Quantcast
MediaOne Logo

നബില്‍ ഐ.വി

Published: 1 Dec 2023 3:23 PM GMT

മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍: ആളുകള്‍ മലബാറിനെ ആഘോഷിക്കുകയാണ് - ഡോ. എം.ബി മനോജ്

നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെ കോഴിക്കോട് വെച്ച് നടക്കുന്ന പ്രഥമ മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെ കുറിച്ച് ഫെസ്റ്റിവല്‍ ഡയറക്ടറും പ്രമുഖ അക്കാദമിഷനുമായ ഡോ. എം.ബി മനോജ് സംസാരിക്കുന്നു. അഭിമുഖം: ഡോ. എം.ബി മനോജ് / നബില്‍ ഐ.വി

മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍:
X

ആറാം നൂറ്റാണ്ടു മുതല്‍ മലബാര്‍ എന്നൊരു പ്രയോഗം നിലവില്‍ വന്നിരുന്നു. തുടര്‍ന്ന് പത്താം നൂറ്റാണ്ടില്‍ വളരെ സജീവമായി മലബാര്‍ വാഴ്ത്തപ്പെട്ടു തുടങ്ങി. ആ ഒരു അര്‍ഥത്തില്‍ തീരപ്രദേശങ്ങളും മഴക്കാടുകളും ഉള്‍പ്പെടെ വളരെയധികം വൈവിധ്യങ്ങളള്‍ നിറഞ്ഞ ഒരു പ്രദേശമാണ് മലബാര്‍. ഈ വൈവിധ്യങ്ങളെ പുറത്തുകൊണ്ടുവരുന്നതിനും അടുത്തറിയുന്നതിനും വേണ്ടി ഉണ്ടായ ചര്‍ച്ചകളാണ് മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എന്ന ആശയത്തിലേക്ക് എത്താന്‍ കാരണമായത്. സാഹിത്യവും സംസ്‌കാരവും കലാരൂപങ്ങളും ആഴത്തില്‍ മനസിലാക്കുന്നതിനും അതിന്റെ വൈവിധ്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനും പല ലിറ്ററേച്ചര്‍ ഫെസ്റ്റിവലുകള്‍ക്കും സാധ്യമാകാറുണ്ട്. തീര്‍ച്ചയായും അത്തരത്തില്‍ ഒരു വേദി തന്നെയായിരിക്കും മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍.

കോഴിക്കോടിന്റെ കടലില്‍ നിന്ന് നമ്മള്‍ കരയെ നോക്കുകയാണെങ്കില്‍ രണ്ടോ മൂന്നോ കിലോമീറ്ററുകള്‍ക്ക് ഉള്ളില്‍ ഇന്ത്യയുടെ തന്നെ അല്ലെങ്കില്‍ ലോകത്തിന്റെ വൈവിധ്യങ്ങള്‍ കാണാന്‍ സാധിക്കും. ചൈനീസ് വിഭാഗങ്ങളെയും അറബ് വിഭാഗത്തെയും അവരുടെ വാണിജ്യ കേന്ദ്രങ്ങളും നമുക്ക് കാണാന്‍ സാധിക്കും.

'മലയ്' എന്ന തമിഴ് വാക്കും 'നാര്‍' എന്നു പറയുന്ന അറബ് പേര്‍ഷ്യന്‍ പദത്തിന്റെയും ഒരു സമ്മിശ്ര പ്രയോഗമാണ് മലബാര്‍. കടല്‍ മാര്‍ഗമുണ്ടായ ഒരു വാണിജ്യ ബന്ധമാണ് ആ ഒരു രീതിയിലുള്ള സാംസ്‌കാരിക വിനിമയത്തിന് സഹായകമാവുന്നത്. ഇത്തരത്തിലുള്ള ഈ ഒരു സാംസ്‌കാരിക വിനിമയം ദീര്‍ഘകാലമായി മലബാറിനെയും പില്‍കാലത്ത് ഇന്ത്യയേയും സ്വാധീനിക്കുന്നുണ്ട്. ആ അര്‍ഥത്തില്‍ കടലുമായി ബന്ധപ്പെട്ട് വലിയ പഠനമേഖലകള്‍ തുറന്നിട്ടുണ്ട്. കര മാര്‍ഗവും കര മാര്‍ഗത്തിന്റെ സാംസ്‌കാരിക മേഖലകളും ആണ് ദീര്‍ഘകാലമായി നാം പഠിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ നിന്നും വ്യത്യസ്തമായ ഒരു യാത്രസഞ്ചാര പദമെന്ന നിലയിലാണ് മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വേദികള്‍ക്ക് നാമമായി തുറ, തീരം, തിര എന്ന പേരുകള്‍ നല്‍കിയിരിക്കുന്നത്. അത് മനുഷ്യരുടെ ജീവിതത്തിന്റെയും, അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയു ഒരു പ്രഥലം എന്ന അര്‍ഥത്തില്‍ മലബാറിനെ സൂചിപ്പിക്കുമ്പോള്‍, ആദ്യമേ പറയേണ്ടത് തീരവും കടലും അതുമായി ബന്ധപ്പെട്ടിട്ടുള്ള സാംസ്‌കാരിക ഇതര മേഖലകളാണ്. അതിന്റെ ഭാഗമായാണ് ഒന്നാം ആദ്യായത്തില്‍ തന്നെ കടല്‍ എന്ന ആശയം ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.


1498-ല്‍ വാസ്‌കോഡ ഗാമ വരുമ്പോള്‍ അതിസമ്പന്നമായ ഒരു നഗരമായിരുന്നു കോഴിക്കോട്. പക്ഷെ, ഒരു ഘട്ടം വരെ നമ്മുടെ ഹിസ്റ്റോറിയന്‍സ് അങ്ങനെ പറഞ്ഞിരുന്നില്ല. ഒരു അവികസിത പ്രദേശത്ത് സമ്പന്നമായ ഒരു വാണിജ്യ സമൂഹം (പോര്‍ച്ചുഗീസ്) വരുന്നു എന്ന നിലയിലാണ് ആദ്യകാലത്ത് ചര്‍ച്ചകള്‍ വന്നിരുന്നത്. എന്നാല്‍, ഇന്ന് നേരെ വിപരീതമായി അതിസമ്പന്നമായ ഒരു തീരദേശ നഗരത്തിലേക്ക് അതിന്റെ വാര്‍ത്തകളും പ്രത്യേകതകളും മനസിലാക്കികൊണ്ട് ഒരു സമൂഹം കടന്നുവരുന്നു എന്ന രീതിയിലാണ് നാം മനസ്സിലാക്കുന്നത്. വാണിജ്യ നഗരങ്ങളുടെ പ്രത്യേകത അത് വലിയ സമ്മിശ്ര സ്വഭാവമുള്ളതായിരിക്കും എന്നതാണ്. ഒരിക്കലും ആ നഗരത്തിന്റെ വാതില്‍ അടഞ്ഞുപോകാറില്ല. ഭാഷ മിശ്രണവും, മനുഷ്യര്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളും മറ്റു വൈവിധ്യങ്ങളും അവിടെ നമുക്ക് കാണാന്‍ സാധിക്കും. കോഴിക്കോടിന്റെ കടലില്‍ നിന്ന് നമ്മള്‍ കരയെ നോക്കുകയാണെങ്കില്‍ രണ്ടോ മൂന്നോ കിലോമീറ്ററുകള്‍ക്ക് ഉള്ളില്‍ ഇന്ത്യയുടെ തന്നെ അല്ലെങ്കില്‍ ലോകത്തിന്റെ വൈവിധ്യങ്ങള്‍ കാണാന്‍ സാധിക്കും. ചൈനീസ് വിഭാഗങ്ങളെയും അറബ് വിഭാഗത്തെയും അവരുടെ വാണിജ്യ കേന്ദ്രങ്ങളും നമുക്ക് കാണാന്‍ സാധിക്കും. ഉത്തരേന്ത്യയിലെ പല വിഭാഗങ്ങളെയും നമുക്ക് കാണാന്‍ സാധിക്കും. അത്തരത്തിലുള്ള ഭാഷകൊണ്ടും സാമൂഹിക വികാസങ്ങള്‍ കൊണ്ടും മതപരമായ ഇടപെടലുകള്‍ കൊണ്ടും കോഴിക്കോട് നഗരം വ്യത്യസ്തമായി നില്‍ക്കുന്നു. യുനെസ്‌കോ കോഴിക്കോടിനെ ഒരു പൈതൃക നഗരം എന്നാണ് വിശേഷിപ്പിക്കുന്നത്. ആ ഒരു പ്രാധാന്യം ഉള്ളതുകൊണ്ടും മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് കോഴിക്കോട് വേദിയാവുന്നത് മാറ്റുകൂട്ടുന്നു.


നവംബര്‍ മുപ്പതിന് തിരിതെളിഞ്ഞ മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് വലിയ രീതിയിലുള്ള പ്രോത്സാഹനവും പിന്തുണയുമാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പ്രദേശവാസികളില്‍നിന്നും ഉണ്ടായിട്ടുള്ളത്. അവധി ദിവസങ്ങള്‍ അല്ലാതിരുന്നിട്ടും യുവതി യുവാക്കളുടെയും ഗവേഷകരുടെയും വലിയ രീതിയിലുള്ള സാന്നിധ്യം ഫെസ്റ്റിവലില്‍ ഉടനീളം ഉണ്ടായിട്ടുണ്ട്. ആളുകള്‍ മലബാറിനെ ആഘോഷിക്കുകയാണ്.മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍:

ആളുകള്‍ മലബാറിനെ ആഘോഷിക്കുകയാണ് - ഡോ. എം.ബി മനോജ്


TAGS :