Quantcast
MediaOne Logo

സക്കീര്‍ ഹുസൈന്‍

Published: 15 Feb 2024 11:43 AM GMT

വസ്തുതകളെ വളച്ചൊടിക്കാന്‍ ഭരണകൂടങ്ങളെ അനുവദിക്കരുത് - നിഷ അബ്ദുല്ല

ഷഹീന്‍ ബാഗ് സംഭവം പശ്ചാത്തലമാക്കി ഇറ്റ്‌ഫോക്കില്‍ ഡിജിറ്റല്‍ നാടകം ചെയ്ത മലയാളി രചയിതാവും സംവിധായികയുമാണ് നിഷ അബ്ദുല്ല. തന്റെ നാടക പ്രവര്‍ത്തനത്തെക്കുറിച്ചും ഡിജിറ്റല്‍ നാടകത്തെക്കുറിച്ചും നിഷ സംസാരിക്കുന്നു. | Itfok

വസ്തുതകളെ വളച്ചൊടിക്കാന്‍ ഭരണകൂടങ്ങളെ അനുവദിക്കരുത് - നിഷ അബ്ദുല്ല
X

ഭരണകൂട ഭീകരതയുടെ ഇരകളുടെ ഓര്‍മകള്‍ ജ്വലിക്കുന്നതാവും. പക്ഷേ, ഭരണകൂടങ്ങളുടെ സ്ഥിതി മറിച്ചാവും. ഫാഷിസ്റ്റുകളാണെങ്കില്‍ പറയുകയും വേണ്ട. വസ്തുതകളെ വളച്ചൊടിക്കാന്‍ ഭരണകൂടങ്ങളെ അനുവദിക്കരുത് - പറയുന്നത് 'ഹൗ ലോങ്ങ് ഈസ് ഫെബ്രുവരി, എ ഫാന്റസി ഇന്‍ ത്രി പാര്‍ട്‌സ് ' എന്ന ഡിജിറ്റല്‍ നാടകത്തിന്റെ രചയിതാവും സംവിധായികയുമായ നിഷ അബ്ദുല്ല. 20 വര്‍ഷമായി ബംഗ്‌ളൂരുവില്‍ താമസിക്കുന്ന, മലയാളി കൂടിയായ നിഷ സ്ഥാപിച്ച 'ക്വബീല'യാണ് നാടകം അരങ്ങിലെത്തിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ദല്‍ഹി ഷഹിന്‍ ബാഗിലും മറ്റും സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് 2020 ലുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് നാടകം. 15 കൊല്ലം കഴിഞ്ഞാല്‍ ഇതേക്കുറിച്ച് ഭരണകൂടം പറയുന്നത് മറ്റൊന്നാവും.

ഭരണകൂടങ്ങള്‍ പെട്ടെന്ന് കാര്യങ്ങള്‍ മറക്കും. എന്നാല്‍, അത് അനുവദിക്കരുത് - നിഷ സൂചിപ്പിക്കുന്നു. വസ്തുതകള്‍ നമ്മള്‍ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കണം -നാടകം മുന്നോട്ട് വെക്കുന്നത് ഈ സന്ദേശമാണ്. ക്വബീല' നിലകൊള്ളുന്നത് ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയാണ്.


2020 ലെ സംഭവം മാത്രമല്ല. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരവധി അക്രമങ്ങള്‍ അരങ്ങേറി. ഗോധ്ര സംഭവം, സിഖ് കലാപം, മണിപ്പുര്‍, ഇപ്പോള്‍ രണ്ടാം കര്‍ഷക സമരത്തിനെതിരെയും. ഇതിലൊക്കെയും ഇരകളില്‍ സ്ത്രീകളുമുണ്ട്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ അരങ്ങ് ആയുധമാക്കി പ്രതികരിക്കുകയാണ് ക്വബീല'. അരങ്ങിന് വലിയ ശക്തിയുണ്ട്. അരങ്ങിനെ ഫലപ്രദമായി ഉപയോഗിക്കുക എന്ന ലക്ഷത്തിലാണ് ക്വബീലക്ക് രൂപം നല്‍കിയത്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ക്കെതിരെ അരങ്ങിലൂടെ പ്രതികരിക്കലാണ് ലക്ഷ്യം. 20 ഓളം പേര്‍ അടങ്ങിയതാണ് സംഘം.

ഹൗ ലോങ്ങ് ഈസ് ഫെബ്രുവരി അടക്കം ആറ് നാടകം ചെയ്തു. എല്ലാം രാഷ്ട്രീയ നാടകങ്ങളാണ്. ഈ നാടകം ദല്‍ഹി, ഗോവ, ഹൈദരാബാദ് തുടങ്ങി പലയിടത്തും കളിച്ചു. സംഘ്പരിവാറിന്റെ ഭീഷണി തങ്ങള്‍ക്കുണ്ടായിട്ടില്ല.

അഭിഷേക് മജുംദാറിന്റെ ശില്‍പശാലകളിലൂടെയാണ് നാടകം പഠിച്ചത്. 12 വര്‍ഷമായി ഈ രംഗത്തുണ്ട്. സ്വന്തമായി നാടകം ചെയ്തത് 2018ല്‍. അഷ്‌ക് നീലേ ഹെ മേരെ (എന്റെ കണ്ണീര് നീലയാണ്) ആയിരുന്നു ആദ്യ നാടകം. സ്വന്തം രചന. ഓര്‍ക്കെസ്ട്ര ഓണ്‍ ദ മൂണ്‍ രണ്ടാമത്തെ നാടകം. കുറ്റകരമായ നിശബ്ദതക്കെതിരായിരുന്നു അത്.


പിതാവ് തലശ്ശേരി സ്വദേശി എം.സി. അബ്ദുല്ല മസ്‌ക്കറ്റില്‍ ബിസിനസ് ചെയ്യുന്നു. മാഹിക്കാരിയായ നജ്മയാണ് മാതാവ്. ജനിച്ചു വളര്‍ന്നത് ഗള്‍ഫിലാണ്. സഹോദരിയും സഹോദരനുമുണ്ട്. മറ്റു കുടുംബാദികള്‍ കോഴിക്കോട് താമസിക്കുന്നു. തന്റെ നാടക, സാമൂഹിക പ്രവര്‍ത്തനത്തിന് കുടുംബത്തില്‍ നിന്ന് നല്ല പിന്തുണയുണ്ടെന്ന് നിഷ പറയുന്നു. വംസി, പത്മ എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം രൂപവത്കരിച്ച ഓഫ് സ്ട്രീം എന്ന സാമൂഹിക സംഘടനയുമുണ്ട് നിഷക്ക്.






TAGS :