Quantcast
MediaOne Logo

ഡോ. സലീമ ഹമീദ്

Published: 16 Aug 2023 9:56 AM GMT

വൈദ്യരംഗത്തെ നാഴികക്കല്ലുകള്‍

രോഗിയെ തൊടുന്നതിനു മുന്‍പും അതിനു ശേഷവും ഇന്ന് കാണുന്നത് പോലെയുള്ള കൈകഴുകല്‍ അക്കാലത്ത് കേട്ടുകേള്‍വി പോലും ഇല്ലായിരുന്നു. എങ്കിലും ഈ പരീക്ഷണത്തിനു ചുമതലക്കാരനായ ഹങ്കറിക്കാരനായ ഡോ. സിമ്മെല്‍വീസ് ഡോക്ടര്‍മാരുടെ കൈകളില്‍ പറ്റിയിരിക്കുന്ന എന്തെങ്കിലും ഒരു വസ്തുവാണോ പനി ഉണ്ടാക്കുന്നത് എന്ന് സംശയിച്ചു. അത് അദ്ദേഹം അവിടെ ജോലി നോക്കുന്ന എല്ലാ ഡോക്ടര്‍മാരും ക്ലോറിന്‍ വെള്ളത്തില്‍ കൈ കഴുകിയതിനുശേഷം മാത്രമേ പ്രസവം എടുക്കാന്‍ പാടുള്ളൂ എന്ന് നിര്‍ദേശിച്ചു. ഇതോടുകൂടി ഇവിടെ പ്രസവിക്കുന്ന അമ്മമാരുടെ പനിയോട് കൂടിയ പ്രത്യേക രോഗം ഒരു ശതമാനത്തിലേക്ക് കുറഞ്ഞു. | DavelhaMedicina - അവസാന ഭാഗം

വൈദ്യരംഗത്തെ നാഴികക്കല്ലുകള്‍
X

നിത്യേനയെന്നവണ്ണം മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കുന്ന രംഗമാണ് വൈദ്യചികിത്സ. ഇവയില്‍ നാഴികക്കല്ലുകള്‍ എന്ന് വിളിക്കാവുന്ന ചില കണ്ടു പിടിത്തങ്ങളെപ്പറ്റിയാണ് ഇനിപ്പറയുന്നത്.

രക്ത ചംക്രമണം

മനുഷ്യന്റെ മുഷ്ടിയോളം വലിപ്പമുള്ള ഒരു മാംസക്കഷണം ശരീരത്തിന്റെ രക്ത ചംക്രമണത്തിന് മുഴുവന്‍ ചുമതലക്കാരന്‍ ആകുന്നത് മദ്ധ്യകാലത്ത് ശരീര ശാസ്ത്രപഠനത്തില്‍ തല്‍പരരായ എല്ലാവര്‍ക്കും വലിയ അത്ഭുതത്തിന് കാരണമായി. ശരീരത്തിലെ മുഴുവന്‍ രക്തക്കുഴലുകളുടെ നീളം 60000 മൈലുകള്‍ ഉണ്ടാവും. ഇടവിടാതെയുള്ള ഹൃദയത്തിന്റെ പ്രവര്‍ത്തനം മൂലമാണ് ഈ രക്തക്കുഴലുകളില്‍ രക്തം നിറയുന്നതും, അശുദ്ധ രക്തം ശുദ്ധരക്തം ആയി മാറുകയും ശരീരത്തിനാവശ്യമായ ആയ പോഷകാംശങ്ങളും

ഓക്‌സിജനും ആവശ്യമുള്ള ഇടങ്ങളിലെല്ലാം എത്തിച്ചേരുന്നതും. പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യ കാലത്ത് ഡോ. വില്യം ഹാര്‍വി ആണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം മൂലമാണ് അനുസ്യൂതമായ ഈ പ്രവര്‍ത്തനം നടക്കുന്നതെന്ന് കണ്ടുപിടിച്ചത്. ഒരു ദിശയിലേക്ക് മാത്രം തുറക്കുന്ന വാല്‍വുകളുടെ പ്രവര്‍ത്തനം മൂലം ആണ് ശുദ്ധരക്തം ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്ക് എത്തുന്നതും. അശുദ്ധരക്തക്കുഴലുകള്‍ വഴി അശുദ്ധരക്തം ഹൃദയത്തിലേക്ക് മടങ്ങിയെത്തുകയും അവിടെനിന്ന് ശ്വാസകോശത്തിലേക്ക് ശുദ്ധീകരിക്കാനായി എത്തിക്കപ്പെടുകയും ചെയ്യുന്നത്. ശുദ്ധരക്തം ഹൃദയത്തിന്റെ ഇടതുഭാഗത്തേക്കാണ് മടങ്ങി എത്തുന്നത്. ചാക്രികമായ ഈ സഞ്ചാരം ആദ്യമായി കണ്ടെത്തിയത് വില്യം ഹാര്‍വി ആയിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുതുയുഗത്തിന് ഈ കണ്ടുപിടിത്തം നാന്ദി കുറിച്ചു. ഫിസിയോളജിയുടെ പിതാവായി അദ്ദേഹത്തെ ജീവിച്ചിരുന്ന കാലത്ത് തന്നെ അംഗീകരിച്ചിരുന്നു.

വില്യം ഹാര്‍വി

ബ്ലഡ് ഗ്രൂപ്പുകള്‍

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് യൂറോപ്പിലാകമാനം രക്തം കുത്തിവെക്കല്‍ വളരെ ജനപ്രിയമായ ഒരു ചികിത്സാരീതി ആയിരുന്നു. എന്നാല്‍, ഇത് ചിലപ്പോള്‍ വളരെയധികം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായി കണ്ടു. ഇതിന്റെ കാരണം കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ക്ക് ഇടയിലാണ് രക്തഗ്രൂപ്പുകള്‍ കണ്ടുപിടിക്കാന്‍ ഇടയായത്. കാള്‍ ലാന്റ് സ്റ്റീനര്‍ എന്ന ശാസ്തജ്ഞനാണ് ചില രക്തഗ്രൂപ്പുകള്‍ ഒന്നിക്കുമ്പോള്‍ ചുവന്ന രക്താണുക്കള്‍ ഒന്നിച്ചു ചേര്‍ന്ന് (clumping) എന്ന പ്രക്രിയ നടക്കുന്നുവെന്നും ഇത് വളരെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും കണ്ടെത്തിയത്. ഇതേതുടര്‍ന്നാണ് പലതരം രക്തഗ്രൂപ്പുകള്‍ ഉണ്ടെന്നും ചേര്‍ച്ചയുള്ള രക്തഗ്രൂപ്പുകളില്‍ ഉള്ളവര്‍ക്കു മാത്രമേ രക്തദാനം സാദ്ധ്യമാവുകയുള്ളൂ എന്നും തിരിച്ചറിഞ്ഞത്. രക്തദാന ചികിത്സയുടെ ചരിത്രത്തിലെ ഇതിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികകല്ലുകളില്‍ ഒന്നാണ് ഈ കണ്ടുപിടിത്തം. അവയവദാനത്തിന് ആവശ്യമായ ദാതാവിനെ കൃത്യമായി കണ്ടെത്താനും ഇത് സഹായകമായിത്തീര്‍ന്നു. എണ്ണമറ്റ ജീവനുകളെ രക്ഷിക്കാന്‍ ഇത് വളരെ സഹായകരമായെന്ന് പറയേണ്ടതില്ലല്ലോ.

അനസ്‌തേഷ്യ

മദ്ധ്യകാലത്ത് ലഭിച്ച മനുഷ്യശരീരത്തെപ്പറ്റിയുള്ള വിശദവിവരങ്ങള്‍ ശസ്ത്രക്രിയാവിദഗ്ധന്‍മാരെ കുറേക്കൂടി വിജയകരമായി തങ്ങളുടെ പ്രവര്‍ത്തി ചെയ്യാന്‍ സഹായിച്ചു. ഈ ചികിത്സകള്‍ വിവരിക്കാന്‍ വയ്യാത്ത വിധത്തിലുള്ള കഠിനമായ വേദനകള്‍ രോഗിക്ക് സമ്മാനിച്ചു. രോഗിയെ കട്ടിലിനോടൊപ്പം കെട്ടിവെച്ചോ അതല്ലെങ്കില്‍ സഹായികള്‍ ബലമായി പിടിച്ചുവെച്ചോ ആയിരുന്നു സര്‍ജറികള്‍ ചെയ്തിരുന്നത്. തന്മൂലം പലരും ചികിത്സയ്ക്കു വിധേയരാകുന്നതിനേക്കാള്‍ മരണത്തിനു കീഴടങ്ങുന്നതാണ് നല്ലത് എന്ന് കരുതി. ആദ്യകാലത്ത് മദ്യം, ഓപ്പിയം അടങ്ങിയ മരുന്നുകള്‍ എന്നിവ സര്‍ജറിക്കു തൊട്ടുമുമ്പ് നല്‍കി രോഗിയെ ചെറിയ മയക്കത്തിലാക്കിയ ശേഷം ശാസ്ത്രക്രീയ ചെയ്യുകയായിരുന്നു പതിവ്. ഇവ വേദന സംഹാരിയായും പ്രവര്‍ത്തിച്ചു.

പില്‍ക്കാലത്ത് നൈട്രസ് ഓക്‌സൈഡ് ഈതര്‍ തുടങ്ങിയ രോഗിയെ മയക്കാനായി ഉപയോഗിച്ചു. അമേരിക്കയിലെ ബോസ്റ്റണില്‍ വച്ച് 1846 ഒക്ടോബര്‍ 16ന് വില്യം മോര്‍ട്ടണ്‍ (William morton) ആദ്യമായി ഈതര്‍ ഉപയോഗിച്ച് രോഗിയെ മയക്കി അയാളുടെ കഴുത്തില്‍ ഉള്ള ഒരു മുഴ മുറിച്ചു മാറ്റി. അക്കാലത്തെ പ്രസിദ്ധരായ കുറേ സര്‍ജന്‍മാരെയും പ്രധാന വ്യക്തികളെയും ഈ ഓപ്പറേഷന്‍ കാണാനായി ക്ഷണിച്ചിരുന്നു. ഓപ്പറേഷന്‍ കഴിഞ്ഞ ശേഷം തനിക്ക് വേദന അനുഭവപ്പെട്ടില്ല എന്ന് രോഗി ഏറ്റുപറയുകയും ചെയ്തു. ഇത് വലിയൊരു ഒരു കാല്‍വെപ്പായിരുനനു. പക്ഷേ, മതപരമായ കാരണങ്ങളാല്‍ ധാരാളംപേര്‍ അനസ്‌തേഷ്യ സ്വീകരിച്ചില്ല, വേദന പ്രത്യേകിച്ച് പ്രസവവേദന എന്നത് ജീവിതത്തിന് ഭാഗമാണെന്നും അത് ഒഴിവാക്കാന്‍ ശ്രമിക്കുന്നത് ഒരുതരം ഒളിച്ചോട്ടം ആണെന്നും ഇക്കൂട്ടര്‍ വാദിച്ചു. 1856ല്‍ ലണ്ടനിലെ വിക്ടോറിയ രാജ്ഞി പ്രിന്‍സ് ലിയോപോള്‍ഡിന് ജന്മം നല്‍കിയ സമയത്ത് അവര്‍ വേദന സംഹാരിയായി ക്ലോറോഫോം ആവശ്യപ്പെട്ടു. ഇത് ഇത്തരം ചികിത്സാരീതിക്ക് കുറേക്കൂടി സ്വീകാര്യത നല്‍കി. ഇതിന് ശേഷം പ്രസവസമയത്ത് ധാരാളം സ്ത്രീകള്‍ ക്ലോറോഫോം ആവശ്യപ്പെട്ട് തുടങ്ങി. പില്‍ക്കാലത്ത് പലതരം പുതിയ മയക്കുമരുന്നുകളും വേദനാ സംഹാരികളും കണ്ടെത്തിയതോടെ സര്‍ജന്റെ ജോലി കുറേക്കൂടി എളുപ്പമായി. അങ്ങനെ കൊടിയ വേദന ഒഴിവാക്കിക്കൊണ്ട് കോടിക്കണക്കിന് ജീവനുകള്‍ സംരക്ഷിക്കപ്പെട്ടു.

എക്‌സ് റേ

ചികിത്സ തുടങ്ങുന്നതിന് മുന്‍പ് തന്നെ എവിടെയാണ് രോഗിയുടെ യഥാര്‍ഥ പ്രശ്‌നം എന്ന് കണ്ടുപിടിക്കാന്‍ എക്‌സ്-റേയുടെ കണ്ടുപിടുത്തം വളരെയധികം സഹായിച്ചു. 1895ല്‍ വില്യം റോഞ്ചന്‍ (Rongen) എക്‌സ്‌റേ കണ്ടുപിടിച്ചത് വളരെ ആകസ്മികമായാണ്. കൃത്യമായി അതെന്താണെന്ന് അറിയാത്തത് നിമിത്തമാണ് എക്‌സ് എന്ന പേര് ഈ റേയ്ക്ക് കൊടുത്തത്. ഒരിക്കല്‍ അദ്ദേഹം തന്റെ ലാബിലേക്ക് ഭാര്യയെ ക്ഷണിച്ചുകൊണ്ട് പോവുകയും അവരുടെ കൈപ്പത്തിയുടെ ചിത്രം എക്‌സ്‌റേ ഉപയോഗിച്ച് എടുക്കുകയും ചെയ്തു. ഇതുകണ്ട് അല്‍ഭുതപരതന്ത്രയായ അവര്‍ ''ഞാന്‍ എന്റെ മരണം കണ്ടു''(have seen my own death) എന്ന് പറഞ്ഞുവത്രേ. അത്രയ്ക്ക് അപൂര്‍വമായ കാഴ്ചയായിരുന്നു. കാരണം, ഒരാളുടെ എല്ലുകള്‍ മരണശേഷം മാത്രമേ അക്കാലത്ത് കാണാന്‍ സാധിച്ചിരുന്നുള്ളൂ. പെട്ടെന്നു തന്നെ വൈദ്യശാസ്ത്ര രംഗത്തുള്ള എല്ലാവരും പുതിയ കണ്ടുപിടിത്തം ഹൃദയപൂര്‍വം സ്വീകരിക്കുകയും ചികിത്സാരീതികളില്‍ വലിയ മാറ്റം വരുത്തുകയും ചെയ്തു. അധികം താമസിയാതെ ഗ്ലാസ്‌കോ ആശുപത്രിയില്‍ ആദ്യത്തെ റേഡിയോളജി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. പിന്നീട് വന്ന അള്‍ട്രാസൗണ്ട് സ്‌കാന്‍, ക്യാറ്റ് സ്‌കാന്‍, MRI, PET എന്നീ പരിശോധനകള്‍ രോഗിയുടെയും ചികിത്സകന്റെയും ജീവിതം കുറേക്കൂടി എളുപ്പമാക്കി.

ആദ്യത്തെ എക്‌സ് റേ

ജേം തിയറി

1846 വിയന്നയില്‍ ധാരാളം സ്ത്രീകള്‍ പ്രസവശേഷമുള്ള പഴുപ്പ് മൂലം മരിച്ചു കൊണ്ടിരുന്നു. ഇതിന്റെ പരിഹാരത്തിനു വേണ്ടിയുള്ള അന്വേഷണങ്ങളില്‍ നിന്നാണ് രോഗാണുക്കളുടെ കണ്ടെത്തലില്‍ എത്തിചേര്‍ന്നത്. ഇതിന്റെ ഭാഗമായി രണ്ട് പ്രസവമുറികള്‍ സജ്ജീകരിച്ചു. ആദ്യത്തേതില്‍ ഡോക്ടര്‍മാര്‍ മാത്രമാണ് പ്രസവം എടുത്തത്; രണ്ടാമത്തേതില്‍ മിഡ്വൈഫുമാരും. ആദ്യത്തെ മുറിയിലെ 10% സ്ത്രീകള്‍ പനിയോടു കൂടി രോഗബാധിതരായപ്പോള്‍ രണ്ടാമത്തെ മുറിയില്‍ 4% ശതമാനം രോഗികള്‍ മാത്രമാണ് ഇങ്ങനെ രോഗബാധിതരായത്. അടുത്ത മുറിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തുകൊണ്ടിരിക്കുന്ന ഡോക്ടര്‍മാരാണ് അവിടെ നിന്ന് ഓടി വന്നു പ്രസവം എടുത്തിരുന്നത്. രോഗിയെ തൊടുന്നതിനു മുന്‍പും അതിനു ശേഷവും ഇന്ന് കാണുന്നത് പോലെയുള്ള കൈകഴുകല്‍ അക്കാലത്ത് കേട്ടുകേള്‍വി പോലും ഇല്ലായിരുന്നു. എങ്കിലും ഈ പരീക്ഷണത്തിനു ചുമതലക്കാരനായ ഹങ്കറിക്കാരനായ ഡോ. സിമ്മെല്‍വീസ് (Dr.Semmelweis) ഡോക്ടര്‍മാരുടെ കൈകളില്‍ പറ്റിയിരിക്കുന്ന എന്തെങ്കിലും ഒരു വസ്തുവാണോ ഈ പനി ഉണ്ടാക്കുന്നത് എന്ന് സംശയിച്ചു. അത് അദ്ദേഹം അവിടെ ജോലി നോക്കുന്ന എല്ലാ ഡോക്ടര്‍മാരും ക്ലോറിന്‍ വെള്ളത്തില്‍ കൈ കഴുകിയതിനുശേഷം മാത്രമേ പ്രസവം എടുക്കാന്‍ പാടുള്ളൂ എന്ന് നിര്‍ദേശിച്ചു. ഇതോടുകൂടി ഇവിടെ പ്രസവിക്കുന്ന അമ്മമാരുടെ പനിയോട് കൂടിയ പ്രത്യേക രോഗം ഒരു ശതമാനത്തിലേക്ക് കുറഞ്ഞു. പക്ഷേ, അദ്ദേഹത്തിനു മറ്റു തെളിവുകള്‍ ഒന്നും ഹാജരാക്കാന്‍ ഇല്ലാതിരുന്നത് നിമിത്തം അന്നത്തെ ഡോക്ടര്‍മാരുടെ സമൂഹം ഇത് സ്വീകരിക്കാന്‍ തയ്യാറായില്ല എന്ന് മാത്രമല്ല അദ്ദേഹത്തെ അപമാനിക്കുകയും ചെയ്തു. 1865ല്‍ ഈ ഡോക്ടര്‍ മാനസികമായി തകരുകയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ ഒരു മാനസിക രോഗചികിത്സാകേന്ദ്രത്തില്‍ അടയ്ക്കുകയും ചെയ്തു. അവിടെ വെച്ച് കാവല്‍ക്കാരുടെ മര്‍ദനമേറ്റ് ചതഞ്ഞ വലതു കൈയില്‍ ഉണ്ടായ പഴുപ്പിനെത്തുടര്‍ന്ന് 14 ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം മരിക്കുകയാണ് ഉണ്ടായത്. മരണശേഷമാണ് അദ്ദേഹം പറഞ്ഞ കാര്യങ്ങളെപ്പറ്റി വൈദ്യസമൂഹത്തിന് ബോധ്യം ഉണ്ടായത്.

പില്‍ക്കാലത്ത് ലൂയി പാസ്റ്റര്‍ ആണ് ഇത് ശാസ്ത്രീയമായി തെളിയിച്ചത്. ലൂയി പാസ്റ്ററിന്റെ അഞ്ച് കുട്ടികളില്‍ മൂന്നു പേരും ടൈഫോയ്ഡ് പിടിപെട്ടാണ് മരിച്ചത്. ഇതുമൂലം ഇത്തരം ഗവേഷണങ്ങളില്‍ അദ്ദേഹത്തിന് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. അക്കാലത്ത് വൈന്‍ കേടാകുന്നത് നിമിത്തം ഇതുമായി ബന്ധപ്പെട്ട വ്യവസായത്തിന് ധാരാളം നഷ്ടങ്ങള്‍ സംഭവിച്ചു കൊണ്ടിരുന്നു. ഇതിനൊരു പരിഹാരമായി അദ്ദേഹം ചില അണുക്കള്‍ മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് കണ്ടെത്തി. വൈന്‍ ചെറുതായി ചൂടാക്കിയാല്‍ ഈ അണുക്കളെ നിര്‍മ്മാര്‍ജനം ചെയ്യാം എന്നും അദ്ദേഹം കണ്ടെത്തി. പാസ്ചറൈസേഷന്‍ എന്ന പ്രക്രിയ ഇങ്ങനെയാണ് ആദ്യമായി പ്രയോഗത്തില്‍ വന്നത്. ഇത് അദ്ദേഹത്തെ പ്രസിദ്ധമായ ജേം തിയറിയിലേക്ക് നയിച്ചു. ഒരു സൂക്ഷ്മജീവി എല്ലാവരിലും ഒരേതരം രോഗമാണ് ഉണ്ടാക്കുന്നത് (One micro organism causes one disease in everybody) എന്ന് ഇതിനെ ഒറ്റവരിയില്‍ സമാഹരിക്കാം.

പ്രതിരോധ കുത്തിവെപ്പ്

പതിനെട്ടാം നൂറ്റാണ്ടില്‍ വസൂരി മൂലം വര്‍ഷം തോറും ഏകദേശം 40 മില്യണ്‍ ആളുകള്‍ മരണപ്പെട്ടു. ഇതിനൊരു പരിഹാരത്തിന് വേണ്ടി പലതരം ശ്രമങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ഒരു നാട്ടിന്‍പുറത്തെ പശു വളര്‍ത്തല്‍ കേന്ദ്രത്തിലെ ജോലിക്കാര്‍ വസൂരിയില്‍ നിന്നും സംരക്ഷിതരാണെന്ന വാര്‍ത്തയില്‍ താല്‍പര്യം തോന്നിയാണ് ഇംഗ്ലീഷുകാരനായ ഡോക്ടര്‍ എഡ്വാര്‍ഡ് ജന്നര്‍ അവിടെയെത്തുന്നത്. പശു വളര്‍ത്തല്‍ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ആളുകളില്‍ വസൂരിയുടെ തീവ്രത കുറഞ്ഞ ഇനമായ കൗപോക്‌സ് ഉള്ളവരോട് അടുത്തു പെരുമാറിയാല്‍ പോലും രോഗം വരുന്നില്ല എന്ന് അദ്ദേഹം മനസ്സിലാക്കി. അങ്ങനെയാണ് കൗ പോക്‌സ് വന്നവരുടെ പോളങ്ങളില്‍ നിന്നുള്ള പഴുപ്പ് എടുത്ത് അത് കുത്തിവെച്ച് പ്രതിരോധശേഷി ഉണ്ടാക്കാമെന്ന് അദ്ദേഹത്തിന് തോന്നിയത്. ഇതനുസരിച്ച് ഒരു ബാലനില്‍ ഇത് കുത്തിവച്ച് പരീക്ഷച്ചതിന്റെ വിജയത്തിന് തുടര്‍ന്ന് സ്മാള്‍ പോക്‌സ് അണുക്കള്‍ തന്നെ കുത്തി വയ്ക്കുകയും അങ്ങനെ വിജയകരമായി രോഗപ്രതിരോധശേഷി നേടാമെന്ന കണ്ടെത്തുകയും ചെയ്തു. ആധുനിക ചികിത്സയുടെ ചരിത്രത്തിലെ ഇതിലെ വലിയൊരു അധ്യായം ഇതോടെ ആരംഭിച്ചു. മനുഷ്യനിര്‍മിതമായ ഒരു വസ്തു ഉപയോഗിച്ച് രോഗം വരുന്നതിനു മുമ്പ് തന്നെ അതിനെ പ്രതിരോധിച്ചത് ലോകചരിത്രത്തില്‍ ആദ്യമായിരുന്നു. ഇതിന്റെ വ്യാപകമായ ഉപയോഗത്തെത്തുടര്‍ന്ന് 1980കളില്‍ വസൂരി നിര്‍മാര്‍ജനം ചെയ്യപ്പെട്ടു. ഇതേതുടര്‍ന്ന് മനുഷ്യരില്‍ പേപ്പട്ടി വിഷബാധയ്ക്ക് എതിരെയുള്ള വാക്‌സിന്‍, മൃഗങ്ങളില്‍ ആന്ത്രാക്‌സ് എന്ന രോഗത്തിനെതിരെയുള്ള വാക്‌സിന്‍ തുടങ്ങിയവ പിന്നീട് കണ്ടെത്തി. പില്‍ക്കാലത്ത് ലോകം കണ്ട പല തരം വാക്‌സിനുകളുടെ നീണ്ട പട്ടികയുടെ തുടക്കം മാത്രമായിരുന്നു ഇത്.

വിറ്റാമിന്‍

നാവികരില്‍ ഒരു കാലത്ത് ധാരാളമായി കണ്ടിരുന്ന എസ് സ്‌കര്‍വി എന്ന രോഗം നാരങ്ങ കൊണ്ട് ചികിത്സിക്കാം എന്ന് അക്കാലത്ത് ഒരു ഡോക്ടര്‍ കണ്ടെത്തി. അതുപോലെ പോലെ ബെറിബെറി എന്ന രോഗം തവിട് കളഞ്ഞു വെളുപ്പിച്ച അരി തുടര്‍ച്ചയായി കഴിക്കുന്നത് കൊണ്ടാണ് എന്നും കണ്ടെത്തി. ഇതേതുടര്‍ന്നാണ് ഭക്ഷണത്തില്‍ ഉണ്ടാകുന്ന ചില വസ്തുക്കളുടെ കുറവ് മൂലം പല തരം രോഗങ്ങള്‍ ഉണ്ടാകാമെന്ന് മനസ്സിലാക്കിയത്.

പെനിസിലിന്‍

ഒന്നാം ലോകമഹായുദ്ധത്തില്‍ 10 മില്യനോളം ആളുകള്‍ മരണപ്പെട്ടു ഇതില്‍ കൂടുതലും യുദ്ധ സമയത്ത് ഉണ്ടായ മുറിവുകള്‍ പഴുത്ത് ഗുരുതരാവസ്ഥയില്‍ ആയത് മൂലമാണ്. യുദ്ധത്തിനു ശേഷം സാധാരണയായി ആയി മുറിവ് പഴുക്കുന്നതിന് കാരണമായ staphylococcus aersu എന്ന എന്ന ബാക്ടീരിയയെ നശിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ തകൃതിയില്‍ നടന്നു. അങ്ങനെയാണ് അലക്‌സാണ്ടര്‍ ഫ്‌ലെമിങ് ഈ ബാക്ടീരിയയെ വളര്‍ത്തുന്ന ഡിഷില്‍ പെന്‍സിലിയം നോട്ടേട്ടം എന്ന് പേരുള്ള ഒരു പൂപ്പലിനെ കണ്ടെത്തിയത്' 'ഈ പൂപ്പല്‍ ബാക്ടീരിയയെ നശിപ്പിച്ചിരുന്നു; ഇതിന് കാരണമായ രാസവസ്തുവിനെ അദ്ദേഹം പെന്‍സിലിന്‍ എന്ന് വിളിച്ചു. എന്നാല്‍, അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ഈ മരുന്ന് വേര്‍തിരിച്ചെടുക്കാനും അതുകൊണ്ട് ചികിത്സിക്കാനും ഉള്ള ശ്രമങ്ങളൊന്നും വിജയിച്ചില്ല. പില്‍ക്കാലത്ത് 1935ല്‍ Howard Florey യും Earnst Chain ഉം ചേര്‍ന്ന് പരിശുദ്ധമായ പെനിസിലിന്‍ വേര്‍തിരിച്ചെടുത്തു. ഇത് ചികിത്സയുടെ ചരിത്രം മാറ്റിയെഴുതി. അങ്ങനെയാണ് ആദ്യത്തെ ആന്റിബയോട്ടിക് കണ്ടുപിടിക്കപ്പെട്ടത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ഇത് ധാരാളമായി നിര്‍മിക്കപ്പെടുകയും മരണനിരക്ക് കുറക്കാന്‍ വളരെയധികം സഹായിക്കുകയും ചെയ്തു.

അലക്‌സാണ്ടര്‍ ഫ്‌ലെമിംഗ്

ഇന്‍സുലിന്‍

1800കളിലാണ് ആദ്യമായി ഇന്‍സുലിന്റെ കുറവാണ് ഡയബറ്റീസ് എന്ന രോഗം ഉണ്ടാക്കുന്നതെന്ന് കണ്ടെത്തിയത്. 1920ല്‍ കനേഡിയന്‍ പ്രൊഫസറായ ഫ്രഡറിക്ക് ബാന്റിംങ്ങും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയായ വില്യം ബസ്റ്റും ചേര്‍ന്ന് ഇത് നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അവര്‍ പട്ടികളുടെ പാന്‍ക്രിയാസില്‍ നിന്നും ഇന്‍സുലിന്‍ വേര്‍തിരിച്ചെടുത്ത് ഡയബറ്റീസ് അസുഖമുള്ള പട്ടികളുടെ ദേഹത്ത് കുത്തി വെച്ചു. കുറച്ചു മണിക്കൂറുകള്‍ക്കകം തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലായി.' പിന്നീട് മനുഷ്യരിലെ ഈ ഹോര്‍മോണുമായി ഏറ്റവുമധികം ഘടനസാമ്യമുള്ള ഇന്‍സുലിന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പശുവിലാണ് ഇവര്‍ക്ക് ഇത്തരത്തിലൊന്ന് കണ്ടെത്താന്‍ സാധിച്ചത്. ജുവനൈല്‍ ഡയബറ്റിസ് മൂലം മരണത്തോട് അടുത്തു കൊണ്ടിരിക്കുന്ന ലിയോണാര്‍ഡ് തോംപ്‌സണ്‍ എന്ന 14 വയസ്സുകാരന്‍ അദ്ദേഹം കുത്തിവെച്ച ഈ മരുന്ന് മൂലം നാടകീയമായ രീതിയില്‍ ജീവിതത്തിലേക്ക് മടങ്ങി വന്നു. ഇന്ന് ലോകമെമ്പാടും ഉള്ള കോടിക്കണക്കിന് പ്രമേഹരോഗികള്‍ക്ക് ഇത് ജീവന്‍ രക്ഷാഔഷധമാണ്.

ബാന്റിങ് & ബെസ്‌റ്

അവയവമാറ്റ ശസ്ത്രക്രീയ, എയ്ഡ്‌സ് മുതലായ രോഗങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സയായി മാറിയ ആന്റിവൈറല്‍ മരുന്നുകള്‍, രക്തതത്തിലെ കാന്‍സറിനും മറ്റുചില രോഗങ്ങള്‍ക്കും ഫലപ്രദമായ സ്റ്റെം സെല്‍തെറാപ്പി, കാന്‍സര്‍ ചികിത്സക്ക് വേണ്ടിയുള്ള ഇമ്മ്യൂണോതെറാപ്പി, വന്ത്യതയ്ക്ക് പരിഹാരമായ IVF എന്നിങ്ങനെ പല കാതം സഞ്ചരിച്ചു ആധുനിക വൈദ്യശാസ്ത്രം നിര്‍മിത ബുദ്ധി (Artificail intellingence) രോഗനിര്‍ണ്ണയത്തിനും ചികിത്സക്കും വേണ്ടി ഉപയോഗിക്കാന്‍ വരെ തയാറെടുക്കുന്നു.

കൂടുതല്‍ അത്ഭുതങ്ങള്‍ക്കായി നമുക്ക് കണ്ണും കാതും തുറന്ന് വയ്ക്കാം; വരും തലമുറയെ അതില്‍ പങ്കാളിയായിത്തീരാന്‍ തയാറെടുപ്പിക്കുകയും ചെയ്യാം.

(DavelhaMedicina - പഠനം അവസാനിച്ചു)

ഡോ. സലീമ ഹമീദ്: തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. കാനഡയില്‍ ഫാമിലി ഫിസിഷ്യനായി ജോലി ചെയ്യുന്നു. എന്റെ വഴിയമ്പലങ്ങള്‍, ആന്‍ഡലൂസിയന്‍ ഡയറി, പോര്‍ച്ചുഗല്‍-ഫെഡോ സംഗീതത്തിന്റെ നാട് എന്നീ യാത്രാവിവരണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. പുസ്തകപ്പച്ച, അമേരിക്കന്‍ കഥക്കൂട്ടം, ലോക്ഡൗണ്‍ സ്‌കെച്ചുകള്‍, കഥ 2021, കഥാസ്‌കോപ്പ് എന്നീ ആന്തോളജികളില്‍ എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിലും ഓണ്‍ലെന്‍ മാധ്യമങ്ങളിലും ലേഖനങ്ങളും യാത്രാവിവരണങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


TAGS :