ക്ക് വലിയ പ്രതീക്ഷയും കണക്കുകൂട്ടലുകളും ഒന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും മധ്യകാലത്ത് ഇത് വളരെ തിരക്കുപിടിച്ച ഒരു സ്ഥാപനമായിരുന്നു. ആഴ്ചയില്‍ രണ്ടു പ്രാവശ്യം എങ്കിലും ഡോക്ടര്‍മാര്‍ ഈ സ്ഥാപനം സന്ദര്‍ശിക്കണമെന്നും ആവശ്യമുള്ള ചികിത്സ നല്‍കണമെന്നും എ.ഡി 1580ല്‍ ഗവണ്‍മെന്റ് ഒരു നിയമം കൊണ്ടുവന്നു. പലപ്പോഴും അവിടെ മൂവായിരത്തി അഞ്ഞൂറോളം പേര്‍ ഒരേസമയം ഉണ്ടാകുമായിരുന്നു. പലപ്പോഴും രോഗികള്‍ ഒരു കിടക്ക പങ്കിടുന്നത് സാധാരണയായിരുന്നു. കുഷ്ഠം, ക്ഷയം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരെയും മാനസിക രോഗികളെ ഒരുമിച്ചായിരുന്നു താമസിപ്പിച്ചിരുന്നത്. പതിനെട്ടാം നൂറ്റാണ്ടായപ്പോഴേക്കും അവിടെ 18 ഡോക്ടര്‍മാരും നൂറ് സര്‍ജന്മാരും ജോലി ചെയ്തിരുന്നു. 1772ല്‍ ഉണ്ടായ വന്‍ തീപിടിത്തത്തിനു ശേഷം ഇത് പുനര്‍നിര്‍മിക്കുകയുണ്ടായി. ഫ്രഞ്ച് വിപ്ലവത്തിന്റെ കാലത്ത് ധാരാളം പുതിയ ആശുപത്രികളും കുട്ടികള്‍, വൃദ്ധര്‍, ലൈംഗിക രോഗികള്‍, മാനസിക രോഗികള്‍ എന്നിവക്കു വേണ്ടിയുള്ള സ്‌പെഷലിസ്റ്റ് ആശുപത്രികളും നിര്‍മിക്കപ്പെട്ടു.


Hotel Dieu Hospital- Paris

ഇസ്‌ലാം മതത്തില്‍ രോഗിയുടെ സാമൂഹികസ്ഥിതിയോ കുടുംബപശ്ചാത്തലമോ, ജാതിയോ, സാമ്പത്തികസ്ഥിതിയോ കണക്കാക്കാതെ അവരെ സംരക്ഷിക്കുകയും സുഖപ്പെടുത്തുകയും ചെയ്യേണ്ടത് മതപരമായ കടമയാണ് കരുതപ്പെട്ടിരുന്നത്. 8-9 നൂറ്റാണ്ടുകളിലാണ് ദമാസ്‌കസിലും ബാഗ്ദാദിലും ബീമാരിസ്ഥാന്‍ എന്ന പേരിലുള്ള സ്ഥാപനങ്ങള്‍ ഉണ്ടാകുന്നത്. ഇവിടെ സര്‍ജറി ഉള്‍പ്പെടെ പല തരത്തിലുള്ള ചികിത്സകള്‍ നല്‍കപ്പെട്ടു. ഇവിടെ ക്രിസ്ത്യാനികളും ജൂതന്മാരും മുസ്‌ലിംകളോടൊപ്പം ജോലി ചെയ്തു. മിക്കവാറും ചികിത്സകളെല്ലാം സൗജന്യമായിരുന്നു. ചില ഡോക്ടര്‍മാര്‍ സ്വന്തമായി ഫീസ് വാങ്ങിയിരുന്നു. പത്തും പതിനൊന്നും നൂറ്റാണ്ടുകളില്‍ ഇത്തരത്തില്‍ ഉള്ള ചില സ്ഥാനങ്ങള്‍ക്ക് സ്വന്തമായി മരുന്ന് ഷോപ്പുകളും ഉണ്ടായിരുന്നു. സ്ത്രീകളും പുരുഷന്മാരും ജോലി ചെയ്തിരുന്ന ഈ സ്ഥാപനങ്ങളില്‍ കിടത്തി ചികിത്സ ഉണ്ടായിരുന്നില്ല.


ബീമാരിസ്ഥാന്‍

ക്രിസ്തുവിന് 4000 കൊല്ലങ്ങള്‍ക്കു മുന്‍പ് എഴുതിയ പാപ്പിറസ് താളുകളില്‍ കുഷ്ഠരോഗത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. അലക്‌സാണ്ടറുടെ സൈന്യം എ.ഡി 320 ല്‍ കിഴക്ക് നിന്ന് മടങ്ങിയപ്പോള്‍ അവര്‍ യൂറോപ്പിലേക്ക് കുഷ്ഠരോഗം കൊണ്ടുവന്നുവത്രേ. ശാരീരികമായ വൈകൃതങ്ങളും വൈകല്യങ്ങളും ഉണ്ടാക്കുന്നത് നിമിത്തം ഇത് ദുഷ്പ്രവര്‍ത്തികള്‍ക്കുള്ള ദൈവത്തിന്റെ ശിക്ഷയാണ് എന്നായിരുന്നു വിശ്വസിച്ചു പോന്നത്. ഇതുമൂലം ഇവരെ പൊതുസമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്നു. വീടിനു വെളിയില്‍ പോകുമ്പോള്‍ ഇവര്‍ക്ക് പ്രത്യേകതരം വസത്രവും കയ്യില്‍ ഒരു മണിയും നിര്‍ബന്ധമായിരുന്നു. ഈ മണിയുടെ ശബ്ദം കേട്ട് ആളുകള്‍ വഴി മാറിപ്പൊയ്‌കൊള്ളുമായിരുന്നു. ലാസര്‍ ഹൗസ് എന്ന് പേരില്‍ ഇവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക കോളനികള്‍ ആള്‍ താമസമില്ലാത്ത വിദൂര പ്രദേശങ്ങളിലെ ചെറിയ ദ്വീപുകളില്‍ നിര്‍മിക്കപ്പെട്ടിരുന്നു. രോഗം ബാധിച്ച എല്ലാവരെയും അവിടേക്ക് കൊണ്ടുപോയി താമസിപ്പിക്കുകയാണ് സാധാരണ നടപടി. പ്രത്യേക ചികിത്സയൊന്നും ലഭിക്കാതെ ഇവര്‍ കാലക്രമേണ അവിടെത്തന്നെ മരണപ്പെടുകയാണ് പതിവ്. 1873ല്‍ നോര്‍വേയിലെ ഡോക്ടര്‍ ജെറാഡ് ഹാന്‍സന്‍ കുഷ്ഠരോഗത്തിന് കാരണമാകുന്ന ബാക്ടീരിയയെ കണ്ടെത്തുകയും അതിനെ ചികിത്സിക്കാനുള്ള ആദ്യത്തെ മരുന്ന് 1941 കണ്ടു പിടിക്കുകയും ചെയ്തു. യൂറോപ്പിലെ അവസാനത്തെ കുഷ്ഠരോഗ കോളനിയായ ഗ്രീസിലെ സ്പിനാലോന്‍ഗ (spinalonga) 1952ലാണ് അടച്ചുപൂട്ടിയത്.


കുഷ്ഠരോഗികളുടെ വേഷം-മദ്ധ്യകാലത്ത്

മധ്യകാലത്ത് യൂറോപ്പില്‍ ഉണ്ടായിരുന്ന പ്രധാന ആശുപത്രികള്‍ എല്ലാം കത്തോലിക്കാപുരോഹിതന്മാരും കന്യാസ്ത്രീകളുമാണ് നടത്തിയിരുന്നത്. പരലോകത്ത് പ്രതിഫലം ലഭിക്കും എന്നുള്ള വിശ്വാസത്തില്‍ ധനികര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ധാരാളമായി പണം ദാനം ചെയ്തിരുന്നു. അവര്‍ ചിലവാക്കുന്ന പണം ഇത്തരത്തില്‍ അവര്‍ക്ക് പ്രയോജനപ്രദം ആകണമെന്ന് നിര്‍ബന്ധം ഉണ്ടായിരുന്നത് നിമിത്തം ഇക്കൂട്ടര്‍ ഇത്തരം ചികിത്സാ സ്ഥാപനങ്ങളുടെ പ്രവേശനമാനദണ്ഡങ്ങളുടെ കാര്യത്തില്‍ കൈ കടത്തിയിരുന്നു. എന്നാല്‍, 16-17നൂറ്റാണ്ടുകളിലെ പ്രൊട്ടസ്റ്റന്റ് പാതിരിമാര്‍ ഇത്തരത്തില്‍ പണം നല്‍കുന്നതുകൊണ്ട് പരലോകത്ത് പ്രതിഫലം ലഭിക്കുമെന്നുള്ള ഒരു ഉറപ്പും നല്‍കാന്‍ തയ്യാറായില്ല. അങ്ങനെ പ്രൊട്ടസ്റ്റന്റ് ഭരണം നിലവിലിരുന്ന രാജ്യങ്ങളിലെ ആശുപത്രികള്‍ അതത് രാജ്യങ്ങളിലെ ഭരണകേന്ദ്രങ്ങള്‍ സാമ്പത്തിക ഭാരം വഹിക്കുന്ന മതേതരത്വം ഉള്ള സ്ഥാപനങ്ങളായിത്തീര്‍ന്നു. അവരുടെ ഇടയില്‍ നിന്നുള്ള വിശാലഹൃദയരായ മനുഷ്യര്‍ ഈ സ്ഥാപനങ്ങള്‍ക്ക് തുടര്‍ന്നും സഹായം നല്‍കി പോന്നു.

ക്രമേണ ഈ സ്ഥാപനങ്ങള്‍ പാവപ്പെട്ടവര്‍ക്കുള്ള ഇടങ്ങള്‍ എന്നതിനേക്കാള്‍ രോഗികള്‍ക്കുള്ള ഇടങ്ങളായി മാറി. പതുക്കെപ്പതുക്കെ പ്രത്യേക രോഗങ്ങള്‍, മാനസികരോഗ ചികിത്സ, പകര്‍ച്ചവ്യാധികള്‍, സര്‍ജറി ആവശ്യമുള്ള കേസുകള്‍ എന്നിവക്കായി പ്രത്യേക വാര്‍ഡുകള്‍ ആരംഭിച്ചു. 1859ല്‍ ഇംഗ്ലീഷ് കാരിയായ ഫ്‌ലോന്റസ് നൈറ്റിംഗേല്‍ നഴ്‌സുമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിനുള്ള കോഴ്‌സുകള്‍ ആരംഭിച്ചു. ഇത് ആശുപത്രികളുടെ നിത്യേനയുള്ള കാര്യക്ഷമമായ നടത്തിപ്പിന് വളരെ സഹായകമായി എന്ന് പറയേണ്ടതില്ലല്ലോ. ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും ആശുപത്രികളെ അപകടകരമായ സ്ഥലങ്ങള്‍ ആയിത്തന്നെ എല്ലാവരും കണക്കാക്കി. ഇത് നിമിത്തം ധനികര്‍ അവരുടെ വീടുകളില്‍ വെച്ചുതന്നെ ചികിത്സിക്കപ്പെടാനാണ് ആഗ്രഹിച്ചത്. താഴെക്കിടയിലുള്ള ആളുകളുമായി ഇടപെടുന്നത് ഒഴിവാക്കാനായി പലപ്പോഴും സര്‍ജറികള്‍ പോലും ഇക്കൂട്ടര്‍ വീടിനകത്ത് നടത്തിയിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ എക്‌സ്‌റേ മെഷീനുകളുടെ കണ്ടുപിടുത്തത്തോടെ ആണ് അത്തരം ചികിത്സകള്‍ ലഭിക്കാനായി പണക്കാര്‍ ആശുപത്രികളില്‍ പോയിത്തുടങ്ങിയത്.

1721ല്‍ സ്ഥാപിക്കപ്പെട്ട ലണ്ടനിലെ ഗൈസ് ഹോസ്പിറ്റല്‍ (Guy's hospital) ഇവിടെ എടുത്തു പറയേണ്ട ഒരു പേരാണ്. പുസ്തക വ്യാപാരിയായിരുന്ന തോമസ് ഗൈ എന്ന ധനികന്‍ സൗത്ത് സീ കമ്പനി വഴി ഉണ്ടാക്കിയ സമ്പത്താണ് ഇതിനായി നല്‍കിയത്. ആദ്യകാലത്ത് പലതരത്തിലുള്ള മാറാരോഗികളെ ആണ് ഇവിടെ താമസിപ്പിച്ചത്. എന്നാല്‍, പിന്നീട് ഇത് വളരെ പ്രസിദ്ധമായ ഒരു ഗവേഷണ പഠനകേന്ദ്രം ആയി മാറി.

(തുടരും)

ഡോ. സലീമ ഹമീദ്: തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. കാനഡയില്‍ ഫാമിലി ഫിസിഷ്യനായി ജോലി ചെയ്യുന്നു. എന്റെ വഴിയമ്പലങ്ങള്‍, ആന്‍ഡലൂസിയന്‍ ഡയറി, പോര്‍ച്ചുഗല്‍-ഫെഡോ സംഗീതത്തിന്റെ നാട് എന്നീ യാത്രാവിവരണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. പുസ്തകപ്പച്ച, അമേരിക്കന്‍ കഥക്കൂട്ടം, ലോക്ഡൗണ്‍ സ്‌കെച്ചുകള്‍, കഥ 2021, കഥാസ്‌കോപ്പ് എന്നീ ആന്തോളജികളില്‍ എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിലും ഓണ്‍ലെന്‍ മാധ്യമങ്ങളിലും ലേഖനങ്ങളും യാത്രാവിവരണങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

TAGS :