Quantcast
MediaOne Logo

സക്കീര്‍ ഹുസൈന്‍

Published: 8 Feb 2023 4:22 AM GMT

ഇറ്റ്‌ഫോക്കിന്റെ സ്വാധീനം മലയാള നാടകങ്ങളില്‍ പ്രകടമായിത്തുടങ്ങി - ഹസിം അമരവിളയും കണ്ണന്‍ നായരും സംസാരിക്കുന്നു

യുവ നാടകപ്രവര്‍ത്തകരില്‍ ശ്രദ്ധേയരാണ് തിരുവനന്തപുരം കനല്‍ സാംസ്‌കാരിക വേദിയുടെ രചയിതാവും സംവിധായകനുമായ ഹസിം അമരവിളയും നടന്‍ കണ്ണന്‍ നായരും. ഇറ്റ്‌ഫോക്കില്‍ അവതരിപ്പിക്കുന്ന സോവിയറ്റ് സ്റ്റേഷന്‍ കടവിന്റെ സംവിധായകനാണ് ഹസിം. കണ്ണന്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. | അഭിമുഖം: ഹസിം അമരവിള, കണ്ണന്‍ നായര്‍ / സക്കീര്‍ ഹുസൈന്‍ | Itfok2023

ഇറ്റ്‌ഫോക്കിന്റെ സ്വാധീനം മലയാള നാടകങ്ങളില്‍ പ്രകടമായിത്തുടങ്ങി - ഹസിം അമരവിളയും കണ്ണന്‍ നായരും സംസാരിക്കുന്നു
X

കണ്ണന്‍നായര്‍ - ഡോ. വയലാ വാസുദേവന്‍ പിള്ളയുടെ കീഴില്‍ എം.ഫില്‍ പഠനത്തിന് ശേഷം തിരുവനന്തപുരം കനല്‍ സാംസ്‌കാരിക വേദി കേന്ദ്രമാക്കി നാടകങ്ങളില്‍ അഭിനയിച്ചു വരുന്നു. ദേശീയ, അന്തര്‍ദേശീയ നാടകങ്ങളില്‍ ഉള്‍പ്പെടെ നൂറിലധികം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹിവോസ് ടൈഗര്‍ അവാര്‍ഡ് നേടിയ സെക്‌സി ദുര്‍ഗയിലെ നായകനാണ്. 25ലധികം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പട, കോള്‍ഡ് കേസ്, പതിനെട്ടാം പടി, ലില്ലി തുടങ്ങിയവ അവയില്‍ ചിലതാണ്. ഇപ്പോള്‍ കേരള സര്‍വകലാശയുടെ കീഴിലുള്ള അടൂര്‍ ബി.എഡ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി സേവനമനുഷ്ഠിക്കുന്നു.


ഹസിം അമരവിള - നാടകകൃത്തും നടനും സംവിധായകനുമാണ് ഹാസിം. സാങ്കേതിക പ്രവര്‍ത്തകന്‍, നാടക ഗവേഷകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഡോ. വയലാ വാസുദേവന്‍പിള്ളയുടെ കീഴില്‍ എം.ഫില്‍ ബിരുദം കരസ്ഥമാക്കി. ഭാരത് രംഗ് മഹോത്സവ്, ഇറ്റ്‌ഫോക്, കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പ്രതിഭ തിയേറ്റര്‍ ഫെസ്റ്റ്, രംഗയാന ഫെസ്റ്റ്, സൗത്ത് സോണ്‍ കള്‍ച്ചറല്‍ ഫെസ്റ്റ്, തിയേറ്റര്‍ ഒളിമ്പിക്‌സ്, പി.ആര്‍.ഡി. തിയേറ്റര്‍ ഫെസ്റ്റ് കേരള തുടങ്ങി ദേശീയവും അന്തര്‍ദേശീയവുമായ നിരവധി നാടകോത്സവങ്ങളില്‍ നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഹാസിമിന്റെ വീണ്ടും ഭഗവാന്റെ മരണം നേരത്തെ ഇറ്റ്‌ഫോക്കില്‍ അരങ്ങേറിയിരുന്നു. ഖൈമേറ, സ്വര്‍ണ സിംഹാസനം, ലക്ഷദീപം എന്നീ നാടകങ്ങള്‍ ശ്രദ്ധയങ്ങളാണ്. അഞ്ചലിലുള്ള കേരള യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ പെര്‍ഫോമിംഗ് ആര്‍ട്‌സ് വിഭാഗം അധ്യാപകനായി സേവനമനുഷ്ഠിച്ച് വരുന്നു.


നാടകപ്രവര്‍ത്തനത്തില്‍ തങ്ങള്‍ക്ക് ഉള്‍ക്കാഴ്ച നല്‍കിയത് ഇറ്റ്‌ഫോക്കാണെന്ന് ഇരുവരും പറയുന്നു. ഇറ്റ്‌ഫോക്കിന്റെ ഭാവിയെക്കുറിച്ചും മലയാള നാടകവേദിയെക്കുറിച്ചും ഇരുവരും സംസാരിക്കുന്നു.

കണ്ണന്‍ നായര്‍: 2010 മുതലാണ് ഞാനും ഹസീമും ഇറ്റ്‌ഫോക്കിനെത്തുന്നത്. തിരുവനന്തപുരത്തും കോഴിക്കോട്ടും തൃശൂരുമായി ഇറ്റ്‌ഫോക്ക് നടത്തിയിരുന്നു. അക്കുറി തിരുവനന്തപുരത്താണ് ഞങ്ങള്‍ പങ്കെടുത്തത്. ഇറ്റ്‌ഫോക്ക് എന്നൊരു രാജ്യാന്തര നാടകോത്സവമുണ്ടെന്ന് ഞങ്ങള്‍ അറിയുന്നതു തന്നെ അപ്പോഴാണ്. തൊട്ടടുത്ത വര്‍ഷം മുതല്‍ തൃശൂരില്‍ എത്തി തുടങ്ങി. അപ്പോഴും നാടകങ്ങള്‍ കാണുന്നു, വിലയിരുത്തുന്നു; പ്രത്യേകിച്ച് വിദേശ നാടകങ്ങളും അവതരണ ശൈലിയും അടുത്തറിയാനുള്ള അവസരം ഉപയോഗപ്പെടുത്തുന്നു എന്നതിനപ്പുറം ഒന്നുമുണ്ടായിരുന്നില്ല. പ്രേക്ഷകരുടെ റോള്‍-അത്രമാത്രം.

പക്ഷേ, ഇറ്റ്‌ഫോക്കുമായി മാനസിക അടുപ്പമുണ്ടാകുന്നത് അതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ശില്‍പശാലയില്‍ പങ്കെടുത്തപ്പോഴാണ്. 2012 ലോ '13 ലോ ആണെന്നാണ് തോന്നുന്നത്. 10 ദിവസം നീണ്ട ആ ശില്‍പശാലയില്‍ വളരെ സീനിയറായവര്‍ മുതല്‍ ഞങ്ങളെപോലെ ഏറ്റവും ജൂനിയറായവര്‍ അടക്കം പ്രായഭേദമന്യേ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള നാടകപ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. പോളണ്ട് സംവിധായകനും രചയിതാവുമായ പവേല്‍ സ്‌ക്കോത്തക്കിന്റെ നേതൃത്വത്തിലായിരുന്നു അത്. ആ ശില്‍പശാലയാണ് ഈ രംഗത്ത് ഞങ്ങളുടെ ജീവിതവും കാഴ്ചപ്പാടും മാറ്റിമറിച്ചത്. വളരെ രസകരമായ ഓര്‍മകളാണ് അതേക്കുറിച്ച് ഉള്ളത്. ഞങ്ങളും ഇറ്റ്‌ഫോക്ക് കുടുംബത്തിന്റെ ഭാഗമാണെന്ന തോന്നലുണ്ടാവുന്നത് അതോടെയാണ്.

ഹസിം: കേരളത്തില്‍ നാടകങ്ങള്‍ കാണുന്നതിന് പരിധിയുണ്ടല്ലൊ. നമ്മള്‍ പഠിക്കുന്ന, ചെയ്യുന്ന നാടകങ്ങള്‍ - അതിനും പരിമിതികളുണ്ടായിരുന്നു. ഇറ്റ്‌ഫോക്കില്‍ വിദേശ നാടകങ്ങള്‍ കണ്ടപ്പോഴാണ് നമ്മുടെ പരിമിതകള്‍ മനസിലായത്. നാടക അവതരണത്തിന്റെ വിവിധവും വിശാലവുമായ സാധ്യതകള്‍ മനസ്സിലാവുന്നതും ഞങ്ങളുടെ കണ്ണ് തുറക്കുന്നതും അതോടെയാണ്. തുടര്‍ന്നിങ്ങോട്ട് ഒരു ഇറ്റ്‌ഫോക്കും ഞങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടില്ല. അതിനു മുമ്പും നാടകങ്ങള്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തെ ചില സംഘങ്ങളുടെ നാടകങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് നിരവധി സംഘങ്ങളുണ്ട്. അവരില്‍ ചിലര്‍ സാങ്കേതിക സഹായത്തിന് വിളിക്കാറുണ്ട്. ഒരു വര്‍ഷം 30 നാടകങ്ങളില്‍ വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവയൊന്നുമല്ല നാടകങ്ങളെന്നും ഞങ്ങള്‍ മാറേണ്ടതുണ്ടെന്നുമുള്ള ചിന്ത വന്നത് ഇറ്റ്‌ഫോക്കില്‍ പങ്കെടുത്തത് മുതലാണ്.

കണ്ണന്‍: നാടകത്തെ ഗൗരവത്തോടെ സമീപിക്കണമെന്ന ബോധം ഉണ്ടാവുകയായിരുന്നു. നമ്മുടെ കാഴ്ച്ച സംസ്‌കാരത്തെയും ചിന്താ സംസ്‌കാരത്തെയും മാറ്റിമറിക്കുകയായിരുന്നു. മലയാള സിനിമക്ക് മാറ്റം വന്നത് ഐ.എഫ്.എഫ്.കെ. വഴിയാണ്. ഐ.എഫ്.എഫ്.കെ കണ്ട് വളര്‍ന്ന ഒരു തലമുറ സിനിമയെടുക്കാന്‍ പ്രാപ്തരായപ്പോഴാണ് മലയാള സിനിമ മാറിയത്. അതുപോലെ തന്നെ ഇറ്റ്‌ഫോക്ക് കണ്ട് വളര്‍ന്ന ഒരു തലമുറ മലയാള നാടകം ചെയ്യാനും ചിന്തിക്കാനും തുടങ്ങിയതോടെ മലയാള നാടകത്തിന് മാറ്റം വന്നു തുടങ്ങി. അത് ഇനിയും മാറും. മലയാള നാടകങ്ങള്‍ ഇനിയും ഉയരും.


പ്രൊഫഷണല്‍ നാടകങ്ങള്‍ മാറാന്‍ ശ്രമിക്കുന്നുണ്ട്. അതേസമയം, മാറ്റം വരുത്താന്‍ ശ്രമിക്കുന്ന സംവിധായകരെ പുറകോട്ട് വലിക്കുന്ന ചില കേന്ദ്രങ്ങള്‍ ഉണ്ട്. പ്രൊഫഷണല്‍ നാടകങ്ങളെ ഇപ്പോഴും നിയന്ത്രിക്കുന്നത് ഏജന്‍സികളാണ്. അവര്‍ക്കു കൂടി മാറ്റം വരികയും നേരത്തെ പറഞ്ഞ കാഴ്ച സംസ്‌ക്കാരം അവരിലുമുണ്ടായാല്‍ തീര്‍ച്ചയായും മാറ്റമുണ്ടാകും. മാറ്റം വരുത്താന്‍ ജനങ്ങള്‍ തയാറാണ്.

ഹസിം: പ്രേക്ഷക സംസ്‌കാരത്തിലും പുതിയ വികാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന 'ഇതിഹാസം' എന്ന പ്രൊഫഷണല്‍ നാടകം പതിവ് പാതയില്‍ നിന്ന് മാറി ചെയ്ത നാടകമാണ്. അടുത്ത മാസം അവസാനംവരെ ഇതിന് ബുക്കിങ്ങ് ആണ്. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകന്‍ തയാറാണെന്നതിന്റെ തെളിവാണ് ഇത്. ഇറ്റ്‌ഫോക്കിന്റെ അനുരണനങ്ങളും സ്വാധീനവും ഇപ്പോള്‍ തന്നെ മലയാള നാടകങ്ങളില്‍ പ്രകടമാണ്. ഞാനുള്‍പ്പെടെയുള്ള പുതുതലമുറ സംവിധായകരും എഴുത്തുകാരും വലിയ തോതില്‍ പ്രചോദിപ്പിക്കപ്പെട്ടിട്ടുണ്ട്.

കണ്ണന്‍: സ്‌കൂള്‍ ഓഫ് ഡ്രാമയിലും നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും പഠിക്കുന്നവരെയും അവിടെ നിന്ന് പഠിച്ചിറങ്ങിയവരെയും കുറിച്ചല്ല ഇപ്പറയുന്നത്. സ്‌കൂള്‍ കലോത്സവങ്ങളിലും മറ്റും നാടകം ചെയ്തിരുന്ന അരുണ്‍ലാല്‍, ജിനോ ജോസഫ് തുടങ്ങി അക്കാദമിക വിദ്യാഭ്യാസം ലഭിക്കാത്ത, പുതുതലമുറയിലെ സംവിധായകര്‍ എല്ലാവര്‍ക്കും ഇറ്റ്‌ഫോക്ക് കൊടുത്തിട്ടുള്ള എക്‌സ്‌പോഷര്‍ വളരെ വലുതാണ്. അവരുടെ പഴയ പ്രൊഡക്ഷനുകളും ഇപ്പോഴത്തേതും വിലയിരുത്തിയാല്‍ ഇക്കാര്യം ബോധ്യമാവും.

മറ്റൊരു കാര്യം, സബ് ടെക്സ്റ്റ് എങ്ങിനെ ഉണ്ടാകുന്നുവെന്നും മറ്റുമുള്ള തിയറി നമ്മള്‍ പഠിച്ചിട്ടുണ്ട്. ഞങ്ങള്‍ ചെയ്തിരുന്ന നാടകങ്ങളില്‍ സബ് ടെക്സ്റ്റുകള്‍ ഉണ്ടായിരുന്നില്ല. എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന വിശാല അര്‍ഥം പിടി കിട്ടിയിരുന്നില്ല. പല രാഷ്ട്രങ്ങളില്‍ നിന്നെത്തിയ നാടകത്തില്‍ രാഷ്ട്രീയം പറയുന്ന രീതി - അവരുടെ സംസ്‌കാരം അങ്ങിനെയാണ് - അത് മനസിലായത് ഇറ്റ്‌ഫോക്കിലൂടെയാണ്.

ആഗോള തലത്തില്‍ ഇത്തരം ഫെസ്റ്റിവെലുകള്‍ ക്യൂറേറ്റ് ചെയ്യപ്പെടുകയാണ്. നമ്മുടെ നിര്‍മിതികള്‍ക്ക് വിദേശത്തും അവസരം ലഭിക്കണമെങ്കില്‍ അത്തരത്തിലുള്ള ഫെസ്റ്റിവെല്‍ മാര്‍ക്കറ്റിങ്ങ് ഉണ്ടാകണം. അതിനൊരു മാര്‍ഗം വിദേശ നാടക വിദഗ്ധരെകൊണ്ട് ഇറ്റ്‌ഫോക്ക് ക്യൂറേറ്റ് ചെയ്യിക്കുക എന്നതാണ്. വിദേശ നാടകങ്ങള്‍ ഇവിടെ വരുന്നതു പോലെ നമ്മുടെ നാടകങ്ങള്‍ അങ്ങോട്ട് പോവുകയും വേണം. വിദേശ ക്യൂറേറ്റര്‍മാര്‍ നമ്മുടെ തനത് നിര്‍മിതികള്‍ കാണണം. നമ്മുടെ ഭൂമിക വിശാലമാകാന്‍ അത് വഴിയൊരുക്കിയേക്കും. അതോടൊപ്പം പ്രോജക്ട് പിച്ചിങ്ങിനുള്ള ഏജന്‍സികളും, നിര്‍മാതാക്കളും വരണം. നമ്മുടെ നാടകങ്ങളെ വിദേശ നാടകോത്സവങ്ങളില്‍ സഹകരിപ്പിക്കുന്ന സ്ഥിതി സംജാതമാകണം. അതിനുള്ള സെഷനുകള്‍ വെക്കണം. നമ്മുടെ ആശയങ്ങള്‍ അവരുമായി പങ്കുവെക്കാനും ഉയര്‍ത്തിക്കാട്ടാനും പറ്റണം. അവര്‍ക്ക് പ്രായോഗിമാണെന്ന് ബോധ്യമാവുന്ന പ്രോജക്ടുകള്‍ക്ക് പണം മുടക്കാനും അല്ലെങ്കില്‍ നമുക്ക് വിദേശ അവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയുന്ന വിധത്തിലുള്ള ഇടപെടലാണ് സംഗീത നാടക അക്കാദമി ചെയ്യേണ്ടത്. അത്തരത്തിലുള്ള വിശാലതയാണ് ഇനി ഇറ്റ്‌ഫോക്കില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

ഹസിം: ഇത്തവണ നാല് മലയാള നാടകങ്ങളേ ഉള്‍പ്പെടുത്തിയുള്ളൂ. അതൊരു ന്യൂനതയാണ്. അതോടൊപ്പം തന്നെ വിദേശ നാടകങ്ങളെ പ്രമോട്ട് ചെയ്യാന്‍ നിരവധി ഹോര്‍ഡിങ്ങുകള്‍ വെച്ചിട്ടുണ്ട്. ഈ മലയാള നാടകത്തിന്റെ ഹോര്‍ഡിങ്ങുമില്ല. മലയാള നാടകങ്ങളുടെ എണ്ണം കൂട്ടണം. അവയെ പ്രമോട്ട് ചെയ്യുകയും വേണം. കോവിഡിനു ശേഷം 25 ഓളം നാടകങ്ങള്‍ അക്കാദമി തന്നെ നിര്‍മിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനു ശേഷം ഇറ്റ്‌ഫോക്ക് വരുമ്പോള്‍ നാല് നാടകങ്ങളില്‍ ഒതുക്കേണ്ടതുണ്ടായിരുന്നോ എന്നൊരു ചോദ്യമുണ്ട്. വിദേശ നാടകങ്ങള്‍ക്ക് പുറത്ത് മറ്റൊരു ഷോ സാധ്യമായെന്നു വരില്ല. പക്ഷേ, മലയാള നാടകങ്ങളുടെ സ്ഥിതി അതല്ല. കഴിഞ്ഞ തവണ ഇറ്റ്‌ഫോക്കില്‍ 'ഭഗവാന്റെ മരണം അവതരിപ്പിച്ച ശേഷം ഞങ്ങള്‍ക്ക് നിരവധി വേദികള്‍ ലഭിച്ചു. പക്ഷേ, ഇത്തവണ നമ്മുടെ ആളുകളല്ലെ എന്ന ധാരണയില്‍ ഒതുക്കിയെന്ന തോന്നല്‍ എനിക്കുണ്ട്. മുമ്പ് ഏഴ് മലയാള നാടകങ്ങള്‍ വരെ ഉണ്ടായിരുന്നു.


കണ്ണന്‍: തീര്‍ച്ചയായും നമ്മള്‍ ആതിഥേയരാണ്. വിദേശനാടകങ്ങളെ ഉയര്‍ത്തിക്കാട്ടേണ്ടതുണ്ട്. പക്ഷേ, മലയാള നാടകങ്ങള്‍ക്ക് ലഭിക്കേണ്ട ഒരിടം കിട്ടണമായിരുന്നു. 65 എന്‍ട്രികളില്‍ നിന്നാണ് നാല് നാടകങ്ങള്‍ തെരഞ്ഞെടുത്തത്. നമ്മള്‍ ഒരു നാടകം സംഘടിപ്പിക്കുമ്പോള്‍ അതിന് സാങ്കേതികമായതോ അല്ലാത്തതോ ആയ പരിമിതികള്‍ ഉണ്ടാകും. ഇറ്റ്‌ഫോക്കിലാണെങ്കില്‍ സാങ്കേതികവും മറ്റുമായ എല്ലാ പിന്തുണയും ഉണ്ടാകുമെന്നതിനാല്‍ പൂര്‍ണമായ അവതരണം നടത്താനാവുമെന്നതാണ് പ്രത്യേകത. അങ്ങനെ അവസരം കിട്ടണമെന്ന് ആഗ്രഹിക്കുന്ന നാടക സംഘങ്ങള്‍ ഉണ്ട്. നല്ല നാടകങ്ങളും ഉണ്ടായിട്ടുണ്ട്. ശ്രീജിത്ത് രമണന്റെ തീണ്ടാരിപ്പച്ച ഒരു ഉദാഹരണമാണ്. സ്ത്രീകളുടെ നല്ല പങ്കാളിത്തമുള്ള, ആഴത്തില്‍ വേരോട്ടമുള്ള രാഷ്ട്രീയ നാടകമാണത്. അക്കാദമി തന്നെയാണ് നിര്‍മിച്ചത്.

മറ്റൊന്ന് അടുത്ത തവണ 15 ദിവസത്തേക്ക് നാടകോത്സവം നീട്ടുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന സാംസ്‌കാരിക മന്ത്രിയുടെ പ്രസ്താവനയാണ്. ചലച്ചിത്ര അക്കാദമി അടക്കം മറ്റു അക്കാദമികളെയും പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. അത് വേണമോ എന്നൊരു തോന്നലുണ്ട്. നാടകോത്സവത്തില്‍ കേന്ദ്രീകരിക്കുമ്പോള്‍ ഒരു ഫോക്കസ്‌ലഭിക്കും. പൂര്‍ണമായും ഇതില്‍ത്തന്നെ നില്‍ക്കാനാവും. പുതിയ ആലോചനപ്രകാരമാണെങ്കില്‍ ചിതറാന്‍ സാധ്യതയുണ്ട്. നാടകത്തിന് മാത്രമായുള്ള ഫെസ്റ്റിവല്‍ തന്നെയാണ് അനുയോജ്യം. ഇത്തവണത്തെ ഇറ്റ്‌ഫോക്ക് സംഘാടനം കൊണ്ടും ശ്രദ്ധേയമാണ്. വൈവിധ്യമാര്‍ന്ന നാടകങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ ഡയറക്ടറേറ്റ് വിജയിച്ചിട്ടുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് പ്രൊഫഷണലിസം പ്രകടമാക്കിയ നല്ല പബ്ലിസിറ്റി ഉണ്ടായി. സാമൂഹിക മാധ്യമങ്ങളെ നല്ലവണ്ണം ഉപയോഗിക്കുകയും ചെയ്തു.


സോവിയറ്റ് സ്റ്റേഷന്‍ കടവ് നാടകത്തില്‍നിന്ന്‌

ഹസിം: ഒരു ഫെസ്റ്റിവെല്‍ ഡയറക്ടറേറ്റിനെ ചുരുങ്ങിയത് മൂന്നു വര്‍ഷം നിലനിര്‍ത്തുക എന്നത് നേരത്തെ ഉയര്‍ന്ന ഒരാവശ്യമുണ്ട്. അത് പ്രാവര്‍ത്തികമാക്കിയാല്‍ കൂടുതല്‍ നന്നാവുമെന്ന് തോന്നുന്നു. പുതുമക്കും ആവര്‍ത്തനങ്ങള്‍ ഒഴിവാക്കാനും അത് സഹായിക്കും. ഒരു വര്‍ഷമാണ് ഒരു ഡയറക്ടറേറ്റിന് കിട്ടുന്നത്. ഒരു വര്‍ഷം കൊണ്ട് ഒന്നും ചെയ്യാനാവില്ല. മറ്റൊന്ന് നല്ല നാടകങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകണം. അത് സംഭവിക്കുന്നില്ല. പുതിയ പ്രേക്ഷകരെ, പ്രത്യേകിച്ച് പുതുതലമുറയെ നാടകത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയാത്തതിന്റെ പ്രധാന കാരണം അതാണ്. വൈവിധ്യമുള്ള നല്ല നാടകങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായാല്‍ ധാരാളം പ്രേക്ഷകര്‍ ഉണ്ടാകും. സിനിമ കച്ച നാടകങ്ങളുടെ നൈരന്തര്യമാണ് ഉണ്ടാവേണ്ടത്.



TAGS :