Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 7 Nov 2023 3:26 AM GMT

കേരളത്തിന്റെ വികസനക്കാഴ്ചപ്പാടുകള്‍ പങ്കുവച്ച് മന്ത്രിമാര്‍

മാധ്യമങ്ങളുടെ ഇടെപടല്‍ കൊണ്ട് ഏതെങ്കിലും ഒരു പദ്ധതിയില്‍ നിന്ന് പിന്തിരിയുന്ന സമീപനം ഗവണ്‍മെന്റിനില്ലെന്ന് സഹകരണ മന്ത്രി വി.എന്‍.

കേരളത്തിന്റെ വികസനക്കാഴ്ചപ്പാടുകള്‍ പങ്കുവച്ച് മന്ത്രിമാര്‍
X


കേരളത്തിലെ ഏത് ഗ്രാമത്തിലും നൂതന സാങ്കേതികവിദ്യാ മേഖലയില്‍ ഉള്‍പ്പെടെ ജോലി ചെയ്യാന്‍ നൈപുണ്യവും വിദ്യാഭ്യാസവുമുള്ള ചെറുപ്പക്കാരുണ്ടെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. പുസ്തകോത്സവത്തിന്റെ ഭാഗമായി 'കേരളത്തിന്റെ വികസന കാഴ്ചപ്പാടുകള്‍' എന്ന വിഷയത്തില്‍ മന്ത്രിമാരായ വി.എന്‍ വാസവന്‍, കെ. കൃഷ്ണന്‍ കുട്ടി, ഡോ. ആര്‍. ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ചയില്‍ അഭിപ്രായം പങ്കുവയ്ക്കുകയായിരുന്നു ധനമന്ത്രി.

ലോകവുമായി കേരളത്തിന് വലിയ ബന്ധമാണുള്ളതെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ മികവ് കൊണ്ടാണ് ലോകത്ത് എവിടെയും പോയി ജോലി ചെയ്യാന്‍ യുവാക്കള്‍ പ്രാപ്തരായത്. നാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ഈ യുവാക്കളെ തിരികെ കേരളത്തിലെത്തിക്കാനുള്ള വികസനമാണ് സാധ്യമാക്കേണ്ടത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ആറുവരി ദേശീയപാത, റയില്‍വെ വികസനം, വിഴിഞ്ഞം തുറമുഖം തുടങ്ങിയവ കേരളത്തിന്റെ വികസനക്കുതിപ്പിന് ആക്കം കൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി.

മാധ്യമങ്ങളുടെ ഇടെപടല്‍ കൊണ്ട് ഏതെങ്കിലും ഒരു പദ്ധതിയില്‍ നിന്ന് പിന്തിരിയുന്ന സമീപനം ഈ ഗവണ്‍മെന്റിനില്ലെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. പ്രഖ്യാപിച്ചത് നടപ്പിലാക്കുകയും നടപ്പിലാക്കാന്‍ കഴിയുന്നത് മാത്രം പ്രഖ്യാപിക്കുന്നതുമായ ഒരു സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്ന് മോഡറേറ്ററുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.

ഫയല്‍ ആദ്യം മടക്കുകയും പിന്നീട് റീഓപ്പണ്‍ ചെയ്ത് കര്‍ഷകരുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം അവര്‍ക്കുള്ള നഷ്ടപരിഹാരം ഉള്‍പ്പെടെ വര്‍ധിപ്പിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് കൂടംകുളമെന്ന് മന്ത്രി വാസവന്‍ പറഞ്ഞു. ഇന്ന് 400 മെഗാവാട്ട് വൈദ്യുതി അവിടെ ഉല്പാദിപ്പിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഗെയില്‍ പദ്ധതി, തീരദേശ ഹൈവേ, കെഫോണ്‍ തുടങ്ങി കേരളത്തില്‍ നടപ്പാകില്ലെന്ന് പ്രചാരണം നടത്തിയ പദ്ധതികളെല്ലാം കേരളത്തില്‍ വികസന വിസ്മയങ്ങളാവുകയാണ് ചെയ്തിട്ടുള്ളതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

ഒരു മേഖലയില്‍ മാത്രം കേന്ദ്രീകരിച്ചുള്ള വികസനമല്ല കേരളത്തില്‍ നടക്കുന്നത്. ഉല്പാദനം, പശ്ചാത്തല വികസനം, സേവനം തുടങ്ങി എല്ലാ മേഖലയിലും ഊന്നിയ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നത്. സഹകരണ മേഖലയില്‍ മാത്രം 412 മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉല്പാദിപ്പിക്കുന്നുണ്ട്. ഇത് അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗോശ്രീ പാലം നിര്‍മ്മിക്കാന്‍ പണം നല്‍കിയത് സഹകരണ മേഖലയാണ്. ആതുര സേവന രംഗത്ത് 208 സഹകരണ ആശുപത്രികള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഏത് വികസനത്തിനും പ്രധാനം ഊര്‍ജ്ജമാണെന്നും മുന്‍പ് കേരളത്തില്‍ ഊര്‍ജ്ജോത്പാദനത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ലെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു. നമുക്ക് ആവശ്യമുള്ളതിന്റെ മുപ്പത് ശതമാനം ഊര്‍ജ്ജം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നത്. ബാക്കി പുറത്തുനിന്ന് വാങ്ങേണ്ടി വരുന്നു. എന്നാല്‍ ഈ മേഖലയില്‍ വലിയ സാധ്യതകളുള്ള സംസ്ഥാനമാണ് കേരളം. കൂടാതെ ഹരിത ഊര്‍ജ്ജം, തോറിയത്തിലൂടെയുള്ള ഊര്‍ജോത്പാദനം, ജലസേചനം തുടങ്ങിയ മേഖലകളില്‍ സംസ്ഥാനത്തിന് വലിയ സാധ്യതകളുണ്ട്. സാങ്കേതികവിദ്യയുടെ സഹായത്തോടെ ജലസേചനരംഗത്ത് കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവന്നാല്‍ കാര്‍ഷിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്യുന്നവര്‍ക്ക് മികച്ച പരിഗണനയും സ്ഥാനവുമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിന് ഉള്‍പ്പടെ ഇന്ന് റോബോട്ടിക്സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. വൈജ്ഞാനിക സമ്പദ്വ്യവസ്ഥ, വൈജ്ഞാനിക സമൂഹം എന്നീ ലക്ഷ്യങ്ങളിലേക്കുള്ള കേരളത്തിന്റെ യാത്ര മികച്ച രീതിയില്‍ അടയാളപ്പെടുത്തുന്നതാണ് ഇത്തരം ഇടപെടലുകള്‍. കേരളത്തിലെ യുവാക്കളുടെ നൂതനമായ പല ആശയങ്ങളും സംസ്ഥാനത്തിന്റെ വികസനത്തിന് വലിയ സാധ്യതകള്‍ നല്‍കുന്നതാണെന്ന് മന്ത്രി പറഞ്ഞു. ചര്‍ച്ചയില്‍ എന്‍.പി. ഉല്ലേഖ് മോഡറേറ്ററായി.

TAGS :