‘കവിതയെനിക്ക് സമരം മാത്രമല്ല, ആയുധം കൂടിയാണ്, കണ്ണോട് കണ്ണായിടാം എന്ന പാട്ട് ഒരു ജോബ് കുര്യൻ മാജിക്കാണ്’; ഗാനരചയിതാവ് സംസാരിക്കുന്നു
ഒൻപത് വർഷത്തെ പഴക്കമുള്ള പാട്ടിനെ പുതിയ തലമുറ ഏറ്റടുത്തതിന്റെ അഭിനന്ദങ്ങൾ കഴിഞ്ഞ ദിവസങ്ങളിലും എനിക്ക് ലഭിച്ചു- എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ സംസാരിക്കുന്നു

കണ്ണോടു കണ്ണായിടാം’ എന്ന ഗാനമാണ് ഇൻസ്റ്റഗ്രാം റീലുകളിലെല്ലാം. ജോബ് കുര്യന്റെയും മൃദുല വാര്യരുടെയും മാന്ത്രിക ശബ്ദത്തിനൊപ്പം വരികളുടെ മനോഹാരിതയുമായതോടെ പാട്ട് ഒമ്പത് വർഷങ്ങൾക്കിപ്പുറം വീണ്ടും വൈറലായിരിക്കുകയാണ്. കവിയും ഗാനരചയിതാവുമായ എങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെതാണ് വരികൾ. ഒട്ടേറെ സിനിമകൾക്കും നാടകങ്ങൾക്കും ആൽബങ്ങൾക്കും ഗാനരചന നിർവഹിച്ചിട്ടുണ്ട് അദ്ദേഹം. വീതൂണ്, പൂപ്പാട്ടും തീപ്പാട്ടും തുടങ്ങിയ കൃതികളു പ്രസിദ്ധപ്പെടുത്തി. രാമുകാര്യാട്ട് ചലച്ചിത്രപ്രതിഭാപുരസ്കാരം, കുമാരനാശാൻ സ്മാരക പുരസ്കാരം, ഫിലിം ക്രിട്ടിക്സ് അവാർഡ്, മലബാർ സൗഹൃദവേദി പ്രതിഭാപുരസ്‌കാരം തുടങ്ങിയ അനേകം പുരസ്കാരങ്ങൾക്കർഹനായിട്ടുണ്ട്. എങ്ങണ്ടിയൂർ ചന്ദ്രശേഖരനുമായി നജ്മ മജീദ് നടത്തിയ അഭിമുഖം
ചോദ്യം: ഒൻപത് വർഷങ്ങൾക്ക് മുൻപ് താങ്കൾ വരികളെഴുതിയ, കണ്ണോട് കണ്ണായിടാം എന്ന ജോബ് കുര്യൻ കമ്പോസ് ചെയ്ത മൃദുല വാര്യരും, ജോബും ചേർന്ന് പാടിയ പാട്ടിന് വീണ്ടും പുതിയ കേൾവിക്കാരുണ്ടാകുന്നു, വൈറലാകുന്നു. അവിചാരിത സന്തോഷങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്ത് തോന്നുന്നു?
ഉത്തരം : തീർച്ചയായും അവിചാരിത സന്തോഷങ്ങളിലൂടെയാണ് കടന്ന് പോകുന്നത്, ഞാൻ മാത്രമല്ല പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഓരോരുത്തരും ആനന്ദത്തിലാണ്. ഒൻപത് വർഷത്തെ പഴക്കമുള്ള പാട്ടിനെ പുതിയ തലമുറ ഏറ്റടുത്തതിന്റെ അഭിനന്ദങ്ങൾ കഴിഞ്ഞ ദിവസങ്ങളായി എനിക്കും ലഭിക്കുന്നുണ്ട്. എടുത്തു പറയേണ്ടത് ആ പാട്ടിനെ എക്കാലവും നിലനിർത്തുന്ന ജോബ് കുര്യൻ മാജിക്കിനെ കുറിച്ച് തന്നെയാണ്.
എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
? “ഇതാ മനുഷ്യനായി പിറന്ന് അങ്ങനെ തന്നെ ജീവിക്കണമെന്നാഗ്രഹിച്ച ഒരു കറുത്ത കുട്ടി വെളുത്തവർക്കും മുന്നിൽ കത്തിനിന്നു" എന്നത് ‘കറുത്തവൻ’ എന്ന കവിതയിലെ വരികളാണ്. കവിതകളിലെല്ലാം മനുഷ്യന്റെ വേദനകളുണ്ട്, കവിതകളിലൂടെ മനുഷ്യരോടെല്ലാം ഐക്യപ്പെടുന്നുണ്ട്. കവിതയൊരു സമരമായിരുന്നോ?
കവിതയെനിക്ക് സമരം മാത്രമല്ല ആയുധം കൂടിയാണ്. ആയുധമായി കൂടി കവിത ഉപയോഗിക്കേണ്ട കാലത്താണ് നമ്മളുള്ളത്. ഇന്ത്യ ഇരുളിലാണ്ട് പോവരുത്. മതാന്ധത പല നിലങ്ങളിൽ അതിന്റെ വിത്ത് പാകിയിരിക്കുന്നു, വർണ-വർഗ വേർതിരിവുകൾ മനുഷ്യനെ അകറ്റുന്നു അവിടെയൊക്കെയും നമ്മൾ നമ്മുടെ കലാ സൃഷ്ടികളെ ആയുധമായി കണ്ട് ചെറുത്തു തോല്പ്പിക്കണം.
? “പൊളിറ്റിക്കൽ കറക്ടനെസ്” എന്നൊരു ജാഗ്രത കൂടി പുതിയ കാലം പുലർത്തുന്നുണ്ട്. സിനിമയും എഴുത്തുമൊക്കെ അത്തരത്തിൽ സോഷ്യൽ ഓഡിറ്റിങ്ങിലൂടെ കടന്നുപോകുമ്പോൾ പാട്ടെഴുത്തുകാരന്റെ സംഘർഷങ്ങൾ എന്തൊക്കെയാണ്?
പൊളിറ്റിക്കൽ കറക്ടനെസ്സിനെക്കാൾ എന്റെ ആശങ്ക മറ്റൊന്നാണ്. സിനിമയെയും, എഴുത്തുകാരെയും ,സത്യം ഉറക്കെ പറയുന്ന മാധ്യമപ്രവർത്തകരെയും ചോദ്യം ചെയ്യുകയും എന്തിനേറെ വക വരുത്തുകയും , പലരുടെയും എഴുത്തിന് തടയിടുകയും ചെയ്യുന്ന ഭരണകൂട ഇടപെടലിനെ കുറിച്ചാണ്. കലയുടെ സമസ്ത മേഖലയിലേക്കും ഈ കടന്നു കയറ്റം ഇനിയും ഉണ്ടാകുമെന്നത് തീർച്ചയാണ്. ഏറെ കരുതിയിരിക്കേണ്ട കാലം തന്നെയാണ്.
? ആസ്വദകരുടെ കേൾവിശീലങ്ങൾക്ക് വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. യുവത റാപ്പ് സംഗീതത്തെ ഗംഭീരമായി ഏറ്റെടുത്തിട്ടുണ്ട്. സംഗീതത്തിനപ്പുറം ആഗോളതലത്തിലെ അനീതികളും റാപ്പുകളിൽ വരികളാകുന്നുണ്ട് , അത് ആളുകൾക്കിടയിൽ വലിയ സംവാദങ്ങളുണ്ടാക്കുന്നു. സംഗീതവും വരികളും ആസ്വദനത്തിനു മാത്രമുള്ളതാണോ? അതിനപ്പുറത്തേക്ക് എന്തെങ്കിലും സമൂഹത്തോട് പങ്കുവക്കേണ്ടതുണ്ടോ?
റാപ്പ് സംഗീതം എന്നത് അടിച്ചമർത്തപ്പെട്ടവന്റെ ഉയിർപ്പാണ്. ആഫ്രിക്കയിൽനിന്ന് ചങ്ങലക്കിടപ്പെട്ടവന്റെ മനസുമായി പാടുന്നത് നമ്മൾ കേട്ടിട്ടുണ്ട്, കണ്ടിട്ടുണ്ട്. വീണ് കിടക്കുന്നവനെ എഴുന്നേറ്റ് നിൽക്കാൻ പ്രാപ്തമാക്കുന്ന ഒന്നാണ് ഈ പാട്ടിന്റെ ചരിത്രമെന്ന് നമുക്ക് തോന്നാം. പുതിയ കാലം ,പുതിയ തലമുറ റാപ്പ് സംഗീതത്തിന്റെ മുദ്രാവാക്യങ്ങൾ ഏറ്റെടുക്കട്ടെ.
? നൂറിലധികം പാട്ടുകൾക്ക് വരികളെഴുതി. ഏറെയും ഫോക്ലോർ ജോണറിൽപ്പെടുന്നവ. സംസ്ഥാന അവാർഡിനുൾപ്പടെ പാട്ടുകാരെ അർഹമാക്കിയവ. വർഷങ്ങൾക്കിപ്പുറവും പാട്ടുകാർ ആഘോഷിക്കപെടുന്നു? പക്ഷെ പാട്ടെഴുത്തുകാരൻ എവിടെയും പരാമർശിക്കപ്പെടാതെ പോകുമ്പോൾ പരിഭവം തോന്നിയിട്ടുണ്ടോ?
കഴിഞ്ഞ കാലത്ത് പാട്ടെഴുത്തിൽ ചുരുക്കം ചിലരെ ഉണ്ടായിരുന്നുള്ളൂ. അന്നവർക്ക് വലിയ സ്വീകാര്യത കിട്ടിയിട്ടുണ്ട്. ഇന്ന് പക്ഷെ എഴുത്തുകാരുടെയും സിനിമകളുടെയും എണ്ണം വർധിച്ചിട്ടുണ്ട് അത് തന്നെയാവും എഴുത്തുകാരനെ പരാമർശിക്കാതെ പോകുന്നതിന്റെ കാരണം. എനിക്കതിൽ പരിഭവമില്ല. എനിക്ക് മാത്രം അതിൽ പരിഭവം തോന്നേണ്ടതും ഇല്ല.
? താങ്കളുടെ “നിന്നെ കാണാൻ എന്നെക്കാളും ചന്തം തോന്നും”എന്ന പാട്ട് ജനകീയമാണ്. നാടൻ പാട്ടുകൾ വെറുതെ ഉണ്ടാകുന്നതല്ല. അതിൽ കനലുള്ള ജീവിത പരിസരങ്ങളുടെ സംഭാവന കൂടിയുണ്ടാകും എഴുത്തുകളുടെ പശ്ചാത്തലം എങ്ങനെ ആയിരിന്നു?
പോയ കാലത്തെ വാമൊഴിയിലൂടെ വരദാനങ്ങളായി കിട്ടിയിട്ടുള്ള മുത്തുകളാണ് നാടൻപാട്ടുകൾ. തലമുറകളിലൂടെ കൈമാറി നമ്മളത് ആസ്വദിക്കുന്നു. നാടൻ എന്ന വാക്ക്പോലും പുതിയ കാലത്തിനെ സന്തോഷിപ്പിക്കുന്ന ഒന്നാണ്. വിപണന തന്ത്രമായി പോലും ആ വാക്ക് ഉപയോഗിക്കുന്നുണ്ട്. എന്റെ നാടൻ പാട്ടുകളിൽ എന്റെ ജീവിത പരിസരങ്ങളുണ്ട്. “നിന്നെ കാണാൻ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ”എന്ന പാട്ടിലേക്ക് ഞാനെത്തുന്നത് ചുറ്റുമുള്ള എന്റെ കൂട്ടുകാരികളുടെയൊക്കെ ജീവിതങ്ങൾ കണ്ട് തന്നെയാണ്.