Quantcast
MediaOne Logo

നദീം നൗഷാദ്

Published: 31 March 2023 9:28 AM GMT

കേരളീയര്‍ ഹിന്ദുസ്ഥാനി സംഗീതത്തില്‍ താല്‍പര്യമുള്ളവര്‍ - രാജീവ് ജനാര്‍ദ്ദന്‍

ഘരാനയില്‍ നിന്ന് നിങ്ങള്‍ എന്താണ് പഠിക്കുന്നത് എന്നതനുസരിച്ചിരിക്കും. അതൊരു സിസ്റ്റമാണ്. ഒരു ശൈലിയാണ്. മലയാളിലയായ സിതാര്‍ വാദകന്‍ രാജീവ് ജനാര്‍ദ്ദനുമായി നദീം നൗഷാദ് നടത്തിയ അഭിമുഖം.

Rajeev Janardan
X

ഹിന്ദുസ്ഥാനി സംഗീതത്തില്‍ ഏതാണ്ട് പന്ത്രണ്ടോളം സിതാര്‍ ഘരാനകളുണ്ട്. അതില്‍ മെഹെര്‍ ഘരാനയും ഇംദാദി ഘരാനയുമാണ് ഏറ്റവും പ്രബലം. പാടുന്ന സിതാര്‍ എന്നറിയപ്പെടുന്ന ഗായകി അംഗ് ശൈലി പിന്തുടരുന്ന ഇംദാദി ഘരാനയുടെ വിഖ്യാതനായ സിതാര്‍ വാദകനാണ് മലയാളി വേരുകളുള്ള രാജീവ് ജനാര്‍ദ്ദന്‍. പ്രശസ്ത സന്തൂര്‍ വാദകന്‍ ഹരി ആലങ്കോടിന്റെ നേതൃത്വത്തിലുള്ള എടപ്പാളിലെ ഗോള്‍ഡന്‍ ഫ്രെയിമിന്റെ സിതാര്‍ സത്‌രംഗ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു രാജീവ് ജനാര്‍ദ്ദന്‍.

സംഗീതം പഠിക്കാന്‍ തീരുമാനിച്ചപ്പോള്‍ എന്തുകൊണ്ടാണ് സിതാര്‍ തിരഞ്ഞെടുത്തത്?

സിതാറിന് നമ്മുടെ മനസ്സിലുള്ള എല്ലാ വികാരങ്ങളെയും പ്രകടിപ്പിക്കാന്‍ കഴിവുണ്ട്. വികാരം മാത്രമല്ല, നമ്മുടെ മനസ്സിലുള്ള എല്ലാറ്റിനെയും. അതൊരു സമ്പൂര്‍ണ്ണ ഉപകരണമാണ്. ഞാന്‍ ആദ്യമായി പഠിച്ചത് സിതാറല്ല വായ്പാട്ടാണ്. കുറച്ചു കാലം പഠിച്ചു. ഏതാണ്ട് ആറു വര്‍ഷത്തോളം. പക്ഷെ, അധ്യാപകര്‍ ആരും എന്റെ പഠനത്തില്‍ ഒരു താല്‍പര്യവും കാണിച്ചില്ല. പത്തു വയസ്സ് കഴിഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞു 'ഇനി നീ പോയി സിതാര്‍ പഠിച്ചോ'. വായ്പാട്ട് പഠിച്ചത് കൊണ്ട് ഒരു ഗുണമുണ്ടായി. സിതാര്‍ ട്യൂണ്‍ ചെയ്യാന്‍ കഴിഞ്ഞു. സിതാര്‍ പഠിക്കാന്‍ വന്നവരുടെ ഇടയില്‍ അത് സാധിച്ചത് കൊണ്ട് വലിയ അഭിമാനമൊക്കെ തോന്നി.

ഒരു ഉപകരണ സംഗീതം വായിക്കുന്നയാള്‍ക്ക് വായ്പാട്ടിലുള്ള പരിശീലനം അത്യാവശ്യമാണോ?

സംഗീതം എന്ന് പറയുന്നത് വായ്പാട്ടും ഉപകരണ സംഗീതവും ചേര്‍ന്നതാണ്. അത് കൊണ്ട് ഉപകരണ സംഗീതം പഠിക്കുന്ന ആള്‍ക്ക് വായ്പാട്ട് പഠിക്കുന്നത് ആവശ്യമാണ്. ഉപകരണ സംഗീതം ഉണ്ടാക്കുന്ന ശബ്ദങ്ങള്‍ നമ്മുടെ വോക്കല്‍ കോര്‍ഡിന് സമാനമാണ്. സാരംഗിയെ കുറിച്ച് പറയാനുള്ളത് അത് മനുഷ്യ ശബ്ദത്തിന് വളരെ അടുത്ത് നില്‍ക്കുന്നു എന്നാണ്. വായ്പാട്ട് അറിയാമെങ്കില്‍ ഉപകരണ സംഗീതം വായിക്കുമ്പോള്‍ അത് വലിയ ഗുണം ചെയ്യും.

ആദ്യമായി പഠിച്ചു തുടങ്ങിയത് സിതാറാണോ സുര്‍ബഹാറാണോ?

സിതാര്‍ തന്നെ. അതിനു ശേഷം സുര്‍ബഹാറും രുദ്രവീണയും പഠിച്ചു തുടങ്ങി.


സിതാര്‍ പോലെയല്ല സുര്‍ബഹാര്‍ കച്ചേരികള്‍. വളരെ വിരളമായേ കേള്‍ക്കാറുള്ളൂ. സുര്‍ബഹാറിന്റെ ഭാവിയെ കുറിച്ച്?

അതെ. സംഗീതത്തിന്റെ ഗുണമേന്‍മ ഓരോ വര്‍ഷം കഴിയുംതോറും താഴ്ന്ന് കൊണ്ടിരിക്കുന്നു. സംഗീതം പ്രാക്ടീസ് ചെയ്യാന്‍ സമയവും ക്ഷമയുമൊക്കെ ആവശ്യമാണ്. മുമ്പുള്ള തലമുറയ്ക്ക് അതുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ യു ടൂബും സാമൂഹിക മാധ്യമങ്ങളുടെ ഇടപെടലും കൊണ്ട് അതിന് സമയം കിട്ടുന്നില്ല. ഞാനൊക്കെ കുട്ടിയായിരിക്കുമ്പോള്‍ ദീര്‍ഘ സമയം പരിശീലനത്തിന് ചിലവഴിക്കുമായിരുന്നു. പിന്നെ യഥാര്‍ഥ കലാകാരന് പ്രതിഫലം കിട്ടുന്നില്ല എന്നതാണ് വലിയൊരു പ്രശ്നം. ഇന്ത്യയില്‍ പ്രത്യേകിച്ചും. ഉദാഹരണമായി, ഒരു ആശാരിയോ ഇലക്ട്രീഷ്യനോ ജോലിക്ക് വന്നാല്‍ അവര്‍ ഒരു ഉപകരണം തൊട്ടാല്‍ പോലും ചുരുങ്ങിയത് എഴുനൂറ് രൂപ കൊടുക്കണം. എന്നാല്‍, ഞാന്‍ ഒരു സ്ഥലത്ത് സിതാര്‍ വായിക്കാന്‍ പോയാല്‍ അവര്‍ ആസ്വദിക്കും. എന്നിട്ട് പറയും സംഗീതം ഈശ്വരനാണെന്ന്. പക്ഷെ, പണം പ്രതിഫലം തരില്ല. ചിലപ്പോള്‍ ഞാന്‍ നാലോ അഞ്ചോ മണിക്കൂര്‍ വായിച്ചിട്ടുണ്ടാകും. എല്ലാവരും വന്ന് എന്റെ കാലില്‍ തൊട്ടു വണങ്ങും. എന്നാലും പണം കൊടുക്കണം എന്ന ചിന്ത അവര്‍ക്കുണ്ടാകുന്നില്ല.

പതിമൂന്നാം വയസ്സില്‍ ബിമലേന്ദു മുഖര്‍ജിയുടെ കീഴിലായിരുന്നല്ലോ ആദ്യത്തെ പഠനം?

ആദ്യമായിട്ട് ഞാന്‍ പഠിക്കാന്‍ പോകുന്നത് ബിമലേന്ദു മുഖര്‍ജിയുടെ അടുത്താണ്. അദ്ദേഹം നന്നായി പഠിപ്പിക്കുമായിരുന്നു. എനിക്ക് പ്രത്യേക ശ്രദ്ധയും ഉചിതമായ സാങ്കേതിക പരിജ്ഞാനവും തന്നു. അതൊക്കെ പിന്നീട് നന്നായി പ്രയോജനപ്പെട്ടിട്ടുണ്ട്.

പിന്നീട് അരവിന്ദ് പരീഖ് ന്റെ കീഴില്‍ പഠിക്കുകയുണ്ടായില്ലേ?

ഇംദാദ് ഖാനില്‍ നിന്ന് തുടങ്ങി ഇനായത് ഖാനിലൂടെ സഞ്ചരിച്ച് വിലായത് ഖാനില്‍ എത്തി നില്‍ക്കുന്ന പരമ്പരയുടെ കണ്ണിയാണ് അദ്ദേഹം. വിലായത് ഖാന്റെ പ്രമുഖ ശിഷ്യനാണ് അദ്ദേഹം. അവര്‍ വായിക്കുമ്പോള്‍ രാഗത്തിന്റെ ഒഴുക്കും മറ്റും ഒന്ന് അനുഭവിക്കേണ്ടത് തന്നെയാണ്. ഇംദാദ് ഖാനും ഇനായത് ഖാനും വായിച്ചതു പോലെയല്ല വിലായത് ഖാന്‍. അദ്ദേഹം തന്റേതായ രീതിയില്‍ കുറെ കാര്യങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

ഇംദാദി-മൈഹെര്‍ ഘരാനകള്‍ തമ്മില്‍ കിടമത്സരങ്ങള്‍ ഉണ്ടായിരുന്നോ?

അങ്ങനെയൊന്നും ഉണ്ടായിരുന്നതായി തോന്നുന്നില്ല. നിങ്ങള്‍ യഥാര്‍ഥ കലാകാരനാണെങ്കില്‍ അരക്ഷിത ബോധം ഉണ്ടാകേണ്ടതില്ല. ആരോടും അസൂയ തോന്നേണ്ടതില്ല. എന്നാല്‍, കഴിവില്ലെങ്കില്‍ മാര്‍ക്കറ്റില്‍ നിറഞ്ഞു നില്‍ക്കേണ്ടി വരും. രാഷ്ട്രീയം കളിക്കേണ്ടി വരും. വലിയ വായനക്കാരനാണ് എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടി വരും. അതുകൊണ്ടു അത്തരക്കാര്‍ എല്ലാകാര്യവും ആദ്യമേ പ്ലാന്‍ ചെയ്യുന്നു. അതനുസരിച്ചു പ്രവര്‍ത്തിക്കുന്നു. അവാര്‍ഡുകള്‍ നേടുന്നു. ജനം പറയുന്നു അയാള്‍ വലിയ കലാകാരനാണെന്ന്.

ഘരാനകള്‍ക്ക് ഇപ്പോഴും പ്രസക്തിയുണ്ടോ?

ഘരാനയില്‍ നിന്ന് നിങ്ങള്‍ എന്താണ് പഠിക്കുന്നത് എന്നതനുസരിച്ചിരിക്കും. അതൊരു സിസ്റ്റമാണ്. ഒരു ശൈലിയാണ്. രാഗത്തെ അവതരിപ്പിക്കുന്നതിനും മറ്റും ഓരോ ഘരാനക്കും അതിന്റെതായ ഒരു രീതിയുണ്ട്. നിങ്ങള്‍ ഈ ഘടന പിന്തുടരുമ്പോള്‍ നിങ്ങളുടേതായ രീതിയില്‍ അവതരിപ്പിക്കാന്‍ സാധിക്കണം. നിങ്ങളുടെ കഴിവ് ഉപയോഗിക്കാന്‍ കഴിയണം. നിങ്ങള്‍ക്ക് കഴിവ് ഉണ്ടെങ്കില്‍ ഘരാന നിലനില്‍ക്കും. അതില്ലെങ്കില്‍ നില നില്‍ക്കില്ല.

ഡിജിറ്റല്‍ യുഗം ക്ലാസ്സിക്കല്‍ സംഗീതത്തെ ബാധിച്ചിട്ടുണ്ടോ?

തീര്‍ച്ചയായും ഉണ്ട്. (തന്റെ ശിഷ്യനായ റൊമെയ്ന്‍ ലോയറെ ചൂണ്ടി കാണിച്ചു കൊണ്ട്) ഇയാള്‍ ഫ്രാന്‍സില്‍ നിന്നാണ് വരുന്നത്. എല്ലാ വര്‍ഷവും ഇവിടെ വന്ന് ഒരു മാസം എന്റെ കൂടെ താമസിച്ച് പഠിക്കും. ബാക്കി ഓണ്‍ലൈന്‍ വഴിയും. ഇദ്ദേഹത്തിന്റെ ടോണല്‍ കോളിറ്റിയും സ്‌ട്രോക്ക് പവറും നല്ലതാണ്. കൂടെ ഇരുന്ന് പഠിക്കുമ്പോളുള്ള എനര്‍ജി എന്തായാലും ഓണ്‍ലൈന്‍ വഴിയുള്ള പഠനത്തില്‍ കിട്ടുകയില്ല. ഒരുമിച്ചു ഇരിക്കുമ്പോള്‍ അത് നന്നായി കിട്ടും. ഞാന്‍ പഠിച്ചത് എന്റെ ഗുരുജിയുടെ ഒപ്പമിരുന്നു കൊണ്ടാണ്.

ജുഗല്‍ബന്ദി സംഗീതത്തിന് എത്രത്തോളം ഗുണകരമാണ്?

ജുഗല്‍ ബന്ദിയില്‍ രണ്ടു പേരും ഒന്നായാല്‍ മാത്രമേ അതുകൊണ്ടു കാര്യമുളളൂ. ഉദാഹരണത്തിന് സലാമത് അലി- നസാകത്ത് അലി പോലെ അല്ലെങ്കില്‍ വിലായത് ഖാന്‍- ബിസ്മില്ല ഖാന്‍. അവര്‍ തമ്മിലുള്ള ജുഗല്‍ ബന്ദിയില്‍ രണ്ടു നദികള്‍ ചേര്‍ന്ന് ഒന്നാകുന്നത് പോലെ ഒരൊറ്റ സംഗീതം മാത്രമേ കേള്‍ക്കൂ. ആരാണ് നന്നായി പെര്‍ഫോം ചെയ്യുന്നത് എന്ന് പറയാന്‍ കഴിയില്ല. അവിടെ രണ്ടു പേരില്ല. ഒരാള്‍ മാത്രം. ഇങ്ങനെ ആണെങ്കില്‍ മാത്രമേ ജുഗല്‍ബന്ദി സംഗീതത്തിന് ഗുണകരമാവൂ. അല്ലെങ്കില്‍ ഇഗോയിസം ഉണ്ടാകും. അതൊരു വസ്തുതയാണ്.

താങ്കള്‍ കേള്‍ക്കുന്ന വായ്പാട്ടുകാരും ഉപകരണ സംഗീതജ്ഞരും ആരൊക്കെയാണ്?

വിലായത് ഖാന്‍, ബഡെ ഗുലാം അലിഖാന്‍ സാഹബ്, സീനിയര്‍ ഡാഗര്‍ ബ്രദര്‍സ്, ആമിര്‍ ഖാന്‍ സാഹബ്, പണ്ഡിറ്റ് ഓംകാര്‍ നാഥ് ഥാക്കൂര്‍, നസാകത് അലി, സലാമത് അലി തുടങ്ങിയവരെയാണ് പ്രധാനമായും. കഴിഞ്ഞ ഏഴു എട്ടു വര്‍ഷമായി ഉപകരണ സംഗീതം കേള്‍ക്കാറില്ല.


സിതാറിസ്റ്റ് ആയിട്ടില്ലായിരുന്നെങ്കില്‍?

ഒന്നും ആകുമായിരുന്നില്ല. ചിലപ്പോള്‍ ഒരു യാചകന്‍ ആയേനെ.

സിതാര്‍ കഴിഞ്ഞാല്‍ മറ്റേത് ഉപകരണത്തോടാണ് ഇഷ്ടം?

സിതാര്‍ അല്ലാതെ മറ്റൊന്നിനെ കുറിച്ചും എനിക്ക് ചിന്തിക്കാന്‍കഴിയില്ല. സുര്‍ബഹാറും രുദ്രവീണയും വായിച്ചിട്ടുണ്ടെങ്കിലും സിതാര്‍ തന്നെയാണ് ഏറ്റവും മികച്ചതായി എനിക്ക് തോന്നിയിട്ടുള്ളത്.

1950 കളില്‍ ബോളിവുഡ് സിനിമകളില്‍ ശാസ്ത്രീയ സംഗീതത്തിന് വലിയ സ്ഥാനം ഉണ്ടായിരുന്നു പിന്നീട് വന്ന ദശകങ്ങളില്‍ അത് കുറഞ്ഞു വരുന്നതായി കണ്ടിട്ടുണ്ട്. ശാസ്ത്രീയ സംഗീതത്തിന്റെ ജനകീയത കുറഞ്ഞു വരികയാണോ?

ശാസ്ത്രീയ സംഗീതം ഒരിക്കലും താഴോട്ട് പോകില്ല. ജനങ്ങള്‍ അത് മനസ്സിലാക്കുന്ന കാര്യത്തിലാണ് താഴോട്ട് പോയിരിക്കുന്നത്. ശാസ്ത്രീയ സംഗീതത്തിന് ഇപ്പോഴും ജനകീയത ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് എവറസ്റ്റ് പര്‍വതമാണ്. എവറസ്റ്റ് പര്‍വതത്തിന്റെ ജനകീയത ഇടിഞ്ഞിട്ടില്ലല്ലോ. ജനങ്ങളുടെ ആസ്വാദന നിലവാരത്തിലാണ് ഇടിവ് തട്ടിയിരിക്കുന്നത്. നല്ല സംഗീതം ഏതാണ് എന്ന് തിരിച്ചറിയുന്നതില്‍ അവര്‍ പരാജയപ്പെട്ടിരിക്കുന്നു.

താങ്കളുടെ സംഗീത ജീവിതത്തില്‍ ഏതെങ്കിലും രീതിയില്‍ മോശപ്പെട്ട അനുഭവം നേരിട്ടിരുന്നോ?

ഒരിക്കലുമില്ല. ഞാന്‍ ആഗ്രഹിച്ചതെല്ലാം നേടിയിട്ടുണ്ട്. സിതാര്‍ വായിക്കുമ്പോള്‍ ഞാന്‍ വലിയ സന്തോഷം അനുഭവിക്കുന്നു. ഈ ഉപകരണത്തില്‍ ഉദ്ദേശിച്ചതൊക്കെ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.

ഓര്‍മയില്‍ നില്‍ക്കുന്ന സംഗീത പരിപാടികള്‍?

ഞാന്‍ സ്റ്റേജില്‍ വായിക്കുമ്പോള്‍ ഓഡിയന്‍സിനെ രസിപ്പിക്കാനാണ് ശ്രമിക്കുക. എന്നാല്‍, വീട്ടില്‍ വായിക്കുമ്പോള്‍ ഞാന്‍ എന്നെ തന്നെ ആനന്ദിപ്പിക്കാന്‍ ശ്രമിക്കുന്നു. അവിടെ ഞാനാണ് കേള്‍വിക്കാരനും വിധികര്‍ത്താവും. അവിടെ നമ്മള്‍ കൂടുതല്‍ സത്യസന്ധരാവും. അത് കൊണ്ട് വീട്ടില്‍ എനിക്ക് വേണ്ടിതന്നെ വായിക്കുന്നതാണ് ഏറ്റവും നല്ല കച്ചേരിയായിട്ട് തോന്നിയിട്ടുള്ളത്.

കേരളവുമായുള്ള ബന്ധം?

എന്റെ അച്ഛന്‍ പത്തനംതിട്ടക്കാരനും അമ്മ മാവേലിക്കരക്കാരിയുമാണ്. ഞാന്‍ ജനിച്ചത് മധ്യപ്രദേശിലെ ജബല്‍പൂരിലാണ്. അച്ഛന് ഇപ്പോള്‍ 87 വയസ്സായി. അതുകൊണ്ട് കേരളത്തിലേക്ക് വന്നു. എന്റെ വേരുകള്‍ ഇവിടെയാണെല്ലോ. ഞാന്‍ മൂന്നു മാസത്തോളമായി കേരളത്തില്‍ താമസിക്കുന്നു.

മലയാളികളുടെ സംഗീതബോധത്തെ പറ്റിയുള്ള വിലയിരുത്തല്‍ എന്താണ്?

കേരളത്തിലെ ജനങ്ങള്‍ക്ക് ഹിന്ദുസ്ഥാനി പഠിക്കാന്‍ നല്ല താല്‍പര്യം ഉള്ളതായിട്ടാണ് ഞാന്‍ മനസിലാക്കുന്നത്. വടക്കേ ഇന്ത്യയില്‍ ആ താല്‍പര്യം കുറഞ്ഞു വരുന്നുണ്ട്. ഇവിടെ ഹരിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ സിതാര്‍ സത്‌രംഗില്‍ എല്ലാവരും നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്. ഒരു ഉദാഹരണം പറയുകയാണെങ്കില്‍, സീനിയര്‍ സിതാറിറ്റസ് അഹമ്മദ് ഇബ്രാഹിമിന്റെ കണ്ണില്‍ പഠിക്കാനുള്ള ദാഹം ഞാന്‍ കണ്ടു. അദ്ദേഹത്തിന് ഒരു ഉസ്താദില്‍ നിന്നും ശരിയായ ശിക്ഷണം കിട്ടിയിട്ടില്ല. ഞാന്‍ പഠിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ വരുന്നു. അദ്ദേഹം കൂടുതല്‍ നന്നായി പഠിക്കാന്‍ ആഗ്രഹിക്കുന്നു എന്നതാണ് ഇത് തെളിയിക്കുന്നത്.

കുടുംബം?

ഭാര്യ പൂര്‍വിഗാന ദക്ഷിണാഫ്രിക്കക്കാരിയാണ്. അവരുടെ വേരുകള്‍ ഇന്ത്യയിലാണ്. 2017 അരവിന്ദ് പരീഖിന്റെ ശിഷ്യയായി വന്നതായിരുന്നു. അവിടെ വെച്ചാണ് പരിചയപ്പെട്ടത്.



TAGS :