Quantcast
MediaOne Logo

സന സുബൈര്‍

Published: 22 March 2024 12:24 PM GMT

ഇന്‍ഡ്യ മുന്നണി അശക്തരാണെന്ന് കരുതുന്നില്ല; ജൂണ്‍ നാല് പ്രതീക്ഷക്ക് വകനല്‍കുന്ന ദിവസമായിരിക്കും - ഫാ. സെഡറിക് പ്രകാശ്

മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമാണ് ഫാ. സെഡറിക് പ്രകാശ്. 2003-ല്‍ യു.എസില്‍ നിന്നുള്ള റാഫി അഹമ്മദ് കിദ്വായ് അവാര്‍ഡ്, 2004-ല്‍ സമാധാനത്തിനുള്ള പരമാനന്ദ ദിവാര്‍ക്കര്‍ അവാര്‍ഡ്, 2006-ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ദേശീയ ന്യൂനപക്ഷ കമീഷന്റെ ന്യൂനപക്ഷ അവകാശ അവാര്‍ഡ് തുടങ്ങിയ ഒട്ടേറെ അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പരിസ്ഥിതി, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളില്‍ നിരവധി അന്തരാഷ്ട്ര വേദികളില്‍ പങ്കെടുത്തിട്ടുണ്ട്. അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'പ്രശാന്ത്' എന്ന സംഘടനയുടെ സ്ഥാപകന്‍ കൂടിയായ ഫാ. സെഡറിക് പ്രകാശുമായി സന സുബൈര്‍ നടത്തിയ അഭിമുഖം.

ഇന്‍ഡ്യ മുന്നണിയില്‍ പ്രതീക്ഷയുണ്ട്
X

ഗുജറാത്ത് കലാപക്കേസ് ഉള്‍പ്പെടെ നിരവധി കോടതി വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള വ്യക്തിയാണ് താങ്കള്‍. ഇന്ന് ജുഡീഷ്യറിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ കൂടുതല്‍ പ്രകടമായിക്കൊണ്ടിരിക്കുകയാണ്. കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികള്‍ ന്യായമാണോ അന്യായമാണോ എന്ന ചോദ്യം ഉയരുന്നു. അതിനെപ്പറ്റി താങ്കള്‍ എന്താണു കരുതുന്നത്?

ജനാധിപത്യരാജ്യം എന്ന നിലയില്‍ ഇന്ത്യയില്‍ ജുഡീഷ്യറി വളരെ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. ജുഡീഷ്യറിയിലൂടെ ജനങ്ങള്‍ക്ക് സത്യവും നീതിയും ലഭിക്കും. ജനങ്ങളുടെ ഏക പ്രതീക്ഷ ജുഡീഷ്യറിയിലാണ്. നിര്‍ഭാഗ്യവശാല്‍, കീഴ്‌കോടതികളില്‍ നിന്ന് തന്നെ പൗരന് നീതി ലഭിക്കാത്ത അവസ്ഥയുണ്ട്. ഭരണകൂടത്തിന്റെ നീതി നിഷേധത്തിന് ഇരകളാവുന്ന ഒരുപാട് പുരുഷന്മാരും സ്ത്രീകളുമുണ്ട്. ഇത് സങ്കടകരവും ദൗര്‍ഭാഗ്യകരവുമാണ്.

കീഴ്ക്കോടതിയില്‍ നിന്ന് തന്നെ നീതി നിഷേധിക്കപ്പെട്ട നിരവധി കേസുകള്‍ നമുക്ക് കാണാം. യു.പിയിലെ മഥുര-ഷാഹി ഈദ്ഗാഹ് മസ്ജിദ് വിഷയത്തിലെ ഹൈക്കോടതി വിധി, ഗ്യാന്‍വാപി മസ്ജിദ്, നേരത്തെ ബാബരി മസ്ജിദ് വിധി, ഇങ്ങനെ ഒരുപാട് ഉദാഹരണങ്ങള്‍ ഉണ്ട്. കൂടാതെ കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370, 35 (എ) എടുത്തുകളഞ്ഞത് തുടങ്ങിയ ഒരുപാട് ഉണ്ട്. ജനങ്ങളുടെ അവകാശത്തിനും ധാര്‍മികതക്കും എതിരായ വിധികളാണ് ഇതൊക്കെ. എന്നാല്‍, ഇപ്പോള്‍ ചില നല്ല വിധികള്‍ ഉണ്ടായിട്ടുണ്ട്. ഇലക്ടറല്‍ ബോണ്ട് കേസിലും ചണ്ഡീഗഡ് മേയര്‍ കേസിലും. അങ്ങനെ ചില നല്ല തീരുമാനങ്ങള്‍ ഉണ്ടെങ്കിലും നടപ്പാക്കലിന്റെ കാര്യത്തില്‍ ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്. അവസാന പ്രതീക്ഷയെന്ന നിലയില്‍ ജുഡീഷ്യറിയില്‍ നിന്ന് നമുക്ക് നീതി ലഭിക്കണമെന്ന്, അത് അവകാശമാണെന്ന് നാം അറിഞ്ഞിരിക്കണം. അതിന് വേണ്ടി നമ്മള്‍ പ്രയത്‌നിക്കുകയും വേണം. രാജ്യത്തിന്റെ ലെജിസ്ലേറ്റീവോ എക്‌സിക്യൂട്ടീവോ ജുഡീഷ്യറിയുടെ മുകളില്‍ ആവാന്‍ അനുവദിക്കരുത്.

ഭരണകൂടം ന്യൂനപക്ഷങ്ങളെ രാജ്യത്ത് നിന്ന് ബോധപൂര്‍വം ഇല്ലാതാക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ഭാവിയെ എങ്ങനെ കാണുന്നു?

തീര്‍ച്ചയായും ഭരണകൂടം ന്യൂനപക്ഷങ്ങളെ ടാര്‍ഗറ്റ് ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാന്‍ ആര്‍.എസ.്എസും ബി.ജെ.പിയും സ്വീകരിക്കുന്ന വളരെ സൂക്ഷ്മായ ഒരു രീതിയുണ്ട്. അവര്‍ ന്യൂനപക്ഷങ്ങളെ പരസ്പരം അപകീര്‍ത്തിപ്പെടുത്തുകയും പൈശാചികവത്കരിക്കുകയും ഭിന്നിപ്പിക്കുകയുമാണ് ചെയ്യുന്നത്. അടിസ്ഥാനപരമായി അവര്‍ ഇന്ത്യയിലെ ജനങ്ങളോട്, പ്രധാനമായും ഹിന്ദുക്കളോട് പറയാന്‍ ശ്രമിക്കുന്നത്, ഈ രാജ്യം ഹിന്ദുക്കളുടേതാണ് എന്നാണ്. ആ നിലപാട് ശരിയല്ല. ഒരു തരത്തിലുള്ള ഭൂരിപക്ഷ വാദത്തിനാണ് അവര്‍ ശ്രമിക്കുന്നത്. ഇത് തെറ്റാണെന്ന് ഞാന്‍ കരുതുന്നു. അവര്‍ അത് വളരെ സൂക്ഷ്മമായ രീതിയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കര്‍ണാടകയില്‍ നടന്നത് നമ്മള്‍ കണ്ടു. മുസ്‌ലിം ന്യൂനപക്ഷത്തെ അവര്‍ തരംതാഴ്ത്തി. അവരാണ് ഹിജാബ് വിവാദത്തിന് തുടക്കമിട്ടത്. ഉച്ചഭാഷിണികളിലൂടെ ബാങ്ക് വിളിക്കുന്നത് അവര്‍ നിരോധിച്ചു. പിന്നീട്, 2019 ല്‍ CAA ആക്ട് കൊണ്ടുവന്നു. അതില്‍ ഈ രാജ്യത്തെ മുസ്‌ലിം ജനതയെ ആണ് അവര്‍ ലക്ഷ്യമിടുന്നതെന്ന് വളരെ വ്യക്തമാണ്.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയില്‍ നിന്ന് ഭരണം മാറുമെന്ന പ്രതീക്ഷ താങ്കള്‍ക്കുണ്ടോ? 'ഇന്‍ഡ്യ' മുന്നണിയെ എങ്ങനെ നോക്കിക്കാണുന്നു?

'ഇന്‍ഡ്യ' മുന്നണിയില്‍ എനിക്ക് പ്രതീക്ഷ ഉണ്ട്. മോദിയെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും തുടച്ചു നീക്കാന്‍ കഴിയില്ലെന്ന ആഖ്യാനം മാറ്റണം. അവര്‍ക്ക് പണമുണ്ട്, ശക്തിയുണ്ട്, മാഫിയകളുണ്ട്. അവരുടെ കയ്യില്‍ കൃത്രിമം കാണിക്കാനുള്ള യന്ത്രങ്ങളുണ്ട്. എന്നിരുന്നാലും ധൈര്യം കൊണ്ടും സ്ഥൈര്യം കൊണ്ടും നമുക്ക് അവരെ പരാജയപ്പെടുത്താം. നമ്മള്‍ക്ക് വോട്ട് എന്ന അധികാരമുണ്ട്. അതിനാല്‍, ഇനിയും മാറാനും ബി.ജെ.പിയെ പരാജയപ്പെടുത്താനും കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്‍ഡ്യ കൂട്ടുകെട്ടില്‍ പല തരത്തിലുള്ള പ്രതീക്ഷയുണ്ട്. അവര്‍ അശക്തരാണെന്ന് ഞാന്‍ കരുതുന്നില്ല. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും ഞാന്‍ കരുതുന്നില്ല. ജൂണ്‍ നാല് നമുക്ക് പ്രതീക്ഷക്ക് വക നല്‍കുന്ന ദിവസമായിരിക്കും. ഇത്രയും വര്‍ഷത്തെ ഭരണത്തിലൂടെ അവര്‍ ഈ രാജ്യത്തിന്റെ വ്യവസ്ഥിതി തന്നെ തകര്‍ത്തു. അവര്‍ ഈ രാജ്യത്തെ മുഴുവന്‍ വ്യവസ്ഥകളും വിഷലിപ്തമാക്കി. ഇന്ത്യയെ വിഷമുക്തമാക്കാന്‍ ഇനിയും 50 വര്‍ഷമെടുത്തേക്കാം. നമ്മുടെ ഇന്ത്യ ആരോഗ്യകരവും ഊര്‍ജ്ജസ്വലവുമായ ജനാധിപത്യത്തിലേക്ക് വളരേണ്ടതുണ്ട്.

മണിപ്പൂരിലെ കലാപം നമ്മുടെ മുന്നിലുണ്ട്. പ്രധാനമന്ത്രി ഈ വിഷയത്തെ കൈകാര്യം ചെയ്ത രീതിയും നമ്മള്‍ കണ്ടു?

അതേ, മണിപ്പൂര്‍ ഒരു ക്ലാസിക് കേസ് ആണെന്ന് ഞാന്‍ കരുതുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ മണിപ്പൂരില്‍ ഒരു കണ്‍സള്‍ട്ടന്റായി ജോലി ചെയ്തിരുന്നു. അവിടെ ഒരു സംഘടനയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. മണിപ്പൂര്‍ കലാപം സംസ്ഥാന സര്‍ക്കാരിന്റെ വ്യക്തമായ സൃഷ്ടിയാണ്. ഗോത്ര വിഭാഗങ്ങളെയും മലനിരകളില്‍ ജീവിക്കുന്ന കുക്കികളെയും പിന്നെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെയും നശിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അത് അവരുടെ വ്യക്തമായ അജണ്ടയുമാണ്. സൈന്യം സമാധാനം സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോഴും സൈന്യത്തെപോലും അതിന് അനുവദിക്കുന്നില്ല.

ഒട്ടും ധൈര്യം ഇല്ലാത്ത വ്യക്തിയാണ് നമ്മുടെ പ്രധാനമന്ത്രി. അദ്ദേഹത്തിന് ഒരു അഭിമുഖം നേരിടാന്‍പോലും കഴിയുന്നില്ല. ഒരു പത്രസമ്മേളനം പോലും നടത്തിയിട്ടില്ല. ചില അനുകൂല മാധ്യമങ്ങള്‍ക്ക് മാത്രം അയാള്‍ എന്തെങ്കിലും അഭിമുഖം നല്‍കും. ആരെങ്കിലും അസൗകര്യമുണ്ടാക്കുന്ന എന്തെങ്കിലും ചോദ്യം ചോദിച്ചാല്‍ പിന്നെ അദ്ദേഹം അത് നിര്‍ത്തിപ്പോകും. കുക്കി വിഭാഗത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്തതായി കണ്ടെത്തിയപ്പോള്‍ മാത്രമാണ് അദ്ദേഹം സഹതാപം പ്രകടിപ്പിച്ച് പാര്‍ലമെന്റിന് പുറത്ത് എന്തെങ്കിലും പറഞ്ഞത്. അതിനുശേഷം അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. അദ്ദേഹം ഈ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഒന്നും ചെയ്തിട്ടില്ല. കാരണം, ഇത് സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും കൃത്യമായ അജണ്ടയാണ്, അത് വളരെ വ്യക്തമാണ്.

ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കുവേണ്ടി അന്താരാഷ്ട്ര വേദികളിലടക്കം ശബ്ദിച്ച വ്യക്തിയാണ് താങ്കള്‍. കലാപത്തിലെ യഥാര്‍ത്ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടുവെന്ന് കരുതുന്നുണ്ടോ?

ഗുജറാത്ത് കലാപത്തില്‍ - 2002 ഫെബ്രുവരി 20 വ്യാഴാഴ്ച - ഖുല്‍ബര്‍ഗ് സൊസൈറ്റിയില്‍ വെച്ച് എം.പി ആയിരുന്ന ഇഹ്‌സാന്‍ ജാഫ്രി ഉള്‍പ്പെടെ എന്റെ ഉറ്റസുഹൃത്തുക്കളില്‍ പലരും കൊല്ലപ്പെട്ടു. അവിടെയാണ് അദ്ദേഹം തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ജീവിച്ചത്. അവരെ ജീവനോടെ കത്തിച്ച് കൊന്ന രീതി അതിദാരുണമായിരുന്നു. ആ സംഭവം നടക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഗുല്‍ബര്‍ഗ് സൊസൈറ്റിയുടെ 20-ാം വാര്‍ഷികത്തില്‍ രൂപ മോദി ഉള്‍പ്പെടെയുള്ള ഞങ്ങളുടെ സുഹൃത്തുക്കളില്‍ പലരും അവിടെകൂടിയിരുന്നു.

കലാപ ശേഷം, നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച നിയമജ്ഞരില്‍ ഒരാളായിരുന്ന ജസ്റ്റിസ് കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള സിറ്റീസണ്‍ ട്രിബ്യൂണല്‍ രൂപീകരിച്ചിരുന്നു. ഇതില്‍ മറ്റ് രണ്ട് മുന്‍ ജഡ്ജിമാരുമുണ്ടായിരുന്നു. പ്രസ് കൗണ്‍സിലില്‍ നിന്ന് ജസ്റ്റിസ് പി.വി സാവന്തറും ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് എച്ച് സുരേഷും. ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. നിരപരാധികളെ കൊല്ലുന്നതിനും മുസ്‌ലിംകളുടെ സ്വത്ത് നശിപ്പിക്കുന്നതിനും മോദിയും ഗുജറാത്ത് സര്‍ക്കാരും എങ്ങനെ ഉത്തരവാദികളാണെന്ന് ഞങ്ങള്‍ വ്യക്തമായി വിവരിച്ചുകൊടുത്തു. അത് സുപ്രീം കോടതിയുടെ പ്രക്രിയയില്‍ ഒരു വലിയ ഭാഗമായിത്തീര്‍ന്നു. പക്ഷേ, ഗുജറാത്ത് കലാപ കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് അനുകൂലമായി വിധി നല്‍കിയ ആള്‍ക്ക് റിട്ടയര്‍മെന്റിനു ശേഷം അവാര്‍ഡ് നല്‍കി. ഏറ്റവും പരിഹാസ്യമായ വിധികളാണ് സുപ്രീം കോടതിയില്‍ നിന്ന് പോലും പലപ്പോഴും ഉണ്ടായത്.


സന സുബൈര്‍ ഫാ. സെഡറിക് പ്രകാശിനോടൊപ്പം

ബില്‍ക്കീസ് ബാനു കേസില്‍, അവളുടെ കുടുംബം കൊല്ലപ്പെട്ട രീതിയും അവളുടെ കുഞ്ഞിനെ കൊന്ന രീതിയും മറ്റും വളരെ ദാരുണമാണ്. ബില്‍ക്കീസ് ബാനുവിന്റെ കഠിന പോരാട്ടം കാരണം കുറ്റവാളികള്‍ക്ക് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ 2022 ആഗസ്റ്റ് 15-ന് ശിക്ഷിക്കപ്പെട്ടവര്‍ മോചിതരായി. പക്ഷേ, സുപ്രീം കോടതിയിലെ മികച്ച ജഡ്ജിയായ ജസ്റ്റിസ് നാഗരത്ന അവരെ ജയിലിലേക്ക് തിരിച്ചയച്ചു. എന്നാല്‍, ഇപ്പോള്‍ ഓരോരുത്തരായി അനാരോഗ്യം ഉള്‍പ്പെടെ കാരണങ്ങള്‍ പറഞ്ഞ് പരോള്‍ കിട്ടി പുറത്തിറങ്ങുന്നു. ജീവപര്യന്തം തടവിലാക്കപ്പെടേണ്ട അവര്‍ വളരെ ശക്തരാണ്. അതാണ് അവര്‍ പുറത്തു വരുന്നതിന്റെ പ്രധാന കാരണം. ബില്‍ക്കിസ് ബാനുവിനെ കുറിച്ചും, 2002 ലെ ഗുജറാത്ത് അക്രമത്തെ കുറിച്ചും ഞാന്‍ ധാരാളം എഴുതിയിട്ടുണ്ട്. കൂടാതെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യു.എസ് കമീഷനു മുമ്പാകെ ഞാന്‍ അത് സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഞങ്ങള്‍ നീതിക്കുവേണ്ടി പോരാടികൊണ്ടിരിക്കും. 2002 ല്‍ സംഭവിച്ചത് ഇന്ത്യയുടെ ചരിത്രത്തിലെയും ഇന്ത്യന്‍ ജനാധിപത്യത്തിലെയും ഒരു വലിയ കറുത്ത പാടായി തീര്‍ന്നിരിക്കുന്നു. സത്യത്തിനും നീതിക്കും വേണ്ടി നമ്മള്‍ അവസാനം വരെ പോരാടുകയും യഥാര്‍ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും വേണം.

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനാധിപത്യത്തിന്റെ നെടുംതൂണായി അറിയപ്പെടുന്ന മാധ്യമങ്ങളില്‍ എത്രമാത്രം പ്രതീക്ഷയുണ്ട്?

അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉള്‍പ്പെടുന്ന ആര്‍ട്ടിക്കിള്‍ 19 ഉള്ള കാലത്തോളം നമുക്ക് മാധ്യമ സ്വാതന്ത്രം ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ, ജയിലില്‍ കിടക്കുന്ന ഒരുപാട് മാധ്യമ പ്രവര്‍ത്തകരുണ്ട്. ഹത്രാസിലെ ബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ദിഖ് കാപ്പന്റെ കേസ് ഉള്‍പ്പെടെ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്ന് ഇന്ത്യയില്‍ കൂടുതലും 'മോദിഫൈഡ്' മീഡിയയാണ്. നമുക്ക് വേണ്ടത് ഒരു സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനമാണ്. അത് ജനാധിപത്യത്തിന്റെ നാലാം തൂണാണ്. മാധ്യമങ്ങള്‍ ഉത്തരവാദിത്തം നിര്‍വഹിക്കണം. പല മാധ്യമ പ്രവര്‍ത്തകരും അവരുടെ ജീവിതം അപകടത്തിലാകും എന്ന പേടി കാരണം ജോലി നിര്‍ത്തുകയാണ്. ഗൗരി ലങ്കേഷ് ബംഗളൂരില്‍ കൊല്ലപ്പെട്ടു. എന്റെ സുഹൃത്ത് ആണ് അവര്‍. മികച്ച ഒരു കന്നഡ പത്രപ്രവര്‍ത്തകയായിരുന്നു. കൊലപാതകത്തിനു പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇതുപോലെ നിരവധി കേസുകളുണ്ട്.

സോഷ്യല്‍ മീഡിയ ഉള്ളതിന് ദൈവത്തിന് നന്ദി പറയണം. കരണ്‍ ഥാപ്പര്‍ 'ദി വയര്‍' എന്ന വെബ് പോര്‍ട്ടലില്‍ ഒരുപാട് മികച്ച അഭിമുഖങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, സോഷ്യല്‍ മീഡിയകള്‍ ചില വിഷയങ്ങളെ കാണേണ്ടപോലെ കാണുന്നില്ല. ഗായിക റിഹാന കര്‍ഷക സമരത്തെ പിന്തുണച്ചതിന്, ബി.ജെ.പിക്കാര്‍ ആദ്യം അവളെ എതിര്‍ക്കുകയും വെറുക്കുകയും ചെയ്തു. എന്നാല്‍, അംബാനിയുടെ മകന്റെ വിവാഹത്തിന് മുമ്പുള്ള പാര്‍ട്ടിയില്‍ പാടാന്‍ അവര്‍ക്ക് 74 കോടിയാണ് നല്‍കിയത്. എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് ഇത്തരം കാര്യങ്ങള്‍ തുറന്നുകാട്ടാന്‍ കഴിയാത്തത്. ഇതിനു മാധ്യമങ്ങള്‍ തയാറാവണം. കഴിഞ്ഞ തവണ പുറത്തിറക്കിയ അന്താരാഷ്ട്ര പത്രസ്വാതന്ത്ര്യ സൂചികയില്‍ 180ല്‍ 161-ാം സ്ഥാനത്താണ് ഇന്ത്യ നില്‍ക്കുന്നത് എന്ന ഒരു യാഥാര്‍ഥ്യം നമുക്ക് മുന്നിലുണ്ട്.


TAGS :