Quantcast
MediaOne Logo

ഡോ. സലീമ ഹമീദ്

Published: 21 April 2023 6:05 AM GMT

അറബികളുടെ ചികിത്സാ രീതികള്‍

റോമിന്റെ പതനത്തിനുശേഷം വിജ്ഞാനം, സാഹിത്യം, വൈദ്യ ശാസ്ത്രം എന്നിവയുടെ പരിപോഷണം ബാഗ്ദാദിലെയും സ്‌പെയിനിലെയും ഡമാസ്‌കസിലെയും ഇസ്‌ലാമിക സാമ്രാജ്യങ്ങള്‍ ഏറ്റെടുത്തു. ഇതുമൂലം ഔഷധ വിജ്ഞാനം, രസതന്ത്രം, ആസ്‌ട്രോണമി, ഫിസിക്‌സ്, ഒപ്റ്റിക്‌സ്, ജോമെട്രി, ഗണിത ശാസ്ത്രം എന്നിവയില്‍ ധാരാളം കണ്ടുപിടിത്തങ്ങള്‍ ഉണ്ടായി. | DaVelhaMedicina - ഭാഗം: 15

അറബികളുടെ ചികിത്സാ രീതികള്‍
X

വാര്‍ധ്യക്യം ഒഴികെ ഏത് രോഗത്തിനും പറ്റിയ ചികിത്സ ദൈവത്തിന്റെ പദ്ധതിയില്‍ ഉണ്ട് എന്നായിരുന്നു ആദ്യകാലത്തെ ഇസ്‌ലാമിക വിശ്വാസം. ഇസ്‌ലാമിന്റെ ആരംഭം മുതല്‍ എ.ഡി 666 വരെ ഉണ്ടായിരുന്ന ആദ്യകാല ഇസ്‌ലാമിന്റെയും ഉമയ്യാദുകളുടെയും കാലത്ത് കപ്പിംഗ്, പൊള്ളിക്കല്‍ (cautery), തേനും കരിഞ്ചീരകവും ഉപയോഗിച്ചുള്ള ചികിത്സ എന്നിവയായിരുന്നു പ്രധാന ചികിത്സാ രീതികള്‍. മുഹമ്മദ് നബി ഉപയോഗിച്ചിരുന്ന ചികിത്സാരീതികള്‍ (Prophetic medicine) എന്ന പേരില്‍ പല രാജ്യങ്ങളിലും ഇന്നും പ്രചാരത്തിലുണ്ട്. അക്കാലത്ത് ബദുക്കളുടെ ഇടയില്‍ നിലവിലിരുന്ന ചികിത്സ രീതി മാത്രമാണിത് എന്ന് മറ്റൊരു കൂട്ടര്‍ പറയുന്നു.

കത്തോലിക്കാസഭയില്‍ നിന്നും പതിനഞ്ചാം നൂറ്റാണ്ടില്‍ പുറത്താക്കപ്പെട്ട കോണ്‍സ്റ്റാന്റിനോപ്പിളിലെ ബിഷപ്പായ നെസ്റ്റോറിയസിന്റെ (Nestorius- AD 431) അനുയായികളായ നെസ്റ്റോറിയന്‍സ് മെസൊപ്പൊട്ടേമിയയി ലെ ഒരു നഗരമായ എഡിസ (Edessa) യില്‍ ഒരു വൈദ്യവിദ്യാലയവും രണ്ട് ആശുപത്രികളും സ്ഥാപിച്ചു. പക്ഷേ, അലക്‌സാണ്ട്രിയയിലെ ബിഷപ്പിന്റെ വിരോധം മൂലം അവിടെ നിന്ന് പുറത്താക്കപ്പെട്ട അവരെ പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായ ഖോസ്രോ (Chosroe) ഹൃദയപൂര്‍വം സ്വാഗതം ചെയ്തു. അദ്ദേഹമാണ് ഗുണ്ടിഷപുര്‍ അക്കാദമി (Academy of Gondishapur) സ്ഥാപിച്ചത്. പാരമ്പര്യ ചികിത്സാ വിധികളും ഇന്ത്യന്‍ തത്വ ശാസ്ത്രവും ഇവിടെ പാഠ്യ പദ്ധതിയുടെ ഭാഗമായിരുന്നു. ഇവിടുത്തെ ചികിത്സകര്‍ പ്രത്യേകിച്ച് Bukhtishu കുടുംബത്തിലെ ഡോക്ടര്‍മാര്‍ സമൂഹത്തില്‍ വളരെയധികം ബഹുമാനിക്കപ്പെട്ടു. എ.ഡി 636ല്‍ ഖാലിദ് ബിന്‍ അല്‍വാലീദ് എന്ന രാജാവ് ഗുണ്ടഷപുര്‍ ആക്രമിച്ചു കീഴടക്കി. അവിടുത്തെ പണ്ഡിതന്മാരുടെ മഹത്വത്തില്‍ ആകൃഷ്ടനായ രാജാവ് ഈ സ്ഥാപനത്തെ അക്കാലത്തെ വൈദ്യ വിദ്യാഭ്യാസത്തിന്റെ പ്രധാന കേന്ദ്രമായി മാറ്റുകയാണുണ്ടായത്.

പിന്നീട് വന്ന ബൈസാന്റീന്‍ ചക്രവര്‍ത്തിമാരുടെ കാലത്ത് പല വിജ്ഞാന ശാഖകളി ലെ ഗ്രന്ഥങ്ങള്‍ അടങ്ങിയ അവരുടെ പുസ്തക ശേഖരം വിപുലമാക്കുകയും ഗ്രീക്ക് ഉള്‍പ്പെടെ മറ്റു പല ഭാഷകളില്‍ നിന്നുള്ള ഗ്രന്ഥങ്ങള്‍ അറബി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു. ഗുണ്ടിഷപൂരിലെ ചികിത്സകനും വൈദികനും ആയിരുന്ന സെര്‍ജിയസ് ഓഫ് രേഷായ്ന (Sergius of Reshaina) ആണ് ഗേലന്റെത് ഉള്‍പ്പടെയുള്ള പല ചികിത്സാ സംബന്ധിയായ കൃതികളും അറബി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത്. ഹുനയ്ന്‍ ഇബ്ന്‍ ഇസ്ഹാഖ് (Hunayn ibn Ishaq) ആയിരുന്നു അക്കാലത്തെ പ്രമുഖ പരിഭാഷകന്‍. അബ്ബാസിദുകളുടെ ഏഴാമത്തെ ഖലീഫയായ 'അല്‍ മഅമൂന്‍' (AD786-833) ആണ് ബാഗ്ദാദില്‍ 'ഹൗസ് ഓഫ് വിസ്ഡം ' അഥവാ 'ബൈത്ത് അല്‍ ഹിക്മ' സ്ഥാപി ച്ചത്. ഇതുമൂലം ഗ്രീക്ക് ഭാഷയിലെ ആദ്യ പതിപ്പുകള്‍ നഷ്ടപ്പെട്ടു പോയിട്ടു പോലും അറബി പരിഭാഷകള്‍ മൂലം പല ക്ലാസിക്ക് കൃതികളും ഇന്നും ലഭ്യമാണ്. ഇതിന് ഒരു ഉത്തമ ഉദാഹരണമാണ് ഏഴ് വാള്യങ്ങളുള്ള 'ഗേലന്‍സ് അനാട്ടമി' എന്ന കൃതി. ബാഗ്ദാദില്‍ ആദ്യമായി ഒരു ആശുപത്രി സ്ഥാപിക്കുന്നത് അല്‍ മഅമൂന്റെ പിതാവായ ഹറൂണ്‍ അല്‍ റഷീദ് (AD763-809) ആണ്.

ബഹുവിഷയ പണ്ഡിതര്‍ (Polymaths)

റോമിന്റെ പതനത്തിനുശേഷം വിജ്ഞാനം, സാഹിത്യം, വൈദ്യ ശാസ്ത്രം എന്നിവയുടെ പരിപോഷണം ബാഗ്ദാദിലെയും സ്‌പെയിനിലെയും ഡമാസ്‌കസിലെയും ഇസ്‌ലാമിക സാമ്രാജ്യങ്ങള്‍ ഏറ്റെടുത്തു. ഇതുമൂലം ഔഷധ വിജ്ഞാനം, രസതന്ത്രം, ആസ്‌ട്രോണമി, ഫിസിക്‌സ്, ഒപ്റ്റിക്‌സ്, ജോമെട്രി , ഗണിത ശാസ്ത്രം എന്നിവയില്‍ ധാരാളം കണ്ടുപിടിത്തങ്ങള്‍ ഉണ്ടായി. എന്നാല്‍ അനാട്ടമിയിലും സര്‍ജറിയിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ഇതിനു കാരണം ദൈവികസൃഷ്ടിയായ ശരീരം കീറി മുറിച്ച് നശിപ്പിക്കുന്നതില്‍ ഇസ്‌ലാം മതത്തില്‍ നിലനിന്നിരുന്ന വിലക്കാണ്. ഗ്രീക്കുകാരുടെ ഇടയിലും റോമാക്കാരുടെ ഇടയിലും ഇത് നിലനിന്നിരുന്നു എന്ന് പറഞ്ഞുവല്ലോ. എന്തുകൊണ്ടോ കണ്ണിലെ സര്‍ജറിക്ക് ഇത് ബാധകമായിരുന്നില്ല. ഇതുമൂലം സക്ഷന്‍ (suction) സിറിഞ്ച് ഉപയോഗിച്ച് തിമിരം (cataract) നീക്കല്‍ തുടങ്ങിയ കണ്ണ് ചികിത്സകള്‍ അക്കാലത്ത് നിലവില്‍ വന്നു.

ആദ്യകാലത്തു പള്ളി മുറ്റങ്ങള്‍ രോഗികളെ ചികിത്സിക്കുന്ന ഇടങ്ങളായും ഉപയോഗിച്ചിരുന്നു. കാലക്രമേണ ഇവ ബീമാരിസ്ഥാന്‍ എന്ന പേരില്‍ പ്രത്യേ ഇടങ്ങളായി. എ.ഡി 706ല്‍ ദമാസ്‌കസില്‍ ആദ്യത്തെ ബീമാരിസ്ഥാന്‍ നിര്‍മിക്കപ്പെടുകയും തുടര്‍ന്ന് ഇസ്‌ലാമിക ഭരണം നില നിന്നിരുന്ന കെയ്‌റോ, കൊര്‍ദോവ ബാഗ്ദാദ് പ്രധാന പട്ടണങ്ങളിലെല്ലാം ഇത്തരം ആശുപത്രികള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു. ഇവിടങ്ങളിലെല്ലാം രോഗചികിത്സയും അതോടൊപ്പം തന്നെ രോഗ പ്രതിരോധ ചികിത്സയും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. അക്കാലത്ത് മതം പഠിപ്പിച്ചിരുന്നത് പോലെ തന്നെയാണ് ചികിത്സയും പഠിപ്പിച്ചിരുന്നത്. പുസ്തകം അധ്യാപകന്‍ വായിക്കും വിദ്യാര്‍ഥികള്‍ അത് കേട്ട് ഹൃദ്യസ്ഥമാക്കും. ശേഷം അധ്യാപകന്‍ ചോദ്യങ്ങള്‍ ചോദിച്ച് ഇത് ഉറപ്പിക്കും. ഈ ആശുപത്രികള്‍ ജാതി-മത, സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ, പാവപ്പെട്ടവനും പണക്കാരനും എന്നുള്ള വേര്‍തിരിവില്ലാതെ എല്ലാ മനുഷ്യരെയും സൗജന്യമായി ചികിത്സിച്ചിരുന്നു. രോഗികളുടെ മാനസികോല്ലാസത്തിനായി സംഗീത പരിപാടികളും നടത്തപ്പെട്ടിരുന്നു. കെയ്‌റോയിലെ ഇത്തരം ആശുപത്രിയില്‍ മോസ്‌ക് കൂടാതെ ഒരു ക്രിസ്ത്യന്‍ ചാപ്പലും ഉണ്ടായിരുന്നു. ഇത് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം വരെ പ്രവര്‍ത്തിച്ചിരുന്നു.

അല്‍റാസി (Al-Razi-AD 854-925)

ഇക്കാലത്ത് വളരെ പ്രഗല്‍ഭരായ ധാരാളം ശാസ്ത്രജ്ഞന്‍മാര്‍ അറബി നാടുകളില്‍ ജീവിച്ചിരുന്നു. അതില്‍ ഒരാളായ മുഹമ്മദ് അല്‍റാസി ഒമ്പതും പത്തും നൂറ്റാണ്ടുകളില്‍ ബാഗ്ദാദിലെ ബീമാരിസ്ഥാനില്‍ അധ്യാപകനായിരുന്നു. അതുപോലെ ടെഹ്‌റാന് അടുത്തുള്ള റെയ് (Rey) എന്ന സ്ഥലത്തും അദ്ദേഹം ജോലി ചെയ്തിരുന്നു. വൈദ്യ ചികിത്സയെ പറ്റി ഇരുന്നൂറിലധികം പ്രബന്ധങ്ങള്‍ ദീര്‍ഘദര്‍ശിയായ അദ്ദേഹം രചിച്ചിട്ടുണ്ട്.


>> അല്‍റാസി

പുരാതന പേര്‍ഷ്യയില്‍ ജനിച്ച ഇദ്ദേഹം, അക്കാലത്തെ ഏറ്റവും പ്രസിദ്ധനായ പണ്ഡിതനായിരുന്നു. ഫാമിലി ഡോക്ടര്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ഇദ്ദേഹമാണ്. ഒരു ഡോക്ടറും രോഗിയും തമ്മിലുള്ള വിശ്വാസം വളരെ പ്രധാനമാണെന്നും രോഗിയെ ഓരോ ഭാഗങ്ങളായി ചികിത്സിക്കാതെ, അയാളുടെ മനസ്സും ശരീരവും ഒന്നാകെ തന്നെ ചികിത്സയ്ക്ക് വിധേയമാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ഉത്ബോധിപ്പിച്ചു. ആരോഗ്യ പൂര്‍ണമായ ജീവിത ശൈലിയുടെയും വ്യായാമത്തിന്റെയും നല്ല ഭക്ഷണ രീതികളുടെയും സഹായത്തോടെ സ്വന്തം ആരോഗ്യം സംരക്ഷിക്കാത്ത രോഗിയെ ഡോക്ടര്‍ക്ക് ചികിത്സകൊണ്ടും മാത്രം രക്ഷപ്പെടുത്താനാവില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മതം. ഡോക്ടര്‍മാരെ മാറി മാറി കാണുന്ന രീതിയെ അക്കാലത്തു തന്നെ അല്‍റാ തള്ളിക്കളഞ്ഞിട്ടുണ്ട്. ഡോക്ടര്‍മാര്‍ തുടര്‍പഠനം നടത്തേണ്ടതിന്റെ ആവശ്യം അക്കാലത്തുതന്നെ അദ്ദേഹം ഉയര്‍ത്തിക്കാട്ടി. പുതിയകാര്യങ്ങള്‍ മനസ്സിലാക്കുകയും അത് പ്രയോഗത്തില്‍ വരുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യം വിദ്യാര്‍ഥികളെയും അദ്ദേഹം ഓര്‍മിപ്പിച്ചിരുന്നു.

അല്‍റാസിയുടെ മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ട കോംബ്രിഹെന്‍സീവ് ബുക്ക് മെഡിസിന്‍ (Comprehensive book of Medicine) അദ്ദേഹം അതുവരെ എഴുതിയ ലേഖനങ്ങളും കൈ പുസ്തകങ്ങളും അടങ്ങിയതാ ണ്. 700 കൊല്ലത്തോളം ഇത് മധ്യപൂര്‍വദേശങ്ങളിലെയും യൂറോപ്പിലെയും പല മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളിലും പ്രധാന ടെക്സ്റ്റ് ബുക്ക് ആയി ഉപയോഗിച്ചിരുന്നു. രോഗങ്ങളും രോഗലക്ഷണങ്ങളും തരം തിരിച്ച് ആദ്യമായി രേഖപ്പെടുത്തിയത് ഇദ്ദേഹമായി ുന്നു. പനിയും ദേഹത്തു കാണുന്ന ചുവന്ന തടിപ്പു (rash) കളും പല രോഗങ്ങളുടെയും ലക്ഷണങ്ങള്‍ ആവാം. ഓരോന്നിന്റെയും പ്രത്യേക സ്വഭാവമനുസരിച്ച് രോഗം എങ്ങനെ വ്യക്തമായി നിര്‍ണയം ചെയ്യാമെന്ന് വിശദീകരിച്ച ഇദ്ദേഹമാണ്മ ണ്ണന്‍പനിയും (measles) വസൂരിയും (small pox) തമ്മില്‍ വേര്‍തിരിച്ചറിയുന്നതെങ്ങനെ എന്ന് ആദ്യം രേഖപ്പെടുത്തിയത്.

ശിശുരോഗ ചികിത്സ ഒരു പ്രത്യേക വിഭാഗമായി തരംതിരിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്. ആല്‍ക്കമിയില്‍ വിദഗ്ധനായി രുന്ന ഇദ്ദേഹം, ഡിസ്റ്റിലേഷന്‍ ഉപയോഗിച്ച് ചെടികളില്‍ നിന്ന് പലതരം മരുന്നുകള്‍ ഉണ്ടാക്കി എടുത്തിരുന്നു. ഇദ്ദേഹം നടത്തിയ പരീക്ഷണങ്ങള്‍ എല്ലാം പടിപടിയായി തന്റെ കൃതികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നും അത് വായിക്കുന്ന ഏതൊരാളിനും ഈ പരീക്ഷണങ്ങള്‍ സ്വന്തമായി ചെയ്യാന്‍ സാധിക്കും. പൊട്ടിയ എല്ലിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉണ്ടാക്കുന്നതെങ്ങനെയെന്ന് അദ്ദേഹത്തിന്റെ പുസ്തകത്തില്‍ കൃത്യമായ വിവരിച്ചിട്ടുണ്ട്. മൂത്രതടസ്സത്തിന്ഉ പയോഗിക്കുന്ന വളയ്ക്കാന്‍ പറ്റുന്ന തരം ലോഹനിര്‍മിതമായ കത്തീറ്റര്‍ ഈയം ഉപയോഗിച്ച് അദ്ദേഹം ഉണ്ടാക്കിയെടുത്തു.

തന്റെ കൃതികളില്‍ ഉള്ള ഓരോ വിജ്ഞാനശകലങ്ങളുടെയും ഉറവിടം എവിടെയാണെന്ന് അദ്ദേഹം സ്വന്തം രചനകളില്‍ പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. രോഗികളുടെ പേരും വയസ്സും ജോലിയും രോഗചികിത്സയെ സംബന്ധിച്ച രേഖകളില്‍ അല്‍റാസി ഉള്‍പ്പെടുത്തിയിരുന്നു. സാധാരണ ജോലിക്കാര്‍ മുതല്‍ പ്രഭു കുടുംബാംഗങ്ങള്‍ വരെ ഉള്‍പ്പെട്ട അദ്ദേഹത്തിന്റെ രോഗികളുടെ ശ്രേണിയെപ്പറ്റി ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും. സ്വതന്ത്ര ചിന്തകന്‍ ആയിരുന്ന ഇദ്ദേഹം ഗേലന്റെ ശാസ്ത്ര നിഗമനങ്ങളെ പരസ്യമായി എതിര്‍ത്തിരുന്നു. തനിക്ക് വിശ്വാസമുള്ള കാര്യങ്ങളില്‍ അതില്‍ ഉറച്ചു നില്‍ക്കാനും അതിനുവേണ്ടി നഷ്ടങ്ങള്‍ സഹിക്കാനും അദ്ദേഹം തയ്യാറായിരുന്നു. ശാസ്ത്രത്തിന്റെ പിന്‍ബലം ഇല്ലാത്ത മതമേലധ്യക്ഷന്മാരുടെ ജല്‍പനങ്ങളെ അദ്ദേഹം അവഗണിച്ചു. ഇതുമൂലം ഒരിക്കല്‍ അല്‍റാസി കഠിനമായി മര്‍ദിക്കപ്പെടുകയും കാലക്രമേണ അന്ധന്‍ ആയി മാറുകയും ചെയ്തു. രാജാവിന്റെ അപ്രീതിക്ക് പാത്രമായ ഇദ്ദേഹത്തിന് ബാഗ്ദാദ് വിട്ടുപോകേണ്ടി വന്നു. ജന്മസ്ഥലമായ'റേ'യിലേക്ക് മടങ്ങിപ്പോയ അദ്ദേഹം അധികം ആരും തിരിച്ചറിയപ്പെടാതെ എണ്‍പതാം വയസ്സില്‍ മരണമടയുകയാണുണ്ടായത്.

ജാബിര്‍ ഇബിന്‍ ഹയാന്‍ (AD 721 -815)

ജാബിര്‍ ബിന്‍ ഹയ്യാന്‍ evaporation, filtration, sublimation, melting, distillation, calcination crystallisation എന്നിവയെ ആദ്യമായി വിശദീകരിച്ചു. പുഷ്പങ്ങളില്‍ നിന്നും സുഗന്ധദ്രവ്യങ്ങള്‍ ഉണ്ടാക്കാനായി ഈ വിദ്യധാരാളമായി ഉപയോഗിച്ചിരുന്നു. ഇംഗ്ലീഷ് വാക്കുകളായ ആല്‍ക്കഹോള്‍, ക്യാംഫര്‍ (camphor) , എലിക്‌സിര്‍ (elixir), സിറപ്പ് (syrup) എന്നിവ അറബി വാക്കുകളില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. സല്‍ഫ്യൂറിക്ക് ആസിഡും നൈട്രിക്ക് ആസിഡും കണ്ട് പിടിച്ചതും മലവും മൂത്രവും ആദ്യമായി പരിശോധനക്ക് വിധേയമാക്കിയതും ഇദ്ദേഹമാണ്.

അല്‍ സഹ്റാവി (AD 936 -1013)

സര്‍ജറിയെപ്പറ്റി ആദ്യമായി ഒരു പ്രാമാണിക ഗ്രന്ഥം 'അല്‍ തസ്രീഫ്' എഴുതിയത് പത്താം നൂറ്റാണ്ടില്‍ കൊര്‍ദോബയില്‍ ജനിച്ച അബുല്‍ ഖാസിം അല്‍സഹ്റാവി (ലാറ്റിന്‍ പേര്-Albucasis) ആണ്. ഇതില്‍ അക്കാലത്ത് ചെയ്തിരുന്ന മാറിടം, ടോണ്‍സില്‍ എന്നിവ നീക്കം ചെയ്യുന്ന ശസ്ത്രക്രിയകളെപ്പറ്റി വിശദമായി പറയുന്നു. കാളയുടെ എല്ലില്‍ നിര്‍മിച്ചെടുക്കുന്ന കൃത്രിമ ദന്തത്തെപ്പറ്റിയും ഇതില്‍ വിവരിക്കുന്നുണ്ടത്രേ! ഇദ്ദേഹം ഏകദേശം ഇരുന്നൂറോളം സര്‍ജിക്കല്‍ ഉപകരണങ്ങള്‍ സ്വന്തമായി രൂപകല്പന ചെയ്തു നിര്‍മിക്കുകയും ഉപയോഗിക്കുകയും ചെയ്തു. ഇവയുടെ ആധുനികവല്‍കരിച്ച രൂപങ്ങളാണ് ഇന്നുലോകമെ മ്പാടും ഉപയോഗിക്കപ്പെടുന്നത്.


''സര്‍ജറിയുടെ പിതാവ്'' എന്ന് അറിയപ്പെടുന്ന ഇദ്ദേഹം നിര്‍മിച്ച ഉപകരണങ്ങളില്‍ ഇനിപ്പറയുന്നവ ഉള്‍പ്പെടുന്നു. ദുര്‍ഘടമായ പ്രസവത്തിനായി ഉപയോഗിക്കുന്ന കൊടില്‍ (forceps), അസ്ഥി മുറിക്കുന്ന ഉപകരണം, ടോണ്‍സില്‍ നീക്കം ചെയ്യാനുള്ള ഉപകരണം, അശുദ്ധ രക്തക്കുഴലുകളില്‍ നിന്നും രക്തക്കട്ടകള്‍ മാറ്റുന്നതിനുള്ള ഉപകരണം, തിമിര ശസ്ത്രക്രിയക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. ആധുനിക കാലത്ത് കണ്ണിനകത്തെ പ്രഷര്‍ കൂടുന്നത് കൊണ്ട് ഉണ്ടാകുന്ന ഗ്ലോക്കോമ എന്ന രോഗം ചികിത്സിക്കാനായി ഉപയോഗിക്കുന്ന ഉപകരണവും, ജീവന്‍ രക്ഷയ്ക്കായി ഇന്നും ചെയ്തു വരുന്ന ട്രക്കിയോസ്റ്റമി (Tracheostomy) എന്ന ശസ്ത്രക്രിയക്ക്ഉ പയോഗിച്ചിരുന്ന ഉപകരണവും ആദ്യകാലത്ത് ഉപയോഗിച്ചിരുന്നവയോട് വളരെ സാമ്യമുള്ളവ തന്നെയാണ്. ഇവയില്‍ ചിലത് സ്‌പെയിനിലെ കൊര്‍ഡോബയിലെ മ്യൂസിയത്തില്‍ കാണാം. ശസ്ത്രക്രിയകളില്‍ ഉപയോഗിക്കുന്ന ശരീരത്തില്‍ അലിഞ്ഞു ചേരുന്ന തരം കാറ്റ്ഗട്ട് (Catgut) എന്ന നൂല്‍ ഇദ്ദേഹം കണ്ടു പിടിച്ചതാണ്. തൈറോയ്ഡ് ഗ്ലാന്‍ഡ് നീക്കം ചെയ്യല്‍, ഹൈഡ്രോ സെഫലസിനായുള്ള സര്‍ജറി എന്നിവ ആദ്യം ചെയ്ത സര്‍ജന്‍ എന്ന പദവിയും ഇദ്ദേഹത്തിനാണ്.

ഹസന്‍ ഇബിന്‍ അല്‍ഹൈത്തം (AD 965-1040)

ഒപ്റ്റിക്‌സിന്റെ പിതാവെന്ന് അറിയപ്പെടുന്ന ഹസന്‍ ഇബിന്‍ ഹൈത്താം 10-11 നൂറ്റാണ്ടുകളിലാണ് ജീവിച്ചിരുന്നത്. ഫാത്തിമത്ത് ഖലിഫേറ്റിന്റെ കീഴില്‍ കൈറോയില്‍ ആയിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. വസ്തുക്കളില്‍ നിന്ന് പ്രകാശം കണ്ണില്‍ പതിക്കുമ്പോഴാണ് ഒരാള്‍ കാണുന്നതെന്നും, കണ്ണില്‍ നിന്ന് സന്ദേശങ്ങള്‍ തലച്ചോറില്‍ എത്തുമ്പോഴാണ് ''കാഴ്ച്ച'' യഥാര്‍ഥത്തില്‍ നടക്കുന്നതെന്നും ഇദ്ദേഹമാണ് ആദ്യമായി കണ്ടെത്തിയത്. ആധുനിക കാലത്തെ കാമറയൂടെ ആദിമ രൂപമായ പിന്‍ഹോള്‍ കാമറ (കാമറ ഒബ്സ്‌ക്യൂറ) ആദ്യമായി നിര്‍മിച്ചതും ഇദ്ദേഹമാണ്.

അവറോസ് (AD 1126-1198)

ആന്‍ഡലൂസിയയില്‍ ന്യായാധിപനും വൈദ്യരുമായി ജോലി ചെയ്തിരുന്ന ആളാണ് ഇദ്ദേഹം. അരിസ്റ്റോട്ടിലിന്റെ കൃതികള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തുകയും അദ്ദേഹത്തിന്റെ തത്വ ചിന്താ പദ്ധതിക്ക് പ്രചാരം കൊടുക്കുകയും ചെയ്തതില്‍ ഇദ്ദേഹത്തിന് ഒരു പ്രധാന പങ്കുണ്ട്.

മൈമോനിഡസ്

ഇദ്ദേഹം ഒരു ഡോക്ടര്‍ എന്നതിനേക്കാള്‍ ഒരു തത്വ ചിന്തകന്‍ എന്ന രീതിയിലായിരുന്നു പ്രസിദ്ധന്‍. സുല്‍ത്താന്‍ സലാഹദ്ദീന്റെ രോഗിയായ മകന് വേണ്ടി ഇദ്ദേഹം രചിച്ച ശുചിത്വത്തെയും ശരിയായ ഭക്ഷണരീതികളെയും പറ്റിയുള്ള പുസ്തകം പ്രസിദ്ധമാണ്. 13 മുതല്‍15 വരെ നൂറ്റാണ്ടുകളില്‍ ഇത് സംബന്ധിച്ച് നിലനിന്ന രീതികളെപ്പറ്റിയുള്ള ഒരു ചരിത്ര രേഖയായി കരുതപ്പെടുന്നു.

Onv al Nafis (എ.ഡി 1213-1288)

പള്‍മൊണറി (Pulmonarycirculation) സര്‍ക്കുലേഷനെ പറ്റി ആദ്യമായി വിശദീകരിച്ചത് ഇദ്ദേഹമാണ്. ഹൃദയത്തില്‍ നിന്നും രക്തം ശ്വാസകോശത്തിലേക്ക് പോവുകയും അവിടെവച്ച് കാപ്പല്ലറികള്‍ എന്ന് പേരുള്ള വളരെ ചെറിയ രക്തക്കുഴലുകളില്‍ വച്ച് രക്തം ശുദ്ധീകരിക്കപ്പെടുന്ന പ്രക്രിയയാണിത്. ഒരു വെന്‍ട്രിക്കിളില്‍ നിന്നും മറ്റൊരു വെന്‍ട്രിക്കിളിലേക്ക് രക്തം കടന്നുപോകും എന്നുള്ള ഗേലന്റെ തിയറി അദ്ദേഹം തള്ളിക്കളഞ്ഞു. പ്രതിബന്ധങ്ങളെ അവഗണിച്ചു കൊണ്ട് മനുഷ്യ ശരീരത്തില്‍ ഇദ്ദേഹം ഡിസക്ഷന്‍ നടത്തിയതിന് തെളിവുകള്‍ ഉണ്ട്. പരീക്ഷണങ്ങളുടെയും പഠനങ്ങളുടേയും പിന്‍ബലമില്ലാത്ത എല്ലാത്തിനെയും തള്ളിക്കളയണമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്തു. മുന്‍ഗാമികള്‍ നിരത്തിവെച്ച പല പരികല്‍പനകളുടെയും പൊള്ളത്തരം ഇതുമൂലം വെളിവായി. ഇത്തരത്തില്‍ ശാസ്ത്രീയ ചിന്തക്ക് ബീജാവാപം നടത്തി നവോത്ഥാനകാലത്തേക്ക് ലോകത്തെ നയിച്ചത് ഇവരായിരുന്നു.

ഫെര്‍ഡിനന്റ് രാജാവും ഇസബെല്ലാ രാജ്ഞിയും ഗ്രനാഡ പിടിച്ചടക്കിയതോടെ യൂറോപ്പിലെ ഇസ്ലാമിന്റെ പ്രതാപം അസ്തമിച്ചു. 1258ലാണ് ചെങ്കിസ്ഖാന്റെ ആക്രമണമുണ്ടായത്. ഇയാള്‍ ഡമാസ്‌കസിലെയും ബാഗ്ദാദിലെയും എല്ലാ പഠന കേന്ദ്രങ്ങളും ലൈബ്രറികളും നശിപ്പിച്ചു. ഈ നാടുകളില്‍ നദികള്‍ ആദ്യം കൊല്ലപ്പെട്ട മനുഷ്യരുടെ രക്തം കൊണ്ടു ചുവന്ന നിറത്തിലും, പിന്നീട് ഈ നദികളിലേക്ക് എറിഞ്ഞു നശിപ്പിക്കപ്പെട്ട പുസ്തകങ്ങളുടെ മഷികൊണ്ട് കറുത്ത നിറത്തിലും ഒഴുകിയത്രേ! എണ്ണമറ്റ പല ചരിത്രരേഖകളും ശാസ്ത്രഗ്രന്ഥങ്ങളും ലോകമാനവികതക്ക് ഈ വിധത്തില്‍ എന്നേക്കുമായി നഷ്ടപ്പെട്ടു. മനുഷ്യ രൂപങ്ങളുടെ ചിത്രങ്ങള്‍ മതപരമായ കാരണങ്ങള്‍ കൊണ്ട് അപൂര്‍വമായിരുന്നെങ്കിലും പതിനഞ്ചാം നൂറ്റാണ്ടിലെ Tashrih AlBadan എന്ന ശരീര ഭാഗങ്ങളുടെ അഞ്ചു ചിത്രങ്ങള്‍ അടങ്ങിയ രചന അല്‍ മന്‍സൂറിന്റെ പേരില്‍ രേഖകളില്‍ കാണാം.


>> തസ്രീഹ് അല്‍ബദന്‍-ഒരു ചിത്രം

ബുദ്ധി ജീവികളും പണ്ഡിതന്മാരും ഈ നാടുകള്‍ ഉപേക്ഷിച്ചു തിയോളജി, നിയമം, വൈദ്യ ശാസ്ത്രം എന്നിവയുടെ യൂറോപ്പിലെ പ്രധാന പഠന കേന്ദ്രങ്ങള്‍ ആയ പാരീസ്, പദുവാ (Padua), സലേര്‍ണോ (Salerno), ബൊലോണ (Bologna), മോണ്ട് പീലിയെ (Mont pellier), എന്നിവിടങ്ങളിലുള്ള സര്‍വ്വകലാശാലകളിലേക്ക് ചേക്കേറി. അക്കാലത്ത് പണ്ഡിതന്മാര്‍ വിദ്യാര്‍ഥികളെ അന്വേഷിച്ച് യാത്ര ചെയ്യുകയായിരുന്നു പതിവ്. മെഡിറ്ററേ നിയന്‍ കടലിന്റെ തീരങ്ങളിലെ പട്ടണങ്ങളില്‍ പഠനത്തിന് താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ ഒന്നിച്ച് ചേര്‍ന്ന് ഒരു ഗുരുവിനെ തെരഞ്ഞെടുക്കുകയും അദ്ദേഹത്തിനു നല്‍കേണ്ട ഫീസ് എല്ലാവരും ചേര്‍ന്ന് നല്‍കുകയും ചെയ്തു വന്നു. ഇതുമൂലം പല നാടുകളില്‍ നിന്നുള്ള പണ്ഡിതര്‍ ഇത്തരം സ്ഥാപനങ്ങളില്‍ എത്തുകയും അവിടെയുള്ള വിജ്ഞാന ദാഹികളായ വിദ്യാര്‍ഥികള്‍ക്ക് ഓരോരുത്തരുടെയും കൈയിലുള്ള അറിവിന്റെ വെളിച്ചം പകര്‍ന്നു നല്‍കുകയും ചെയ്തു വന്നു. തലച്ചോറ് കൊണ്ട് ജോലി ചെയ്യുന്നവര്‍ ഇക്കാലത്ത് വളരെയധികം ബഹുമാനിക്കപ്പെടുകയും ഉന്നതശ്രേണിയിലുള്ളവരായി കരുതപ്പെടുകയും ചെയ്തു. തിയോളജി, നിയമം, വൈദ്യം എന്നിവയായിരുന്നു ഇവിടെ സാധാരണ പഠിപ്പിച്ചി ുന്നത്. ഈ സര്‍വ്വകലാശാലകളിളെല്ലാം അരിസ്റ്റോട്ടിലിന്റെയും പ്ലേറ്റോയുടെയും ഗേലന്റെയും പുസ്തകങ്ങള്‍ ആധാരമാക്കി യായിരുന്നു പഠനം നടന്നിരുന്നത്. പുതുതായി എന്തെങ്കിലും കണ്ടെത്തുന്നതിനെക്കാള്‍ പഴയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയായിരുന്നു ഇവിടെ പ്രധാനമായും നടന്നിരുന്നത്.

(തുടരും)

ഡോ. സലീമ ഹമീദ്: തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. കാനഡയില്‍ ഫാമിലി ഫിസിഷ്യനായി ജോലി ചെയ്യുന്നു. എന്റെ വഴിയമ്പലങ്ങള്‍, ആന്‍ഡലൂസിയന്‍ ഡയറി, പോര്‍ച്ചുഗല്‍-ഫെഡോ സംഗീതത്തിന്റെ നാട് എന്നീ യാത്രാവിവരണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. പുസ്തകപ്പച്ച, അമേരിക്കന്‍ കഥക്കൂട്ടം, ലോക്ഡൗണ്‍ സ്‌കെച്ചുകള്‍, കഥ 2021, കഥാസ്‌കോപ്പ് എന്നീ ആന്തോളജികളില്‍ എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിലും ഓണ്‍ലെന്‍ മാധ്യമങ്ങളിലും ലേഖനങ്ങളും യാത്രാവിവരണങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


TAGS :