ഡോ.ബി.ആർ അംബേദ്കർ; വിസ്മരിക്കപ്പെടുന്ന സാമ്പത്തിക ചിന്തകൻ
സാമ്പത്തിക ചിന്തകൻ എന്ന നിലയിൽ ഡോ.അംബേദ്ക്കറുടെ ധൈഷണിക സംഭാവനകളെ എത്രത്തോളം നമ്മുടെ രാഷ്ട്രത്തിൻ്റെ പുരോഗതിക്കും വികസനത്തിനും വേണ്ടി പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്നത് ആഴത്തിൽ വിശകലനം ചെയ്യപ്പെടേണ്ട വിഷയമാണ്

ഭരണഘടനാ നിർമ്മിതിയിലൂടെ ആധുനിക ഇന്ത്യയുടെ രാഷ്ട്രശില്പിയായി ലോകത്തെ വിസ്മയിപ്പിച്ച മഹാമനീക്ഷിയാണ് ബാബാസാഹേബ് ഡോ.ബി.ആർ.അംബേദ്കർ. തികച്ചും വിപ്ലവാത്മകവും പ്രവചനാത്മകവുമായ അദ്ദേഹത്തിൻ്റെ സാമൂഹിക ,രാഷ്ട്രീയ, മത, തത്വശാസ്ത്ര ചിന്തകൾ ഇന്നും ലോകത്തിൻ്റെ ചിന്താമണ്ഡലത്തെ ആഴത്തിൽ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. ബുദ്ധമതത്തിൻ്റെ പുനരുദ്ധാരണത്തിന് അദ്ദേഹം നൽകിയ അതുല്യമായ സംഭാവനകളെയും ലോകം ആദരവോടെ അനുസ്മരിക്കുന്നു.
എന്നാൽ ഒരു സാമ്പത്തിക ചിന്തകൻ എന്ന നിലയിൽ ഡോ.അംബേദ്ക്കറുടെ ധൈഷണിക സംഭാവനകളെ എത്രത്തോളം നമ്മുടെ രാഷ്ട്രത്തിൻ്റെ പുരോഗതിക്കും വികസനത്തിനും വേണ്ടി പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്നത് ആഴത്തിൽ വിശകലനം ചെയ്യപ്പെടേണ്ട വിഷയമാണ്, പ്രത്യേകിച്ചും ആഗോളവത്ക്കരണത്തിൻ്റെ പശ്ചാത്തലത്തിൽ നവലിബറൽ സാമ്പത്തിക പരിഷ്കാരങ്ങൾ അനിയന്ത്രിതമായി നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ ഉഴുതുമറിച്ചു കൊണ്ടിരിക്കുന്ന വർത്തമാനകാലഘട്ടത്തിൽ.
ലോകം ഒരു ഗ്രാമമായി ചുരുങ്ങികൊണ്ടിരിക്കുന്ന ആഗോളവൽകൃത ലോകത്തെ അനിവാര്യതയാണെന്ന യുക്തിവാദത്തിന്മേൽ ന്യായീകരിക്കപ്പെട്ട് നടപ്പിലാക്കികൊണ്ടിരിക്കുന്ന നവലിബറൽ സാമ്പത്തിക പരിഷ്കാരങ്ങൾ, രാജ്യത്തെ പാർശ്വവൽക്കൃത വിഭാഗങ്ങളെ പുറന്തള്ളി സാമ്പത്തിക അസമത്വത്തിൻ്റെ വിടവിനെ അതിവേഗം വിസ്തൃതമാക്കുമ്പോൾ സാമൂഹിക നീതിയിലും ക്ഷേമരാഷ്ട്ര സങ്കല്പനങ്ങളിലും സമ്പത്തിൻ്റെ നീതിയുക്തമായ വിതരണത്തിലും സ്റ്റേറ്റ് സോഷ്യലിസത്തിലും സാമ്പത്തിക ജനാധിപത്യത്തിലും കേന്ദ്രീകൃതമായ വികസന കാഴ്ചപ്പാടും ബദൽ വികസന പദ്ധതികളും ആവിഷ്കരികരിക്കാൻ ഊന്നൽ നൽകുന്ന ഡോ.അംബേദ്ക്കറുടെ രാഷ്ട്രീയ- സാമ്പത്തിക വീക്ഷണങ്ങൾക്ക് വർത്തമാന കാലഘട്ടത്തിൽ പ്രസകതിയേറുകയാണ്.
20ാം നൂറ്റാണ്ടിലെ അന്തർദേശീയ പ്രശസ്തരായ സാമ്പത്തിക ചിന്തകരിൽ ഒരാളായിരുന്നു ഡോ.അംബേദ്കർ എന്ന ചരിത്ര വസ്തുതയെ അംഗീകരിക്കുന്നതിലൂടെ മാത്രമെ അദ്ദേഹത്തിൻ്റെ സാമ്പത്തിക ദർശനങ്ങളുടെ സമകാലിക പ്രസക്തിയെ വിശകലനം ചെയ്യാൻ കഴിയൂ. കൊളംബിയ സർവകലാശാലയിൽ നിന്നും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ട്രേറ്റുകൾ നേടിയ അപൂർവം ഇക്കണോമിസ്റ്റുകളിൽ ഒരാളായ ഡോ.അംബേദ്ക്കറുടെ അനന്യമായ സാമ്പത്തിക ചിന്താപൈതൃകത്തിൻ്റെ ആഴവും പരപ്പും അപരിമേയമാണ്. ആ ചിന്താധാരയുടെ അസ്തിവാരങ്ങൾ നിരവധിയാണ്.
ഇന്ത്യയുടെ ആദ്യകാല നാണയ വ്യവസ്ഥകൾ വികസിപ്പിക്കുന്നതിലും സമഗ്രമായ കാർഷിക - ഭൂപരിഷ്കരണ നയങ്ങൾ വിഭാവനം ചെയ്യുന്നതിലും വിഭവങ്ങളുടെയും മൂലധനത്തിൻ്റെയും കേന്ദ്രീകരണം തടയുന്നതിനും കേന്ദ്ര ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ യാഥാർഥ്യമാക്കുന്നതിലും (1935) തൊഴിൽ നിയമങ്ങൾ ചിട്ടപ്പെടുത്തുന്നതിലും ദേശീയ ധനകാര്യ കമ്മീഷൻ രൂപീകരിക്കുന്നതിനും കേന്ദ്രവും പ്രവിശ്യകളും ( സംസ്ഥാനങ്ങൾ ) തമ്മിലുള്ള സാമ്പത്തിക ക്രയവിക്രയങ്ങൾ നിർവചിക്കുന്നതിനും ഡോ.അംബേദ്ക്കറുടെ സാമ്പത്തിക വീക്ഷണങ്ങൾ ചെലുത്തിയ സ്വാധീനം നിർണ്ണായകമായിരുന്നു.
ദേശസാൽകരണത്തിനും സമഗ്ര ഭൂപരിഷ്കരണം ലക്ഷ്യമിടുന്ന കാർഷിക വിപ്ലവത്തിനും വിഭവങ്ങളുടെ ജനാധിപത്യപരമായ വിതരണത്തിനും ഊന്നൽ നൽകുന്ന, മൂലധന കേന്ദ്രീകരണത്തെ നിരാകരിക്കുന്ന സ്ഥിതി സമത്വാധിഷ്ഠിത വികസനം സാക്ഷാൽകരിക്കേണ്ടത് സ്റ്റേറ്റിൻ്റെ ഉത്തരവാദിത്തമായി നിഷ്കർഷിക്കുന്ന (സ്റ്റേറ്റ് സോഷ്യലിസം ) അദ്ദേഹത്തിൻ്റെ സാമ്പത്തിക ദർശനങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സർവതലസ്പർശിയും സുസ്ഥിരവും സമഗ്രവുമായ വികസന വീക്ഷണങ്ങളെയാണ് അനുധാവനം ചെയ്യുന്നത്.
"The problem of Rupees: Its origin and solution "(1932 ) , "The evolution of provincial finance in British India- A study in the provincial decentralization of imperial finance " (1925 ) , "Small holdings in India and their remadies " (1918) , The state States and Minorities " (1947) Indian Constitution എന്നീ ഉത്ക്കൃഷ്ട ഗ്രന്ഥങ്ങളിലും പ്രമാണങ്ങളിലും അനുബന്ധ ചരിത്ര രേഖകളിലുമാണ് ഡോ.അംബേദ്കർ എന്ന രാഷ്ട്രീയ - സാമ്പത്തിക ചിന്തകൻ്റെ നവീന രാഷ്ട്രീയ- സാമ്പത്തിക വീക്ഷണങ്ങൾ ഉള്ളടക്കം ചെയ്യപ്പെട്ടിരിക്കുന്നതെന്നു കാണാം. ഡോ.അംബേദ്ക്കറുടെ അതിപ്രശസ്തമായ സാമ്പത്തിക ശാസ്ത്ര ഗ്രന്ഥമാണ് "The problem of Rupees: Its origin and solution".
ഇന്ത്യൻ സാമ്പത്തിക ചരിത്രത്തിലെയും നാണയ-നയരൂപീകരണത്തിലെയും നിർണ്ണായകമായൊരു പഠനമായാണ് ഈ സവിശേഷ ഗ്രന്ഥം കണക്കാക്കപ്പെടുന്നത്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും ഡോക്ടർ ഓഫ് സയൻസ് ബിരുദം നേടുന്നതിനായി സമർപ്പിച്ച പ്രബന്ധത്തിൻ്റെ ഗ്രന്ഥരൂപമാണ് ദി പ്രോബ്ളം ഓഫ് റുപ്പീസ്. ഈ സാമ്പത്തിക ശാസ്ത്ര ഗ്രന്ഥത്തിൻ്റെ ഏറ്റവും വലിയ പ്രാധാന്യം ഇതു ഇന്ത്യയിൽ ഒരു കേന്ദ്ര ബാങ്കിൻ്റെ ( റിസർവ് ബാങ്ക് ഓഫ് ) രൂപീകരണത്തിന് അടിത്തറയിട്ടു എന്നതാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യൻ കറൻസി പരിഷ്കരണത്തിനായി നിയമിച്ച ഹിൽട്ടൺ യംഗ് കമ്മിഷൻ്റെ മുൻപാകെ കറൻസിയുടെ മൂല്യവും വിതരണവും നിയന്ത്രിക്കാൻ ഒരു കേന്ദ്ര ബാങ്ക് അനിവാര്യമാണെന്ന ഡോ.അംബേദ്ക്കറുടെ ശിപാർശയാണ് 1935-ൽ ആര്‍ബിഐയുടെ രൂപീകരണത്തിന് അടിത്തറ പാകുന്നത്.
1835 മുതൽ കൊളോണിയൽ ഇന്ത്യയിൽ നിലനിന്നിരുന്ന നാണയ കറൻസിയുടെ ചരിത്രവും രൂപയുടെ വിനിമയ മൂല്യം നിർണ്ണയിക്കുന്നതിൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണാധികാരികൾക്ക് പറ്റിയ പിഴവുകളും അത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ എങ്ങനെ ദോഷകരമായി ബാധിച്ചെന്നും ഈ ഗ്രന്ഥം വിശകലനം സസൂക്ഷമം ചെയ്യുന്നു. ഇന്ത്യ ഒരു പരമാധികാര രാഷ്ട്രമാകണമെങ്കിൽ ശക്തവും സ്വതന്ത്രവുമായൊരു സാമ്പത്തിക- നാണയ വ്യവസ്ഥ അനിവാര്യമാണെന്നും ഈ ഗ്രന്ഥത്തിലൂടെ ഡോ.അംബേദ്കർ നിദർശിച്ചു.
1921ൽ അമേരിക്കയിലെ കൊളംബിയ സർവകലാശാലയിൽ നിന്നും ഡോ.അംബേദ്ക്കർക്ക് ഡോക്ട്രേറ്റ് നേടിക്കൊടുത്ത വിഖ്യാത പ്രബന്ധമാണ് The evolution of provincial finance in British India - A study in the provincial decentralization of imperial finance. 1925ൽ ഈ പ്രബന്ധം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചു. ബ്രിട്ടീഷ് കൊളോണിയൽ ഇന്ത്യയിൽ നിലനിന്നിരുന്ന കേന്ദ്ര- പ്രവിശ്യാ സാമ്പത്തിക ബന്ധങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനമാണിത്.
അത്യധികം ചരിത്രപ്രാധാന്യമുള്ള ഈ പഠനം പ്രധാനമായും കേന്ദ്രവും പ്രവിശ്യകളും തമ്മിലുള്ള ക്രിയാത്മകമായ സാമ്പത്തിക ക്രയവിക്രയങ്ങളെപ്പറ്റി,പ്രത്യേകിച്ചും കേന്ദ്രവും പ്രവിശ്യകളും തമ്മിലുള്ള പ്രായോഗികവും ക്രിയാത്മമകവുമായ നികുതി വിഭജനത്തെ സംബന്ധിച്ചാണ് പ്രതിപാദിക്കുന്നത്. നിയതാർഥത്തിൽ ഈ ഗ്രന്ഥത്തിലൂടെ ഡോ.അംബേദ്കർ അവതരിപ്പിച്ച യുക്തിസഹമായ നിർദ്ദേശങ്ങളാണ് കൊളോണിയൽ കാലഘട്ടത്തിലും പില്‍ക്കാലത്തും ഇന്ത്യയിൽ കേന്ദ്രവും പ്രവിശ്യകളും അഥവാ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ക്രയവിക്രയങ്ങൾക്ക്, പ്രത്യേകിച്ചും നികുതി വിഭജനത്തിന് ഉപോദ്ബലകമായിത്തീർന്നത്.
ഇതിൽ പ്രധാനമായും മൂന്നു രീതിയിലുള്ള സാമ്പത്തിക ക്രയവിക്രയങ്ങളാണ് പ്രതിപാദിച്ചിട്ടുള്ളതെന്നു കാണാം. കേന്ദ്രം പ്രവിശ്യകൾക്ക് നിശ്ചിത തുക അനുവദിക്കുന്ന ബഡ്ജറ്റ് ബൈ അസൈൻമെൻ്റാണ് ആദ്യത്തെ രീതി. രണ്ടാമത്തെ രീതിയായ ബഡ്ജറ്റ് ബൈ അസൈൻസ് റവന്യുവിൽ ചില പ്രത്യേക നികുതി വരുമാനങ്ങൾ പ്രവിശ്യകൾക്ക് നേരിട്ട് നൽകുന്നു. കേന്ദ്രവും പ്രവിശ്യകളും വരുമാനം വീതം വയ്ക്കുന്ന ബഡ്ജറ്റ് ബൈ ഷെയേർഡ് റവന്യൂവാണ് മൂന്നാമത്തെ രീതി. ചരിത്രപരമായി പരിശോധിക്കുമ്പോൾ 1951ൽ ഇന്ത്യയിൽ ധനകാര്യ കമ്മിഷൻ രൂപീകരിക്കുന്നതിന് ആവശ്യമായ അടിസ്ഥാനപരമായ ആശയങ്ങൾ വിഭാവനം ചെയ്തത് ഈ ഗ്രന്ഥമാണെന്നു കാണാം.
ഒരു യുവ സാമ്പത്തിക ഗവേഷകനായിരിക്കെ 1918ൽ ജേർണൽ ഓഫ് ദി ഇന്ത്യൻ ഇക്കണോമിക് സൊസൈറ്റിയിൽ പ്രസിദ്ധീകരിച്ച ഡോ.അംബേദ്ക്കറുടെ അതിപ്രശസ്തവും ഏറ്റവും ധൈഷണികവും പ്രവചനാത്മകവുമായ ഗവേഷണ പ്രബന്ധമാണ് "Small holdings in India and its remedies " (ഇന്ത്യയിലെ തുണ്ടുഭൂമികളും അവയുടെ പരിഹാര മാർഗ്ഗങ്ങളും). നൂറ്റാണ്ടുകളായി ഇന്ത്യയിൽ നിലനിൽക്കുന്ന ജന്മിത്തത്തെയും ജമീന്ദാരി സമ്പ്രദായം പോലുള്ള സ്വകാര്യ കുത്തക ഭൂ ഉടമാ ബന്ധങ്ങളെയും ചൂഷങ്ങളെയും ഉന്മൂലനം ചെയ്യാൻ ലക്ഷ്യമിടുന്ന സമഗ്രമായ ഭൂപരിഷ്കരണത്തിലൂന്നിയ കാർഷിക മേഖലയുടെ പരിഷ്കരണം നിർദേശിക്കുന്ന ഈ പ്രബന്ധം ഇന്ത്യയിലെ തുണ്ടുഭൂമികൾ മൂലമുണ്ടാകുന്ന കാർഷിക പ്രതിസന്ധിയെയും ഭൂമിയുടെ ഏറ്റെടുക്കലിനെയും വിഭജനത്തെയും സംബന്ധിച്ചും സമഗ്രമായ കാർഷിക വികസനത്തെ സംബന്ധിച്ചും ശാസ്ത്രീയമായി വിശകലനം ചെയ്തു അതിജീവനോപാധികൾ അവതരിപ്പിക്കുന്നു.
കൃഷിഭൂമിയെ ദേശസാൽകരിക്കാനും വ്യവസായവൽകരിക്കാനും ആധുനികവൽക്കരിക്കാനും കൂട്ടുകൃഷി സമ്പ്രദായത്ത പ്രോത്സാഹിപ്പിക്കാനും ആവശ്യപ്പെടുന്ന ഈ പ്രബന്ധത്തിലെ വിപ്ലവാത്മക നിർദേശങ്ങൾ ഭൂമിയെ പൂർണമായും ഭരണകൂടത്തിൻ്റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ നിക്ഷിപ്തമാക്കാനും ജാതി-വർഗ്ഗ-ഭേദമന്യെ കൃഷിഭൂമി കർഷകർക്ക് വിതരണം ചെയ്യാനും കൃഷിക്കാവശ്യമായ യന്ത്രസാമഗ്രികൾ ഉൾപ്പെടെ മൂലധനം നിക്ഷേപം നടത്താൻ ഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്യുന്നു. ചുരുക്കത്തിൽ കൃഷിയെ വ്യവസായവൽക്കരിച്ച് ആ മേഖലയെ ആധുനികവൽക്കരിക്കാനും തദ്വാരാ കാർഷിക മേഖലയിൽ സാമ്പത്തിക സമത്വവും സുസ്ഥിരത്വവും സ്വയംപര്യാപ്തയും ആർജിക്കാനും അങ്ങനെ ശ്രേണീകൃത അസമത്വത്തെ നീതീകരിക്കുന്ന ജാതിവ്യവസ്ഥയുടെയും ജന്മിത്തത്തിൻ്റെയും വേരറുക്കാനുമാണ് ഡോ.അംബേദ്കർ ആവശ്യപ്പെടുന്നത്. ഇനിയും സമ്പുർണവും സമഗ്രവുമായ ഭൂപരിഷ്കരണം നടന്നിട്ടില്ലാത്ത ഇന്ത്യയിൽ ഡോ.അംബേദ്കർ നിർദേശിക്കുന്ന വിധത്തിലുള്ള ഭൂപരിഷ്കരണവും കാർഷിക വിപ്ളവവും പ്രവർത്തികമാക്കിയാൽ നമ്മുടെ സാമ്പത്തിക വ്യവസ്ഥിതിയിലും സാമൂഹിക ഘടനയിലും ഉണ്ടായേക്കാവുന്ന പരിവർത്തനങ്ങൾ സങ്കല്പിക്കാവുന്നതേയുള്ളൂ.
ഇന്ത്യയിലെ ഭൂവുടമസ്ഥതയും ജാതിവ്യവസ്ഥയും തമ്മിലുള്ള നാഭീനാളി ബന്ധത്തെയും രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയിൽ അതു സൃഷ്ടിച്ച ദുരന്തങ്ങളും പ്രത്യാഘാതങ്ങളെയും തുറന്നുകാട്ടിയ ഒരേയൊരു സാമ്പത്തിക ചിന്തകൻ കൂടിയായിരുന്നു ഡോ.അംബേദ്കർ. ഇന്ത്യയുടെ സാമൂഹ്യ പുരോഗതിയെയും പരിവർത്തനത്തെയും എക്കാലവും പ്രതിരോധിക്കുകയും ശ്രേണീകൃത അസമത്വത്തെ സാധൂകരിക്കുകയും ചെയ്യുന്ന ജാതിവ്യവസ്ഥ ഭൂമിയുടെ ഉടമസ്ഥാവകാശം ഏകപക്ഷീയമായി സവർണ ഭൂ ഉടമകളിൽ കേന്ദ്രീകരിക്കാൻ വഴിയൊരുക്കിയപ്പോൾ അവർണരെ പൂർണമായും ഭൂ ഉടമാ അധികാരത്തിൽ നിന്നും സാമൂഹിക പുരോഗതിയിൽ നിന്നും സാമ്പത്തിക വികസനത്തിൽ നിന്നും പുറന്തള്ളുകയും അവരെ കാർഷിക അടിമകളായി തരംതാഴ്ത്തുന്നതിന് വഴിയൊരുക്കുകയായിരുന്നുവെന്നും ഡോ.അംബേദ്കർ നിരീക്ഷിക്കുകയയുണ്ടായി.
അതുകൊണ്ടു തന്നെ ഭൂമിയുടെ കുത്തകവൽകരണം അവസാനിച്ച് ജാതി , മത ,വർഗ്ഗ ഭേദമന്യെ ഭൂരഹിതർക്ക് ഭൂമി നൽകുന്നതിലൂടെ മാത്രമേ ഗ്രാമീണ മേഖലയിൽ കാലാകാലങ്ങളായി നിലനിൽക്കുന്ന സാമൂഹിക അടിമത്തം അവസാനിപ്പിക്കാനാവൂ എന്നും അദ്ദേഹം വാദിച്ചു. ചുരുക്കത്തിൽ എല്ലാവിധത്തിലുമുള്ള ഭൂമിയുടെ കുത്തകവൽകരണത്തിന് അന്ത്യം കുറിച്ച് എല്ലാവർക്കും ഭൂമി ലഭ്യമാകും വിധത്തിലുള്ള സമഗ്രമായ ഭൂപരിഷ്കരണത്തിനുള്ള ഉപാധികളാണ് ഡോ.അംബേദ്കർ മുൻ ചൊന്ന പ്രബന്ധത്തിലൂടെ അവതരിപ്പിക്കുന്നത്.
1926 - 1938 കാലഘട്ടത്തിൽ ബോംബെ നിയമസഭയിൽ അംഗമായിരിക്കുമ്പോൾ ഖോത്തി സമ്പ്രദായം, മഹർവാടൻ വ്യവസ്ഥ പോലുള്ള ചൂഷണാധിഷ്ഠിത ഭൂ ഉടമാ സമ്പ്രദായങ്ങൾ അവസാനിപ്പിക്കാൻ ഡോ.അംബേദ്കർ നടത്തിയ മാതൃകാപരമായ നിയമനിർമ്മാണ ഇടപെടലുകൾ പ്രശസ്തമാണല്ലോ. ചുരുക്കത്തിൽ ഭൂമിയുടെമേലുള്ള സർവവിധ സ്വകാര്യ കുത്തകാവകാശവും ആധിപത്യവും ചൂഷണവും അവസാനിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ ഭൂപരിഷ്കരണവും ഭൂമിയുടെ പുന:ർ വിതരണവും ഉൽപാദനോന്മുഖമായ കൂട്ടുകൃഷി സമ്പ്രദായവുമാണ് ഡോ.അംബേദ്ക്കറുടെ ഭൂപരിഷ്കരണ സങ്കല്പങ്ങളുടെ അന്തസത്ത എന്നു മനസ്സിലാക്കാം.
1947-ൽ ഭരണഘടനാ നിർമ്മാണ സഭയുടെ മൗലികാവകാശ ഉപസമിതിക്ക് മുൻപാകെ ആൾ ഇന്ത്യാ ഷെഡ്യൂൾഡ്കാസ്റ്റ് ഫെററേഷൻ്റെ പ്രാതിനിധ്യത്തിൽ ഡോ.അംബേദ്കർ സമർപ്പിച്ച, ദലിത്- പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങളെ സംബന്ധിക്കുന്ന , ഭരണഘടനാ പരിഷ്കാര സംബന്ധിയായ നിവേദനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് സ്റ്റേറ്റ് സോഷ്യലിസവും സാമ്പത്തിക ജനാധിപത്യവും എന്ന സങ്കല്പം. ഡോ അംബേദ്ക്കറുടെ രാഷ്ട്രീയ- സാമ്പത്തിക (political economy) തത്വദർശനത്തിൻ്റെ (അംബേദ്ക്കറി സം) അതിപ്രധാനപ്പെട്ട രണ്ടു സ്തംഭങ്ങളായാണ് ഇവ കണക്കാക്കപ്പെടുന്നത്.വ്യക്തിക്ക് ഒരേ മൂല്യം എന്ന രാഷ്ട്രീയ നൈതിക തത്വത്തെ അടിസ്ഥാനമാക്കി രാഷ്ട്രീയ ജനാധിപത്യത്തെ സാമൂഹിക ,സാമ്പത്തിക ജനാധിപത്യമായി വികസിപ്പിക്കേണ്ടതിൻ്റെ അനിവാര്യതയെ നിരന്തരം ഓർമ്മിപ്പിച്ച രാഷ്ട്രീയ-സാമ്പത്തിക ചിന്തകനായിരുന്നു ഡോ.അംബേദ്കർ .
1949 നവംബർ 25-ന് ഭരണഘടനാ നിർമ്മാണ സഭയിൽ അവസാന ഘട്ട ചർച്ചകൾക്ക് മറുപടി പറയവെ സാമൂഹ്യ- സാമ്പത്തിക ജനാധിപത്യ സങ്കല്പങ്ങളുടെ പ്രസക്തിയെപ്പറ്റിയും രാഷ്ട്രീയ ജനാധിപത്യത്തിൻ്റെ ഭാവിയെപ്പറ്റിയും ഡോ.അംബേദ്കർ നൽകിയ മുന്നറിയിപ്പ് എക്കാലവും പ്രസക്തമാണ്. "1950 ജനുവരി 26-ന് നമ്മൾ വൈരുധ്യപൂർണമായൊരു ജീവിതത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. രാഷ്ട്രീയ ജീവിതത്തിൽ നമുക്ക് സമത്വവും സാമൂഹിക ,സാമ്പത്തിക ജീവിതത്തിൽ നമുക്ക് അസമത്വവുമാണുള്ളത്.
രാഷ്ട്രീയത്തിൽ ഒരു വ്യക്തിക്ക് ഒരു വോട്ട് ഒരു മൂല്യം എന്ന തത്വം നമ്മൾ അംഗീകരിക്കുന്നു. പക്ഷേ നമ്മുടെ സാമൂഹിക ,സാമ്പത്തിക ജീവിതത്തിൽ നമ്മുടെ സാമൂഹിക ,സാമ്പത്തിക വ്യവസ്ഥയുടെ ഫലമായി വ്യക്തിക്ക് ഒരേ മൂല്യം എന്ന തത്വം തുടർച്ചയായി നിഷേധിക്കപ്പെടുകയും ചെയ്യുന്നു. എത്രകാലം നമുക്ക് ഈ വൈരുദ്ധ്യപൂർണമായ ജീവിതം തുടരാൻ കഴിയും? എത്രകാലം നമുക്ക് നമ്മുടെ സാമൂഹിക ,സാമ്പത്തിക ജീവിതത്തിൽ സമത്വം നിഷേധിക്കാൻ കഴിയും? ഇനിയും വളരെക്കാലം ഇതു തുടരാൻ നമ്മൾ അനുവദിച്ചാൽ അതു നമ്മുടെ രാഷ്ട്രീയ ജീവിതത്തെത്തന്നെ അപകടത്തിലാക്കും. വളരെപ്പെട്ടെന്ന് ഈ വൈരുധ്യം നമ്മൾ അവസാനിപ്പിച്ചില്ലെങ്കിൽ അസമത്വം അനുഭവിക്കുന്ന ജനങ്ങൾ നമ്മൾ വളരെ ബുദ്ധിമുട്ടി പടുത്തുയർത്തിയ രാഷ്ട്രീയ ജനാധിപത്യത്തിൻ്റെ ഘടനയെത്തന്നെ തകർത്തു കളയും".
മൂലധനത്തിൻ്റെയും വിഭവങ്ങളുടെയും നീതിപൂർവകവും ജനാധിപത്യപരവുമായ വിതരണം,ക്ഷേമരാഷ്ട്ര നിർമ്മിതി, സാമൂഹിക- സാമ്പത്തിക അസമത്വങ്ങളുടെ ഉന്മൂലനം , വ്യക്തികളുടെ പൗരാവകാശ സംരക്ഷണം , ലിംഗ സമത്വം ,ദലിതരും പിന്നോക്കരും ഉൾപ്പെട്ട പാർശ്വവൽക്കൃത വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ അവകാശ സംരക്ഷണം, വ്യക്തികേന്ദ്രീകൃതവും സ്വകാര്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ മൂലധനത്തിൻ്റെ കേന്ദ്രീകരണം തടയൽ, ദേശസാൽക്കരണത്തെ ത്വരിതപ്പെടുത്തി സ്വകാര്യവൽക്കരണത്തെ തടയിൽ തുടങ്ങിയവയാണ് ഡോ.അംബേദ്കർ മുന്നോട്ടുവയ്ക്കുന്ന ഭരണഘടനാ ധിഷ്ഠിതമായ സ്റ്റേറ്റ് സോഷ്യലിസത്തിൻ്റെ അടിസ്ഥാന ഘടകങ്ങൾ എന്നു കാണാം.
ജന്മിത്തത്തിൻ്റെയും മുതലാളിത്തത്തിൻ്റെയും ചൂഷണത്തിൽ നിന്നും തൊഴിലാളികളെയും പാർശ്വവൽക്കൃത വിഭാഗങ്ങളെയും മോചിപ്പിക്കാൻ മൂലധനത്തിൻ്റെയും വിഭവങ്ങളുടെയും ജനാധിപത്യ വിതരണം യാഥാർഥ്യമാക്കാനും സമ്പത്തിൻ്റെ വിതരണത്തിലും ഉൽപാദനത്തിലും ഭരണകൂടത്തിന് കൃത്യതയാർന്ന ഭരണഘടനാധിഷ്ഠിത നിയന്ത്രണവും ഏകോപനവും വ്യവസ്ഥാപിതമാക്കുകയാണ് ഡോ.അംബേദ്കർ വിഭാവനം ചെയ്യുന്ന സ്റ്റേറ്റ് സോഷ്യലിസ്റ്റ് സങ്കല്പങ്ങളുടെ അന്തസത്ത. അതായത് സ്ഥിതിസമത്വാധിഷ്ഠിത സമ്പത്ത് വ്യവസ്ഥ കെട്ടിപ്പടുത്തേണ്ടത് സ്റ്റേറ്റിൻ്റെ ഉത്തരവാദിത്തം എന്നു സാരം.
സാമ്പത്തിക സമത്വം ലക്ഷ്യമിട്ട് ഡോ.അംബേദ്കർ അവതരിപ്പിച്ച സ്റ്റേറ്റ് സോഷ്യലിസം എന്ന സാമ്പത്തിക വികസന പദ്ധതിയിലെ പ്രധാന നിർദേശങ്ങൾ ചുവടെ ചേർക്കും വിധം ക്രോഡീകരിക്കാവുന്നതാണ്
1. രാജ്യത്തെ പ്രധാന വ്യവസായങ്ങളും പ്രധാന വ്യവസായങ്ങളായി പ്രഖ്യാപിക്കാൻ സാധ്യതയുള്ളതുമായ വ്യവസായങ്ങളുടെ ഉടമസ്ഥതയും നടത്തിപ്പും സ്റ്റേറ്റിൽ നിക്ഷിപ്തമാക്കണം .
2 .വ്യവസായങ്ങൾ പ്രധാന വ്യവസായങ്ങളല്ലെങ്കിലും അവ അടിസ്ഥന വ്യവസായങ്ങളാണെങ്കിൽ അവയുടെ ഉടമസ്ഥതയും നടത്തിപ്പും സ്റ്റേറ്റിലോ സ്റ്റേറ്റ് രൂപീകരിക്കുന്ന കോർപ്പറേഷനുകളിലോ നിക്ഷിപ്തമാക്കണം.
3. ഇൻഷ്വറൻസ് സ്റ്റേറ്റിൻ്റെ കുത്തകയായിരിക്കുകയും എല്ലാ പൗരന്മാരും നിർബന്ധമായും ഇൻഷ്വറൻസ് പോളിസി എടുക്കേണ്ടതുമാണ് . ഇൻഷ്വറൻസിൻ്റെ തുക നിയനിർമ്മാണ സഭയ്ക്ക് നിശ്ചയിക്കാവുന്നതാണ്.
4. കൃഷിഭൂമി ദേശസാൽകരിക്കുകയും കൃഷിയെ ആധുനികവൽകരിച്ച് ഒരു വ്യവസായമായി പ്രഖ്യാപിക്കണം.
5 .കാർഷിക വ്യവസായം താഴെപ്പറയും വിധം പുന:സംഘടിപ്പിക്കേണ്ടതാണ്:
I സ്റ്റേറ്റ് കൃഷിഭൂമി നിശ്ചിത വലുപ്പത്തിൽ വിഭജിക്കുകയും ഗ്രാമീണർക്ക് കുടികിടപ്പ് വ്യവസ്ഥയിൽ കൃഷി ചെയ്യാൻ താഴെ പറയുന്ന വ്യവസ്ഥകൾ പ്രകാരം നൽകുകയും വേണം .
a .ഫാമുകൾ സഹകരണ ഫാമുകളായിട്ടായിരിക്കും കൃഷി ചെയ്യേണ്ടത്.
b. ഗവൺമെൻ്റ് പുറപ്പെടുവിക്കുന്ന നിർദേശങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണം ഫാമുകളിൽ കൃഷി ചെയ്യേണ്ടത്.
c. കുടികിടപ്പുകാരൻ ഫാമിലെ വില ഒടുക്കേണ്ടതും ഉത്പാദനത്തിൽ പരസ്പരം ഷെയർ ചെയ്യേണ്ടതുമാണ്.
d .ജാതിയുടെയോ മതത്തിൻ്റെയോ വ്യത്യാസമില്ലാതായിരിക്കണം കൃഷിഭൂമി ഗ്രാമീണർക്ക് നൽകേണ്ടത്.
e.ഇപ്രകാരം ഭൂപ്രഭുക്കന്മാരും പരമ്പരാഗത കുടികിടപ്പുകാരും ഭൂരഹിത കർഷക തൊഴിലാളികളും ഇല്ലെന്ന് ഉറപ്പുവരുത്തണം.
f .സഹകരണ ഫാമുകൾക്ക് ആവശ്യമായ വെള്ളം, കന്നുകാലികൾ ,വിത്ത് ,വളം തുടങ്ങിയവ നൽകേണ്ടത് സ്റ്റേറ്റിറ്റ് ബാധ്യതയാണ്. g. സഹകരണ ഫാമുകളിലെ ഉത്പാദനവുമായി ബന്ധപ്പെട്ട് സ്റ്റേറ്റിന് താഴെപ്പറയുന്ന പ്രകാരം ലെവി (നികുതി ) ചുമത്താവുന്നതാണ്:
(i) ഒരു ഭാഗം ലാൻഡ് റവന്യുവിൻ്റെ ഭാഗമായി
(ii) ഒരു ഭാഗം പാട്ടക്കാരന് പാട്ടമായി നൽകുന്നതിന്
(iii) ഒരു ഭാഗം മൂലധന ചരക്കുകൾ എത്തിക്കുന്നതിന് നൽകാൻ .
ഇപ്രകാരം കേവലം രാഷ്ട്രീയ പ്രഖ്യാപനത്തിനപ്പുറം (political manifestation), ഭരണഘടനാ വ്യവസ്ഥകളിലൂടെ സോഷ്യലിസം നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക ഉപാധികളാണ് ഡോ.അംബേദ്കർ തൻ്റെ സ്റ്റേറ്റ് സോഷ്യലിസം എന്ന സാമ്പത്തിക വികസന പദ്ധതിയിലൂടെ അവതരിപ്പിച്ചത്.
ഭരണഘടനാ നിർമ്മാണ സഭയിൽ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അധ്യക്ഷനായിരിക്കെ ഈ ആശയങ്ങൾ ഭരണഘടനയുടെ മൗലികാവകാശ പട്ടികൾ ഉൾപ്പെടുത്തി ഭരണഘടനാപരമായ നിയമ സംരക്ഷണം ഉറപ്പാക്കാൻ ഡോ.അംബേദ്കർ ശ്രമിച്ചിരുന്നെങ്കിലും ജവഹർലാൽ നെഹ്റു ഉൾപ്പെടെയുള്ള അഭിനവ സോഷ്യലിസ്റ്റുകളുടെ വിയോജിപ്പിനെത്തുടർന്ന് അദ്ദേഹത്തിന് ഈ ആശയങ്ങൾ ഭരണഘടനയുടെ നാലാം ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിർദ്ദേശക തത്വങ്ങളിലെ വിവിധ വകുപ്പുകളിലൂടെയാണ് ( 36 മുതൽ 51 വരെ വകുപ്പുകൾ ) ഏറെക്കുറെ സംരക്ഷിക്കാൻ കഴിഞ്ഞിട്ടുള്ളത്. വ്യക്തിക്ക് ഒരേ മൂല്യം എന്ന തത്വത്തിലൂന്നി വികസനത്തിൽ രാജ്യത്തെ എല്ലാ ജനവിഭാഗങ്ങൾക്കും സാമൂഹികവും സാമ്പത്തികവുമായ നീതി ഉറപ്പാക്കുകയാണ് മാർഗനിർദേശക തത്വങ്ങളുടെ ലക്ഷ്യം എന്നു കാണാം.
മാർഗ്ഗനിർദേശക തത്വങ്ങൾ കേവലം ഉദേശങ്ങളല്ല ,മറിച്ച് നിയമനിർമാണ സഭയും ഭരണകൂടങ്ങളും തങ്ങളുടെ അധികാരം വിനിയോഗിക്കുമ്പോൾ നിർബന്ധമായും പാലിക്കേണ്ട നിർദേശങ്ങളാകുന്നു. അതായത് ഭരണാധികാരികൾ അധികാരം പ്രയോഗിക്കുമ്പോൾ കേവലം രാഷ്ട്രീയ ജനാധിപത്യത്തിനപ്പുറം സാമൂഹിക- സാമ്പത്തിക ജനാധിപത്യം കൂടി ലക്ഷ്യം വെയ്ക്കണം എന്നതിൻ്റെ പ്രഖ്യാപനമാണ് മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ എന്നു ചുരുക്കം. ഈ തത്വങ്ങൾ ലംഘിക്കപ്പെട്ടാൽ കോടതിയെ സമീപിക്കാൻ കഴിയില്ലെങ്കിലും രാഷ്ട്രീയ പാർട്ടികൾക്കും നേതൃത്വങ്ങൾക്ക് ഒഴിഞ്ഞു മാറാനാവില്ലെന്ന് ഭരണഘടനാ ശില്പി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
ഭരണഘടനയിലെ രാഷ്ട്രത്തിനുള്ള മാർഗ്ഗ നിർദേശക തത്വങ്ങളിലെ 38 (1) ,38 (2) ,39,39 (a) ,39 ( b) ,39 ( c) ,41 ,42 ,43 ,43 ( a ) ,46 തുടങ്ങിയ അനുച്ഛേദങ്ങളിലൂടെയാണ് സ്റ്റേറ്റ് സോഷ്യലിസത്തിൻ്റെയും സാമ്പത്തിക ജനാധിപത്യത്തിൻ്റെയും സാമൂഹിക നീതിയുടെയും ആശയങ്ങൾ ഭരണഘടനയിൽ വിഭാവനം ചെയ്തിരിക്കുന്നതെന്നു കാണാം. ഇതിൽ അനുച്ഛേദം 38 (1) ജനക്ഷേമം ഉറപ്പാക്കാൻ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയിലധിഷ്ഠിതമായൊരു സാമൂഹികക്രമം ഭരണകൂടം ഉറപ്പാക്കണം എന്നു നിർദേശിക്കുമ്പോൾ അനുച്ഛേദം 38 (2) വരുമാനത്തിലെ അസമത്വങ്ങൾ ഉന്മൂലനം ചെയ്യാൻ ഭരണകൂടം പരിശ്രമിക്കണമെന്നു നിർദേശിക്കുന്നു.
അനുച്ഛേദം (39) - ലാണ് പ്രധാനമായും സോഷ്യലിസ്റ്റ് സാമ്പത്തിക ക്രമത്തെപ്പറ്റി പ്രതിപാദിക്കുന്നത്. ഈ അനുച്ഛേദത്തിലെ 39 (a) എല്ലാ പൗരന്മാർക്കും ജീവിക്കാനാവശ്യമായ ജീവിതോപാധികൾ ഉറപ്പാക്കാൻ വ്യവസ്ഥ ചെയ്യുമ്പോൾ 39 ( b) രാജ്യത്തിൻ്റെ ഭൗതിക വിഭവങ്ങളുടെ ഉടമസ്ഥതയും നിയന്ത്രണവും പൊതുനന്മയ്ക്കായി വിതരണം ചെയ്യാനും 39 ( c) സമ്പത്തോ ഉൽപാദനോപാധികളോ ഏതാനം വ്യക്തികളുടെ കൈകളിൽ മാത്രം കേന്ദ്രീകരിക്കുന്ന അവസ്ഥ ഇല്ലാതാക്കണമെന്നു നിർദേശിക്കുന്നു. അനുച്ഛേദം(41) എല്ലാ പൗരന്മാർക്കും തൊഴിലിനും വിദ്യാഭ്യാസത്തിനുമുള്ള അവകാശങ്ങളെപ്പറ്റി പ്രതിപാദിക്കുമ്പോൾ അനുച്ഛേദം (42) തൊഴിലാളികൾക്ക് മാനുഷിക പരിഗണനയുള്ള തൊഴിൽ സാഹചര്യങ്ങളും സ്ത്രീകൾക്ക് പ്രസവാനുകൂല്യ അവകാശങ്ങളും നിഷ്കർഷിക്കുന്നു. അനുച്ഛേദം (43) തൊഴിലാളികളുടെ വേതനത്തെയും സുരക്ഷയെയും പറ്റിയാണ് പ്രതിപാദിക്കുന്നത്.
അതായത് എല്ലാ തൊഴിലാളികൾക്കും ന്യായമായ വേതനം, തുല്യ ജോലിക്ക് തുല്യ വേതനം ,മിനിമം കൂലി, ടേഡ് യൂണിയൻ അവകാശങ്ങൾ ,മാന്യമായ ജീവിത നിലവാരം, സാമൂഹികവും സാംസ്കാരികവുമായ അവകാശങ്ങൾ എന്നിവ ഉറപ്പുവരുത്തുന്നതിനെപ്പറ്റി നിഷ്കർഷിക്കുന്നത്. അനുച്ഛേദം 43 (A) വ്യവസായങ്ങളുടെ മാനേജ്മെൻറിൽ തൊഴിലാളികൾക്ക് പങ്കാളിത്തം ഉറപ്പാക്കാൻ നിർദേശിക്കുന്നു. എന്നാൽ അനുച്ഛേദം 46 പാർശ്വവൽകരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ, പ്രത്യേകിച്ചും പട്ടിക വിഭാഗങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ താല്പര്യങ്ങളെ പ്രത്യേക ശ്രദ്ധയോടെ ഭരണകൂടം സംരക്ഷിക്കണമെന്നും അവരെ എല്ലാവിധ സാമൂഹിക അനീതികളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കേണ്ടത് രാജ്യത്തിൻ്റെ കടമയാണെന്നു നിദർശിക്കുകയും ചെയ്യുന്നു.
രാഷ്ട്രത്തിനുള്ള മാർഗ്ഗ നിർദേശക തത്വങ്ങൾക്ക് പുറമേ ഭരണഘടനയിലെ 15 (4) ,16 (4) ,17 ,19( 1 ) ,d ,e ,29 (2) 275,330 ,335 എന്നീ അനുച്ഛേദങ്ങളിലും ഡോ.അംബേദ്ക്കറുടെ സാമൂഹികവും സാമ്പത്തികവുമായ വീക്ഷണങ്ങൾ പ്രതിഫലിക്കുന്നത് കാണാം. അനുച്ഛേദം 29, 30 എന്നിവയിലൂടെ അദ്ദേഹം മതന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസപരവും മതപരവുമായ അവകാശങ്ങൾ സംരക്ഷിക്കാൻ വഴിയൊരുക്കി. സ്വകാര്യവൽക്കരണം സമ്പത്തിൻ്റെ അസമത്വാധിഷ്ഠിത വിതരണത്തിന് വഴിയൊരുക്കുമെന്നു മുന്നറിയിപ്പ് നൽകിയ അദ്ദേഹം ജാതിവ്യവസ്ഥയെ സാധൂകരിക്കുന്ന ഗാന്ധിയൻ സാമ്പത്തിക വീക്ഷണങ്ങളെ പ്രത്യേകിച്ചും ഗ്രാമസ്വരാജിനെയും തൊഴിലാളി വർഗ്ഗ സർവാധിപത്യത്തെ പ്രഘോഷണം ചെയ്യുന്ന മാർക്സിയൻ സാമ്പത്തിക വീക്ഷണങ്ങളെയും ഒരു പോലെ വിമർശിക്കുകയും തള്ളിക്കളയുകയും ചെയ്തു.
അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ രക്തച്ചൊരിച്ചിൽ കൂടാതെ സാമൂഹിക ജീവിതത്തിൽ വിപ്ളവകരമായ പരിവർത്തനങ്ങൾ സൃഷ്ടിക്കുന്ന ഗവൺമെൻ്റിൻ്റെ രൂപവും ഭാവവുമാണ് ജനാധിപത്യം. നീതി ,സമത്വം ,സ്വാതന്ത്ര്യം ,സാ ഹോദര്യം എന്നീ ആദർശങ്ങളിലധിഷ്ഠിതമാണ് അദ്ദേഹത്തിൻ്റെ രാഷ്ട്രീയ - സാമ്പത്തിക വീക്ഷണങ്ങൾ .അവ ഒരേ സമയം ഭരണഘടനയിലൂടെ രാജ്യത്തെ എല്ലാ പൗരന്മാർക്കും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ നിർദേശിക്കുകയും രാജ്യത്തെ വിഭവങ്ങൾ തുല്യമായി വിതരണം ചെയ്തു സമത്വത്തിലും സ്വാതന്ത്ര്യത്തിലും സാഹോദര്യത്തിലും നീതിയിലും അധിഷ്ഠിതമായൊരു ആധുനിക ഇന്ത്യയെ വാർത്തെടുക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.
നിയതാർഥത്തിൽ രാജ്യത്തിൻ്റെ സമ്പത്ത് കേവലം ഒരു ന്യൂനപക്ഷത്തിൽ മാത്രം കേന്ദ്രീകരിപ്പിക്കുകയും വികസനത്തിൻ്റെ അതിജീവന സാധ്യതകൾ അവർക്കു മാത്രം അനുഭവവേദ്യമാക്കാൻ വഴിയൊരുക്കുകയും ചെയ്യുന്ന നവലിബറൽ വികസന പദ്ധതികളും സങ്കല്പങ്ങളും ബഹു ഭൂരിപക്ഷത്തെ വികസന സ്വാതന്ത്ര്യത്തിൽ നിന്നും പുറന്തള്ളുമ്പോൾ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന (inclusive development) ഡോ.അംബേദ്ക്കറുടെ സാമ്പത്തിക വികസന വീക്ഷണങ്ങൾ കൂടുതൽ പ്രസക്തമാവുകയാണ്.
