Quantcast
MediaOne Logo

സി.എം ശരീഫ്

Published: 16 May 2023 11:35 AM GMT

എദ്ദേളു കര്‍ണാടക: സിവില്‍ മൂവ്‌മെന്റുകളുടെ കന്നഡ മാതൃക

കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവിന് വലിയ തോതില്‍ പങ്കുവഹിച്ച സിവില്‍ മൂവ്‌മെന്റാണ് എദ്ദേളു കര്‍ണാടക (Eddelu KarnatakaþWakeUp Karnataka). ബി.ജെ.പിക്കെതിരായി വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥികളിലേക്ക് ദലിത്-മുസ്‌ലിം-ക്രൈസ്തവ വിഭാഗങ്ങളുടെ വോട്ടുകള്‍ ഏകീകരിക്കാന്‍ മൂവ്‌മെന്റിന്റെ ഇടപെടലുകള്‍കൊണ്ട് കഴിഞ്ഞു. ബി.ജെ.പിക്ക് മുന്‍തൂക്കമുള്ള 107 മണ്ഡലങ്ങളിലായിരുന്നു മൂവ്‌മെന്റ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കിയിരുന്നത്. അതില്‍ 72 സീറ്റുകള്‍ കോണ്‍ഗ്രസ്സിന് വിജയിക്കാനായി. എദ്ദേളു കര്‍ണാടകയുടെ ശില്‍പികളില്‍ പ്രധാനിയും ഡോക്യുമെന്ററി സംവിധായകനും മലയാളിയുമായ കെ.പി ദീപു സംസാരിക്കുന്നു.

എദ്ദേളു കര്‍ണാടക
X

പൊതുവായി കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങിനെ വിലയിരുത്തുന്നു?

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം മോദി കാമ്പയിനുള്ള മറുപടിയായി കൂടി കാണാന്‍ സാധിക്കും. മോദിയുടെ ഡബിള്‍ എന്‍ജിന്‍ ഗവണ്‍മെന്റ് എന്ന പ്രയോഗം കഴിഞ്ഞ ഇലക്ഷന്‍ മുതല്‍ നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നതാണ്. കര്‍ണാടകയിലെ സംസ്ഥാന ഗവണ്‍മെന്റിന്റെ അഴിമതി, വിലക്കയറ്റം തുടങ്ങിയവക്കെതിരായും ഹിജാബ് വിലക്ക്, ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടങ്ങിയ വിദ്വേഷ രാഷ്ട്രീയത്തിന് എതിരായുമുള്ള വികാരം കര്‍ണാടക സമൂഹത്തില്‍ ഉണ്ടായിരുന്നു. പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടര്‍ ആയ സന്തോഷ് പാട്ടേല്‍ ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് എഴുതിയ ആത്മഹത്യ കുറിപ്പ് കോളിളക്കം സൃഷ്ടിച്ചിരുന്നു. 40% കമീഷന്‍ ബി.ജെ.പി ഗവണ്‍മെന്റിനു നല്‍കാത്തതിന്റെ പേരില്‍ പാസാകാതെ പോയ ബില്ലുകളെ കുറിച്ചായിരുന്നു അതില്‍ സംസാരിച്ചത്. അങ്ങനെ ബി.ജെ.പി ഗവണ്‍മെന്റിന് എതിരെ 40% കമീഷന്‍ എന്ന പ്രയോഗം ജനങ്ങളുടെ ഇടയില്‍ വളരെ സര്‍വ്വ സാധാരണമായി തീര്‍ന്നു. അതിനു ശേഷം പി.ഡബ്യു.ഡി കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ മോദിക്ക് കത്തയച്ചിരുന്നു.

ബി.ജെ.പിയുടെ ജാതി രാഷ്ട്രീയത്തില്‍ ഊന്നിയ വോട്ട് ബാങ്കുകള്‍ ബില്ലവ, ലിംഗായത്ത്, മഡിഗ കമ്യൂണിറ്റികളായിരുന്നു. ഇവരില്‍ എല്ലാവരിലും തന്നെ ബി.ജെ.പിക്കെതിരെയുള്ള അസംതൃപ്തി വളര്‍ന്നിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ഫലം കൊയ്തുകൊണ്ടിരുന്ന ഈ ജാതി കൂട്ടായ്മയില്‍ വിള്ളലുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു എന്നതാണ് ഇപ്രാവശ്യത്തെ നേട്ടം.

ഈശ്വരപ്പക്കും ബി.ജെ.പി ഗവണ്‍മെന്റിനും എതിരായി ഇത്രയൊക്കെ ആരോപണങ്ങളുണ്ടായിട്ടും മോദിയുടെ മൗനം ജനങ്ങളില്‍ അതൃപ്തി വളര്‍ത്തി. ഇപ്രാവശ്യം ഇലക്ഷന്‍ കാമ്പയിനില്‍ മോദി പറഞ്ഞത് ബി.ജെ.പിക്ക് ചെയ്യുന്ന ഓരോ വോട്ടും എനിക്ക് ചെയ്യുന്നതാണെന്നും നമ്മള്‍ വീണ്ടും ഒരു ഡബിള്‍ എന്‍ജിന്‍ ഗവണ്‍മെന്റ് ഉണ്ടാക്കും എന്നുമായിരുന്നു. ഡല്‍ഹിയിലും മറ്റും കര്‍ഷക സമരങ്ങള്‍ നടക്കുമ്പോള്‍ തന്നെ APMC ആക്ടിന് എതിരായി കര്‍ണാടകയിലെ കര്‍ഷകര്‍ സമരം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ആദ്യമായി തൊഴിലാളികളുടെ ജോലി സമയം എട്ടു മണിക്കൂറില്‍ നിന്നും 12 മണിക്കൂറായി വര്‍ധിപ്പിച്ചത് കര്‍ണാടക ഗവണ്‍മെന്റ് ആയിരുന്നു. ഇത് തൊഴിലാളികളില്‍ അസംതൃപ്തി സൃഷ്ടിച്ചു. ഹിജാബ് നിരോധം മുതല്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയുടെ മേലുള്ള ആക്രമണങ്ങള്‍ അടക്കം ബി.ജെ.പി മുന്നോട്ടുവെച്ച വെറുപ്പിന്റെ രാഷ്ട്രീയവും ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിച്ചു.


അവസാന നിമിഷത്തില്‍ ബി.ജെ.പി പാസാക്കിയ റിസര്‍വേഷന്‍ ബില്ലില്‍ നിന്നും മുസ്‌ലിംകളുടെ റിസര്‍വേഷന്‍ ഒഴിവാക്കിയതും ഉന്നത ജാതിക്കാര്‍ക്ക് 10% ആയി ഉയര്‍ത്തുകയും ചെയ്തത് ഒരുപാട് എതിര്‍പ്പുകള്‍ ഉണ്ടാക്കിയിരുന്നു. അതേസമയം ആ ബില്ലില്‍ തന്നെ ദലിത് സമൂഹത്തിലുള്ള പിന്നാക്ക വിഭാഗമായ മഡിഗ സമൂഹത്തെ പ്രീണിപ്പിച്ച് ഒപ്പം നിര്‍ത്താനുള്ള ശ്രമവും ബി.ജെ.പി നടത്തിയിരുന്നു. ഇതെല്ലാം ബി.ജെ.പി വോട്ടിനുവേണ്ടി ചെയ്യുന്നതാണെന്നുള്ള ഒരു വാദം ജനങ്ങള്‍ക്കിടയില്‍ പ്രചാരം നേടിയിരുന്നു. ബി.ജെ.പിയും മോദിയും പറയുന്നത് അധികാരത്തിലേറാന്‍ വേണ്ടിയുള്ള നുണകളാണ് എന്ന അഭിപ്രായം ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടിരുന്നു. ബി.ജെ.പിയുടെ ജാതി രാഷ്ട്രീയത്തില്‍ ഊന്നിയ വോട്ട് ബാങ്കുകള്‍ ബില്ലവ, ലിംഗായത്ത്, മഡിഗ കമ്യൂണിറ്റികളായിരുന്നു. ഇവരില്‍ എല്ലാവരിലും തന്നെ ബി.ജെ.പിക്കെതിരെയുള്ള അസംതൃപ്തി വളര്‍ന്നിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ഫലം കൊയ്തുകൊണ്ടിരുന്ന ഈ ജാതി കൂട്ടായ്മയില്‍ വിള്ളലുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു എന്നതാണ് ഇപ്രാവശ്യത്തെ നേട്ടം. അതുകൂടാതെ എദ്ദേളു കര്‍ണാടക പോലുള്ള സിവില്‍ സൊസൈറ്റി കൂട്ടായ്മകളുടെ പ്രവര്‍ത്തനഫലമായി മുസ്‌ലിം സമുദായത്തില്‍ നിന്നും 10 ശതമാനമെങ്കിലും വോട്ടിംഗ് കൂടിയിട്ടുണ്ട് എന്നത് കോണ്‍ഗ്രസിന് അനുകൂലമായി. സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകളുടെ ഇടപെടല്‍ ഈ ഇലക്ഷനില്‍ അതൃപ്തരായ എല്ലാവരെയും കോണ്‍ഗ്രസിനു വേണ്ടി വോട്ടു ചെയ്യിക്കുന്നതിനും ഒരു സുപ്രധാന പങ്കുവഹിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളുടെയും 68 ജാതികള്‍ അടങ്ങുന്ന പിന്നോക്ക വിഭാഗക്കാരുടെയും പിന്തുണ കോണ്‍ഗ്രസ്സിന് അധികാരത്തില്‍ എത്താന്‍ സഹായിച്ചു. അതുകൂടാതെ രാഹുലിന്റെ ഭാരത് ജോഡോ യാത്രയും കര്‍ണാടകയില്‍ നല്ലരീതിയില്‍ ഫലം കൊണ്ടുവരാന്‍ സഹായിച്ചിട്ടുണ്ട്.

സാമ്പ്രദായിക തെരഞ്ഞെടുപ്പ് സമവാക്യങ്ങളുടെ-ജാതി,മത സമവാക്യങ്ങള്‍- ഒരു വിജയം അല്ല കോണ്‍ഗ്രസ്സിന് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. കുറച്ചു കൂടി ക്രിയേറ്റീവായ സിവില്‍ സൊസൈറ്റി ഇടപെടലുകള്‍ കൂടി ഉണ്ടായിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഏതൊക്കെയാണ് ആ ഘടകങ്ങള്‍?

നിങ്ങള്‍ പറഞ്ഞത് ശരിയാണ്. ഇപ്രാവശ്യത്തെ ഇലക്ഷനില്‍ ഞാന്‍ മുന്‍പ് പറഞ്ഞതുപോലെ ജാതീയ വോട്ട് ബാങ്ക് കളികള്‍ക്കുപരി ബി.ജെ.പി.ക്കെതിരായുള്ള ജനവികാരമാണ് വോട്ട് ചെയ്യുന്നതില്‍ പ്രതിഫലിച്ചിട്ടുള്ളത്. സിവില്‍ സൊസൈറ്റി മൂവ്‌മെന്റുകളുടെ ഇടപെടലുകള്‍-ഞാന്‍ ഭാഗമായ എദ്ദേളു കര്‍ണാടക (Eddelu Karnataka-WakeUp Karnataka) എന്ന കൂട്ടായ്മ കഴിഞ്ഞ ആറുമാസമായി ഈ ഇലക്ഷനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. ബൂത്ത് ലെവലിലുള്ള വര്‍ക്കേഴ്‌സിനെ സജ്ജമാക്കി കഴിഞ്ഞ ആറ് മാസമായി ഞങ്ങള്‍ എല്ലായിടങ്ങളിലും എന്തുകൊണ്ട് ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന കാമ്പയിന്‍ തുടങ്ങിയിരുന്നു. ഈ കാമ്പയിനുകള്‍ ആരംഭിക്കുമ്പോള്‍ കര്‍ണാടകയില്‍ നിയമസഭാ മണ്ഡലങ്ങളില്‍ ഞങ്ങള്‍ക്കുവേണ്ടി 5,000 പേരാണ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഞങ്ങള്‍ക്കൊപ്പം ചേര്‍ന്ന ന്യുനപക്ഷ-ദലിത്-കര്‍ഷക സമുദായങ്ങളില്‍ നിന്നുള്ള 30,000 പേരും ചേര്‍ന്ന് ബൂത്ത് ലെവല്‍ കാമ്പയിന്‍ മുന്നോട്ട് കൊണ്ടുപോകാന്‍ തുടങ്ങി. ബി.ജെ.പിക്ക് മുന്‍തൂക്കമുള്ള 107 മണ്ഡലങ്ങളിലായിരുന്നു ഞങ്ങളുടെ കാമ്പയിന്‍ കൂടുതല്‍ പ്രധാനം നല്‍കിയിരുന്നത്. അതില്‍ 72 സീറ്റുകള്‍ കോണ്‍ഗ്രസ് ജയിക്കുകയുണ്ടായി. ഏതാണ്ട് 192 ടീമുകള്‍ പ്രചാരണ പ്രവര്‍ത്തനത്തിനായുണ്ടായിരുന്നു. അതുകൂടാതെ കര്‍ണാടകയിലെ സെക്കുലര്‍ മാധ്യമങ്ങളും എദ്ദേളു കര്‍ണാടകയുടെ ഭാഗമായി പ്രവര്‍ത്തിച്ചു. അതിന്റെ നെടുംതൂണായി നിന്നത് ഈദിന ഡോട്.കോം (edina.com) എന്ന ഓണ്‍ലൈന്‍ മീഡിയ ആയിരുന്നു. എദ്ദേളു കര്‍ണാടകയുടെയും edina.com ന്റെയും നേതൃത്വത്തില്‍ നടന്ന സര്‍വേ ഫലം കൃത്യമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായി.




കഴിഞ്ഞ കുറെ ഇലക്ഷനുകളില്‍-അത് കോണ്‍ഗ്രസ്സിലായാലും, ജെ.ഡി.എസ്സിലായാലും അവര്‍ക്കിടയിലുള്ള വോട്ട് സ്പ്‌ളിറ്റിങ്ങ് ബി.ജെ.പിയെ ജയിക്കാന്‍ സഹായിച്ചിട്ടുണ്ട്. ഓരോ അസംബ്ലി മണ്ഡലങ്ങളിലേയും ജയിക്കാന്‍ സാധ്യതയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെയും ലിസ്റ്റുകള്‍ തയ്യാറാക്കി അവര്‍ക്കുവേണ്ടി വോട്ടുകള്‍ ഏകീകരിക്കുക (conoslidate) എന്നതായിരുന്നു ഞങ്ങള്‍ ചെയ്തത്. ബാഗ്ഗേപള്ളിയിലെ സി.പി.എം സ്ഥാനാര്‍ഥിയായ എ. അനില്‍കുമാറിനെയും, കര്‍ഷക നേതാവായ മേല്‍ക്കോട്ടെ നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിച്ച ദര്‍ശന്‍ പുട്ടണ്ണയെയും ഞങ്ങള്‍ പിന്തുണച്ചു. ന്യൂനപക്ഷ ദലിത് പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകള്‍ ബി.ജെ.പിക്ക് എതിരായുള്ള വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിയിലേക്ക് conoslidate ചെയ്യിക്കുക എന്നതായിരുന്നു ഞങ്ങളുടെ ദൗത്യം. അത് വിജയിച്ചു എന്നുതന്നെ പറയാം. അതിനുകാരണം ഞങ്ങളോടൊപ്പം മുസ്‌ലിം, ക്രിസ്ത്യന്‍, ലിംഗായത്ത്, ദലിത്, പിന്നാക്ക വിഭാഗങ്ങള്‍, സമൂഹത്തിലെ ഉന്നതരായ നേതാക്കന്മാര്‍ തുടങ്ങിയവര്‍ Eddelu Karnataka യുടെ ഭാഗമായി എന്നുള്ളതാണ്. വോട്ടു സ്പ്‌ളിറ്റ് ചെയ്യാന്‍ സാധ്യതയുള്ള എസ്.ഡി.പി.ഐ, ഉവൈസിയുടെ എ.ഐ.എം.ഐ.എം പോലുള്ള പാര്‍ട്ടികളില്‍നിന്ന് 49 സ്ഥാനാര്‍ഥികള്‍ ഞങ്ങളുടെ പരിശ്രമഫലമായി നോമിനേഷന്‍ പിന്‍വലിച്ചു. സോഷ്യല്‍മീഡിയ കാമ്പയിനിന്റെ ഭാഗമായി അഴിമതി, വിലക്കയറ്റം, വികസന വിവേചനം തുടങ്ങിയ വിഷയങ്ങളെ പ്രതിപാദിച്ചുകൊണ്ടും, വര്‍ഗീയ-വംശീയ വിവേചനങ്ങളെയും ദലിത്-മുസ്‌ലിം-ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളെയും സംബന്ധിച്ച ധാരാളം വീഡിയോകളും പോസ്റ്ററുകളും നിര്‍മിച്ചു.


ഈ പ്രവര്‍ത്തനങ്ങളെല്ലാം സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചു വലിയ രീതിയില്‍ ജനങ്ങളിലേക്കെത്തിക്കാനും ഞങ്ങള്‍ക്ക് കഴിഞ്ഞു. കേരളത്തില്‍ നിന്നുള്ള ചില സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരും എദ്ദേളു കര്‍ണാടകയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ മുന്നോട്ട് വന്നു. ഇതെല്ലാം ഞങ്ങള്‍ ചെയ്തത് കോണ്‍ഗ്രസ് അനുകൂലികളായതുകൊണ്ടല്ല. എന്നാല്‍, ബി.ജെ.പിക്കെതിരായി അധികാരത്തില്‍ വരാന്‍ സാധ്യതയുള്ള ഒരേ ഒരു പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്നുള്ളതു കൊണ്ടാണ്. ഇതുകൂടാതെ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ആക്ടിവിസ്റ്റുകളും ഇലക്ഷന്‍ ബൂത്ത് ലെവല്‍ കാമ്പയിനുകളില്‍ പ്രവര്‍ത്തിച്ചിട്ടണ്ട്. ഏതാണ്ട് ഒന്നര ലക്ഷത്തോളം ആളുകളെയാണ് ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളില്‍ നിന്ന് പുതുതായി വോട്ടര്‍പട്ടികയില്‍ ചേര്‍ത്തത്. മുന്‍കാലങ്ങളില്‍ ബി.ജെ.പിക്ക് എതിരായുള്ള എല്ലാവരും വോട്ട് ചെയ്യാത്തത് ബി.ജെ.പിക്ക് എല്ലാ ഇലക്ഷനിലും അനുകൂലമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ബി.ജെ.പിക്ക് എതിരായുള്ള എല്ലാ വോട്ടുകളും പോള്‍ ചെയ്യപ്പെടണമെന്നത് ഞങ്ങളുടെ ക്യാമ്പയിന്‍ മുന്നോട്ടുവെച്ച മുഖ്യ ലക്ഷ്യമായിരുന്നു. ഇതെല്ലാം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് ഞങ്ങളുടെ വിജയം. ദലിത്-ന്യൂനപക്ഷ-മാര്‍ക്‌സിസ്റ്റ് സംഘടനകളുടെ നേതാക്കളും മുസ്‌ലിം ജമാത്തുക്കളും ക്രിസ്ത്യന്‍ സംഘടനകളും കര്‍ഷക സംഘടനാ നേതാക്കളും ഇതില്‍ നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. കൂടാതെ പ്രമുഖ എഴുത്തുകാരായ ദേവന്നൂര്‍ മഹാദേവ, ജി.എന്‍ ദേവി, പുരുഷോത്തം ബിളിമലെ, യുസുഫ് ഖനി, കര്‍ണാടകം ജനശക്തി നേതാക്കളായ നൂര്‍ ശ്രീധര്‍, മല്ലികയ്, സിവില്‍ സൊസൈറ്റി നേതാക്കളായ താരാ റാവു, അശോക്, വിജയ്, ടു സരസ്വതി, തുടങ്ങിയവരും നേതൃത്വം വഹിച്ചു.

ഏദ്ദേളു കര്‍ണാടക എന്ന പ്ലാറ്റ്‌ഫോം രൂപപ്പെടുന്നതെങ്ങിനെയാണ്?

ഇതിനൊരു ചരിത്രമുണ്ട്. 2002 ഗുജറാത്ത് കലാപം നടക്കുന്ന സമയത്ത് സൗത്ത് ഇന്ത്യയില്‍ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ കര്‍ണാടകയിലെ സൂഫി ദര്‍ഗയായ ബാബാ ബുധന്‍ഗിരി ഹിന്ദു ദേവസ്ഥാനമാക്കാനുള്ള സമരം നടക്കുകയായിരുന്നു. ഒരു ഫിലിംമേക്കറായ ഞാന്‍ ആദ്യമായി മുസ്‌ലിംകള്‍ പാകിസ്താനിലേക്ക് പോകണമെന്ന മുദ്രാവാക്യം കേള്‍ക്കുന്നത് അവിടെനിന്നാണ്. അതിനെതിരായി കര്‍ണാടകയില്‍ എല്ലാ സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകളും ഇടതുപക്ഷ-കര്‍ഷക-ദലിത് സംഘടനകളും ഒരുമിച്ച് ഒരു കൂട്ടായ്മ രൂപീകരിച്ചു. ഇതിന്റെ മുന്നണിയില്‍ ഗൗരി ലങ്കേഷ്, എ.കെ സുബയ്യ, ദുരൈസാമി എന്നിവരുണ്ടായിരുന്നു. 2008 ല്‍ കര്‍ണാടകയില്‍ ഈ സെക്കുലര്‍ ഓര്‍ഗനൈസേഷനുകളെല്ലാം ചേര്‍ന്ന് പീപ്പിള്‍സ് ഫോറം ഫോര്‍ ഡമോക്രസി (peopleless forum for democracy) എന്ന സംഘടന രൂപീകരിച്ചു. ഫോറം തെരഞ്ഞെടുപ്പിന്റെ ഭാഗമാകണമെന്നും തെരഞ്ഞെടുപ്പില്‍ ഇടപെടണമെന്നും തീരുമാനിച്ചു. 2014 ലെയും 2019 ലെയും ഇലക്ഷനുകളില്‍ ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി ഈ സംഘടന മുന്നോട്ടു വന്നു.


കഴിഞ്ഞ കുറെ ഇലക്ഷന്‍ അനുഭവങ്ങളില്‍ നിന്നുമുള്ള ഒരു മുന്‍ നടത്തമായിരുന്നു എദ്ദേളു കര്‍ണാടക (Eddelu Karnataka-WakeUp Karnataka). ഇതുവരെ സിവില്‍ സൊസൈറ്റി മൂവ്‌മെന്റുകള്‍ക്ക് ബൂത്ത് ലെവല്‍ കാമ്പയിനുകള്‍ അന്യമായിരുന്നു. പകരം, ഞങ്ങളുടെ അഭിപ്രായം ഇതാണെന്നു പറയുന്ന പ്രസ് കോണ്‍ഫറന്‍സുകളും പൊതുപരിപാടികളുമായിരുന്നു എല്ലാവരും ചെയ്തിരുന്നത്. അതിനു പകരം, സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകള്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെന്ന് പ്രചാരണം നടത്താന്‍ കഴിയും എന്നതിന്റെ ഒരു മാതൃകയാണ് ഞങ്ങള്‍ ചെയ്തത്. ഇവിടെയാണ് എദ്ദേളു കര്‍ണാടക പ്രസക്തമാകുന്നത്. അതില്‍ ഏറ്റവും എടുത്തു പറയേണ്ടത് യുവാക്കളുടെ പങ്കളിത്തമാണ്. ഒരുപാട് ആളുകള്‍ എദ്ദേളു കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്തു. ഇതൊരു തരത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയത്തോടുള്ള അവജ്ഞയുടെ ഫലമാണ്. ഇത് നമ്മളൊരു ബദല്‍ മുന്നോട്ടുവെച്ചാല്‍ യുവാക്കള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്നുള്ള തിരിച്ചറിവ് ഞങ്ങള്‍ക്ക് നല്‍കി. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിവില്‍ സൊസൈറ്റി മൂവ്‌മെന്റുകള്‍ക്ക് എന്‍ഗേജ് ചെയ്യാമെന്നതിനുള്ള മാതൃകയാണ് എദ്ദേളു കര്‍ണാടക. കര്‍ഷകരും, ദലിതരും, ന്യൂനപക്ഷ സമുദായക്കാരും പിന്നോക്ക വിഭാഗക്കാരും, എന്നും മധ്യവര്‍ഗമായി നിലനിന്നിരുന്ന സിവില്‍ സൊസൈറ്റി കൂട്ടായ്മകളും ഫാസിസത്തിനെതിരായ ഒരു പുതിയ പൊളിറ്റിക്കല്‍ സൊസൈറ്റി ആയി മാറപ്പെടുന്നു എന്നുള്ളതിന്റെ ഉദാഹരണമാണ് ഞങ്ങളെ സംബന്ധിച്ചോളം എദ്ദേളു കര്‍ണാടക.


വരാനിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളിലും 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും കര്‍ണാടക മോഡല്‍ പിന്തുടരാന്‍ കഴിയുമെന്നാണ് പറയുന്നത്?

ഞങ്ങള്‍ സംസാരിക്കുന്നത് ഒരു കര്‍ണാടക മോഡല്‍ അല്ല. ഇതിന്റെ ചെറിയ അംശങ്ങള്‍ കഴിഞ്ഞ പശ്ചിമ ബംഗാള്‍ ഇലക്ഷനില്‍ Not to vote for BJP എന്ന കാമ്പയിനില്‍ കണ്ടിട്ടുണ്ട്. ഇതിനപ്പുറത്തേക്കു എങ്ങിനെ സിവില്‍ സൊസൈറ്റി മൂവ്‌മെന്റുകള്‍ ഓരോ ലോക്കല്‍ ബൂത്തുകളിലും കാമ്പയിനുകള്‍ നടത്താം എന്നതിന്റെ മാതൃകയാണ് ഞങ്ങള്‍ ചെയ്തത്. എങ്ങിനെ ജനങ്ങളുടേതായ കാമ്പയിനുകള്‍ ഉണ്ടാക്കിയെടുക്കാം എന്ന ചോദ്യം ഏറ്റെടുക്കുകയാണെങ്കില്‍ അവര്‍ക്കെല്ലാവര്‍ക്കും ഇത്തരത്തിലുള്ള കാമ്പയിനുകള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞേക്കും. ഈ കാമ്പയിനിന്റെ ഭാഗമായി ഏതാണ്ട് ഒന്‍പത് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ഞങ്ങളുടെ സുഹൃത്തുക്കള്‍ കര്‍ണാടകയില്‍നിന്നും പഠിച്ച പാഠങ്ങള്‍ അവരുടെ സംസ്ഥാനങ്ങളില്‍ പ്രയോഗിക്കും എന്നതാണ് പ്രസക്തമായ കാര്യം. ഓരോ സംസ്ഥാനങ്ങളിലെയും മൂവ്‌മെന്റുകളെ അവരുടേതായ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് അണിനിരത്താന്‍ കഴിയണം. ഈ തിരിച്ചറിവും സിവില്‍ സൊസൈറ്റി മൂവ്‌മെന്റുകള്‍ക്ക് പൊളിറ്റിക്കല്‍ സൊസൈറ്റി ഉണ്ടാക്കാനും, anti-fascist മൂവ്‌മെന്റുകള്‍ക്ക് തുടക്കം കുറിക്കാനും കഴിയുമെന്നാണ് എദ്ദേളു കര്‍ണാടക നല്‍കുന്ന അനുഭവം. അത് സാധ്യമായാല്‍ കര്‍ണാടക മോഡല്‍ എന്ന് പറയാതെ നമുക്കെല്ലാവര്‍ക്കും 2024 തെരഞ്ഞെടുപ്പില്‍ ഒരുമിച്ചൊരു മോഡല്‍ ഉണ്ടാക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ മധ്യപ്രദേശ് ഇലക്ഷനിലും രാജസ്ഥാന്‍ ഇലക്ഷനിലും എദ്ദേളു കര്‍ണാടക സിവില്‍ സൊസൈറ്റി കൂട്ടായ്മകളുടെ ഇടപെടലുകളെ പ്രാധാന്യത്തോടെ കാണുന്നു. കാരണം, എദ്ദേളു കര്‍ണാടക മുന്നോട്ടുവെച്ചത് ഇന്ത്യയിലെ ഫാസിസത്തിനെതിരായുള്ള രാഷ്ട്രീയം മുന്നോട്ടു കൊണ്ടുപോവുക എന്നുള്ളതാണ്.



TAGS :