Quantcast
MediaOne Logo

ഡോ. ബിനോജ് നായര്‍

Published: 31 Dec 2022 7:21 AM GMT

കെ.പി ശശി എന്ന സമരജ്വാല

അസുഖബാധിതനായി ആശുപത്രിയില്‍ കഴിയവെ മീഡിയ വണ്ണിന് എന്നെ പരിചയപ്പെടുത്തിയതും, അത് പിന്നീട് എല്ലാ വെള്ളിയാഴ്ചയും ഈ കോളം എഴുതുന്നതിലേയ്ക്ക് വളര്‍ന്നതും ശശിയേട്ടന്റെ സ്‌നേഹവും കരുതലുമാണ്. കോളത്തിന് TheFourthEye എന്ന പേര് ശശിയേട്ടന്‍ നിര്‍ദേശിക്കുമ്പോള്‍, ഇത്ര പെട്ടെന്ന് അദ്ദേഹത്തെപ്പറ്റി ഒരു അനുസ്മരണം ഇതില്‍ തയ്യാറാക്കേണ്ടി വരുമെന്ന് സ്വപ്‌നേപി കരുതിയിരുന്നില്ല. | TheFourthEye

കെ.പി ശശി എന്ന സമരജ്വാല
X

കെ.പി ശശി ശരിയായ അര്‍ഥത്തില്‍ ഒരു സമരജ്വാലയായിരുന്നു. അപരന്റെ പ്രശ്‌നങ്ങളെ സ്വന്തം ബാധ്യതയായിക്കണ്ട് അവയിലൂടെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് കത്തിപ്പടര്‍ന്ന തീക്ഷ്ണമായ ഒരു ജ്വാല. അടിച്ചമര്‍ത്തപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും വേദന സ്വന്തം മനഃസാക്ഷിയെ കുത്തിനോവിക്കുന്ന മാത്രയില്‍ തന്നെ മുന്‍പിന്‍ നോക്കാതെ അതിലേയ്ക്ക് ആവേശിച്ച പ്രക്ഷോഭത്തിന്റെ ആളുന്ന ജ്വാല.

വിമര്‍ശകരെ നിശ്ശബ്ദരാക്കാന്‍ ഏത് മാര്‍ഗവും സ്വീകരിയ്ക്കാന്‍ മടിയില്ലാത്ത ഭരണകൂടങ്ങള്‍ക്ക് മുന്നില്‍ ഒളിയും മറയുമില്ലാതെ തന്റെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുക എന്നത് അദ്ദേഹത്തിന് ജീവിത സപര്യയായിരുന്നു. അപ്രിയസത്യങ്ങള്‍ വിളിച്ചു പറയാന്‍ വരയുടെ നര്‍മം വഴിമരുന്നാക്കുകയും വാണിജ്യ സിനിമകള്‍ കൈവെക്കാന്‍ ധൈര്യപ്പെടാത്ത സമസ്യകള്‍ സമൂഹ മനസ്സാക്ഷിക്ക് മുന്നില്‍ തുറന്ന് വെക്കാന്‍ സമാന്തര ചലച്ചിത്ര പാത പ്രേക്ഷകരിലേക്ക് തുറക്കുകയും ചെയ്ത ഒരു കലാകാരന്‍ കൂടിയായിരുന്നു അദ്ദേഹം.

സ്വന്തം വഴി സ്വയം വെട്ടി സ്വബോധ്യങ്ങളുമായി അതിലൂടെ സഞ്ചരിച്ച ഒറ്റയാനായിരുന്നു കെ.പി ശശി എന്ന താന്തോന്നിയായ പോരാളി. പരപ്രേരണകള്‍ക്കോ ബാഹ്യസമ്മര്‍ദങ്ങള്‍ക്കോ അന്യസ്വാധീനത്തിനോ പുറംപ്രലോഭനങ്ങള്‍ക്കോ സ്വയം നിശ്ചയിച്ചുറപ്പിച്ച സമരവഴിയില്‍ നിന്ന് വഴിമാറ്റാനാകാത്ത ദൃഢസങ്കല്‍പമുള്ള സഞ്ചാരി. പീഡിതരുടെയും മര്‍ദിതരുടെയും പാര്‍ശ്വവത്കൃതരുടെയും വിലാപങ്ങളെ സദാ പിന്തുടര്‍ന്ന, അവയില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് അവര്‍ക്കായി ഹൃദയശുദ്ധിയോടെ പൊരുതിയ ലക്ഷ്യബോധമുള്ള യോദ്ധാവായിരുന്നു അദ്ദേഹം.


ഇന്ത്യയിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടി സ്ഥാപകരില്‍ ഒരാളും മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും ജനയുഗം എഡിറ്ററുമായിരുന്ന കെ. ദാമോദരന്റെ പുത്രന് വിപ്ലവവീര്യം പിതാവില്‍ നിന്ന് വേണ്ടുവോളം പകര്‍ന്ന് കിട്ടിയിരുന്നു. വിമര്‍ശകരെ നിശ്ശബ്ദരാക്കാന്‍ ഏത് മാര്‍ഗവും സ്വീകരിയ്ക്കാന്‍ മടിയില്ലാത്ത ഭരണകൂടങ്ങള്‍ക്ക് മുന്നില്‍ ഒളിയും മറയുമില്ലാതെ തന്റെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുക എന്നത് അദ്ദേഹത്തിന് ജീവിത സപര്യയായിരുന്നു. അപ്രിയസത്യങ്ങള്‍ വിളിച്ചു പറയാന്‍ വരയുടെ നര്‍മം വഴിമരുന്നാക്കുകയും വാണിജ്യ സിനിമകള്‍ കൈവെക്കാന്‍ ധൈര്യപ്പെടാത്ത സമസ്യകള്‍ സമൂഹ മനസ്സാക്ഷിക്ക് മുന്നില്‍ തുറന്ന് വെക്കാന്‍ സമാന്തര ചലച്ചിത്ര പാത പ്രേക്ഷകരിലേക്ക് തുറക്കുകയും ചെയ്ത ഒരു കലാകാരന്‍ കൂടിയായിരുന്നു അദ്ദേഹം.

സംഘ്പരിവാറിന്റെ സദാചാര ഗുണ്ടായിസത്തിനും വര്‍ഗീയ ഫാഷിസത്തിനുമെതിരെ നിരന്തരം പോരാടുകയും ശബ്ദമുയര്‍ത്തുകയും ചെയ്ത അദ്ദേഹം മതന്യൂനപക്ഷങ്ങള്‍ക്ക് മോദിയുടെയും മറ്റ് ഹിന്ദുത്വ സര്‍ക്കാരുകളുടെയും കീഴില്‍ നേരിടേണ്ടി വരുന്ന സാംസ്‌കാരികവേട്ടയെ കിട്ടുന്ന വേദികളിലെല്ലാം തുറന്ന് കാട്ടിയിരുന്നു. രാജ്യത്തെ മതേതര സമരനായകരും മനുഷ്യാവകാശ പ്രവര്‍ത്തകരും പോലും അബ്ദുന്നാസര്‍ മഅദനി എന്ന മനുഷ്യനെ കൊടുംതീവ്രവാദിയായി മുദ്രകുത്തി കിരാത ഭരണകൂടങ്ങള്‍ക്ക് എറിഞ്ഞു കൊടുത്തപ്പോള്‍ മഅദനിയ്‌ക്കെതിരായ തെളിവുകള്‍ വ്യാജമാണെന്നും വിശാലഹിന്ദുത്വ ജ്വരം ബാധിച്ച ഭരണാധികാരികള്‍ അദ്ദേഹത്തെ അകപ്പെടുത്തുകയാണെന്നും വിളിച്ചു പറയുന്ന Fabricated! എന്ന ഡോക്യുമെന്ററി പുറത്തിറക്കാന്‍ ധൈര്യം കാട്ടിയ മനുഷ്യസ്‌നേഹി എന്ന നിലയ്ക്കും കെ.പി ശശി ഓര്‍മിക്കപ്പെടും.


ഇത് കൂടാതെ നര്‍മ്മദാ ബചാവോ സമരത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം തയ്യാറാക്കിയ A Valley Refuses to Die, എയ്ഡ്സ് രോഗികളുടെ പാര്‍ശ്വവല്‍ക്കരണത്തിന്റെ കഥ പറയുന്ന ഏക് അലഗ് മോസം, സമാധാനം സൃഷ്ടിയ്ക്കാന്‍ എന്ന വ്യാജേന രാഷ്ട്രങ്ങള്‍ കൈയേറുന്ന അമേരിയ്ക്കയുടെ വാര്‍ ഓണ്‍ ടെറര്‍ എന്ന അസംബന്ധത്തിനെതിരെ തയ്യാറാക്കിയ America America, തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കുന്നവരുടെ ജീവിതപ്രശ്‌നങ്ങളെപ്പറ്റി സംസാരിക്കുന്ന Like Leaves in a Storm തുടങ്ങി നിരവധി ഡോക്യുമെന്ററികളും ഹ്വസ്വചിത്രങ്ങളും അദ്ദേഹം വിവിധഭാഷകളിലായി ചെയ്തു.


കെ.പി ശശി എന്ന ചലച്ചിത്രകാരന്റെ എക്കാലവും സ്മരിക്കപ്പെടേണ്ട ഒരു ചിത്രമാണ് 'ഇലയും മുള്ളും'. വിദ്യാഭാസത്തിലും ചിന്താഗതിയിലും സ്ത്രീശാക്തീകരണത്തിലും കേരളം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്‍പന്തിയിലാണെന്ന പൊതുധാരണയുടെ പൊള്ളത്തരം വിളിച്ചു പറയുന്ന ചിത്രം ചില യഥാര്‍ഥ സംഭവങ്ങളെ അധികരിച്ചുള്ളതായിരുന്നു. പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ അവന് വേണ്ടി നീക്കിവെച്ചിട്ടുള്ള മേച്ചില്‍പുറങ്ങളില്‍ നാല് പെണ്‍കുട്ടികള്‍ ഇടപെട്ടതോടെ സമൂഹം ഒന്നാകെ അവര്‍ക്കെതിരാവുകയും ജീവിക്കാന്‍ നിവൃത്തിയില്ലാതെ ഒടുവില്‍ അവര്‍ക്ക് ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കേണ്ടി വരികയും ചെയ്യുന്നതായിരുന്നു സിനിമയുടെ ഇതിവൃത്തം.


ഇലയും മുള്ളും ചിത്രീകരണത്തിനിടെ കെ.പി ശശി സഹപ്രവര്‍ത്തകരോടൊപ്പം

മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരമുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ഇലയും മുള്ളും എന്ന ചിത്രം നേടുകയുണ്ടായി. കൂടാതെ സിഡ്നി, ടോറോന്റോ, വെനിസ്, കെയ്റോ, മോണ്‍റിയാല്‍, മ്യൂനിക് തുടങ്ങി നിരവധി അന്താരാഷ്ട്രവേദികളിലും ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കെ.പി ശശി എന്ന ചലച്ചിത്രകാരന്‍ പുരോഗമനസമൂഹം എന്ന് മേനിനടിക്കുന്ന മലയാളികള്‍ക്ക് മുന്നില്‍ വെച്ച അസുഖകരമായ ചോദ്യം ഇന്നും അങ്ങേയറ്റം സാധുവാണ്.

എന്നാല്‍, അദ്ദേഹത്തിന്റെ വര്‍ക്കുകളില്‍ എന്നെ ഏറ്റവുമധികം സ്വാധീനിച്ചത് സംഘ്പരിവാറിന്റെ ക്രൂരമായ ആക്രമണത്തിന് ഇരകളായ ഒഡീഷയിലെ ഖണ്ഡമാലിലെ കൃസ്ത്യാനികളെപ്പറ്റി അദ്ദേഹം ചെയ്ത Voices From the Ruins എന്ന ഡോക്യൂമെന്ററിയാണ്. ഹിന്ദുത്വശക്തികള്‍ ഒഡീഷയിലെ കൃസ്തുമത വിശ്വാസികള്‍ക്കെതിരായി പതിറ്റാണ്ടുകളായി രൂപപ്പെടുത്തി വന്ന വംശീയ ഉന്മൂലന പദ്ധതി 2007ല്‍ അതിന്റെ പൂര്‍ത്തീകരണത്തില്‍ എത്തിയപ്പോള്‍ സംഭവിച്ചത് സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ വംശവിച്ഛേദങ്ങളില്‍ ഒന്നാണ്.


അരലക്ഷത്തിലേറെ ആളുകളുടെ ജീവനും സ്വത്തിനും മേല്‍ ഹിന്ദുത്വകൊലയാളികള്‍ ചെന്നായ്ക്കളെപ്പോലെ ചാടിവീണപ്പോള്‍ കൊല്ലപ്പെട്ടത് നൂറോളം നിരപരാധികളായ ദലിത്/ആദിവാസി മേഖലയിലെ ക്രിസ്തുമതവിശ്വാസികളും തകര്‍ക്കപ്പെട്ടത് ആറായിരത്തിലേറെ വീടുകളുമായിരുന്നു. കൂടാതെ, മുന്നൂറ്റിയമ്പതോളം പള്ളികളും അക്രമിസംഘങ്ങള്‍ തകര്‍ത്തു തരിപ്പണമാക്കി. സംഘ്പരിവാര്‍ അക്രമത്തിന്റെ ചരിത്രപശ്ചാത്തലവും രാഷ്ട്രീയ ലക്ഷ്യങ്ങളും പൊടിതട്ടിയെടുത്ത ഈ ഡോക്യുമെന്ററി ചിത്രം ദുരന്തബാധിതരുടെ ഇനിയും നിലയ്ക്കാത്ത ദുരിതങ്ങളും നഷ്ടപരിഹാരത്തിനായുള്ള ഒടുങ്ങാത്ത കാത്തിരിപ്പുമെല്ലാം പ്രമേയമാക്കിയിരുന്നു. 2007ലെ കൃസ്തുമസ് ദിനത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ കഥ പറഞ്ഞു കൊണ്ട് കെ.പി ശശി എന്ന സംവിധായകന്‍ കടന്ന് പോകുന്നതും മറ്റൊരു കൃസ്തുമസ് ദിനത്തില്‍ തന്നെയാവുന്നത് വിധിയുടെ വിളയാട്ടമെന്ന് വിശ്വസിക്കാം.

വ്യക്തിപരമായി എനിയ്ക്ക് ഏറ്റവും അടുപ്പമുള്ള ഒരാളായിരുന്നു ശശിയേട്ടന്‍. ഇടയ്ക്ക് ഫോണില്‍ സംസാരിക്കാറുള്ളപ്പോള്‍ പഴയ ഹിന്ദി സിനിമകളെപ്പറ്റിയും അവയിലെ ഗാനങ്ങളെപ്പറ്റിയും ഞങ്ങളിരുവരും വാചാലരാവുമായിരുന്നു. ഗുരുദത്ത് സിനിമകളുടെ കടുത്ത ആരാധകനായിരുന്ന അദ്ദേഹം ഒരു ചലച്ചിത്രകാരന്‍ എന്ന നിലക്ക് കാഗസ് കെ ഫൂല്‍ എന്ന ചിത്രം തന്നില്‍ ചെലുത്തിയ സ്വാധീനത്തെപ്പറ്റി എപ്പോഴും സംസാരിക്കുമായിരുന്നു. അതിലെ 'വഖ്ത് നേ കിയാ ക്യാ ഹസീന്‍ സിത്തം' എന്ന ഗാനത്തിലെ ഒരു രംഗത്തില്‍ ഗുരുദത്ത് പ്രയോഗിച്ചിട്ടുള്ള spot camera angle നോട് അദ്ദേഹത്തിന് നിതാന്തപ്രണയമായിരുന്നു എന്ന് പറഞ്ഞാല്‍ അതില്‍ തെറ്റുണ്ടാവില്ല.

എന്റെ എഴുത്തുകളെ എന്നും പ്രോത്സാഹിപ്പിച്ച അദ്ദേഹം ഓരോന്നിനെപ്പറ്റിയും മെസഞ്ചറിലൂടെ അഭിപ്രായം അറിയിക്കുമായിരുന്നു. വിമര്‍ശകരെ വേട്ടയാടുക എന്നത് ഒരു ക്രൂരവിനോദമാക്കിയ സംഘ്പരിവാര്‍ ഭരണകൂടത്തെ വിമര്‍ശിക്കുമ്പോള്‍ ഒരല്‍പം മയപ്പെടുത്തണമെന്ന് എന്നെ ഉപദേശിക്കാറുള്ള സുഹൃത്തുക്കളില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്നു അദ്ദേഹം. ഗോദ്ര-ഗുജറാത്ത് കലാപങ്ങളുടെ കാണാച്ചരടുകളെപ്പറ്റി ഞാന്‍ ചെയ്ത സീരീസ് വായിച്ച് ഒരു കൊച്ചുകുട്ടിയെപ്പോലെ തുള്ളിച്ചാടി എന്റെ വാട്‌സാപ്പില്‍ വന്ന് I'm your fan എന്ന് പ്രഖ്യാപിച്ച ശശിയേട്ടനെ ഇപ്പോള്‍ ഓര്‍മ വരുന്നു. കൂടാതെ സംഘ്പരിവാറിനെതിരെ സന്ധിയില്ലാ സമരം ചെയ്യുന്ന Dr. Ram Puniyani യെയും Prof. Mridula Mukherjee യെയും പോലുള്ളവരുമായി എന്നെ ബന്ധിപ്പിക്കുന്നതിലും അദ്ദേഹം വലിയ പങ്ക് വഹിച്ചിരുന്നു.

ഇന്ത്യയിലെ പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെട്ട മുസ്‌ലിം സമൂഹത്തിന്റെ വേദനകളും വിഹ്വലതകളും മുഖ്യധാരാ മാധ്യമങ്ങളില്‍ തമസ്‌ക്കരിയ്ക്കപ്പെടുന്ന അവരുടെ ശബ്ദവും പൊതുസമൂഹത്തിലേയ്ക്ക് എത്തിയ്ക്കാനുള്ള ഒരു പദ്ധതിയ്ക്ക് രൂപം നല്‍കാനുള്ള എന്റെ ശ്രമങ്ങള്‍ക്ക് ആദ്യപിന്തുണയും ശശിയേട്ടന്റേതായിരുന്നു.

ശശിയേട്ടന്റെ കാര്‍മികത്വത്തില്‍ പ്രസിദ്ധീകരിയ്ക്കപ്പെട്ടിരുന്ന Countercurrenst ല്‍ എന്റെ എഴുത്തുകള്‍ ഉള്‍ക്കൊള്ളിയ്ക്കാന്‍ അദ്ദേഹം മനസ്സ് കാണിച്ചു. ഞാന്‍ കുത്തിക്കുറിക്കുന്നത് പല പ്രസിദ്ധീകരണങ്ങള്‍ക്കും അദ്ദേഹം അയച്ചു കൊടുത്ത ശേഷം അവര്‍ എന്നെ വിളിക്കുമ്പോള്‍ മാത്രമാണ് അക്കാര്യം ഞാന്‍ അറിയുമായിരുന്നുള്ളൂ. അസുഖബാധിതനായി ആശുപത്രിയില്‍ കഴിയവെ ഇതുപോലെ തന്നെ മീഡിയ വണ്ണിന് എന്നെ പരിചയപ്പെടുത്തിയതും അത് പിന്നീട് എല്ലാ വെള്ളിയാഴ്ചയും ഈ കോളം എഴുതുന്നതിലേയ്ക്ക് വളര്‍ന്നതും ശശിയേട്ടന്റെ സ്‌നേഹവും കരുതലുമാണ്. കോളത്തിന്് The Fourth Eye എന്ന പേര് ശശിയേട്ടന്‍ നിര്‍ദേശിക്കുമ്പോള്‍ ഇത്ര പെട്ടെന്ന് അദ്ദേഹത്തെപ്പറ്റി ഒരു അനുസ്മരണം ഇതില്‍ തയ്യാറാക്കേണ്ടി വരുമെന്ന് സ്വപ്‌നേപി കരുതിയിരുന്നില്ല. ഇന്ത്യയിലെ പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെട്ട മുസ്‌ലിം സമൂഹത്തിന്റെ വേദനകളും വിഹ്വലതകളും മുഖ്യധാരാ മാധ്യമങ്ങളില്‍ തമസ്‌ക്കരിയ്ക്കപ്പെടുന്ന അവരുടെ ശബ്ദവും പൊതുസമൂഹത്തിലേയ്ക്ക് എത്തിയ്ക്കാനുള്ള ഒരു പദ്ധതിയ്ക്ക് രൂപം നല്‍കാനുള്ള എന്റെ ശ്രമങ്ങള്‍ക്ക് ആദ്യപിന്തുണയും ശശിയേട്ടന്റേതായിരുന്നു. അങ്ങേയറ്റം ശ്രമകരമായ ആ സംരംഭത്തിന് കഴിയാവുന്ന പിന്തുണയും വിവരശേഖരണം ഉള്‍പ്പെടെയുള്ള സഹായങ്ങളും അദ്ദേഹം എനിയ്ക്ക് വാഗ്ദാനം ചെയ്തിരുന്നു. പുതുവത്സരത്തില്‍ ആ പദ്ധതി പ്രവര്‍ത്തിപഥത്തിലേയ്ക്ക് എത്തുമ്പോള്‍ നിര്‍ദ്ദേശോപദേശങ്ങളുമായി ശശിയേട്ടന്‍ ഒരു ഫോണ്‍ കോളിനപ്പുറം ഇല്ലെന്നറിയുമ്പോഴും കരുതലിന്റെ ആ അദൃശ്യസാന്നിധ്യം എനിയ്ക്കൊപ്പം ഉണ്ടാവുമെന്നുറപ്പ്.

ശശിയേട്ടന്റെ മരണമില്ലാത്ത ഓര്‍മകള്‍ക്ക് മുന്നില്‍ എന്റെ ഹൃദയാഞ്ജലി.

TAGS :