Quantcast
MediaOne Logo

ഡോ. സലീമ ഹമീദ്

Published: 12 Aug 2023 10:00 AM GMT

ദന്തചികിത്സ - നൂറ്റാണ്ടുകളിലൂടെ

ബി.സി രണ്ടായിരത്തിലേത് എന്ന് കരുതപ്പെടുന്ന ഒരു മമ്മിയുടെ പല്ലില്‍ സ്വര്‍ണ്ണ കമ്പി കൊണ്ട് ഉണ്ടാക്കിയ കെട്ടാണ് ദന്ത ചികിത്സാരീതിയില്‍ ഇന്ന് വരെ കണ്ടെത്തിയതില്‍ ഏറ്റവും പഴയത്. ഉമിയും തോലും പലപ്പോഴും മണ്ണിന്റെ അംശവും കലര്‍ന്ന ഭക്ഷണം ചവയ്ക്കുന്നത് മൂലമുണ്ടാകുന്ന പല്ലിന്റെ തേയ്മാനമായിരുന്നു ഏറ്റവും കൂടുതല്‍ കാണപ്പെട്ട അസുഖം. ബി.സി 1200ല്‍ ജീവിച്ചിരുന്ന എസ്‌കലെപിയസ് എന്ന ഗ്രൃക്ക് ഡോക്ടര്‍ ആണ് ആദ്യമായി പല്ല് പറിക്കുന്ന രീതി രേഖപ്പെടുത്തിയത്. | DavelhaMedicina - ഭാഗം: 22

ദന്തചികിത്സ - നൂറ്റാണ്ടുകളിലൂടെ
X

വളരെ പണ്ടുകാലത്ത്, മറ്റു പല രോഗങ്ങളെപ്പോലെ പല്ലുവേദനയും ദൈവകോപത്തിന്റെ ഫലമാണെന്ന് കരുതി വന്നു. ദന്തചികിത്സ സംബന്ധിച്ചുള്ള ഏറ്റവും പഴയ രേഖ ബി.സി അയ്യായിരത്തില്‍ സുമേറിയക്കാരുടെ കാലത്തേതാണ്. പല്ല് കേട് ആകുന്നതിനു കാരണം പല്ലില്‍ ഉണ്ടാകുന്ന പുഴുക്കള്‍ ആണെന്ന് വിശ്വസിച്ചിരുന്നു. കേരളത്തില്‍ ചിലയിടങ്ങളില്‍ കേടു വന്ന പല്ലിന് പുഴുപ്പല്ല് എന്നു വിളിക്കുന്ന രീതി നിലവിലുണ്ട്. ഇന്‍ഡസ് വാലി (Indus valley) സംസ്‌കാരത്തിന്റെ രേഖകളില്‍ അക്കാലത്തെ ദന്തചികിത്സ സംബന്ധിച്ച തെളിവുകളുണ്ട്. 6500 വര്‍ഷം മുന്‍പ് സ്ലൊവീനിയയില്‍ തേനീച്ചയുടെ മെഴുക് ഉപയോഗിച്ച് പല്ലിന്റെ പോടുകള്‍ അടച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ബി.സി 2600ല്‍ ജീവിച്ചിരുന്ന Hesy-Re ആണ് രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ദന്തഡോക്ടര്‍. ഈ വിവരം അദ്ദേഹത്തിന്റെ ശവക്കല്ലറയില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. പുരാതന ഈജിപ്റ്റില്‍ Sacedotal എന്ന ഒരു പ്രത്യേക ജാതിയില്‍പ്പെട്ട ആളുകളാണ് ചികിത്സകരായി ജോലി ചെയ്തിരുന്നത്. ഇവരില്‍ തന്നെ ഫോസ്റ്റോഫോറി (Phostophori) എന്ന ഒരു പ്രത്യേക ഗണത്തില്‍പ്പെട്ട ആളായിരുന്നു ഇദ്ദേഹം.

ബി.സി രണ്ടായിരത്തിലേതെന്ന് കരുതപ്പെടുന്ന ഒരു മമ്മിയുടെ പല്ലില്‍ സ്വര്‍ണ്ണ കമ്പി കൊണ്ട് ഉണ്ടാക്കിയ കെട്ടാണ് ഈ ചികിത്സാരീതിയില്‍ ഇന്ന് വരെ കണ്ടെത്തിയതില്‍ ഏറ്റവും പഴയത്. അക്കാലത്തേത് എന്ന് തെളിയിക്കപ്പെട്ട തലയോട്ടികളുടെ കൃത്യമായ പഠനത്തിലൂടെ അന്ന് സാധാരണയായിരുന്ന ദന്തരോഗങ്ങളെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ സാധിച്ചു. ഉമിയും തോലും പലപ്പോഴും മണ്ണിന്റെ അംശവും കലര്‍ന്ന ഭക്ഷണം ചവക്കുന്നത് മൂലമുണ്ടാകുന്ന പല്ലിന്റെ തേയ്മാനമായിരുന്നു ഏറ്റവും കൂടുതല്‍ കാണപ്പെട്ട അസുഖം. ബി.സി 1200ല്‍ ജീവിച്ചിരുന്ന എസ്‌കലെപിയസ് (Esculapius) എന്ന ഗ്രrക്ക് ഡോക്ടര്‍ ആണ് ആദ്യമായി പല്ല് പറിക്കുന്ന രീതി രേഖപ്പെടുത്തിയത്.

ദന്തക്ഷയം ഉള്‍പ്പടെ ഇന്ന് കാണപ്പെടുന്ന പല അസുഖങ്ങളും പുരാതന കാലത്തും സാധാരണയായിരുന്നു എന്ന് കാണാം. ദന്തരോഗങ്ങളെ പറ്റിയും അവയുടെ ചികിത്സാവിധികളെപ്പറ്റിയും ഉള്ള വിവരങ്ങളടങ്ങിയ ഇബേര്‍സ് പാപ്പിറസ് ആണ് അറിയപ്പെടുന്ന ദന്ത ചികിത്സയെപ്പറ്റിയുള്ള ആദ്യത്തെ രേഖ. ക്രിസ്തുവിനു മുമ്പ് ജീവിച്ചിരുന്ന പ്ലേറ്റോ, അരിസ്റ്റോട്ടില്‍ എന്നിവര്‍ തങ്ങളുടെ രചനകളില്‍ പല്ലുകള്‍ മുളച്ചുവരുന്ന ക്രമം, മോണരോഗങ്ങള്‍, ചവണ ഉപയോഗിച്ച് പല്ല് എടുക്കുന്ന വിധം, പല്ലുകളും പൊട്ടിയ താടിയെല്ലുകള്‍ കമ്പി കെട്ടി ഉറപ്പിക്കുന്ന വിധം എന്നിവയെപ്പറ്റി വിശദമാക്കുന്നുണ്ട്.

ക്രിസ്തുവിന് നൂറു വര്‍ഷം മുമ്പ് ജീവിച്ചിരുന്ന സെല്‍ഷ്യസ് എന്ന റോമന്‍ ഡോക്ടര്‍ അദ്ദേഹത്തിന്റെ കൊമ്പെന്‍ഡിയം ഒഫ് മെഡിസിന്‍ (Compendium of Medicine) എന്ന രചനയില്‍ ദന്തശുചിത്വം, പല്ലുകള്‍ ഉറപ്പിക്കുന്ന വിധം, കുഞ്ഞുങ്ങള്‍ക്ക് പല്ലുകള്‍ മുളയ്ക്കുമ്പോള്‍ ഉണ്ടാകുന്ന വേദനയും ചികിത്സയും, താടിയെല്ലുകളുടെ ഒടിവിന്റെ ചികിത്സാവിധികള്‍ എന്നിവയെപ്പറ്റി പ്രതിപാദിക്കുന്നു .


മാന്‍ കൊമ്പ് കരിച്ച പൊടി, mastic എന്ന മരത്തിന്റെ കറ (chio mastic), വെയിലത്ത് ഉണക്കിയ റോസാ ഇതളുകളുടെ പൊടി, നേര്‍ത്ത മണ്ണ് എന്നിവ ക്രിസ്തുവിന് മുന്‍പുള്ള കാലത്ത് ദന്തശുദ്ധിക്കായി ഉയോഗിച്ചിരുന്നു. ഏഷ്യയില്‍ പഴയ കാലം മുതല്‍ വേപ്പില, മാവില, ഉമിക്കരി തുടങ്ങിയ ദന്തശുദ്ധിക്കായി ഉപയോഗിച്ചു വന്നു.

EBERS PAPYRUS- ദന്തചികിത്സയെപ്പറ്റി

പുരാതന കാലത്ത് കൃത്രിമ ദന്തങ്ങള്‍ മറ്റൊരു മനുഷ്യനില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ കടം കൊണ്ടതായിരുന്നു. ആധുനിക ഇറ്റലിയിലെ ടസ്‌കനി എന്ന പട്ടണവും ചുറ്റുപാടുമുള്ള കുറെ ഭാഗങ്ങളും ഉള്‍പ്പെട്ടതാണ് പുരാതന എട്രൂറിയ (Etruria) എന്ന പ്രദേശം. ഇവിടുത്തെ ജനങ്ങളെ എട്രസ്‌ക്കന്‍സ് (Etruscans) എന്ന് വിളിച്ചു വന്നു. ഇവിടെ ബി.സിഏഴാം നൂറ്റാണ്ടു മുതല്‍ കൃത്രിമദന്തങ്ങള്‍ ഉണ്ടാക്കിയിരുന്നുവത്രേ! ഇവരുടെ ഭരണകാലം അസ്തമിച്ചതോടെ ഈ വിദ്യയും മണ്‍ മറഞ്ഞു. ക്രിസ്തുവിന് ശേഷം രണ്ടാം നൂറ്റാണ്ടിലേതായി ഇവിടെ കണ്ടെത്തിയ ചില രേഖകളില്‍ സ്വര്‍ണ്ണം പൊതിഞ്ഞ കൃത്രിമ ദന്തങ്ങള്‍ ഉണ്ടാക്കുന്നതിനെപറ്റിയും

ദന്തപാല (dental bridge) ത്തിന്റെ നിര്‍മാണത്തെപ്പറ്റിയും വിശദീകരിച്ചിട്ടുണ്ട്. വീണ്ടും ഈ വിദ്യ പുനരുജ്ജീവിപ്പിക്കപ്പെട്ടത് പതിനെട്ടാം നൂറ്റാണ്ടിലാണ്. മധ്യകാലത്ത് ചൈനയില്‍ രചിച്ച ദന്ത ചികിത്സ സംബന്ധമായ ഒരു പുസ്തകത്തില്‍ വെളുത്ത നിറത്തിലുള്ള ഒരു കുഴമ്പ് കേടുവന്ന പല്ലിന്റെ ദ്വാരങ്ങള്‍ നിറയ്ക്കാനായി (ആധുനികകാലത്ത് ഇതേ ആവശ്യത്തിന് ഉപയോഗിച്ചിരുന്ന അമാല്‍ഗത്തിന് സമാനമായി) ഉപയോഗിച്ചിരുന്നതായി പറയുന്നു.

പതിമൂന്നാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ 'guild of Barbers' എന്ന ക്ഷുരകന്മാരുടെ ഒരു സംഘടന നിലവില്‍വന്നു. ഇവരുടെ കൂട്ടത്തില്‍ കുറേക്കൂടി വിദ്യാഭ്യാസവും പരിശീലനവും ലഭിച്ചവര്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകളും, സാധാരണ ബാര്‍ബര്‍മാര്‍ ഷേവിങ്, മുടി മുറിക്കല്‍, പല്ല് എടുക്കല്‍, രക്തം ഒഴുക്കിക്കളയല്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്തുവന്നു. എ.ഡി 1400ല്‍ വനിതാ ബാര്‍ബര്‍മാരെ ശസ്ത്രക്രിയകള്‍ ചെയ്യുന്നതില്‍ നിന്നും തടഞ്ഞു കൊണ്ടുള്ള ഒരു രാജശാസനം പുറപ്പെടുവിക്കപ്പെട്ടതായി കാണുന്നു. എന്നാല്‍, രക്തം ഒഴുക്കിക്കളയല്‍, കപ്പിംഗ്, ലീച്ചിങ്, പല്ല് പറിക്കല്‍ എന്നിവ അവര്‍ക്ക് അനുവദനീയമായിരുന്നു. മനുഷ്യരുടെ പല്ലിന്റെ എണ്ണം 32 ആണെന്ന് ആദ്യമായി രേഖപ്പെടുത്തിയത് ലിയൊണാര്‍ഡോ ഡാവിഞ്ചിയാണ്.

അക്കാലത്ത് തന്നെ ചൈനാക്കാര്‍ പല്ലുവേദനയെ അതിന്റെ കാരണങ്ങള്‍ അനുസരിച്ച് തരം തിരിക്കുകയും അതനുസരിച്ച് അവര്‍ പല്ലു വേദനക്കായി 18 തരം കഷായങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. ഇവയില്‍ ചിലത് ഉള്ളില്‍ കഴിക്കുവാനും മറ്റു ചിലത് വായ കഴുകുന്നതിനായും ഉപയോഗിച്ചു വന്നു. ശരീരത്തിലെ 26 മര്‍മസ്ഥാനങ്ങള്‍ പല്ലുവേദനയുടെ അക്യുപംക്ചര്‍ ചികിത്സക്കായി നിശ്ചയിക്കപ്പെട്ടിരുന്നു. ഇവ സാധാരണയായി ചെയ്തു വന്നതായി കാണാം. പ്രത്യേകതരം സുഗന്ധമുള്ള ഇലകളുടെ പൊടി പല്ല് വേദനയുടെ ചികിത്സക്കായി ഉപയോഗിച്ച് വന്നു. ഇതിനെ കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ മോക്‌സിബസ്റ്റണ്‍ (moxibustion) എന്നാണ് വിളിച്ച് വന്നത്. പതിനാറാം നൂറ്റാണ്ടില്‍ ജപ്പാനിലെത്തിയ പോര്‍ച്ചുഗീസ് മിഷണറിമാര്‍ ഈ ചികിത്സാരീതിയെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്.

പതിനാറാം നൂറ്റാണ്ടില്‍ ആര്‍ട്ട്‌സെനി ബുച്ച്‌ലിന്‍ (Artzney Buchlein) ജര്‍മനിയില്‍ പ്രസിദ്ധീകരിച്ച The little medical book for all kinds of diseases and infirmities of teeth എന്ന കൃതി ദന്തചികിത്സയെപ്പറ്റി മാത്രമായി പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ ഗ്രന്ഥം ആണ്. ശസ്ത്രക്രിയ വിദഗ്ധന്‍മാര്‍ക്കും ക്ഷുരകന്‍മാര്‍ക്കും ഉള്ള ഒരു കൈപ്പുസ്തകം ആയാണ് ഇത് രചിക്കപ്പട്ടത്. മുന്‍പ് പറഞ്ഞ ചികിത്സാരീതികളെപ്പറ്റിയുള്ള വിശദവിവരങ്ങള്‍ കൂടാതെ പല്ലുകളിലെ ദ്വാരങ്ങള്‍ അടയ്ക്കുന്നതിനെപ്പറ്റിയുള്ള വിശദവിവരങ്ങള്‍ ഇതില്‍ കാണാം. പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ Ambrose Pare ഫ്രഞ്ച് ഭാഷയിലെഴുതിയ ശസ്ത്രക്രിയകളെപറ്റിയുള്ള 'Complete Works'ല്‍ ദന്തചികിത്സക്ക് സഹായകരമായ പല പ്രായോഗിക വിവരങ്ങളും അടങ്ങിയിട്ടുണ്ട്.

1558 മുതല്‍ 44 വര്‍ഷം ഇംഗ്ലണ്ട് ഭരിച്ച ക്വീന്‍ എലിസബത്ത്1 ന്റെ ഭരണകാലത്ത് കൃത്രിമദന്തങ്ങള്‍ സാധാരണമായിരുന്നില്ല. ഇത് നിമിത്തം നഷ്ടപ്പെട്ട പല്ലകളുടെ സ്ഥാനത്ത് പഞ്ഞിയുടെ ചുരുളുകള്‍ നിറച്ച് വിടവുകള്‍ നിറച്ച ശേഷമാണ് അവര്‍ പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നത്. അമേരിക്കയുടെ ആദ്യ പ്രസിഡന്റായ ജോര്‍ജ് വാഷിംഗ്ടണും കൃത്രിമ ദന്തത്തിന്റെ ഉപയോക്താവായിരുന്നു.

മൈക്രോസ്‌കോപ്പ് കണ്ടു പിടിച്ച ആന്ററണി ലീവാന്‍ ഹോക്ക ്(1632-1723) പുതിയ ഉപകരണത്തില്‍ കൂടി പല്ലിനിടയില്‍ നിന്നുള്ള ടാര്‍ട്ടാര്‍ പരിശോധിച്ച് അതിലടങ്ങിയിരിക്കുന്ന അണുക്കളെ കണ്ടെത്തി. പതിനെട്ടാം നൂറ്റാണ്ടില്‍ പഞ്ചസാര യൂറോപ്പില്‍ വ്യാപകമായി ഉപയോഗത്തിലായതോടെ ദന്തക്ഷയം സാധാരണമായിത്തുടങ്ങി. മുഴുവന്‍ പല്ലുകളും ഉള്ള ഒരു അമ്പത് വയസുകാരനെ അക്കാലത്ത് കണ്ടെത്താന്‍ പ്രയാസമായിരുന്നു. ഇത് മൂലം കൃത്രിമ ദന്തങ്ങളുടെ ആവശ്യം വര്‍ധിച്ചു വന്നു. ഇതിനായി പല വസ്തുക്കളും മാറി പരീക്ഷിച്ചു. ആനക്കൊമ്പ് അത്തരത്തില്‍ ഉപയോഗിക്കപ്പെട്ട ഒന്നായിരുന്നു. ഹിപ്പൊപ്പൊട്ടാമസ്, വാല്‍റസ് എന്നിവയുടെ ദന്തങ്ങളും ഈ രീതിയില്‍ ഉപയോഗിക്കപ്പെട്ടിരുന്നു. വേഗം കേടുവരുമെന്നതും മറ്റു പല്ലുകളില്‍ നിന്ന് വ്യത്യസ്തമായി കാണപ്പെടുന്നുവെന്നതും ഇവയെ സാധാരണ ജനങ്ങള്‍ക്ക് പ്രിയങ്കരമാക്കിയില്ല. എന്നിരുന്നാലും മറ്റു ഉപാധികളില്ലാത്തതിനാല്‍ ഇതിന്റെ ഉപയോഗം തുടര്‍ന്ന് വന്നു.

പല്ലുകള്‍ കമ്പി കൊണ്ട് കെട്ടിയുറപ്പിക്കുന്ന വിധം

മനുഷ്യരുടെ പല്ലുകള്‍ തന്നെയാണ് ഏറ്റവും സ്വീകാര്യമായിരുന്നത്. ശവക്കുഴികളില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതോ ദരിദ്രരായ മനുഷ്യര്‍ അല്‍പം പണത്തിനു വേണ്ടി വില്‍ക്കുന്നതോ അതല്ലെങ്കില്‍ ദന്തഡോക്ടര്‍മാരുടെ ശേഖരത്തില്‍ നിന്ന് കണ്ടെടുക്കുന്നതോ ആയിരുന്നു ഇത്തരം പല്ലുകള്‍! വിക്ടര്‍ ഹ്യുഗോയുടെ പാവങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ ദരിദ്രയായ ഫന്‍തീന്‍ തന്റെ മകള്‍ കൊസെറ്റിന്റെ സംരക്ഷണത്തിന് പണം കണ്ടെത്താനായി സ്വന്തം പല്ല് പറിച്ച് വില്‍ക്കുന്നു രംഗം ഓര്‍ക്കുക! മുഖ സൗന്ദര്യത്തിന് വേണ്ടി മാത്രം ഉപയോഗിച്ചിരുന്ന ഇവ ഭക്ഷണ സമയത്ത് ഇളക്കി മാറ്റി വെക്കുന്നതായിരുന്നു പതിവ്.

നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനെ ബ്രിട്ടീഷുകാര്‍ പരാജിതനാക്കിയ വാട്ടര്‍ലൂ യുദ്ധത്തില്‍ (1815) ഏകദേശം 50,000 പട്ടാളക്കാര്‍ മരണപ്പെട്ടു. ഇവരില്‍ അധികവും ചെറുപ്പക്കാരായിരുന്നു. ഇത് മൂലം മനുഷ്യ ദന്തങ്ങളുടെ ക്ഷാമം കുറേയൊക്കെ പരിഹരിക്കപ്പെട്ടു. ''വാട്ടര്‍ ലൂ ടീത്ത്'' എന്ന് വിളിക്കപ്പെട്ട ഇവ അക്കാലത്ത് ഒരു വിജയചിഹ്നം പോലെ ബ്രിട്ടീഷുകാര്‍ അണിഞ്ഞിരുന്നു. പലപ്പോഴും അവ വാട്ടര്‍ലൂവിലെ പടയാളികളുടേതാണ് എന്ന് ഉറപ്പില്ലെങ്കില്‍ പോലും! ഇത്തരത്തില്‍ മനുഷ്യരുടെ പല്ലുകള്‍ പുനരുപയോഗിക്കുന്ന രീതി ഏകദേശം 19-ാം നൂറ്റാണ്ടില്‍ ഉത്തരാര്‍ധം വരെ തുടര്‍ന്നുപോന്നു. അമേരിക്കന്‍ ആഭ്യന്തര യുദ്ധകാലത്ത് മരിച്ചവരുടെ പല്ലുകളും ഇത്തരത്തില്‍ പുനരുപയോഗിക്കപ്പെട്ടു.

ടയറുകളുമായി ബന്ധപ്പെട്ട് സാധാരണയായി കേള്‍ക്കുന്ന നാമമായ ചാള്‍സ് ഗുഡ് ഇയറിന്റെ സഹോദരനായ നെല്‍സണ്‍ ഗുഡ് ഇയര്‍ കണ്ടു പിടിച്ച്, 1851ല്‍ പേറ്റന്റ് സ്വന്തമാക്കിയ ദന്തനിര്‍മാണ വസ്തുവാണ് വള്‍ക്കനൈറ്റ്. മറ്റു വസ്തുക്കളെ അപേക്ഷിച്ച് വില അധികമില്ലാത്തത് മധ്യവര്‍ഗക്കാര്‍ക്ക് ഇത് പ്രിയംകരമാക്കി. അങ്ങനെ പ്രഭുകുടുംബാംഗങ്ങളെ പോലെ അവരും കൃത്രിമ ഭന്തങ്ങള്‍ ധരിച്ചു തുടങ്ങി.

ആയിരത്തിഎഴുന്നൂറുകളില്‍ ആണ് കൃത്രിമ ദന്തവും ദന്തപാലങ്ങളും പോര്‍സിലെയിന്‍ ഉപയോഗിച്ച് നിര്‍മിച്ച് തുടങ്ങിയത്. ആദ്യകാലത്ത് ഇത് പൊട്ടുകയും തേയ്മാനം സംഭവിക്കുകയും ചെയ്തിരുന്നു. പിന്നീട് അതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതോടെ ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന എല്ലാ വസ്തുക്കളും അപ്രത്യക്ഷമായി. 1832ലാണ് ഇന്ന് ഡെന്റല്‍ ക്ലിനിക്കുകളില്‍ കാണുന്ന ചാരിക്കിടക്കുന്ന കസേര ഉപയോഗത്തില്‍ വന്നത്.

അറബികളുടെ സംഭാവന

ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രസിദ്ധ ദിഷഗ്വരനായ അല്‍ റാസി പല്ലുകളിലെ ദ്വാരങ്ങള്‍ അടക്കുന്നതിനായി വാര്‍ണിഷിനോടൊപ്പം ഉപയോഗിക്കുന്ന തരം മരപ്പശയും (mastic) ആലവും കലര്‍ന്ന മിശ്രിതം ഉപയോഗിച്ചിരുന്നു. എല്ലാ സാധ്യതകളും അടഞ്ഞാല്‍ മാത്രമേ പല്ല് പറിക്കാന്‍ തീരുമാനിക്കാന്‍ പാടുള്ളു എന്നദ്ദേഹം അഭിപ്രായപ്പെട്ടു. മോണ പഴുപ്പിനായി അദ്ദേഹം ഓപിയം, റോസ് ഓയില്‍, കുരുമുളക്, തേന്‍ എന്നിവ ഉപയോഗിച്ചിരുന്നതായി കാണുന്നു. പത്താം നൂറ്റാണ്ടിലെ പ്രസിദ്ധ ഭിഷഗ്വരനായ അവിസീന തുടര്‍ച്ചയായി വേദനയുള്ള പല്ലുകള്‍ തുരന്ന് വൃത്തിയാക്കി അതില്‍ മരുന്ന് നിറക്കുന്നതിനെപ്പറ്റി പറയുന്നുണ്ട്. പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അബുല്‍ കസെയ്‌സിന്റെ പുസ്തകത്തിലാണ് അക്കാലത്ത് ദന്ത ചികിത്സക്കായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളുടെ ചിത്രങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്. വീഴ്ചയുടെ ഫലമായി ഇളകി പോയ പല്ലുകള്‍ അതത് സ്ഥലങ്ങളില്‍തന്നെ കമ്പി കൊണ്ട് കെട്ടി ഉറപ്പിക്കുന്ന വിധവും ഇതില്‍ വിവരിക്കുന്നു.

(തുടുരും)

ഡോ. സലീമ ഹമീദ്: തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. കാനഡയില്‍ ഫാമിലി ഫിസിഷ്യനായി ജോലി ചെയ്യുന്നു. എന്റെ വഴിയമ്പലങ്ങള്‍, ആന്‍ഡലൂസിയന്‍ ഡയറി, പോര്‍ച്ചുഗല്‍-ഫെഡോ സംഗീതത്തിന്റെ നാട് എന്നീ യാത്രാവിവരണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. പുസ്തകപ്പച്ച, അമേരിക്കന്‍ കഥക്കൂട്ടം, ലോക്ഡൗണ്‍ സ്‌കെച്ചുകള്‍, കഥ 2021, കഥാസ്‌കോപ്പ് എന്നീ ആന്തോളജികളില്‍ എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിലും ഓണ്‍ലെന മാധ്യമങ്ങളിലും ലേഖനങ്ങളും യാത്രാവിവരണങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

TAGS :