MediaOne Logo

ഡോ. അജയ് നാരായണന്‍

Published: 25 Oct 2022 12:06 PM GMT

സാഹിത്യ അക്കാദമിയുടെ മുറ്റത്ത് ജക്കരന്ത പൂത്തപ്പോള്‍

കവിത എഴുതുമ്പോള്‍ ചിലര്‍ അപരന്റെ അനുഭവങ്ങളെ ആത്മാംശമാക്കുന്നു. മറിച്ചും സംഭവിക്കാം, തന്റെ അനുഭവങ്ങളിലൂടെ അപരനെ അറിയുകയുമാവാം. മോബിന്‍ മോഹന്‍ എന്ന എഴുത്തുകാരന്‍ മറ്റുള്ളവരുടെ ഭാവങ്ങളെയും അനുഭവങ്ങളെയും സ്വായത്തമാക്കുന്ന ഒരു ശൈലി സ്വാംശീകരിച്ചിട്ടുണ്ടെന്നു കാണാം. അതിലൂടെ ഒരു ആശയാവിഷ്‌കാരം തന്നെനടത്തി അനുവാചകരെ, അതു കുട്ടികളോ മുതിര്‍ന്നവരോ ആയ സഹൃദയരെ കയ്യിലെടുക്കുന്നു. | അഭിമുഖം: മോബിന്‍ മോഹന്‍/ഡോ. അജയ് നാരായണന്‍

സാഹിത്യ അക്കാദമിയുടെ മുറ്റത്ത് ജക്കരന്ത പൂത്തപ്പോള്‍
X

'കഥകളില്‍ ഒരുപാട് പുതിയ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. സ്വാഭാവികമായും കഥയില്‍ സജീവമായിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അത്തരം ചില പരീക്ഷണങ്ങള്‍ക്ക് മുതിരും. നമ്മുടെ നിരീക്ഷണങ്ങള്‍ക്ക് മൂര്‍ച്ച കൂടും. കഥകള്‍ വായനക്കാരന്റെ മനസ്സില്‍ ദീര്‍ഘകാലം നിലനില്‍ക്കണമെന്നാണ് ഓരോ കഥാകൃത്തിന്റെയും ആഗ്രഹം. അതിനുള്ള ശ്രമങ്ങള്‍ ഞാനും നടത്തുന്നു.

എന്നാലും, കോടമഞ്ഞിലൂടെയുളള എന്റെ യാത്രയില്‍ ഓരോ ഹിമകണത്തോടും ലയിച്ച് ചേര്‍ന്ന ആരുടെയൊക്കെയോ കണ്ണുനീര്‍തുള്ളികളാണ് എഴുത്തിന്റെ പ്രചോദനം.'' (മോബിന്‍ മോഹന്‍).

മോബിന്‍ മോഹന്‍ എന്ന കഥാകൃത്തിനെ അറിയാന്‍ ഈ വാക്കുകള്‍ മാത്രം മതി.

കേന്ദ്ര സാഹിത്യഅക്കാദമിയുടെ 2021 ലെ യുവപുരസ്‌കാരം നേടിയ ''ജക്കരന്ത''യുടെ കര്‍ത്താവ്. ഈ യുവസാഹിത്യകാരന്റെ സാമൂഹിക പ്രതിബദ്ധത പല തലങ്ങളിലും തുറകളിലുമായി പരന്നു കിടക്കുന്നു. ഇടുക്കി ജില്ലയില്‍ കാഞ്ചിയാര്‍ സ്വദേശിയാണ് മോബിന്‍ മോഹന്‍. സാഹിത്യലോകത്തൊരു സൗമ്യസ്വരവുമാണ്. സ്വന്തമായൊരു ഇരിപ്പിടം മലയാളസാഹിത്യലോകം ഇനിയും ഇദ്ദേഹത്തിനായി കരുതിവച്ചിട്ടുണ്ടെന്നുറച്ചു വിശ്വസിക്കുന്നവരില്‍ ഞാനുമുണ്ട്.

കുറച്ചുനാളായി മോബിനെ എനിക്ക് അറിയാം. ഏറെ പ്രതീക്ഷ തരുന്ന ഈ യുവാവില്‍നിന്നും പലര്‍ക്കും ഏറെ പഠിക്കുവാനുണ്ട്. ഒരു ചെറുപുഷ്പം വിരിയുമ്പോലെയാണ് മോബിന്‍ ചിരിക്കുന്നതും അനുവാചകരുമായി സംവദിക്കുന്നതും. കണ്ണിലെ വെട്ടം കേള്‍വിക്കാരിലും പടരും. കുറച്ചു ചോദ്യങ്ങളുമായി ഞാന്‍ അദ്ദേഹത്തെ സമീപച്ചപ്പോള്‍ തിരക്കിലും ക്ഷമയോടെ പ്രതികരിച്ചു. അതാണ് നമ്മുടെ മോബിന്‍. എപ്പോഴും, കൂട്ടത്തില്‍ ഒരാള്‍. കേള്‍ക്കാം നമുക്ക് മോബിന്‍ മോഹന്‍ എന്ന യുവശബ്ദത്തെ.

മോബിന്‍, ആശംസകള്‍. ഏറെ ആദരവോടെ, അഭിമാനത്തോടെയാണ് താങ്കള്‍ക്ക് ലഭിച്ച അംഗീകാരങ്ങളുടെ വാര്‍ത്തകള്‍ വായിച്ചത്. നമുക്ക് അവിടെനിന്നും തുടങ്ങാം. കേന്ദ്ര-കേരള സാഹിത്യഅക്കാദമികളുടെ അംഗീകാരങ്ങളുടെ നിറവില്‍ നില്‍ക്കുന്ന മോബിന്‍ മോഹന്‍ എന്ന സാഹിത്യകാരനെ, പുരസ്‌കാരത്തിനു മുന്‍പും പിന്‍പും എന്നു സ്വയം കാണുന്നുണ്ടോ? പുതിയ അംഗീകാരങ്ങള്‍ തുറന്നു തന്നൊരു കവാടമുണ്ടാവുമല്ലോ. അവസരങ്ങളുടെയും ആഘോഷങ്ങളുടെയും വെളിച്ചത്തില്‍ ഈ അനുഭവങ്ങളെ എങ്ങനെ കാണുന്നു?

കേന്ദ്ര സാഹിത്യഅക്കാദമിയുടെ യുവപുരസ്‌കാര്‍ ഒരു യുവ സാഹിത്യകാരനെ സംബന്ധിച്ചിടത്തോളം വലിയ അംഗീകാരമാണ്. കേരള സാഹിത്യ അക്കാദമിയുടെ ജനറല്‍ കൗണ്‍സിലിലെ ഏറ്റവും പ്രായം കുറഞ്ഞ ആളാണ് ഞാന്‍. ഹൈറേഞ്ചില്‍ നിന്നുള്ള ആദ്യ വ്യക്തിയും. തീര്‍ച്ചയായും, ഇടുക്കിയുടെ മണ്ണില്‍ ഞങ്ങള്‍ നടത്തുന്ന സാംസ്‌കാരിക പ്രവര്‍ത്തനത്തിനുള്ള അംഗീകാരം ആയിട്ടാണ് ഇതെല്ലാം കാണുന്നത്. പുതിയ അംഗീകാരങ്ങള്‍ പുതിയ വാതിലുകള്‍ തുറന്നു തരും. അതൊരു സാധ്യതയാണ്. അത് സ്വന്തം എഴുത്തു ജീവിതത്തെയും നാം ഉള്‍പ്പെടുന്ന സാംസ്‌കാരിക ഭൂമികയെയും സജീവവും ക്രിയാത്മകവും ആക്കി മാറ്റാനുള്ള അവസരമായി കാണുക.


സാഹിത്യത്തിലോ സാംസ്‌കാരിക പ്രവര്‍ത്തനത്തിലോ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ആളല്ല ഞാന്‍. അതുകൊണ്ടുതന്നെ ജീവിതത്തില്‍ ലഭിക്കുന്ന ഓരോ അംഗീകാരവും വ്യക്തിഗതമായിട്ടുമല്ല ഞാന്‍ കാണുന്നത്. എന്നോടൊപ്പം എഴുതുകയും സാംസ്‌കാരിക പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നവരുടെ പ്രതിനിധിയായാണ് ഞാനാ അംഗീകാരങ്ങള്‍ ഏറ്റുവാങ്ങുന്നത്. അവരും അങ്ങനെ തന്നെ. അതുകൊണ്ടുതന്നെയാണ് കൂട്ടായ്മയോടെ ഇത് ആഘോഷിക്കാനും കഴിയുന്നത്.

മോബിന്‍ മോഹന്‍ എന്ന സാഹിത്യകാരനുവേണ്ടി കാലം ചില നിയോഗങ്ങള്‍ ഒരുക്കിയെന്നു കാണാം. പുതിയ ചുമതലകള്‍, യുവസാഹിത്യകാരന്മാരെ രൂപപ്പെടുത്തുവാനുള്ള ഉത്തരവാദിത്തം എല്ലാം ഇതില്‍പ്പെടും. എങ്ങനെ കാണുന്നു ഇത്തരം അവസരങ്ങളെ?

അവാര്‍ഡുകളും അംഗീകാരങ്ങളും പുതിയ അവസരങ്ങളാണ് തുറന്നിടുന്നത്. അംഗീകാരങ്ങള്‍ ലഭിക്കുമ്പോള്‍ അതിനര്‍ഥം അതിനു പറ്റിയ പരമയോഗ്യന്‍ നമ്മളാണ് എന്നല്ല. യോഗ്യരായ അനേകരുടെ ഇടയില്‍ ആ സാധ്യത എനിക്ക് മുന്നില്‍ തുറന്നു എന്നത് മാത്രമാണ്. അതുകൊണ്ടുതന്നെ അവസരങ്ങള്‍ ഉത്തരവാദിത്തങ്ങള്‍ ആണ്. ആത്യന്തികമായി ഒരു എഴുത്തുകാരന്‍ എന്നതിനപ്പുറം ഒരു സാംസ്‌കാരിക പ്രവര്‍ത്തകനാണ് ഞാന്‍. നമ്മുടെ എഴുത്തും വായനയും കലയും സാഹിത്യവും എല്ലാം നമ്മെ നവീകരിക്കുന്നതോടൊപ്പം നമ്മുടെ ചുറ്റുപാടുകളെ കൂടി നവീകരിക്കണം എന്നാഗ്രഹിക്കുന്നയാള്‍. അതുകൊണ്ടുതന്നെ സാംസ്‌കാരിക കൂട്ടായ്മകളും പരിപാടികളും എല്ലാം ഗൗരവത്തോടെ ഏറ്റെടുക്കാറുണ്ട്. പുതിയ എഴുത്തുകാര്‍ കടന്നു വരണം, പുതിയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ കടന്നു വരണം, അവര്‍ നാം ഉള്‍പ്പെടുന്ന സമൂഹത്തെ കൂടുതല്‍ മാനവികതയിലേക്ക് അടുപ്പിക്കണം. അതിനുള്ള എളിയ ശ്രമങ്ങളാണ് നടത്തുന്നത്.


ഇടുക്കിയില്‍ ജനിച്ചുവളര്‍ന്ന ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ വായനക്കാരിലേക്ക് താങ്കള്‍ കടന്നുവന്നത് കൈമുതലായ പൈതൃകത്തോടെയെന്നു പറയാമെന്നു തോന്നുന്നു. അധ്യാപകവൃത്തി, പു.ക.സയിലൂടെ സാഹിത്യലോകത്തു നിരന്തരമായ ഇടപെടലുകള്‍, പുരസ്‌കാരങ്ങള്‍, അംഗീകാരങ്ങള്‍ ഈ നേട്ടങ്ങളെല്ലാം ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒന്ന് വിലയിരുത്താമോ?

ഇടുക്കിയിലേക്ക് വ്യാപകമായ കുടിയേറ്റം തുടങ്ങിയിട്ട് അഞ്ചോ ആറോ പതിറ്റാണ്ടുകള്‍ മാത്രമാണ് ആയിട്ടുള്ളത്. അതിനുശേഷം രൂപപ്പെട്ട സാംസ്‌കാരിക ഭൂമികയാണ് ഈ നാടിനുള്ളത്. മണ്ണിനോടും തണുപ്പിനോടും കാട്ടുമൃഗങ്ങളോടും മല്ലിട്ട് പശി മാറ്റുവാനുള്ളത് നട്ടു വിളയിക്കുന്നതിനിടയില്‍ കലയും സാഹിത്യവുമൊക്കെ മാറ്റിനിര്‍ത്തപ്പെട്ടുണ്ട്. വിശപ്പും തണുപ്പും ആയിരുന്നു അവരുടെ മുന്നിലുള്ള പ്രധാനപ്പെട്ട പ്രശ്‌നം.

ഒരുപക്ഷേ അന്നും കലയെയും സാഹിത്യത്തെയും ചേര്‍ത്തുപിടിച്ച കുറെ മനുഷ്യര്‍ ഉണ്ടായിരുന്നിരിക്കാം. പട്ടിണി കിടന്നു കൊണ്ടാണ് എഴുതിയതും പാടിയതും എല്ലാം. പ്രാരാബ്ധങ്ങളുടെ ചുമടുതാങ്ങിയാണ് അവര്‍ ഈ മണ്ണില്‍ നടന്നു നീങ്ങിയതും അവസാനം അലിഞ്ഞു ചേര്‍ന്നതും. പലരുടെയും പേരുപോലും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. പക്ഷേ, ഈ കാട്ടിലൂടെ അവര്‍ തെളിച്ച വഴികള്‍ ആണ് ഞങ്ങളെപ്പോലുള്ളവര്‍ക്ക് സാഹിത്യത്തിലേക്കുള്ള റബറൈസ്ഡ് പാതയായി പിന്നെ മാറിയത്. അതാണ് ഞങ്ങളുടെ ഊര്‍ജവും.


അതിജീവനത്തിനുവേണ്ടി കുടിയേറിപ്പാര്‍ത്ത ഒരു സമൂഹം ഇടുക്കിയിലെ ഗോത്രവര്‍ഗവുമായി സമരസപ്പെടുന്ന അനുഭവം, പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു എന്ന് കരുതാവുന്ന ഗോത്രസമൂഹത്തിനു തീര്‍ച്ചയായും ഒരു പുരോഗതിക്ക് കാരണമായിട്ടുണ്ടാവും. മോബിന്‍ തന്നെ ചില വേദികളില്‍ ഇത് രേഖപ്പെടുത്തിയിട്ടുമുണ്ടല്ലോ. ഒരെഴുത്തുകാരന്റെ സാമൂഹ്യപ്രതിബദ്ധതയാണ് ഞാന്‍ ഇവിടെ കാണുന്നത്. എന്തൊക്കെയാണ് ഇത്തരം സംരംഭങ്ങളില്‍ മോബിന്‍ നേരിട്ടിട്ടുള്ള വെല്ലുവിളികള്‍? താങ്കളുടെ എഴുത്തുരീതിയെ ഇത്തരം വെല്ലുവിളികള്‍ എങ്ങനെ സ്വാധീനിച്ചിരിക്കാം?

അപരിഷ്‌കൃതര്‍ എന്നുപറഞ്ഞ് പലപ്പോഴും നമ്മുടെ സമൂഹം മാറ്റിനിര്‍ത്തുന്ന ഗോത്ര വിഭാഗങ്ങളില്‍നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കുവാനുണ്ട്. ഏതൊരു പരിഷ്‌കൃത സമൂഹത്തോടും കിടപിടിക്കാന്‍ തക്ക വിധത്തിലുള്ള കലയും സാഹിത്യവും പാരമ്പര്യവും അവര്‍ക്കുണ്ട്. കുടിയേറ്റത്തിന്റെ ഭാഗമായി ഒരുപാട് നഷ്ടങ്ങള്‍ ഗോത്ര വിഭാഗത്തിന് ഉണ്ടായിട്ടുണ്ട്. അതില്‍ പ്രധാനം അവരുടെ കലയും സാഹിത്യവും തന്നെ. പുതിയ മനുഷ്യന്റെ ലാഭക്കണ്ണ് അവര്‍ക്കില്ല. മണ്ണും മരവും മഴയും മലയും പുഴയും ഒക്കെ അടങ്ങുന്ന പ്രകൃതിയാണ് അവരുടെ ദൈവവും ജീവിതവും കലയും സാഹിത്യവും എല്ലാം. കാടിനോട് ചേര്‍ന്ന് രൂപപ്പെട്ട ജീവിതമാണ് അവരുടേത്. അതില്‍ വലിയ പാഠങ്ങളുണ്ട്, ദര്‍ശനങ്ങളുമുണ്ട്. ആധുനിക മനുഷ്യന് എത്ര പറഞ്ഞാലും അത് മനസ്സിലാവണമെന്നില്ല. കടലാസിലെ അക്ഷരപ്പെരുക്കങ്ങള്‍ തന്നെയാണ് അവനെ സംബന്ധിച്ച് അറിവ്.

നല്ല വളക്കൂറുള്ള മണ്ണാണ് ഇടുക്കി. കര്‍ഷകനും കഥാകാരനും ഒരുപോലെ പൊന്നുവിളയിക്കാം, മണ്ണിലും മനസ്സിലും. ധ്രുവീകരണം, പാര്‍ശ്വവല്‍ക്കരണം തുടങ്ങിയ വെല്ലുവിളികള്‍ ഉണ്ടാകുന്ന ഈ കാലഘട്ടത്തില്‍ മോബിന്‍ എന്നവ്യക്തി എവിടെനില്‍ക്കുന്നു? വ്യക്തിഗതസംഘര്‍ഷങ്ങള്‍ എഴുത്തില്‍ എങ്ങനെ പ്രതിഫലിക്കുന്നു?

ശരിയാണ്. പൊന്നുവിളയിച്ച ഒരുപാട് കര്‍ഷകര്‍ ഉണ്ടെങ്കിലും കഥാകാരന്മാര്‍ കുറവാണ്. ഇടുക്കിയിലെ എഴുത്ത് ഇവിടുത്തെ കാര്‍ഷിക കുടിയേറ്റ സംസ്‌കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. കുടിയേറ്റ നാടുകളിലെ പീഡകളും പീഡനങ്ങളും സമരങ്ങളും അതിജീവനങ്ങളും എല്ലാമാണ് ഇവിടുത്തെ സാഹിത്യത്തിന്റെ കരുത്ത്.

''ഉര്‍വ്വിയെ പുഷ്പിപ്പിക്കും കലപോല്‍ നമുക്കത്ര

നിര്‍വൃതികരമാം സര്‍ഗ്ഗവ്യാപാരമുണ്ടോ മന്നില്‍?''

എന്ന് ചോദിച്ചത് സാക്ഷാല്‍ വൈലോപ്പിള്ളി ആണ്. സാഹിത്യത്തിന്റെയും കലയുടേയും എല്ലാം അടിസ്ഥാനം ഈ കാര്‍ഷിക സംസ്‌കാരം ആണ്. കര്‍ഷകനെ പോലെ മികച്ച ഒരു കലാകാരന്‍ ഇല്ല. മണ്ണാണ് എല്ലാത്തിനും അടിസ്ഥാനം. മണ്ണില്‍ പണിയെടുക്കുന്നവരുടെ അധ്വാനത്തിന്റെ ബലത്തിലാണ് വിണ്ണില്‍ നാം ചരിത്രമെഴുതുന്നത്.

അവനെ പരിഗണിക്കാത്ത എല്ലാ പ്രത്യയശാസ്ത്രത്തോടും ഭരണകൂടത്തോടും യുദ്ധം ചെയ്യുക എന്നതാണ് എഴുത്തുകാരന്റെ കര്‍ത്തവ്യം. വെല്ലുവിളികള്‍ ഏറെയുണ്ട്. എന്റെ എഴുത്തിലും അതിന്റെ അനുരണനങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്.


ഇടുക്കിയെ ഭൂമികയാക്കി, ഇടുക്കി സമൂഹത്തെ വിഷയമാക്കി കഥ എഴുതാന്‍ സാധിച്ചില്ലെന്ന് മോബിന്‍ തന്നെ ഒരു ''കുറ്റസമ്മതം'' നടത്തിയിട്ടുണ്ട്. എങ്കിലും, ഒരു സാഹിത്യകാരന്റെ സര്‍ഗാവിഷ്‌കാരത്തെ സ്വാധീനിച്ച ഘടകങ്ങള്‍ കാണുമല്ലോ. ജക്കരാന്ത പക്ഷേ, തികച്ചും കാല്പനീകമായ ഒരു ഭൂമികയിലെ പ്രണയം വരച്ചുകാട്ടിയ നോവല്‍ ആണല്ലോ. 'ജക്കരാന്ത'യെ ആസ്പദമാക്കി താങ്കളെ എഴുത്തില്‍ സ്വാധീനിച്ച ഘടകങ്ങള്‍ വിശദീകരിക്കാമോ?

ഇടുക്കിയെ ഭൂമികയാക്കി ഒരു നോവല്‍ എന്റെ വലിയൊരു ആഗ്രഹമാണ്. വിവിധ ഘട്ടങ്ങളില്‍ ഇവിടെ കുടിയേറിയ പല ഭാഷക്കാരായ, പല ദേശക്കാരായ മനുഷ്യരുടെ ജീവിതം ഏറെക്കുറെ സത്യസന്ധമായി എഴുതണമല്ലോ. അതിനുള്ള ശ്രമം തുടരേണ്ടിയിരിക്കുന്നു. ഒരിക്കല്‍ എഴുതാനാവുമെന്ന് പൂര്‍ണ്ണമായും വിശ്വസിക്കുന്നു.

ജക്കരന്ത ഒരു പ്രണയനോവല്‍ ആണ്. ഒരു നൂറ്റാണ്ട് മുമ്പുള്ള യൂറോപ്പാണ് കഥാപരിസരം. മതവും മിത്തും ചരിത്രവും എല്ലാം അതില്‍ കടന്നുവരുന്നുണ്ട്. ആ പ്രദേശത്തെ അടയാളപ്പെടുത്തുവാന്‍ നല്ല ഒരു പഠനം ഞാന്‍ നടത്തിയിട്ടുണ്ട്. അത് ഒരു പരിധിവരെ വിജയിച്ചു എന്ന് തന്നെയാണ് എന്റെ വിശ്വാസം.

നമുക്ക് മോബിന്റെ എഴുത്തുശൈലിയിലേക്ക് വരാം. വായനക്കാരനുമായി എളുപ്പം സംവദിക്കുന്ന സത്യസന്ധമായ, ലളിതമായ ആഖ്യാനശൈലി ഞാന്‍ വായിച്ചെടുത്ത താങ്കളുടെ ചില എഴുത്തുകളില്‍ കാണാം. ആരാണ്, എന്താണ് എഴുത്തില്‍ മോബിന്റെ മാതൃക?

ഫിക്ഷന്‍ എഴുതുമ്പോള്‍ അതില്‍ പാണ്ഡിത്യപ്രകടനം എഴുത്തിന്റെ ഒഴുക്കിനെ സ്വാഭാവികതയെ തടസ്സപ്പെടുത്തും. അപ്പോള്‍ തീര്‍ച്ചയായും അത് യാന്ത്രികമായി മാറും. സാഹിത്യം ജൈവീകമാകണമെന്നാണ് എന്റെ വിശ്വാസം. അധ്യാപനവൃത്തിയിലും മുമ്പ് ഏര്‍പ്പെട്ടിരുന്നു എന്നതിനാല്‍, കുട്ടികളോട് പരമാവധി ലളിതമായി പറയുന്ന ഒരു ശൈലിയാണ് എഴുത്തിലും സ്വീകരിച്ചിരിക്കുന്നത്. ഒരുപാട് എഴുത്തുകാരുടെ ഭാഷയും ശൈലിയും എന്നെ സ്വാധീനിച്ചിട്ടുണ്ട്. അവര്‍ക്കെല്ലാം അവരുടേതായ ഒരു എഴുത്ത് രീതി ഉണ്ട്.

വിഖ്യാത എഴുത്തുകാരന്‍ ആല്‍ബേര്‍ കാമുവിന്റെ പ്രസിദ്ധമായ ഒരു വാചകമുണ്ട് ''ഈ ലോകത്തോട് സത്യം വിളിച്ചുപറയാന്‍ നാം ഉപയോഗിക്കുന്ന നുണകളെ ഫിക്ഷന്‍ എന്ന് പറയാം''. ഭാവനയുടെ ലോകത്തുനിന്നും നാം സൃഷ്ടിച്ചെടുക്കുന്ന ഒരു കഥാപരിസരം സത്യസന്ധമായിരിക്കണം. എങ്കില്‍ മാത്രമേ കാലത്തോടും കുലത്തോടും നീതി പുലര്‍ത്താന്‍ കഴിയൂ.

കവിത എഴുതുമ്പോള്‍ ചിലര്‍ അപരന്റെ അനുഭവങ്ങളെ ആത്മാംശമാക്കുന്നു. മറിച്ചും സംഭവിക്കാം, തന്റെ അനുഭവങ്ങളിലൂടെ അപരനെ അറിയുകയുമാവാം. എന്റെ ഒരു നിരീക്ഷണം പറഞ്ഞാല്‍, താങ്കള്‍ മറ്റുള്ളവരുടെ ഭാവങ്ങളെയും അനുഭവങ്ങളെയും സ്വായത്തമാക്കുന്ന ഒരു ശൈലി സ്വാംശീകരിച്ചിട്ടുണ്ടെന്നു കാണാം. അതിലൂടെ ഒരു ആശയാവിഷ്‌കാരം തന്നെനടത്തി അനുവാചകരെ, അതു കുട്ടികളോ മുതിര്‍ന്നവരോ ആയ സഹൃദയരെ കയ്യിലെടുക്കുന്നു. ഉദാഹരണം, ഉണ്ണീരി കഥകള്‍, ഗൗരിയമ്മയടക്കം ചരിത്രം തിരുത്തിക്കുറിച്ച പലരെയും കണ്ട അനുഭവവിവരണം. ഇത്തരം അനുഭവങ്ങളെ സ്വായത്തമാക്കി മറ്റുള്ളവരിലേക്കെത്തിക്കുന്ന മോബിന്‍ എന്ന അധ്യാപകന്‍ വെറുമൊരു എഴുത്തുകാരനല്ല. ജീവിതത്തെ അന്യവത്കരിക്കാതെ, തനതാക്കി മാറ്റുന്ന മനുഷ്യസ്നേഹി. ഇതാണ് താങ്കളുടെ എഴുത്തിലും ഞാന്‍ കാണുന്ന ശൈലി. നടന്നുവന്ന സാഹിത്യപാതയെ മുന്‍നിര്‍ത്തി ഈ നിരീക്ഷണത്തെ വിലയിരുത്താമോ?

ദുര്‍ഗ്രഹതയുടെ മതിലുകള്‍ക്കുള്ളില്‍ സാഹിത്യത്തെ തളച്ചിടുന്നതിനോട് യോജിക്കാന്‍ കഴിയില്ല. നാം നമുക്ക് ചുറ്റുമുള്ള പരിസരവുമായി നടത്തുന്ന നിരന്തരമായ ഇടപെടലുകളാണ് സൃഷ്ടിയായി രൂപം കൊള്ളുന്നത്. ഇനി എഴുതാതെ വയ്യ, അല്ലെങ്കില്‍ ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥ വരുമ്പോള്‍ ആണ് എഴുതേണ്ടത്. അങ്ങനെ എഴുതുമ്പോള്‍ നമ്മുടെ ഭാഷയ്ക്ക് ഒഴുക്ക് ഉണ്ടാവും. ജീവിതത്തിന്റെ ഗന്ധം ഉണ്ടാവും. സ്വാഭാവികമായും അത് ലളിതമാകാതിരിക്കാനുള്ള വഴിയില്ല. എഴുതാന്‍ വേണ്ടി എഴുതുമ്പോഴാണ് എഴുത്ത് യാന്ത്രികമാകുന്നത്.

നമുക്കു മുന്നില്‍ വരുന്ന ജീവിതങ്ങളെയാണ് നാം സാഹിത്യത്തിലൂടെ അടയാളപ്പെടുത്തുന്നത്. അത് സ്വാനുഭവങ്ങളോ മറ്റുള്ളവരുടെ അനുഭവങ്ങളോ ഒക്കെയാവാം. പക്ഷേ, ഏത് അനുഭവം എഴുതിയാലും ആത്മാംശത്തിന്റെ അടയാളപ്പെടുത്തല്‍ അതിലുണ്ടാവും. ഏതൊരു സൃഷ്ടിയും അത് കഥയായാലും കവിതയായാലും അനുവാചകനുമായുള്ള ഒരു സത്യവാങ്മൂലമാണ്. എന്റെ എഴുത്തും ശൈലിയും ഈ ബോധത്തില്‍ നിന്നും രൂപപ്പെട്ടതാണ്.

''തുടുവെള്ളാമ്പല്‍ പൊയ്കയല്ല ജീവിതത്തിന്റെ കടലേ

കവിതയ്ക്കു ഞങ്ങള്‍ക്കു മഷിപ്പാത്രം''

കവിതയ്ക്ക് മാത്രമല്ല ഏതു സാഹിത്യ രൂപത്തിനും അങ്ങനെ തന്നെയാണ് എന്നു ഞാന്‍ കരുതുന്നു.

ഞാന്‍ വായിച്ച ചില കഥകളെ പരാമര്‍ശിക്കട്ടെ., platonic love (കുടക്കൂട്), ഇളംപ്രാവിന്റെ മാംസത്തിന്റെ സ്വാദിലെ സമാധാനമെന്ന ഉട്ടോപ്പിയന്‍ ആശയം (വെള്ളരിപ്രാവ്), ആര്‍ക്കും മനസ്സിലാകുന്ന ഒരിടത്തൊരിടത്തൊരു രാജാവ്...? (പറയാത്തകഥ), ബാല്യകാലചങ്ങാത്തത്തിന്നിടയില്‍ മുളച്ച ശത്രുതയ്‌ക്കൊടുവില്‍ ശത്രു ഗാന്ധിയായപ്പോള്‍ പ്രതികരണശേഷി നഷ്ടപ്പെട്ട 'ഞാന്‍'... (ആന്റപ്പന്‍ ഗാന്ധി) ഇത്തരം കൊച്ചുകഥകളിലൂടെ വിടര്‍ന്നുവരുന്ന ബന്ധങ്ങളുടെ പരിശുദ്ധി, രാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങള്‍, ബന്ധങ്ങളുടെ ഊഷ്മളത ഇതെല്ലാം മോബിന്‍ എന്ന എഴുത്തുകാരന്റെ സ്വത്വം വര്‍ണ്ണാഭമാക്കുന്നു. ഒപ്പം വായനക്കാരില്‍ പരിശുദ്ധിയുടെ ഒരു അനുരണനവും സൃഷ്ടിക്കുന്നു. താങ്കള്‍ എഴുതുമ്പോള്‍ മനസ്സിലുദിക്കുന്ന വികാരവിചാരങ്ങളെ (സംഘര്‍ഷങ്ങളും അനുഭൂതികളും) മേല്‍പ്പറഞ്ഞ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നു വിശദീകരിക്കാമോ?

നാം കാണുന്നതും കേള്‍ക്കുന്നതും അനുഭവിച്ചറിയുന്നതും ഒക്കെയാണല്ലോ കഥയായും കവിതയായും വിരിയുന്നത്. തീര്‍ച്ചയായും അത്തരം സൃഷ്ടികള്‍ക്ക് ഒരു രാഷ്ട്രീയം ഉണ്ടാവും. അതിനെ എന്തു പേരിട്ടു വിളിച്ചാലും ഏതു ഭാഷയില്‍ അഭിസംബോധന ചെയ്താലും അതിന്റെ ആത്യന്തികമായ ലക്ഷ്യം മാനവികതയാണ്. എഴുത്തുകാരനും വായനക്കാരനും മാനവികമായി ശുദ്ധീകരിക്കപ്പെടുന്ന ഒരു പ്രക്രിയയാണ് സാഹിത്യം.

ഒരു കഥയോ നോവലോ എഴുതുമ്പോള്‍ വലിയതോതിലുള്ള സമര്‍ദം ഉള്ളില്‍ അനുഭവിക്കും. പേനയിലെ മഷിയായി കടലാസിലേക്ക് ഒഴുകുമ്പോഴാണ് അത് ലഘൂകരിക്കപ്പെടുക. ഒരുകണക്കിന് നമ്മിലെ മാനസികസംഘര്‍ഷം പലതായി വായനക്കാരന് വീതം വച്ചു കൊടുക്കുക എന്നുള്ളതാണല്ലോ ഒരു എഴുത്തുകാരന്റെ ധര്‍മം.

കഥയെഴുത്തിലൂടെ മുഖ്യധാരയിലെത്തിയ മോബിന്‍ വളര്‍ന്നുവരുന്ന എഴുത്തുകാര്‍ക്കുവേണ്ടി മോട്ടിവേഷന്‍ എന്ന നിലയില്‍ ഡോ. രാവുണ്ണിയോടൊത്ത് 'പിറപ്പ്' തുടങ്ങിയ സര്‍ഗ്ഗവേദികള്‍ ഇടുക്കിയില്‍ ഒരുക്കിയല്ലോ. എന്താണ് യുവസാഹിത്യകാരന്മാര്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍?

അനുബന്ധമായി ചോദിക്കട്ടെ, അച്ചടി മാധ്യമങ്ങളില്‍ കഥകള്‍/കവിതകള്‍ അച്ചടിച്ചുവരിക എന്നതൊരു മരീചികയായി മാറുന്ന ഈ കാലഘട്ടത്തില്‍ ഭാഷാസാഹിത്യമെന്നത് ഒരു സ്വപ്നം മാത്രമായി മാറുന്നുവെന്ന് കരുതുന്നുണ്ടോ?


എന്റെ ആദ്യ കഥാസമാഹാരത്തിന്റെ പേര് പുറമ്പോക്ക് എന്നാണ്. മുഖ്യധാരാ സാഹിത്യ മണ്ഡലത്തിന്റെ പുറമ്പോക്കില്‍ നില്‍ക്കാനാണ് എനിക്കിഷ്ടം. അവിടെ ആണല്ലോ ജീവിതം. സമാന്തര സാഹിത്യ പ്രസിദ്ധീകരണങ്ങളിലൂടെ ആണ് എന്റെ എഴുത്ത് ആരംഭിച്ചത്. കാര്യമായിട്ട് എഴുതിയിട്ടുള്ളതും അവിടെത്തന്നെ. ഇന്ന് സോഷ്യല്‍ മീഡിയ വലിയൊരു സാധ്യതയാണ്. എഴുതാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് അവന്റെ സര്‍ഗ്ഗശേഷി പ്രകടിപ്പിക്കാന്‍ ഏറ്റവും മികച്ച ഇടം അതുതന്നെയാണ്. നമ്മള്‍ തന്നെ എഴുത്തുകാരനും പ്രസാധകനും ആവുന്ന സാഹചര്യം.

സാഹിത്യകാരന്മാരുടെ എണ്ണം ഒരുപാട് കൂടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അച്ചടി മാധ്യമങ്ങളില്‍ എഴുതുക എന്നത് ഇപ്പോള്‍ ശ്രമകരമാണ്. മാത്രമല്ല മികച്ച സാഹിത്യം എന്ന പരിഗണനയ്ക്കപ്പുറം മറ്റ് പലതുമാണ് അച്ചടിക്കാനുള്ള ഇപ്പോഴത്തെ മാനദണ്ഡം.


ഡോ. അജയ് നാരായണന്‍

TAGS :