Quantcast
MediaOne Logo

ഡോ. ബിനോജ് നായര്‍

Published: 11 Dec 2022 8:58 AM GMT

കശ്മീര്‍ ഫയല്‍സ് - വെറുപ്പിന്റെ വിസ്മയ വിപണി

ഇന്ത്യന്‍ മുസ്‌ലിംകളെ ഹിന്ദു വിരോധികളും നാടിനോട് കൂറില്ലാത്ത പാകിസ്താന്‍ ചാരന്മാരും ഭീകരവാദത്തിന് ഒത്താശ ചെയ്യുന്നവരുമായി ചിത്രീകരിക്കുക എന്ന ആര്‍.എസ്.എസ് കര്‍മപദ്ധതിയിലേക്ക് ആളെ കൂട്ടുന്ന പണി മാത്രമാണ് കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിലൂടെ വിവേക് അഗ്‌നിഹോത്രി ചെയ്തിട്ടുള്ളത്. |TheFourtEye

കശ്മീര്‍ ഫയല്‍സ് - വെറുപ്പിന്റെ വിസ്മയ വിപണി
X

ഇക്കഴിഞ്ഞ ആഴ്ചയാണ് ദേശീയ ചലച്ചിത്രോത്സവത്തിലെ ജൂറി ചെയര്‍മാന്‍ നാദവ് ലാപിഡ് കശ്മീര്‍ ഫയല്‍സ് എന്ന സിനിമയെ അശ്ലീലമായ പ്രചാരവേല എന്ന് വിശേഷിപ്പിച്ചത്. ഭാരതത്തിന്റെ യശസ്സ് ലോകമെമ്പാടും ഉയര്‍ത്തിയ മഹത്തായ കലാസൃഷ്ടിയെന്ന് ഹിന്ദുത്വവാദികള്‍ അവകാശപ്പെടുന്ന ഒരു സിനിമയെയാണ് ഒരു വിദേശ ചലച്ചിത്രകാരന്‍ സഭ്യതയുടെ അതിര്‍ വരമ്പിനുള്ളില്‍ സാധ്യമായ ഏറ്റവും മോശം പദങ്ങള്‍ കൊണ്ട് വിശേഷിപ്പിച്ചത്.

മറ്റ് ജൂറി അംഗങ്ങള്‍ ലാപിഡിന്റെ അഭിപ്രായത്തോട് പൂര്‍ണമായും യോജിച്ചപ്പോള്‍ ഇന്ത്യക്കാരനായ ഏക അംഗം വെറുപ്പിനും ഹിന്ദുത്വവംശീയതക്കും കുട പിടിച്ചു കൊണ്ട് ചിത്രത്തെ ന്യായീകരിച്ചു. ഇതില്‍ അത്ഭുതം തോന്നുന്നവര്‍ ഈ ഇന്ത്യക്കാരന്‍ ആരാണെന്ന് മനസ്സിലാക്കുമ്പോള്‍ അത് മാറിക്കിട്ടും. കശ്മീര്‍ ഫയല്‍സിന്റെ പാത പിന്‍തുടര്‍ന്ന് കേരള സ്‌റ്റോറി എന്ന പേരില്‍ മറ്റൊരു സംഘ്പരിവാര്‍ ആഭാസത്തെ യാഥാര്‍ഥ്യത്തിന്റെ രൂപത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുന്ന സുദീപ്‌തോ സെന്‍ ആണ് ഈ വിദ്വാന്‍.


അപ്പോള്‍ ലാപിഡിന്റെ ഈ കടുത്ത വാക്കുകളുടെ അടിസ്ഥാനം എന്തായിരിക്കും? അദ്ദേഹത്തിന്റെ ബൗദ്ധിക സത്യസന്ധത തന്നെ. മുസ്‌ലിം വിരുദ്ധതയുടെ തിമിരം ബാധിച്ചിട്ടില്ലാത്ത കണ്ണുകളിലൂടെ സിനിമ കാണുന്ന ആര്‍ക്കും അതിന് പിന്നിലെ സംഘ്പരിവാരത്തിന്റെ കുടിലതന്ത്രങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസമുണ്ടാവില്ല. ഇന്ത്യന്‍ മുസ്‌ലിംകളെ ഹിന്ദു വിരോധികളും നാടിനോട് കൂറില്ലാത്ത പാകിസ്താന്‍ ചാരന്മാരും ഭീകരവാദത്തിന് ഒത്താശ ചെയ്യുന്നവരുമായി ചിത്രീകരിക്കുക എന്ന ആര്‍.എസ്.എസ് കര്‍മപദ്ധതിയിലേക്ക് ആളെ കൂട്ടുന്ന പണി മാത്രമാണ് ചിത്രത്തിലൂടെ അവരുടെ പിണിയാളായ വിവേക് അഗ്‌നിഹോത്രി ചെയ്തിട്ടുള്ളത്.

സിനിമ എന്ന മാധ്യമത്തിലൂടെ പറയുന്നതെല്ലാം സത്യമാവണം എന്ന് നമുക്ക് ന്യായമായും വാശി പിടിയ്ക്കാനാവില്ല. ചില അപവാദങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍, ഭൂരിഭാഗം സിനിമകളും വെറും ഭാവനാസൃഷ്ടികള്‍ ആണെന്നുള്ളതില്‍ എനിയ്‌ക്കോ നിങ്ങള്‍ക്കോ തര്‍ക്കമുണ്ടാവേണ്ടതില്ല. അവയൊന്നും അശ്ലീലമോ പ്രചാരവേലയോ ആയി വ്യാഖ്യാനിക്കപ്പെടാറുമില്ല. എന്നാല്‍, കശ്മീര്‍ ഫയല്‍സിന് എതിരായി ഇത്രയധികം പ്രതിഷേധം ഉയര്‍ന്നു വരാനുള്ള കാരണം സത്യമാണെന്ന അവകാശവാദത്തോടെ പച്ചക്കള്ളം പറയുന്നു എന്നതിനാലാണ്.

എണ്‍പതുകളുടെ ഒടുവില്‍ നടന്ന പണ്ഡിറ്റുകളുടെ കൂട്ടക്കൊലയില്‍ നാലായിരം പണ്ഡിറ്റുകള്‍ കൊല്ലപ്പെട്ടു എന്നതാണ് വിവേക് അഗ്‌നിഹോത്രി ഉയര്‍ത്തുന്ന വാദം. രാജാവിനേക്കാള്‍ വലിയ രാജഭക്തി എന്ന് പറയുന്നത് പോലെ പണ്ഡിറ്റുകള്‍ക്ക് പോലും ഇല്ലാത്ത ഒരു വാദമാണ് ഇവിടെ അഗ്‌നിഹോത്രി മുന്നോട്ട് വെക്കുന്നത്. പണ്ഡിറ്റുകള്‍ പറയുന്ന കണക്കുകള്‍ പ്രകാരം മരണസംഖ്യ ഇരൂനൂറോ മുന്നൂറോ ഒക്കെയാണ്, അതായത് അഗ്‌നിഹോത്രി പറയുന്നതിന്റെ പത്തു ശതമാനം പോലുമില്ല എന്നര്‍ഥം. ഇനി സര്‍ക്കാര്‍ കണക്കുകള്‍ കൂടി നമുക്ക് പരിശോധിക്കാം. വിവരാവകാശ പ്രകാരം ശ്രീനഗറിലെ പൊലീസ് ആസ്ഥാനം പുറത്തു വിട്ട വിവരമനുസരിച്ച് മരണപ്പെട്ട പണ്ഡിറ്റുകളുടെ എണ്ണം 89 ആണ്. യഥാര്‍ഥ കണക്കുകളെ എത്ര മാത്രം വലിച്ചു നീട്ടിയാണ് അഗ്‌നിഹോത്രി കാണികളെ തെറ്റിദ്ധരിപ്പിക്കുന്നത് എന്ന് ഇവിടെ വ്യക്തമാണ്.

പരസ്പരം സഹകരിച്ചു കഴിയുന്ന നിങ്ങളുടെ മുസ്‌ലിം അയല്‍വാസിയെ നിങ്ങള്‍ക്കെതിരെ തിരിയ്ക്കാന്‍ അവരുടെ മതവിശ്വാസത്തിന് നിഷ്പ്രയാസം സാധിയ്ക്കും എന്ന അപായമണി ഹിന്ദുവിന്റെ തലയ്ക്കുള്ളില്‍ മുഴക്കുക, അങ്ങനെ മതസ്പര്‍ദ്ധ വളര്‍ത്തി അവരെ സംഘ്പരിവാറിന്റെ കൂടാരത്തിലേയ്ക്ക് നയിക്കുക - ഈ പദ്ധതി എത്ര വിജയകരമായാണ് ആര്‍.എസ്.എസ് അഗ്‌നിഹോത്രി വഴി പൂര്‍ത്തീകരിച്ചത്

പണ്ഡിറ്റുകളുടെ കൊലപാതകങ്ങളെയോ കൂട്ടപ്പലായനങ്ങളെയോ ആര്‍ക്കും നിരാകരിക്കാനാവില്ല. അത് അവിതര്‍ക്കിതമായ ഒരു അത്യാഹിതമാണ്. പണ്ഡിറ്റുകള്‍ കൊല്ലപ്പെട്ടതിന് കാരണം അവരുടെ മതമായിരുന്നു എന്നതും പകല്‍ പോലെ വ്യക്തം. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാന്റെ സഹായത്തോടെ നടന്ന ഭീകരപ്രവര്‍ത്തനമായിരുന്നു എന്നതിലും നമുക്ക് തര്‍ക്കമില്ല. എന്നാല്‍, പണ്ഡിറ്റുകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ക്ക് ഇന്ത്യയിലെ മുഴുവന്‍ മുസ്‌ലിംകളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുക എന്നതാണ് അഗ്‌നിഹോത്രിയുടെ സിനിമയുടെ ലക്ഷ്യം. തീവ്രവാദികളുടെ സഹായികളും ഹിന്ദുക്കളുടെ ഒറ്റുകാരുമായി മുസ്‌ലിംകളെ ചിത്രീകരിക്കുക വഴി അവരെ വിശ്വസിക്കാന്‍ കൊള്ളാത്തവര്‍ എന്ന ചിന്ത സാധാരണ ഹിന്ദു മസ്തിഷ്‌കങ്ങളില്‍ പാകാന്‍ ചിത്രം കുതന്ത്രങ്ങള്‍ മെനയുന്നു. പരസ്പരം സഹകരിച്ചു കഴിയുന്ന നിങ്ങളുടെ മുസ്‌ലിം അയല്‍വാസിയെ നിങ്ങള്‍ക്കെതിരെ തിരിയ്ക്കാന്‍ അവരുടെ മതവിശ്വാസത്തിന് നിഷ്പ്രയാസം സാധിയ്ക്കും എന്ന അപായമണി ഹിന്ദുവിന്റെ തലയ്ക്കുള്ളില്‍ മുഴക്കുക, അങ്ങനെ മതസ്പര്‍ദ്ധ വളര്‍ത്തി അവരെ സംഘ്പരിവാറിന്റെ കൂടാരത്തിലേയ്ക്ക് നയിക്കുക - ഈ പദ്ധതി എത്ര വിജയകരമായാണ് ആര്‍.എസ്.എസ് അഗ്‌നിഹോത്രി വഴി പൂര്‍ത്തീകരിച്ചത് എന്നറിയാന്‍ സിനിമയുടെ പ്രദര്‍ശനം നടന്ന തീയേറ്ററുകളിലെ കോലാഹലങ്ങള്‍ മാത്രം ഒന്ന് ശ്രദ്ധിച്ചാല്‍ മതിയാവും.

മുല്ലേ കാട്ടെ ജായേങ്കെ റാം റാ. ചില്ലായേങ്കെ, ഗോലി മാറോ സലോ കോ ദേശ് കെ ഗദ്ദാറോ കോ തുടങ്ങിയ മുസ്‌ലിം വംശഹത്യാ ആഹ്വാനങ്ങളും ഷാറുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ എന്നിവരുടെ സിനിമകള്‍ ബഹിഷ്‌ക്കരിക്കാനുള്ള മുറവിളികളും ഇതിനെല്ലാം അകമ്പടിയായി ആര്‍.എസ്.എസ് ശാഖയിലെ പ്രാര്‍ഥനാ ഗാനവും മുഴക്കി സിനിമ കണ്ടിറങ്ങിയ ഹിന്ദുത്വഭ്രാന്തന്മാര്‍ തീയേറ്ററുകളില്‍ യുദ്ധപ്രതീതി ജനിപ്പിച്ചു. ഇത് തന്നെ അല്ലെയിരുന്നോ അഗ്‌നിഹോത്രിയുടെ സിനിമയിലൂടെ നേടിയെടുക്കാന്‍ ആര്‍.എസ്.എസ്സ് ലക്ഷ്യമിട്ടതും?

കശ്മീര്‍ ഫയല്‍സ് എന്ന സിനിമ ഇന്ത്യന്‍ മതേതര പൈതൃകത്തോട് കാട്ടിയ ക്രൂരത ഇത് മാത്രമല്ല. കശ്മീരിലെ സമാധാന പ്രിയരായ മുസ്‌ലിംകള്‍ ഹിന്ദു വംശഹത്യക്ക് വേണ്ടി തീവ്രവാദികള്‍ക്ക് ഒത്താശ ചെയ്തു കൊടുത്തു എന്ന ചിന്ത ഹിന്ദു ജനസാമാന്യത്തിന്റെ മനസ്സിലേയ്ക്ക് കടത്തി വിട്ടു എന്നതും ചിത്രത്തിലൂടെ ആര്‍.എസ്സ്.എസ്സ് സാധ്യമാക്കിയ മറ്റൊരു നേട്ടമാണ്. മുസ്‌ലിംകള്‍ തോക്കുമായി നിരത്തിലിറങ്ങി തീവ്രവാദികള്‍ക്കെതിരെ യുദ്ധം ചെയ്‌തോ എന്ന് ചോദിച്ചാല്‍ ജീവനില്‍ കൊതിയുള്ളവരാരും അത് ചെയ്തിട്ടുണ്ടാവില്ല. എന്നാല്‍, തലേന്ന് വരെ ഒത്തൊരുമയോടെ കഴിഞ്ഞ അയല്‍വാസിയായ പണ്ഡിറ്റിനെ തീവ്രവാദിയ്ക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കുന്ന മുസ്‌ലിം കഥാപാത്രം അഗ്‌നിഹോത്രിയുടെ മനസ്സിലെ മുസ്‌ലിം വിരോധം ആള്‍രൂപം പൂണ്ടത് മാത്രമാണ്.


ഇങ്ങനെയൊരു നിഷ്ടൂര പ്രചാരണം വഴി താഴ്‌വരയിലെ ഹിന്ദുക്കളേക്കാള്‍ കൂടുതല്‍ തീവ്രവാദത്തിന്റെ ഇരയായിട്ടുള്ള അഹിന്ദുക്കളുടെ ജീവത്യാഗത്തെയും യാതനകളെയും സര്‍വ്വോപരി അവരുടെ ദേശസ്‌നേഹത്തെയും അപഹസിക്കുക കൂടിയാണ് ഇയാള്‍. ശ്രീനഗര്‍ പൊലീസ് വിവരാവകാശ നിയമപ്രകാരം പുറത്തു വിട്ട ഒരു കണക്ക് പറയുന്നത്, 1989 മുതല്‍ ഇങ്ങോട്ട് താഴ്വരയില്‍ തീവ്രവാദികള്‍ കൊന്ന ആകെ 1,724 പേരില്‍ പണ്ഡിറ്റുകളുടെ എണ്ണം നൂറിന് അടുത്ത് മാത്രമാണ് എന്നാണ്. ബാക്കിയുള്ള മഹാഭൂരിപക്ഷവും ഇതര സമുദായങ്ങളില്‍ പെട്ടവരും.

കശ്മീരി മുസ്‌ലിംകളെ പാകിസ്താന്റെ കൈയിലെ കളിപ്പാവകളും രാജ്യത്തോട് കൂറില്ലാത്തവരുമായി വരച്ചു കാട്ടാന്‍ അഹോരാത്രം പണിയെടുക്കുന്നവരാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ എന്നത് അവിതര്‍ക്കിതമാണല്ലോ. വെറുപ്പിന്റെയും മുസ്‌ലിം വിരോധത്തിന്റെയും വംശീയതയുടെയും കള്ളക്കഥകള്‍ എത്ര പറഞ്ഞിട്ടും മതിവരാത്ത സംഘപരിവാറിന്റെ പിണിയാളുകളായ ഗോദി മീഡിയക്ക് താഴ്‌വരയിലെ ഹിന്ദു-മുസ്‌ലിം സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും കഥകള്‍ മറച്ചു വെച്ചേ പറ്റൂ. അങ്ങനെ അവര്‍ തമസ്‌കരിച്ച ചില അനുഭവ സാക്ഷ്യങ്ങളിലൂടെ നമുക്ക് ഒന്ന് കണ്ണോടിയ്ക്കാം.

പണ്ഡിറ്റുകളുടെ പുനരധിവാസത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അഷീമ കൗളിനുമുണ്ട് നല്ലവരായ തന്റെ മുസ്‌ലിം സുഹൃത്തുക്കളെപ്പറ്റി ഓര്‍ത്തെടുക്കാന്‍ ചിലത്. തീവ്രവാദത്തിലേക്ക് വഴിതെറ്റിപ്പോയ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഒരിയ്ക്കല്‍ തന്റെ വീടിന് നേരെ കല്ലെറിഞ്ഞപ്പോള്‍ അടുത്ത വീടുകളിലെ മുസ്‌ലിംകള്‍ കൂട്ടത്തോടെ വന്ന് ചെറുപ്പക്കാരെ തടയുകയും തങ്ങള്‍ക്ക് രക്ഷാകവചം ഒരുക്കുകയും ചെയ്ത സംഭവം അഷീമ ഇന്നും മറന്നിട്ടില്ല.

പണ്ഡിറ്റുകളുടെ പലായന കാലത്ത് താഴ്‌വര വിട്ട ശ്രീനഗറിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ ചെയര്‍മാന്‍ വിജയ് ധര്‍ അദ്ദേഹത്തിന്റെ അമ്മയുടെ നിര്‍ബന്ധപ്രകാരം രണ്ടു വര്‍ഷത്തിന് ശേഷം ശ്രീനഗറിലേയ്ക്ക് മടങ്ങി. തീവ്രവാദം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് തിരികെയെത്തി അഞ്ചാഴ്ചയോളം തങ്ങള്‍ക്ക് ഭക്ഷണം എത്തിച്ചു തന്നത് തങ്ങളുടെ മുസ്‌ലിം അയല്‍ക്കാരാണ് എന്ന് ധര്‍ നന്ദിയോടെ ഓര്‍ക്കുന്നു. പണ്ഡിറ്റുകളുടെ പുനരധിവാസത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അഷീമ കൗളിനുമുണ്ട് നല്ലവരായ തന്റെ മുസ്‌ലിം സുഹൃത്തുക്കളെപ്പറ്റി ഓര്‍ത്തെടുക്കാന്‍ ചിലത്. തീവ്രവാദത്തിലേക്ക് വഴിതെറ്റിപ്പോയ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഒരിയ്ക്കല്‍ തന്റെ വീടിന് നേരെ കല്ലെറിഞ്ഞപ്പോള്‍ അടുത്ത വീടുകളിലെ മുസ്‌ലിംകള്‍ കൂട്ടത്തോടെ വന്ന് ചെറുപ്പക്കാരെ തടയുകയും തങ്ങള്‍ക്ക് രക്ഷാകവചം ഒരുക്കുകയും ചെയ്ത സംഭവം അഷീമ ഇന്നും മറന്നിട്ടില്ല.

കശ്മീരി മുസ്‌ലിംകളുടെ സ്‌നേഹവും സന്‍മനസ്സും അനുഭവിച്ചറിഞ്ഞ മറ്റൊരാള്‍ പ്രമുഖ എഴുത്തുകാരിയും ശ്രീനഗര്‍ വനിതാ കോളജില്‍ അധ്യാപകയും ആയിരുന്ന നീരജ മട്ടൂ ആണ്. ഇന്ത്യാ വിഭജനകാലത്ത് രാജ്യമെങ്ങും ഹിന്ദു-മുസ്‌ലിം വൈരം അതിന്റെ മൂര്‍ധന്യത്തിലെത്തിയപ്പോള്‍ കശ്മീരില്‍ ഇരു വിഭാഗങ്ങളും തമ്മിലുള്ള ബന്ധത്തിന് വിള്ളല്‍ വന്നില്ല എന്ന് മട്ടു ഓര്‍ത്തെടുക്കുന്നു. എന്നാല്‍, പാകിസ്താന്‍ സൈന്യം ഗോത്രവര്‍ഗക്കാരുടെ വേഷത്തില്‍ നുഴഞ്ഞു കയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും പണ്ഡിറ്റുകളെയും സിഖുകാരെയും ആക്രമിക്കുകയും ചെയ്തപ്പോള്‍ ബാരാമുള്ളയില്‍ തന്റെ കുടുംബത്തിന് അഭയം നല്‍കിയത് മുസ്‌ലിം അയല്‍ക്കാരായിരുന്നു എന്ന് അവര്‍ പറയുന്നു. കൂടാതെ മാംസാഹാരം കഴിയ്ക്കാത്ത തന്റെ കുടുംബത്തിന് ഭക്ഷണം പാകം ചെയ്യാനും വിളമ്പാനുമെല്ലാം പ്രത്യേകം അടുപ്പും പത്രങ്ങളുമെല്ലാം അവര്‍ തയ്യാറാക്കിയതായും മട്ടു ഓര്‍മിക്കുന്നു.


ജനാധിപത്യ അവകാശങ്ങളുടെ ആണിക്കല്ല് എന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒന്നാണ് ഭരണകൂടത്തോട് വിയോജിയ്ക്കാനുള്ള പൗരന്റെ അവകാശം. എന്നാല്‍, വിയോജിപ്പിനുള്ള മൗലികാവകാശത്തെ ദേശവിരുദ്ധതയായി പ്രചരിപ്പിക്കുക എന്നതാണ് കശ്മീര്‍ ഫയല്‍സ് വളരെ വിദഗ്ധമായി ചെയ്ത മറ്റൊരു കുടിലതന്ത്രം. 2016ലെ വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ മുതല്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയെ സംഘ്പരിവാര്‍ സ്ഥിരമായി ലക്ഷ്യം വക്കുന്നത് നമുക്ക് അറിവുള്ളതാണ്. വിദ്യാര്‍ഥികളുടെ മുദ്രാവാക്യങ്ങള്‍ക്കിടയില്‍ സംഘ്പരിവാരത്തിന്റെ ഐ.ടി സെല്‍ 'ഭാരത് തെരെ ടുക്‌ഡേ ഹോങ്കെ' എന്ന ദേശവിരുദ്ധ മുദ്രാവാക്യം വ്യാജമായി ചേര്‍ത്ത് പ്രചരിപ്പിയ്ക്കുകയും അതിന്റെ പേരില്‍ മോദി ഭരണകൂടം കന്‍ഹയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ തുടങ്ങിയവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്തിരുന്നു.

ഫോറന്‍സിക് പരിശോധനയില്‍ മുദ്രാവാക്യങ്ങള്‍ വ്യാജമായി ചേര്‍ത്തതാണെന്ന് തെളിഞ്ഞുവെങ്കിലും ഇന്നും മാധ്യമപ്രവര്‍ത്തനത്തെ സംഘ്പരിവാറിന്റെ കൂലിത്തല്ലിന് വേണ്ടി ദുരുപയോഗം ചെയ്യുന്ന റിപ്പബ്ലിക്ക്, ടൈംസ് നൗ തുടങ്ങിയവര്‍ സര്‍ക്കാരിനെതിരായ വിദ്യാര്‍ഥി സമരങ്ങളെ ദേശദ്രോഹമായി ചിത്രീകരിക്കാന്‍ ഈ വ്യാജമുദ്രാവാക്യത്തിന്റെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് നാം കാണാറുണ്ട്. ഈ പശ്ചാത്തലത്തില്‍ ജെ.എന്‍.യുവിനെ രാജ്യദ്രോഹികളുടെ സുരക്ഷിത താവളമെന്ന രീതിയില്‍ അവതരിപ്പിക്കുന്ന കശ്മീര്‍ ഫയല്‍സ് യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്ന വിദ്യാര്‍ഥികളെ പൊതുസമൂഹത്തില്‍ ഒറ്റപ്പെടുത്തുക എന്ന മോദി സര്‍ക്കാരിന്റെ ഗൂഢപദ്ധതിക്ക് ചൂട്ടുപിടിച്ചു കൊടുക്കുന്ന പണിയാണ് ചെയ്തിട്ടുള്ളത്.

ഒരു കാലത്ത് രാഷ്ട്രശില്‍പിയായ പണ്ഡിറ്റ് നെഹ്രുവും ആത്മമിത്രമായ കശ്മീര്‍ സിംഹം ഷെയ്ഖ് അബ്ദുള്ളയും ചേര്‍ന്ന് നട്ടുനനച്ചു വളര്‍ത്തിയ സാഹോദര്യത്തിന്റെ മൂലമന്ത്രമായ കശ്മീരിയത്തിനെ വെറുപ്പിന്റെ തീതുപ്പുന്ന സംഘ്പരിവാര്‍ രാഷ്ട്രീയം ഇന്ന് പൂര്‍ണമായും വിഴുങ്ങിക്കഴിഞ്ഞു.

മുസ്‌ലിംകളെ അകാരണവും അന്യായവുമായി കിരാതവല്‍ക്കരിയ്ക്കുകയും വിശ്വസിയ്ക്കാന്‍ കൊള്ളാത്ത ദേശദ്രോഹികളായി ചിത്രീകരിക്കുകയും ചെയ്യുന്ന സിനിമയുടെ പ്രചാരണത്തിന് നരേന്ദ്ര മോദിയുടെ ഭരണകൂടവും സംഘ്പരിവാര്‍ ഭരിയ്ക്കുന്ന സംസ്ഥാന സര്‍ക്കാറുകളും നല്‍കിയ പ്രോത്സാഹനവും സഹായങ്ങളും ഒന്ന് പരിശോധിക്കുക. സബ് കാ സാഥ് സബ് കാ വികാസ് എന്ന നിരര്‍ത്ഥക നാടകത്തിലൂടെ മുസ്ലിമുകളെ ചേര്‍ത്തുപിടിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കുകയും, എന്നാല്‍ അവരെ എക്കാലത്തും പിന്നില്‍ നിന്ന് കുത്തുകയും ചെയ്തിട്ടുള്ള മോദി തന്നെ സിനിമയെ വിജയിപ്പിക്കാന്‍ എല്ലാ ദേശസ്‌നേഹികളോടും ആഹ്വനം ചെയ്യുന്നത് നാം കണ്ടു.

കൂടാതെ ബി.ജെ.പി ഭരിക്കുന്ന കര്‍ണ്ണാടക, ഹരിയാന, ഗോവ, യു.പി, ത്രിപുര, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ചിത്രത്തെ നികുതിയില്‍ നിന്ന് ഒഴിവാക്കി മുസ്‌ലിം വിരുദ്ധത തങ്ങള്‍ക്ക് എത്രമാത്രം പ്രിയപ്പെട്ട ലക്ഷ്യമാണെന്ന് സംഘ്പരിവാര്‍ രാജ്യത്തിനാകെ കാട്ടിത്തന്നു. ഇതേസമയം ഗുജറാത്ത് കലാപകാലത്ത് സംഘ്പരിവാറിന്റെ ഭീകരമായ ആക്രമണത്തിന് ഇരയായ ഒരു മുസ്‌ലിം കുടുംബത്തിന്റെ കഥ പറഞ്ഞ പര്‍സാനിയ എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ഉണ്ടായിട്ട് പോലും ബി.ജെ.പി സര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിക്കുന്നതും നാം കണ്ടു.

പണ്ഡിറ്റുകള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ വിറ്റ് കശക്കി അതിന്റെ മറവില്‍ മുസ്‌ലിം വിരോധം വളര്‍ത്തി എന്നല്ലാതെ അതിന് മറ്റാരെയും കുറ്റപെടുത്താന്‍ ബി.ജെ.പിക്കോ സംഘ്പരിവാറിനോ മോദി സര്‍ക്കാരിനോ സാധിക്കില്ല. 1990ല്‍ പണ്ഡിറ്റുകളെ തീവ്രവാദികള്‍ കശാപ്പ് ചെയ്യുകയും താഴ്വരയില്‍ നിന്ന് ഓടിക്കുകയുമെല്ലാം ചെയ്യുമ്പോള്‍ ബി.ജെ.പി അന്നത്തെ വി.പി സിംഗ് സര്‍ക്കാരിനെ പിന്തുണച്ചിരുന്ന കക്ഷിയാണ്. പിന്നീട് പത്തു മാസങ്ങള്‍ക്ക് ശേഷം ഒക്ടോബറില്‍ അദ്വാനിയുടെ രഥയാത്ര തടഞ്ഞപ്പോള്‍ സിങ്ങിനുള്ള പിന്തുണ പിന്‍വലിച്ച അവര്‍ക്ക് ജനുവരിയില്‍ പണ്ഡിറ്റുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നപ്പോള്‍ അത് പിന്തുണ പിന്‍വലിക്കാനുള്ള കാരണമായി തോന്നിയിരുന്നില്ല.

തങ്ങളുടെ കണ്ണുനീര്‍ വോട്ടാക്കി മാറ്റി തുടര്‍ച്ചയായി അധികാരത്തിലെത്തുന്ന ബി.ജെ.പിയുടെ ഭാഗത്തു നിന്ന് തങ്ങള്‍ക്ക് നേരിട്ട വിശ്വാസവഞ്ചനയെപ്പറ്റി രാഹുല്‍ പണ്ഡിത Our Moon has Blood Clots എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഡല്‍ഹിയുടെയും ജമ്മുവിന്റെയും കൊടും തണപ്പില്‍ വഴിയോരങ്ങളില്‍ ടെന്റ്റ് കെട്ടി താമസിക്കുന്ന പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനായി കഴിഞ്ഞ എട്ട് കൊല്ലമായി കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ഒടുവില്‍ Article 370 ന്റെ പേരിലും വോട്ട് തട്ടിയ അവര്‍ 2020ല്‍ വ്യവസായ വകുപ്പിന് 3,000 ഏക്കര്‍ ഭൂമി കൈമാറിയപ്പോഴും പണ്ഡിറ്റുകളുടെ പുനരധിവാസത്തിന് വേണ്ടി തിരഞ്ഞെടുപ്പ് കാലത്ത് ഒഴുക്കുന്ന മുതലക്കണ്ണീരില്‍ കൂടുതലായി ഒന്നും ചെയ്തില്ല.

ഗാന്ധിയുടെ രക്തക്കറ ഇനിയുമുണങ്ങാത്ത കൈകളാല്‍ സംഘ്പരിവാര്‍ ഈ സിനിമയിലൂടെ കാശ്മീരിയത്തിന്റെ കഴുത്തു ഞെരിക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്തിട്ടുള്ളത്. ഹിന്ദുത്വ ഭരണകൂടത്തിന് കീഴില്‍ നിരന്തരമായി ആക്രമിയ്ക്കപ്പെടുന്ന ഇന്ത്യയിലെ മുസ്‌ലിംകളുടെ ആത്മാഭിമാനത്തിന് നേര്‍ക്ക് സംഘ്പരിവാര്‍ ഉതിര്‍ത്ത മറ്റൊരു വെടിയുണ്ടയായി ഈ സിനിമയെ കാണാവുന്നതാണ്. അല്ലെങ്കിലും രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്ക് വെടിയുതിര്‍ത്തവര്‍ എന്തിന് പാവം മുസ്‌ലിംകളെ വെറുതെ വിടണം?

മതേതര ജനാധിപത്യ വ്യവസ്ഥകള്‍ വെറും കടലാസ്സില്‍ ഉറങ്ങുന്ന ഇന്നത്തെ ഇന്ത്യ രാഷ്ട്രീയമായി സംഘ്പരിവാര്‍ നിയന്ത്രിക്കുന്ന ഒരു ഫാഷിസ്റ്റ് ഹിന്ദുരാഷ്ട്രമാണ് എന്ന സത്യം നാം അംഗീകരിയ്ക്കാതിരുന്നിട്ട് കാര്യമില്ല. ജര്‍മ്മനിയിലെ നാസി ഭരണകൂടത്തിന്റെ ജൂതവിരുദ്ധ വംശീയ ദേശീയതയെ മുസ്‌ലിം വിരുദ്ധതയുടെ മേലങ്കി അണിയിച്ച് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന സംഘ്പരിവാര്‍ ഇങ്ങനെ മാധ്യമങ്ങളുടെയും വിവേക് അഗ്‌നിഹോത്രിയെപ്പോലുള്ള സിനിമാക്കാരുടെയും തോളില്‍ തോക്ക് ചാരി വെച്ച് മുസ്‌ലിംകള്‍ക്ക് നേരെ വെടിയുതിര്‍ത്തു കൊണ്ടേയിരിക്കും. ഒരു കാലത്ത് രാഷ്ട്രശില്‍പിയായ പണ്ഡിറ്റ് നെഹ്രുവും ആത്മമിത്രമായ കശ്മീര്‍ സിംഹം ഷെയ്ഖ് അബ്ദുള്ളയും ചേര്‍ന്ന് നട്ടുനനച്ചു വളര്‍ത്തിയ സാഹോദര്യത്തിന്റെ മൂലമന്ത്രമായ കശ്മീരിയത്തിനെ വെറുപ്പിന്റെ തീതുപ്പുന്ന സംഘ്പരിവാര്‍ രാഷ്ട്രീയം ഇന്ന് പൂര്‍ണമായും വിഴുങ്ങിക്കഴിഞ്ഞു. കശ്മീര്‍ ഇന്നും ഇന്ത്യയുടെ ഭാഗമായി തുടരുന്നതിനുള്ള ഏകകാരണമായി ചരിത്രം വിലയിരുത്തുന്ന നെഹ്റു-അബ്ദുള്ള സൗഹൃദത്തെ സംഘ്പരിവാര്‍ വ്യാജചരിത്ര നിര്‍മിതിയാല്‍ വക്രീകരിച്ചു വികൃതമാക്കിയിരിക്കുന്നു.

സംഘ്പരിവാര്‍ ഭരിക്കുന്ന ഇന്ത്യയില്‍ വെറുപ്പിനും വ്യാജപ്രചാരണങ്ങള്‍ക്കുമുള്ള അപാരമായ വിപണന സാധ്യതയുടെ ലജ്ജിപ്പിക്കുന്ന ദൃഷ്ടാന്തമായി The Kashmir Files മാറിയിരിക്കുകയാണ്. ഗാന്ധിയുടെ രക്തക്കറ ഇനിയുമുണങ്ങാത്ത കൈകളാല്‍ സംഘ്പരിവാര്‍ ഈ സിനിമയിലൂടെ കാശ്മീരിയത്തിന്റെ കഴുത്തു ഞെരിക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്തിട്ടുള്ളത്. ഹിന്ദുത്വ ഭരണകൂടത്തിന് കീഴില്‍ നിരന്തരമായി ആക്രമിയ്ക്കപ്പെടുന്ന ഇന്ത്യയിലെ മുസ്‌ലിംകളുടെ ആത്മാഭിമാനത്തിന് നേര്‍ക്ക് സംഘ്പരിവാര്‍ ഉതിര്‍ത്ത മറ്റൊരു വെടിയുണ്ടയായി ഈ സിനിമയെ കാണാവുന്നതാണ്. അല്ലെങ്കിലും രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്ക് വെടിയുതിര്‍ത്തവര്‍ എന്തിന് പാവം മുസ്‌ലിംകളെ വെറുതെ വിടണം?


TAGS :