Quantcast
MediaOne Logo

യു. ഷൈജു

Published: 6 March 2022 6:32 AM GMT

എന്റെ കരൾ കൊടുത്ത് ജീവിപ്പിക്കാൻ നോക്കി - അമീന ഷാനവാസ്

അന്തരിച്ച കോൺഗ്രസ് നേതാവ് എം.ഐ ഷാനവാസിനെ ഓർത്തെടുത്ത് മകൾ അമീന ഷാനവാസ്

എന്റെ കരൾ കൊടുത്ത് ജീവിപ്പിക്കാൻ നോക്കി - അമീന ഷാനവാസ്
X
Listen to this Article


വിജയിച്ച വാപ്പ


വയനാട് മത്സരിക്കാൻ എത്തിയതോടെ ഇതുവരെ മത്സരിച്ചതിൽ നിന്ന് വ്യത്യസ്തമായ സന്തോഷമായിരുന്നു വാപ്പക്കും ഞങ്ങൾക്കും. കോഴിക്കോടിന്റെ പ്രദേശങ്ങൾ കൂടി ഉൾക്കൊള്ളുന്ന വയനാട് മണ്ഡലം എന്നതായിരുന്നു സന്തോഷത്തിന്റെ കാതൽ. വാപ്പ പഠിച്ച നാട്, വളർന്ന ദേശം, ഒരുപാട് പരിചയക്കാർ, ബന്ധുക്കൾ അങ്ങനെ പല കാരണങ്ങൾ. കോഴിക്കോടിനെ കുറിച്ച് വാപ്പ എപ്പോഴും പറയും. പറയുമ്പോഴെല്ലാം ഫറൂഖ് കോളേജിനെ കുറിച്ചു പറയാത്ത അവസരങ്ങളില്ല, കോഴിക്കോടുമായുള്ള ആത്മ ബന്ധം അത്രക്കായിരുന്നു. ആ ബന്ധം തന്നെ ആയിരുന്നു വയനാട്ടിലെ ജയവും വലിയ ഭൂരിപക്ഷവും.


ബന്ധങ്ങൾ വളർത്തി


എല്ലാ നേതാക്കളുമായും നല്ല ബന്ധം പുലർത്തിയിരുന്നു. സോണിയ ഗാന്ധി മുതൽ മുതിർന്ന നേതാക്കൾ എല്ലാവരുമായും. രാഷ്ട്രീയത്തിന് അതീതമായും നല്ല ബന്ധം സൂക്ഷിക്കുന്നതിൽ വാപ്പ ശ്രദ്ധിച്ചിരുന്നു.


രാഷ്ട്രീയത്തെ കുറിച്ച് വീട്ടിൽ അധികം സംസാരിക്കാറില്ല. എന്നാൽ, അനിയനും വാപ്പയുടെ അനിയനുമൊക്കെ ആയി സംസാരിക്കും, ഞാൻ അതിൽ നിന്നെല്ലാം വിട്ടു നിൽക്കും.





വാപ്പയുടെ രോഗം


വാപ്പയുടെ അസുഖം എന്നത് ഓർക്കാൻ കഴിയാത്ത ഒന്നാണ്. ആദ്യം അസുഖം ഉണ്ടെന്നു പറഞ്ഞു ഡോക്ടർമാർ ഗൗരവത്തോടെ സംസാരിച്ചു. അതിന് അനുസരിച്ചു ശസ്ത്രക്രിയയും നടത്തി. എന്നാൽ, അപ്പോഴും ഒന്നുകൂടി ടെസ്റ്റ് ചെയ്ത് നോക്കണം എന്ന് വാപ്പ തന്നെ ആവശ്യപ്പെട്ടു. ഡോക്ടറായ കൊച്ചാപ്പ അടക്കം ഈ ആവശ്യം അംഗീകരിച്ചു. എന്നാൽ, ഞങ്ങളൊക്കെ നല്ല വിഷമത്തിലായി. രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവ് ആയി വന്നപ്പോൾ ഞങ്ങൾക്കൊക്കെ ജീവൻ വീണു. വീട്ടിൽ സന്തോഷം അല തല്ലി.


എന്റെ കരളിന്റെ കരളാണ് വാപ്പ


ആദ്യം നടന്ന ശാസ്ത്രക്രിയ ചെറിയ ചെറിയ അസുഖങ്ങൾ വരുത്തി. പിന്നെ എം.പി ആയതോടെ വിശ്രമം ഇല്ലാത്ത യാത്രകൾ. എല്ലാം കൂടി ആയതോടെ വാപ്പ ക്ഷീണിതനായി അസുഖത്തിലേക്ക് വീണ്ടും വഴുതി. ഞങ്ങളാകെ വീണ്ടും വിഷമത്തിലായി. വാപ്പയുടെ കരൾ മാറ്റണം. പുറത്ത് നിന്ന് കണ്ടെത്താനായിരുന്നു ആലോചന. പക്ഷെ, എന്റെ വാപ്പയുടെ ജീവന് എന്റെ കരൾ പകുത്ത് നൽകാൻ തീരുമാനിച്ചു. ഭർത്താവ് അടക്കം ആരും എതിർത്തില്ല. അങ്ങനെ ഞങ്ങൾ തമിഴ്നാട്ടിൽ ആശുപത്രിയിൽ എത്തി. കരൾ കൊടുക്കാൻ ശാസ്ത്രക്രിയക്ക് വിധേയയായി വേദന സഹിക്കുമ്പോഴും ഓപ്പറേഷൻ കഴിഞ്ഞ വാപ്പ ജീവിതത്തിലേക്ക് തിരിച്ചു വരുന്നത് കണ്ട് വേദനകൾ പമ്പകടന്നു. വാപ്പ രാവിലെ പത്രം വായിക്കുന്നു. ശരിക്കും ആക്റ്റീവായി വരുന്നു. എന്നാൽ, കുറച്ച് ദിവസം കഴിഞ്ഞതോടെ വാപ്പയുടെ കാര്യം ആരും പറയുന്നില്ല. പിന്നീടാണ് അറിഞ്ഞത് ഇൻഫെക്ഷൻ ആയെന്ന്. വാപ്പ മെല്ലെ ഞങ്ങളെ വിട്ടു പോകുകയായിരുന്നു. ആ ഇരുപത്തി ഒന്ന് ദിവസം വല്ലാത്ത സമ്മർദം അനുഭവിച്ച നാളുകളായിരുന്നു. ഇങ്ങനെയൊന്ന് ഇത്ര വേഗം സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല.


വാപ്പ ഇല്ലാത്ത ശൂന്യത


വാപ്പ ഇല്ലാത്ത വീടും മനസ്സും എത്ര ശൂന്യമാണ്. ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. വാപ്പ കൂടെ ഇല്ല എന്ന ഓർമ വരുമ്പോൾ ഒരു തരം സ്തംഭനമാണ് ഉണ്ടാകുന്നത്. ആകെ ഒരു തളർച്ച വരും. തിരിഞ്ഞ് നിന്ന് ഓർക്കാൻ കൂടി കഴിയുന്നില്ല. അടക്കാനാവാത്ത സങ്കടം.





രാഹുൽ ഗാന്ധി എന്ന വലിയ നേതാവ്


വാപ്പക്ക് പകരം എന്റെ പേര് പറഞ്ഞ് കേട്ടപ്പോൾ ആദ്യം ഞെട്ടി. പിന്നെ ആ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി എന്ന വലിയ നേതാവാണ് വന്നതെന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി. വാപ്പ പ്രതിനിധീകരിച്ച മണ്ഡലത്തിൽ കോൺഗ്രസിന്റെ സമുന്നത നേതാവ് നയിക്കുന്നുവല്ലോ.


വാപ്പയുടെ വയനാട് സ്വപ്നം


ജനങ്ങളോടൊപ്പമായിരുന്നു എപ്പോഴും. വയ്യാതായ സമയങ്ങളിലും പ്രളയം പോലുള്ള കാലത്ത് തണുപ്പ് സഹിച്ചും അവരോടൊപ്പം ചെലവഴിച്ചു. ഒരു പാട് സ്വപ്നങ്ങളായിരുന്നു വാപ്പക്ക്, അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വയനാട്ടിൽ ഒരു മെഡിക്കൽ കോളജ്, റെയിവേ പാത ഇതൊക്കെ ആയിരുന്നു.


എന്റെ അഭിമാനം


ഈ വാപ്പയുടെ മകൾ എന്നതാണ് എന്റെ ഏറ്റവും വലിയ അഭിമാനം. എം.ഐ ഷാനവാസ് എന്ന നല്ല മനുഷ്യന്റെ മകളായി ജനിച്ചതിലെ അഭിമാനബോധവുമായാണ് എന്റെ ജീവിതം.



TAGS :