Quantcast
MediaOne Logo

ഡോ. സലീമ ഹമീദ്

Published: 10 April 2023 5:30 PM GMT

ഇരുണ്ടകാലത്തെ ചില പ്രകാശ രശ്മികള്‍-മതവും രോഗചികിത്സയും

പുരാതന ജൂത മത വിശ്വാസം അനുസരിച്ചു മനുഷ്യന്റെ പാപകര്‍മ്മങ്ങള്‍ മൂലം ഉണ്ടാകുന്ന ദൈവകോപമായിരുന്നു രോഗങ്ങളുടെ ഹേതു. പത്തു കല്‍പനകള്‍ അക്ഷരം പ്രതി പാലിക്കുന്നയാള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകുകയില്ല എന്നും അവര്‍ വിശ്വസിച്ചു. | DaVelhaMedicina - ഭാഗം: 14

ജൂത മത വിശ്വാസം
X

മനുഷ്യന്‍ ചെയ്യുന്ന, പാപങ്ങള്‍ക്കും അതിരു വിട്ടുള്ള ജീവിതത്തിനും ദൈവം നല്‍കുന്ന ശിക്ഷയായാണ് രോഗങ്ങളെന്നായിരുന്നു കത്തോലിക്കാമതക്കാരുടെ വിശ്വാസം. മറ്റുചില രോഗങ്ങള്‍ പ്രേതബാധമൂലമോ, അതല്ലെങ്കില്‍ യക്ഷികളുടെയോ കുട്ടിച്ചാത്തന്റെയോ ഉപദ്രവങ്ങളായും കരുതപ്പെട്ടു. രോഗത്തെ വിനയപൂര്‍വം സ്വീകരിച്ച് പാപമോചനത്തിനായുള്ള പ്രാര്‍ഥന, ഉപവാസം, രോഗശാന്തിയുമായി ബന്ധപ്പെട്ട പുണ്യാളനെ വിളിച്ചു പ്രാര്‍ഥിക്കല്‍, അദ്ദേഹത്തോട് രോഗപീഡയില്‍ നിന്ന് രക്ഷനേടാനുള്ള ദൈവപ്രീതി സമ്പാദിക്കാനായി മധ്യസ്ഥനായിരിക്കാന്‍ ആവശ്യപ്പെടുക എന്നിവയായിരുന്നു പരിഹാരങ്ങള്‍. ഇതല്ലാതെ മരുന്ന് കൊണ്ട് രോഗം ചികിത്സിച്ചു ഭേദപ്പെടുത്തുന്നത് ദൈവ നിന്ദയായി കരുതപ്പെട്ടു. മതപരമായി വിശ്വാസം ഗാഢമായിരുന്ന അക്കാലത്തു ക്രിസ്ത്യാനികള്‍ ഒരോന്നിനും ചുമതലക്കാരായ പുണ്യാളന്മാരോട് മുട്ടിപ്പായി പ്രാര്‍ഥിച്ചാല്‍ ഇവരുടെ ശുപാര്‍ശ മൂലം രോഗശാന്തി ലഭിക്കുമെന്ന് വിശ്വസിച്ചു പോന്നു. ഏത് ശരീരഭാഗം ആണോ രോഗാതുരമായി ഇരിക്കുന്നത് ആ ഭാഗത്തിന് തുല്യമായ നീളത്തിലുള്ള ഒരു മെഴുകുതിരി അയാളുടെ ആരാധനാ സ്ഥലത്തു കത്തിക്കുന്നതും ഇതിന്റെ ഭാഗമായി ചെയ്തുവന്നു. പുണ്യവാളന്റെ ചിത്രമുള്ള ഒരു ഷോള്‍ ഗര്‍ഭിണിയുടെ വയറിനു ചുറ്റും കെട്ടുന്നത് പ്രസവം എളുപ്പമാക്കും എന്ന വിശ്വാസം നില നിന്നിരുന്നു.

അപൂര്‍വമായ എര്‍ഗോട്ടിസം എന്ന രോഗം ബാധിച്ചവര്‍ക്ക് ശരീരത്തിന്റെ അഗ്രഭാഗങ്ങളില്‍, പ്രത്യേകിച്ച് കയ്യിലും കാലിലും തീപ്പൊള്ളലേറ്റത് പോലെയുള്ള വേദന അനുഭവപ്പെടും. എര്‍ഗോട്ട് (Ergot) എന്ന പൂപ്പല്‍ രോഗം ബാധിച്ച കൂവരക് അല്ലെങ്കില്‍ ഗോതമ്പില്‍ നിന്നുണ്ടാക്കിയ ബ്രഡ് കഴിക്കുന്നത് മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. മധ്യകാലത്ത് ഇത് ഒരു പാന്‍ഡെമിക്ക് ആയി മാറി. രോഗം ബാധിച്ച ഭാഗങ്ങള്‍ പ്രത്യേകിച്ച് കൈകാലുകള്‍ ഗാംഗ്രീന്‍ ബാധിച്ച് കറുത്തനിറത്തില്‍ ആയി അടര്‍ന്നു വീഴുന്നത് അധികമായി കണ്ടു വന്നു. കുടലിനെ ബാധിക്കുന്ന പ്രധാന ആര്‍ട്ടറി (mesenteric vatery) യെ എര്‍ഗോസ്റ്റിസം ബാധിച്ചാല്‍ കുടലില്‍ ഗാംഗ്രീന്‍ (gangrene) ബാധിക്കുകയും രോഗി മരിക്കുകയും ചെയ്യും. സെന്റ് ആന്റണി എന്ന പുണ്യാളനെ വിളിച്ചു പ്രാര്‍ഥിച്ചാല്‍ ഈ രോഗം ഭേദപ്പെടുമെന്ന വിശ്വാസം പ്രബലമായിരുന്നു. അനിച്ഛാപൂര്‍വകമായ ചലനങ്ങള്‍ മൂലം രോഗി നിലം തൊടാതെ കറങ്ങിത്തിരിയുന്ന രോഗത്തിന് ''സെന്റ് വൈറ്റ്‌സസ് ഡാന്‍സ്'' എന്നായിരുന്നു പേര്. സെന്റ് ആന്റണി ആല്‍ബര്‍ട്ട് എന്ന പുണ്യവാളന്റെ പേരിലുള്ള ആശുപത്രിയിലാണ് എര്‍ഗോട്ടിസത്തിന്റെ ചികിത്സ. പ്രധാനമായും ചില പച്ചിലമരുന്നുകള്‍ അരച്ച് വേദനയുള്ള ഭാഗങ്ങളില്‍ പുരട്ടാന്‍ കൊടുക്കുകയോ ഇതു ഉപയോഗിച്ചുണ്ടാക്കിയ പാനീയം കുടിക്കാനായി നല്‍കുകയോ ചെയ്തു. അപൂര്‍വമായി രോഗം ബാധിച്ച ഭാഗം മുറിച്ച് മാറ്റിയിരുന്നു.

അക്കാലത്ത് ധാരാളം മൊണാസ്ട്രികളില്‍ ഔഷധസസ്യങ്ങള്‍ വളര്‍ത്തുന്നത് പതിവായിരുന്നു. ഇവയില്‍ ഏറ്റവും പ്രധാനമായത് കര്‍പ്പൂരതുളസി (Sage), Cat nip, ഒരിനം ജമന്തിപ്പൂവ് (chamomile), മാന്‍ഡ്രേക ്(mandrake) ചെടി എന്നിവയാണ്. അതിമധുരം (ലിക്കൊറിസ്) ചുമക്കും, ഇഞ്ചി വയറുവേദനക്കും ഒച്ചിന്റെ ദേഹത്തെ വഴുവഴുത്ത ദ്രാവകം പൊള്ളലിനും ചികിത്സയായി ഉപയോഗിച്ചു വന്നു.

തന്റെ ബുദ്ധിപരമായ ഔന്നത്യത്തെപ്പറ്റി നല്ല ബോധ്യമുണ്ടായിരുന്ന ഹില്‍ഡിഗാര്‍ഡ് സ്വന്തമായ ഒരു പാത വെട്ടിത്തുറന്നു. നാല്‍പ്പതു വയസ്സുള്ളപ്പോള്‍ അവര്‍ കുടുംബ വിഹിതമായിക്കിട്ടിയ പണം കൊണ്ട് സ്വന്തമായി ഒരു കോണ്‍വെന്റ് ഉണ്ടാക്കി. മതമേധാവികള്‍ ഇതിനെതിരെ പ്രവര്‍ത്തിച്ചെങ്കിലും അവസാനം അവര്‍ തന്നെ വിജയിച്ചു.

ഹില്‍ഡിഗാര്‍ഡ്

ബി.സി പതിനൊന്നാം നൂറ്റാണ്ടില്‍ ജര്‍മനിയിലെ ബിന്‍ജനില്‍ ജീവിച്ചിരുന്ന ബഹുമുഖപ്രതിഭയായ (polymath) ഹില്‍ഡിഗാര്‍ഡ് (Hildegard of Bingen) ഈ ഇരുണ്ട കാലത്ത് പ്രകാശം പരത്തിയ ഒരു കന്യാസ്ത്രീയായിരുന്നു. ഒരു ധനിക കുടുംബത്തില്‍ പത്താമത്തെ കുട്ടിയായി ജനിച്ച അവരെ എട്ടാം വയസ്സില്‍ത്തന്നെ മാതാപിതാക്കള്‍ മഠത്തിലേക്ക് നല്‍കി. ഇതുമായി ബന്ധപ്പെട്ട ഉല്‍കണ്ഠ മൂലമായിരിക്കും അധികം താമസിയാതെ അവര്‍ക്ക് അതികഠിനമായ മൈഗ്രൈന്‍ അനുഭവപ്പെട്ടു തുടങ്ങി. ഇത്തരം തലവേദനകള്‍ക്കു മുന്‍പ് അനുഭവപ്പെടുന്ന ഓറ (aura), അസാധാരണങ്ങളായ ചില അനുഭവങ്ങള്‍ സമ്മാനിച്ചു. ഇവയില്‍ പലതും പ്രവചന സ്വഭാവമുള്ളതും ലോകം നേരിടാന്‍ പോകുന്ന മഹാദുരന്തത്തെപ്പറ്റിയവിവരണങ്ങളുള്ള ും നിറഞ്ഞതായിരുന്നു. പില്‍ക്കാലത്തു അവര്‍ ഇവയെ രേഖപ്പെടുത്തി വച്ചു. ദൈവവും മനുഷ്യനും തമ്മിലുള്ള ദിവ്യമായ ബന്ധത്തെപ്പറ്റി ഇവര്‍ ഇതില്‍ വിവരിക്കുന്നു. മൈഗ്രൈന്‍ രോഗികളില്‍ സാധാരണയായി അനുഭവപ്പെടുന്ന വിഭ്രാന്തി മാത്രമായാണ് ആധുനിക വൈദ്യശാസ്ത്രം ഇതിനെ വിവരിക്കുന്നത്. കാലക്രമേണ ഇവരുടെ ഇത്തരം ആത്മീയ അനുഭവങ്ങളെപ്പറ്റിയുള്ള വാര്‍ത്തകള്‍ പോപ്പിന്റെ ചെവിയിലും എത്തി. ദൈവവുമായി നേരിട്ട് ബന്ധപ്പെടുവാന്‍ കഴിവുള്ള വ്യക്തിയാണെന്ന വിശ്വാസം പരന്നത് നിമിത്തം പോപ്പുമാരും രാജാക്കന്മാരും ഉള്‍പ്പടെ പലരും തീരുമാനങ്ങളെടുക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന അവസരങ്ങളില്‍ ഇവരുടെ ഉപദേശം തേടുക പതിവായിരുന്നു.


തന്റെ ബുദ്ധിപരമായ ഔന്നത്യത്തെപ്പറ്റി നല്ല ബോധ്യമുണ്ടായിരുന്ന അവര്‍ സ്വന്തമായ ഒരു പാത വെട്ടിത്തുറന്നു. നാല്‍പ്പതു വയസ്സുള്ളപ്പോള്‍ അവര്‍ കുടുംബ വിഹിതമായിക്കിട്ടിയ പണം കൊണ്ട് സ്വന്തമായി ഒരു കോണ്‍വെന്റ് ഉണ്ടാക്കി. മതമേധാവികള്‍ ഇതിനെതിരെ പ്രവര്‍ത്തിച്ചെങ്കിലും അവസാനം അവര്‍ തന്നെ വിജയിച്ചു. റൈന്‍ താഴ്‌വരയില്‍ ഒരു ചെറു കുന്നിന്‍മുകളില്‍ മുന്തിരി തോപ്പുകള്‍ക്കു നടുവിലായാണ് ഇത് നിര്‍മിച്ചത്. ഇവിടെ അവര്‍ സ്വന്തമായി ഒരു ആതുരശാല നടത്തിയായിരുന്നു. 'physica' ഉള്‍പ്പടെ ചികിത്സ സംബന്ധിയായ രണ്ടു ചെറുപുസ്തകങ്ങള്‍ അവര്‍ എഴുതിയിട്ടുണ്ട്. സ്ത്രീ രോഗങ്ങളെപ്പറ്റിയും, ഗര്‍ഭം, പ്രസവം, മാസമുറ എന്നിവയെ സംബന്ധിച്ചുമുള്ള ചികിത്സ ധാരാളം പേര്‍ക്ക് പ്രയോജനം ചെയ്തു. അവരുടെ ചികിത്സാകേന്ദ്രത്തില്‍ തിളപ്പിച്ച വെള്ളം മാത്രമേ ഉപയോഗിച്ചിരുന്നുള്ളു. ഇതുകൊണ്ട് മാത്രം ധാരാളം രോഗങ്ങള്‍ സുഖപ്പെട്ടു. ഔഷധച്ചെടികള്‍ ഇട്ട് തിളപ്പിച്ച വെള്ളത്തിലെ കുളി മാസമുറയോട് അനുബന്ധിച്ച വേദനക്ക് ആശ്വാസം നല്‍കി. നിത്യവുമുള്ള ദന്ത ശുദ്ധിയും സമീകൃത ആഹാരവും അവരുടെ ചികിത്സയുടെ ഭാഗമായിരുന്നു. പല്ലുതേക്കുന്നതിനെപ്പറ്റി കേട്ടുകേള്‍വി പോലും ഇല്ലാത്ത കാലമാണ് എന്ന് ഓര്‍ക്കണം. നല്ലൊരു കലകാരിയായിരുന്ന ഇവര്‍ സംഗീതം നാടകം എന്നീ രംഗങ്ങളില്‍ രചനകള്‍ നിര്‍വഹിച്ചിട്ടുണ്ട്. എ.ഡി 1130 ല്‍ അന്നത്തെ പോപ്പ് വൈദിക വൃത്തി സ്വീകരിച്ചവര്‍, ചികിത്സ നടത്താന്‍ പാടില്ല എന്ന ഉത്തരവിറക്കി. തുടര്‍ച്ചയായി പുരുഷ വൈദിക സമൂഹത്തോട് ഇടഞ്ഞു കൊണ്ട് മുന്നോട്ടു സഞ്ചരിച്ചു കൊണ്ടിരുന്ന ഇവര്‍ക്ക് ഏറ്റവും ഒടുവില്‍ ലഭിച്ച ശിക്ഷ അവരുടെ കോണ്‍വെന്റില്‍ സംഗീതം വിലക്കിക്കൊണ്ട് ഉള്ളതായിരുന്നു. പരസ്യമായി ഇത് പാലിച്ചുവെങ്കിലും 1178ല്‍ അവരുടെ ശവസംസ്‌കാര സമയത്തു അന്തേവാസികള്‍ അവരുടെ ഗീതകങ്ങള്‍ ആലപിപിക്കുക തന്നെ ചെയ്തു.

പുരാതന ജൂത മത വിശ്വാസം അനുസരിച്ചു മനുഷ്യന്റെ പാപകര്‍മ്മങ്ങള്‍ മൂലം ഉണ്ടാകുന്ന ദൈവകോപമായിരുന്നു രോഗങ്ങളുടെ ഹേതു. പത്തു കല്‍പനകള്‍ അക്ഷരം പ്രതി പാലിക്കുന്നയാള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകുകയില്ല എന്നും അവര്‍ വിശ്വസിച്ചു. ഒരാള്‍ രോഗിയായിക്കഴിഞ്ഞാല്‍ പുരോഹിതന്മാര്‍ മധ്യസ്ഥന്മാരായി ചികിത്സാകര്‍മ്മങ്ങള്‍ ഏറ്റെടുക്കും. മോശയുടെ വിശ്വാസപ്രമാണങ്ങളിലുള്ള വിശ്വാസം മാത്രമാണ് ആത്മാവിന്റെയും ശരീരത്തിന്റെയും മോക്ഷം നേടാന്‍ പര്യാപ്തമായത്. വൃത്തിയില്ലായ്മയായിരുന്നു ഏറ്റവും വലിയ പാപം. ശാരീരികമയ അശുദ്ധിയും മാനസികമായ അശുദ്ധിയും ഒരു പോലെ വെറുക്കപ്പെട്ടതായിരുന്നു. അശുദ്ധമായ ജീവനുള്ളതോ ചത്തതോ ആയ വസ്തുക്കളെ സ്പര്‍ശിച്ച തിരുള്ള പാപ പരിഹാരം കുളി ആയി തോറയുടെ മൂന്നാം പുസ്തകമായ ലെവിറ്റിക്കസിന്റെ പുസ്തകത്തില്‍ (Book of Leviticus) രേഖപ്പെടുത്തിയിട്ടുണ്ട്. മാസമുറയുള്ള അവസരത്തില്‍ സ്ത്രീകള്‍ ആരാധനാലയത്തില്‍ പ്രവേശിക്കുകയോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയോ ചെയ്യാന്‍ പാടില്ല. രക്ത സ്രാവം പൂര്‍ണമായും അവസാനിച്ച ശേഷം മുങ്ങിക്കുളിക്കുകയും ശരീരഭാഗങ്ങള്‍ പ്രത്യേക ശ്രദ്ധ ചെലുത്തി ശുചിയാക്കുകയും വേണം. ഭക്ഷണത്തിന് മുന്‍പ് കൈ കഴുകുന്നത് മതപരമായ ചുമതലകളില്‍പ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണ ശേഷം കൈ കഴുകുന്നത് മതാചാരം എന്നതിനേക്കാള്‍ മറ്റുള്ളവരോടുള്ള കരുതലില്‍ന്റെ ഭാഗമായി കണക്കാക്കപ്പെട്ടു. പകര്‍ച്ചവ്യാധികളുടെ കാലത്തു പ്രത്യേക മണികള്‍ മുഴക്കി പൊതുജനങ്ങള്‍ക്കു അറിയിപ്പ് നല്‍കുക, രോഗികളെ മാറ്റി താമസിപ്പിക്കുക, അവരുടെ വസ്ത്രവും വീടും അണുവിമുക്തമാകുക എന്നിവ നിയമം മൂലം നിര്‍ബന്ധിതമാക്കിയിരുന്നു.


അക്കാലത്തുള്ള ജൂത സര്‍ജന്മാരില്‍ പലരും മലദ്വാരത്തിന് ചുറ്റുമുള്ള ഫിസ്റ്റുല, നിരദ്രമായ മലദ്വാരം (imperforate Anus) ശരിയാക്കല്‍ ഉള്‍പ്പടെയുള്ള ശസ്ത്രക്രീയകള്‍ ചെയ്തുവന്നു. ഇക്കാലത്തു സിസ്സേറിയന്‍ ഓപ്പറേഷന്‍, പൊട്ടിയ എല്ലുകള്‍ നേരെയാക്കാനാവശ്യമായ ചികിത്സ എന്നിവ ചെയ്തു വന്നതായി രേഖകള്‍ ഉണ്ട്. മതപരമായ ലിംഗാഗ്ര ചര്‍മം മുറിക്കല്‍ ( circumcision) ആദ്യ കാലത്തു കല്ല് കൊണ്ടുള്ള ഉപകരണങ്ങള്‍ കൊണ്ടും പില്‍ക്കാലത്തു ലോഹക്കത്തി ഉപയോഗിച്ചും ചെയ്തു വന്നു. Talmund എന്ന ജൂത മതഗ്രന്ഥത്തില്‍ ഇതിനെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കും.

പേര്‍ഷ്യന്‍ വൈദ്യം

ജൂതമതത്തിലെ പോലെ തന്നെ പേര്‍ഷ്യക്കാരും വ്യക്തിയുടെയും സമുദായത്തിന്റെയും ശുചിത്വത്തിന് വളരെയധികം പ്രാധാന്യം നല്‍കിയിരുന്നു. പ്രകാശത്തിന്റെയും നന്മയുടെയും ദൈവമായ അഹുര്‍ മസ്ദ (Ahur Mazda )യും അദ്ദേഹത്തെ പിന്തുടരുന്നവരും ആയിരുന്നു ചികിത്സയുടെ ചുമതലക്കാര്‍. രോഗാവസ്ഥയിലും മരണത്തിലും പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളെപ്പറ്റിയും പലതിന്റെയും പ്രതിഫലം, ചികിത്സാപ്പിഴവിനും അഴിമതിക്കും നല്‍കേണ്ട പിഴകള്‍ എന്നിവയെപ്പറ്റി വെന്‍ഡിഡഡ് (Vendidad) എന്ന മതഗ്രന്ഥത്തില്‍ പറയുന്നുണ്ട്.


(തുടരും)

ഡോ. സലീമ ഹമീദ്: തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. കാനഡയില്‍ ഫാമിലി ഫിസിഷ്യനായി ജോലി ചെയ്യുന്നു. എന്റെ വഴിയമ്പലങ്ങള്‍, ആന്‍ഡലൂസിയന്‍ ഡയറി, പോര്‍ച്ചുഗല്‍-ഫെഡോ സംഗീതത്തിന്റെ നാട് എന്നീ യാത്രാവിവരണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. പുസ്തകപ്പച്ച, അമേരിക്കന്‍ കഥക്കൂട്ടം, ലോക്ഡൗണ്‍ സ്‌കെച്ചുകള്‍, കഥ 2021, കഥാസ്‌കോപ്പ് എന്നീ ആന്തോളജികളില്‍ എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിലും ഓണ്‍ലെന്‍ മാധ്യമങ്ങളിലും ലേഖനങ്ങളും യാത്രാവിവരണങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

TAGS :