Quantcast
MediaOne Logo

ഡോ. സലീമ ഹമീദ്

Published: 19 Dec 2022 3:18 PM GMT

മെസൊപ്പൊട്ടേമിയയിലെ കളിമണ്‍ ഫലകങ്ങള്‍

മെസൊപ്പൊട്ടേമിയയിലെ രാജാവായിരുന്ന ആഷുര്‍ബാനിപാലിന്റെ കാലത്ത് അഷിപു (Ashipu) എന്ന് പേരുള്ള മന്ത്രവാദികള്‍ രോഗികളെ പരിശോധിക്കുകയും ചികിത്സക്കായി ചില ചരടുകളും തകിടുകളും അവരുടെ ദേഹത്ത് ധരിപ്പിക്കുകയും ചെയ്തിരുന്നു. ദുഷ്ടശക്തികളെ ആട്ടിപ്പായിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തിരുന്നത്. അസു (asu) എന്ന പേരുള്ള ഭിഷഗ്വരന്മാര്‍ പച്ചമരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയും സര്‍ജറിയോടൊപ്പം നടത്തിയിരുന്നതായി പറയപ്പെടുന്നു. | DaVelhaMedicina - ഭാഗം: 03

മെസൊപ്പൊട്ടേമിയയിലെ കളിമണ്‍ ഫലകങ്ങള്‍
X

ആധുനിക ഇറാഖ്, ഇറാന്‍, തുര്‍ക്കി, സിറിയ, കുവൈറ്റ് എന്നിവയുടെ ഭാഗങ്ങള്‍ കൂടിച്ചേര്‍ന്ന പ്രദേശമാണ് പുരാതനകാലത്തെ മെസോപ്പൊട്ടേമിയ. ഇവിടെയുള്ള ഉര്‍ എന്ന ദേശത്താണ് 6000 കൊല്ലങ്ങള്‍ക്ക് മുന്‍പ് സുമേറിയന്‍ സംസ്‌കാരം നിലനിന്നിരുന്നത്്. നക്ഷത്രങ്ങളാണ് ജനനം മുതല്‍ ഓരോ മനുഷ്യന്റെ ജീവിതാവസ്ഥകള്‍ തീരുമാനിക്കുന്നതെന്നായിരുന്നു ഇവരുടെ വിശ്വാസം. നക്ഷത്രങ്ങളുടെ പ്രത്യേകസ്ഥാനങ്ങളാണ് കാലാവസ്ഥാ വ്യതിയാനങ്ങളും രോഗങ്ങളും ഉണ്ടാകുന്നതിന് കാരണമായി കരുതപ്പെട്ടത്.

മെസൊപ്പൊട്ടേമിയയിലെ രാജാവായിരുന്ന ആഷുര്‍ബാനിപാല്‍ (King Ashurbanipal-668-627 BC) ന്റെ ലൈബ്രറിയില്‍ പുരാതന ഇതിഹാസ കാവ്യമായ ഗില്‍ ഗമെഷ് ഉള്‍പ്പടെ ഏകദേശം 30000 കളിമണ്ണില്‍ തീര്‍ത്ത ഫലകങ്ങള്‍ ഉണ്ടായിരുന്നുവത്രേ. ഇതില്‍ 660 എണ്ണം മുന്‍കാലങ്ങളിലെ രോഗചികിത്സയെപ്പറ്റിയുള്ളവയായിരുന്നു. ഇവ പുരാവസ്തു ഗവേഷകര്‍ ഖനനം ചെയ്‌തെടുത്തത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ മാത്രമാണ്. അതിലെ പ്രത്യേക എഴുത്തുകളുടെ (cuneiform text) പരിഭാഷ കുറെക്കൂടി കാലം കഴിഞ്ഞു മാത്രമാണ് സാധ്യമായത്. എത്രമാത്രം ആധുനികമായിരുന്നു അന്നത്തെ ചികിത്സാരീതികളും ചിന്താപദ്ധതികളും എന്നത് മനസ്സിലാക്കി പണ്ഡിതന്മാര്‍ അത്ഭുതം കൂറിയത്രേ!


ഈ രാജാവിന്റെ കാലത്ത് അഷിപു (Ashipu) എന്ന് പേരുള്ള മന്ത്രവാദികള്‍ രോഗികളെ പരിശോധിക്കുകയും ചികിത്സക്കായി ചില ചരടുകളും തകിടുകളും അവരുടെ ദേഹത്ത് ധരിപ്പിക്കുകയും ചെയ്തിരുന്നു. ദുഷ്ടശക്തികളെ ആട്ടിപ്പായിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തിരുന്നത്. അസു (asu) എന്ന പേരുള്ള ഭിഷഗ്വരന്മാര്‍ പച്ചമരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയും സര്‍ജറിയോടൊപ്പം നടത്തിയിരുന്നതായി പറയപ്പെടുന്നു. തല മുതല്‍ കാല്‍ വരെയുള്ള രോഗങ്ങളുടെ വലിയൊരു ലിസ്റ്റ് ഈ ശിലാഫലകങ്ങളില്‍ കാണാമായിരുന്നു. ഇവയില്‍ ചുഴലി രോഗങ്ങള്‍, സ്ത്രീ രോഗങ്ങള്‍, കുട്ടികളുടെ രോഗങ്ങള്‍ എന്നിവക്ക് പ്രത്യേക വിഭാഗങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് സിഫിലിസ് ഒരു ലൈംഗിക രോഗം ആണെന്ന് അവര്‍ അന്നു തന്നെ മനസ്സിലാക്കിയിരുന്നു. ചെടികളില്‍ നിന്നും ചികിത്സക്കായുള്ള പലതരം എണ്ണകള്‍ എങ്ങനെ വാറ്റിയെടുക്കാം എന്നതിനെക്കുറിച്ചും അവര്‍ക്ക് അറിവുണ്ടായിരുന്നു.

രോഗി സര്‍ജറിയുടെ ഭാഗമായി മരിക്കുകയാണെങ്കില്‍ രോഗിയുടെ സമൂഹത്തിലുള്ള നിലവാരമനുസരിച്ച് പിഴകള്‍ ഉണ്ട്. ഒരു പ്രധാനപ്പെട്ട വ്യക്തി ഇത്തരത്തില്‍ മരിക്കുകയാണെങ്കില്‍ സര്‍ജന്റെ കൈ മുറിക്കണം എന്നും അടിമയാണ് ഇങ്ങനെ മരിക്കുന്നതെങ്കില്‍ ചികിത്സകന്‍ ഉടമയ്ക്ക് ഒരു പുതിയ അടിമയെ വാങ്ങി നല്‍കണമെന്നുമാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

മുറിവുകള്‍ ചൂടുവെള്ളം അല്ലെങ്കില്‍ ബിയര്‍ ഉപയോഗിച്ച് കഴുകണം. പ്രൂണ്‍ പഴം അരച്ചത്, പല്ലിയുടെ കാഷ്ടം, വൈന്‍ ഭരണിയുടെ അടിയിലുള്ള മട്ട് എന്നിവയുടെ മിശ്രിതം ഉപയോഗിച്ച് മുറിവുകള്‍ പൊതിഞ്ഞു കെട്ടിയിരുന്നു. പുതിയ കാലത്തെ അണുനാശിനിയായ സോപ്പില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കളായ മൃഗക്കൊഴുപ്പ്, ആല്‍ക്കലിയുടെ ഒപ്പം ചേര്‍ത്തുണ്ടാക്കിയ മിശ്രിതം മുറിവ് കെട്ടാനായി ഉപയോഗിച്ചിരുന്നു. അക്കാലത്ത് ഉപയോഗിച്ചിരുന്ന പല ഹെര്‍ബല്‍ മരുന്നുകളും ആന്റിബയോട്ടിക്/ആന്റിസെപ്റ്റിക് സ്വഭാവവിശേഷങ്ങളോട് കൂടിയതാണെന്നു പില്‍ക്കാലത്ത് മനസ്സിലായിട്ടുണ്ട്.

ഹാമുറാബിസ് കോഡ്

''ഹാമുറാബിസ് കോഡ്' എന്നറിയപ്പെടുന്ന ശിലാഫലകത്തെ പറ്റി പറയാതെ ചികിത്സയുടെ ചരിത്രം എഴുതുക സാധ്യമല്ല. സിവിലും ക്രിമിനലുമായ ചികിത്സകന്റെ ബാധ്യതകള്‍ ആദ്യമായി നിര്‍വചിച്ചതും അതിനെതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ശിക്ഷാവിധികള്‍ വിശദീകരിക്കുന്നതുമായ ഏറ്റവും പഴയ രേഖയാണിത്. പാരീസിലെ ലൂവ്ര്‍ മ്യൂസിയം സന്ദര്‍ശിക്കുന്നവര്‍ക്ക് ഇത് നേരില്‍ കാണാം. ബി.സി 1695ല്‍ എഴുതപ്പെട്ട ഇതില്‍ ചികിത്സകനും രോഗിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ പറ്റി പറയുന്നു. ഇതില്‍ ചികിത്സകന് മാന്യമായ വേതനം ഉറപ്പാക്കുന്നുണ്ട്. സമൂഹത്തില്‍ ഉന്നത നിലയിലുള്ള ഒരു പ്രഭു അല്ലെങ്കില്‍ രാജാവിനെ ശസ്ത്രക്രിയ ചെയ്തു സുഖപ്പെടുത്തിയാല്‍ ചികിത്സകന് 10 വെള്ളിനാണയം ലഭിക്കും. സ്വതന്ത്രനായ ഒരാള്‍ അഞ്ചും അടിമക്ക് വേണ്ടി ഉടമ രണ്ടും നാണയം ചികിത്സകന് നല്‍കണം. തെറ്റായ മരുന്നുകളെ എഴുതുന്ന കുറ്റത്തിനോ, രോഗിയെ ചികിത്സിച്ചു പൂര്‍ണ്ണമായും ഭേദപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കിലോ നല്‍കപ്പെടുന്ന ശിക്ഷാവിധികള്‍ ഒന്നും ഇതില്‍ പറയുന്നില്ല. എന്നാല്‍, രോഗി സര്‍ജറിയുടെ ഭാഗമായി മരിക്കുകയാണെങ്കില്‍ രോഗിയുടെ സമൂഹത്തിലുള്ള നിലവാരമനുസരിച്ച് പിഴകള്‍ ഉണ്ട്. ഒരു പ്രധാനപ്പെട്ട വ്യക്തി ഇത്തരത്തില്‍ മരിക്കുകയാണെങ്കില്‍ സര്‍ജന്റെ കൈ മുറിക്കണം എന്നും അടിമയാണ് ഇങ്ങനെ മരിക്കുന്നതെങ്കില്‍ ചികിത്സകന്‍ ഉടമയ്ക്ക് ഒരു പുതിയ അടിമയെ വാങ്ങി നല്‍കണമെന്നുമാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഒരു ഡോക്ടര്‍ ഒരു സ്വതന്ത്രനായ മനുഷ്യന്റെ ശരീരത്തിലെ ഒരു മുറിവോ ട്യൂമറോ കത്തി ഉപയോഗിച്ചു ചികില്‍സിക്കുകയോ, അയാളുടെ കണ്ണിലെ രോഗത്തിന് ചികിത്സിക്കുകയോ ചെയ്താല്‍, 40 വെള്ളിനാണയം പ്രതിഫലമായി നല്‍കണം. മേല്‍പ്പറഞ്ഞ ചികിത്സയുടെ ഫലമായി രോഗി മരിക്കുകയോ കണ്ണ് നഷ്ടപ്പെടുകയോ ചെയ്താല്‍ ചികിത്സകന്റെ കൈ മുറിക്കുകയായിരുന്നു ശിക്ഷാ വിധി.

അസീറിയന്‍ വൈദ്യന്മാര്‍ ഗുളിക, പൊടി, എനിമ, ഉള്ളില്‍ വയ്ക്കാനുള്ള ഗുളികകള്‍ (suppository) എന്നീ രൂപത്തിലാണ് മരുന്ന് നല്‍കിയിരുന്നത്. ഡോക്ടര്‍മാര്‍ തങ്ങളുടെ സഞ്ചിയില്‍ ഇവയോടൊപ്പം ബാന്‍ഡേജുകളും, മറ്റുപകരണങ്ങളും കൊണ്ട് നടന്നിരുന്നു. രോഗിയെ പരിശോധിച്ച ശേഷം വിവരങ്ങള്‍ കളിമണ്‍ ഫലകങ്ങളില്‍ എഴുതി സൂക്ഷിച്ചിരുന്നു. ഒരു ക്ഷയരോഗിയെ പരിശോധിച്ച ശേഷമുള്ള കുറിപ്പില്‍ ഇങ്ങെ കാണാം: ' തുടര്‍ച്ചയായി ചുമക്കുന്ന രോഗിയുടെ കഫത്തില്‍ രക്തത്തിന്റെ അംശം കാണുന്നുണ്ട്. ശ്വസിക്കുമ്പോള്‍ ഓടക്കുഴല്‍ നാദം പോലെയുള്ള ശബ്ദം കേള്‍ക്കാം. തൊലി വിയര്‍പ്പ് കൊണ്ട് നനഞ്ഞതും പാദം ചെറു ചൂടുള്ളതും ആയി കാണുന്നു'


ക്രിസ്തുവിനു മുമ്പ് നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ''ഫാദര്‍ ഓഫ് ഹിസ്റ്ററി'' എന്നറിയപ്പെടുന്ന ഹെറോഡോട്ടസ് അക്കാലത്തു നിലവിലിരുന്ന ഒരു രീതിയെപ്പറ്റി ഇങ്ങനെ എഴുതി: ബാബിലോണിയയില്‍ കൂടി യാത്ര ചെയ്യുമ്പോള്‍ അദ്ദേഹം കണ്ട കാഴ്ച ഇങ്ങനെ - രോഗിയെ അയാളുടെ വീടിന് വെളിയിലുള്ള തെരുവില്‍ കിടത്തുന്നു. ആ വഴി കടന്നു പോകുന്ന ആളുകളില്‍ നിന്നും ചികിത്സക്കുള്ള ഉപദേശം തേടാന്‍ വേണ്ടിയാണ് ഇത്. പക്ഷേ, ആ ഉപദേശം സ്വീകരിച്ച് ചികിത്സ നടത്തിയശേഷം അയാള്‍ മരിച്ചാല്‍, അക്കാലത്തെ നിയമപ്രകാരം ചികിത്സ നല്‍കിയ ആളുടെ കൈ മുറിക്കുമായിരുന്നു.

ജൂലിയസ് സീസറിന്റെ കാലത്ത് നശിപ്പിക്കപ്പെട്ട ലൈബ്രറി ഒഫ് അലക്‌സാന്ധ്രിയ (ബി.സി 285-246) വിജ്ഞാന ലോകത്തിന് ഒരു വലിയ നഷ്ടമാണ് വരുത്തി വച്ചത്. ഹിപ്പോക്രാറ്റിക് കളക്ഷന്‍ എന്ന പേരിലുള്ള വൈദ്യശാസ്ത്ര പുസ്തകങ്ങള്‍ ചില ഭാഷാശാസ്ത്രജ്ഞന്മാര്‍ രഹസ്യമായി രക്ഷപ്പെടുത്തിയത് ലോകജനതക്ക് അനുഗൃഹമായി.ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഭാഗം രക്തചംക്രമണമാണെന്ന് അവര്‍ അന്ന് തന്നെ മനസ്സിലാക്കിയിരുന്നു. രക്തം ശേഖരിച്ചിരിക്കുന്നത് കരളിലാണെന്നും അത് കൊണ്ട് തന്നെ കരളാണ് ജീവന്റെ ഇരിപ്പിടം എന്നും ആയിരുന്നു അന്നത്തെ വിശ്വാസം.

തൊണ്ടവേദനയുടെ കാഠിന്യം അനുസരിച്ച് 8-10 ജീവനുള്ള മണ്ണിരകളെ ഒരു ചരടില്‍ കഴുത്തില്‍ കെട്ടിയിട്ട്, കുറച്ചു നേരത്തിന് ശേഷം മണ്ണിരകള്‍ ചലനശേഷി നഷ്ടപ്പെട്ട് മരിക്കുമ്പോഴേക്കും രോഗിയുടെ തൊണ്ടവേദനയും മാറിയിട്ടുണ്ടാവുമത്രേ!

സുമേറിയന്‍ സംസ്‌കാരം ബി.സി രണ്ടായിരത്തോടെ അസ്തമിച്ചു. പകരമെത്തിയ അസീറിയക്കാരും ബാബിലോണിയക്കാരും മെസോപ്പൊട്ടേമിയയെ പുരാതന ലോകസംസ്‌കാരത്തിന്റെ ഇരിപ്പിടമാക്കി. ഈ രാജാക്കന്മാര്‍ തങ്ങള്‍ ദൈവങ്ങളുടെയും മനുഷ്യരുടെയും ഇടയിലുള്ള മദ്ധ്യസ്ഥന്മാരാണെന്ന് അവകാശപ്പെട്ടു. ജ്യോതിശാസ്ത്രം (astronomy) & ജ്യോതിഷം (astrology) എന്നിവ വളരെ പ്രധാനപ്പെട്ട ശാസ്ത്രങ്ങളായി മാറി. ദൈവം എന്താഗ്രഹിക്കുവെന്ന് കണ്ടെത്തി നടപ്പാക്കാന്‍ ഉളള ഏക മാര്‍iം ഇതായിരുന്നല്ലോ! ബാബിലോണിയക്കാരുടെയും സിറിയക്കാരുടെയും രോഗനിര്‍ണയം പ്രത്യേക തരത്തിലായിരുന്നു. ഒരു ആടിനെ രോഗശമനത്തിനായി പ്രാര്‍Lനയോടെ ബലികഴിച്ച ശേഷം ആ മൃഗത്തിന്റെ കരള്‍ പരിശോധിച്ചാല്‍ അവിടെ കാണുന്ന ചില അടയാളങ്ങള്‍ അനുസരിച്ചു ആയിരുന്നു രോഗനിര്‍ണയവും ചികിത്സയും. ചില മരങ്ങളുടെ ചാറ് കഷണ്ടിക്ക് മരുന്നായി നല്‍കിയിരുന്നുവത്രേ. തൊണ്ടവേദനയുടെ കാഠിന്യം അനുസരിച്ച് 8-10 ജീവനുള്ള മണ്ണിരകളെ ഒരു ചരടില്‍ കഴുത്തില്‍ കെട്ടിയിട്ട്, കുറച്ചു നേരത്തിന് ശേഷം മണ്ണിരകള്‍ ചലനശേഷി നഷ്ടപ്പെട്ട് മരിക്കുമ്പോഴേക്കും രോഗിയുടെ തൊണ്ടവേദനയും മാറിയിട്ടുണ്ടാവുമത്രേ! അത്‌പോലെ ആരല്‍, മനഞ്ഞില്‍ മത്സ്യം എന്നീ പേരുകളില്‍ അറിയപ്പെടുന്ന Eel fish നെ മുറിച്ച ശേഷം അതിന്റെ തലയില്‍ നിന്ന് ഒഴുകുന്ന രക്തം അരിമ്പാറക്ക് ചികിത്സക്കായി ഉപയോഗിച്ചിരുന്നു. പിന്നീട് കുഴിച്ചിട്ടുന്ന ആ മീനിന്റെ തല ദ്രവിക്കുന്ന വേഗത അനുസരിച്ച് അരിമ്പാറയും ദ്രവിച്ച് ഇല്ലാതാകുമത്രെ !


കണ്ണുരോഗത്തിന് ബിയര്‍ കുടിക്കാനും ഒപ്പം ഉളളി കഴിക്കാനും നിര്‍ദേശിക്കപ്പെട്ടത് കാണാം. ഇതിനെ ശാസ്ത്രീയമായി ഇങ്ങനെ വിശദീകരിക്കാം: ഉള്ളി കഴിക്കുന്നത് മൂലം പുറപ്പെടുവിക്കപ്പെടുന്ന കണ്ണുനീരില്‍ ഉള്ള Lysozyme അണുനാശിനിയാണ്. അതിതീവ്രമല്ലാത്ത ബാക്ടീരിയ മൂലമുള്ള രോഗങ്ങള്‍ ഇങ്ങനെ സുഖപ്പെടാന്‍ സാധ്യത ഉണ്ട്. ഇതിന് ശേഷം കണ്ണ് ഒലീവ് എണ്ണ ഉപയോഗിച്ച് മസ്സാജ് ചെയ്യണം. അതിന് ശേഷം തവളയുടെ പിത്തരസം പിരിഞ്ഞ പാലിനോട് ചേര്‍ന്ന് കണ്ണില്‍ പുരട്ടണം. പഴങ്ങള്‍, പുഷ്പങ്ങള്‍, ഇല, വേര്, തടി, മൃഗങ്ങളുടെ പ്രത്യേക ശരീരഭാഗങ്ങള്‍, ലോഹവസ്തുക്കള്‍ എന്നിവ ചികിത്സയുടെ ഭാഗമായി നല്‍കിയിരുന്നു. പല മൃഗങ്ങളുടെയും വിസര്‍ജ്യം ചികിത്സയുടെ ഭാഗമായി നല്‍കി വന്നത് രോഗകാരണമായ ദുഷ്ടശക്തിയെ ആട്ടിപ്പായിക്കാനാണ് എന്ന് കരുതപ്പെടുന്നു.

ബാബിലോണിയല്‍ നടത്തിയ ഉദ്ഖനനങ്ങളില്‍ ഓടകളും മറ്റും കണ്ടെത്തി. ഇത് മലിനജല നിര്‍മാര്‍ജന പാതയുടെ ഭാഗമാണെന്ന് കരുതപ്പെടുന്നു. തങ്ങളുടെ പ്രജകളുടെ ആരോഗ്യരക്ഷയില്‍ പ്രാകൃതകാലത്തെ ഭരണാധികാരികള്‍ പോലും ശ്രദ്ധ ചെലുത്തിയിരുന്നു എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.

(തുടരും)

ഡോ. സലീമ ഹമീദ്: തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം കാനഡയില്‍ ഫാമിലി ഫിസിഷ്യനായി ജോലി ചെയ്യുന്നു. എന്റെ വഴിയമ്പലങ്ങള്‍, ആന്‍ഡലൂസിയന്‍ ഡയറി, പോര്‍ച്ചുഗല്‍-ഫെഡോ സംഗീതത്തിന്റെ നാട് എന്നീ യാത്രാവിവരണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. പുസ്തകപ്പച്ച, അമേരിക്കന്‍ കഥക്കൂട്ടം, ലോക്ഡൗണ്‍ സ്‌കെച്ചുകള്‍, കഥ 2021, കഥാസ്‌കോപ്പ് എന്നീ ആന്തോളജികളില്‍ എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിലും ഓണ്‍ലെന്‍ മാധ്യമങ്ങളിലും ലേഖനങ്ങളും യാത്രാവിവരണങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


TAGS :