Quantcast
MediaOne Logo

ഡോ. സലീമ ഹമീദ്

Published: 25 May 2023 7:51 AM GMT

മെറ്റീരിയ മെഡിക്ക

എ.ഡി 200 വരെ ചികിത്സയില്‍ താല്‍പര്യമുള്ള ആര്‍ക്കുവേണമെങ്കിലും സ്വയം ഡോക്ടര്‍ ആണെന്ന് അവകാശപ്പെട്ടു കൊണ്ട് ചികിത്സ നടത്താന്‍ കഴിയുമായിരുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. | DaVelhaMedicina - ഭാഗം: 17

മെറ്റീരിയ മെഡിക്ക
X

റോമന്‍ പട്ടാളത്തില്‍ ജോലി ചെയ്തിരുന്ന പെഡാനിയസ് ഡിസ്‌കോറൈഡെസ് (Pedanius Dioscorides) എന്ന ഗ്രീക്ക് ഡോക്ടര്‍ ആണ് എ.ഡി 40നും 70 നും ഇടയ്ക്ക് 110 പേജുകളുള്ള 'മെറ്റീരിയ മെഡിക്ക' എന്ന ഫാര്‍മക്കോളജിയുടെ ബൈബിള്‍ എന്നു വിശേഷിപ്പിക്കപ്പെട്ട ഗ്രന്ഥമെഴുതിയത്. ഇദ്ദേഹം നീറോ ചക്രവര്‍ത്തിയുടെ പട്ടാളത്തിലെ ഡോക്ടര്‍ ആയിരുന്നു. പാപ്പിറസ് ചെടിയുടെ താളുകളിലാണ് ഇത് ആദ്യം എഴുതപ്പെട്ടത്.

ഇദ്ദേഹം റോമാസാമ്രാജ്യത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിക്കുകയും ഓരോ ഇടങ്ങളില്‍ നിന്നുമുള്ള ചികിത്സക്ക് അനുയോജ്യമായ ഔഷധ ചെടികള്‍ പരിശോധിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. അഞ്ചു വാള്യങ്ങളുള്ള മെറ്റീരിയ മെഡിക്ക എന്ന പുസ്തകത്തില്‍ ആയിരത്തോളം ഔഷധച്ചെടികളെപ്പറ്റിയും ഇവയുടെ 4740 ഓളം ഉപയോഗങ്ങളെയും പറ്റി പറയുന്നുണ്ട്. ഒന്നാമത്തേതില്‍ ഔഷധച്ചെടികള്‍, ഓയിന്മെന്റുകള്‍, എണ്ണകള്‍ എന്നിവയെപ്പറ്റിയും, രണ്ടാമത്തേതില്‍ മൃഗജന്യമായ തേന്‍, പാല്‍ എന്നിവയെപ്പറ്റിയും കാര്‍ഷിക വസ്തുക്കളായ ഗോതമ്പ് തുടങ്ങിയവയെപ്പറ്റിയും വിവരിക്കുന്നു. മൂന്നാമത്തേയും നാലാമത്തെയും പുസ്തകത്തില്‍ മരുന്നുകളായി ഉപയോഗിക്കുന്ന ചെടികളും വേരുകളുമാണ് പരാമര്‍ശ വിധേയമാകുന്നത്. അഞ്ചാമത്തേത് വൈനുകളും ലെഡ് അസറ്റേറ്റ്, കോപ്പര്‍ ഓക്‌സയിഡ്, കാല്‍സ്യം ഹൈഡ്രോക്‌സൈഡ് തുടങ്ങിയ ലവണക്കൂട്ടുകളെപ്പറ്റിയും വിശദീകരിക്കുന്നു. വളരെ ചിട്ടയോടുകൂടി ഗ്രീക്ക് ഭാഷയില്‍ രചിക്കപ്പെട്ട ഈ ഗ്രന്ഥം ബിസാന്റിന്‍ രാജകുമാരിയായ ജൂലിയാന അനീഷ്യക്കാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്; അധികം താമസിയാതെ അനേകം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. പുറകെ ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും പതിനാറാം നൂറ്റാണ്ടു വരെ ഇത് ഒരു പ്രാമാണിക ഗ്രന്ഥമായി നിലനില്‍ക്കുകയും ചെയ്തു.


സുമാര്‍ AD 200 വരെ ചികിത്സയില്‍ താല്‍പര്യമുള്ള ആര്‍ക്കുവേണമെങ്കിലും സ്വയം ഡോക്ടര്‍ ആണെന്ന് അവകാശപ്പെട്ടു കൊണ്ട് ചികിത്സ നടത്താന്‍ കഴിയുമായിരുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഈ അവസരത്തിലാണ് ഇദ്ദേഹം ശാസ്ത്രീയമായ സമീപനത്തോടെ ഇത്തരം ഒരു ഗ്രന്ഥരചന നടത്തിയത്. സ്വന്തമായി പരിശോധന നടത്താതെ ഒരു മരുന്ന് പോലും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് അദ്ദേഹം പറയുന്നു. ഓരോ ഔഷധ ചെടിയെയും പറ്റിയുള്ള വിശദവിവരങ്ങള്‍ പ്രത്യേക രൂപഘടനയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചെടിയുടെ യഥാര്‍ഥ പേര്, മറ്റു പേരുകള്‍, സാധാരണയായി വളരുന്ന ഇടങ്ങള്‍, ചികിത്സയില്‍ എങ്ങനെയെല്ലാം ഇത് ഉപയോഗിക്കാം, എങ്ങനെയാണ് ഇത് ഉപയോഗിച്ച് ഓരോ രോഗത്തിനു ആവശ്യമുള്ള മരുന്ന് നിര്‍മ്മിക്കേണ്ടതും കൊടുക്കേണ്ടതും, ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഈ ചെടികള്‍ കൊണ്ടുള്ള മറ്റുപയോഗങ്ങള്‍, ഇതുപോലെ കാണപ്പെടുന്ന മറ്റു ചെടികളില്‍ നിന്നും ഇതിനെ എങ്ങനെ കൃത്യമായി വേര്‍തിരിച്ചറിയാം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വളരെ വ്യക്തമായും കൃത്യമായും ഇതില്‍ വിവരിച്ചിരിക്കുന്നു.

അക്കാലത്ത് പ്രസിദ്ധമായിരുന്ന പല ഗ്രീക്ക് ഗ്രന്ഥങ്ങളെ പോലെ ഇതും അറബി, ഹീബ്രു എന്നീ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുകയുണ്ടായി. മെറ്റീരിയ മെഡിക്കയുടെ ആദ്യ പ്രതി ഇന്ന് നിലവിലില്ല; പക്ഷേ, പരിഭാഷപ്പെടുത്തിയതും അല്ലാതെയുമായുള്ള ധാരാളം മറ്റു കോപ്പികള്‍ ഇന്നും യൂണിവേഴ്‌സിറ്റികളിലും മ്യൂസിയങ്ങളിലും ഉണ്ട്. എഡി 1500 വരെ പ്രചാരത്തിലുണ്ടായിരുന്നു ഹെര്‍ബല്‍ ചികിത്സാരീതി ഈ ഗ്രന്ഥത്തിനെ ആധാരമാക്കിയാണ്. അക്കാലത്ത് മൊണാസ്റ്ററികളിലും മറ്റും ഉണ്ടായിരുന്ന പൂന്തോട്ടങ്ങളില്‍ ഒരു ഭാഗം രോഗ ചികിത്സക്കായുള്ള ഔഷധച്ചെടികള്‍ക്കായി മാറ്റിവെക്കപ്പെട്ടിരുന്നു. ചാര്‍ലെമെയ്ന്‍ ചക്രവര്‍ത്തി തന്റെ കൊട്ടാരത്തില്‍ ഔഷധച്ചെടികള്‍ക്കായി പ്രത്യേക തോട്ടം നിര്‍മിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഓരോ ഗ്രാമത്തിനും സ്വന്തമായുള്ള മന്ത്രവാദിയോ അപ്പോത്തിക്കരിയോ ഇത്തരം ഔഷധച്ചെടികള്‍ ഉപയോഗിച്ചുള്ള ചില കഷായങ്ങളും (magic potion) മറ്റും നിര്‍മിച്ചു ആവശ്യക്കാര്‍ക്ക് നല്‍കി വന്നു.


മെറ്റീരിയ മെഡിക്കയുടെ ഒരു പേജ്

ചെറിയ സന്ധികളില്‍ വേദനയും നീരും ഉണ്ടാക്കുന്ന ഗൗട്ട് എന്ന രോഗത്തിന് മരുന്നായി ഇദ്ദേഹം പറയുന്നത് വില്ലോ മരത്തിന്റെ തടി ഇട്ടു തിളപ്പിച്ച വെള്ളമാണ്. പില്‍കാലത്ത് ഇതില്‍ അടങ്ങിയിരിക്കുന്ന സാലിസിലിക് ആസിഡിന്റെ (അസ്പിരിന്‍) അംശം ആണ് രോഗശാന്തിക്ക് കാരണം എന്ന് കണ്ടെത്തി. ശാസ്ത്രകീയക്ക് മുന്‍പായി രോഗികളെ ബോധം കെടുത്താന്‍ ഉപയോഗിക്കുന്ന മരുന്നുകളില്‍ ഒന്നായ ഹയോസമീന്‍ (Hyoscyamine) അടങ്ങിയ മന്ദ്രഗോറ (Mandragora/Mandrake) ചെടിയുടെ വേര് അക്കാലത്തും ഇതേ ആവശ്യത്തിനായി ഉപയോഗിച്ചിരുന്നു. ഇതിന്റെ ചാറ് സന്ധിവേദനക്ക് പുറമെ പുരട്ടുന്നത് വേദനക്ക് ആശ്വാസം നല്‍കുമത്രേ. കാഴ്ച മെച്ചപ്പെടുത്താനും ഉല്‍ക്കണ്ഠ കുറക്കാനുമായോ അണലി (viper) സൂപ്പ് ഉപയോഗിക്കാന്‍ അദ്ദേഹം ഉപദേശിക്കുന്നു. വേദനസംഹാരിയായി ഓപ്പിയം നിര്‍ദേശിക്കുന്നുണ്ടെങ്കിലും അധികമായാല്‍ തളര്‍ച്ചയും, ഉറക്കക്കൂടുതലും തുടങ്ങി മരണം വരെയും സംഭവിക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പില്‍ക്കാലത്ത് മറ്റ് ചില എഴുത്തുകാര്‍ സ്വന്തമായ ചില വിശദീകരണങ്ങളും ചിത്രങ്ങളോടു കൂടി ഈ പുസ്തകത്തിന്റെ പുതിയ പതിപ്പുകള്‍ ഇറക്കി. ഇതില്‍ പറയുന്ന പല ചികിത്സാ രീതികളും മരുന്നുകളും ഇന്നും പല രൂപത്തില്‍ പ്രചാരത്തിലുണ്ട്.

അക്കാലത്ത് അടിമകളെ ചികിത്സിക്കുന്നവര്‍ മുതല്‍ കൊട്ടാര ഡോക്ടര്‍മാര്‍ വരെ പലതരത്തിലുള്ള ചികിത്സകര്‍ റോമന്‍ സാമ്രാജ്യത്തിനുള്ളില്‍ ജോലി ചെയ്തിരുന്നു. പാവപ്പെട്ടവര്‍ക്കായി മുനിസിപ്പാലിറ്റികള്‍ പ്രത്യേക ക്ലിനിക്കുകള്‍ നടത്തിയിരുന്നു. ഗ്ലാഡിയേറ്ററുകളെയും പട്ടാളക്കാരെയും ചികിത്സിക്കാനായി പ്രത്യേകം ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നു. റോമന്‍ സാമ്രാജ്യത്തിന്റെ പ്രഭ മങ്ങിത്തുടങ്ങിയപ്പോള്‍ ഡോക്ടര്‍മാരുടെ പദവിയും അധികാരവും കുറെ കൂടി മെച്ചപ്പെടുകയാണ് ഉണ്ടായത്. അധികാര സ്ഥാനത്തുള്ളവരും സാധാരണ ജനങ്ങളും ഡോക്ടര്‍മാരെ കൂടുതല്‍ ബഹുമാനിക്കാന്‍ തുടങ്ങി. ഭരണസംവിധാനങ്ങളിലും ഉപദേശക സമിതികളിലും ഡോക്ടര്‍മാര്‍ ഒഴിച്ചുകൂടാന്‍ വയ്യാത്തവരായി മാറി. ഭരണാധികാരികളുടെ ഏറ്റവും അടുത്ത സൗഹൃദ വലയത്തിലും ഡോക്ടര്‍മാര്‍ക്ക് സ്ഥാനം ലഭിച്ചു.


സാധാരണമായിരുന്ന കുളിപ്പുരകളുടെയും, അക്വാഡക്ട് എന്നറിയപ്പെടുന്ന ജലവിതരണ സംവിധാനങ്ങളുടെയും, മലിനജലം ശേഖരിച്ച് ഒഴുക്കി കളയുന്ന ചാലുകളുടെയും സുഖകരമായ നടത്തിപ്പ് ഭരണാധികാരികള്‍ ഉറപ്പാക്കിയിരുന്നു. ഭക്ഷണവില്‍പനയും ചന്തകളുടെ ശുചിത്വ പരിശോധനയും മറ്റും നടത്താനായി കൃത്യമായി നിയമങ്ങള്‍ ഉണ്ടായിരുന്നു. ശവശരീരം അടക്കാനും ദഹിപ്പിക്കാനും മറ്റുമായി നന്നായി പ്രവര്‍ത്തിച്ചിരുന്ന ഭരണസംവിധാനങ്ങള്‍ നിലവിലിരുന്നു എന്നത് ഉന്നതമായ പൊതുജനാരോഗ്യരക്ഷയുടെ നിലവാരം അടയാളപ്പെടുത്തുന്നു.

(തുടരും)

ഡോ. സലീമ ഹമീദ്: തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. കാനഡയില്‍ ഫാമിലി ഫിസിഷ്യനായി ജോലി ചെയ്യുന്നു. എന്റെ വഴിയമ്പലങ്ങള്‍, ആന്‍ഡലൂസിയന്‍ ഡയറി, പോര്‍ച്ചുഗല്‍-ഫെഡോ സംഗീതത്തിന്റെ നാട് എന്നീ യാത്രാവിവരണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. പുസ്തകപ്പച്ച, അമേരിക്കന്‍ കഥക്കൂട്ടം, ലോക്ഡൗണ്‍ സ്‌കെച്ചുകള്‍, കഥ 2021, കഥാസ്‌കോപ്പ് എന്നീ ആന്തോളജികളില്‍ എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിലും ഓണ്‍ലെന്‍ മാധ്യമങ്ങളിലും ലേഖനങ്ങളും യാത്രാവിവരണങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.



TAGS :