Quantcast
MediaOne Logo

ഡോ. സലീമ ഹമീദ്

Published: 9 May 2023 11:56 AM GMT

ഇബ്ന്‍ സീന എന്ന അവിസീന

എട്ട് മുതല്‍ പതിമൂന്നാം നൂറ്റാണ്ട് വരെ നീണ്ടു നിന്ന 'ഇസ്‌ലാമിക് ഗോള്‍ഡന്‍ ഏജ്' എന്നറിയപ്പെടുന്ന കാലത്തിന്റെ ചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്ന വ്യക്തി ഇബ്ന്‍ സീന എന്ന അവിസീനയാണ്. | DaVelhaMedicina - ഭാഗം: 16

ഇബ്ന്‍ സീന എന്ന അവിസീന
X

പേര്‍ഷ്യ എന്നറിയപ്പെട്ട ഇന്നത്തെ ഇറാനിലെ ഖലീഫമാര്‍ പഠനവും ഗവേഷണവും ചെയ്യുന്നവരെ സാമ്പത്തികമായി സഹായിച്ചിരുന്നു. ഇത് മൂലം ധാരാളം പണ്ഡിതന്മാരും ചിന്തകരും ഇവിടെ ഒത്തു ചേര്‍ന്നു. ഈ ബഹുമുഖ പ്രതിഭകളുടെ (polymaths) കൂട്ടത്തില്‍ ഏറ്റവും അഗ്രഗണ്യനായിരുന്നു അവിസീന. തത്വചിന്ത, ഗണിതം, കവിത, ജ്യോതിശാസത്രം, സൈക്കോളജി എന്നിങ്ങനെ നിരവധി വിഷയങ്ങളെപ്പറ്റി അദ്ദേഹം ഗ്രന്ഥരചന നടത്തി. ഏകദേശം ഒരു മില്യന്‍ വാക്കുകള്‍ അടങ്ങിയ 'കാനന്‍ ഓഫ് മെഡിസിന്‍' എന്ന അഞ്ച് ഖണ്ഡങ്ങള്‍ അടങ്ങിയ പുസ്തകം ആണ് ഇവയില്‍ ഏറ്റവും പ്രസിദ്ധമായത്. യൂറോപ്പിലെ യൂണിവേഴ്‌സിറ്റികളില്‍ പതിനേഴാം നൂറ്റാണ്ട് വരെ ഇത് വൈദ്യശാസ്ത്രത്തിലെ അംഗീകരിക്കപ്പെട്ട ടെക്സ്റ്റ് ബുക്ക് ആയി തുടര്‍ന്നു. അറബി ഭാഷ സംസാരിക്കുന്ന നാടുകളില്‍ ക്രമേണ ഗേലന്റെ സ്ഥാനത്ത് അവസീന പ്രതിഷ്ഠിക്കപ്പെട്ടു.

ഇന്നത്തെ ഉസ്‌ബെക്കിസ്ഥാനിലെ എണ്ണ ഖനന കേന്ദ്രമായ ബുഖാറയില്‍ എഡി 980ലാണ് അവിസീന ജനിച്ചത്. ഈ പട്ടണം സില്‍ക്ക് റൂട്ട് പാതയിലെ ഒരു പ്രധാന കേന്ദ്രമായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഈ പട്ടണത്തിലെ നികുതിപിരിവുകാരനും ഏറ്റവും ബുദ്ധിമാനും ആയ വ്യക്തിയായിരുന്നു. ഇതുമൂലം അവിസീനയുടെ വീട് നാട്ടുപ്രമാണിമാരുടെയും പണ്ഡിതരുടെയും പ്രിയപ്പെട്ട സംഗമസ്ഥലമായിരുന്നു. അവസീനയുടെ ജീവിതത്തെപ്പറ്റി കൂടുതലായി അറിയാന്‍ കഴിയുന്നത് അദ്ദേഹത്തിന്റെ ആത്മകഥയില്‍ നിന്നാണ്. തന്റെ വിദ്യാര്‍ഥിക്ക് പറഞ്ഞു കൊടുത്തു എഴുതിച്ച ആത്മകഥയില്‍ ചെറുപ്പത്തില്‍ തന്നെ അപൂര്‍വമായ സാമര്‍ഥ്യമുള്ള ഉള്ള ഒരു കുട്ടിയായിരുന്നു എന്ന് അദ്ദേഹം സ്വയം രേഖപ്പെടുത്തുന്നു.

രാഷ്ട്രീയ അസ്ഥിരതയുടെ അക്കാലത്ത് പോലും അദ്ദേഹത്തിന്റെ പ്രസിദ്ധിയും പാണ്ഡിത്യത്തില്‍ ഉള്ള വിശ്വാസവും നിമിത്തം സഞ്ചരിച്ച പല നാടുകളിലും പ്രധാനമന്ത്രിക്ക് തുല്യമായ വസീര്‍ എന്ന സ്ഥാനം നല്‍കപ്പെട്ടു വെങ്കിലും അതൊന്നും അധിക കാലം നീണ്ടു നിന്നില്ല. ഒന്നില്‍ കൂടുതല്‍ പ്രാവശ്യം അദ്ദേഹം വധശ്രമത്തില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടുണ്ട്. പല രംഗങ്ങളില്‍ തന്റെ പ്രാഗത്ഭ്യം തെളിയിച്ച അദ്ദേഹം തന്ത്രശാലിയായ ഒരു ഒന്നാംതരം രാഷ്ട്രമീമാംസകനും കൂടിയായിരുന്നു.

പത്താം വയസ്സില്‍ അദ്ദേഹത്തിന് ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠം ആയിരുന്നു. പിതാവ് തന്നെ കുട്ടിയെ വീട്ടില്‍ ഇരുത്തി പഠിപ്പിക്കുകയായിരുന്നു. 16 വയസ്സാകുമ്പോഴേക്കും അദ്ദേഹം അന്ന് കിട്ടാവുന്ന തത്വചിന്താപരമായ എല്ലാ പുസ്തകങ്ങളും വായിച്ചു കഴിയുകയും അന്ന് ലഭ്യമായിരുന്ന എല്ലാത്തരം വൈദ്യശാസ്ത്ര പുസ്തകങ്ങളുടെ പഠനം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. 18 വയസ്സുള്ളപ്പോള്‍ അംഗീകരിക്കപ്പെട്ട ഒരു വൈദ്യനായി കഴിഞ്ഞിരുന്ന അവിസീന സമാനിദിലെ (Samanid) ലെ രാജവംശത്തിലെ അമീറിന്റെന്റെ കൊട്ടാരവൈദ്യനായി നിയമിതനായത് മൂലം രാജാവിന്റെ ഗ്രന്ഥാലയത്തില്‍ പ്രവേശനം ലഭിച്ചു. അരിസ്റ്റോട്ടില്‍, ഗേലന്‍, ഹിപ്പോക്രാറ്റസ് എന്നിവരുടെ കൃതികള്‍ ലഭ്യമായിരുന്ന ആ പുസ്തകാലയം അദ്ദേഹത്തെ വളരെ സസന്തുഷ്ടനാക്കി. തുര്‍ക്കികളുടെ ആക്രണം മധ്യേഷ്യയില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. സമാനിത് രാജവംശം കാലക്രമേണ നാശോന്മുഖമായി. ഇത്തരത്തില്‍ ആ രാജവംശത്തിന് അവസാനമായപ്പോള്‍ അവിസീനക്ക് നാടുവിട്ടു പോകേണ്ടിവന്നു. കുറേക്കാലം നാടോടിയായി ജീവിക്കേണ്ടിവന്ന ഇദ്ദേഹത്തിന്റെ ജീവിതത്തിലെ പുതിയൊരു അധ്യായമായിരുന്നു ഇത്. രാഷ്ട്രീയ അസ്ഥിരതയുടെ അക്കാലത്ത് പോലും അദ്ദേഹത്തിന്റെ പ്രസിദ്ധിയും പാണ്ഡിത്യത്തില്‍ ഉള്ള വിശ്വാസവും നിമിത്തം സഞ്ചരിച്ച പല നാടുകളിലും പ്രധാനമന്ത്രിക്ക് തുല്യമായ വസീര്‍ എന്ന സ്ഥാനം നല്‍കപ്പെട്ടു വെങ്കിലും അതൊന്നും അധിക കാലം നീണ്ടു നിന്നില്ല. ഒന്നില്‍ കൂടുതല്‍ പ്രാവശ്യം അദ്ദേഹം വധശ്രമത്തില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടുണ്ട്. പല രംഗങ്ങളില്‍ തന്റെ പ്രാഗത്ഭ്യം തെളിയിച്ച അദ്ദേഹം തന്ത്രശാലിയായ ഒരു ഒന്നാംതരം രാഷ്ട്രമീമാംസകനും കൂടിയായിരുന്നു.

ഈ കാലത്താണ് ആണ് അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസായ കാനന്‍ ഓഫ് മെഡിസിന്‍ എന്ന കൃതി എഴുതിത്തുടങ്ങിയത്. പിന്നീട് ഏകദേശം നാന്നൂറ്റി അന്‍പതോളം കൃതികള്‍ അദ്ദേഹത്തിന്റേതായി ഉണ്ടായി. ഇതിനിടയില്‍ അവിസീന കുറേക്കാലം കാലം ജീവിച്ച പേര്‍ഷ്യയിലെ ഇസ്ഫഹാന്‍ (Isfahan) എന്ന പട്ടണത്തില്‍ തത്വചിന്താപരമായ കാര്യങ്ങളില്‍ വാദപ്രതിവാദം നടത്തുന്നതിനായി പണ്ഡിതസദസ്സ് സംഘടിപ്പിച്ചിരുന്നത്തിന് രേഖകളുണ്ട്.


വളരെ കഠിനാധ്വാനി ആയിരുന്ന അവിസീന, ചികിത്സകന്‍, അധ്യാപകന്‍, പുസ്തകരചയിതാവ് എന്നീ നിലകളിലാണ് അറിയപ്പെട്ടത്ത്. സുഹൃത് സദസ്സുകളും പാര്‍ട്ടികളും ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന് മദ്യവും മദിരാക്ഷിയും കവിതയും പ്രിയപ്പെട്ടതായിരുന്നു. സുന്ദരനായ അവിസീന നന്നായി വസ്ത്രം ധരിച്ചു മാത്രമേ പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നുള്ളു എന്ന് ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. തന്റെ കഴിവുകളെപ്പറ്റി നല്ല ബോധ്യമുണ്ടായിരുന്നു അദ്ദേഹം എട്ടു (1015-1023) വര്‍ഷമെടുത്താണ് കാനന്‍ ഓഫ് മെഡിസിന്‍ എഴുതിയത്. വര്‍ഷങ്ങളോളം വൈദ്യവിദ്യാര്‍ഥികളുടെ ബൈബിള്‍ ആയി മാറാന്‍ ഉദ്ദേശിച്ചു തന്നെയാണ് അദ്ദേഹം ഇതിന്റെ രചനയില്‍ ഏര്‍പ്പെട്ടത്.

ഇതിലെ അഞ്ചു ഖണ്ഡങ്ങള്‍ താഴെപ്പറയുന്ന വിഷയങ്ങള്‍ വിശദീകരിക്കുന്നു.

1. അനാട്ടമി ഫിസിയോളജി, രോഗാവസ്ഥയുടെ നിര്‍വചനം, രോഗങ്ങളുടെ കാരണവും ചികിത്സയും

2. പുതിയ മരുന്നുകള്‍ പരീക്ഷിക്കുന്നതിന്റെ നിബന്ധനകള്‍, അത് പടിപടിയായി ശാസ്ത്രീയമായി ചെയ്യുന്ന വിധം, ഇതോട് ബന്ധപ്പെട്ട ഏഴ് പ്രധാന നിയമങ്ങള്‍ എന്നിവ. ഇവയില്‍ പലതും ആധുനിക കാലത്തെ പുതിയ മരുന്നുകളുടെ പരീക്ഷണങ്ങള്‍ക്ക് അടിസ്ഥാനമായിത്തീര്‍ന്നു.

3. ഇരുപത്തിഒന്ന് ശരീരഭാഗങ്ങളുടെ പത്തോളജി, മനുഷ്യശരീരത്തിലെ തലമുതല്‍ കാല്‍വിരല്‍ വരെയുള്ള എല്ലാതരം വ്യവസ്ഥ (system) കളെപ്പറ്റിയുള്ള വിശദീകരണം

4. പനിയുണ്ടാക്കുന്നതും ശരീരമാസകലം ബാധിക്കുന്നതുമായ പലതരം രോഗങ്ങള്‍, ഈ രോഗങ്ങളുടെ നിര്‍ണയം, രോഗപൂര്‍വ്വ നിരൂപണം (prognosis), ചെറിയ ശസ്ത്രക്രീയകള്‍

5. 760 തരം മരുന്നുകള്‍, അവയുടെ പ്രയോഗം, ഉപയോഗം, മരുന്നുകളുടെ മിശ്രിതങ്ങളുടെ നിര്‍മാണം

യുക്തിഭദ്രമായ രീതിയിലും ദീര്‍ഘദൃഷ്ടിയോടും കൂടിയാണ് ഇതിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. കാന്‍സര്‍ എന്നത് വളരെ വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു മുഴ ആണെന്നും മറ്റ് അവയവങ്ങളിലേക്ക് ഇതിന് പടരാന്‍ സാധിക്കുമെന്നും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചെറിയ മുഴകള്‍ മുന്‍കൂട്ടി, അതിന് ചുറ്റുപാടുമുള്ള രക്തക്കുഴലുകളുടെ ഒപ്പം മുറിച്ചു മാറ്റിയാല്‍ പൂര്‍ണമായ രോഗശാന്തി കൈവരുമെന്നും വളരെ പഴകിയ ക്യാന്‍സറുകള്‍ ചികിത്സിക്കാതെ വിടുകയാണ് നല്ലത് എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. ഭക്ഷണകാര്യത്തില്‍ മാത്രം പ്രത്യേക ശ്രദ്ധ ചെലുത്തി കൊഴുപ്പു കുറഞ്ഞ ഭക്ഷണം കഴിച്ചു കൊണ്ട് മുന്നോട്ടുപോവുക ആയിരിക്കും ഇത്തരം രോഗികള്‍ക്ക് നല്ലത് എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ജലം മൂലം പകരുന്ന രോഗങ്ങളെപ്പറ്റിയും, കൊതുകു വഴി പകരുന്ന രോഗങ്ങളെപ്പറ്റിയും അദ്ദേഹം ഈ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. ശ്വാസക്കുഴലിലേക്ക് എങ്ങനെയാണ് ഒരു ട്യൂബ് കടത്തേണ്ടത് എന്നുള്ളതിനെറ്റി വിശദമായ വിവരണം ഇതില്‍ കാണാം. ശ്വാസ തടസ്സമുണ്ടാകുമ്പോള്‍ കഴുത്തില്‍ മുന്‍വശത്തുകൂടി ശ്വാസക്കുഴല്‍ മുറിക്കുന്ന ട്രക്കിയോസ്റ്റമി (tracheostomy) എന്ന രീതിയുടെ വിവരണത്തോടൊപ്പം ഇത് ഏറ്റവും അത്യാവശ്യമുള്ള ഘട്ടങ്ങളില്‍ മാത്രമേ ചെയ്യാന്‍ പാടുള്ളു എന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. ആരോഗ്യ രക്ഷയ്ക്കായി വ്യായാമവും നല്ല ഭക്ഷണവും തിരുമ്മലും തണുത്ത വെള്ളത്തില്‍ കുളിയും ആവശ്യത്തിന് ഉറക്കവും നിര്‍ബന്ധമായും വേണ്ടതാണെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു. കൊഴുപ്പു കുറഞ്ഞ മാംസഭക്ഷണം ലഭിക്കാനായി ചെറിയ ആട്ടിന്‍കുട്ടികളുടെ ഇറച്ചിയോടൊപ്പം, കേടാകാത്ത ഗോതമ്പ് ഉപയോഗിച്ചുള്ള അപ്പം, ഫലവര്‍ഗങ്ങള്‍ എന്നിവ അടങ്ങിയത് ആയിരിക്കണം സമീകൃതാഹാരം എന്ന് അദ്ദേഹം അക്കാലത്തു തന്നെ പറഞ്ഞു. ടൂര്‍നിക്കെ രക്തസ്രാവം നിയന്ത്രിക്കാനായി വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത് ഇദ്ദേഹത്തിന്റെ കാലത്താണ്.


പുതിയ മരുന്നുകള്‍ പരിശോധിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളെ പറ്റി അദ്ദേഹം വിശദമായി പറഞ്ഞിട്ടുണ്ട്. കൂടുതല്‍ കൃത്യമായ ഫലങ്ങള്‍ ലഭിക്കുന്നതിനായി മനുഷ്യരില്‍ തന്നെ പുതിയ മരുന്നുകള്‍ പരിശോധിക്കേണ്ടതുണ്ട്. മരുന്നുകള്‍ കഴിയുന്നത്ര പരിശുദ്ധവും മറ്റൊന്നും കലരാത്തതും ആയിരിക്കണം. ഒരു പ്രത്യേക രോഗത്തിന് ഉള്ള മരുന്ന്, ഒന്നിലധികം രോഗങ്ങള്‍ ഉള്ളയാളില്‍ പരീക്ഷിക്കുന്നതിനേക്കാള്‍ നല്ലത് ആ രോഗം മാത്രമുള്ള രോഗിയില്‍ പരിശോധിക്കുന്നതാണ്. മരുന്നിന്റെ ഡോസ് രോഗത്തിന്റെ കാഠിന്യത്തിനനുസരണമായി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യണം എന്നും മരുന്ന് കൊടുക്കുന്ന സമയവും രോഗശാന്തി ലഭിക്കാന്‍ ആവശ്യമായ സമയവും പ്രത്യേകം രേഖപ്പെടുത്തണം എന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. ഒരു മരുന്നിന്റെ ഗുണഫലങ്ങള്‍ ഏതു രോഗിയില്‍ പ്രയോഗിച്ചാലും ഒരുപോലെ തന്നെ ലഭിക്കണം. എന്നാല്‍, മാത്രമേ അത് പൊതു ഉപയോഗത്തിനായി യോഗ്യതയുള്ള മരുന്ന് ആയി സ്വീകാര്യമാകുകയുള്ളു.

അറബി മൂലം ഉള്ള 'ഡ്രഗ്' എന്ന വാക്ക് അദ്ദേഹത്തിന്റെ കൃതികളില്‍ കൂടിയാണ് പ്രസിദ്ധമായത്; അത് പോലെ ആള്‍ക്കഹോള്‍, ആല്‍ക്കലി, എലിക്‌സര്‍, സിറപ്പ്, സ്പിനാഷ്, ഷുഗര്‍ എന്നീ വാക്കുകള്‍ അറബി ഭാഷയില്‍ നിന്നും യൂറോപ്യന്‍ ഭാഷകളിലേക്ക് എത്തിച്ചേര്‍ന്നത് ഇത്തരത്തിലാണ്.

കിടങ്ങുകളില്‍ ഒളിച്ചു താമസിക്കുമ്പോള്‍ പോലും അദ്ദേഹത്തിന്റെ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഏകദേശം ഇരുന്നൂറ്റമ്പപതോളം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇതില്‍ ഒന്ന് അദ്ദേഹത്തിന്റെ ആത്മകഥയാണ്.

അമിതവണ്ണം (obesity), വിശപ്പില്ലായ്മ (Anorexia) എന്നിവയ്ക്കുള്ള ചികിത്സകളും ഈ ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. ഡയബറ്റിസ് ഉള്ള ഒരാളുടെ മൂത്രം രുചിച്ചു നോക്കിയാല്‍ മധുരമുള്ളതായിരിക്കും എന്ന് എഴുതിയിട്ടുണ്ട്. ഇത് ചികിത്സകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ആത്മസമര്‍പ്പണത്തിന്റെയും കൂടി തെളിവായി മനസ്സിലാക്കാം. വായുവില്‍ക്കൂടി രോഗങ്ങള്‍ പകരുന്നതിനെപ്പറ്റി ആദ്യമായി സംസാരിച്ചത് അദ്ദേഹമാണ്. വികാരങ്ങളും ഹൃദയമിടിപ്പും തമ്മിലുള്ള ബന്ധം അക്കാലത്തു തന്നെ അദ്ദേഹം പഠനവിധേയമാക്കുകയും തെളിയിക്കുകയും ചെയ്തിരുന്നു. രണ്ടു തരത്തിലുള്ള ഫേഷ്യല്‍ നെര്‍വ് മരവിപ്പിനെപ്പറ്റി (UMN&LMN Facial Paralysis) ആദ്യമായി കൃത്യമായി വിശദീകരിച്ചതും അവിസീനയാണ്.

കാനന്‍ ഓഫ് മെഡിസിന്‍ ലാറ്റിന്‍, ജര്‍മന്‍, ഫ്രഞ്ച്, പേര്‍ഷ്യന്‍, ഹീബ്രൂ, ചൈനീസ്, ഇംഗ്ലീഷ് എന്നിങ്ങനെ അനേകം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 1472-73ല്‍ ആദ്യമായി ഇത് ടെക്സ്റ്റ്ബുക്ക് രൂപത്തില്‍ അച്ചടിക്കപ്പെടുകയുണ്ടായി. അദ്ദേഹം ആഗ്രഹിച്ചതുപോലെ ഏകദേശ 600 കൊല്ലക്കാലം ഇത് യൂറോപ്പിലും മധ്യപൂര്‍വദേശങ്ങളിലും വൈദ്യവിദ്യാഭ്യാസത്തിന്റെ പ്രധാന പാഠപുസ്തകമായി ആയി തുടര്‍ന്നു. ഇതുമൂലം വൈദ്യശാസ്ത്ര പഠനങ്ങളും ഗവേഷണവും നിശ്ചലമായി എന്ന് അഭിപ്രായമുള്ളവരുണ്ട്. ഇന്ത്യയിലും പാക്കിസ്ഥാനിലും ഇന്നും പ്രചാരത്തിലുള്ള ഉള്ള യൂനാനി ചികിത്സാരീതി ഈ കൃതിയുടെ അടിസ്ഥാനത്തിലാണ്. ഗ്രീക്ക് എന്നതിന്റെ അറബി വാക്കാണ് യൂനാനി.

ബൗദ്ധികമായ പ്രവര്‍ത്തനങ്ങള്‍ കായികമായ പ്രവര്‍ത്തനങ്ങളെക്കാള്‍ മുകളിലാണ് എന്ന ചിന്ത അദ്ദേഹം പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതുമൂലം അക്കാലത്ത് സര്‍ജന്‍മാരുടെ ജോലി ഫിസിഷ്യന്മാരുടെ ജോലിയേക്കാള്‍ താഴെക്കിടയിലായി കരുതപ്പെട്ടു.

അന്‍പത്തിയേഴാം വയസ്സില്‍ അദ്ദേഹത്തിനു തുര്‍ക്കികളുടെ ആക്രമണത്തിനെ തടയാനായി നിരന്തരം യാത്രകളില്‍ ഏര്‍പ്പെട്ട് കൊണ്ടിരുന്ന ഖലീഫയെ അനുധാവനം ചെയ്യേണ്ടിവന്നു. അദ്ദേഹത്തിന്റെ കൃതികളില്‍ പലതും ഇങ്ങനെ കുതിരപ്പുറത്തുള്ള യുദ്ധസംബന്ധിയായ യാത്രകള്‍ക്കിടയിലാണ് രചിക്കപ്പെടുന്നത്. കിടങ്ങുകളില്‍ ഒളിച്ചു താമസിക്കുമ്പോള്‍ പോലും അദ്ദേഹത്തിന്റെ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഏകദേശം ഇരുന്നൂറ്റമ്പപതോളം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇതില്‍ ഒന്ന് അദ്ദേഹത്തിന്റെ ആത്മകഥയാണ്. മരണശേഷം അവിസീനയുടെ വിദ്യാര്‍ഥിയായിരുന്ന സൊഹേല്‍ അഫ്‌നാന്‍ അത് പൂര്‍ത്തീകരിച്ചു.


ഹംദാനിലെ അവിസീനയുടെ ശവകുടീരം

കുതിരപ്പുറത്തുള്ള അവസാന കാലത്തെ ജീവിതം ആരോഗ്യവാനായിരുന്ന അദ്ദേഹത്തിന് താങ്ങാനാവുന്നതായിരുന്നില്ല. ക്രമേണ രോഗിയായിത്തീര്‍ന്ന അവിസീന 1037ല്‍ മരണപ്പെട്ടു. അദ്ദേഹത്തിന്റെ മരണം സംശയകരമായ സാഹചര്യങ്ങളില്‍ ആയിരുന്നുവെന്ന് പറയപ്പെടുന്നു. അതികഠിനമായ വയറുവേദനയ്ക്ക് സ്വയംചികിത്സയായി അദ്ദേഹം നല്‍കിയ സെലറിവിത്തുകളും ചെറിയ അളവിലുള്ള ഒപ്പിയം അടങ്ങിയ മിത്രിഡേറ്റ ്(mithridate) ചേര്‍ന്നുള്ള എനീമ എട്ടു പ്രാവശ്യം അദ്ദേഹം ഉപയോഗിച്ചു. ഒരു പക്ഷേ പരിചാരകര്‍ക്ക് ഈ മരുന്ന് കൂട്ടിച്ചേര്‍ക്കുന്നതില്‍, മനഃപൂര്‍വ്വമോ അല്ലാതെയോ വന്ന പിഴവാണ് മരണകാരണം എന്ന് ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അവിസീന അന്‍പത്തിയേഴാം വയസ്സില്‍ മരിക്കുമ്പോള്‍ കൊര്‍ഡോബ അബ്ദുല്‍ റഹിമാന്‍ മൂന്നാമന്റെ കീഴില്‍ അതിന്റെ ഉയര്‍ച്ചയുടെ പാരമ്യത്തിലായിരുന്നു. ഏകദേശം ഒരു മില്യന്‍ ആളുകള്‍ ജീവിച്ചിരുന്ന ആ പട്ടണത്തില്‍ 52 ആശുപത്രികള്‍ ഉണ്ടായിരുന്നു.

പഴയകാല പേര്‍ഷ്യയിലെ ഹംദാനില്‍ (Hamadan) അദ്ദേഹത്തിനു വേണ്ടി ദീര്‍ഘ ചതുരാകൃതിയില്‍ ശവകുടീരം കാണാം. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ അവിസീനയുടെ ജനനത്തിന്റെ ആയിരാമാണ്ട് ആഘോഷിക്കുന്നതിനായി അവിടെ ഗംഭീരമായ ഒരു മുസോളിയം നിര്‍മിക്കുകയുണ്ടായി.

(തുടരും)

ഡോ. സലീമ ഹമീദ്: തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. കാനഡയില്‍ ഫാമിലി ഫിസിഷ്യനായി ജോലി ചെയ്യുന്നു. എന്റെ വഴിയമ്പലങ്ങള്‍, ആന്‍ഡലൂസിയന്‍ ഡയറി, പോര്‍ച്ചുഗല്‍-ഫെഡോ സംഗീതത്തിന്റെ നാട് എന്നീ യാത്രാവിവരണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. പുസ്തകപ്പച്ച, അമേരിക്കന്‍ കഥക്കൂട്ടം, ലോക്ഡൗണ്‍ സ്‌കെച്ചുകള്‍, കഥ 2021, കഥാസ്‌കോപ്പ് എന്നീ ആന്തോളജികളില്‍ എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിലും ഓണ്‍ലെന്‍ മാധ്യമങ്ങളിലും ലേഖനങ്ങളും യാത്രാവിവരണങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.



TAGS :