MediaOne Logo

നജീബ് മൂടാടി

Published: 30 Aug 2022 11:38 AM GMT

നന്‍പകല്‍ നേരത്തും മയങ്ങുന്ന നമ്മള്‍

നമുക്ക് മുത്തം തന്ന് വീട്ടില്‍ നിന്നും ഇറങ്ങുന്ന മക്കള്‍ ആരുടെയൊക്കെ ഉപകരണങ്ങളായി അടിമകളായാണ് മാറുന്നത് എന്ന് നാം അറിയുന്നുണ്ടോ. കുടുംബം എന്ന കൂടുമ്പോഴുള്ള ഇമ്പം കുട്ടികളില്‍ ഇല്ലാതായി തുടങ്ങുകയും അവര്‍ അവരുടെ ലോകത്തേക്ക് ചുരുങ്ങുകയും ചെയ്തു തുടങ്ങുമ്പോള്‍ നാം പേടിക്കണം. അവര്‍ ഏതു വലയിലാണ് പെട്ടുപോയത് എന്ന്. നുരുമ്പിരായിരം-02

നന്‍പകല്‍ നേരത്തും മയങ്ങുന്ന നമ്മള്‍
X

മയക്കുമരുന്നുമായി പിടികൂടിയ ആ പെണ്‍കുട്ടിയുടെ നിലവിളി ഇപ്പോഴും ചെവിയിലുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ അടക്കം മയക്കുമരുന്നിന് അടിമകളാകുന്നു എന്ന നടുക്കുന്ന വാര്‍ത്തകളാണ് അടുത്ത ദിവസങ്ങളില്‍ വല്ലാതെഅസ്വസ്ഥമാക്കുന്നത്. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കപ്പുറം ഈ...

മയക്കുമരുന്നുമായി പിടികൂടിയ ആ പെണ്‍കുട്ടിയുടെ നിലവിളി ഇപ്പോഴും ചെവിയിലുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ അടക്കം മയക്കുമരുന്നിന് അടിമകളാകുന്നു എന്ന നടുക്കുന്ന വാര്‍ത്തകളാണ് അടുത്ത ദിവസങ്ങളില്‍ വല്ലാതെഅസ്വസ്ഥമാക്കുന്നത്. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കപ്പുറം ഈ വാര്‍ത്തകളൊക്കെ നമ്മള്‍ മറക്കുമെങ്കിലും നമ്മുടെ ഈ കൊച്ചു കേരളം മയക്കുമരുന്നിന്റെ പിടിയിലേക്ക് വല്ലാതെഅമര്‍ന്നു കൊണ്ടിരിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. അതിലേറെ ഞെട്ടിക്കുന്നതാണ് സ്‌കൂള്‍ കുട്ടികള്‍ അടക്കം യുവതലമുറയാണ് ഇതിന്റെ പ്രധാനഉപഭോക്താക്കള്‍എന്നത്.

കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജ് ഏവര്‍ക്കും സുപരിചിതമാണെങ്കിലും കേരള എക്‌സൈസ് വകുപ്പിന്റെ ഫേസ്ബുക്ക് പേജ് അത്രക്കാരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ആ പേജ് നോക്കിയാല്‍ നിത്യവുംനമ്മുടെ നാട്ടില്‍ നിന്ന് പിടികൂടുന്നമയക്കുമരുന്നിനെ കുറിച്ചുള്ള വാര്‍ത്തകള്‍കാണാം. വായിച്ചാല്‍ കണ്ണ് തള്ളിപ്പോകും. കഞ്ചാവ് മുതല്‍ എം.ഡി.എം.എ ഉള്‍പ്പടെയുള്ള കിലോക്കണക്കിന് മാരകമയക്കുമരുന്നുകളാണ് പാവക്കാ വലിപ്പമുള്ള ഈകേരളത്തില്‍നിന്ന് നിത്യംപിടികൂടുന്നത്. പിടികൂടപ്പെടുന്നതിന്റെഎത്രയോ ഇരട്ടി ഈനാട്ടില്‍ വിറ്റഴിക്കപ്പെടുന്നുണ്ടാവും എന്നുറപ്പാണല്ലോ. കോടിക്കണക്കിനു രൂപയുടെ മയക്കുമരുന്നിടപാട്ഈകൊച്ചു കേരളത്തില്‍മാത്രംനടക്കുന്നുവെങ്കില്‍ നമ്മളിത്രക്കൊക്കെ ഞെട്ടിയാല്‍ മതിയോ.

സമൂഹത്തിന്റെമൊത്തം പരിച്ഛേദമല്ലെങ്കിലും എഴുപതുകളില്‍ ഇറങ്ങിയ ഒട്ടേറെ നോവലുകളിലും കഥകളിലും ചില സിനിമകളിലും അസ്തിത്വദുഃഖം പേറുന്ന കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്ന കഥാപാത്രങ്ങള്‍ ഒട്ടും കുറവായിരുന്നില്ലയെങ്കിലും 'വായിച്ചു തലത്തിരിഞ്ഞുപോയ' ചിലരല്ലാതെ നിത്യജീവിതത്തില്‍ അങ്ങനെ അസ്തിത്വ ദുഃഖം കൊണ്ട് കഞ്ചാവു വലിച്ചു നടക്കുന്നവര്‍ അപൂര്‍വ്വമായിരുന്നു.

മയക്കുമരുന്ന് ഉപയോഗവുംവില്‍പനയുമൊക്കെ നിയമംമൂലം നിരോധിച്ചതും ഇതില്‍ഏര്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷകള്‍ ഉള്ളതാണെങ്കിലും നിയമസംവിധാനത്തെയുംമാറി മാറി വരുന്ന സര്‍ക്കാരുകളെയും വെല്ലുവിളിച്ച് എങ്ങനെയാണ് ഇത്രത്തോളംവളരാനുംവ്യാപിക്കാനും കഴിയുന്നത്. നല്ല പരസ്യവും വിലക്കുറവും ഒക്കെ നല്‍കിയാലും ഏതൊരു ഉത്പന്നവും മാര്‍ക്കറ്റ് പിടിക്കാന്‍ വല്ലാതെ പ്രയാസപ്പെടേണ്ടിയും മത്സരിച്ചുപിടിച്ചു നില്‍ക്കേണ്ടിയും വരുന്ന നമ്മുടെ നാട്ടില്‍ പരസ്യമില്ലാതെ രഹസ്യമായി ഇങ്ങനെ കോടിക്കണക്കിനു രൂപയുടെ കച്ചവടംനടക്കുന്നുവെങ്കില്‍ കൂടുതല്‍കൂടുതല്‍ ഉപഭോക്താക്കളെകണ്ടെത്താന്‍ പറ്റുന്നുവെങ്കില്‍ അത് എന്തുകൊണ്ടാവാം.


'നര്‍ക്കൊട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്' എന്ന് ലാലേട്ടന്‍ പറയുന്നഎണ്‍പതുകളിലൊക്കെ ഇന്നാട്ടില്‍ കറുപ്പും കഞ്ചാവുമല്ലാത്ത മയക്കുമരുന്നുകള്‍ അപൂര്‍വ്വമായിരുന്നെങ്കില്‍ ഇന്ന് പേരുപോലും അറിയാത്ത പുതിയപുതിയമയക്കുമരുന്നുകള്‍ നമ്മുടെ യുവതയെതകര്‍ത്തുകൊണ്ടിരിക്കുകയാണ്.

ശിക്ഷാ നടപടികള്‍ ശക്തമാക്കിയത്കൊണ്ടു മാത്രം നിയന്ത്രിക്കാന്‍ കഴിയുന്നഒന്നല്ല മയക്കുമരുന്ന് വ്യാപനം എന്നതിന്റെ തെളിവാണല്ലോ വധശിക്ഷ അടക്കമുള്ള കര്‍ശന നിയമംഉള്ള അറബിനാടുകളില്‍ പോലും മയക്കുമരുന്ന് വ്യാപനംഇല്ലാതാക്കാന്‍ കഴിയാത്തത്.

പിരിമുറുക്കങ്ങള്‍ ഏറി വരുന്ന ലോകത്ത് മാനസികസമ്മര്‍ദ്ദങ്ങളുംസംഘര്‍ഷങ്ങളുംകുറയ്ക്കാന്‍ വഴി തേടുന്ന മനുഷ്യര്‍ എന്തു വിലകൊടുത്തും ഇതില്‍നിന്ന് താല്‍ക്കാലികമായെങ്കിലും മോചനം കൊതിക്കുമ്പോള്‍ മയക്കുമരുന്നിലേക്ക് എത്തിപ്പെടുന്നതില്‍ അത്ഭുതമുണ്ടോ?

പാറപ്പുറത്തിന്റെ 'അരനാഴികനേരം' എന്ന നോവലില്‍കറുപ്പ് തീറ്റക്കാരനായ കുഞ്ഞോനാച്ചന്‍ എന്നൊരു വൃദ്ധനുണ്ട്. സാര്‍വ്വത്രികമായിരുന്നില്ലെങ്കിലും നാട്ടിന്‍പുറങ്ങളില്‍ പോലും ഇങ്ങനെ കറുപ്പുപയോഗിക്കുന്ന ആളുകള്‍ ഉണ്ടായിരുന്നു. പ്രത്യേകിച്ചും പ്രായമുള്ള ആളുകള്‍. സമൂഹത്തിന്റെമൊത്തം പരിച്ഛേദമല്ലെങ്കിലും എഴുപതുകളില്‍ ഇറങ്ങിയ ഒട്ടേറെ നോവലുകളിലും കഥകളിലും ചില സിനിമകളിലും അസ്തിത്വദുഃഖം പേറുന്ന കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്ന കഥാപാത്രങ്ങള്‍ ഒട്ടും കുറവായിരുന്നില്ലയെങ്കിലും 'വായിച്ചു തലത്തിരിഞ്ഞുപോയ' ചിലരല്ലാതെ നിത്യജീവിതത്തില്‍ അങ്ങനെ അസ്തിത്വ ദുഃഖം കൊണ്ട് കഞ്ചാവു വലിച്ചു നടക്കുന്നവര്‍ അപൂര്‍വ്വമായിരുന്നു. സമൂഹവുമായി വലിയ ബന്ധമില്ലാത്തവരോ പല സാഹചര്യങ്ങളാല്‍ ജീവിതത്തിന്റെ പുറമ്പോക്കുകളില്‍ ആയിപ്പോയവരോ ആണ് അക്കാലങ്ങളിലൊക്കെ ഏറെയും കഞ്ചാവിലേക്കും കുത്തിവെപ്പുകളിലേക്കുമൊക്കെ കുടുങ്ങിപ്പോയിരുന്നത്.


എന്തുകൊണ്ടായിരിക്കും മയക്കുമരുന്ന് വ്യാപനം ഇപ്പോള്‍ വല്ലാതെ ശക്തമാകുന്നത്. അതും കുട്ടികളിലും ചെറുപ്പക്കാരിലും. പ്രാരാബ്ധങ്ങളും പ്രശ്‌നങ്ങളും മാനസിക സമ്മര്‍ദ്ദങ്ങളും ഏറെയുണ്ടെങ്കിലും

വീടും കുടുംബവുമായി കഴിയുന്ന മധ്യ വയസ്‌കരിലും പ്രായം ചെന്നവരിലും മയക്കു മരുന്നുപയോഗം പൊതുവെ കുറവാണെന്ന് കാണാം. ഇങ്ങനെയുള്ളവരില്‍ മദ്യപന്മാര്‍ ഏറെയുണ്ടെങ്കിലും മയക്കുമരുന്നിന്റെ ഗൗരവം അറിയുന്നത് കൊണ്ടും ഇടപാടിന്റെ രഹസ്യ സ്വഭാവം കൊണ്ടുമാവാം അതില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. പക്ഷെ, ചെറുപ്പക്കാര്‍ അതും കുട്ടികളടക്കം ഇതിന് അടിമയാവുന്നു എന്നതിന്റെ കാരണവും മയക്കുമരുന്ന് വില്പനക്കാര്‍ ഇവരെ പ്രത്യേകമായി ടാര്‍ജറ്റ് ചെയ്യുന്നതും എന്തു കൊണ്ടാവും.

വരുംവരായ്കകളെ കുറിച്ച് വല്ലാതെ ആലോചിക്കാതെ സാഹസികമായി എടുത്തുചാടുന്ന പ്രായം തന്നെയാവാം ഒരു കാരണം. കൂടുതല്‍ ഉപഭോക്താക്കളിലേക്ക് പെട്ടെന്ന് എത്താന്‍ കഴിയുന്നു എന്നതുമാവാം. ഇതൊക്കെ വില്‍പനക്കാരുടെ താല്‍പര്യം. എന്തുകൊണ്ടാവും കൊച്ചുകുട്ടികള്‍ അടക്കം ഈ ലഹരിക്ക് അടിമപ്പെടാന്‍ വിധം ആസക്തി പ്രകടിപ്പിക്കാന്‍ കാരണം. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പ്രധാന ഉദ്ദേശം മനഃസംഘര്‍ഷം കുറയ്ക്കുക എന്നതാണല്ലോ. ഉള്ളില്‍ ഭാരങ്ങളില്ലാതെ തൂവല് പോലെ പറക്കാന്‍ കഴിയുക. വേദനകള്‍ മറക്കാന്‍ കഴിയുക. ഇങ്ങനെയൊക്കെയാണല്ലോ മയക്കുമരുന്നിന്റെ വാഴ്ത്തുപാട്ടുകള്‍.

എന്താണ് നമ്മുടെ കുട്ടികള്‍ക്ക് ഇത്രയേറെ സംഘര്‍ഷം എന്ന ചോദ്യത്തിനുള്ള ഉത്തരം ഒറ്റവാക്കില്‍ ഒതുങ്ങില്ല.

പഠനം എന്നത് വലിയൊരു മത്സരം ആയത് മുതല്‍ചെറിയ പ്രായം മുതല്‍ നമ്മുടെ കുഞ്ഞുങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന മനോഭാരം ചെറുതല്ല. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് താങ്ങാനാവുന്നതിലും കൂടിയ, അവരുടെ അഭിരുചികള്‍ അറിയാന്‍ ശ്രമിക്കാത്ത സിലബസ്സും പഠനരീതികളും ഒരു മാറ്റത്തിനും ശ്രമിക്കാതെ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുമ്പോള്‍ നമ്മുടെ മക്കളുടെ മനസ്സിന് എവിടെയാണ് സ്വസ്ഥത. കുഞ്ഞുന്നാളില്‍ പുന്നാരിച്ചു കൊണ്ടു നടന്ന മാതാപിതാക്കളുമായി ഇടര്‍ച്ചയും അകല്‍ച്ചയും തുടങ്ങുന്നതും പഠനത്തിന്റെ പേരില്‍ തന്നെ ആണല്ലോ. ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന മാനസിക ശാരീരിക മാറ്റങ്ങളുടെ പ്രായം. ആ സമയത്തുണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും ഉത്കണ്ഠകള്‍ക്കും മേലെ പത്താം ക്ലാസ്സും അവിടെ മുഴുവന്‍ എ പ്ലസ് നേടിയാല്‍ മാത്രം കിട്ടുന്ന പ്ലസ് വണ്‍ സീറ്റും. പത്താംക്‌ളാസ്സില്‍ എത്തുന്നതോടെ സ്‌കൂളില്‍ തന്നെസ്‌കൂള്‍ ടൈമിലും ഏറെ പഠനം. അതിനും പുറമെ ട്യൂഷന്‍. നേരാം വണ്ണം ഭക്ഷണം കഴിക്കാന്‍ പോലും നേരമില്ലാതെ തളര്‍ന്നു നടക്കുന്ന കുട്ടികളോട് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും അയല്‍വാസികളുടെയും എ-പ്ലസ്സ് മന്ത്രം. നമ്മുടെ കുട്ടികള്‍ മനഃസംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ എളുപ്പവഴി തേടുന്നതില്‍ അതിശയമുണ്ടോ.

മൂല്യങ്ങളെ കുറിച്ചും നന്മയെ കുറിച്ചും വലിയ വായില്‍ പറയുന്ന മുതിര്‍ന്നവര്‍ നേര്‍ വിപരീതമായി ജീവിക്കുന്നത് കാണുന്ന കുട്ടികള്‍ ഏതു മൂല്യങ്ങളില്‍ ആണ് വിശ്വസിക്കുക.രാഷ്ട്രീയത്തിന്റെ പേരില്‍ സഹപാഠികള്‍ തമ്മിലടിക്കുമ്പോള്‍, അധ്യാപകരാല്‍ പോലും ലൈംഗിക പീഡനം ഏല്‍ക്കേണ്ടി വരുമ്പോള്‍... എന്ത് സ്വസ്ഥതയാണ് നമ്മുടെ മക്കള്‍ക്ക് സ്‌കൂളുകളിലും കലാലയങ്ങളിലും ലഭിക്കുന്നത്.

കൃഷി ചെയ്തും സംസ്‌കരിച്ചും ഏതൊക്കെ ഘട്ടങ്ങള്‍ കടന്നാണ് മയക്കു മരുന്ന് നിര്‍ബാധം സഞ്ചരിക്കുന്നത്. എന്നിട്ടും ആരുടെയും കണ്ണില്‍ പെടാതെ. പിടിക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും ഏറ്റവും അവസാന കണ്ണികള്‍ ആയ അപ്പാവികള്‍ മാത്രമാവുകയും അതിന് മേലോട്ട് അന്വേഷണങ്ങള്‍ പോലും കാര്യമായി നടക്കാത്തത്എന്തുകൊണ്ടാവാം.

കുട്ടികള്‍ മയക്കുമരുന്നിന്റെ വലയത്തില്‍ വീണുപോകുന്നതില്‍ അതിശയമുണ്ടോ?

വമ്പന്‍ മാളുകളും അവിടെയൊക്കെ ബ്രാന്‍ഡഡ് വസ്തുക്കളുടെ ഷോറൂമുകളും നിത്യം മുന്നില്‍ വരുന്ന പുതിയ പുതിയ വാഹനങ്ങളും രുചികളും ആര്‍ഭാടങ്ങളും... നമ്മുടെ ചെറുപ്പക്കാര്‍ എളുപ്പം പണമുണ്ടാക്കാനുള്ള മാര്‍ഗമായി മയക്കുമരുന്ന് കച്ചവടക്കാരും കണ്ണികളും ആയി മാറുന്നത് ഇതുകൊണ്ടൊക്കെ കൂടി അല്ലെ. തകരുന്ന ദാമ്പത്യങ്ങളും പെരുകി വരുന്ന വിവാഹ മോചനങ്ങളും. സാധാരണമായി മാറുന്ന വിവാഹേതരബന്ധങ്ങളും... നമ്മുടെ കുട്ടികള്‍ക്ക് വീട് നരകമായി മാറുമ്പോള്‍ അവര്‍ എങ്ങോട്ടാണ് ഓടിപ്പോവുക.

മയക്കത്തിലേക്ക് വീണുകൊണ്ടിരിക്കുന്ന യുവതലമുറ എന്നത് നാടിനും സമൂഹത്തിനും എത്ര വലിയ തകര്‍ച്ചയാണ് എന്ന് ആരെങ്കിലും ഗൗരവമായി ചിന്തിക്കുന്നുണ്ടോ. ഇത്രക്ക് കര്‍ശന നിയമങ്ങള്‍ ഉണ്ടായിട്ടും ഇതിങ്ങനെ യഥേഷ്ടം ലഭ്യമാവുന്നുണ്ടെങ്കില്‍ എവിടെയൊക്കെയോ ഇതിന്റെ ലാഭവിഹിതം ലഭിക്കുന്നു എന്ന് സംശയിച്ചാല്‍ ഇല്ലാത്തതാകുമോ. കൃഷി ചെയ്തും സംസ്‌കരിച്ചും ഏതൊക്കെ ഘട്ടങ്ങള്‍ കടന്നാണ് മയക്കു മരുന്ന് നിര്‍ബാധം സഞ്ചരിക്കുന്നത്. എന്നിട്ടും ആരുടെയും കണ്ണില്‍ പെടാതെ. പിടിക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും ഏറ്റവും അവസാന കണ്ണികള്‍ ആയ അപ്പാവികള്‍ മാത്രമാവുകയും അതിന് മേലോട്ട് അന്വേഷണങ്ങള്‍ പോലും കാര്യമായി നടക്കാത്തത്എന്തുകൊണ്ടാവാം.

പ്രതികരണശേഷി കൂടിയ, ഉയര്‍ന്ന രാഷ്ട്രീയ ബോധവും സാമൂഹ്യ ബോധവും സാക്ഷരതയും ഉള്ള നാട്ടിലാണ് ഈ ദുരന്തം എന്നത് നാം കൊട്ടിഘോഷിക്കുന്ന പലതും പൊള്ളയാണ് എന്നു തന്നെയല്ലേ വിളിച്ചു പറയുന്നത്.

ഇന്നാട്ടിലെ വിദ്യാര്‍ഥി സംഘടനകള്‍, യുവജന സംഘടനകള്‍, മത സംഘടനകള്‍ മറ്റു കൂട്ടായ്മകള്‍ ഒക്കെയും മനസ്സറിഞ്ഞ് ഇറങ്ങിയാല്‍ മയക്കത്തിലേക്ക് വീണുപോകുന്ന നമ്മുടെ യുവതലമുറയെ- സമൂഹത്തെ അതില്‍ നിന്ന് തടയാന്‍ കഴിയില്ലേ.

പരസ്യത്തില്‍ പറയുംപോലെ എന്താ ആരുമൊന്നും മിണ്ടാത്തത്. പുകയിലയുടെ കാര്യത്തില്‍ നാം കാണിച്ച ജാഗ്രത പോലും മയക്കുമരുന്നിന്റെ കാര്യത്തില്‍ വേണ്ട എന്നാണോ.

നമുക്ക് മുത്തം തന്ന് വീട്ടില്‍ നിന്നും ഇറങ്ങുന്ന മക്കള്‍ ആരുടെയൊക്കെ ഉപകരണങ്ങളായി അടിമകളായാണ് മാറുന്നത് എന്ന് നാം അറിയുന്നുണ്ടോ. കുടുംബം എന്ന കൂടുമ്പോഴുള്ള ഇമ്പം കുട്ടികളില്‍ ഇല്ലാതായി തുടങ്ങുകയും അവര്‍ അവരുടെ ലോകത്തേക്ക് ചുരുങ്ങുകയും ചെയ്തു തുടങ്ങുമ്പോള്‍ നാം പേടിക്കണം. അവര്‍ ഏതു വലയിലാണ് പെട്ടുപോയത് എന്ന്. ജാഗ്രത വേണം.നമ്മുടെ മക്കളാണ്. ഈ നാടിന്റെ ഭാവിയാണ്.

TAGS :