Quantcast
MediaOne Logo

യു. ഷൈജു

Published: 1 March 2022 12:19 PM GMT

വാപ്പ: ജീവിതത്തിലെ കരുത്തൻ, എന്റെ കൂട്ടുകാരൻ - അമീന ഷാനവാസ്

അന്തരിച്ച കോൺഗ്രസ് നേതാവ് എം.ഐ ഷാനവാസിനെ ഓർത്തെടുത്ത് മകൾ അമീന ഷാനവാസ്

വാപ്പ: ജീവിതത്തിലെ കരുത്തൻ, എന്റെ കൂട്ടുകാരൻ - അമീന ഷാനവാസ്
X
Listen to this Article

എന്റെ വാപ്പ

വാപ്പ എന്ന് പറഞ്ഞാൽ എനിക്ക് ആരായിരുന്നു എന്ന് പറഞ്ഞാൽ ഒരു വാക്കിലൊന്നും പറയാനാകില്ല. എന്റെ കരുത്തായിരുന്നു ഞങ്ങളുടെ താങ്ങായിരുന്നു വാപ്പ. വീട്ടിലും കുടുംബത്തിലും എന്ത് കാര്യമായാലും അതിൽ സന്തോഷത്തോടെ മുന്നിലുണ്ടാകും. ഏത് പ്രശ്നത്തിലും കൂടെ നിൽക്കും. കരുത്തോടെ നിൽക്കുമ്പോഴും ശാന്തനായിരുന്നു എപ്പോഴും. വാപ്പ എന്നത് സന്തോഷവും എല്ലാ കാര്യങ്ങളുടെയും തീരുമാനത്തിന്റെ പേരായിരുന്നു. എനിക്ക് കൂട്ടുകാരനായിരുന്നു. എന്തും പറയാം എല്ലാത്തിനും ഒരു സൊല്യൂഷനായിരുന്നു. എല്ലാറ്റിനും കൂടെ നിൽക്കും. ഒന്ന് വഴക്ക് പറഞ്ഞത് പോലും ഒാർമയില്ല. അത്രക്ക് കൂടെ നിന്നിരുന്നു. സത്യത്തിൽ അതൊക്കെ ഒാർക്കുമ്പോൾ സങ്കടം കൊണ്ട് മനസ് നിറയുകയാണ്. സങ്കടം ഭയന്ന് അക്കാര്യങ്ങളെ കുറിച്ച് അധികം ചിന്തിക്കാറില്ല.

എന്നോടും സഹോദരനോടും ഒരു പോലെ ഇടപെട്ടിരുന്നു. പഠനം, വിവാഹം തുടങ്ങി എല്ലാ കാര്യങ്ങളിലും ഞങ്ങളുടെ ആഗ്രഹങ്ങൾ ചോദിച്ചറിയും. അതറിഞ്ഞ് ഇടപെടും. പഠന കാലത്ത് നൃത്തത്തോട് എനിക്ക് കമ്പമുണ്ടായിരുന്നു. യാഥാസ്ഥികമായ കുടുംബാന്തരീക്ഷമായിരുന്നതിനാൽ നൃത്തം, പാട്ട് എന്നൊക്കെ പറഞ്ഞാൽ അത്ര വേഗം അംഗീകരിക്കാൻ കഴിയുന്നതല്ലായിരുന്നു അന്നത്തെ അവസ്ഥ. ഞാൻ ഇത്തരം കാര്യങ്ങൾക്ക് ഉമ്മയോട് കള്ളം പറഞ്ഞിട്ടാണ് പലപ്പോഴും സ്കൂൾ യുവജനോത്സവങ്ങൾക്ക് അടക്കം പോയിരുന്നത്. അപ്പോഴൊക്കെയും വാപ്പയുടെ മതേതര മുഖമായിരുന്നു തെളിഞ്ഞത്. മതത്തിന്റെ ചട്ടങ്ങളിൽ തളക്കുന്ന നിർബന്ധത്തിന് പകരം വളരെ പുരോഗമനപരമായി ഞങ്ങളെ വളർത്തി. വാപ്പയെ കുറിച്ച എന്റെ അഭിമാനവും അതായിരുന്നു.




വാപ്പയുടെ മരണശേഷം വാപ്പ ഉപയോഗിച്ച പുസ്തകങ്ങൾ കണ്ടപ്പോൾ സത്യത്തിൽ ആ വായനയുടെ വൈവിധ്യം കാണാനായി. എന്റെ മകൾക്ക് വേണ്ടി ആ പുസ്തകങ്ങൾ എടുത്തപ്പോൾ ഓരോ ബുക്കിലും ഓരോ പോയിന്റും കുറിച്ചെടുത്ത് പ്രത്യേക വായനക്ക് വച്ചിരിക്കുന്നത് കണ്ടു.

തിരക്കിനിടയിലെ വാപ്പ

തെരഞ്ഞെടുപ്പ് അടക്കം എത്ര തിരക്കുണ്ടേലും വീട്ടിൽ എത്തിയാൽ ആ തിരക്കുകൾക്ക് വിട നൽകും. ഇനി വീട്ടിൽ ആരെങ്കിലും വന്നാൽ തന്നെ അത് ഒാഫീസ് മുറിയിൽ തീരും. ഞങ്ങടെ അടുത്തേക്ക് വന്നാൽ പിന്നെ ഞങ്ങളിൽ ഒരാൾ ആകും. സംസാരത്തിനിടയിൽ രാഷ്ട്രീയ കാര്യങ്ങൾ ചോദിച്ചാൽ വാപ്പ അതിൽ താൽപര്യം കാണിക്കാറില്ല. അത്രക്ക് എല്ലാം വിട്ട് ഞങ്ങളുടെ കൂടെ കൂടും. അപ്പോഴും ഞാൻ വാപ്പയോട് രാഷട്രീയ സംശയങ്ങൾ ചോദിക്കും. എന്നാൽ, വീട്ടുകാര്യങ്ങടക്കമുള്ള ഞങ്ങടെ കാര്യങ്ങളിലാകും വാപ്പയുടെ അപ്പോഴത്തെ താൽപര്യം. എത്ര തിരക്കിനിടയിലും ഞങ്ങളെ പുറത്ത് കൊണ്ടുപോകാനും ഭക്ഷണം വാങ്ങി തരാനും ഉത്സാഹമായിരുന്നു. ചെറുപ്പത്തിലേ ഉള്ള ശീലമായിരുന്നു.

എല്ലാ കൊല്ലവും എവിടേലും യാത്ര കൊണ്ടു പോകും. വാപ്പക്ക് അസുഖമായ കാലത്താണ് അതിന് കുറവ് വന്നത്.

തിരുത്തൽ വാദ കാലം

തിരുത്തൽ വാദ സമയത്ത് ആണ് രാഷ്ടീയമായ സമ്മർദങ്ങൾ അനുഭവിച്ചത്. എന്നാൽ, ഇൗ ടെൻഷനുകൾ ഒന്നും ഞങ്ങളെ കാണിച്ചിരുന്നില്ല. ഏത് പ്രതിസന്ധിയിലും കരുത്ത് കൊണ്ട് എല്ലാം മറികടന്നിരുന്നു.




തെരഞ്ഞെടുപ്പു തോൽവികൾ

തോറ്റപ്പോഴെല്ലാം നിസാര വോട്ടുകൾക്കായിരുന്നു. ഞങ്ങൾക്ക് വലിയ സങ്കടം തോന്നിയിരുന്നു. എന്നാൽ, വാപ്പ ആകട്ടെ കൂൾ ആയിരുന്നു. വാപ്പ എവിടെ മത്സരിച്ചാലും ഞങ്ങൾ കൂടെ കാണും. വടക്കേക്കരയിലും പട്ടാമ്പിയിലും ഒക്കെ മത്സരിച്ചപ്പോൾ കൂടെ പോയി താമസിച്ചിരുന്നു. പ്രചാരണത്തിന് പിറകെ കൂടിയിരുന്നു വാപ്പയുടെ കഠിനാധ്വാനം ഞങ്ങൾ അങ്ങനെ നേരിട്ട് കണ്ടിരുന്നു. ഇത്രയും അധ്വാനിച്ചിട്ടും നിസാര വോട്ടുകൾക്ക് തോറ്റാലും വാപ്പ കരുത്തോടെ ഇരിക്കുന്നത് കാണാം. അടുത്ത ദിവസം മുതൽ സജീവമാകും. ഒന്നും സംഭവിച്ചില്ല എന്ന ഭാവത്തിൽ. അഞ്ച് തവണ വാപ്പ തോറ്റിട്ടുണ്ട് ഒരു തവണ പോലും ആ മുഖത്ത് ഒരു വിഷമം ഞാൻ കണ്ടിട്ടില്ല. ഒാരോ തോൽവിയിലും ആവേശം കൂടും പോലെ

വിജയിച്ചപ്പോൾ

വയനാട് വലിയ ഭൂരിപക്ഷം നേടി വിജയിച്ചപ്പോൾ ഞങ്ങൾ വലിയ സന്തോഷത്തിലായിരുന്നു. എന്നാൽ, വാപ്പ പഴയ ആൾ തന്നെ. തോൽവികളുടെ മധുര പ്രതികാരമാണ് വയനാട് ജയം എന്ന് മാധ്യമങ്ങൾ എഴുതിയപ്പോഴും ഭാവ മാറ്റമില്ലാത്ത എം.എെ ഷാനവാസ് ആയിരുന്നു.

(തുടരും)

TAGS :