MediaOne Logo

ഡോ. ബിനോജ് നായര്‍

Published: 6 Jan 2023 10:09 AM GMT

ഹല്‍ദ്വാനിയിലെ നീതിഹത്യ

രാജ്യത്തിന്റെ നിയമസംവിധാനങ്ങളെയും ജനാധിപത്യ വ്യവസ്ഥയെയും സംഘ്പരിവര്‍ എപ്രകാരം സമ്പൂര്‍ണമായി കൈയടക്കുകയും അവയെ മുസ്‌ലിം ഉന്മൂലനം എന്ന ഒരൊറ്റ ബിന്ദുവിലേക്ക് സമര്‍ഥമായി കേന്ദ്രീകരിക്കുകയും ചെയ്യുന്നു എന്നതിനുള്ള ഏറ്റവും പുതിയ ഉദാഹരണമായി ഹല്‍ദ്വാനിയിലെ നിരപരാധികളായ മുസ്‌ലിംകളുടെ നരകയാതനകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. | TheFourthEye

ഹല്‍ദ്വാനിയിലെ നീതിഹത്യ
X

നിയമപരിപാലനം, നീതിനിര്‍വഹണം, മതേതരസംരക്ഷണം, സ്ത്രീശാക്തീകരണം തുടങ്ങിയവയുടെ മറവില്‍ തങ്ങളുടെ മുസ്‌ലിം വിരുദ്ധത സാമൂഹ്യജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും ഒളിച്ചു കടത്തുന്ന സംഘ്പരിവാറിന്റെ നിരവധി കുതന്ത്രങ്ങള്‍ നാം ഈയിടെയായി കണ്ടുകൊണ്ടിരിക്കുന്നു. ഗതാഗതകുരുക്കിന്റെ പേരില്‍ ഈദ് നമസ്‌കാരത്തിനും ശബ്ദമലിനീകരണത്തിന്റെ പേരില്‍ ബാങ്ക് വിളിക്കും മതേതരത്വത്തിന്റെ പേരില്‍ ഹലാല്‍ ഭക്ഷണത്തിനുമെല്ലാം വിലക്കേര്‍പ്പെടുത്തിയ സംഘ്പരിവാര്‍ ഭരണകൂടങ്ങള്‍ സ്ത്രീശാക്തീകരണത്തിന്റെ പേരില്‍ ഹിജാബ് വിലക്കിയും സ്ത്രീസുരക്ഷക്കെന്ന പേരില്‍ ലൗവ്ജിഹാദ് വിരുദ്ധ നിയമം വഴിയും മുസ്‌ലിംകളെ വേട്ടയാടുന്നത് നാം കണ്ടു.

ബഹുഭൂരിപക്ഷം പ്രതിഷേധക്കാരുടെയും വസ്ത്രം കണ്ട് തീവ്രവാദ സൂചനകള്‍ മനസ്സിലാക്കിയിട്ടുള്ള സംഘ്പരിവാറിന്റെ പിണിയാളുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ തെരുവിലിറക്കപ്പെട്ട നിരാലംബരായ മനുഷ്യര്‍ക്കെതിരെ വംശീയവിദ്വേഷം പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. മറ്റൊരു ഷാഹീന്‍ബാഗ് ആവര്‍ത്തിക്കാനാണ് തീരുമാനമെങ്കില്‍ ഡല്‍ഹി കലാപങ്ങളെപ്പറ്റിക്കൂടി ഓര്‍ത്തുകൊള്ളാന്‍ അവര്‍ നിരാശ്രയരായ ഈ മനുഷ്യരോട് ഭീഷണിയുടെ സ്വരത്തില്‍ പറയുന്നു.

ഇതേ മാതൃകയില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിയമസംവിധാനങ്ങളുടെ ആശീര്‍വാദത്തോടെ നടന്നു വരുന്ന ഒരു മുസ്‌ലിം ഉന്മൂലനോപാധിയായി സംഘ്പരിവാര്‍ സര്‍ക്കാരുകളുടെ ബുള്‍ഡോസര്‍ പ്രയോഗം മാറിയിരിക്കുകയാണ്. അനധികൃത കുടിയേറ്റങ്ങള്‍ ഒഴിപ്പിക്കാനെന്ന വ്യാജേന മുസ്‌ലിംകളുടെ മാത്രം വീടുകളും കച്ചവടസ്ഥാപനങ്ങളും ഇടിച്ചുനിരത്തുന്നത് ബി.ജെ.പി സര്‍ക്കാരുകളുടെ ഒരു ക്രൂരവിനോദമാണ്. നൂപുര്‍ ശര്‍മയുടെ പ്രവാചകനിന്ദക്കെതിരെ പ്രതിഷേധിച്ചതിന് അഫ്രീന്‍ ഫാത്തിമയുടെ വീട് ഇടിച്ചുനിരത്തിയ സംഘ്പരിവാര്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലെ മുസ്‌ലിംകളുടെ കെട്ടിടങ്ങള്‍ക്ക് മേലും അവരുടെ വംശീയ ബുള്‍ഡോസര്‍ ഉരുട്ടിക്കയറ്റിയത് ഇക്കഴിഞ്ഞ വര്‍ഷമാണ്.


ഇപ്രകാരം നീതിയുടെ കണിക പോലുമില്ലാതെ തികച്ചും ഏകപക്ഷീയമായ ഒരു കോടതി നടപടിയുടെ മറവില്‍ ഉത്തരാഖണ്ഡിലെ ബി.ജെ.പി സര്‍ക്കാര്‍ നാലായിരത്തോളം മുസ്‌ലിം കുടുംബങ്ങളെ പെരുവഴിയിലേക്കിറക്കാന്‍ ഇപ്പോള്‍ തയ്യാറായി നില്‍ക്കുന്നു. (ഹൈക്കോടതി വിധി സുപ്രീംകേടതി സ്റ്റേ ചെയ്തു എന്നത് ജനങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കിയിട്ടുണ്ട്)ഹല്‍ദ്വാനിയില്‍ റെയില്‍വേയുടെ ഭൂമി കൈയേറി വീട് വെച്ചു എന്ന പേരില്‍ 4365 കുടുംബങ്ങളെയാണ് ഒരു ഹൈകോടതി ഉത്തരവിലൂടെ പെരുവഴിയിലേക്ക് ഇറക്കാന്‍ പുഷ്‌കര്‍ സിങ് ധാമിയുടെ സര്‍ക്കാര്‍ ലക്ഷ്യം വെച്ചിട്ടുള്ളത്. വിരലിലെണ്ണാവുന്ന ഹിന്ദു കുടുംബങ്ങള്‍ ഒഴികെ ഇക്കൂട്ടത്തില്‍ മഹാഭൂരിപക്ഷവും മുസ്‌ലിംകളാണ് എന്നത് വെറും യാദൃശ്ചികമല്ല എന്ന് തുടര്‍ന്ന് വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാവും.

റെയില്‍വേയുടെ ഭൂമി പ്രദേശവാസികളായ മുസ്‌ലിംകള്‍ കൈയേറി എന്ന് പറഞ്ഞു രവി ശങ്കര്‍ ജോഷി എന്നൊരാള്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്യുന്നത് 2016ലാണ്. പ്രാഥമിക അന്വേഷണങ്ങള്‍ക്ക് ശേഷം കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ പറഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ നാട്ടുകാര്‍ക്ക് വേണ്ടി അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോവുകയും സ്റ്റേ വാങ്ങുകയും ചെയ്തു. ഇതേതുടര്‍ന്ന് നാട്ടുകാരെ കേള്‍ക്കാന്‍ കോടതി കീഴ്ക്കോടതിയോട് ആവശ്യപ്പെടുകയും റയില്‍വേ അദാലത്തുകള്‍ നടത്തപ്പെടും ചെയ്തു. എന്നാല്‍, പരാതിക്കാരുടെ കൈയിലുള്ള ഉടമസ്ഥാവകാശരേഖകള്‍ മുഖവിലക്കെടുക്കാതെ 78 ഏക്കര്‍ ഭൂമി ഉടന്‍ ഒഴിഞ്ഞുപോകാന്‍ റെയില്‍വേ ഉത്തരവിടുകയായിരുന്നു.


റെയില്‍വേയുടെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ പരാതിക്കാര്‍ ജില്ലാ കോടതിയില്‍ പോവുകയും കോടതി ഓരോരുത്തരുടെയും ഭാഗം കേള്‍ക്കാനായി തീയതി നിശ്ചയിച്ചു വരികയുമാണ് ഇപ്പോള്‍. അങ്ങനെയിരിക്കേ റെയില്‍വേ അദാലത്തിന്റെ ഉത്തരവ് നടപ്പാക്കിക്കിട്ടാനായി മറ്റൊരു പൊതു താല്‍പര്യഹര്‍ജി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യപ്പെടുന്നു. അതിന്മേല്‍ കഴിഞ്ഞ മാസം ഇരുപതാംതീയതി ഹൈക്കോടതി തീരുമാനമാവുകയും ഈ മാസം ഏഴിന് മുന്‍പായി സ്ഥലം ഒഴിയാന്‍ നാട്ടുകാരോട് ഉത്തരവിടുകയും ചെയ്യുന്നു. 4365 കുടുംബങ്ങളില്‍ 1175 കുടുംബങ്ങളുടെ പരാതി ജില്ലാ കോടതിയില്‍ നിലനില്‍ക്കുകയും ബാക്കിയുള്ളവര്‍ തീയതിക്കായി കാത്തിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആ നടപടികളെയെല്ലാം റദ്ദു ചെയ്യും വിധത്തിലുള്ള ഹൈകോടതിയുടെ ഉത്തരവ് നാട്ടുകാര്‍ക്ക് മേല്‍ ഇടിത്തീ പോലെയാണ് പതിച്ചിട്ടുള്ളത്.

2016ലെ പൊതുതാത്പര്യ ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കുന്ന സമയത്ത് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ ഭൂമി റെയില്‍വേയുടെത് അല്ലെന്നും നിവാസികള്‍ക്ക് കൈവശാവകാശമുള്ളതാണെന്നും കോടതിയില്‍ സത്യവാങ്മൂലവും നല്‍കിയിട്ടുള്ളതാണ്. അതേ ഭൂമി റെയില്‍വേയുടേതാണെന്ന വാദം ഇപ്പോള്‍ മുഖവിലയ്ക്കെടുത്ത് പരാതിക്കാരോട് ഒഴിഞ്ഞുകൊടുക്കാന്‍ അതേ ഹൈകോടതി തന്നെ ഉത്തരവിടുന്നതില്‍ അപാകത കാണുന്നവരെ എങ്ങനെ തെറ്റ് പറയാനൊക്കും?

സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശവാസികളുടെ ഭാഗത്തു നിന്ന് ശക്തമായ ചെറുത്ത് നില്‍പ്പ് ഉയര്‍ന്നു വന്നു കഴിഞ്ഞു, സ്ത്രീകളും വൃദ്ധരും കുഞ്ഞുങ്ങളും ബോര്‍ഡ് പരീക്ഷ പടിവാതില്‍ക്കല്‍ എത്തിയ വിദ്യാര്‍ഥികളും ഉള്‍പ്പെടെ ആയിരങ്ങള്‍ ഇപ്പോള്‍ ഹല്‍ദ്വാനിയുടെ തെരുവുകളില്‍ മരംകോച്ചുന്ന ശൈത്യത്തെ അവഗണിച്ചുകൊണ്ട് സമരത്തിലാണ്. ബഹുഭൂരിപക്ഷം പ്രതിഷേധക്കാരുടെയും വസ്ത്രം കണ്ട് തീവ്രവാദ സൂചനകള്‍ മനസ്സിലാക്കിയിട്ടുള്ള സംഘ്പരിവാറിന്റെ പിണിയാളുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ തെരുവിലിറക്കപ്പെട്ട നിരാലംബരായ മനുഷ്യര്‍ക്കെതിരെ വംശീയവിദ്വേഷം പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. മറ്റൊരു ഷാഹീന്‍ബാഗ് ആവര്‍ത്തിക്കാനാണ് തീരുമാനമെങ്കില്‍ ഡല്‍ഹി കലാപങ്ങളെപ്പറ്റിക്കൂടി ഓര്‍ത്തുകൊള്ളാന്‍ അവര്‍ നിരാശ്രയരായ ഈ മനുഷ്യരോട് ഭീഷണിയുടെ സ്വരത്തില്‍ പറയുന്നു. സര്‍ക്കാര്‍ ഭൂമി കൈയേറി ഇത്രകാലം ജീവിച്ച ശേഷം കോടതിയുടെ ഉത്തരവിനെയും അവഗണിച്ച് കൈയേറ്റഭൂമിയില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കാത്ത ധാര്‍ഷ്ട്യം ലാന്‍ഡ് ജിഹാദിന്റെ ഉത്തമ ഉദാഹരണമാണ് എന്ന അധിക്ഷേപം വേറെയും നടക്കുന്നു.


എന്നാല്‍, വസ്തുതകള്‍ പരിശോധിച്ചാല്‍ ഈ ആക്ഷേപങ്ങളെല്ലാം അസ്ഥാനത്താണ് എന്ന് നിസ്സാരമായി മനസ്സിലാക്കാം. ഒന്നാമതായി, ഇപ്പറയുന്ന എല്ലാ കുടുംബങ്ങളുടെയും പക്കല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളുണ്ട്. തൊള്ളായിരത്തി മുപ്പതുകളില്‍ 90 വര്‍ഷത്തെ പാട്ടഭൂമിയായി ഇപ്പോഴത്തെ താമസക്കാരുടെ പൂര്‍വികര്‍ താമസം തുടങ്ങിയ ഭൂമിയുടെ പാട്ടക്കരാര്‍ പുതുക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത് 2009ലാണ്. തുടര്‍ന്ന്, സര്‍ക്കാര്‍ പ്രദേശനിവാസികള്‍ക്ക് സ്വതന്ത്ര കൈവശാവകാശം നല്‍കുകയും അവര്‍ സ്വന്തം ഭൂമിയായി അവിടെ തുടര്‍ന്ന് താമസിക്കുകയും ചെയ്തു വരുന്നു. ഇതിനിടയില്‍ നിരവധി പേര്‍ തങ്ങളുടെ ഭൂമി ആവശ്യാനുസരണം വില്‍ക്കുകയും മറ്റു ചിലര്‍ വാങ്ങുകയുമൊക്കെ ചെയ്തിട്ടുമുണ്ട്.

അറുപതും എണ്‍പതും വര്‍ഷങ്ങളായി ഇവിടെ താമസിച്ചു വരുന്നവര്‍ ഭൂമിയുടെ കരമടയ്ക്കുകയും മറ്റു ബാധ്യതകളെല്ലാം നിറവേറ്റുകയും ചെയ്തിട്ടുള്ളതാണ്. കൈയേറ്റ ഭൂമി ആയിരുന്നുവെങ്കില്‍ സര്‍ക്കാര്‍ എന്ത് കൊണ്ട് കരം സ്വീകരിച്ചു എന്നും, നാട്ടുകാര്‍ക്ക് വൈദ്യുതി, വെള്ളം തുടങ്ങിയവക്കുള്ള കണക്ഷന്‍ നല്‍കി എന്നുമുള്ള ചോദ്യങ്ങള്‍ ഇവരെ കുടിയൊഴിപ്പിക്കാന്‍ തിരക്ക് കൂട്ടുന്ന ഹൈകോടതി പോലും ചോദിയ്ക്കുന്നില്ല എന്നത് നമ്മെ അതിശയിപ്പിക്കേണ്ടതാണ്. കൂടാതെ, 2016ലെ പൊതുതാത്പര്യ ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കുന്ന സമയത്ത് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ ഭൂമി റെയില്‍വേയുടെത് അല്ലെന്നും നിവാസികള്‍ക്ക് കൈവശാവകാശമുള്ളതാണെന്നും കോടതിയില്‍ സത്യവാങ്മൂലവും നല്‍കിയിട്ടുള്ളതാണ്. അതേ ഭൂമി റെയില്‍വേയുടേതാണെന്ന വാദം ഇപ്പോള്‍ മുഖവിലയ്ക്കെടുത്ത് പരാതിക്കാരോട് ഒഴിഞ്ഞുകൊടുക്കാന്‍ അതേ ഹൈകോടതി തന്നെ ഉത്തരവിടുന്നതില്‍ അപാകത കാണുന്നവരെ എങ്ങനെ തെറ്റ് പറയാനൊക്കും?


ഒഴിയാനായി ഹൈകോടതി ഉത്തരവിട്ടിട്ടുള്ള ഭൂമിയില്‍ മുസ്‌ലിംകളുടെ വീടുകള്‍ മാത്രമല്ല ഉള്ളത്. സ്‌കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍, വാണിജ്യസ്ഥാപനങ്ങള്‍, മസ്ജിദുകള്‍ തുടങ്ങി പലതും ഇവിടെയുണ്ട്. കൂടാതെ, എണ്ണത്തില്‍ കുറവെങ്കിലും ഹിന്ദുഭവനങ്ങളും ക്ഷേത്രങ്ങളും കൂടി ബുള്‍ഡോസറിന്റെ വരവും പ്രതീക്ഷിച്ചിരിക്കുന്ന വസ്തുവകകളില്‍ ഉള്‍പ്പെടുന്നു. അപ്പോള്‍ പിന്നെ ഇതിനെ ഒരു മുസ്ലിം വേട്ടയായി വിശേഷിപ്പിയ്ക്കുന്നതിന്റെ യുക്തിയെന്ത്? ഇത് പിടികിട്ടണമെങ്കില്‍ സ്ഥലം ഒഴിപ്പിയ്ക്കാന്‍ ആവശ്യപ്പെട്ട് ഹൈകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജികള്‍ ഉള്‍പ്പെടെയുള്ളവയുടെ പിന്നിലെ കള്ളക്കളികള്‍ കൂടി മനസ്സിലാക്കേണ്ടതുണ്ട്.

ഒന്നാമതായി, റെയില്‍വേ കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുന്ന 78 ഏക്കര്‍ ഭൂമിയില്‍ സര്‍ക്കാരിന്റെ സ്‌കൂള്‍, കോളജ്, ആശുപത്രി തുടങ്ങിയവയുമുണ്ട്. അതിനാല്‍ തന്നെ, വീടുകള്‍ സംരക്ഷിക്കാനുള്ള ജനങ്ങളുടെ ശ്രമങ്ങള്‍ക്കൊപ്പം ഇപ്പറഞ്ഞ പൊതുമുതല്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഏന്തെങ്കിലും ശ്രമങ്ങള്‍ നടത്തുമെന്ന് നാം പ്രതീക്ഷിക്കും. എന്നാല്‍, റെയില്‍വേ അദാലത്തിലോ കോടതിയിലോ സര്‍ക്കാര്‍ തങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന ഒരു രേഖയും ഹാജരാക്കിയില്ല എന്ന് മാത്രമല്ല, റെയില്‍വേയുടെ വാദം അംഗീകരിച്ച ഹൈകോടതി ഉത്തരവ് നടപ്പാക്കാന്‍ പൂര്‍ണ്ണ പിന്തുണയും വാഗ്ദാനം ചെയ്തു. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് സ്‌കൂളുകളും ആശുപത്രിയുമെല്ലാം സംരക്ഷിക്കാനായി ഒരു നീക്കം നടന്നിരുന്നുവെങ്കില്‍ അത് പ്രയോജനപ്പെടുമായിരുന്ന നാട്ടുകാര്‍ ഇതോടെ ഒറ്റപ്പെടുകയായിരുന്നു. സ്വന്തം കെട്ടിടങ്ങളും വസ്തുവകകളും കൂടി ബലികൊടുത്തും ഏത് വിധേനയും പ്രദേശത്തെ മുസ്‌ലിംകളെ കുടിയിറക്കണമെന്ന ബി.ജെ.പി സര്‍ക്കാരിന്റെ വാശി ഇതോടെ മറനീക്കി പുറത്തു വരുന്നു.


റെയില്‍വേയുടെ ഭൂമി ഒഴിപ്പിക്കുന്നതിനായി ഫയല്‍ ചെയ്യപ്പെട്ട രണ്ട് ഹര്‍ജികളില്‍ ഒന്ന് പോലും സമര്‍പ്പിച്ചത് ഉടമസ്ഥാവകാശം ഉന്നയിക്കുന്ന റെയില്‍വേ ആയിരുന്നില്ല എന്നതും നാം ശ്രദ്ധയോടെ കാണേണ്ടതുണ്ട്. തങ്ങളുടേതെന്ന് റെയില്‍വേ അവകാശപ്പെടുന്ന ഭൂമി വിട്ടുകിട്ടാനായി അവര്‍ എന്തുകൊണ്ട് കോടതിയില്‍ പോയില്ല? ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുമ്പോഴാണ് ഞെട്ടിക്കുന്ന ഒരു വസ്തുത നമുക്ക് മുന്നിലേക്ക് വരുന്നത്.

ക്രാന്തികാരി ലോക് അധികാര്‍ സംഘഠന്‍ എന്ന എന്‍.ജി.ഒ പ്രദേശവാസികള്‍ക്ക് വേണ്ടി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്ക് മറുപടിയായി റെയില്‍വേ പറഞ്ഞത് ഇപ്പറഞ്ഞ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ പര്യാപ്തമായ രേഖകള്‍ തങ്ങളുടെ പക്കലില്ല എന്നാണ്. റെയില്‍വേ സ്റ്റേഷനും ട്രാക്കുകള്‍ പോകുന്ന പ്രദേശവുമൊഴികെ മറ്റൊരു ഭൂമിയും തങ്ങളുടേതാണെന്ന് തെളിയിക്കാന്‍ രേഖാമൂലം റെയില്‍വേക്ക് സാധ്യമല്ല എന്ന യാഥാര്‍ഥ്യം മനസ്സിലാക്കുമ്പോഴേ അവര്‍ എന്തുകൊണ്ട് ഹര്‍ജി നല്‍കിയില്ല എന്നതിന് പിന്നിലെ സത്യം വെളിയില്‍ വരൂ.

ഒന്ന്, ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഒന്നുമില്ലാതെ നാലായിരത്തില്‍പരം കുടുംബങ്ങളെ വെറും രണ്ടാഴ്ചത്തെ നോട്ടീസ് നല്‍കി കുടിയൊഴിപ്പിക്കാനുള്ള ഉത്തരവ് ഹൈകോടതിയില്‍ നിന്ന് സമ്പാദിക്കാന്‍ റെയില്‍വേയ്ക്ക് എങ്ങനെ സാധിച്ചു? രണ്ട്, ഒരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശം കുടിയൊഴിപ്പിച്ച് അവിടത്തെ നിരപരാധികളായ മുസ്‌ലിംകളെ പെരുവഴിയിലിറക്കാന്‍ റെയില്‍വേയുടെ മറവില്‍ പൊതുതാല്‍പര്യ ഹര്‍ജി എന്ന ആയുധം പ്രയോഗിച്ചത് ആരാണ്?

അപ്പോള്‍ ഇത് മര്‍മപ്രധാനമായ രണ്ട് ചോദ്യങ്ങള്‍ നമുക്ക് മുന്നില്‍ ഉയര്‍ത്തുന്നു. ഒന്ന്, ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഒന്നുമില്ലാതെ നാലായിരത്തില്‍പരം കുടുംബങ്ങളെ വെറും രണ്ടാഴ്ചത്തെ നോട്ടീസ് നല്‍കി കുടിയൊഴിപ്പിക്കാനുള്ള ഉത്തരവ് ഹൈകോടതിയില്‍ നിന്ന് സമ്പാദിക്കാന്‍ റെയില്‍വേയ്ക്ക് എങ്ങനെ സാധിച്ചു? രണ്ട്, ഒരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശം കുടിയൊഴിപ്പിച്ച് അവിടത്തെ നിരപരാധികളായ മുസ്‌ലിംകളെ പെരുവഴിയിലിറക്കാന്‍ റെയില്‍വേയുടെ മറവില്‍ പൊതുതാല്‍പര്യ ഹര്‍ജി എന്ന ആയുധം പ്രയോഗിച്ചത് ആരാണ്?

ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം സാമാന്യബുദ്ധി പ്രയോഗിച്ചാല്‍ തന്നെ മനസിലാക്കാം എന്നിരിക്കേ അത് വായനക്കാരുടെ യുക്തിക്ക് വിടുന്നു. രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം, രവി ശങ്കര്‍ ജോഷി എന്നാണ്. ഹല്‍ദ്വാറിലെ അറിയപ്പെടുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ് ഇയാള്‍ എന്ന് മനസ്സിലാക്കാന്‍ ഇയാളുടെ സോഷ്യല്‍ മീഡിയയിലെ പ്രൊഫൈല്‍ മാത്രം പരിശോധിച്ചാല്‍ മതിയാവും. മുസ്‌ലിം വിരോധവും വംശീയവെറിയും നിറഞ്ഞ ഇയാളുടെ പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. അങ്ങനെ, ഒരു രാജ്യത്തിന്റെ നിയമസംവിധാനങ്ങളെയും ജനാധിപത്യ വ്യവസ്ഥയെയും സംഘ്പരിവര്‍ എപ്രകാരം സമ്പൂര്‍ണമായി കൈയടക്കുകയും അവയെ മുസ്‌ലിം ഉന്മൂലനം എന്ന ഒരൊറ്റ ബിന്ദുവിലേക്ക് സമര്‍ഥമായി കേന്ദ്രീകരിക്കുകയും ചെയ്യുന്നു എന്നതിനുള്ള ഏറ്റവും പുതിയ ഉദാഹരണമായി ഹല്‍ദ്വാനിയിലെ നിരപരാധികളായ മുസ്‌ലിംകളുടെ നരകയാതനകള്‍ മാറിക്കൊണ്ടിരിക്കുകയാണ്.

TAGS :