Quantcast
MediaOne Logo

ഹിബ മറിയം

Published: 26 March 2022 1:45 PM GMT

ബങ്കറിലെ പന്ത്രണ്ട് ദിനരാത്രങ്ങൾ

യുക്രൈനിൽ നിന്നും തിരിച്ചെത്തിയ വിദ്യാർഥിനി ഹിബ മറിയം അനുഭവം പങ്കുവെക്കുന്നു

ബങ്കറിലെ പന്ത്രണ്ട് ദിനരാത്രങ്ങൾ
X

ഞാൻ ഹിബ മറിയം. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയാണ് സ്വദേശം. സുമി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ നാലാം വർഷ മെഡിക്കൽ ബിരുദ വിദ്യാർഥിയാണ്. നാട്ടിൽ സീറ്റുകൾ കുറവായതിനാൽ തന്നെ എം.ബി.ബി.എസിന് സീറ്റ് വളരെ കുറവായത് കൊണ്ട് തന്നെ പ്രവേശനം കിട്ടാൻ പ്രയാസമാണ്. കുറഞ്ഞ ചെലവിൽ മികച്ച വിദ്യാഭ്യാസം ലഭിക്കുമെന്നതിനാലാണ് യുക്രൈൻ തെരഞ്ഞെടുത്തത്. അതിൽത്തന്നെ സുമി യൂണിവേഴ്സിറ്റി തെരഞ്ഞെടുക്കാൻ കാരണം പെൺകുട്ടികൾക്ക് കൂടുതൽ സുരക്ഷിതം അതായതിനാലാണ്. ഫെബ്രുവരി 24 നാണ് പ്രശ്നങ്ങളുടെ തുടക്കം. അതിനു മുൻപ് എംബസി ഞങ്ങളോട് നാട്ടിലേക്ക് തിരിക്കാൻ നിർദേശിച്ചുവെങ്കിലും നിർബന്ധമായി ഒഴിഞ്ഞുപോകണമെന്നോ വ്യക്തമായ ഒരു നിർദേശമോ ഞങ്ങള്ക് നൽകിയിരുന്നില്ല. അതുകൊണ്ട് തന്നെ ഞങ്ങൾ അവിടെ തന്നെ തുടർന്നു.

ഞങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ നടക്കുന്നുണ്ടായിരുന്നു. ഓഫ്‌ലൈൻ ക്‌ളാസുകൾ ഓൺലൈൻ ആയി മാറ്റുകയായിരുന്നു. ഇവിടെ പ്രശ്നങ്ങളൊന്നുമില്ല. നിങ്ങൾ ഇവിടെ തന്നെ നിൽക്കണം, ഇവിടെ സുരക്ഷിതമാണ് എന്ന് അവർ പറഞ്ഞത് കൊണ്ടാണ് അവിടെ തന്നെ തുടർന്നത്. നിൽക്കാൻ കുഴപ്പമൊന്നുമില്ലെങ്കിൽ അവിടെ തന്നെ നിന്നോവെന്ന് ഞങ്ങൾ വിളിച്ചന്വേഷിച്ചപ്പോൾ എംബസിയിൽ നിന്നും പറഞ്ഞു. ആശങ്ക മൂലം കുറെ കുട്ടികൾ തിരിച്ചുപോന്നു. ഞങ്ങൾക്ക് വ്യക്തമായ നിർദേശം ലഭിച്ച സമയത്ത് ഫ്‌ളൈറ്റ് ബുക്ക് ചെയ്യാൻ നോക്കി. പക്ഷെ അപ്പോഴേക്കും സീറ്റുകളെല്ലാം ഫില്ലായിരുന്നു. ഒഴിവു വരുന്ന സീറ്റുകളിൽ ഞങ്ങൾക്ക് കൊടുക്കാൻ കഴിയുന്നതിലും കൂടുതലായിരുന്നു ടിക്കറ്റ് നിരക്ക്.


ഫ്‌ളൈറ്റുകൾ ഇല്ല. ഞങ്ങൾക്ക് തിരിച്ചു വരാൻ ഒരു മാർഗവും ഇല്ല. അങ്ങനെ കുടുങ്ങിപ്പോയതാണ് അവിടെ. സുമിയിലെ വിദ്യാർഥികൾ പ്രശ്നങ്ങളുടെ തുടക്കത്തിൽ ആരുടേയും ശ്രദ്ധയിൽ വന്നിരുന്നില്ല. ഇത്രയധികം വിദ്യാർഥികൾ അവിടെ പടിക്കുന്നുണ്ടെന്ന് പോലും അധികൃതർക്ക് അറിയുമായിരുന്നോയെന്ന് സംശയമാണ്. എംബസി വഴി ഞങ്ങളെ വിവരങ്ങൾ അറിയിക്കും എന്ന പ്രതീക്ഷയിൽ ഞങ്ങൾ അവിടെ തുടർന്നു. പക്ഷെ, ഒന്നുമുണ്ടായില്ല. സാധനങ്ങൾ തീരുമെന്നതിനാൽ കടകളിൽ പോയി സാധനങ്ങൾ കരുതി വെച്ചു. ആദ്യ ദിവസം മാത്രമാണ് ഞങ്ങൾക്ക് പുറത്തിറങ്ങാൻ കഴിഞ്ഞത്. ഹോസ്റ്റലിലും ബങ്കറിലുമായി പന്ത്രണ്ട് ദിവസമാണ് ഞങ്ങൾ അവിടെ കഴിഞ്ഞത്. വാർത്തകളിലൂടെ അല്ലാതെ ഇത്രയും ദിവസം ഞങ്ങൾ പുറം ലോകം കണ്ടിട്ടില്ല. ഖാർക്കിവിൽ ഒരു കുട്ടി മരിച്ച വിവരം കൂടി അറിഞ്ഞതോടെ റിസ്കെടുത്ത് പുറത്തിറങ്ങാനും ഞങ്ങൾ ഒരുക്കമല്ലായിരുന്നു. അവിടെ സാധാരണക്കാരുടെ കയ്യിൽ പോലും ആയുധങ്ങൾ ഉള്ളതിനാൽ പുറത്തിറങ്ങുന്നത് തീരെ സുരക്ഷിതമായിരുന്നില്ല.

ഒരു ദിവസം വെള്ളം തീർന്നിട്ട് വെള്ളം വാങ്ങാനായി പുറത്ത് പോയപ്പോൾ എന്റെ പുറകിൽ വന്നു നിന്ന സിവിലിയന്റെ കയ്യിൽ വലിയ തോക്കുണ്ടായിരുന്നു. അത് നേരിട്ട് കണ്ട ഞാൻ ആകെ പേടിച്ചുപോയി. അപ്പോൾ തന്നെ അവിടെ നിന്നും ഇറങ്ങി ഓടി. ആര് എന്താ ചെയ്യാ എന്നൊന്നും അറിയില്ല. ഭക്ഷണമില്ല. വെള്ളമില്ല. ഞങ്ങളുടെ പ്രധാന പ്രശ്നം ഇതായിരുന്നു. ഒരു വഴിക്കും ഒന്നും ലഭിക്കുന്നില്ല. ഭക്ഷണം തീരെ ഇല്ല. പ്രതിദിന ആവശ്യങ്ങൾക്ക് വേണ്ട വെള്ളം പോലുമില്ല. ഞങ്ങൾ കരുതിവെച്ച അഞ്ച് ലിറ്റർ വെള്ളം കുടിച്ചാണ് ഞങ്ങൾ ജീവൻ നിലനിർത്തിയത്. പ്രശ്‍നങ്ങൾക്ക് പരിഹാരമാകാതെ വന്നപ്പോൾ ഞങ്ങൾ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും വീഡിയോ സന്ദേശങ്ങൾ അയക്കാൻ തുടങ്ങി.

മീഡിയവൺ ആണ് ഞങ്ങളെ ആദ്യമായി ബന്ധപ്പെടുന്നത്. ഞങ്ങൾ വിഡിയോകൾ അയച്ച് കൊടുത്തു. എഴുനൂറോളം കുട്ടികൾ അവിടെ ഉണ്ടെന്ന് പലരും അറിയുന്നത് തന്നെ അപ്പോഴാണ്. പന്ത്രണ്ട് ദിവസത്തോളം ഞങ്ങൾ ബങ്കറിലായിരുന്നു ഭൂരിഭാഗം സമയവും കഴിച്ചുകൂട്ടിയത്. ഹോസ്റ്റൽ ബേസ്മെന്റ് ആൺ ബങ്കർ. നിറയെ പൊടിയൊക്കെ ഉള്ള സാധനങ്ങൾ ഒക്കെ കൊണ്ട് ഇടുന്ന സ്ഥലമാണ് അത്. ആസ്ത്മ, അലർജി ഒക്കെ ഉള്ള കുട്ടികൾക്ക് തീരെ പറ്റുന്നില്ലായിരുന്നു. പലരും അവിടെ തലകറങ്ങി വീണു. ഞങ്ങൾ അവിടെ നാല്‌ വർഷം ജീവിച്ച പരിചയമെങ്കിലും ഉണ്ടായിരുന്നു. ഈയടുത്ത് എത്തിയ കുട്ടികൾ ഒക്കെ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ഭാഷ പോലും അവർക്ക് നിശ്ചയമില്ലായിരുന്നു. ഞങ്ങൾ സീനിയേഴ്സ് നൽകിയ ആത്മവിശ്വാസത്തിലാണ് അവർ അവിടെ കഴിഞ്ഞത്.


കുറച്ച് ദിനങ്ങൾ കഴിഞ്ഞപ്പോൾ വെള്ളമൊക്കെ തീർന്നു. മറ്റു നഗരങ്ങളിൽ നിന്നും ഒഴിപ്പിക്കൽ നടക്കുന്നുണ്ടായിരുന്നു. അപ്പോൾ പിന്നെ വിഡിയോകൾ ഇറക്കി എല്ലാവരെയും അറിയിക്കാനായിരുന്നു ഞങ്ങളുടെ ശ്രമം. എല്ലാവരും മാനസികമായി തളർന്നിരുന്നു. രക്ഷിക്കാൻ ആരെങ്കിലും വരുമെന്ന് ഞങ്ങൾക്ക് ഒട്ടും പ്രതീക്ഷ ഉണ്ടായിരുന്നില്ല. റഷ്യൻ അതിർത്തിക്കടുത്താണ് ഞങ്ങളുടെ കോളജ്. സൈനികർ ഒക്കെ ഞങ്ങളുടെ സമീപത്തു കൂടെ പോകുന്നത് ആദ്യ ദിനം മുതൽ ഞങ്ങൾ കാണുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആയിരിക്കും എംബസിക്ക് ഞങ്ങളുടെ അടുത്തേക്ക് എത്താൻ പ്രയാസമുണ്ടായത്.

(തുടരും)

TAGS :