Quantcast
MediaOne Logo

നയതന്ത്ര

Published: 11 Aug 2022 10:56 AM GMT

കുഴിയില്‍ നിന്ന് കുഴിയിലേക്ക്

കുളമായി കിടക്കുന്ന റോഡിലൂടെ ചാടികടന്നാല്‍ ഏതുമലയാളിക്കും എവിടെ ചെന്നാലും ട്രിപ്പിള്‍ ജംബില്‍ ജയിച്ചുകയറാനാകുമെന്ന ട്രോളും പുറത്തിറങ്ങിയിട്ടുണ്ട്. | പൊളിറ്റിക്കല്‍ പാര്‍ലര്‍

കുഴിയില്‍ നിന്ന് കുഴിയിലേക്ക്
X
Listen to this Article

മുഖ്യമന്ത്രി പിണറായി വിജയന് സാരിയും ബ്‌ളൗസും ഇട്ടാലെന്താണ് കുഴപ്പമെന്ന് ചോദിക്കുന്നത് കേട്ടു കുലുങ്ങിചിരിച്ചുകൊണ്ടാണ് പാര്‍ലറില്‍ നിന്നും നയതന്ത്ര ഇപ്രാവിശ്യം പുറത്തേക്ക് വരുന്നത്. ചോദിക്കുന്നത് എം.കെ മുനീറാണെങ്കിലും ചോദ്യം ന്യായമാണെന്ന് തോന്നി. സാധാരണഗതിയില്‍ ഇത്തരം ചോദ്യങ്ങളൊന്നും തന്നെ ചോദിക്കുന്ന ആളല്ല ഡോക്ടര്‍ മുനീര്‍. അല്ലറ ചില്ലറ തൊപ്പി, തെരഞ്ഞെടുപ്പിന്റെ സന്ദര്‍ഭത്തില്‍ ആരെങ്കിലും നിര്‍ബന്ധിച്ചുതലയില്‍ വെച്ചാല്‍, എടുത്തുമാറ്റാറില്ലെന്നതൊഴിച്ചാല്‍ മതത്തിന്റെ വര്‍ണം അങ്ങിനെയങ്ങ് ദേഹത്ത് കലരുന്നതില്‍ നിന്ന് മാറിനില്‍ക്കലാണ് പതിവ്. അല്‍പ്പം മതേതര പ്രതിഛായ മുഖത്ത് ആവശ്യത്തിന് വാരിത്തേക്കുകയും ചെയ്യാറുണ്ട്. മതതീവ്രതയെ കണക്കിന് വിമര്‍ശിക്കുകയും ചെയ്യും. പക്ഷെ, ഇപ്രാവശ്യം മുനീര്‍ സംസാരിക്കുന്നത് ഇടതുപക്ഷത്തിന്റെ ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരായിട്ടാണ്. അതാകട്ടെ മതസംഘടനകള്‍ എറ്റുപിടിച്ച കേസുമാണ്. സ്‌കൂളുകളിലെ യൂണിഫോറമാണ് തര്‍ക്കവിഷയം. അത് ലിംഗരഹിതമാക്കണമെന്ന പുരോഗമന ശുപാര്‍ശയാണ് വിദ്യാഭ്യാസ മേഖലയില്‍ പുതിയ കണ്ടുപിടുത്തമായി അവതരിപ്പിച്ചുവരുന്നത്. പെണ്‍കുട്ടികള്‍ പാന്റ്‌സിടണമെന്നാണ് നിര്‍ദേശം. അപ്പോഴാണ് ചോദ്യമുയരുന്നത്. അതെന്താ ആണ്‍കുട്ടികള്‍ക്ക് ചുരിദാറിട്ടുകൂടെയെന്ന്. അതിന്റെ വലിയ വിശദീകരണമായാണ് മുനീര്‍, പിണറായി സാരിയുടുക്കുമോയെന്ന് ചോദിച്ചതും.

വളരേ രാജകീയമായാണ് ശ്രീ രാം വെങ്കിട്ടരാമന്‍ ആലപ്പുഴ കലക്ടറായി രംഗപ്രവേശനം ചെയ്യുന്നത്. ശ്രീ രാം അല്‍പ്പം റം കുടിച്ചാലെന്താ, രാത്രി വാഹനം ഓടിച്ചാലെന്താ, കാറപകടം പറ്റിയാലെന്താ, ഒരാള്‍ മരിച്ചാലെന്താ തുടങ്ങിയ നിഷ്‌കളങ്കമായ ചോദ്യങ്ങളാണ് ദാസനും വിജയനും രാജനുമൊക്കെ ചോദിച്ചുകൊണ്ടിരുന്നത്.

ന്യൂട്രാലിറ്റിയുടെ വിഷയമായതുകൊണ്ട് നിഷ്പക്ഷമായി പറയണമല്ലോ. പകുതി ദിവസം പെണ്‍കുട്ടികള്‍ പാന്റ്സിടട്ടെ. ബാക്കി പകുതി ആണ്‍കുട്ടികള്‍ ചുരിദാറുമിടട്ടെ. കാണാന്‍ എന്ത് ഭംഗിയായിരിക്കുമല്ലേ. പുരോഗമനത്തെകുറിച്ച ഈ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെയാണ് മന്ത്രി ശിവന്‍കുട്ടി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ബെഞ്ചില്‍ ഒന്നിച്ചിരിക്കുന്നതില്‍ ആശങ്കവേണ്ടെന്ന് അറിയിച്ചിട്ടുള്ളത്.

ഇപ്പോള്‍ കണ്ണൂരില്‍നിന്നൊര് കണ്ണീര് വാര്‍ത്തയുണ്ട്. സഹാപാഠി ലഹരിക്കടിമയാക്കി പീഡിപ്പിച്ചുവെന്ന ഒരൊമ്പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലും നിലവിളിയുമാണത്. നമ്മുടെ നാടും പുരോഗമിക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ തിരിച്ചറിഞ്ഞാല്‍ നന്ന്.

വളരേ രാജകീയമായാണ് ശ്രീ രാം വെങ്കിട്ടരാമന്‍ ആലപ്പുഴ കലക്ടറായി രംഗപ്രവേശനം ചെയ്യുന്നത്. ശ്രീ രാം അല്‍പ്പം റം കുടിച്ചാലെന്താ, രാത്രി വാഹനം ഓടിച്ചാലെന്താ, കാറപകടം പറ്റിയാലെന്താ, ഒരാള്‍ മരിച്ചാലെന്താ തുടങ്ങിയ നിഷ്‌കളങ്കമായ ചോദ്യങ്ങളാണ് ദാസനും വിജയനും രാജനുമൊക്കെ ചോദിച്ചുകൊണ്ടിരുന്നത്. ഇങ്ങിനെയൊക്കെ ചെയ്താല്‍ ഐ.എ.എസ്സുകാരന്‍ ഐ.എ.എസ്സുകാരനാകാതിരിക്കുമോയെന്നും ജില്ലാ കലക്ടറാക്കാതിരിക്കാന്‍ പറ്റുമോയെന്നുമാണ് സൈബര്‍ പോരാളികള്‍ വാദിച്ചത്. പക്ഷെ, ശ്രീറാമിനെതിരെ മാധ്യമപ്രവര്‍ത്തകരും പ്രതിപക്ഷവും ജമാഅത്ത് കൗണ്‍സിലും വലിയ പ്രതിഷേധം തീര്‍ത്തു. ആ പ്രതിഷേധത്തിനുമുന്നില്‍ ഭരണകൂടം മുട്ടുമടക്കി. ആവേശത്തോടെ ചാര്‍ജെടുത്ത ശ്രീ റാം, അടുത്തയാള്‍ക്ക് നേരിട്ട് ചാര്‍ജ് കൊടുക്കാന്‍ നില്‍ക്കാതെ പടിയിറങ്ങി. ഒരു ഐ.എ.എസ്സുകാരനെ ആവശ്യമില്ലാതെ ഇങ്ങിനെ അപഹാസ്യനാക്കേണ്ട വല്ല കാര്യവും ഇടതുപക്ഷത്തിനുണ്ടായിരുന്നോ എന്ന വളരെ ലഘുവായ ചോദ്യമാണ് പാര്‍ലറിലുള്ളവര്‍ ചോദിച്ചത്. പിന്നീടാകട്ടെ അദ്ധേഹത്തെ പ്രതിഷ്ഠിച്ചത് സിവില്‍സപ്ലൈസ് കോര്‍പ്പറേഷനില്‍ എംഡിയായിട്ട്. അതവിടെയും പുകിലായി. ആരോട് ചോദിച്ചിട്ടാണ് ടിയാനെ അവിടെ കുടിയിരുത്തിയത് എന്നായി ഭക്ഷ്യമന്ത്രി അനിലദ്ധേഹം. മന്ത്രിസഭയിലെന്തോ കശപിശയുണ്ടായി. കത്ത് മാധ്യമങ്ങളെ അറിയിച്ചല്ല കൊടുത്തയക്കേണ്ടതെന്ന് പറഞ്ഞ് മുഖ്യന്‍ ആഞ്ഞടിച്ചുവെന്നത് അരമനയിലും അങ്ങാടിയിലും അടുക്കളയിലും ആകെ പാട്ടായി.

കോഴിക്കോട് മേയര്‍ ബാലഗോകുലം പരിപാടി ഐശ്വര്യമായി ഉദ്ഘാടനംം ചെയ്തു ആ നിലവിളക്ക് അങ്ങ് കൊളുത്തി. താനിതൊക്കെ എത്ര പ്രാവിശ്യം ചെയ്‌തേക്കണ് എന്ന മട്ടില്‍ മാധ്യമങ്ങളുടെ മുമ്പില്‍ ഞെളിഞ്ഞു നിന്നു. സംഭവം വിവാദമായപ്പോള്‍ ബാലഗോകുലം ആര്‍.എസ്.എസ്സിന്റെ പോഷകസംഘടനയാണെന്ന് തനിക്കറിയില്ലെന്ന് മേയര്‍ പാവം കൂറി.

പയ്യാമ്പലത്ത് കര്‍ക്കടകവാവിന് പിതൃദര്‍പ്പണത്തിനെത്തിയ വിശ്വാസികള്‍ക്ക് പി. ജയരാജന്റെ നേതൃത്വത്തില്‍ പതിവിനു വിപരീതമായി രാജകീയമായ വരവേല്‍പ്പും സേവനവുമാണ് ലഭിച്ചത്. പൊതുവെ യുക്തിവാദികളും നാസ്തികരുമായ സഖാക്കള്‍ തന്നെയാണോ കടാപ്പുറത്തുകൂടി ഇങ്ങിനെ ചീറിപ്പാഞ്ഞു നടക്കുന്നത് എന്ന് കണ്ടു വിശ്വാസംവരാതെ ഭക്തജനങ്ങള്‍ കണ്ണുമിഴിച്ചു. ഖാദി ബോര്‍ഡ് മൃതപ്രാണന്‍ വലിക്കുന്ന സാഹചര്യത്തില്‍ അതിന്റെ വൈസ് ചെയര്‍മാനായ ജയരാജന്‍ സഖാവ് വളരെപ്രതീകാത്മകമായ കാര്യം തന്നെയാണ് നിര്‍വഹിച്ചത്. പക്ഷെ, സഖാവിപ്പോള്‍ എന്തു ചെയ്താലും ഉടനെയദ്ധേഹത്തെ പാര്‍ട്ടി തിരുത്തുന്ന പരിപാടിയുണ്ട്. പതിവുപോലെ ഇതിലും അത് തന്നെ സംഭവിച്ചു. അബദ്ധം പറ്റിപ്പോയതാണെന്ന ക്ഷമാപണം ജയരാജനും അവര്‍ത്തിച്ചു. അപ്പോഴേക്കും കോഴിക്കോട് മേയര്‍ ബാലഗോകുലം പരിപാടി ഐശ്വര്യമായി ഉദ്ഘാടനംം ചെയ്തു ആ നിലവിളക്ക് അങ്ങ് കൊളുത്തി. താനിതൊക്കെ എത്ര പ്രാവിശ്യം ചെയ്‌തേക്കണ് എന്ന മട്ടില്‍ മാധ്യമങ്ങളുടെ മുമ്പില്‍ ഞെളിഞ്ഞു നിന്നു. സംഭവം വിവാദമായപ്പോള്‍ ബാലഗോകുലം ആര്‍.എസ്.എസ്സിന്റെ പോഷകസംഘടനയാണെന്ന് തനിക്കറിയില്ലെന്ന് മേയര്‍ പാവം കൂറി. പാര്‍ട്ടി ക്ലാസിലിപ്പോള്‍ കാര്യമായി ഇതൊന്നും പഠിപ്പിക്കുന്നില്ലെന്നാണ് മനസ്സിലാകുന്നത്. ഭരണത്തിന്റെ സുഖം പിടിച്ചങ്ങിനെ ഇരിക്കുമ്പോള്‍ കാര്യങ്ങള്‍ ശരിയായി പഠിക്കുന്നില്ലെന്നതാണ് കാതലായ പ്രശ്‌നം.

സി.പി.ഐയില്‍ ഇപ്പോള്‍ സമ്മേളനകാലമാണ്. അതായത് മുഖ്യനേയും സഖ്യകക്ഷിയായ സി.പി.എമ്മിനേയും വിമര്‍ശിക്കുന്ന ഉത്സവകാലം. അതിനിടയില്‍ സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ തന്നെ ഗ്രൂപ്പ് തിരിഞ്ഞ് പോരടിക്കുന്നതും കാണാം. കോട്ടയത്ത് ഔദ്യേഗിക പാനലില്‍ മത്സരിച്ച ജില്ലാ സെക്രട്ടറി പരാജയപ്പെടുന്നതിലേക്ക് വിഭാഗീയത പുരോഗമിച്ചു തുടങ്ങിയിട്ടുണ്ട്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രമെഴുതി മലയാളികളായ എല്‍ദോസ് പോളും അബ്ദുല്ല അബൂബക്കറും സ്വര്‍ണവും വെള്ളിയും നേടി കേരളത്തിന്റേയും രാജ്യത്തിന്റേയും അഭിമാനമുയര്‍ത്തി. അതേ വാര്‍ത്ത മാധ്യമങ്ങളില്‍ വന്ന ദിവസം തന്നെയാണ് ദേശീയ പാതയിലെ കുഴികളെകുറച്ചുള്ള ചര്‍ച്ചകളും പുരോഗമിച്ചത്. നെടുമ്പാശേരിയിലെ ഹോട്ടലുടമയായ ഹാഷിം ദേശീയപാതയിലെ കുഴിയില്‍ വീണ് അപകടത്തില്‍പെട്ട് മരണത്തിന് കീഴടങ്ങി. പിന്നീട് പ്രതിഷേധത്തിന്റെ പെരുമഴക്കാലമായിരുന്നു. ഹൈക്കോടതി സ്വമേധയാ ഇടപെട്ട് തൃശൂര്‍ എറണാകുളം കലക്ടര്‍മാരോട് കുഴിയെണ്ണാനാവശ്യപ്പെട്ടു. ദേശീയ പാതയിലെ കുഴിയടക്കേണ്ടത് കേന്ദ്രമാണെന്ന് പറഞ്ഞ് പൊതുമരാമത്ത് മന്ത്രി ബഹുമാനപ്പെട്ട റിയാസ് നൈസായി കൈകഴുകി. പ്രതിപക്ഷനേതാവ് സംഭവത്തെ വിമര്‍ശിച്ചപ്പോള്‍ സങ്കുചിത രാഷ്ട്രീയത്തിന്റെ കുഴിയില്‍ ലീഡര്‍ വി.ഡി വീഴരുതെന്നും മന്ത്രി പ്രസ്താവിച്ചു. രാഷ്ട്രീയത്തിന്റെ കുഴിയിലല്ല റോഡിലെ കുഴിയിലാണ് ആളുകള്‍ വീണുമരിക്കുന്നതെന്ന് പറഞ്ഞ് ജനം തിരച്ചടിച്ചു. കുളമായി കിടക്കുന്ന റോഡിലൂടെ ചാടികടന്നാല്‍ ഏതുമലയാളിക്കും എവിടെ ചെന്നാലും ട്രിപ്പിള്‍ ജംബില്‍ ജയിച്ചുകയറാനാകുമെന്ന ട്രോളും പുറത്തിറങ്ങി.

സി.പി.ഐയില്‍ ഇപ്പോള്‍ സമ്മേളനകാലമാണ്. അതായത് മുഖ്യനേയും സഖ്യകക്ഷിയായ സി.പി.എമ്മിനേയും വിമര്‍ശിക്കുന്ന ഉത്സവകാലം. അതിനിടയില്‍ സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ തന്നെ ഗ്രൂപ്പ് തിരിഞ്ഞ് പോരടിക്കുന്നതും കാണാം. കോട്ടയത്ത് ഔദ്യേഗിക പാനലില്‍ മത്സരിച്ച ജില്ലാ സെക്രട്ടറി പരാജയപ്പെടുന്നതിലേക്ക് വിഭാഗീയത പുരോഗമിച്ചു തുടങ്ങിയിട്ടുണ്ട്. കാനം ആരുടേയൊയൊക്കെ അടിമയാണെന്നാണ് ആരോപണം. ആരോ പറഞ്ഞ ആരോപണമായതിനാല്‍ നയതന്ത്രയും പാര്‍ലറിലുള്ളവരും അതൊന്നും വിശ്വസിക്കുന്നില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഇന്നത്തേക്ക് വിട.

TAGS :