Quantcast
MediaOne Logo

ഡോ. സലീമ ഹമീദ്

Published: 17 March 2023 9:11 AM GMT

പൊതുജനാരോഗ്യം പുരാതന കാലഘട്ടത്തില്‍

ഇംഗ്‌ളണ്ടില്‍ പാഴ്‌വസ്തുക്കളും മലമൂത്രാദികളും തെരുവില്‍ വലിച്ചെറിയുന്നതിനെതിരെ നിയമനിര്‍മാണം നടത്തിയതിനെത്തുടര്‍ന്ന് ഇവ തെംസ് നദിയിലേക്ക് നിക്ഷേപിക്കാന്‍ തുടങ്ങി. ഇതുമൂലം നദിയുടെ ആഴവും വീതിയും കുറഞ്ഞു തുടങ്ങിയതോടെ കപ്പലുകള്‍ക്ക് സഞ്ചരിക്കാന്‍ തടസ്സം നേരിട്ടു. ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യം നിമിത്തം ബിയറാണ് പകരം ഉപയോഗിച്ചിരുന്നത്. മലിനജല നിര്‍മാര്‍ജന പാതകളും മറ്റും പില്‍കാലത്ത് നിലവില്‍ വന്നതോടെ ഇത്തരം ഇടങ്ങളില്‍ ജീവിക്കുന്നവരില്‍ കാണപ്പെടുന്ന പലതരം രോഗങ്ങളും അപ്രത്യക്ഷമായി. | DaVelhaMedicina - ഭാഗം-12

പൊതുജനാരോഗ്യം പുരാതന കാലഘട്ടത്തില്‍
X

വൈദ്യശാസ്ത്രത്തില്‍ പൊതുജനാരോഗ്യ രംഗത്താണ് റോമാസാമ്രാജ്യത്തിന്റ പ്രധാന സംഭാവന. ക്രിസ്തുവിനു മുന്‍പുള്ള കാലത്തു തന്നെ അഴുക്കു വെള്ളത്തില്‍ കുളിക്കുന്നതും അതു കുടിക്കുന്നതും രോഗകാരണം ആകുമെന്ന് റോമിലെ ജനങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നു. റോമില്‍ കൂടിയൊഴുകുന്ന ടൈബര്‍ നദി അക്കാലത്ത് മൃഗങ്ങളുടെ ശവശരീരങ്ങളും വിസര്‍ജ്യ വസ്തുക്കളും നിറഞ്ഞതായിരുന്നു. ഈ നദിയിലെ വെള്ളത്തിന്റെ ഉപയോഗം രോഗകാരണമായിരുന്നു എന്ന് മനസ്സിലാക്കിയിരുന്നുവെങ്കിലും ജനങ്ങള്‍ക്ക് മറ്റു വഴികള്‍ ഇല്ലാതെ ബുദ്ധിമുട്ടി. ഇതിനൊരു പരിഹാരം ഉണ്ടായത് ബി.സി 312 ല്‍ ആ നാട്ടിലെ ആദ്യത്തെ ജലസംഭരണിയും നീര്‍ച്ചാലുകളും അടങ്ങിയ അക്വാഡക്റ്റ് നിര്‍മിച്ചതോടെയാണ്. 16 കിലോമീറ്റര്‍ നീളത്തിലുള്ള വെള്ളം കൊണ്ട് വരാനുള്ള ചെറിയ ടണല്‍, അക്വാആപ്പിയ (Aqua appia) അധികവും ഭൂമിക്കടിയിലൂടെ ആണ് കടന്ന് പോകുന്നത്. നഗരമധ്യത്തില്‍ എത്തുമ്പോള്‍ മാത്രമാണ് ഇത് പുറമേ കാണുന്നുള്ളു. ശുദ്ധമായ അരുവികളില്‍ നിന്നും ശേഖരിച്ചു കൊണ്ടുവരുന്ന ജലം പൊതുപൈപ്പുകളിലും കുളിപ്പുരകളിലും ചില ഉന്നതകുലജാതരുടെ വീടുകളിലേക്കും മാത്രമായിരുന്നു എത്തിയിരുന്നത്. സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുണ്ടായിരുന്ന കുറച്ച് പേര്‍ക്കു മാത്രമാണ് ഇത്തരത്തില്‍ ശുദ്ധജലം ലഭിച്ചിരുന്നത്. ഇതുമൂലം വെള്ളം ഒഴുകി വരുന്ന വലിയ പൈപ്പുകളില്‍ നിന്നും ചെറിയ പൈപ്പുകള്‍ ഉപയോഗിച്ച് സ്വന്തം വീടുകളിലേക്ക് വെള്ളമൊഴുക്കി കൊണ്ടുവരാന്‍ രഹസ്യമായി ചിലര്‍ ശ്രമിച്ചിരുന്നു. ഈ 'മോഷണം', 'punching'എന്നാണ് അറിയപ്പെട്ടിരുന്നത്. പില്‍ക്കാലത്ത് ഇത് പൊതുജനാരോഗ്യ എന്‍ജിനീയറിംഗിന്റെ ലോകത്തിനു മുഴുവന്‍ ആയുള്ള ഒരു സുവര്‍ണ്ണ മാതൃകയായി മാറി. ഈ ശുദ്ധജല വിതരണ ശ്രംഖലയെ ഏതെങ്കിലും വിധത്തില്‍ മലിനപ്പെടുത്തുന്നത് മരണശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു.

എ.ഡി ഒന്നാം നൂറ്റാണ്ടിലെ പ്രശസ്തനായ സിവില്‍ എഞ്ചിനീയര്‍ 'Sextus Julius Frontinus' ശുദ്ധജലത്തിന്റെ ഉറവിടം എങ്ങനെ കണ്ടെത്തണം എന്നതിനെപ്പറ്റി ഇങ്ങനെ പറയുന്നു 'വെള്ളം തുറന്ന പ്രദേശത്ത് ആയിരിക്കുകയും ഒഴുക്ക് ഉണ്ടാവുകയും വേണം; മറ്റെന്തും തീരുമാനിക്കുന്നതിനു മുമ്പ് അതിന്റെ കരയില്‍ ജീവിക്കുന്ന മനുഷ്യരുടെ ശരീരത്തെ നന്നായി നോക്കി കാണേണ്ടതുണ്ട്, അവര്‍ ആരോഗ്യമുള്ളവരും രക്തപ്രസാദത്തോട് കൂടിയവരും ബലമുളള കാലുകളോട് കൂടിയ വരും പീള കെട്ടാത്ത കണ്ണുകളോട് കൂടിയ വരും ആണെങ്കില്‍ അവിടെയുള്ളത് ജലം ശുദ്ധമാണെന്ന് ഉറപ്പിക്കാം'


പൊതുകക്കൂസുകളും കുളിപ്പുരകളിലും കൗണ്ടറുകളിലും വെള്ളം തുടര്‍ച്ചയായി ലഭിക്കും വിധത്തില്‍ ആയിരുന്നു വിതരണ സംവിധാനം. അതുപോലെ അശുദ്ധജലം അഴുക്കുചാലുകള്‍ വഴി ഒഴുക്കിക്കളയുന്നതും ഇടതടവില്ലാതെ നടന്നു. ജനങ്ങളുടെ വിനോദത്തിനായി ഭീമാകാരങ്ങളായ ജലസംഭരണികളില്‍ വെള്ളം നിറച്ചു വെച്ചു. അതുപയോഗിച്ച് നാവിക യുദ്ധങ്ങള്‍ നടക്കുന്നത് പോലെ അഭിനയിക്കുന്നത് അക്കാലത്ത് സാധാരണമായിരുന്നു. വളരെ വലിയ ജല സംഭരണികളില്‍ എപ്പോഴും പ്രതീക്ഷിക്കാവുന്ന തീപിടുത്തങ്ങളെ പ്രതിരോധിക്കാനായി വെള്ളം ശേഖരിച്ചു വച്ചിരുന്നു. ഇത്തരത്തില്‍ ബിസി 312 നും എഡി 50നും ഇടയില്‍ റോമില്‍ നിര്‍മിക്കപ്പെട്ട ജലവാഹിനികളില്‍ ആദ്യത്തേതായിരുന്നു അക്വാ ആപ്പിയ. ഇത്തരം നിര്‍മാണങ്ങള്‍ക്ക് ശേഷം വയറിളക്കരോഗങ്ങള്‍ ആയ കോളറ, വയറുകടി, ടൈഫോയ്ഡ് തുടങ്ങിയവ വളരെയധികം അധികം കുറഞ്ഞു.

പ്രധാന ജലവാഹിനികളില്‍ നിന്നും വീടുകളിലേക്കും മറ്റുമുള്ള പൈപ്പുകള്‍ ഈയം കൊണ്ട് നിര്‍മിച്ചവയായിരുന്നു. ഈയം ശരീരത്തില്‍ പ്രവേശിക്കുന്നത് മൂലമുള്ള രോഗങ്ങള്‍ (lead poiosning) സമൂഹത്തില്‍ പടരാന്‍ ഇടയാക്കി. ഒരുപക്ഷേ ഇതായിരിക്കാം റോമന്‍ സാമ്രാജ്യത്തിന്റെ തന്നെ തകര്‍ച്ചക്ക് ഇടയാക്കിയത് എന്നും ചില പണ്ഡിതന്മാര്‍ക്ക് അഭിപ്രായമുണ്ട്.

വെള്ളത്തിലെ കാത്സ്യത്തിന്റെ അളവ് കൂടുതലായത് നിമിത്തം കാത്സ്യം ആദ്യം പൈപ്പുകളുടെ അകത്ത് പെയിന്റ് പോലെ പറ്റി പിടിക്കുകയും ഈയം മൂലമുണ്ടാകുന്ന രോഗങ്ങള്‍ ഒരുപക്ഷേ കൂടുതലായി ഉണ്ടാകുന്നത് തടയുകയും ചെയ്തതായി മറ്റൊരു അഭിപ്രായമുണ്ട്. പഴയ റോമന്‍ കാലത്തെ ശവകുടീരങ്ങളില്‍ നിന്നുള്ള എല്ലുകളില്‍ മേല്‍പ്പറഞ്ഞ വിധത്തിലുള്ള ഭയാനകമായ അളവിലുള്ള ഈയം ഒരിക്കലും കണ്ടെത്തിയിട്ടില്ല.

ബി.സി 2600 മുതല്‍ 1900 വരെ നില നിന്ന സിന്ധു നദീതട സംസ്‌കാരം അവരുടെ കുടിവെള്ളം വെള്ളം മലിനമാകാതെ സൂക്ഷിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും മലിനവസ്തുക്കള്‍ പ്രത്യേകമായി ഉണ്ടാക്കിയ കുഴികളില്‍ ഉപേക്ഷിക്കുകയും ചെയ്തു പോന്നു. ബി.സി 2000 മുതല്‍ 1500 വരെയുള്ള കാലത്തു ഗ്രീക്ക് ദ്വീപായ ക്രീറ്റില്‍ ജീവിച്ചിരുന്ന മീനോവന്‍സ ്(Minoans of Bronze age) മണ്ണിനടിയില്‍ കൂടിയുള്ള കളിമണ്‍ പൈപ്പുകള്‍ വഴി ശുദ്ധജലം വീടുകളില്‍ ഉപയോഗത്തിനും ടോയ്‌ലറ്റിലേക്കും കൊണ്ടുവന്നിരുന്നതായി കാണാം.

പുരാതന ചൈനയിലെ ഉദ്യോഗസ്ഥന്മാര്‍ കുടിക്കുന്നതിന് ഉപയോഗിക്കുന്ന നദികളിലും തടാകങ്ങളിലും കാണപ്പെടുന്ന മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരങ്ങളും മറ്റ് അനാവശ്യവസ്തുക്കളും എടുത്തുമാറ്റി അവ വൃത്തിയാക്കുന്നു എന്നുള്ളത് കൃത്യമായ ഇടവേളകളില്‍ ഉറപ്പു വരുത്തിയിരുന്നു. രോഗപ്രതിരോധത്തിന് ഇവയെല്ലാം പ്രധാനമാണെന്ന് മനസ്സിലാക്കിയത് കൊണ്ടാണിത് എന്ന് അനുമാനിക്കാം.

ലോകത്തിലാദ്യമായി മലിനജലം ഒഴുക്കി കളയുന്നതിനുള്ള വഴികള്‍ (sewage system) നിര്‍മിച്ചത് പുരാതന റോമാക്കാരാണ്. ക്ലൊയേക്ക മാക്‌സിമ (Cloaca Maxima) എന്നാണ് ഇതിന്റെ പേര്. ബി.സി 600ല്‍ നിര്‍മിച്ച ഇതിലൂടെ മലിനജലവും ചതുപ്പുകളില്‍ നിന്നുള്ള വെള്ളവും ഭൂമിക്കടിയില്‍ സ്ഥാപിച്ച ചാനലുകളിലൂടെ ടൈബര്‍ നദിയിലേക്ക് ഒഴുക്കി വിട്ടു. ഇതിന്റെ പ്രധാന ഭാഗം ഒരു അടച്ചുകെട്ടിയ കനാലായിരുന്നു. പ്രധാന പൊതുമന്ദിരങ്ങള്‍ കൊട്ടാരങ്ങള്‍ എന്നിവയില്‍നിന്നും ചെറിയ ശാഖകള്‍ ഈ കനാലില്‍ വന്നു ചേരും. സാധാരണ വീടുകളില്‍ കോണിപ്പടിയുടെ താഴെയുള്ള ഒരു ദ്വാരത്തില്‍ കൂടി വിസര്‍ജ്യവസ്തുക്കള്‍ നിറച്ച പാത്രങ്ങള്‍ ഇതിനായി നിര്‍മിച്ച പ്രത്യേക കുഴിയിലേക്ക് തള്ളുകയായിരുന്നു പതിവ്. എന്നാല്‍, പലപ്പോഴും ഈ വിസര്‍ജ്യവസ്തുക്കള്‍ ജനാലയില്‍ കൂടി വീടിന്‍ന്റൈറ മുകള്‍ തട്ടില്‍ നിന്നും പൊതുവഴികളിലേക്ക് എറിയുന്നത് അസാധാരണമായിരുന്നില്ല. ചിലയിടങ്ങളില്‍ മൂത്രം പാത്രങ്ങളില്‍ ശേഖരിച്ചശേഷം അത് തുണിയലക്കാന്‍ ആയി ഉപയോഗിക്കുമായിരുന്നുവത്രെ! സാധാരണഗതിയില്‍ ഈ അഴുക്കുചാലുകള്‍ തടസ്സമൊന്നും കൂടാതെ ഒഴുകിക്കൊണ്ടിരിക്കും. വല്ലപ്പോഴും ഏതെങ്കിലും ഒരാളുടെ ശവശരീരമോ മറ്റോ ഇതിലേക്ക് എറിയുമ്പോള്‍ ഒഴിച്ച്.


ക്‌ളോയേക്ക മാക്‌സിമയുടെ ചില ഭാഗങ്ങള്‍ ഇന്നും പ്രവര്‍ത്തിക്കുന്നു എന്നത് അത്ഭുതകരം തന്നെയല്ലേ? ഇത്തരം അഴുക്കുചാലുകളുടെ ശൃംഖലകള്‍ റോമന്‍ സാമ്രാജ്യത്തിന്റെ മിക്കവാറും പ്രധാന ഭാഗങ്ങളിലെല്ലാം നിര്‍മിക്കപ്പെട്ടിരുന്നു. അത്തരത്തിലൊന്ന് ഇംഗ്ലണ്ടിലെ യോര്‍ക്കില്‍ ഇന്നും കാണാം. റോമാക്കാര്‍ അവരുടെ കാലത്തിനു മുന്‍പേ സഞ്ചരിച്ചവരാണ്. റോമന്‍ സാമ്രാജ്യത്തിലെ ഏറ്റവും മഹത്വപൂര്‍ണമായ മൂന്നു കാര്യങ്ങള്‍ ഇനി പറയുന്നവയാണ്-അക്വഡക്റ്റുകള്‍, കല്ലു പാകിയ റോഡുകള്‍, അഴുക്കുചാലുകളുടെ നിര്‍മാണം എന്നിവ. റോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം ഇത്തരത്തില്‍ ജലവാഹിനികള്‍ ഉണ്ടാക്കുന്ന എന്‍ജിനീയറിങ്ങിനെപ്പറ്റി യൂറോപ്പ് പൂര്‍ണമായും മറന്നുപോയി. പിന്നീട് പതിനേഴാം നൂറ്റാണ്ടില്‍ ആണ് യൂറോപ്പിലെ നഗരങ്ങള്‍ തങ്ങളുടെ ജനങ്ങള്‍ക്ക് ശുദ്ധജലം വിതരണം ചെയ്യാനുള്ള സംവിധാനങ്ങളെപറ്റി ആലോചിച്ചത്.

മധ്യകാലത്തെ വ്യക്ത്തി ശുചിത്വത്തെപ്പറ്റി ധാരാളം കഥകളുണ്ട്. അക്കാലത്ത് യൂറോപ്പിലും സാധാരണ മനുഷ്യര്‍ കൈ കൊണ്ടാണ് ഭക്ഷണം കഴിച്ചിരുന്നത്. പക്ഷെ, ഭക്ഷണത്തിന് മുന്‍പും പിന്‍പും കൈ കഴുകിയിരുന്നു. കുളി സാധാരണമായിരുന്നില്ല. ജീവിതത്തില്‍ രണ്ടു പ്രാവശ്യമേ കുളിച്ചിട്ടുള്ളുവെന്ന് അഭിമാനം കൊണ്ട ആളാണ് സ്‌പെയിനിലെ ഇസബെല്ല രാജ്ഞി - ആദ്യം ജനിച്ചപ്പോഴും പിന്നീട് ഫെര്‍ഡിനന്റ് രാജാവിനെ വിവാഹം ചെയ്യുന്ന ദിവസവും! ശരീരത്തിന്റെ ദുര്‍ഗന്ധം നീക്കാനായി വൈന്‍ കൊണ്ട് തുടക്കാനായിരുന്നു നിര്‍ദേശം. കിഡ്‌നിയിലെ കല്ലുകള്‍ മുതല്‍ വിഷാദം വരെയുള്ള രോഗങ്ങള്‍ക്ക് കുളി ചികിത്സയായി വിധിക്കപ്പെട്ടിരുന്നു. ജലദോഷത്തിന് രാത്രിയിലെ കുളിയും പാദം കഴുകലും ഗുണം ചെയ്യുമെന്ന വിശ്വാസം പ്രബലമായിരുന്നു. വസ്ത്രം അലക്കുന്ന വെള്ളത്തില്‍ മൂത്രം കൂടി ചേര്‍ത്താല്‍ 'വൃത്തി' യാകുമെന്ന് വിശ്വസിക്കപ്പെട്ടിരുന്നു. ഇംഗ്‌ളണ്ടില്‍ പാഴ്‌വസ്തുക്കളും മലമൂത്രാദികളും തെരുവില്‍ വലിച്ചെറിയുന്നതിനെതിരെ നിയമനിര്‍മാണം നടത്തിയതിനെത്തുടര്‍ന്ന് ഇവ തെംസ് നദിയിലേക്ക് നിക്ഷേപിക്കാന്‍ തുടങ്ങി. ഇത് മൂലം നദിയുടെ ആഴവും വീതിയും കുറഞ്ഞ തുടങ്ങിയതോടെ കപ്പലുകള്‍ക്ക് സഞ്ചരിക്കാന്‍ തടസ്സം നേരിട്ടു. ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യം നിമിത്തം ബിയറാണ് പകരം ഉപയോഗിച്ചിരുന്നത്. മലിനജല നിര്‍മാര്‍ജന പാതകളും മറ്റും പില്‍കാലത്ത് നിലവില്‍ വന്നതോടെ ഇത്തരം ഇടങ്ങളില്‍ ജീവിക്കുന്നവരില്‍ കാണപ്പെടുന്ന പലതരം രോഗങ്ങളും അപ്രത്യക്ഷമായി.

എ.ഡി 673ല്‍ ജനിച്ച വെനെറബിള്‍ ബെദേ (Venerable Bede)എന്ന സന്യാസിയായ ഇംഗ്ലീഷ് ചരിത്രകാരനാണ് ക്രിസ്തുവിന് മുമ്പും പിന്‍പും എന്ന് ചരിത്രത്തെ വിഭജിച്ചത്. ഇന്നും പിന്തുടര്‍ന്ന് പോകുന്നു എന്നത് ആ രീതിയുടെ സൗകര്യത്തിന്റെ മാത്രമല്ല സ്വീകാര്യതയുടെയും തെളിവാണ്. 1609-1613നും ഇടയ്ക്ക് ഹെര്‍ഡ്‌ഫോര്‍ഡ്‌ഷെയര്‍(Hertfordshire)ല്‍ നിന്നും ലണ്ടനിലേക്ക് ശുദ്ധജലം കൊണ്ടുവരാനായി ഒരു പുതിയ നദി നിര്‍മ്മിച്ചു. അതിനുശേഷം പല പ്രൈവറ്റ് കമ്പനികളും തങ്ങളുടെ സ്വന്തമായ ആയ ശുദ്ധജലവിതരണ സംവിധാനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കി. 1842ലാണ് അമേരിക്കയില്‍ ആദ്യമായി ഇത്തരത്തിലുള്ള ഒരു ജലവിതരണ സംവിധാനം ഉണ്ടായത്. പൈപ്പുകളിലൂടെ ശുദ്ധജല വിതരണ ശൃംഖല ഉണ്ടായ ആദ്യ അമേരിക്കന്‍ നഗരം ന്യൂയോര്‍ക്ക് ആണ്. വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടിയിലുള്ള (West Chester County) ക്രോട്ടണ്‍ നദിയില്‍ (Croton river)ല്‍ നിന്ന് ശുദ്ധജലം വലിയ പൈപ്പുകള്‍ വഴി ന്യൂയോര്‍ക്ക് നഗരത്തില്‍ എത്തിക്കുകയായിരുന്നു. ഇതോടെ മറ്റു പല വലിയ നഗരങ്ങളും ഇത്തരം ശുദ്ധജല വിതരണത്തിനായി സംവിധാനങ്ങള്‍ ഉണ്ടാക്കി. പക്ഷേ ഇതോടൊപ്പം തന്നെ വിസര്‍ജ്യവസ്തുക്കള്‍ കലര്‍ന്ന അഴുക്കുചാലുകളിലെ ജലം നദികളിലേക്ക് ഒഴുക്കിവിടുന്നത് തടയാന്‍ നിയമങ്ങളൊന്നും ഉണ്ടായിരുന്നില്ല.

പത്തൊമ്പതാം നൂറ്റാണ്ടിലാണ് നദീജലം മണല്‍ നിറച്ച അരിപ്പകളിലൂടെ കടത്തിവിട്ടു അരിച്ചെടുത്തശേഷം വിതരണം ചെയ്യുന്ന രീതി ഉണ്ടായത്. വയറിളക്കരോഗങ്ങള്‍ അശുദ്ധ ജലത്തില്‍ നിന്നാണ് പകരുന്നതെന്ന് മനസ്സിലായതോടെ 1848 ഇംഗ്ലണ്ടില്‍ ഒരു നിയമം പാസ്സാക്കി. ഇതനുസരിച്ച് ഒരോ സ്ഥലത്തെയും ഭരണാധികാരികള്‍ തങ്ങളുടെ ഭരണത്തിന് കീഴിലുള്ള ജനങ്ങളുടെ കുടിവെള്ള വിതരണത്തിന്റെയും മാലിന്യ സംസ്‌കരണത്തിന്റെയും ചുമതലക്കാരായി മാറി.

ഇരുപതാം നൂറ്റാണ്ടിലാണ് കാത്സ്യം ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ച് വെള്ളം ശുദ്ധീകരിക്കുന്നത് നിര്‍ബന്ധിതമായിത്തീര്‍ന്നത്. പല്ല് കേടാകുന്നത് തടയുന്നതിനായി ഫ്‌ളൂറൈഡ് വെള്ളത്തില്‍ ചേര്‍ത്ത് തുടങ്ങിയതും ഇക്കാലത്താണ്. അഴുക്കുചാലുകളില്‍ വെള്ളം ചില രാസവസ്തുക്കളും സൂഷ്മാണുക്കളും ഉപയോഗിച്ച് പല ഘടകങ്ങളായി വേര്‍തിരിച്ച് അവ കൃഷിക്കും മറ്റും ഉപയോഗിക്കുന്ന രീതിയും ഇതോടൊപ്പം നിലവില്‍ വന്നു,

'മിയാസ്മ'എന്ന് വിളിക്കപ്പെട്ട വൃത്തികെട്ട വായുവാണ് പല രോഗങ്ങളുടെയും കാരണം എന്ന ഒരു വിശ്വാസം മധ്യകാലത്ത് പല സമൂഹങ്ങളിലും നിലനിന്നിരുന്നു. ചീഞ്ഞളിയുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരാവശിഷ്ടങ്ങളും വിസര്‍ജ്യവസ്തുക്കളും ഇലകളും പരിതാപകരമായ ശുചിത്വബോധവും ഇത്തരം വൃത്തികെട്ട വായുവിന് കാരണമായി. പഴയ കാലത്ത് ഇന്ത്യക്കാര്‍ പാന്‍ ചവയ്ക്കുന്നത് ഈ ചീത്ത വായുവിനെ പ്രതിരോധിക്കാന്‍ ആയിരുന്നുവത്രേ! മലേറിയ, ചീത്ത വായു (Mal-air) മൂലമുണ്ടാകുന്ന രോഗം ആണെന്നായിരുന്നു റോമാക്കാര്‍ വിശ്വസിച്ചിരുന്നത്. ക്‌ളോയേക്ക മാക്‌സിമ എന്ന അഴുക്കു ചാനല്‍ ഉണ്ടാക്കിയതോടെ മലേറിയ രോഗം കുറഞ്ഞത് ഈ വിശ്വാസത്തെ ബലപ്പെടുത്തി. ഒരു പക്ഷേ, ഈ അഴുക്കു ചാനല്‍ ചുറ്റുപാടുമുള്ള ചതുപ്പുകളില്‍ വെള്ളം ഒഴുക്കി കളയാനും കൂടി ഉദ്ദേശിച്ചുള്ളത് ആയതുകൊണ്ട് കൊതുക് വളര്‍ച്ച കുറഞ്ഞതായിരിക്കാം, ഇതിന് കാരണമായത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ പോലും ഈ വിശ്വാസം നില നിന്നിരുന്നു. തെംസ് നദിയുടെ മുകളിലൂടെ കടന്നുവരുന്ന ദുര്‍ഗന്ധപൂരിതം ആയ കാറ്റ് മൂലമാണ് ആണ് നഗരത്തില്‍ കോളറ ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെടുന്നത് എന്നായിരുന്നു ആ നാട്ടുകാര്‍ കരുതിപ്പോന്നത്.

(തുടരും)

ഡോ. സലീമ ഹമീദ്: തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. കാനഡയില്‍ ഫാമിലി ഫിസിഷ്യനായി ജോലി ചെയ്യുന്നു. എന്റെ വഴിയമ്പലങ്ങള്‍, ആന്‍ഡലൂസിയന്‍ ഡയറി, പോര്‍ച്ചുഗല്‍-ഫെഡോ സംഗീതത്തിന്റെ നാട് എന്നീ യാത്രാവിവരണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. പുസ്തകപ്പച്ച, അമേരിക്കന്‍ കഥക്കൂട്ടം, ലോക്ഡൗണ്‍ സ്‌കെച്ചുകള്‍, കഥ 2021, കഥാസ്‌കോപ്പ് എന്നീ ആന്തോളജികളില്‍ എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിലും ഓണ്‍ലെന്‍ മാധ്യമങ്ങളിലും ലേഖനങ്ങളും യാത്രാവിവരണങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

TAGS :