Quantcast
MediaOne Logo

Athulya Murali

Published: 13 July 2023 9:18 AM GMT

ചീമേനിയില്‍ മാലിന്യപ്ലാന്റ്: കാസര്‍ഗോഡെന്താ കുപ്പത്തൊട്ടിയോ?

സമരപോരാട്ടങ്ങളുടെ ചരിത്രവും വര്‍ത്തമാനവുമുള്ള കാസര്‍ഗോഡില്‍ പുതിയ ഒരു സമരത്തിന് മുളപൊട്ടുകയാണ്. ചീമേനി മാലിന്യ പ്ലാന്റ് എന്ന പേരില്‍ സ്ഥാപിതമാകുന്ന അജൈവമാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തിക്കഴിഞ്ഞു. കാസര്‍ഗോഡ് ജില്ലാ പരിസ്ഥിതി സമിതി സെക്രട്ടറി അഡ്വ. ടി.വി രാജേന്ദ്രന്‍ സംസാരിക്കുന്നു. അഭിമുഖം: അഡ്വ. ടി.വി രാജേന്ദ്രന്‍/അതുല്യ. വി

ചീമേനി മാലിന്യപ്ലാന്റ്
X

ചീമേനിയില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഒരു സമരത്തിലേക്ക് കടക്കുകയാണ് നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും മറ്റും. ഈ സമരത്തിന്റെ പശ്ചാത്തലമെന്താണ്?

കാസര്‍ഗോഡ് ജില്ലയിലെ ചീമേനിയില്‍ സര്‍ക്കാര്‍ ഒരു മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ആശങ്കയില്‍ നിന്നാണ് ഈ സമരം രൂപപ്പെടുന്നത്. യഥാര്‍ഥത്തില്‍ ഈ പ്ലാന്റിനെ സംബന്ധിച്ച് അവ്യക്തതകള്‍ ഉണ്ട്. ഈ പദ്ധതി എന്താണ് എന്നതില്‍ വ്യക്തതയില്ല. ചില സ്രോതസ്സുകളില്‍ നിന്ന് അറിയാന്‍ സാധിച്ചത് ഈ പദ്ധതി വലിയ ആഴത്തിലുള്ള കുഴികള്‍ എടുത്ത് അതില്‍ അജൈവമാലിന്യങ്ങള്‍ കുഴിച്ചുമൂടുക എന്നതാണ്.

മാലിന്യ പ്ലാന്റ് എന്നതുകൊണ്ട് സംസ്‌കരണ പ്ലാന്റ് അല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അവിടെ ആറ് ജില്ലകളിലെ മാലിന്യങ്ങള്‍, അതായത് അജൈവമാലിന്യങ്ങള്‍ കുഴിച്ചുമൂടുന്ന തരത്തിലുള്ള പദ്ധതി ആണെന്നാണ് അറിയാന്‍ സാധിച്ചത്. മറ്റു ജില്ലകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ പിന്നോക്ക ജില്ല എന്ന് കണക്കാക്കുന്ന കാസര്‍ഗോഡില്‍ തള്ളാനാണ് പദ്ധതി. സര്‍ക്കാറിന് എന്തുമാവാം എന്ന ദാഷ്ട്യത്തിന്റെ ഫലമായാണ് സര്‍ക്കാര്‍ ഈ രീതിയില്‍ മുന്നോട്ട് പോകുന്നത്. അതിനെതിരെയാണ് ഇവിടെയുള്ള ജനങ്ങള്‍ ശക്തമായ പ്രതിഷേധം നടത്തുന്നത്. ആ സമരത്തിന് കാസര്‍കോട് ജില്ലാ പരിസ്ഥിതി സമിതി എല്ലാവിധ പിന്തുണയും നല്‍കും. മുന്‍നിരയില്‍ നിന്ന് തന്നെ ശക്തമായി എതിര്‍ക്കും എന്നതില്‍ യാതൊരു സംശയവുമില്ല. കാരണം കഴിഞ്ഞ, പതിറ്റാണ്ടുകളായി ഇവിടെ ജില്ലയുടെ പല ഭാഗങ്ങളിലായി വികസനത്തിന്റെ പേരില്‍ കശുമാവിന് കൊടിയ വിഷമായ എന്‍ഡോസള്‍ഫാന്‍ തളിച്ച് പതിനായിരക്കണക്കിന് ജനങ്ങള്‍ ദുരിതം പേറി ജീവിക്കുന്ന അവസ്ഥയിലാണ്. ഇവിടുത്തെ ജനങ്ങള്‍ക്ക് വലിയ ആശങ്കകള്‍ ഉണ്ട്, അതുകൊണ്ടാണ് ഞങ്ങള്‍ ഈ സമരത്തിന് മുന്നിട്ടിറങ്ങുന്നത്.


ചീമേനിയില്‍ മുന്‍പ് കല്‍ക്കരി താപനിലയം തുടങ്ങാനുള്ള ശ്രമം നടന്നിരുന്നല്ലോ. അതിനെതിരെയുള്ള സമരം കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. സമരം വിജയിപ്പിച്ച പാരമ്പര്യവുമുണ്ട്. എന്താണ് അതിനെക്കുറിച്ച് പറയാനുള്ളത്?

കാസര്‍കോട് ജില്ലയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് സര്‍ക്കാര്‍ വലിയ കല്‍ക്കരി താപവൈദ്യുത നിലയം സ്ഥാപിക്കാനുള്ള നീക്കം നടത്തിയിരുന്നു. അന്ന് അവിടെ പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനിടെ പബ്ലിക് ഹിയറിങ് ഉണ്ടാവുകയും അതില്‍ ശക്തമായ പ്രതിഷേധങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ അറിയപ്പെടുന്ന മുതിര്‍ന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി.പി പത്മനാഭന്‍ മാഷിന്റെ നേതൃത്വത്തില്‍ താപനിലയം സംബന്ധിച്ച പഠനം നടത്തുകയും അത് പബ്ലിക് ഹിയറിങ്ങിലൂടെ ഫലവത്തായി ജനങ്ങളെയും ഉദ്യോഗസ്ഥരെയും കലക്ടറെയും ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. അതുകൊണ്ട് സര്‍ക്കാര്‍ ആ പദ്ധതിയില്‍ നിന്ന് പിന്മാറുകയാണ് ഉണ്ടായത്. ശക്തമായ പ്രതിഷേധം നടന്നിരുന്നു. ആ സമരത്തിന് നേതൃത്വം നല്‍കിയതും കാസര്‍കോട് ജില്ലാ പരിസ്ഥിതി സമിതിയായിരുന്നു. ആ സമരം വിജയിച്ചതിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ഈ ചീമേനി മാലിന്യ പ്ലാന്റിന്റെ കാര്യത്തിലും പ്രതീക്ഷയുണ്ട്.


കാസര്‍ഗോഡിന് വേണ്ടി ഉന്നയിക്കുന്ന മറ്റു ആവശ്യങ്ങള്‍ എന്തൊക്കെയാണ്? അടിസ്ഥാന വികസന വിഷയങ്ങളില്‍ പിന്നോട്ട് നില്‍ക്കുകയും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന മാലിന്യ പ്ലാന്റ് പോലുള്ള പദ്ധതിയുമായി മുന്നോട്ടുവരുകയും ചെയ്യുന്നു. അതാണ് നിലവിലെ അവസ്ഥ, അതിനോടുള്ള പ്രതികരണം എന്താണ്?

പിന്നോക്ക ജില്ലയായ കാസര്‍ഗോഡ് എയിംസ് പോലുള്ള സ്ഥാപനങ്ങളോ പദ്ധതികളോ ഇല്ല. ഐ.ടി അധിഷ്ഠിതമായ വ്യവസായങ്ങള്‍ വരുന്നില്ല. ഇവിടെയുള്ള മെഡിക്കല്‍ കോളജിന്റെ അവസ്ഥ വളരെ ദയനീയമാണ്. പതിമൂന്ന് വര്‍ഷത്തിലധികമായി അതിന് തറക്കല്ലിട്ടിട്ട്. ഈ മെഡിക്കല്‍ കോളജിന്റെ നിര്‍മാണത്തിനൊപ്പം തുടങ്ങിയ ഇടുക്കി, മഞ്ചേരി, വയനാട് എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളജുകള്‍ക്ക് പുരോഗതിയുണ്ട്. കാസര്‍കോട് ജില്ലയില്‍ വികസനത്തിന്റെ പേര് പറഞ്ഞ് ഇപ്പോള്‍ ഈ മാലിന്യ പ്ലാന്റ് കൊണ്ടുവന്ന് മലിനമാക്കുന്നതിന്, കുപ്പ തോട്ടിയാക്കുന്നതിന് പകരം ജനങ്ങള്‍ക്ക് ആവശ്യമുള്ള വികസനങ്ങള്‍ കൊണ്ടുവരണം. ആരോഗ്യ-വിദ്യാഭ്യാസ-സാമൂഹിക പിന്നോക്കാവസ്ഥകള്‍ പരിഹരിക്കുന്ന തരത്തിലുള്ള വികസന പദ്ധതികളാണ് ഈ ജില്ലയിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നത്. അതുകൊണ്ടാണ് ഇത് അങ്ങേയറ്റം പ്രതിഷേധിക്കേണ്ട പദ്ധതിയാണെന്ന് ഞങ്ങള്‍ പറയുന്നത്.

TAGS :