Quantcast
MediaOne Logo

ഡോ. സലീമ ഹമീദ്

Published: 21 Feb 2023 6:20 AM GMT

സലേര്‍ണോയും മറ്റു സര്‍വകലാശാലകളും

ഇരുണ്ട നൂറ്റാണ്ടുകളില്‍ സന്യാസിമഠങ്ങള്‍ക്കു കീഴിലുള്ള ചികിത്സാ കേന്ദ്രങ്ങളിലായിരുന്നു വൈദ്യവിദ്യാര്‍ഥികളെ പരിശീലിപ്പിച്ചിരുന്നത്. ഇവിടെ താമസക്കാരായ പുരോഹിതര്‍ പകര്‍ത്തിയെഴുതിയ വൈദ്യ പുസ്തകങ്ങള്‍ക്കനുസരിച്ചായിരുന്നു അന്നത്തെ വൈദ്യപഠനവും ചികിത്സയും. ഇത് ഒരിക്കലും സാമ്പത്തികലാഭത്തിനു വേണ്ടിയുള്ളതാകരുത് എന്ന് പ്രത്യേക നിഷ്‌കര്‍ഷ ഉണ്ടായിരുന്നു. | DaVelhaMedicina - ഭാഗം: 09

സലേര്‍ണോയും മറ്റു സര്‍വകലാശാലകളും
X

യൂറോപ്പിന്റെ മധ്യകാലം യുദ്ധങ്ങളും മഹാമാരികളും പട്ടിണിയും കൊണ്ട് യാതനാപൂര്‍ണ്ണമായിരുന്നു. രോഗികളുടെയും യുദ്ധത്തില്‍ മുറിവേറ്റവരുടെയും ദരിദ്രരുടെയും സംരക്ഷണം മതസംഘടനകള്‍ക്ക് മാത്രം താല്‍പര്യമുള്ള വിഷയമായി മാറി. ദുരിതപ്പെയ്ത്തുകളുടെ ഇക്കാലത്ത് വൈദ്യശാസ്ത്രത്തില്‍ ഗവേഷണത്തിനും പഠനത്തിനും ഉള്ള സാഹചര്യം ഉണ്ടായിരുന്നില്ല എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

സെന്റ് ബെനഡിക്ട് ഓഫ് നൊര്‍ഷ്യ, ബെനഡിക്ട്റ്റന്‍ ഓര്‍ഡര്‍ എന്ന പേരില്‍ നെഴ്‌സുമാരുടെ ഒരു സംഘം, യൂറോപ്പിന്റെ പല ഭാഗത്തായി ആതുരാലയങ്ങള്‍ നിര്‍മിച്ചു. വൈദികരുടെ ഇത്തരം ആശുപത്രികള്‍ സ്വയംഭരണ സ്ഥാപനങ്ങളായിരുന്നു. മൊണാസ്റ്ററികളില്‍ വളര്‍ത്തുന്ന ഔഷധ ചെടികളില്‍ നിന്നും പുരോഹിതന്മാര്‍ നിര്‍മിച്ചെടുക്കുന്ന മരുന്നുകള്‍ കൊണ്ടായിരുന്നു ചികിത്സ. ഏത് സമയത്തും ഇത്തരം സ്ഥാപനങ്ങളില്‍ എത്തുന്ന ഏതൊരാള്‍ക്കും സൗജന്യമായി ചികിത്സ ലഭിച്ചിരുന്നു. ഇവരില്‍ ചികിത്സക്കായി ജീവിതം ഉഴിഞ്ഞുവെച്ച ചില വൈദികര്‍ രോഗികള്‍ക്ക് വേണ്ടി ഗൃഹസന്ദര്‍ശനങ്ങളും നടത്തി വന്നു. ഇത്തരം സന്ദര്‍ശനങ്ങള്‍ മൂലം പുരോഹിതന്മാര്‍ ഭൗതികലോകത്തിന്റെ വശീകരണങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുമെന്ന് ഭയപ്പെട്ട അധികാരികള്‍ ഇത് നിരോധിച്ചെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചില്ല. കാരണം, ഇവരുടെ കൂട്ടത്തില്‍ പലരും അതിശയകരകരമായ രോഗശാന്തി നല്‍കുന്നു എന്ന പേരില്‍ ജനപ്രിയരായി കഴിഞ്ഞിരുന്നു.

ഈ കാലത്ത് സാധാരണ ചികിത്സകര്‍ക്കും ആവശ്യക്കാര്‍ ഉണ്ടായിരുന്നു. ഒന്‍പതാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ സ്ഥാപിക്കപ്പെട്ട ആദ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസകേന്ദ്രം ഇറ്റലിയുടെ തെക്കേ അറ്റത്തുള്ള സലേര്‍ണോ പട്ടണത്തിലായിരുന്നു. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള സുഖവാസകേന്ദ്രം എന്ന നിലയില്‍ എ.ഡി രണ്ടാം നൂറ്റാണ്ട് മുതല്‍ തന്നെ ഈ പട്ടണം പ്രസിദ്ധമായിരുന്നു. പിന്നീടുണ്ടായ പല വിദ്യാഭ്യാസകേന്ദ്രങ്ങള്‍ക്കും ഇത് മാതൃകയായി. ഈ സ്ഥാപനം ആരംഭിച്ചതിനെപ്പറ്റി പറ്റി ഒരു കഥ നിലവിലുണ്ട് അത് ഇങ്ങനെയാണ്. ഒമ്പതാം നൂറ്റാണ്ടില്‍ പോണ്ടസ് എന്ന ഗ്രീക്കുകാരനായ ഒരു തീര്‍ത്ഥാടകന്‍ കൊടുങ്കാറ്റിലും മഴയിലും നിന്ന് രക്ഷനേടാനായി സലേര്‍ണോയിലെ പ്രസിദ്ധമായി ജലവാഹിനി (aquaduct) യുടെ കമാനങ്ങള്‍ക്ക് കീഴില്‍ അഭയം പ്രാപിച്ചു. അല്‍പം കഴിഞ്ഞ് സലേര്‍ണസ് എന്ന ഗ്രീക്കുകാരനായ ഒരു ഓട്ടക്കാരനും അവിടെ എത്തി. മുറിവേറ്റ ഇയാളുടെ ചികിത്സക്കായി പിന്നീടെത്തിയ ഹെലിനസ് എന്ന ഒരു ജൂതനും അബ്ദുല്ല എന്ന അറബിയും ഒത്തു ചേര്‍ന്നുവെന്ന് കഥ! ഈ നാലു പേരും ചികിത്സയില്‍ തല്‍പരരായിരുന്നു എന്നത് മറ്റൊരു യാച്ഛികത! പലനാടുകളില്‍ നിന്ന് എത്തിയ ഇവര്‍ തങ്ങളുടെ വിജ്ഞാനം പരസ്പരം പങ്കുവെച്ചാല്‍ സഹജീവികള്‍ക്ക് ഉപകാരപ്രദമായ ഒരു കൂട്ടായ്മ ആയിത്തീരും എന്ന് മനസ്സിലാക്കി ഇതിനായി അവിടെ ഒരു വിദ്യാഭ്യാസ കേന്ദ്രം ആരംഭിക്കുകയായിരുന്നുവത്രേ! ആദ്യ കാലത്തു ഒരു സാധാരണ സ്‌കൂളായാണ് ആരംഭിച്ചത്; തന്നിമിത്തം യാഥാസ്ഥിതിക മതവിശ്വാസികളുടെ ചോദ്യങ്ങളും നിയന്ത്രണങ്ങളും അവിടെ ഉണ്ടായില്ല.


ഈ ഇരുണ്ട നൂറ്റാണ്ടുകളില്‍ സന്യാസിമഠങ്ങള്‍ക്കു കീഴിലുള്ള ചികിത്സ കേന്ദ്രങ്ങളിലായിരുന്നു വൈദ്യവിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചിരുന്നത്. ഇവിടെ താമസക്കാരായ പുരോഹിതര്‍ പകര്‍ത്തിയെഴുതിയ വൈദ്യ പുസ്തകങ്ങള്‍ക്കനുസരിച്ചായിരുന്നു അന്നത്തെ വൈദ്യപഠനവും ചികിത്സയും. ഇത് ഒരിക്കലും സാമ്പത്തികലാഭത്തിനു വേണ്ടിയുള്ളതാകരുത് എന്ന് പ്രത്യേക നിഷ്‌കര്‍ഷ ഉണ്ടായിരുന്നു. നിയമപ്രകാരം അവര്‍ക്ക് ചെയ്യാവുന്ന ചികിത്സാ രീതികള്‍ക്ക് പരിധി ഉണ്ടായിരുന്നു. വളരെ ഉല്‍പതിഷ്ണുക്കളായ സന്യാസിമാര്‍ ഉള്‍പ്പെട്ട മോണ്ടി കസീനോയിലെ സന്ന്യാസി മഠവുമായി ബന്ധപ്പെട്ട ഡിസ്‌പെന്‍സറിയില്‍ വിശാലമായ ലൈബ്രറി ഉണ്ടായിരുന്നു. എലീന എന്ന ഒരു ജൂത റാബി, ഗാരിയോ പോണ്ടസ് എന്നുപേരായ ഒരു ഗ്രീക്കുകാരന്‍, അടെയില്‍ എന്ന് പേരുള്ള ഒരു അറബി, അല്‍ഫാന്‍സ്സ് എന്ന ഒരു പാതിരി എന്നിവര്‍ ചേര്‍ന്ന ഒരു നാല്‍വര്‍ സംഘം ആയിരുന്നു ഈ വൈദ്യപഠന കേന്ദ്രത്തിന്റെ സിലബസ് എഴുതിയുണ്ടാക്കിയത്. ഒരുപക്ഷേ, ഇത് വായ്‌മൊഴി കഥ ആയിരിക്കാനും സാധ്യതയുണ്ട്. 'Passionarius' എന്ന പേരിലുള്ള ഈ ഗ്രന്ഥം വൈദ്യശാസ്ത്രത്തില്‍ ഇന്ന് നിത്യേന ഉപയോഗിക്കുന്ന പല വാക്കുകളുടെയും മൂലം എവിടെയാണെന്ന് വെളിവാക്കിത്തരുന്നു. അക്കാലത്തു വളരെ പ്രസിദ്ധമായിരുന്ന ഈ സ്ഥാപനത്തിന്റെ സാംസ്‌കാരിക വൈവിദ്ധ്യത്തെ ഈ കഥ പ്രതിനിധാനം ചെയ്യുന്നു. 'Practica of petroncellus' ഇക്കാലത്തെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എഴുതപ്പെട്ട മറ്റൊരു ഗ്രന്ഥം ആയിരുന്നു.

കോണ്‍സ്റ്റന്റൈന്‍ ദി ആഫ്രിക്കന്‍

ആഫ്രിക്കക്കാരനായ കോണ്‍സ്റ്റാന്ററ്റെന്‍ തെക്കന്‍ ഇറ്റലിയിലെ സലേര്‍ണോ തുറമുഖത്ത് 1075ല്‍ കപ്പലിറങ്ങുമ്പോള്‍ അത് യൂറോപ്യന്‍ വൈജ്ഞാനിക ചരിത്രത്തിലെ ഒരു പ്രധാന സംഭവം ആകുമെന്ന് ആരും നിനച്ചിരുന്നില്ല. ഇദ്ദേഹത്തെപ്പറ്റി അധിക വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. എന്നാല്‍, വടക്കന്‍ ആഫ്രിക്കയിലെ കാര്‍ത്തേജ് എന്ന പട്ടണത്തില്‍ മുസ്‌ലിം ആയി ജനിച്ച ഇദ്ദേഹം ഇവിടെ എത്തുന്നതിനുമുമ്പ് മുമ്പ് ഇന്ത്യ, എത്യോപിയ, ഈജിപ്റ്റ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഇതിനുശേഷം നാട്ടില്‍ മടങ്ങിയെത്തിയ ഇദ്ദേഹത്തിന്റെ അറിവിന്റെ വൈപുല്യം കണ്ട് ഭയചകിതരായ നാട്ടുകാര്‍ മന്ത്രവാദി ആണെന്ന് സംശയിക്കാന്‍ തുടങ്ങി. ഇതോടെ അദ്ദേഹത്തിന് അവിടെ നിന്നും പലായനം ചെയ്യേണ്ടി വന്നു. ഇതേതുടര്‍ന്നാണ് കഥാനായകന്‍ സലേര്‍ണോയില്‍ എത്തിയത്.


പ്രസിദ്ധനായ പണ്ഡിതനും കച്ചവടക്കാരനായിരുന്ന 'കോണ്‍സ്റ്റാന്ററ്റെന്‍ ദി ആഫ്രിക്കന്‍' 1077ല്‍ തന്റെ യാത്രക്കിടയില്‍ ഇവിടെ വെച്ച് രോഗബാധിതനായി. അദ്ദേഹത്തെ ചികിത്സിക്കാന്‍ വന്ന ഡോക്ടര്‍മാര്‍ ഒരു മൂത്ര സാമ്പിള്‍ പോലും പരിശോധനയ്ക്കായി ആവശ്യപ്പെട്ടില്ല എന്നുള്ളത് രോഗിയെ അത്ഭുതപ്പെടുത്തി. സ്വന്തം അനുഭവത്തില്‍ നിന്ന് അവിടെയുണ്ടായിന്ന ചികിത്സകര്‍ക്ക് നല്ല പരിശീലനമോ പുസ്തകങ്ങളോ ഇല്ല എന്ന് അദ്ദേഹം മനസ്സിലാക്കി. രോഗം ഭേദമായ ശേഷം അദ്ദേഹം സ്വന്തം നാടായ കാര്‍ത്തേജിലേക്ക് മടങ്ങിപ്പോയി. അവിടെ അദ്ദേഹം മൂന്ന് വര്‍ഷം വൈദ്യശാസ്ത്രം പഠിക്കാനായി ചിലവഴിക്കുകയും ധാരാളം വൈദ്യശാസ്ത്ര പുസ്തകങ്ങള്‍ ശേഖരിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം ഇവയുമായി സലേര്‍ണോയിലേക്ക് മടങ്ങിപ്പോയി. അദ്ദേഹം തന്നോടൊപ്പം കൊണ്ടുവന്ന വൈദ്യ ചികിത്സയെപറ്റിയുള്ള അറബി ഭാഷയിലുള്ള ഗ്രന്ഥങ്ങളാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്. ഇവ പില്‍ക്കാലത്ത് ലാറ്റിന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയും അവ യൂറോപ്യന്‍ വൈജ്ഞാനിക ശാഖയുടെ ഗതി മാറ്റുകയും ചെയ്തു. ഹിപ്പോക്രാറ്റസ് സുഭാഷിതങ്ങള്‍, അല്‍-റാസി, അവിസീന തുടങ്ങിയവരുടെ ചില ഗ്രന്ഥങ്ങള്‍ അദ്ദേഹം പരിഭാഷപ്പെടുത്തി. ഇവ ഇറ്റലിയിലെ ചില ലൈബ്രറികളില്‍ ഇന്നും സൂക്ഷിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് അദ്ദേഹം ക്രിസ്തുമതത്തിലേക്ക് മാറുകയും തെക്കന്‍ ഇറ്റലിയിലെ മോണ്ടികാസിനോയിലുള്ള ബെനഡിക്‌റ്റൈന്‍ മൊണാസ്റ്ററിയില്‍ താമസമാക്കുകയും ചെയ്തു. അവിടത്തെ താമസകാലത്ത് അറബിയില്‍ നിന്നുള്ള പല പ്രധാന ഗ്രന്ഥങ്ങളും ലാറ്റിന്‍, ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി. ഇത് മൂലം സെലേര്‍ണോയിലെ ലൈബ്രറിയില്‍ മുന്‍പില്ലാതിരുന്ന പല പ്രധാന പുസ്തകങ്ങളും ഇത്തരത്തില്‍ യൂറോപ്പിന് ലഭിച്ചു. രോഗാവസ്ഥ നിര്‍ണയിക്കാന്‍ ആയി മൂത്രം പരിശോധിക്കുന്ന രീതി ആയിരം കൊല്ലത്തോളം മുന്‍പുതന്നെ നിലനിന്നിരുന്നു. ആദ്യകാലത്ത് കണ്ണുകൊണ്ട് മാത്രം പരിശോധിച്ചിരുന്നത് മാറി, പിന്നീട് മൂത്രം സ്വേദനം (distillation) മുഖേന പരിശോധന നടത്തുന്ന രീതിയിലേക്ക് മാറി.

യാത്രികരും കുരിശുയുദ്ധക്കാരും പരിശുദ്ധ നഗരങ്ങളിലേക്കുള്ള യാത്രയ്ക്കിടയില്‍ ഇവിടം ഇടത്താവളമാക്കി. ഗ്രീക്ക്, റോമന്‍, അറബി എന്നീ ഭാഷകളില്‍ ഉള്ള വൈദ്യശാസ്ത്ര സംബന്ധിയായ എല്ലാതരം വിജ്ഞാനശാഖകളും ഇവിടെ ഒത്തുചേര്‍ന്നു. ഇവരുടെ അധീനതയിലുണ്ടായിരുന്ന പുസ്തകങ്ങളും ലേഖനങ്ങളും മറ്റും മോണ്ടി കസീനോയിലെ ബെനഡിക്‌റ്റൈന്‍ സന്യാസി മഠത്തില്‍വെച്ച് പകര്‍ത്തി എഴുതുകയും പരിഭാഷപ്പെടുത്തുകയും ചെയ്തു. ഈ നാട്ടിലെ സുഖകരമായ കാലാവസ്ഥയും രോഗികളുടെ അസുഖം ഭേദമാകുന്നതിന് അനുകൂലമായ ഒരു ഘടകമായിരുന്നു. 1022ല്‍ ഡോക്ടര്‍ ബിരുദം ലഭിക്കാന്‍ ഉതകുന്ന തരം വിദ്യാഭ്യാസം നല്‍കിയിരുന്ന യൂറോപ്പിലെ ഏക സ്ഥാപനമായിരുന്നു സലെര്‍ണോ. 10-13വരെയുള്ള നൂറ്റാണ്ടുകള്‍ ആയിരുന്നു ഈ സ്ഥാപനത്തിന്റെ സുവര്‍ണ്ണകാലം. അക്കാലത്ത് സെലേര്‍ണോയിലെ ഡോക്റ്റര്‍മാരുടെ കീര്‍ത്തി യൂറോപ്പിയന്‍ ലൈബ്രറികളിലുള്ള അക്കാലത്തെ പല പുരാവൃത്ത പുസ്തകങ്ങളിലും (chronicles) കാണാം. ഇത് മൂലം ഹിപ്പോക്രാറ്റസിന്റെ നഗരം (City of Hippocrates) എന്നാണ് സലേര്‍ണോ അറിയപ്പെട്ടത്. ഈ പേര് ഇന്നും അവര്‍ അഭിമാനപൂര്‍വം ഉപയോഗിക്കുന്നു. ഇവിടെ മെഡിക്കല്‍ വിദ്യാഭ്യാസം മാത്രമാണ് നല്‍കിയിരുന്നത്.

സലേര്‍ണോയിലെ ഈ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ബൈബിള്‍ എന്ന് വിളിക്കാവുന്ന കാവ്യരൂപത്തില്‍ എഴുതപ്പെട്ട 'Regimen sanitatis Salernitanum' എന്ന കൃതി ലാറ്റിന്‍ ഭാഷയിലാണ്. ആദ്യകാലത്ത് 364 ചെറുകവിതകളില്‍ ആരോഗ്യം വീണ്ടെടുക്കാനായി രോഗികളുടെ ജീവിത ശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍, ചലനം, വിശ്രമം, ഉറക്കം, ഉണര്‍ച്ച, വായു, സ്വപ്നങ്ങള്‍, ചികിത്സ എന്നീ തലക്കെട്ടുകളോടെ പ്രതിപാദിച്ചിരിക്കുന്നു. അരാണ് ഇതിന്റെ രചയിതാവ് എന്നതിനെപ്പറ്റി പല അഭിപ്രായങ്ങള്‍ ഉണ്ട്. പല കാലങ്ങളില്‍ കുറേ വരികള്‍ ഇതില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടു്. 1639ല്‍ ഇത് പ്രസിദ്ധീകരിക്കുമ്പോള്‍ 1096 ചെറുകവിതകള്‍ ഇതിലുണ്ടായിരുന്നു. നോര്‍മണ്ടി ഡ്യൂക്കിന്റെ കയ്യിലെ മുറിവിന്റെ ചികിത്സക്കായി സലര്‍ണോ സ്‌കൂളില്‍ എത്തിയ കാലത്ത് എഴുതപ്പെട്ടതാണ് ഈ പുസ്തകം എന്ന് ഒരു കൂട്ടര്‍ പറയുന്നു. കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും അക്കാലത്ത് സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ആയിരുന്ന 'ജോണ്‍ ഓഫ് മിലന്‍' ആണ് ഇതിന്റെ രചയിതാവ് എന്നാണ് പണ്ഡിതമതം. സാധാരണക്കാര്‍ക്കുള്ള ഹാന്‍ഡ്ബുക്ക് പോലെ ആയിരുന്നെങ്കിലും പിന്നീട് ഇത് വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കുന്ന ഒരു ടെക്സ്റ്റ് ആയി മാറുകയും അനേകം ഭാഷകളില്‍ പരിഭാഷപ്പെടുത്തി മെഡിക്കല്‍ സ്‌കൂളുകളിലും മറ്റു ചികിത്സാകേന്ദ്രങ്ങളിലും ഉപയോഗിക്കപ്പെടുകയും ചെയ്തു.


ക്രമേണ ഈ സ്ഥാപനത്തിന്റെ പ്രസിദ്ധി യൂറോപ്പിലാകെ പരന്നു. പല നാടുകളില്‍ നിന്നും വിദ്യാര്‍ഥികള്‍ അവിടെയെത്തി. ആദ്യകാലത്ത് ക്രിസ്ത്യന്‍ പള്ളികളിലെ പുരോഹിതന്മാര്‍ ആയിരുന്നു വൈദ്യപഠനത്തിന് നേതൃത്വം നല്‍കിയത്. അവര്‍ ശരീരത്തിന്റെ വേദനയെക്കാള്‍ പരലോകത്ത് ആത്മാവിന് ലഭിക്കേണ്ട മോക്ഷത്തിനായിരുന്നു കൂടുതല്‍ പ്രാധാന്യം നല്‍കിയത്. സലേര്‍ണോയിലാണ് ആദ്യമായി മതവിശ്വസത്തിന് മുകളിലായി മനുഷ്യന്റെ രോഗത്തിനും വേദനകള്‍ക്കും ആശ്വാസം നല്‍കുന്ന വിധത്തിലുള്ള ചികിത്സാപദ്ധതി ഉരുത്തിരിഞ്ഞ് വന്നത്. മതത്തിന്റെ പരിമിതികള്‍ ഇല്ലാതെ ഹിപ്പോക്രാറ്റസ്, ഗേലന്‍, അരിസ്റ്റോട്ടില്‍, അവിസീന തുടങ്ങിയവരുടെ കൃതികള്‍ വിവര്‍ത്തനം ചെയ്തു. അനാട്ടമി, രക്തം സ്രവിപ്പിക്കല്‍, ഭക്ഷണക്രമം, മരുന്നുകള്‍, സര്‍ജറി എന്നിവയിലാണ് പ്രധാനമായും പഠനം നടന്നത്. എങ്ങനെയായിരിക്കണം രോഗിയോട് രോഗവിവരം ചോദിച്ചറിയേണ്ടത് എന്നും ഡോക്ടര്‍ രോഗി ബന്ധവും പഠനത്തിന്റെ ഭാഗമായിരുന്നു.

ഈ വിദ്യാലയത്തിന് പ്രത്യേകമായുള്ള തോട്ടങ്ങളില്‍ ഔഷധ ചെടികള്‍ നട്ടുവളര്‍ത്തി. യൂറോപ്പിലെ ഏറ്റവും പഴയ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആയ ഇത് മിനര്‍വ ഗാര്‍ഡന്‍സ് എന്നറിയപ്പെടുന്നു. അപ്പോത്തിക്കരി എന്ന് വിളിക്കപ്പെട്ട ഫാര്‍മസിസ്റ്റ്, ഈ ചെടികളില്‍ നിന്നും മരുന്നുകള്‍ എങ്ങനെ ഉണ്ടാക്കിയെടുക്കണം എന്നുള്ളതിന് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി. ആദ്യത്തെ ഒരു സെറ്റ് പരീക്ഷകള്‍ പാസായി കഴിഞ്ഞാല്‍ magister(master) എന്ന ഉദ്യോഗപ്പേര് നല്‍കും. ഇത് ലഭിച്ചവര്‍ക്ക് വൈദ്യവിദ്യാര്‍ത്ഥികളുടെ അധ്യപകനായിരിക്കാം എന്ന് മാത്രമേ ഇതിനര്‍ഥമുള്ളു. കുറേകൂടി ഉന്നതമായ വിദ്യാഭ്യാസം സ്വായത്തമാക്കിയതിനു ശേഷം മാത്രമേ അവര്‍ക്ക് ഡോക്ടര്‍ എന്ന പദവി ലഭിക്കുകയും രോഗികളെ ചികിത്സിക്കാന്‍ സാധിക്കുകയും ചെയ്തിരുന്നുള്ളു. ഗ്രീക്ക് ആയിരുന്നു ഇവിടെ അധ്യയനമാധ്യമം. പക്ഷേ, ടെക്സ്റ്റ് ബുക്കുകള്‍ ഗ്രീക്ക് ഉള്‍പ്പടെയുള്ള അക്കാലത്തെ മറ്റു ഭാഷകളിലും ലഭ്യമായിരുന്നു. ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണവും വ്യായാമവും കൊണ്ട് രോഗങ്ങളെ ഒരു പരിധിവരെ തടഞ്ഞു നിര്‍ത്താം എന്നുള്ള വിഷയത്തിന് ഊന്നല്‍ കൊടുത്തായിരുന്നു ഇവിടുത്തെ പഠനരീതി.

പുസ്തകങ്ങളുടെ പഠനം കൂടാതെ യോഗ പരിശീലനവും പന്നികളെ ഡിസെക്റ്റ് ചെയ്തു കൊണ്ടുള്ള പ്രായോഗിക പരിശീലനവും ഇവിടെ നല്‍കിപ്പോന്നു. ശസ്ത്രക്രിയാ സമയത്ത് ഉറങ്ങാനുള്ള മരുന്നുകള്‍ സ്‌പോഞ്ച് പോലെയുള്ള വസ്തുക്കളില്‍ മുക്കി മണപ്പിക്കാന്‍ നല്‍കുകയും ബോധരഹിതനായ ശേഷം സര്‍ജറി നടത്തുകയും ആയിരുന്നു പതിവ്. പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ഈ സ്ഥാപനം ഹോളി റോമന്‍ എമ്പറര്‍ ഫ്രെഡറിക് രണ്ടാമന്റെ ഭരണത്തിന്‍ കീഴില്‍ വന്നു. ഇദ്ദേഹത്തിന്റെ കാലത്ത് നവോത്ഥാനയുഗത്തിന്റെ ബീജാവാപത്തിന് നിലമൊരുക്കല്‍ നടന്നു.

ജ്യോതിശാസ്ത്രത്തിന് മധ്യകാലത്തെ വൈദ്യശാസ്ത്ര കൃതികളില്‍ വളരെ പ്രാധാന്യം കൊടുത്തിരുന്നതായി കാണാം. ശരീരത്തില്‍ നടക്കുന്ന ഓരോ പ്രവര്‍ത്തനങ്ങളെയും ഗോളങ്ങളുടെ ചലനങ്ങളും രാശിചക്രങ്ങളുടെ അടയാളങ്ങളും (zodiac signs) സ്വാധീനിക്കുന്നതായി ഇതില്‍ പറയുന്നു. ശരീരത്തിന്റെ വലതുഭാഗം സൂര്യനും, ഇടതുഭാഗം ചന്ദ്രനും, കഴുത്ത്, വയറ് എന്നീ ഭാഗങ്ങള്‍ ശുക്രനും നിയന്ത്രിക്കുന്നതായാണ് വിശ്വാസം.

മധ്യകാലത്ത് സ്ത്രീകളെ ഇത്തരം പാഠശാലകളില്‍ സാധാരണയായി അനുവദിച്ചിരുന്നില്ല, പ്രത്യേകിച്ച് ഉന്നതവിദ്യാഭ്യാസം നല്‍കി വരുന്ന ഇടങ്ങളില്‍. സ്ത്രീകളെ വിദ്യാര്‍ത്ഥികളായി സ്വീകരിച്ച വിദ്യാലയങ്ങളില്‍ ആദ്യത്തേതാണ് സലേര്‍ണോ. ഇവിടെ ജോലി ചെയ്യുകയും പഠിപ്പിക്കുകയും ചെയ്യുന്ന സ്ത്രീകളെ Mulieres Salernitanae എന്നാണ് അറിയപ്പെട്ടത്. മറ്റിടങ്ങളില്‍ സ്ത്രീകള്‍ക്ക് വയറ്റാട്ടികള്‍ ആയോ 'Wise Women' എന്ന കൂട്ടത്തില്‍പ്പെട്ട ആളുകളായി മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു. ഇവരില്‍ സ്വയം ഡോക്ടര്‍മാര്‍ ആണെന്ന് അവകാശപ്പെട്ടവര്‍ പ്രശ്‌നങ്ങള്‍ ക്ഷണിച്ചു വരുത്തുകയായിരുന്നു. ഡോക്ടര്‍ ആയി പ്രാക്ടീസ് ചെയ്യാന്‍ യൂണിവേഴ്‌സിറ്റി ഡിഗ്രി നിര്‍ബന്ധമാക്കിയതോടെ യൂണിവേഴ്‌സിറ്റികള്‍ സ്ത്രീകളെ വിദ്യാര്‍ഥികളായി ആയി സ്വീകരിക്കുന്നത് നിര്‍ത്തി വെച്ചു. 1322ല്‍ അഞ്ച് സ്ത്രീകളെ, അവര്‍ ഡോക്ടര്‍മാരായി പ്രാക്ടീസ് ചെയ്യുന്നു എന്ന് ആരോപിച്ചു കൊണ്ട് നിയമനടപടികള്‍ക്ക് വിധേയരാക്കി. അതില്‍ ഒരു സ്ത്രീ, പുരുഷ ഡോക്ടര്‍മാര്‍ തോറ്റു പിന്‍വാങ്ങിയ പലരെയും ചികിത്സിച്ചു ഭേദമാക്കിയിരുന്നു. ഇത്തരം എട്ട് രോഗികളെ അവര്‍ക്ക് വേണ്ടി സാക്ഷ്യം പറയാനായി കൊണ്ടു വന്നുവെങ്കിലും എല്ലാ വാദങ്ങളും തള്ളിക്കളഞ്ഞുകൊണ്ട് ജഡ്ജി അവരെ കുറ്റക്കാരായി വിധിക്കുകയും സഭയ്ക്ക് പുറത്താക്കുകയും ചെയ്തു.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ സെലേര്‍ണോയിലെ വനിതാഡോക്ടര്‍മാരില്‍ പ്രധാനിയായിരുന്നു Trotula of Salerno. സ്ത്രീരോഗ ചികിത്സ സംബന്ധമായ Book on conditions of women, On treatments for women and on women's cosmetics എന്നീ കൃതികള്‍ അക്കാലത്തെ ചികിത്സാരീതികളെ സ്വാധീനിച്ച ഇവരുടെ കൃതികളാണ്. ഗര്‍ഭപാത്രം പുറത്തേക്ക് തള്ളി വരുന്നത്, മുഴകള്‍, കുട്ടികള്‍ക്ക് മുല കൊടുക്കാന്‍ വേണ്ടി ഉള്ള സ്ത്രീകളെ എങ്ങനെ തിരഞ്ഞെടുക്കണം അവരുടെ പ്രത്യേകഭക്ഷണം തുടങ്ങിയവ ഇവരുടെ കൃതികളില്‍ വിവരിക്കുന്നുണ്ട്. ഉപ്പ് അധികമായി ഇവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും വെളുത്തുള്ളി, കുരുമുളക്, ഉള്ളി എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കുകയും ചെയ്തിരുന്നു. പല കാരണങ്ങള്‍ കൊണ്ട് അമ്മക്ക് പകരം, തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു സ്ത്രീ കുഞ്ഞിന് മുലകൊടുക്കുന്നത് അക്കാലത്തു സാധാരണയായിരുന്നു, പ്രത്യേകിച്ചും ധനികരുടെ ഇടയില്‍. സ്ത്രീരോഗ ചികിത്സകളില്‍ വിദഗ്ധ ആയിരുന്ന ഇവര്‍ കന്യകാത്വം എങ്ങനെ വീണ്ടെടുക്കാം, അധിക ചുംബനങ്ങള്‍ കൊണ്ട് കേടായ ചുണ്ടുകളെ എങ്ങനെ പഴയതു പോലെ ആക്കി എടുക്കാം എന്നിവക്ക് ആവശ്യമായ ചികിത്സാരീതികള്‍ ഇവരുടെ പുസ്തകങ്ങളില്‍ വിവരിക്കുന്നുണ്ട്! അക്കാലത്തെ അറിയപ്പെട്ട മറ്റു Mulieres കള്‍ Rebecca Gurna, Avella, Salernitana, Constanta, Calendar എന്നിവരായിരുന്നു. രോഗചികിത്സയില്‍ മാത്രമല്ല രോഗചികിത്സയ്ക്ക് ഉപയോഗിക്കപ്പെടുന്നു ഗ്രന്ഥങ്ങളുടെ രചനയിലും അവര്‍ തങ്ങളുടെ സേവനം നല്‍കി. ചികിത്സയില്‍ സ്ത്രീകള്‍ വഹിച്ച പങ്കു വിശദമാക്കുന്ന ഒരു സംഭവം അക്കാലത്തെ ഒരു കൃതിയില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. നോര്‍മണ്ടിയിലെ രാജാവായിരുന്ന റോബര്‍ട്ടോ രണ്ടാമന് ഒന്നാം കുരിശു യുദ്ധകാലത്ത് വിഷം പുരട്ടിയ ഒരു അമ്പുകൊണ്ട് മുറിവേറ്റു. മുറിവില്‍ നിന്നുള്ള രക്തം വലിച്ചെടുത്ത അദ്ദേഹത്തിന്റെ ഭാര്യ Sibilla di Coversano ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിച്ചു കൊണ്ട് കൊണ്ട് സ്വയം മരണത്തിന് കീഴടങ്ങിയത്രേ!

റോജെഡിയസ് ഫ്രുഗാര്‍ഡി (Rogerius Frugardi) പന്ത്രണ്ടാം നൂറ്റാണ്ടില്‍ എഴുതിയ ദി പ്രാക്ടീസ് ഓഫ് സര്‍ജറി (Practica chyrurgiae) എന്ന സര്‍ജറി പാഠപുസ്തകം അക്കാലത്ത് വളരെ പ്രസിദ്ധമായ ഒന്നായിരുന്നു. ഈര്‍പ്പമുള്ള തുണികള്‍ മുറിവുകള്‍ വച്ചു കെട്ടുന്നതിനായി ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റിയും തെറ്റായ രീതിയില്‍ ഇണങ്ങിച്ചേര്‍ന്ന എല്ലുകള്‍ എങ്ങനെ മുറിച്ച് ശരിയായ രീതിയില്‍ ഇണക്കിച്ചേര്‍ക്കുന്നതിനെപ്പറ്റിയും അദ്ദേഹത്തിന്റെ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. തലയോട്ടിയിലെ ഡിപ്രെസ്ഡ് ഫ്രാക്ചര്‍ എന്ന ഇനത്തില്‍പ്പെട്ട പൊട്ടലുകള്‍ Trephening ഉപയോഗിച്ച് എങ്ങനെ ചികിത്സിക്കാമെന്ന് ഇതില്‍ വിവരിക്കുന്നു. വയറ്റിലെ വലിയ മുറിവുകളില്‍ക്കൂടി കുടല്‍ പുറത്തേക്ക് വന്നിട്ടുണ്ടെങ്കില്‍ ആ കുടല്‍ പുതുതായി കൊന്ന ഒരു മൃഗത്തിന്റെ കുടലിനു മീതെ വെച്ച് ചൂടാക്കുകയും മൃദുവാക്കുകയും ചെയ്തതിനുശേഷം വൃത്തിയുള്ള തുണി കൊണ്ട് തുടച്ചു വൃത്തിയാക്കിയ ശേഷം തിരിച്ച് വയറിനകത്തേക്ക് വെക്കണം. മുറിവ് അടക്കുന്നതിനുമുമ്പ് പഴുപ്പും വെള്ളവും പുറത്തേക്ക് ഒഴുകുന്നതിനുള്ള കുഴല്‍ (drain) ഇടണമെന്നും അദ്ദേഹം പറയുന്നു. തുന്നലുകള്‍ ഇട്ട് എങ്ങനെ രക്തസ്രാവം തടയാമെന്ന് ഇതില്‍ വിവരിച്ചിട്ടുണ്ട്. Founder of Surgery എന്ന് വിളിക്കപ്പെട്ട റോജര്‍ പിന്നീട് തെക്കന്‍ ഫ്രാന്‍സിലെ മോണ്ട് പെല്ലിയോയിലെ മെഡിക്കല്‍ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ചാന്‍സിലറായി മാറി

അക്കാലത്ത് പല ഡോക്ടര്‍മാര്‍ക്കും സര്‍ജറി ചെയ്യാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. ഇത് മൂലം ക്ഷുരകശസ്ത്രക്രീയ വിദഗ്ധന്‍ (Barber surgeons)) എന്ന ഒരു പ്രത്യേക വിഭാഗം ഉടലെടുത്തു. ഇവര്‍ സര്‍ജിക്കല്‍ ടെക്‌നിക്കുകള്‍ പഠിപ്പിക്കുന്ന ഒരു സ്ഥാപനത്തില്‍ നിന്നും പരിശീലനം നേടിയവര്‍ ആയിരിക്കും. അവര്‍ക്ക് ഒടിഞ്ഞ അസ്ഥികള്‍ ശരിയായ സ്ഥാനത്ത് ഉറപ്പിക്കാനും രക്തസ്രാവ ചികിത്സക്കും മുടി മുറിക്കുന്നതിനും മരുന്നുകള്‍ വില്‍പ്പന നടത്താനും അവകാശമുണ്ടായിരുന്നു. വയറ് കീറിയുള്ള ശസ്ത്രക്രീയകള്‍ ചെയ്യുന്നത് ജീവന്‍ അപകടത്തിലാകുന്ന അവസരങ്ങളിലും രോഗി മൂത്രനാളിയിലെ കല്ല് മൂലം അതികഠിനമായ വേദനയാല്‍ പുളയുമ്പോഴും മാത്രമായിരുന്നു. ഇത്തരം അവസരങ്ങളില്‍ രോഗിയുടെ മരണം സാധാരണയായിരുന്നു എന്ന് പറയണ്ടതില്ലല്ലോ.

ഒരു ബക്കറ്റ് വീടിനു പുറത്ത് തൂക്കിയിട്ടോ അല്ലെങ്കില്‍ രക്തം പുരണ്ട തുണി അവരുടെ തൊഴിലിടത്തിന് വെളിയില്‍ നിരത്തിയിട്ടോ ആണ് അവര്‍ സ്വയം പരസ്യപ്പെടുത്തിയിരുന്നത്. ഇതാണ് പില്‍ക്കാലത്ത് യൂറോപ്പിലും മറ്റും ബാര്‍ബര്‍ മാരുടെ കടകളെ അടയാളപ്പെടുത്താനായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന വെളളയും ചുവപ്പും വരകളുള്ള വടികള്‍ ആയി മാറിയത്. അമേരിക്കയില്‍ ഇത് നീലയും വെളുപ്പും ചുവപ്പും നിറത്തിലുള്ള ഉള്ള വരകള്‍ ആണെന്ന് മാത്രം. ഇവരെ ഡോക്ടര്‍ എന്നതിനു പകരം മിസ്റ്റര്‍ എന്നാണ് ആണ് അഭിസംബോധന ചെയ്തിരുന്നത്. ബ്രിട്ടനില്‍ ഇന്നും പിന്തുടരുന്ന രീതിയാണിത്.

1224ല്‍ നേപ്പിള്‍സിലെ രാജാവായ ഫ്രഡറിക്ക് രണ്ടാമന്‍, പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അഞ്ച് വര്‍ഷത്തെ മെഡിക്കല്‍ വിദ്യാഭ്യാസവും പിന്നീട് ഒരു വര്‍ഷം മറ്റൊരു വിദഗ്ധ ഡോക്ടറുടെ കീഴില്‍ പരിശീലനവും നേടിയവര്‍ക്ക് മാത്രമേ ഡോക്ടര്‍ ആയി പ്രാക്ടീസ് ചെയ്യാന്‍ അനുവാദം നല്‍കുകയുള്ളൂ എന്ന് ഉത്തരവ് പുറപ്പെടുവിച്ചു. ഇവര്‍ ഫാക്കല്‍റ്റികള്‍ മുമ്പില്‍ ഹാജരായി അവരുടെ പരീക്ഷകളില്‍ വിജയിക്കേണ്ടതുണ്ട് എന്ന് നിയമം കൊണ്ടുവന്നു. 21 വയസ്സിനു മുകളിലുള്ളവര്‍ക്കും മെഡിക്കല്‍ സ്‌കൂളില്‍ ഏഴു വര്‍ഷമെങ്കിലും പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും മാത്രമേ ഇത്തരത്തിലുള്ള ലൈസന്‍സിന് അപേക്ഷിക്കാന്‍ യോഗ്യത ഉണ്ടായിരുന്നുള്ളൂ.

1150ല്‍ പാരീസിലും 1088ല്‍ ബൊലോണ Bologna) യിലും 1175ല്‍ മോഡേണയിലും സര്‍വ്വകലാശാലകള്‍ ഉണ്ടായി. പാരീസില്‍ നിന്നും നിന്ന് പുറത്താക്കപ്പെട്ട എട്ട് ഇംഗ്ലീഷുകാരായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി 1067ല്‍ ആരംഭിച്ചതാണ് പില്‍കാലത്ത് ലോക വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്ക് മാതൃകയായി മാറിയ ഓക്‌സ്‌ഫോര്‍ഡ്. ഫ്രാന്‍സില്‍ പിന്നീട് സ്ഥാപിക്കപ്പെട്ട എട്ട് മെഡിക്കല്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ചിലത് പാര്‍മ (Parma), പദുവ (Padua), മോണ്ട് പീലിയെ (Montpelier) എന്നിവിടങ്ങളിലായിരുന്നു. ഇറ്റലിയിലെ ഫറാറയിലും ജര്‍മനിയിലെ ടൂബിംഗന്‍ എന്നിവിടങ്ങളിലും അഞ്ചു വര്‍ഷത്തെ കോഴ്‌സുകള്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ചു. എന്നാല്‍, ധാരാളം വിദ്യാര്‍ഥികള്‍ അവസാന പരീക്ഷ എഴുതാതെ ഇവിടെ പഠിക്കുകയും പരിശീലനം നേടുകയും ചെയ്തു. മേല്‍പ്പറഞ്ഞ രീതിയില്‍ ലൈസന്‍സ് നേടിയ ആറ് ഡോക്ടര്‍മാര്‍ മാത്രമേ അക്കാലത്ത് യൂറോപ്പില്‍ ഉണ്ടായിരുന്നുള്ളൂ. നൂറു കൊല്ലം കഴിയുമ്പോഴേക്കും അതിന്റെ എണ്ണം 32 ആയി വര്‍ധിച്ചു, അത്രമാത്രം! ഇതുമൂലം പുരുഷന്മാരുടെ ആയുസ്സ് അമ്പതില്‍ കുറവും സ്ത്രീകളുടേത് മുപ്പതില്‍ താഴെയും ആയിരുന്നു. ശിശുമരണ നിരക്ക് 19%ലും അധികമായിരുന്നു. സമൂഹത്തിന് താഴെക്കിടയില്‍ ഉള്ളവര്‍ സാമ്പത്തിക കാരണങ്ങള്‍ മൂലം, പൂര്‍ണ്ണ യോഗ്യത നേടിയിട്ടില്ലാത്ത വിദ്യാര്‍ഥികളെക്കൊണ്ട് ചികിത്സ നടത്തിപ്പോന്നു.

ബൊലോണ യൂണിവേഴ്‌സിറ്റിയില്‍ പതിനൊന്നാം നൂറ്റാണ്ട് മുതല്‍ തന്നെ നിയമവിദ്യാലയം നിലവിലുണ്ടായിരുന്നു. ഇവിടുത്തെ ഏറ്റവും പ്രസിദ്ധനായ അധ്യാപകന്‍ Thaddeus of Florence ആയിരുന്നു. പ്രസിദ്ധ ചിന്തകനായ ദാന്തേ ഇദ്ദേഹത്തിന്റെ വിദ്യാര്‍ഥിയായിരുന്നു. അരിസ്റ്റോട്ടില്‍ കൃതികളുടെ പരിഭാഷ, നിത്യേന ചെയ്യേണ്ട വ്യായാമ മുറകള്‍ വിവരിക്കുന്ന How to stay healthy, Consilia എന്ന കേസ് ഡയറി എന്നിവ ഇറ്റാലിയന്‍ ഭാഷയിലാണ്. മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ ഇവിടെ ഡിസെക്ഷന്‍ നടന്നിരുന്നു. 1302ല്‍ പ്രഭുകുടുംബാംഗമായ അസോളിനി എന്നയാള്‍ സംശയകരമായ സാഹചര്യത്തില്‍ മരിക്കുകയുണ്ടായി. ഗവണ്‍മെന്റില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ഈ യൂണിവേഴ്‌സിറ്റിയിലെ ഡോ. ബര്‍ത്ത്‌ലോമിയോ ഡാ വരിഗ്‌നാന പോസ്റ്റുമോര്‍ട്ടം നടത്തുകയും മരണം വിഷം ഉള്ളില്‍ ചെന്നതുമൂലം ആണെന്ന് കണ്ടെത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ഓട്ടോപ്‌സി റിപ്പോര്‍ട്ട് ശരീര ശാസ്ത്രത്തെപ്പറ്റിയുള്ള അക്കാലത്തെ അറിവിന്റെ ഒരു രേഖയാണ്.

മോണ്ടിനോ (Mondino)

1314 മുതല്‍ ഒരു ദശകത്തോളം ബൊലോണ സര്‍വകലാശാലയിലെ അധ്യാപകനായിരുന്ന മോണ്ടിനോ മനുഷ്യശരീരത്തിന്റെ ചിട്ടയോടു കൂടിയ ഡിസക്ഷന്‍ നടപ്പാക്കി. ആദ്യം നെടുകയുള്ള ഒരു കീറലോടെ വയര്‍ തുറന്നശേഷം പൊക്കിളിന് അല്‍പം മുകളിലായി കുറുകെയുള്ള ഒരു മുറിവു കൂടി ഉണ്ടാക്കിയ ശേഷം വയറു പൂര്‍ണമായും തുറന്നു അതിലെ അവയവങ്ങളെ പഠന വിധേയമായമാക്കാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. തുടര്‍ന്ന് 300 ഓളം വര്‍ഷങ്ങള്‍ ഇദ്ദേഹത്തിന്റെ Anathomia എന്ന ടെക്റ്റ് ബുക്കില്‍ പറഞ്ഞ പ്രകാരം ആയിരുന്നു വിദ്യാര്‍ഥികള്‍ ശരീരശാസ്ത്രപഠനം നടത്തിയത്. ഇവിടെ സര്‍ജന്മാരായിരുന്നു അനാട്ടമി പഠിപ്പിച്ചിരുന്നത്. പതിനാറാം നൂറ്റാണ്ടിനു ശേഷം മാത്രമാണ് അനാട്ടമി ഒരു പ്രത്യേക ശാഖയായി മാറിയത്.

റോസാ ആന്‍ജെലിക്കാനാ (Rosa Anglicana) എന്ന കൃതി രചിച്ച ഗില്‍ബര്‍ട്ടസ് ആംഗ്ലിക്കസ്(1180-1250) എന്ന മോണ്ട് പീലിയെയിലെ മറ്റൊരു പ്രസിദ്ധ അധ്യാപകനായിരുന്നു. കുഷ്ഠരോഗത്തിനെയും വസൂരിയെയും പറ്റിയുള്ള വിശദവും കൃത്യവുമായ വിവരണങ്ങളും അത് പരക്കുന്ന രീതികളും ആദ്യമായി തിരിച്ചറിഞ്ഞതും രേഖപ്പെടുത്തിയതും ഇദ്ദേഹമാണ്.

പതിമൂന്നാം നൂറ്റാണ്ടില്‍ പാരീസിലെ സര്‍വകലാശാലയില്‍ ശസ്ത്രക്രിയ വിഭാഗത്തിന് വലിയ പ്രാധാന്യം കൈവന്നു. ഇതിന് കാരണക്കാരന്‍ അവിടെ അധ്യാപകനായിരുന്ന ഇറ്റാലിയനായ ലാന്‍ ഫ്രാങ്ക് ആയിരുന്നു. Chyrugia parva(the small book of surgery), Ch yrugia Magna(the big book of surgery)എന്നിവ ഇദ്ദേഹത്തിന്റെ രചനകള്‍ ആണ്. കൈകളില്‍ രക്തം പുരളുന്നത് അപമാനകരമായി കരുതിയ ഡോക്ടര്‍മാരുടെ കാലമായിരുന്നു അത്. തന്മൂലം ബാര്‍ബര്‍മാരായിരുന്നു പലതരം സര്‍ജറികളും ചെയ്തിരുന്നത്. ലാന്‍ ഫ്രാങ്കിന്റെ പ്രവര്‍ത്തനവും എഴുത്തുകളും സര്‍ജറി എന്ന ശാഖയ്ക്ക് കൂടുതല്‍ ബഹുമാനം ലഭിക്കാന്‍ കാരണമായി. ശസ്ത്രക്രിയ വിദഗ്ധന്മാര്‍ കുറച്ചെങ്കിലും മരുന്ന് ഉപയോഗിച്ച് ചികിത്സ നടത്തുന്ന രീതികളും മറ്റും പഠിച്ചിരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഫ്രഞ്ച് ഭാഷയിലെ സര്‍ജറിയെ പറ്റിയുള്ള ആദ്യ ഗ്രന്ഥം ഹെന്‍ട്രി ഡി മോണ്ടി വെല്‍ (1260-1320) എഴുതിയ chyrurgia ആണ്. ഇതിന്റെ ആമുഖത്തില്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടി ആവശ്യപ്പെടേണ്ട ഫീസിനെ പറ്റിയും മറ്റും ഉപദേശം നല്‍കുന്നുണ്ട്. ഡോക്ടര്‍മാര്‍ ചികിത്സയ്ക്ക് ആവശ്യപ്പെടുന്നതിനെക്കാള്‍ കൂടുതല്‍ ആയിരിക്കണം സര്‍ജന്മാരുടെ ഫീസ് എന്നും ഫീസ് കുറയ്ക്കാനായി കീറിയ വസ്ത്രം ധരിച്ച് എത്തുന്ന ധനികന്മാരെ പറ്റി എപ്പോഴും ശ്രദ്ധയുണ്ടാകണമെന്നും അദ്ദേഹം താക്കീത് നല്‍കുന്നുണ്ട്!

1277 ല്‍ മൗണ്ട് പീലിയേ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായ പെഡ്രോ ജൂലിയാനോ ആണ് Pope John XXI ആയി മാറിയത്. ഒരു ഡോക്ടര്‍, പോപ് ആയത് ആദ്യവും അവസാനവും ആയിരുന്നു. നവോത്ഥാനത്തിന്റെ ആദ്യകിരണങ്ങള്‍ യൂറോപ്പിലേക്ക് എത്തിത്തുടങ്ങിയിരുന്നു. കണ്ണടയുടെ കണ്ടുപിടുത്തം ബുദ്ധിജീവികള്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചു. മദ്ധ്യവയസ്സില്‍ കാഴ്ചമങ്ങി ഒന്നിനും കഴിയാതാകുന്ന ഇവര്‍ക്ക് ഗവേഷണവും പഠനവും തുടര്‍ന്ന് പോകാന്‍ ഇത് വളരെ സഹായകരമായി. അങ്ങനെ പകതി വഴിയില്‍ വച്ച് അണഞ്ഞ് പോയേക്കാമായിരുന്ന ആ ദീപങ്ങള്‍ പിന്നേയും അനേക വര്‍ഷങ്ങള്‍ തെളിഞ്ഞ് കത്തി ചുറ്റുപാടും വെളിച്ചം നിറച്ചു.

ഈ കാലത്ത് ഭക്ഷണം പോലും മെച്ചപ്പെട്ടതായി മാറി. അറബികളുടെ കുടെ എത്തിയ മുയലുകള്‍ പെട്ടെന്ന് തന്നെ ചെറ്റ് പെരുകി യൂറോപ്പ് നിറഞ്ഞു. ഇവയുടെ ഇറച്ചി എല്ലാവര്‍ക്കും ലഭിച്ചു. പലതരം അപൂര്‍വ്വമായ പച്ചക്കറികള്‍ സ്‌പെയിനിലെ അറബികള്‍ വഴി ആഫ്രിക്കയില്‍ നിന്ന് യൂറോപ്പില്‍ എത്തി. മാംസഭക്ഷണം വളരെ സാധാരണമായിത്തുടങ്ങിയപ്പോള്‍ വൃതദിവസങ്ങളിലെങ്കിലും മാംസം ഒഴിവാക്കണമെന്ന പള്ളി അധികാരികള്‍ ഉത്തരവ് പുറപ്പെടുവിച്ചു. മുഴുവന്‍ യൂറോപ്പും ബുദ്ധിപരമായും സാമ്പത്തികമായും സാമൂഹികപരമായ ഉള്ള ഒരു ഉയര്‍ത്തെഴുന്നേല്‍പിനു തയ്യാറാവുമ്പോഴേക്കും 1347 പ്ലേഗ് ഇറ്റലിയില്‍ എത്തി.

മധ്യകാല ഇംഗ്ലണ്ട്

ഇവിടെ ചികിത്സ നടന്നിരുന്നത് പ്രധാനമായും പള്ളികളുടെ കീഴിലായിരുന്നു; പ്രധാന ചികിത്സകര്‍ വൈദികരും. പതിനാലാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടില്‍ വൈദ്യമേഖലയില്‍ ബിരുദങ്ങളും സര്‍വ്വകലാശാലയിലെ ജോലികളും മറ്റും ലഭിക്കണമെങ്കില്‍ ആ വ്യക്തി വിവാഹിതനായിരിക്കണം എന്ന് നിയമം ഉണ്ടായിരുന്നു. രക്തം കൈകാര്യം ചെയ്യേണ്ടിവരുന്ന സ്ത്രീ രോഗങ്ങളും ഗര്‍ഭവും ശസ്ത്രക്രിയകളും വൈദികന്മാര്‍ക്ക് അനുയോജ്യമല്ലാത്തതിനാല്‍ ആ മേഖലയില്‍ ബാര്‍ബര്‍ സര്‍ജന്മാരും മിഡ് വൈഫുകളും സ്വതന്ത്രരായി പ്രവര്‍ത്തിച്ചിരുന്നു. സ്ത്രീകളെ ചികിത്സിക്കാന്‍ ഉള്ള മധ്യവര്‍ത്തികളായും മിഡ് വൈഫുകള്‍ പ്രവര്‍ത്തിച്ചു വന്നു. ഡോക്ടര്‍മാരുടെ കുറവ് നിമിത്തം നാട്ടിന്‍പുറങ്ങളില്‍ ഇക്കാലത്ത് നാടന്‍ചികിത്സകരുടെ ഔഷധച്ചെടികളും മറ്റു നാടന്‍ മരുന്നുകളും മാത്രമായിരുന്നു രോഗികള്‍ക്ക് ആശ്രയം. ഇക്കാലത്ത് ലാറ്റിനിലുള്ള പല പ്രധാന കൃതികളും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ചികിത്സാ സംബന്ധമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ചാസര്‍( Chaucer) കാവ്യരൂപത്തില്‍ രചനകള്‍ നടത്തി. സെന്റ് പോള്‍ കത്തീഡ്രലിലെ വൈദികനും എഡ്വാര്‍ഡ് രണ്ടാമന്‍ രാജാവിന്റെ ഡോക്ടറുമായിരുന്ന ജോണ്‍ ഓഫ് ഗാഡസ്ഡണ്‍ അക്കാലത്തെ ഏറ്റവും പ്രസിദ്ധനായ ഡോക്ടറും ഇംഗ്ലീഷ് റോസ് എന്ന കൃതിയുടെ രചയിതാവുമാണ്. അറബികളുടെ ചികിത്സാരീതികള്‍ ഇംഗ്ലണ്ടില്‍ കൂടുതല്‍ പ്രചരിപ്പിക്കാന്‍ ഇദ്ദേഹത്തിന്റെ ഈ കൃതി സഹായിച്ചു.

തന്റെ ബുദ്ധിയും മഹത്തായ കര്‍മപദ്ധതികളും നേട്ടങ്ങളും നിമിത്തം അക്കാലത്ത് ചക്രവര്‍ത്തി ഫ്രെഡറിക് ( Frederik Stupor Mundi) ലോകാത്ഭുതം (Wonder of the world) ്എന്നറിയപ്പെട്ടു. ഇതില്‍ അസൂയ മൂത്ത പോപ്പ് ഗ്രിഗറി ഒന്‍പതാമന്‍ ഇദ്ദേഹത്തെ സഭയില്‍ നിന്ന് പുറത്താക്കി. ജെറുസലേം കുരിശുയുദ്ധത്തില്‍ വിജയിയായി മടങ്ങിയെത്തിയ ചക്രവര്‍ത്തിക്കെതിരായ ഈ തീരുമാനം അദ്ദേഹത്തിന് പിന്‍വലിക്കേണ്ടി വന്നു. പക്ഷേ, കാലക്രമേണ ഫ്രഡറിക്കും മാനസിക അസ്ഥിരതയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. അദ്ദേഹത്തിന്റെ ഒരു മന്ത്രിയെ അന്ധനാക്കുകയും അദ്ദേഹത്തെ കൂട്ടിലിട്ട് പൊതുജനങ്ങള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തുവത്രേ! ഡോക്ടര്‍ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് മേല്‍പറഞ്ഞ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് യോഗ്യതകള്‍ നേടിയ വൈദ്യവിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യാനായിരുന്നു. കാലക്രമേണ പല കാരണങ്ങള്‍ കൊണ്ട് സലേര്‍ണോ സ്‌കൂളിന്റെ പ്രാധാന്യം കുറഞ്ഞു വരികയും പത്തൊമ്പതാം നൂറ്റാണ്ടില്‍ നെപ്പോളിയന്റെ ഭരണകാലത്ത് ഇത് അടച്ചുപൂട്ടുകയും ചെയ്തു.

(തുടരും)

ഡോ. സലീമ ഹമീദ്: തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. കാനഡയില്‍ ഫാമിലി ഫിസിഷ്യനായി ജോലി ചെയ്യുന്നു. എന്റെ വഴിയമ്പലങ്ങള്‍, ആന്‍ഡലൂസിയന്‍ ഡയറി, പോര്‍ച്ചുഗല്‍-ഫെഡോ സംഗീതത്തിന്റെ നാട് എന്നീ യാത്രാവിവരണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. പുസ്തകപ്പച്ച, അമേരിക്കന്‍ കഥക്കൂട്ടം, ലോക്ഡൗണ്‍ സ്‌കെച്ചുകള്‍, കഥ 2021, കഥാസ്‌കോപ്പ് എന്നീ ആന്തോളജികളില്‍ എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിലും ഓണ്‍ലെന്‍ മാധ്യമങ്ങളിലും ലേഖനങ്ങളും യാത്രാവിവരണങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

TAGS :