Quantcast
MediaOne Logo

സി.എം റഈബ

Published: 9 Dec 2023 2:30 PM GMT

സാഹിത്യ വിമര്‍ശനത്തിന്റെ രീതിശാസ്ത്രത്തില്‍ മാറ്റം വന്നു - ഒ.കെ സന്തോഷ്

ഇന്ന് പൊതുമണ്ഡലത്തില്‍ അംഗീകരിക്കപ്പെടുന്ന ഒട്ടുമിക്ക എഴുത്തുകാരും അവരുടെ ജീവിത പരിസരങ്ങളെ ഉപേക്ഷിച്ചുകൊണ്ട് മറ്റൊരു ജീവിത പശ്ചാത്തലത്തിലേക്ക് ചേക്കേറുകയാണ് ചെയ്യുന്നത്. ' മറ്റൊരു ജീവിതം സാധ്യമാണ് ' എന്ന തലക്കെട്ടില്‍ മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ നടന്ന ചര്‍ച്ചയില്‍ പ്രമുഖ ദലിത് ചിന്തകനും എഴുത്തുകാരനുമായ ഒ.കെ സന്തോഷ് സംസാരിച്ചതിന്റെ സംക്ഷിപ്ത രൂപം. | MLF 2023 | റിപ്പോര്‍ട്ട്: സി.എം റഈബ

മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍
X

സാഹിത്യത്തെ കേവലം ഒരു സൗന്ദര്യ-ആസ്വാദന വസ്തു എന്നതിലുപരി അത് സമൂഹത്തോട് സംവദിക്കുന്ന ആശയ ലോകത്തെ, വിമര്‍ശനാത്മകമായി പരിശോധിക്കുന്ന ഒരു രീതിയാണ് നിലവില്‍ രൂപപ്പെട്ടിട്ടുള്ളത്. അതിനെ പ്രത്യയശാസ്ത്ര വായന എന്നോ, പ്രതിനിധാന വായന എന്നോ വിശേഷിപ്പിക്കാം. ഈ പ്രത്യയശാസ്ത്ര വായനയിലൂടെ സാഹിത്യത്തെ വിലയിരുത്തുമ്പോള്‍ ഉടലെടുക്കുന്ന പ്രതിസന്ധി എന്നത്, ആ കൃതിയുടെ തന്നെ മറ്റു പല ഘടകങ്ങളെയും ന്യൂനീകരിക്കുകയോ അല്ലെങ്കില്‍ അപ്രധാനമായി കാണുകയോ ചെയ്യുന്നു എന്നതാണ്. അപ്പോള്‍ അതിനൊരു ഏകപക്ഷീയ സ്വഭാവം ഇല്ലേ എന്നുള്ളതാണ് പ്രധാനമായും വിമര്‍ശകര്‍ ഉന്നയിക്കുന്ന ഒരു കാര്യം. അതേസമയം തന്നെ ഏതാണ്ട് പത്തൊമ്പതാം നൂറ്റാണ്ടില്‍ രൂപപ്പെട്ടിട്ടുള്ള മലയാളത്തിന്റെ ഗദ്യസാഹിത്യവും ആധുനിക സാഹിത്യവും ഒക്കെ പരിശോധിക്കുമ്പോഴും എല്ലാകാലത്തും ഈയൊരു ആശയ സംഘര്‍ഷം രൂപപ്പെട്ടിരുന്നതായികാണാം. ഉദാഹരണത്തിന്, 1892 ല്‍ പുറത്തുവന്ന പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതി വിജയം എന്ന നോവലിനെ അന്നത്തെ പ്രാമാണിക വിമര്‍ശകനും നിരൂപകനുമായ സി.പി അച്യുതമേനോന്‍ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: എഴുത്തുകാരന് സാമ്പത്തികമായി ചില നേട്ടങ്ങളോ പ്രശസ്തിയോ കിട്ടുമെന്നതല്ലാതെ ഈ നോവല്‍ കൊണ്ട് സമൂഹത്തിന് യാതൊരു പ്രയോജനമോ പ്രാധാന്യമോ ലഭിക്കില്ല.

അദ്ദേഹം എഴുത്തിന്റെ ഉള്ളടക്കത്തിലേക്ക് പോകാതെ എഴുത്തുകാരന്റെ വ്യക്തിത്വത്തെയും സബ്ജക്ടിവിറ്റിയെയും മാത്രമാണ് കണ്ടത്. എന്നാല്‍, സമീപകാലത്ത് സുനില്‍ പി. ഇളയിടത്തെ പോലുള്ളവര്‍ പറയുന്നത് അത്യന്തം അപകടകരമായ രീതിയിലേക്ക് നമ്മുടെ പ്രത്യയശാസ്ത്ര വായന മാറിയിരിക്കുന്നു എന്നാണ്. കാരണം, ഒരു വ്യക്തിയുടെ സബ്ജക്ടിവിറ്റിയില്‍ മാത്രം ഊന്നിനിന്നുകൊണ്ട് കൃതിയെ പഠിക്കുമ്പോള്‍ ആ കൃതിയുടെ ബഹുസ്വര ഘടകങ്ങളെയും കലാമൂല്യങ്ങളെയുമൊക്കെ അവഗണിക്കുന്നു എന്ന പോരായ്മയാണ് അദ്ദേഹം ഉന്നയിക്കുന്നത്. 1960 കളിലാണ് ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അഗ്‌നിസാക്ഷി എന്ന കൃതി ഉണ്ടാകുന്നത്. 80 കളിലെയും 90കളിലെയും മലയാള സിനിമകള്‍ ഉള്‍പ്പെടെ പരിശോധിച്ചാല്‍ മേല്‍ജാതി ഹിന്ദു സമൂഹത്തിന്റെ ജീവിത പശ്ചാത്തലത്തെ വളരെ കൃത്യമായി കേന്ദ്രീകരിക്കുന്നതായി കാണാം. അതിന്റെ അപരങ്ങളായോ വശങ്ങളില്‍ നില്‍ക്കുന്ന ഏതെങ്കിലും ചെറിയ കഥാപാത്രങ്ങളായോ ആയിരിക്കും മറ്റു പല സമൂഹങ്ങളും കടന്നുവരുന്നത്.

എന്നാല്‍, ഇന്ന് അംഗീകാരങ്ങളും അവാര്‍ഡുകളും മറ്റുതരത്തിലുള്ള പ്രശസ്തികളും നേടുന്ന മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരെയെല്ലാം പരിശോധിച്ചാല്‍, അവരെല്ലാം എഴുതുന്നത് കേരളത്തിലെ കീഴാള സമൂഹങ്ങളുടെയോ ന്യൂനപക്ഷ സമൂഹങ്ങളുടെയോ പ്രശ്‌നങ്ങളാണ് എന്നതാണ് ഉത്തരാധുനികകാലത്ത് സംഭവിച്ചിട്ടുള്ള വളരെ പ്രധാനപ്പെട്ട ഒരു അട്ടിമറി. ഉദാഹരണത്തിന്, എസ്. ഹരീഷിന്റെ മീശ എന്ന നോവല്‍ പതിയാന്‍ എന്ന ദലിത് ക്രൈസ്തവന്റെ ജീവിതത്തെ ചുറ്റിപ്പറ്റി ഉണ്ടായിട്ടുള്ളതാണ്. അതുപോലെത്തന്നെ വിനോയ് തോമസിന്റെ ഏറ്റവും അധികം പ്രശസ്തി നേടിയിട്ടുള്ള രാമച്ചി പോലുള്ള കഥകള്‍ ആദിവാസി സമൂഹത്തെ കുറിച്ചാണ് എഴുതിയിട്ടുള്ളത്. തൊട്ടുകപ്പാത പോലുള്ള സ്ഥലങ്ങളിലാണ് ദലിത് ക്രൈസ്തവര്‍ ധാരാളമായി ഉണ്ടായിരുന്നത്. പക്ഷേ, സുറിയാനി ക്രൈസ്തവര്‍ ഭൂരിപക്ഷമുള്ള സ്ഥലത്തേക്ക് അതിനെ പരകായ പ്രവേശനം ചെയ്തു കൊണ്ടാണ് അദ്ദേഹം ആദ്യത്തെ നോവലായ കരിക്കോട്ടക്കരി എഴുതിയിട്ടുള്ളത്. ഉണ്ണി ആര്‍ ന്റെ കാളിനാടകം പോലുള്ള പ്രധാനപ്പെട്ട രചനകളും മലയാളി മെമ്മോറിയല്‍, മണ്ണിര പോലുള്ള രചനകളും ഇത്തരത്തിലുള്ളതാണ്.

ഇന്ന് പൊതുമണ്ഡലത്തില്‍ അംഗീകരിക്കപ്പെടുന്ന ഒട്ടുമിക്ക എഴുത്തുകാരും അവരുടെ ജീവിത പരിസരങ്ങളെ ഉപേക്ഷിച്ചുകൊണ്ട് മറ്റൊരു ജീവിത പശ്ചാത്തലത്തിലേക്ക് ചേക്കേറുകയാണ് ചെയ്യുന്നത്. അതിനു പിന്നിലുള്ള പ്രത്യയശാസ്ത്രവും വക്രീകരണങ്ങളുമൊക്കെ നിലനില്‍ക്കുന്നുണ്ട്. പക്ഷേ, അത്തരത്തിലുള്ള ഒരു സംവേദനത്തിന് മാത്രമാണ് സത്യത്തില്‍ ഇന്ന് മലയാളത്തിന്റെ സാഹിത്യഭാവനയുടെ ഭൂപടത്തില്‍ നിലനില്‍ക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍, ഒരു ദലിത് അവരെക്കുറിച്ച് എഴുതുമ്പോള്‍ അത് വിഭാഗീയമാവുകയും, ആദിവാസികള്‍ അവരുടെ രാഷ്ട്രീയം സംസാരിക്കുമ്പോള്‍ അതവരുടെ മാത്രം രാഷ്ട്രീയമോ അല്ലെങ്കില്‍ ഗോത്ര കവിതയോ ആദിവാസി കവിതയോ ഒക്കെയായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.

2010 ന് ശേഷമുള്ള ഇന്നത്തെ മലയാള സാഹിത്യത്തിലും സിനിമയിലും ഏറ്റവും പ്രധാനപ്പെട്ട തീമുകള്‍ വന്നിട്ടുള്ളത് തീരദേശ-മലയോര സമൂഹങ്ങളില്‍ നിന്നും ന്യൂനപക്ഷങ്ങളില്‍ നിന്നും ദലിതരില്‍ നിന്നുമൊക്കെയാണ്. ഇങ്ങനെയൊക്കെയായിരിക്കെത്തന്നെ ദലിതനായ ഒരാള്‍ ദലിതനെ കുറിച്ച് എഴുതുമ്പോള്‍ അത് സമൂഹത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും സമഗ്രതക്കുമൊക്കെ എതിരാണെന്ന് വിശ്വസിപ്പിക്കുന്ന തരത്തിലുള്ള ഒരു പ്രത്യയശാസ്ത്രവും പൊതുബോധവും നിലനില്‍ക്കുന്നുണ്ട്.

ക്രൈസ്തവകല എന്നും ക്രൈസ്തവ സങ്കേതം എന്നും പറയുമ്പോള്‍ കിട്ടുന്ന സ്വീകാര്യത ദലിത് കല, ദലിത് സങ്കേതം എന്ന് പറഞ്ഞാല്‍ ലഭിക്കില്ല. അപ്പോള്‍ അയാളെ ചാപ്പയടിക്കുകയോ ഏതെങ്കിലും തരത്തില്‍ മുദ്രകുത്താന്‍ ശ്രമിക്കുകയോ ചെയ്യുന്ന തരത്തിലുള്ള അധീശത്വ പൊതുബോധം സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. അത് വളരെ അപകടകരമാണ്. അതിനെതിരെയുള്ള പ്രതിരോധ ശ്രമങ്ങള്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി കേരളത്തിലെ അക്കാദമിക് മണ്ഡലങ്ങളിലും ബഹുജന സമൂഹത്തിലും ശക്തമായി നിലനില്‍ക്കുന്നുണ്ട്. അതിന്റെ തുടര്‍ച്ചകള്‍ തന്നെയാണ് ഇത്തരം സംവാദങ്ങളും.

TAGS :