Quantcast
MediaOne Logo

Athulya Murali

Published: 27 July 2023 1:19 PM GMT

ചികിത്സാ പിഴവിന് ഇരയാകുന്നവര്‍ക്ക് നീതിലഭിക്കാന്‍ പ്രത്യേക നിയമം വേണം - ഹര്‍ഷിന

അഭിമുഖം : ഹര്‍ഷിന/ അതുല്യ വി.

ചികിത്സാ പിഴവിന് ഇരയാകുന്നവര്‍ക്ക് നീതിലഭിക്കാന്‍ പ്രത്യേക നിയമം വേണം - ഹര്‍ഷിന
X

നീണ്ടകാലത്തെ സമരത്തിനൊടുവില്‍ പൊലീസില്‍നിന്ന് അനുകൂല റിപ്പോര്‍ട്ട് വന്നിരിക്കുന്നു. ഇതിനെ കുറിച്ച് എന്താണ് പറയാനുള്ളത്?

വളരെയധികം സന്തോഷമുണ്ട്. ഞാന്‍ തുടക്കം മുതലേ പറഞ്ഞുകൊണ്ടിരിക്കുന്ന സംഭവം ഇപ്പോള്‍ ശാസ്ത്രീയമായി തന്നെ തെളിഞ്ഞിരിക്കുന്നു. ഒരുപാട് അന്വേഷണങ്ങള്‍ക്ക് ശേഷം സത്യസന്ധമായ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. അത്രയധികം സന്തോഷമുണ്ട്, പക്ഷേ ഇത് പൂര്‍ണമായ നീതിയല്ല. സത്യസന്ധമായി അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കു നന്ദി അറിയിക്കുന്നു.

ആരോഗ്യവകുപ്പിന്റെ ആഭ്യന്തര അന്വേഷണത്തില്‍ കത്രിക മെഡിക്കല്‍ കോളജിന്റെതല്ലെന്ന് റിപ്പോര്‍ട്ട് നല്‍കി എന്ന ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് പൊലീസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇത് ആരോഗ്യവകുപ്പിനേറ്റ കടുത്ത തിരിച്ചടിയല്ലേ?

തീര്‍ച്ചയായും, ആരോഗ്യവകുപ്പ് അവരുടെ ഭാഗത്തെ തെറ്റിനെ അവരെക്കൊണ്ട് തന്നെ അന്വേഷിപ്പിക്കുന്ന രീതിയാണ് മുന്നോട്ടു കൊണ്ടുപോയത്. അതുകൊണ്ട് എനിക്ക് അനുകൂലമായ നീതി കിട്ടിയില്ല. പൊലീസ് സത്യസന്ധമായി അന്വേഷിച്ച റിപ്പോര്‍ട്ട് കൊണ്ടുവന്നു. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ നൂറ് ശതമാനം സത്യമാണെന്ന് തെളിഞ്ഞിരിക്കുന്നു. ആരോഗ്യവകുപ്പിനു ഏറ്റ തിരിച്ചടി തന്നെയാണിത്. കാരണം, അവര്‍ പറഞ്ഞത് ശരിയല്ല എന്ന കാര്യം പുറത്തുവന്നിരിക്കുന്നു. ഇനിയെങ്കിലും സത്യസന്ധമായ നടപടിയെടുക്കണം.


പൊലീസ് റിപ്പോര്‍ട്ട് വന്നതിനുശേഷം ആരോഗ്യവകുപ്പിന്റെ ഭാഗത്തു നിന്നുള്ള ഇടപെടലുകള്‍ എന്തൊക്കെയായിരിന്നു?

പൊലീസ് റിപ്പോര്‍ട്ടിന് ശേഷം ഒരു നടപടിയും ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഡി.എം.ഒ യ്ക്ക്, അതായത് മെഡിക്കല്‍ ബോര്‍ഡിന് എത്രയും പെട്ടെന്ന് തന്നെ കൈമാറും എന്നാണ് അറിയാന്‍ സാധിച്ചത്. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ആണ് അന്തിമ റിപ്പോര്‍ട്ട്. അതിനുശേഷം കുറ്റപത്രം സമര്‍പ്പിക്കും എന്നാണ് പൊലീസിന്റെ ഭാഗത്തുനിന്നു പറഞ്ഞിരിക്കുന്നത്. മറ്റൊരു ഇടപെടലുകളും ഇതുവരെ ഉണ്ടായിട്ടില്ല.

ഏത് തരത്തിലാണ് സമരം മുന്നോട്ട് കൊണ്ട് പോവാന്‍ ഉദ്ദേശിക്കുന്നത്? അല്ലെങ്കില്‍ സമരം അവസാനിപ്പിക്കുന്നുണ്ടോ?

സമരം നിര്‍ത്താന്‍ ഒരു തീരുമാനവും ഇല്ല. മറിച്ച് ശക്തമായി സമരം മുന്നോട്ടു കൊണ്ടുപോകും. കാരണം, ഈ പൊലീസ് റിപ്പോര്‍ട്ട് വെറും ആദ്യഘട്ട വിജയം മാത്രമാണ്. പൂര്‍ണമായിട്ടുള്ള നീതി നടപ്പായിട്ടില്ല. ഒരുപാട് ആവശ്യങ്ങളുണ്ട്, ആരോഗ്യമന്ത്രി ആദ്യത്തെ സമരപ്പന്തലില്‍ നേരിട്ട് വന്ന് നല്‍കിയ വാഗ്ദാനങ്ങള്‍ ഉണ്ട്. അത് പാലിക്കപ്പെടണം. പൂര്‍ണമായ നീതി ലഭിക്കുന്നത് വരെ ശക്തമായി സമരം മുന്നോട്ടു കൊണ്ടുപോകും. എനിക്ക് സംഭവിച്ചത് ഇനി ഒരാള്‍ക്കും സംഭവിക്കരുത്, സമൂഹത്തില്‍ ആര്‍ക്കും ഇങ്ങനെ ഒരു ദുരവസ്ഥ ഉണ്ടാവരുത്. ഇനി ഒരിക്കലും ആരോഗ്യപ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഇതുപോലുള്ള അശ്രദ്ധ ഉണ്ടാവരുത്. ഭാഗ്യം കൊണ്ടാണ് എന്റെ ജീവന്‍ തിരിച്ചുകിട്ടിയത്. ഞാന്‍ അനുഭവിച്ച ദുരിതങ്ങള്‍ ഹോസ്പിറ്റല്‍ നെഗ്‌ളിജന്‍സിന്റെ ഏറ്റവും വലിയ തെളിവാണ്. ഇനി ആര്‍ക്കും ഇങ്ങനൊരു അവസ്ഥ ഉണ്ടാവരുത്. അതിനു കൂടെയാണ് ഈ സമരം. ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിന് ഓര്‍ഡിനന്‍സ് ഉണ്ടാക്കിയതുപോലെ രോഗികള്‍ക്ക് അതായത് ചികിത്സാ പിഴവ് കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് എത്രയും പെട്ടെന്ന് നീതി ലഭിക്കുന്ന രീതിയിലുള്ള നിയമനിര്‍മാണം പ്രാബല്യത്തില്‍ വരുത്തണം

അനുകൂലറിപ്പോര്‍ട്ടുകള്‍ നീതി ഉറപ്പാക്കുമെന്ന് പ്രതീക്ഷയുണ്ടോ?

അനുകൂല റിപ്പോര്‍ട്ടുകള്‍ എന്റെ വിജയമാണ്. പത്ത് മാസം പൊരുതി നേടിയ വിജയമാണ്. സമൂഹത്തിന്റെ മുന്നില്‍ ഞാന്‍ പറഞ്ഞത് സത്യമാണെന്ന് തെളിയിക്കുക എന്നത് എന്റെ ആവശ്യമായിരുന്നു, പ്രതിജ്ഞയായിരുന്നു. സമരസമിതിയുടെയും ജനങ്ങളുടെയും പിന്തുണയുണ്ട്. ന്യായമായ നീതി ലഭിക്കുമെന്നുള്ള ആത്മവിശ്വാസമുണ്ട്. പൂര്‍ണമായ നീതി ലഭിച്ചിട്ടേ സമരം നിര്‍ത്തു.