Quantcast
MediaOne Logo

നജീബ് മൂടാടി

Published: 11 Aug 2022 2:19 PM GMT

ഇങ്ങനെയൊന്നുമായിരുന്നില്ല നമ്മള്‍

ഒരാള്‍ വന്ദിക്കുന്നതിനെ നിന്ദിക്കാതിരിക്കുക എന്നത് മനുഷ്യരോടുള്ള ആദരവാണ്. പഠിപ്പും പത്രാസും കുറവായിരുന്നെങ്കിലും ആ ഒരു ബോധമുള്ളവരായിരുന്നു നമ്മുടെ മുന്‍തലമുറകള്‍. | നുരുമ്പിരായിരം: നജീബ് മൂടാടിയുടെ എഴുത്ത് മാല ആരംഭിക്കുന്നു.

ഇങ്ങനെയൊന്നുമായിരുന്നില്ല നമ്മള്‍
X
Listen to this Article

'എടാ ആരെയെങ്കിലും വിളിച്ച് പറമ്പൊന്ന് വെടിപ്പാക്കിക്ക്... ആകെ കാട് പിടിച്ച് കെടക്ക്ന്ന് 'ഉമ്മ ഇടയ്ക്കിടെ ഓര്‍മ്മപ്പെടുത്തും. ഞങ്ങള്‍ ജനിച്ചു വളര്‍ന്ന വീട് നിന്ന പുരയിടമാണ്. തറവാട് പൊളിച്ച് അനുജന്മാര്‍ വീട് വെച്ചെങ്കിലും അവര്‍ കുടുംബസമേതം ഏറെയും പുറത്തായത് കൊണ്ട് പറമ്പില്‍ ആള്‍പെരുമാറ്റം ഇല്ലാതെ പുല്ലും കാടും പെട്ടെന്ന് വളരും. അനുജന്മാരുടെ വീട്ടിലാവുമ്പോള്‍ കാട് മൂടിയ പറമ്പ് കാണുന്നത് ഉമ്മാക്ക് അസ്വസ്ഥതയാണ്.

പറമ്പിന്റെ ഒരതിര് ക്ഷേത്രക്കുളവും ഒരതിര് അതോട് ചേര്‍ന്നുള്ള കാവുമാണ്. ഓര്‍മവെച്ച കാലം മുതല്‍ കാണുന്ന കാഴ്ചയാണ് പച്ചനിറമുള്ള വെള്ളം നിറഞ്ഞ കുളവും ആകാശം മുട്ടുന്ന മരങ്ങള്‍ തിങ്ങിയ കാവും. വിശാലമായ ഈ കുളത്തിലാണ് തൊട്ടടുത്ത മൂടാടി തെരുവിലെ ഏറെ ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും കുളിക്കുകയും അലക്കുകയും ചെയ്യുന്നത്. വിഷുദിവസം ഉച്ചകഴിഞ്ഞു 'തന്നാരം' പാടുന്നതും 'പൂക്കുട്ടി'യെ കൊണ്ടുപോകുന്നതും കാവില്‍ നിന്നാണ്.

എല്ലാ വീടുകളിലും കുളിമുറികള്‍ ആയതോടെ കുളത്തില്‍ പഴയ പോലെ അധികമാരും കുളിക്കാന്‍ വരാറില്ല. വിഷുദിവസമല്ലാതെ കാവിലും ആള്‍പെരുമാറ്റം കുറവ്. കുറേക്കൂടെ പായലിന്റെ പച്ചപ്പോടെ ഗാംഭീര്യത്തോടെ ഒച്ചയനക്കമില്ലാതെ കുളവും പഴയതിലും തലയെടുപ്പോടെ കാവും.

'എടാ മഴന്റെ മുമ്പ് ആരെയെങ്കിലും വിളിച്ച് ഇഞ്ഞ് വയ്യിലെ പറമ്പെങ്കിലും വെടിപ്പാക്കിക്ക്.... ഇനിക്കത് കാണുമ്പോ എന്തോ പോലെ... ആട ഇങ്ങനെ വൃത്തികേടായി കിടക്കുന്നത് ശരിയല്ല' ഉമ്മ വിടുന്ന മട്ടില്ല.

കഴിഞ്ഞ രണ്ടു വര്‍ഷമായി കൊറോണ കൂടെ ആയതോടെ തീരെ കൊത്തും കിളയും ഇല്ലാതായി കാട് പിടിച്ച പറമ്പ് അഞ്ചു ദിവസം കൊണ്ട് തമിഴ്‌നാട്ടുകാരന്‍ കണ്ണനും ഭാര്യ പഞ്ചവര്‍ണ്ണവും മകനും കഴുകി തുടച്ചു വെച്ചപോലെ വൃത്തിയാക്കി തന്നു. പറമ്പങ്ങനെ കണ്ണാടി പോലെ തിളങ്ങി നിന്നപ്പോള്‍ ഉമ്മാക്ക് സന്തോഷമായി.. ഉമ്മ പറഞ്ഞു.

'എടാ നെനക്കറിയ്യോ

ഞാന്‍ മീന്‍ കഴുകിയ വെള്ളം പോലും കാവിന്റെ ഭാഗത്തേക്ക് ഒഴിക്കലുണ്ടായിര്ന്നില്ല.......

ഓല് ബഹുമാനിക്കുന്ന സലല്ലേ....മ്മളും ആ ആദരവോടെ കാണണം....ഇപ്പോ എന്തൊരു സമാധാനം ഉണ്ട്‌ന്നോ.. ഇങ്ങനെ കാണുമ്പോ'

എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. നിരത്തരികിലെ പറമ്പ് വാങ്ങി വീടിന് കുറ്റിയടിക്കുമ്പോള്‍ തലശ്ശേരിക്കാരനായ തമ്പായി ആശാരി ഉപ്പാനോട് പറഞ്ഞത്രേ. 'തൊട്ടടുത്ത് കാവുണ്ടല്ലോ കഴിയുന്നതും ഈ വളപ്പില്‍ വെച്ച് മൃഗങ്ങളെ അറുക്കരുത്'

നടന്നുപോകാനുള്ള ഇത്തിരി ഇടം മാത്രം വിട്ടു കൊടുത്താല്‍ പോരേ എന്ന് ചോദിച്ചപ്പോള്‍ ഉപ്പ പറഞ്ഞു. 'ഈ മണ്ണൊന്നും മ്മള് മരിക്കുമ്പൊ കൊണ്ടു പോവൂലാലോ.....ഓല്ക്ക് പോകാനും വരാനും കുളിക്കാനുമൊന്നും മ്മളെ കൊണ്ട് അസൗകര്യം ഉണ്ടാവരുത്. ഇച്ചിരി വിട്ട് കെട്ടിയാ മതി.'

അതുകൊണ്ട് തന്നെ കല്യാണങ്ങള്‍ക്കോ 'ഉളുഹിയത്തി'നോ (ബലിപെരുന്നാളിന്റെ അറവ്) മൃഗങ്ങളെ അറുക്കാനുണ്ടെങ്കില്‍ ഉപ്പയുടെ തറവാട്ടില്‍ നിന്ന് അറുത്തു കൊണ്ടു വരികയാണ് പതിവ്.

ഉപ്പ പറയും.

'മറ്റുള്ളവര്‍ വന്ദിക്കുന്നതിനെ നമ്മള് നിന്ദിക്കരുത്'

പറമ്പിന് അതിരായി മതില് കെട്ടുമ്പോള്‍ കുളത്തിനോട് ചേര്‍ന്ന് കാവിലേക്ക് നടന്നു പോകാന്‍ ഒരു മീറ്ററില്‍ ഏറെ കുളക്കരയില്‍ നടവഴിക്കായി വിട്ടുകൊടുത്താണ് ഉപ്പ മതില് കെട്ടിച്ചത്. അന്നേരം പണിക്കാരാരോ, നടന്നുപോകാനുള്ള ഇത്തിരി ഇടം മാത്രം വിട്ടു കൊടുത്താല്‍ പോരേ എന്ന് ചോദിച്ചപ്പോള്‍ ഉപ്പ പറഞ്ഞു.

'ഈ മണ്ണൊന്നും മ്മള് മരിക്കുമ്പൊ കൊണ്ടു പോവൂലാലോ.....ഓല്ക്ക് പോകാനും വരാനും കുളിക്കാനുമൊന്നും മ്മളെ കൊണ്ട് അസൗകര്യം ഉണ്ടാവരുത്. ഇച്ചിരി വിട്ട് കെട്ടിയാ മതി.'


ഇതൊക്കെ എടുത്തു പറയുകയും എഴുതുകയുമൊക്കെ ചെയ്യേണ്ടി വരുന്നത് വല്ലാത്ത ആത്മപുച്ഛത്തോടെയാണെങ്കിലും മതം പറഞ്ഞു തമ്മിലടിക്കാന്‍ വല്ലാതെ ഉത്സാഹിക്കുന്ന മനുഷ്യരുടെ ഇക്കാലത്ത് ഇങ്ങനെയുള്ള കഥകള്‍ ഉറക്കെ പറയേണ്ടതുണ്ടെന്ന് തോന്നുന്നു.

ഒരാള്‍ വന്ദിക്കുന്നതിനെ നിന്ദിക്കാതിരിക്കുക എന്നത് മനുഷ്യരോടുള്ള ആദരവാണ്. പഠിപ്പും പത്രാസും കുറവായിരുന്നെങ്കിലും ആ ഒരു ബോധമുള്ളവരായിരുന്നു നമ്മുടെ മുന്‍തലമുറകള്‍. മനുഷ്യര്‍ തങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി സ്വന്തം വിശ്വാസമനുസരിച്ചു ജീവിക്കുന്നതോ തീരെ ദൈവവിശ്വാസമില്ലാതെ ജീവിക്കുന്നതോ മറ്റാര്‍ക്കും പ്രശ്‌നമായിരുന്നില്ല എന്ന് മാത്രമല്ല അപരന്റെ വിശ്വാസത്തേയും ആചാരങ്ങളെയും ആരാധനാസ്ഥലങ്ങളെയും ആദരവോടെ കാണാനുള്ള മനസ്സും ഉണ്ടായിരുന്നു എല്ലാവര്‍ക്കും. ഉത്സവകാലത്ത് ക്ഷേത്രത്തിലേക്കുള്ള വരവിലെ ആര്‍പ്പുവിളിയും ചെണ്ടമുട്ടും മൂടാടി പള്ളിയുടെ മുന്നില്‍ എത്തുമ്പോള്‍ നിശ്ശബ്ദമാകുന്നത് ഞാനെന്റെ ചെറുപ്പം മുതല്‍ കാണുന്നതാണ്. ഞങ്ങളുടെ അങ്ങാടിയില്‍ നിന്ന് ഹൈവേ മുതല്‍ റെയിലുവരെ നീണ്ടു കിടക്കുന്ന നെയ്ത്തുകാരുടെ തെരുവിലൂടെ പോകുന്നത് റെയിലിനപ്പുറമുള്ളവര്‍ക്ക് അങ്ങാടിയില്‍ നിന്നുള്ള എളുപ്പവഴിയാണെങ്കിലും, തെരുവില്‍ മൂന്ന് ക്ഷേത്രങ്ങള്‍ ഉള്ളതിനാല്‍ ആര്‍ത്തവകാലങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ അതുവഴിയുള്ള യാത്ര ഒഴിവാക്കിയിരുന്നു. കുറേ ചുറ്റിവളഞ്ഞാലും ആ സമയങ്ങളില്‍ മറ്റുവഴികള്‍ അവര്‍ തിരഞ്ഞെടുത്തത്

ആര്‍ത്തവ സമയങ്ങളില്‍ ക്ഷേത്രപരിസരത്തു കൂടെ പോകുന്നത് ക്ഷേത്രങ്ങളോടുള്ള അനാദരവാകും എന്നതുകൊണ്ടാണ്. പള്ളിയുടെ നേരെയും അമ്പലത്തിനു നേരെയുമൊക്കെ വിരല്‍ ചൂണ്ടുന്നത് പോലും തെറ്റാണ് എന്ന് ഞങ്ങളുടെ ചെറുപ്പത്തില്‍ കുട്ടികള്‍ക്കിടയില്‍ ഒരു വിശ്വാസമുണ്ടായിരുന്നത് ഓര്‍ക്കുന്നു. തീര്‍ച്ചയായും അത് മുതിര്‍ന്നവരില്‍ നിന്ന് പകര്‍ന്നു കിട്ടിയതാവണം.

അയ്യപ്പനോടൊപ്പം വാവരും ആദരിക്കപ്പെടുന്ന സംസ്‌കാരവും പാരമ്പര്യവും വിളിച്ചു പറയുന്നത് ഈ മണ്ണിലെ വ്യത്യസ്ത മതങ്ങളില്‍ ഉള്ള മനുഷ്യര്‍ക്കിടയിലെ സൗഹാര്‍ദത്തിന്റെയും സ്‌നേഹത്തിന്റെയും ആഴം കൂടിയാണ്. സൈന്യാധിപന്മാരായും ഉപദേശികളായും മുസ്‌ലിംകള്‍ക്ക് ഉയര്‍ന്ന സ്ഥാനം നല്‍കിയ, പൊതുഖജനാവില്‍ നിന്ന് ഖാളിമാര്‍ക്ക് ശമ്പളം നല്‍കിയ സാമൂതിരിമാരുടെ നാടാണിത്.

ഞങ്ങളുടെ നാട്ടിന് തൊട്ടടുത്താണ് മാലിക് ദിനാറും കൂട്ടരും സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ മുസ്‌ലിം പള്ളികളില്‍ ഒന്നായ പന്തലായനി കൊല്ലത്തെ പാറപ്പള്ളിയും ഏറെ പ്രസിദ്ധമായ പിഷാരികാവ് ക്ഷേത്രവും. ഇന്നാട്ടില്‍ വന്ന മാലിക് ദീനാറും കൂട്ടരും 'കുഴിച്ചുവെപ്പിനും കുടിയിരിപ്പിനും' സ്ഥലം ചോദിച്ചപ്പോള്‍ ഭൂമി നല്‍കിയതിന്റെ വാമൊഴിയായി പകര്‍ന്നുകിട്ടിയ ചരിത്രം പഴമക്കാര്‍ പറയും. അങ്ങനെയാണ്

അക്കാലത്തെ പേരുകേട്ട തുറമുഖവും കച്ചവടകേന്ദ്രവുമായ പന്തലായനി കൊല്ലത്തെ കടപ്പുറത്ത് കുന്നിന്‍ മുകളില്‍ പാറപ്പള്ളിയും അതോട് ചേര്‍ന്ന ഖബര്‍സ്ഥാനും ഉണ്ടാവുന്നത്. പാറപ്പള്ളിയില്‍ നിന്നും വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരത്താണ് പിഷാരികാവ് ക്ഷേത്രം. തെക്കന്‍ കൊല്ലത്തു നിന്നും ക്ഷേത്രപ്രതിഷ്ഠക്കായി വന്നവര്‍ പശുക്കളും പുലികളും ജാതിവൈരം കൂടാതെ ഒരുമിച്ചു മേയുന്ന ഒരു ഇടം കണ്ടെന്നും അവിടെ ഇറങ്ങി ക്ഷേത്രപ്രതിഷ്ഠ നടത്തിയെന്നും കൊട്ടാരത്തില്‍ ശങ്കുണ്ണി ഐതീഹ്യമാലയില്‍ ഈ ക്ഷേത്രത്തെ കുറിച്ചു പറയുന്നുണ്ട്. കച്ചവടക്കാരായും മതപ്രബോധകരായും കഴിഞ്ഞ ധാരാളം മുസ്‌ലിംകളും അതുപോലെ ഹിന്ദുക്കളും ഇടകലര്‍ന്നു ജീവിച്ചിരുന്ന ഈ പ്രദേശത്തെ ഓണാഘോഷത്തെ കുറിച്ച് ചരിത്രകാരനും സഞ്ചരിയുമായ അല്‍ബിറൂനി എഴുതിയത് ശ്രദ്ധേയമാണ്. ഇന്നാട്ടിലെ എല്ലാ ദേവാലയങ്ങളും ഓണത്തോടാനുബന്ധിച്ച് അലങ്കരിക്കുകയും കോഴിക്കോട്ടെയും പരിസരങ്ങളിലെയും മുസ്‌ലിംകള്‍ ഈ ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയത്. പഴയ കാലത്തെ മനുഷ്യര്‍ക്കിടയില്‍ മതത്തിന്റെ പേരില്‍ വൈരമോ വിദ്വേഷമോ ഉണ്ടായിരുന്നില്ലെന്ന് ചരിത്രം വായിക്കുന്നവര്‍ക്ക് അറിയാം. ജാതിയുടെ പേരില്‍ തീണ്ടാപ്പാടകലെ മാറ്റി നിര്‍ത്തിപ്പെട്ടവര്‍ക്ക് പോലും മതം മാറിയാല്‍ അത്തരം അയിത്തങ്ങള്‍ ഇല്ലാതായി എന്ന് മാത്രമല്ല, അവര്‍ ഇക്കാലം വരെ ചെല്ലാത്ത ഇടങ്ങളില്‍ ചെല്ലാനും ഇടപഴകാനും സാധിച്ചു. അങ്ങനെ മതം മാറിയതിന്റെ പേരില്‍ അവര്‍ക്ക് സ്വന്തം സമൂഹത്തില്‍ നിന്ന് യാതൊരു എതിര്‍പ്പും പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല എന്നതും നിരീക്ഷിക്കേണ്ടതാണ്.

അയ്യപ്പനോടൊപ്പം വാവരും ആദരിക്കപ്പെടുന്ന സംസ്‌കാരവും പാരമ്പര്യവും വിളിച്ചു പറയുന്നത് ഈ മണ്ണിലെ വ്യത്യസ്ത മതങ്ങളില്‍ ഉള്ള മനുഷ്യര്‍ക്കിടയിലെ സൗഹാര്‍ദത്തിന്റെയും സ്‌നേഹത്തിന്റെയും ആഴം കൂടിയാണ്. സൈന്യാധിപന്മാരായും ഉപദേശികളായും മുസ്‌ലിംകള്‍ക്ക് ഉയര്‍ന്ന സ്ഥാനം നല്‍കിയ, പൊതുഖജനാവില്‍ നിന്ന് ഖാളിമാര്‍ക്ക് ശമ്പളം നല്‍കിയ സാമൂതിരിമാരുടെ നാടാണിത്. ഖാളി മുഹമ്മദ് എഴുതിയ 'ഫത്ഹുല്‍ മുബീന്‍' എന്ന കാവ്യം സാമൂതിരി രാജാവിനോട് അന്നത്തെ മുസ്‌ലിം സമൂഹം പുലര്‍ത്തിയ കൂറിന്റെയും വിശ്വസ്ഥതയുടെയും ആദരവിന്റെയും വിളംബരമാണ്. അധിനിവേശ ശക്തികളോട് പോരാടുന്നതിനൊപ്പം കീഴാളജനതയുടെ ഉന്നമനത്തിനു വേണ്ടി നില കൊണ്ട, മൂന്നിയൂര്‍ കളിയാട്ടത്തിന് ദിവസം നിശ്ചയിച്ചു കൊടുത്ത മമ്പുറം തങ്ങന്മാരൊക്കെ ജീവിതം കൊണ്ട് പഠിപ്പിച്ച ഒരുപാട് പാഠങ്ങളുണ്ട് ഈ മണ്ണിന് പകര്‍ത്താന്‍.

എക്കാലത്തും ഇന്നാട്ടിലെ മനുഷ്യര്‍ മതത്തിന്റെ പേരില്‍ സങ്കുചിതത്വം കാണിക്കാതെ പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും സഹായിച്ചും തന്നെയാണ് ജീവിച്ചത്. ബഷീര്‍ കൃതികളില്‍ നമുക്ക് ദര്‍ശിക്കാനാവുന്ന വിവിധമതത്തില്‍ പെട്ട മനുഷ്യരുടെ പരസ്പര സ്‌നേഹത്തിന്റെയൊരു സൗന്ദര്യമുണ്ട്. പല നാടുകളിലായി അദ്ദേഹം കണ്ടുമുട്ടിയ മനുഷ്യരില്‍ എല്ലാ മതങ്ങളില്‍ പെട്ടവരും ഉണ്ടായിരുന്നു എന്ന് മാത്രമല്ല ഭിന്നതകളില്ലാതെ അവര്‍ക്കിടയില്‍ ഉണ്ടായിരുന്ന സഹവര്‍ത്തിത്വം അതിലൊക്കെ മനോഹരമായി ആവിഷ്‌കരിച്ചിട്ടുണ്ട്. ഭാവനയില്‍ അദ്ദേഹം വരച്ചു വെച്ച ദേശങ്ങളിലും വിവിധ മതങ്ങളില്‍ പെട്ടവര്‍ ഇടകലര്‍ന്നും ഇടപെട്ടും ജീവിക്കുന്നതിന്റെ മനോഹാരിതയുണ്ട്. ആനവാരിയും പൊന്‍കുരിശും തൊരപ്പന്‍ അവറാനും മണ്ടന്‍ മുത്തപയുമൊക്കെ വിരാജിക്കുന്ന 'സ്ഥലത്തെ പ്രധാനദിവ്യന്‍' പോലുള്ള കൃതികള്‍ വായിക്കുമ്പോള്‍ നാം എത്തിപ്പെടുന്നത് ഇങ്ങനെ സുന്ദരമായ നമ്മുടെ ഇന്നലെകളിലാണ്.

വീട്ടുവേലക്കാരിയായിരുന്ന നങ്ങേലിയുടെ മുല താന്‍ കുടിച്ചിട്ടുണ്ട് എന്ന് ബഷീര്‍ എഴുതിയിട്ടുണ്ട്. അക്കാലത്ത് ഒട്ടും അതിശയമുള്ള കാര്യമായിരുന്നില്ല അത്. കണ്ണിന് വല്ല ദീനവും വന്നാല്‍ അയല്പക്കങ്ങളില്‍ മുലക്കുടിക്കുന്ന കുഞ്ഞുങ്ങള്‍ ഉള്ള സ്ത്രീകളെ തേടി പോയ എന്റെയൊക്കെ കുട്ടിക്കാലത്തിന് ആരുടെയൊക്കെയോ മുലപ്പാലിന്റെ രുചിയുണ്ട്. വെളിച്ചിലിന്റെ (വെള്ളയ്ക്ക) മൊത്തിയില്‍ ഒഴിച്ച് കണ്ണിലേക്കുറ്റിച്ച പല മതങ്ങളില്‍ പെട്ട അമ്മമാരുടെ മുലപ്പാല്‍ തുള്ളികള്‍ കൊണ്ട് തെളിഞ്ഞ കണ്ണുകളിലൂടെ എങ്ങനെയാണ് മനുഷ്യരെ മതത്തിന്റെ പേരില്‍ വേര്‍തിരിച്ചു കാണാനാവുക.

മനുഷ്യന്‍ അവനവനിലേക്ക് ചുരുങ്ങിത്തുടങ്ങിയ ശേഷമാവണം കാര്യവും കാരണവുമില്ലാതെ അന്യരിലേക്ക് വിദ്വേഷം പ്രസരിപ്പിക്കാന്‍ തുടങ്ങിയത്. ഞാറു നടാനും വെറ്റിലകൃഷിക്കും മീന്‍ പിടിക്കാനും പുരകെട്ടിമേയാനും തൊണ്ട് പൂഴ്ത്തി ചകിരിയാക്കി ചൂടി പിരിക്കാനും... അങ്ങനെ നൂറായിരം പണികള്‍ക്ക് എല്ലാരും ഒന്നിച്ചായിരുന്നല്ലോ.

കല്യാണത്തിനും പേറിനും പിറപ്പിനും മരണത്തിനുമൊക്കെ മതം നോക്കാതെ പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിച്ച മനുഷ്യരാണ്. ഒരു പെണ്ണിന് പേറ്റ്‌നോവ്കിട്ടിയാല്‍ ഏത് നട്ടപ്പാതിരക്കായാലും കോടാച്ചിരം മഴയത്താണെങ്കിലും ഓടിയെത്തുന്ന പേറ്റിച്ചി മതം നോക്കിയിരുന്നില്ല. കല്യാണിയമ്മ ആസ്യയുടെയും ഖദീജുമ്മ നാരായണിയുടെയും പേറെടുക്കാന്‍ മടിച്ചില്ല. സഹായത്തിന് എടവലത്തുള്ള പെണ്ണുങ്ങള്‍ ഒക്കെയും വന്നതും മതം നോക്കിയല്ല. വല്ലാതെ ബുദ്ധിമുട്ടുള്ള പ്രസവങ്ങളില്‍ 'രണ്ടും രണ്ട് വഴിക്കായി കിട്ടാന്‍' അവര്‍ പള്ളിക്കലേക്കും അമ്പലങ്ങളിലേക്കും കരളുരുകി പ്രാര്‍ഥിച്ചതും നേര്‍ച്ച നേര്‍ന്നതും ഒരു പെണ്ണിന്റെ നോവും വേവും അറിയുന്നത് കൊണ്ടായിരുന്നു. പഴയ കാലത്തെ ആരാധനാലയങ്ങളുടെ നിര്‍മിതിയിലെ സാമ്യം പോലും ദേവാലയങ്ങളെ സമഭാവനയോടെ കാണുന്ന ആദരവിന്റെ ഭാഗമായാവണം.

മനുഷ്യന്‍ അവനവനിലേക്ക് ചുരുങ്ങിത്തുടങ്ങിയ ശേഷമാവണം കാര്യവും കാരണവുമില്ലാതെ അന്യരിലേക്ക് വിദ്വേഷം പ്രസരിപ്പിക്കാന്‍ തുടങ്ങിയത്. ഞാറു നടാനും വെറ്റിലകൃഷിക്കും മീന്‍ പിടിക്കാനും പുരകെട്ടിമേയാനും തൊണ്ട് പൂഴ്ത്തി ചകിരിയാക്കി ചൂടി പിരിക്കാനും... അങ്ങനെ നൂറായിരം പണികള്‍ക്ക് എല്ലാരും ഒന്നിച്ചായിരുന്നല്ലോ. പരസ്പരം സഹകരിച്ചും സ്‌നേഹിച്ചും. അടുത്ത വീട്ടില്‍ കഞ്ഞിക്ക് അരിയില്ലെന്നറിഞ്ഞാല്‍ ഇപ്പുറത്തുള്ളവന്‍ പ്ലാവില്‍ കയറി ഒരു ചക്കയെങ്കിലും കൊണ്ടുക്കൊടുത്തു വിശപ്പകറ്റിയിരുന്ന കാലം. കര്‍ക്കിടകത്തില്‍ ചോരുന്ന പുരയില്‍ ഉള്ളപാത്രമൊക്കെ നിരത്തി വെച്ച് ഉറങ്ങാനാവാതെ പേടിച്ചും ചൂളിപ്പിടിച്ചും നേരം വെളുപ്പിക്കുമ്പോള്‍ അങ്ങട്ടേലെ കുഞ്ഞിരാമന്‍ 'മമ്മദേ ഇഞ്ഞി ഓളെയും കുട്ട്യേളെയും കൂട്ടി ഇങ്ങ് പോരി.... ഇവിടെ കിടക്കാം' ന്ന് പറഞ്ഞതും, ചാത്തപ്പന്റെ മോളെ കല്യാണത്തിന് പൊന്ന് തികയാഞ്ഞപ്പോള്‍ അടുത്ത വീട്ടിലെ ബിയ്യാത്തുമ്മ കാതിലെ അലിക്കത്ത് വെട്ടികൊടുത്തതും കഥകളായിരുന്നില്ലല്ലോ. അന്നന്നത്തെ 'കേങ്ങും മീനും' വാങ്ങാനുള്ള നയിപ്പിന്റെ നെട്ടോട്ടത്തില്‍ ആര്‍ക്കുണ്ടായിരുന്നു മതം പറഞ്ഞു കളിക്കാന്‍ നേരം. വലിയ വീടുകളും അതിലും വലിയ ചുറ്റുമതിലുകളും ഇല്ലാത്ത, ഓരോ വീട്ടിന്റെയും മുറ്റത്തൂടെയും അടുക്കളപ്പുറത്തൂടെയും സകല വീടുകളിലേക്കും നീണ്ട ചവിട്ടടിപ്പാതകളുടെ കാലം. നാട്ടിലൊരു മരണമറിഞ്ഞാല്‍ എല്ലാ മനുഷ്യരും പണിക്കൊന്നും പോകാതെ ഓടിയെത്തിയതും പേററിഞ്ഞു ചുറ്റുവട്ടത്തുള്ളവരൊക്കെ കുഞ്ഞിനെ കാണാന്‍ വന്നതും ഏറെക്കാലം മുമ്പായിരുന്നില്ലല്ലോ. അന്നും നമ്മളൊക്കെ അമ്പലത്തിലും പള്ളിയിലും പോകാറുണ്ടായിരുന്നെങ്കിലും അന്നൊന്നും അപ്പുറത്തെ മതക്കാരനോട് വെറുപ്പും വിദ്വേഷവും ഉണ്ടായിരുന്നില്ലല്ലോ....

എന്നുമുതലാണ് നമുക്ക് അടുത്ത വീട്ടുകാരന്റെ ഭക്ഷണം നിഷിദ്ധമായത്, അന്യമതക്കാരന് വാടകക്ക് വീട് കൊടുക്കാന്‍ മടി തുടങ്ങിയത്, നിത്യം കാണുകയും ഇടപെടുകയും സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്ത അയല്പക്കക്കാര്‍ക്ക് തൊട്ടടുത്ത വീട്ടുകാരി മരിച്ചപ്പോള്‍ മൃതദേഹം കാണാന്‍ മതം തടസ്സമായത്, ഇതരമതക്കാരന്റെ പീടികയില്‍ നിന്ന് സാധനം വാങ്ങുന്നത് നിര്‍ത്തിയത്.....എന്ന് മുതലാണ് നമ്മളിങ്ങനെ.....

പരസ്പരം ആശ്രയിക്കാതെ ജീവിക്കാന്‍ കഴിയാത്തത് കൊണ്ടും പട്ടിണിയും ദാരിദ്ര്യവും വിശപ്പും നിത്യക്കൂട്ടായത് കൊണ്ടും മാത്രമായിരിക്കുമോ പഴയകാലത്ത് മതസ്പര്‍ദ്ദയില്ലാതെ മനുഷ്യര്‍ ജീവിച്ചത്. അങ്ങനെയെങ്കില്‍ ഇതിനൊക്കെ മാറ്റമുണ്ടാക്കിയ ഗള്‍ഫ് പ്രവാസം ഒരുപാട് സങ്കുചിത വര്‍ഗ്ഗീയവാദികളെ സൃഷ്ടിക്കുമായിരുന്നില്ലേ. അന്നുമിന്നും ഗള്‍ഫ് പ്രവാസികള്‍ക്കിടയില്‍ വര്‍ഗ്ഗീയതയുടെ തോത് വളരെ കുറവാണല്ലോ. നാനാജാതിക്കാരായ ദേശഭാഷക്കാരായ മനുഷ്യരോട് ഇടപഴകി ജീവിക്കുന്ന വൈവിധ്യമാര്‍ന്ന മനുഷ്യരെ കണ്ട പ്രവാസിക്ക് സങ്കുചിതനായി ജീവിക്കാന്‍ സാധിക്കില്ലല്ലോ. എന്നാല്‍, പഠിപ്പും ഉദ്യോഗവുമുള്ള, നാട്ടിന്റെ ഇട്ടാവട്ടത്ത് നിന്ന് പുറത്തു പോകാത്ത അഭ്യസ്തവിദ്യരില്‍ ചിലരെങ്കിലും ഏറ്റവും സാധാരണ മനുഷ്യരിലേക്ക് വര്‍ഗീയത കുത്തിവെക്കുന്നത് പുതുമയല്ല താനും.

വിവരസാങ്കേതിക വിദ്യയുടെ വളര്‍ച്ചയും സാമൂഹ്യ മാധ്യമങ്ങളുടെ പ്രചാരവും സത്യത്തില്‍ അകലങ്ങളില്‍ ഉള്ള മനുഷ്യരെ തമ്മിലടുപ്പിക്കാനുള്ള വലിയ സാധ്യതയാണ് തുറന്നു തന്നതെങ്കില്‍, മനുഷ്യരെ തമ്മിലടിപ്പിക്കാനാണ് ഇന്നത് ഏറെക്കുറെ ഉപയോഗിക്കപ്പെടുന്നത് എന്നതാണ് ദൗര്‍ഭാഗ്യകരം.

മുന്‍ കാലങ്ങളില്‍ പുസ്തകങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും വര്‍ഗീയത വളര്‍ത്താന്‍ പലരും ശ്രമിച്ചിരുന്നുവെങ്കിലും അത്തരം പ്രസ്ഥാനങ്ങളോട് ആഭിമുഖ്യമുള്ള ഇട്ടാവട്ടങ്ങളില്‍ മാത്രം അതൊക്കെ ഒതുങ്ങി നിന്നിരുന്നു. ഉള്ളില്‍ എത്ര വര്‍ഗീയത ഉണ്ടെങ്കിലും വായനാശീലം ഉള്ള ഒരാള്‍ക്ക് വിവേചന ബോധവും ചിന്താശേഷിയും കൂടി ഉണ്ടാവുന്നത് കൊണ്ടാവാം അവിശ്വസനീയമായ അസംബന്ധങ്ങളും കെട്ടുകഥകളും പ്രചരിപ്പിക്കാന്‍ അവര്‍ തന്നെ ഉത്സാഹം കാണിക്കാതിരുന്നത്.

ഇന്ന് എഴുത്തിനേക്കാള്‍ ശബ്ദങ്ങളായും ദൃശ്യങ്ങളായുമാണ് വിദ്വേഷപ്രചാരണങ്ങള്‍ ഏറെയും. ഒരു പ്രസിദ്ധീകരണത്തിന്റെ ഉത്തരവാദിത്തമോ എഴുത്തുകാരന്റെ വിശ്വാസ്യതയോ ഇത്തരം പ്രചാരണങ്ങള്‍ക്ക് ആവശ്യമില്ല. പച്ചക്കള്ളം മാത്രം പറഞ്ഞൊരു വോയ്സ് നോട്ട്, കൃത്രിമമായി ഉണ്ടാക്കിയ ഒരു ചിത്രമോ വീഡിയോ ദൃശ്യമോ, നിമിഷങ്ങള്‍ കൊണ്ട് അത് ലോകം മുഴുവന്‍ പറക്കുകയാണ്. കേള്‍ക്കാനോ കാണാനോ ഒട്ടും ആലോചനയോ ചിന്തയോ വേണ്ടതില്ല. തനിക്ക് കിട്ടിയതിന്റെ സത്യാവസ്ഥ ചികയാന്‍ നില്‍ക്കാതെ എത്രയും പെട്ടെന്ന് മറ്റുള്ളവരിലേക്ക് ഫോര്‍വേഡ് ചെയ്യാന്‍ ഉത്സാഹിക്കുന്ന മനുഷ്യരാണ്. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെക്കാള്‍ സ്വകാര്യം പറച്ചിലു പോലെ മൊബൈലുകളിലേക്ക് എത്തുന്ന മെസേജുകളില്‍ വിശ്വസിക്കാനാണ് ബഹുഭൂരിപക്ഷത്തിനും താല്പര്യം. അടക്കം പറച്ചിലുകളും കുശുകുശുപ്പുകളും പിന്നെ അടച്ചിട്ട മുറികളിലെ ക്ലാസ്സുകളിലൂടെയും ഒക്കെയാണല്ലോ വര്‍ഗീയവാദികള്‍ തങ്ങള്‍ക്ക് പറ്റിയ ആളുകളെ കണ്ടെത്തുന്നത്. സമാനസ്വഭാവമുള്ള മൊബൈല്‍ ഫോണും അതിലെ സോഷ്യല്‍ മീഡിയ ആപ്പുകളും അത് കുറേക്കൂടെ സൗകര്യമാക്കി.

ഒട്ടും ആലോചനയില്ലാതെ ഇതൊക്കെ സത്യമായിരിക്കും എന്ന് വിശ്വസിക്കുന്ന ആളുകളിലേക്ക് നിരന്തരമായി ഇങ്ങനെയുള്ള വ്യാജവാര്‍ത്തകളും ദൃശ്യങ്ങളും എത്തുമ്പോള്‍ അറിയാതെ തന്നെ ഇതരമതസ്ഥനോട് വെറുപ്പ് തുടങ്ങുകയും ആ സമൂഹത്തോടുള്ള വിദ്വേഷമായി മാറുകയും ചെയ്യുകയാണ്. തങ്ങളെ അപായപ്പെടുത്താനും ഇല്ലാതാക്കാനും കാത്തിരിക്കുന്ന ശത്രുവായി, തങ്ങളുടെ സകല പ്രശ്‌നങ്ങള്‍ക്കുമുള്ള കാരണക്കാരായി... യാതൊരു ഉത്തരവാദിത്തബോധവും ഇല്ലാതെ, റേറ്റിങ്ങിനായി മത്സരിക്കുന്ന ദൃശ്യമാധ്യമങ്ങളാണെങ്കില്‍ മാളത്തില്‍ കിടന്ന എത്രയോ വര്‍ഗീയവിഷജന്തുക്കള്‍ക്ക് ചാനല്‍ മുറിയില്‍ ഇടം നല്‍കി പൊതു സ്വീകാര്യത ഉണ്ടാക്കി കൊടുക്കുന്ന പണി ഏറ്റെടുത്തിരിക്കുന്നു.

വിദ്വേഷം കത്തിക്കാന്‍ ഏറ്റവും എളുപ്പമുള്ള മറ്റൊരു വഴി സ്ത്രീകളെ പ്രണയിച്ചും പ്രലോഭിപ്പിച്ചും കൊണ്ടുപോകും എന്ന പ്രചാരണമാണ്. പെണ്ണ് തങ്ങളുടെ അധീനതയില്‍ ഉള്ള സ്വത്ത് പോലെ കരുതുന്ന, ചിന്തിക്കാനും സ്വയം തീരുമാനം എടുക്കാനും കഴിയുന്ന മനുഷ്യര്‍ തന്നെയാണ് സ്ത്രീ എന്നത് ഉള്‍ക്കൊള്ളാത്ത സമൂഹത്തില്‍ ഇത്തരം പ്രചരണങ്ങള്‍ക്ക് നല്ല സ്വാധീനം ഉണ്ടാക്കാന്‍ കഴിയും. സ്വന്തം മതത്തിന്റെ മൂല്യങ്ങളെ കുറിച്ചുള്ള ബോധമോ ആചാരാനുഷ്ടാനങ്ങളെ കുറിച്ചുള്ള ധാരണയോ ഇല്ലെങ്കിലും, തികച്ചും മതമൂല്യങ്ങള്‍ക്ക് വിരുദ്ധമായ ജീവിതശൈലി ഉള്ള ആളാണെങ്കിലും പെണ്ണിന്റെ സംരക്ഷകഭാവത്തില്‍ ഊറ്റം കൊള്ളുന്ന ആണത്വാഭിമാനികള്‍ക്ക് വര്‍ഗീയത വളര്‍ത്താനും തങ്ങളുടെ പക്ഷത്ത് ആളെ കൂട്ടാനും ഏറെ താല്പര്യമുള്ള ഒരു പ്രചാരണായുധമാണിത്. വര്‍ഗീയ കലാപങ്ങളായാലും യുദ്ധങ്ങളായാലും ഒരു പങ്കുമില്ലെങ്കിലും ഏറെ നഷ്ടങ്ങളും വേദനയും അനുഭവിക്കേണ്ടി വരുന്നത് പെണ്ണുങ്ങളാണല്ലോ.

ആര്‍ക്കെന്ത് നേട്ടമാണ് ഇതുകൊണ്ടൊക്കെ. ആരുടെയോ കൈകളിലെ ചരടുകള്‍ക്കറ്റത്തെ പാവകളായി മാറുകയാണ് നാം. പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും സന്തോഷത്തോടെ ജീവിക്കാന്‍ എമ്പാടും സൗകര്യങ്ങള്‍ ഉണ്ടായിരിക്കെ എന്തിന് വേണ്ടിയാണ് മനുഷ്യരിങ്ങനെ വെറുത്തും അകന്നും.....

അക്ബര്‍ കക്കട്ടിലിന്റെ ഒരു കഥയുണ്ട്. ബസ്സ് യാത്രക്കിടയില്‍ പരിചയപ്പെട്ട രണ്ടുപേര്‍ക്കിടയില്‍ വളരെ അടുപ്പവും സൗഹൃദവും രൂപപ്പെടുന്നതും യാത്രയില്‍ അവര്‍ ചങ്ങാതിമാരായി മാറുന്നതും. ബസ്സുകളുടെ മിന്നല്‍ പണിമുടക്ക് വന്നതിനാല്‍ രണ്ടുപേരും നഗരത്തില്‍ ഒറ്റപ്പെട്ടുപോവുകയും രാത്രി കഴിച്ചുകൂട്ടാന്‍ ഒരു ലോഡ്ജില്‍ ഒന്നിച്ചു മുറിയെടുക്കുകയുമാണ്. ഏറെനേരം സംസാരിച്ചിരുന്ന് ഉറങ്ങാന്‍ വേണ്ടി വിളക്ക് കെടുത്തി കിടക്കുന്നെങ്കിലും രണ്ടുപേര്‍ക്കും ഉറക്കം വരുന്നില്ല. അപരിചിതനായ അപരന്‍ രാത്രിയില്‍ തന്നെ അപായപ്പെടുത്തി കടന്നുകളയുമോ എന്ന ഭീതിമൂലം രണ്ടുപേരും ഉറങ്ങാതെ കിടന്നു നേരം വെളുപ്പിക്കുകയാണ്.


ഏതാണ്ട് ഇതേ അവസ്ഥയിലാണ് ഇപ്പോള്‍ നമ്മുടെ സമൂഹം. അപരനെ കുറിച്ച്, കൃത്യമായി പറഞ്ഞാല്‍ അയല്‍വാസിയായ അന്യമതക്കാരനെ കുറിച്ചുള്ള ഭീതിയില്‍ ഉറക്കം നഷ്ടപ്പെട്ടവരാകുകയാണ്. ഒരു അവസരം കിട്ടിയാല്‍ തന്റെ സ്വത്തെല്ലാം അവര്‍ കൊള്ളയടിച്ചു കളയുമെന്ന്, തങ്ങളുടെ പെണ്‍കുട്ടികളെ പ്രണയിച്ചു മയക്കി തട്ടിക്കൊണ്ടുപോകുമെന്ന ഭയത്തോടെയാണ് പലരും....

ഏതു നിമിഷവും ഹിംസ്രജന്തുവായി മാറി ആക്രമിക്കാന്‍ വരുന്ന അയല്‍വാസിയേയും കൂട്ടരെയും ഓര്‍ത്ത് ഉറക്കമില്ലാതെ നേരം വെളുപ്പിക്കുന്നവരാകുകയാണ്. അല്ല അങ്ങനെ ആക്കിത്തീര്‍ക്കുകയാണ്.

ഈ ഭീതി അപരനില്‍ നിന്നുണ്ടായ എന്തെങ്കിലും അനുഭവങ്ങളുടെ കയ്പ്പില്‍ ഉണ്ടായതല്ല. നല്ലതല്ലാത്ത ഒന്നും അയാളുടെ പെരുമാറ്റത്തില്‍ പോലും കണ്ടിട്ടില്ല. ഏതൊരു സങ്കടങ്ങളിലും ഓടിപ്പാഞ്ഞ് ഉറ്റവരെ പോലെ അയാള്‍ കൂടെ നിന്നിട്ടുണ്ട്. പല വിധത്തിലും സഹായിച്ചിട്ടുണ്ട്. എങ്കിലും...എങ്കിലും.. അയാളുടെ മതം.... അയാളെ കുറിച്ചല്ല നമുക്കറിയാത്ത അയാളുടെ മതത്തെ കുറിച്ചാണ് ആവിശ്വസനീയമായ കഥകള്‍ പറഞ്ഞു പേടിപ്പിക്കുന്നത്.

മതവും ആത്മീയതയും സദാചാരവും ഒന്നുമില്ലാതെ ഇത്രകാലവും ജീവിച്ചവനായിരിക്കും പെട്ടെന്നൊരുനാള്‍ മതത്തിന്റെ കാവലാളായി മാറി മറ്റുള്ളവരെയൊക്കെ ശത്രുവെന്ന് ഉപദേശിക്കാന്‍ നടക്കുന്നത്. എങ്കിലും അവന്റെ വാക്കുകളെ നിശബ്ദമായി ശരിവെക്കുന്നവരാണ് കൂട്ടത്തില്‍ ഏറെയും. എന്തിന് മറ്റൊരു മതക്കാരന് വേണ്ടി... അല്ലെങ്കിലും അക്കൂട്ടര്‍ നമ്മളെപ്പോലെ അല്ലല്ലോ എന്ന്...

ഏതു നിമിഷവും ഹിംസ്രജന്തുവായി മാറി ആക്രമിക്കാന്‍ വരുന്ന അയല്‍വാസിയേയും കൂട്ടരെയും ഓര്‍ത്ത് ഉറക്കമില്ലാതെ നേരം വെളുപ്പിക്കുന്നവരാകുകയാണ്. അല്ല അങ്ങനെ ആക്കിത്തീര്‍ക്കുകയാണ്.

ഇങ്ങനെയൊന്നുമായിരുന്നില്ല നമ്മളെന്ന് ആരാണ് പറഞ്ഞു കൊടുക്കുക. ഈ അട്ടഹാസങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമിടയില്‍ ആരോട് പറയാനാണ്. ആര് കേള്‍ക്കാനാണ്. എങ്കിലും ശബ്ദം ദുര്‍ബലമാവുന്നത് വരെ ഉള്ള ഉച്ചത്തില്‍ പറഞ്ഞു കൊണ്ടേയിരിക്കണം. ഇങ്ങനെയൊന്നുമായിരുന്നില്ല നമ്മളെന്ന്. ഇതായിരുന്നില്ല നമ്മളെന്ന്. ഇങ്ങനെ ആവരുത് നമ്മളെന്ന്.

TAGS :