Quantcast
MediaOne Logo

സക്കീര്‍ ഹുസൈന്‍

Published: 12 Feb 2024 12:05 PM GMT

മനുഷ്യത്വം ഓര്‍മിപ്പിക്കാനാണ് നാടകാന്ത്യത്തില്‍ ഫലസ്തീന്‍ ഭൂപടം കൊണ്ടുവന്നത് - തൗഫീഖ് ജബലി

വിഖ്യാത കവി ഖലീല്‍ ജിബ്രാന്റെ വരികള്‍ക്ക് 'ലേ ഫൗ' എന്ന നാടകത്തിലൂടെ രംഗഭാഷയൊരുക്കിയതിനെക്കുറിച്ചും തന്റെ നാടകയാത്രയെക്കുറിച്ചും തൗഫീഖ് സംസാരിക്കുന്നു. അഭിമുഖം: തൗഫീഖ് ജബലി / സക്കീര്‍ ഹുസൈന്‍ | Itfok 2024

തൗഫീഖ് ജബലി, ലേ ഫൗ (ഉന്മാദി), ഖലീല്‍ ജിബ്രാന്‍
X

എണ്‍പത് പിന്നിട്ടെങ്കിലും യുവത്വമാര്‍ന്ന അരങ്ങാണ് തുണീഷ്യന്‍ സംവിധായകന്‍ തൗഫീഖ് ജബലിയുടെത്. ഇറ്റ്‌ഫോക്കില്‍ അരങ്ങേറിയ അദ്ദേഹത്തിന്റെ 'ലേ ഫൗ' (ഉന്മാദി) അത് വ്യക്തമാക്കുന്നു. മള്‍ട്ടിമീഡിയയുടെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ചും വെളിച്ച നിയന്ത്രണത്തില്‍ കാണിച്ച പ്രൊഫഷണിലസവും സംഗീതവും നൃത്തവും ഫിസിക്കല്‍ തിയറ്ററും സമന്വയിപ്പിച്ച അവതരണവും പ്രേക്ഷകനെ മറ്റൊരു ലോകത്തേക്കാണ് കൊണ്ടുപോയത്. അതുകൊണ്ടുതന്നെ പ്രേക്ഷക പ്രശംസ 'ലേ ഫൗ' നേടുകയും ചെയ്തു. മൊറോക്കിയന്‍, ഇറാനിയന്‍ സംഗീതത്തോടൊപ്പം തബലയും സിത്താറുമെല്ലാം അടങ്ങിയ ഹിന്ദുസ്ഥാനി സംഗീതവും ഉപയോഗിച്ചത് നാടകത്തിന് വ്യത്യസ്തമായ ആസ്വാദനതലമൊരുക്കി. ഇതിനായി പ്രശസ്ത തബലിസ്റ്റ് സക്കീര്‍ ഹുസൈന്റെ സഹായവും സംവിധായകന്‍ തേടി. വിഖ്യാത കവി ഖലീല്‍ ജിബ്രാന്റെ വരികള്‍ക്ക് 'ലേ ഫൗ' യിലൂടെ രംഗഭാഷയൊരുക്കിയതിനെക്കുറിച്ചും തന്റെ നാടകയാത്രയെക്കുറിച്ചും തൗഫീഖ് സംസാരിക്കുന്നു.

സംഗീതവും ദ്രുതതാളത്തിനൊപ്പം അതേ വേഗതയിലുള്ള നൃത്തച്ചുവടുകളുമായി റീജിണല്‍ തിയറ്ററില്‍ 'ലേ ഫൗ' സമാപ്തിയിലേക്ക് നീങ്ങവെ അവസാന ദൃശ്യമായി മള്‍ട്ടി മീഡിയയുടെ സഹായത്തോടെ ആവിഷ്‌ക്കരിച്ചത് കഫിയയുടെ (അറബികള്‍ തലേക്കെട്ടിന് ഉപയോഗിക്കുന്നത് ) പശ്ചാത്തലത്തിലുള്ള ഫലസ്തീന്‍ ഭൂപടം ആയിരുന്നു. ഫലസ്തീനില്‍ നിരപരാധരായ പിഞ്ചുകുഞ്ഞുങ്ങളെയും സിവിലിയന്മാരെയും കൊന്നൊടുക്കുന്ന ഇസ്രായേല്‍ ക്രൂരത തുടരവെ അത് ലോക ജനതയുടെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ ബോധപൂര്‍വം ആവിഷ്‌കരിച്ചതാണെന്ന് സംവിധായകന്‍ തൗഫീഖ് ജബലി പറയുന്നു. ഖലീല്‍' ജീബ്രാന്‍ കവിതയിലെ ഉന്മാദാവസ്ഥയെ ചിത്രീകരിക്കുമ്പോഴും മനുഷ്യത്വത്തെക്കുറിച്ചും അക്രമരാഹിത്യത്തെക്കുറിച്ചുമാണ് നാടകം പറയുന്നത്. ഗസ്സയില്‍ അരങ്ങേറുന്നത് കടുത്ത മനുഷ്യത്വരഹിത്യമാണ് - അദ്ദേഹം വ്യക്തമാക്കുന്നു.

ജിബ്രാന്‍ കവിതകളിലെ ഉന്മാദാവസ്ഥയാണ് തന്നെ ആകര്‍ഷിച്ചതും ഈ നാടകം ചെയ്യാന്‍ പ്രേരിപ്പിച്ചതും. ഇതിന് ദൃശ്യവിഷ്‌കാരം നല്‍കാനാവുമെന്ന് തോന്നി. അതിന് നല്ല സാധ്യതകളുണ്ടെന്നും. വര്‍ണാഭമായ നിരവധി ബിംബങ്ങള്‍ ജിബ്രാന്‍ കവിതകളിലുണ്ട്. നിറങ്ങളും മള്‍ട്ടിമീഡിയയും ഉപയോഗിച്ചത് അതുകൊണ്ടാണ്.

സത്യത്തില്‍ ജിബ്രാന്റെ പെയിന്റിങ്ങുകളാണ് ഈ ദൃശ്യവത്കരണത്തിന് സഹായിച്ചത്. എന്നു കരുതി അതിനെ അപ്പാടെ പകര്‍ത്തുകയല്ല ചെയ്തത്. തന്റേതായ ഇടപെടലും വ്യാഖ്യാനങ്ങളും ഉണ്ട്. സ്വപ്നങ്ങള്‍ ചിത്രീകരിക്കുമ്പോലെയാണത് ചെയ്തത്. ജിബ്രാന്‍ കവിതകളില്‍ ഒരാളില്‍ തന്നെ കവിക്കും ഉന്മാദിക്കും പുറമെ മറ്റു വ്യക്തിത്വങ്ങളും കടന്നു വരുന്നുവെന്നതാണ് പ്രത്യേകത. പരമ്പരാഗത കലകളെയും ആശ്രയിച്ചു. ഇതിന്റെയൊക്കെ സഹായത്താല്‍ സമകാലികമായ ആവിഷ്‌കാരത്തിനാണ് ശ്രമിച്ചത്. റിയലിസ്റ്റിക് നാടക സങ്കല്‍പങ്ങളെ ഭേദിക്കുകയായിരുന്നു ലക്ഷ്യം. അത് ഏറെക്കുറേ യാഥാര്‍ഥ്യമാക്കാനായി. ഇതിനകം നിരവധി രാജ്യങ്ങളില്‍ ഈ നാടകം അരങ്ങേറി. ഓരോ അവതരണവും കഴിയുമ്പോഴും പ്രേക്ഷകരുമായി സംവദിക്കും. അവര്‍ നിര്‍ദേശിക്കുന്ന മാറ്റങ്ങളില്‍ പ്രസക്തമായത് വരുത്തുകയും ചെയ്യും.


1970 കളിലാണ് താന്‍ നാടക മേഖലയില്‍ എത്തിയത്. 1987 ല്‍ എല്‍ തിയറ്ററോ നാടകസംഘത്തിന് രൂപം നല്‍കി. ഇതിനകം 150 നാടകങ്ങള്‍ അരങ്ങിലെത്തിച്ചു. തന്റേത് മാത്രമായി 50 നാടകങ്ങളുണ്ട്. ഏറ്റവും മികച്ച നാടകമേത് എന്ന് ചോദിച്ചാല്‍ വരാനിരിക്കുന്നതേയുള്ളൂ എന്നേ പറയാനാവൂ.


തൻ്റെ സംഘാംഗങ്ങൾക്കൊപ്പം തൗഫീഖതുണീഷ്യന്‍ സര്‍ക്കാരിന് സാംസ്‌കാരിക കാര്യങ്ങളില്‍ ശ്രദ്ധയില്ല. ബജറ്റുകളില്‍ ഇതിന് ഫണ്ടും ഉണ്ടാകാറില്ല. മുല്ലപ്പൂ വിപ്ലവം സാമൂഹിക മാറ്റമാണ് കൊണ്ടുവന്നത്. തുണീഷ്യയില്‍ എല്ലാം സാധ്യമായത് ഈ വിപ്ലവത്തിലൂടെയാണ്. എന്നാല്‍, കലാ-സാംസ്‌ക്കാരിക മാറ്റം ഉണ്ടായില്ല. പക്ഷേ, ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നില്ല.


TAGS :